Friday, June 1, 2012

കഴുതയുടെ സംഗീതം

          വേനലവധിയൊക്കെ കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങൾ പുതിയ ക്ലാസിൽ പോകാൻ കാത്തിരിക്കുകയാണല്ലേ.  പുതിയ ഉടുപ്പും, പുസ്തകങ്ങളും ഒക്കെയായി പുതിയ ക്ലാസും, പുതിയ ടീച്ചറെയും പുതിയ കൂട്ടുകാരെയും ഒക്കെ കാണാൻ തിടുക്കമായി, അല്ലേ?  ഇന്ന് നമുക്ക് ഒരു കഴുതയുടെ മുൻപിൻ നോക്കാതെയുള്ള പ്രവൃത്തി വരുത്തിവച്ച വിനയെക്കുറിച്ച് ഒരു കഥ കേൾക്കാം, ട്ടോ
            ഒരിടത്തൊരിടത്തൊരിടത്ത് ഒരു അലക്കുകാരന് ഒരു കഴുതയുണ്ടായിരുന്നു.  അയാൾ അവന് ആവശ്യത്തിന് ആഹാരമൊന്നും കൊടുക്കാതെ കഠിനമായി പണിയെടുപ്പിച്ചു.  വിശന്നു വലഞ്ഞ്, വല്ലാതെ ക്ഷീണിച്ച കഴുതയെ കണ്ട് അടുത്ത കുറ്റിക്കാട്ടിലെ കുറുക്കന് സഹതാപം തോന്നി.  അവൻ കഴുതയ്ക്ക്,  കുറച്ചകലെയുള്ള അതിവിശാലമായ ഒരു കൃഷിയിടത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു.  കാവൽക്കാരില്ലാത്ത ആ കൃഷിയിടത്തിൽ ഒരുപാട് പച്ചക്കറിച്ചെടികൾ നിറഞ്ഞു നിന്നിരുന്നു.  എല്ലാ ദിവസവും അവിടെ ചെന്ന് മതിയാവോളം ഭക്ഷിക്കാം.  നേരം വെളുക്കും മുൻപ് തന്നെ തിരികെയെത്തുകയും ചെയ്യാം.  കഴുതയ്ക്ക് അതത്ര വിശ്വാസമായില്ല. വിശപ്പിനെക്കുറിച്ചോർത്തപ്പോൾ കുറുക്കന്റെ ഉപായം തള്ളിക്കളയാനും തോന്നിയില്ല. അന്നു രാത്രി തന്നെ കഴുതയ്ക്കൊപ്പം പോയി ആ സ്ഥലം കാട്ടിക്കൊടുക്കാമെന്ന് കുറുക്കൻ ഏറ്റു. 
            അലക്കുകാരൻ ഉറങ്ങിക്കഴിഞ്ഞ് രണ്ടുപേരും കൂടി മെല്ലെ ആ കൃഷിയിടത്തിലേയ്ക്ക് നടന്നു.  വിശന്നു വലഞ്ഞിരുന്ന കഴുത ആകെ ക്ഷീണിച്ചിരുന്നു.  നടന്നു നടന്ന് അവർ ഒടുവിൽ ആ തോട്ടത്തിൽ എത്തി. ആ കൃഷിസ്ഥലം  കണ്ട് അവൻ അത്ഭുതപ്പെട്ടു. ഒരുപാട് വാഴകളും, വെള്ളരിക്കയും, ചീരയും ഒക്കെ നല്ല പച്ചപ്പോടെ നിൽക്കുന്നത് കണ്ടിട്ട് കഴുതയ്ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.  അവൻ അന്തംവിട്ട് വായും പൊളിച്ച് നിന്നു.
            “വേഗമാകട്ടേ ചങ്ങാതീ, ആരെങ്കിലും ഉണർന്ന് വരുന്നതിനു മുൻപ് ആവശ്യത്തിന് കഴിച്ചിട്ട് പോകാം”, കുറുക്കൻ ധൃതി കൂട്ടി.
       പരിസരം മറന്നു നിന്ന കഴുത പെട്ടെന്നു തന്നെ ഉഷാറായി.  അവൻ ആവശ്യത്തിനെന്നല്ല, ആവശ്യത്തിലധികം ആഹാരം ആർത്തിയോടെ ഭക്ഷിച്ചു.  എന്നിട്ട് വേഗം തിരികെ നടന്ന് തന്റെ തൊഴുത്തിലെത്തി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങി.  പിന്നെ, ദിവസവും രാത്രി അവർ ഒരുമിച്ച് ആ തോട്ടത്തിലെത്തി കഴുത വയറു നിറയെ ഭക്ഷിച്ച് തിരികെ പോയി.
            ദിവസങ്ങൾ കടന്നു പോയി.  നല്ല ഭക്ഷണം കിട്ടിയതോടെ കഴുത കൊഴുത്തു തുടുത്ത് സുന്ദരനായി.  ഒരു ദിവസം അങ്ങനെ  ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ, കഴുതക്ക് ഒരു മോഹം; ഒന്നുറക്കെ പാടണം.  അവനത് കുറുക്കനോട് പറഞ്ഞു.  കഴുതയുടെ വിചിത്രമായ ആഗ്രഹം കേട്ടപാടെ തന്നെ കുറുക്കൻ ഒന്നമ്പരന്നു. 
“കഴുത പാടുകയോ?, അതും ഈ രാത്രിയിൽ?, നല്ല ശേലായി, ഈ കൃഷിസ്ഥലത്തിന്റെ  ഉടമസ്ഥരെങ്ങാനും ഉണർന്നു വന്നാൽ നമ്മുടെ കഥ കഴിഞ്ഞതു തന്നെ”, അവൻ കഴുതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
“ഹും, നിനക്ക് എന്റെ കഴിവിൽ അസൂയയുള്ളതുകൊണ്ട് പറയുകയാണ്, എനിക്ക് പാടിയേ പറ്റൂ”, കഴുത നിർബന്ധം പിടിച്ചു.
“നമ്മൾ ശരിക്കും കള്ളന്മാരാണെന്ന കാര്യം മറക്കരുത്.  രാത്രിയിൽ കട്ടു തിന്നുന്നതും പോര, ഒച്ചയുണ്ടാക്കി നാട്ടുകാരെ ഉണർത്തുകയും കൂടി.  എനിക്കു വയ്യ അടി മേടിച്ചു പിടിക്കാൻ”, കഴുതയെ പിന്തിരിപ്പിക്കാൻ പറ്റില്ലെന്ന് ബോദ്ധ്യപ്പെട്ട കുറുക്കൻ ഒന്നു കൂടി മുന്നറിയിപ്പ് നൽകിയിട്ട് തോട്ടത്തിന് പുറത്തിറങ്ങി നിന്നു. 
വയറു നിറയെ തിന്ന് മത്തുപിടിച്ച കഴുത, മുൻപിൻ നോക്കാതെ  അരോചകമായ ശബ്ദത്തിൽ ഒച്ചയിടാൻ തുടങ്ങി.  പാട്ടെന്ന് അതിനെ പറയാമോ?  നട്ടപ്പാതിരായ്ക്ക് കഴുതയുടെ അലർച്ച കേട്ട് കർഷകർ ഉണർന്നു.  അവർ ഒച്ചയുണ്ടാക്കി അയൽക്കാരെയൊക്കെ ഉണർത്തി.  എല്ലാപേരും കൂടി തോട്ടത്തിലേയ്ക്കോടിയെത്തി.   കൃഷിയൊക്കെ തിന്ന് തീർത്ത് അഹങ്കാരത്തോടെ നിന്ന് അലറുന്ന കഴുതയെ കണ്ട അവർക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.  എല്ലാപേരും കൂടി കഴുതയെ ഓടിച്ചിട്ട് നന്നായി തല്ലി.  ദേഹമാസകലം തല്ലു കിട്ടിയ കഴുത ജീവനും കൊണ്ടോടി.  വഴിയിൽ കാത്തു നിന്ന കുറുക്കനും അവനോടൊപ്പം ഓടി.  ഓടിയോടി അവർ വീടിനടുത്തെത്തി.  വേദനകൊണ്ട് പുളഞ്ഞ കഴുതയോട് കുറുക്കൻ പറഞ്ഞു, “ഉപദേശം, അത് ആരു തന്നാലും  ഒന്ന് ശ്രദ്ധിക്കണം.  കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം. കണ്ടില്ലേ, നിനക്ക് നല്ല തല്ലും കിട്ടി, ഒപ്പം നാളെ മുതൽ കുശാലായ ഭക്ഷണവും മുടങ്ങി.”
            എന്റെ കുഞ്ഞുങ്ങൾ ഇതിൽ നിന്ന് എന്തു ഗുണപാഠമാണ് പഠിച്ചത്? ഉപദേശം, അത് ആരു തന്നാലും  ഒന്ന് ശ്രദ്ധിക്കണം.  കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം.  അല്ലേ?

Tuesday, May 1, 2012

ട്രോജൻ കുതിരയുടെ കഥ


എന്റെ കുഞ്ഞുങ്ങളേ, ഇത്രേം കാലം നമ്മൾ പരിചയപ്പെട്ടത് പ്രധാനമായും ഭാരതത്തിലെ മുത്തശ്ശിക്കഥകളാണല്ലോ.  ഇന്ന് നമുക്കൊന്ന് മാറി ചിന്തിച്ചാലോ.  പുരാതന ഗ്രീസിലും ചൈനയിലും അറേബ്യയിലും ഈജിപ്തിലും ജപ്പാനിലുമെല്ലാം രസകരമായ കഥകൾ ഒരുപാടുണ്ട്.  ഇടയ്ക്കൊക്കെ നമുക്ക് അതും കൂടി അറിഞ്ഞിരിക്കാൻ ശ്രമിക്കാം അല്ലേ.  ഇന്ന് നമുക്ക്, സാധാരണയായി കേൾക്കുന്ന ‘ട്രോജൻ’ എന്ന പ്രയോഗത്തിന്റെയും അതിനു പിന്നിലെ കഥയുടെയും കാര്യങ്ങൾ പങ്കുവയ്ക്കാം കേട്ടോ.
ഗ്രീക്കുകാരുടെ പോരാട്ടത്തിന്റെയും ബുദ്ധിശക്തിയുടെയും പ്രതീകമായി കരുതപ്പെടുന്ന ട്രോജൻയുദ്ധത്തിന്റെ കഥയിലാണ് ട്രോജൻ കുതിരയെപ്പറ്റി പറയുന്നത്. നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്,  (ഏതാണ്ട് ബി.സി 1300 എന്നും പരാമർശമുണ്ട്) ഗ്രീസും അയൽ രാജ്യമായ ട്രോയും തമ്മിൽ യുദ്ധം നടന്നു. ഗ്രീസിലെ രാജകുമാരിയായ ഹെലൻ, ട്രോയ്‌രാജാവിന്റെ മകനായ പാരിസുമായി ഇഷ്ടത്തിലായി ട്രോയിലേയ്ക്ക് കടന്നത്രേ.  ഹെലനെ തിരികെ പിടിച്ചുകൊണ്ടുവരാൻ ഗ്രീസുകാർ നടത്തിയ യുദ്ധമാണ് ട്രോജൻയുദ്ധം. ട്രോയ്‌നഗരം പിടിച്ചെടുക്കാനുള്ള  പത്തു വർഷത്തിലേറെ നീണ്ട പരിശ്രമത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ഗ്രീക്ക്സൈന്യം യുദ്ധം ജയിക്കാൻ പലവഴികളും ആലോചിച്ചു. ശക്തമായ സുരക്ഷാവലയങ്ങളുള്ള നാടാണ് ട്രോയ്.  ശക്തമായ കോട്ടവാതിൽ കടന്ന് ആർക്കും ഉള്ളിൽ കടക്കാനാവില്ല. അകത്തു കടന്നാലല്ലേ കീഴടക്കാൻ പറ്റൂ.  ഒടുവിൽ അവർ ഒരു വഴി കണ്ടുപിടിച്ചു.  തടിയിൽ ഒരു വലിയ കുതിരയുണ്ടാക്കി, നാലു കാലുകൾക്കുകീഴിൽ തടിചക്രങ്ങളും പിടിപ്പിച്ച്, അതിനുള്ളിൽ ഒഡീസിയസിന്റെ നേതൃത്വത്തിൽ, തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ ഒളിപ്പിച്ച് ട്രോയ് നഗരകവാടത്തിലെത്തിച്ചു.  പിന്നെ, ഈ കുതിരയവിടെ ഉപേക്ഷിച്ച്, തോറ്റ് പിൻവാങ്ങിയെന്ന ഭാവേന വള്ളങ്ങളിൽ തുഴഞ്ഞകന്നു.   ഏതോ ഗ്രീക്ക് ദേവതയുടെ രൂപമാണിതെന്ന് ട്രോയ്സൈന്യം കരുതി. തങ്ങളുടെ ‘വിജയ’ത്തിന്റെ പ്രതീകമായി ട്രോയ് സൈന്യം ഈ കുതിരയെ തള്ളിയുരുട്ടി നഗരമദ്ധ്യത്തിലെത്തിച്ചു.  യുദ്ധം ജയിച്ചതിന്റെ ഭാഗമായി എങ്ങും ആഘോഷങ്ങൾ നടന്നു.  ആഘോഷങ്ങൾക്കൊടുവിൽ തളർന്ന് മയങ്ങിയ ട്രോ‌യ്‌നാട്ടുകാർ എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായപ്പോൾ മരക്കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് സൈനികർ പുറത്തേയ്ക്കു വന്നു.   തിരികെയെത്തി കോട്ടക്കുപുറത്ത് കാത്തുനിന്ന യോദ്ധാക്കൾക്ക് അവർ കോട്ടവാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തു.  അങ്ങനെ, ഗ്രീക്ക് സൈന്യം ട്രോയ്‌നഗരം പിടിച്ചെടുത്തു.    

വിഖ്യാത ഗ്രീക്ക് കവി ഹോമറിന്റെ ഏറ്റവും പ്രസിദ്ധമായ രണ്ട് കാവ്യങ്ങളിൽ ഒന്നായ ഒഡിസ്സി (Odyssey) യിൽ ഈ കഥ വിവരിച്ചിട്ടുണ്ട്. (രണ്ടാമത്തേത് ഇലിയഡ് – ഇവ രണ്ടും ഗ്രീക്ക് ഇതിഹാസങ്ങളായാണ് അറിയപ്പെടുന്നത്)  ട്രോജൻയുദ്ധം കഴിഞ്ഞ് ഏതാണ്ട് പത്തു വർഷം കഴിഞ്ഞാണത്രേ ഒഡിസ്സിയുടെ രചന.  ഗ്രീക്ക് യോദ്ധാവായ ഒഡീസിയസ്, ട്രോജൻയുദ്ധം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുന്നതാണ് ഇതിന്റെ പ്രമേയം.

ഇപ്പോഴും, നിരുപദ്രവമെന്നു തോന്നുന്ന ആവരണത്തോടുകൂടി അപകടകാരികൾ കടന്നു വരുമ്പോൾ അതിനെ ട്രോജൻ എന്ന് പൊതുവേ വിളിക്കുന്നു. സമ്മാനപ്പൊതികളുമായി വരുന്ന ഗ്രീക്കുകാരെ വിശ്വസിക്കരുതെന്നൊരു തമാശയും ഉണ്ട്. (Beware of Greeks bearing gifts). ഉദാഹരണമായി, കപ്യൂട്ടറുകളിൽ കണ്ടുവരുന്ന ചില വൈറസ്സുകളുടെ സാമാന്യനാമമാണ് ട്രോജൻ.  അതായത്, മറ്റുചില പ്രോഗ്രാമുകളിലോ ഫയലുകളിലോ ഒളിഞ്ഞിരുന്ന് നമ്മുടെ കമ്പ്യൂട്ടറിൽ കടന്നതിനു ശേഷം പ്രവർത്തനക്ഷമമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വൈറസ്സുകളെ ട്രോജൻവൈറസ്സുകൾ എന്ന് പറയുന്നു.
  

ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിലെ ഒരു കഥയുണ്ട്.  അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, യുധിഷ്ഠിരനു ശേഷം ഹസ്തിനപുരിയുടെ രാജാവായിരുന്നു.  ഒരിക്കൻ വനത്തിൽ നായാട്ടിനുപോയ പരീക്ഷിത്ത്, വളരെദൂരം സഞ്ചരിച്ച് തളന്നുവശായി വന്നെത്തിയത് ശമീകൻ എന്ന ഒരു മുനിയുടെ ആശ്രമത്തിലായിരുന്നു.  ധ്യാനമഗ്നനായിരുന്ന ശമീകനോട് പരീക്ഷിത്ത് എന്തോ കാര്യങ്ങൾ അന്വേഷിച്ചു.  ധ്യാനത്തിലായിരുന്നതിനാൽ അദ്ദേഹം അതൊന്നും കേട്ടില്ല.  തന്നെ കളിയാക്കിയതാണെന്ന് ധരിച്ച പരീക്ഷിത്ത് അടുത്തുകണ്ട ചത്തുകിടന്നൊരു പാമ്പിനെയെടുത്ത് മുനിയുടെ കഴുത്തിലണിയിച്ച് അവിടം വിട്ടു.  മുനിയുടെ മകനായ ഗവിജാതൻ(ശൃംഗി) ആശ്രമത്തിലെത്തിയപ്പോൾ ഈ കാഴ്ച കണ്ട് കോപാകുലനായി ഇങ്ങനെ ശപിച്ചു, “എന്റെ അച്ഛന്റെ കഴുത്തിൽ ചത്തപാമ്പിനെ അണിയിച്ച് അധിക്ഷേപിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസത്തിനകം തക്ഷകന്റെ ദംശനമേറ്റ് മരിക്കട്ടേ”.  സർപ്പദംശനം തടുക്കാൻ പരീക്ഷിത്ത് ആവുന്നതെല്ലാം(antivirus) ചെയ്തു.  ഒരു തൂണിന്റെ മുകളിൽരൊരു മാളിക തീർത്ത് സകലസുരക്ഷയോടും കൂടി അവിടെ ഇരുന്നു. പക്ഷേ, അദ്ദേഹത്തിന് ഭക്ഷിക്കാൻ കൊണ്ടുവന്ന പഴങ്ങളിലൊന്നിൽ ഒരു ചെറിയ പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു.  പരീക്ഷിത്ത് ആ പഴം ഭക്ഷിക്കാൻ എടുത്തതും പുഴുവിന്റെ രൂപത്തിൽ നിന്ന് പെട്ടെന്ന് വളർന്ന് ഉഗ്രസർപ്പരൂപം പൂണ്ട തക്ഷകൻ പരീക്ഷിത്തിനെ കടിച്ചു കൊല്ലുകയും ചെയ്തു.
ഈ കഥയും ആ ട്രോജൻകുതിരയുടെ കഥയും സമാനമല്ലേ?  ഇതാണ് പറയുന്നത്, ‘വ്യാസോച്ഛിഷ്ടം ജഗത് സർവ്വം’ എന്ന്.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.

ഇനി, എന്റെ കുഞ്ഞുങ്ങൾക്ക്, വിഖ്യാതനായ ഹോമറിനെക്കുറിച്ചും, പരീക്ഷിത്തിനെക്കുറിച്ചും പിന്നെ ട്രോജൻവൈറസ്സുകളെക്കുറിച്ചും കൂടുതലറിയാൻ ദേ, ഇവിടെ ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്നു തുറന്നേ

Saturday, April 14, 2012

ഒരു വിഷു കഥ.....കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍...

      എന്റെ സ്നേഹമുള്ള കുഞ്ഞുങ്ങളേ,
       ഇന്ന് വിഷുവാണല്ലോ.... എന്റെ കുഞ്ഞു കാലത്ത്, വിഷുവിന്റെ പ്രതീകങ്ങളിലൊന്നായ കൊന്നപ്പൂക്കളെക്കുറിച്ച് കേട്ട ഒരു കഥ ഇന്ന് പറഞ്ഞുതരാം, കേട്ടോ....
         വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാ കുഞ്ഞുങ്ങൾക്കും “വിഷു ആശംസകള്‍”

Sunday, April 1, 2012

മടിയൻ മല ചുമക്കും



        പരീക്ഷയൊക്കെ കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങൾ ഇപ്പോൾ അവധിക്കാലം അടിച്ചുപൊളിക്കുകയാണല്ലേ.  ഇന്ന് നമുക്ക് മടിയനായ ഒരു കഴുതയുടെ കഥ കേൾക്കാം, ട്ടോ.

        പണ്ടു പണ്ട്, രാമൻ എന്ന ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു.  ദൂരെ ദേശത്തുള്ള ചന്തയിൽ പോയി പല പല സാധനങ്ങൾ വാങ്ങി അത് കഴുതപ്പുറത്ത് ചുമടായി നാട്ടിലെത്തിച്ച് ചില്ലറക്കച്ചവടം നടത്തുന്നതായിരുന്നു അയാളുടെ രീതി.  നാട്ടിൽ ആർക്കെങ്കിലും പ്രത്യേകമായി എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ രാമനോട് പറഞ്ഞാൽ അതും ഇതുപോലെ തന്നെ രാമൻ എത്തിച്ചുകൊടുത്തിരുന്നു.
        രാമന്റെ കഴുതയുടെ പേരാണ് ചിങ്കൻ.  വളരെ സ്നേഹത്തോടെ തന്നെയാണ് രാമൻ ചിങ്കനെ വളർത്തിയിരുന്നത്.  നല്ല ഭക്ഷണവും പരിചരണവും ഒക്കെ നൽകിയിരുന്നു.  എന്നാൽ ചിങ്കൻ ആളൊരു മഹാ മടിയനായിരുന്നു.  അമിതമായ ഭാരമൊന്നും എടുപ്പിക്കാറില്ലെങ്കിലും പലപ്പോഴും ചിങ്കൻ പല അടവുകളൊക്കെ പയറ്റിനോക്കാറുണ്ടായിരുന്നു. 
        ചന്തയിൽ നിന്ന് വരുന്ന വഴി ഒരു ചെറിയ പുഴ ഉണ്ടായിരുന്നു.  വലിയ ഒഴുക്കൊന്നും ഇല്ലാത്ത ഒരു പുഴ. ഒരു ദിവസം കുറച്ച് ഉപ്പ് ചാക്കുകളുമായി വരവേ, പുഴയിൽ പതിവിലും കൂടുതൽ വെള്ളമുണ്ടായിരുന്നു.  പുഴ കടക്കവേ ചിങ്കൻ കാൽ തെറ്റി പുഴയിലേയ്ക്ക് മറിഞ്ഞു.  ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല.  കുറച്ചു നേരം വെള്ളത്തിൽ പെട്ടുപോയതിനാൽ ചുമടായിരുന്ന ഉപ്പ് മുഴുവൻ വെള്ളത്തിൽ അലിഞ്ഞു പോയി.  പുഴയിൽ നിന്ന് കരയ്ക്കു കയറിയപ്പോൾ അവന് വല്ലാത്ത ആശ്വാസവും അത്ഭുതവും തോന്നി.  വലിയ ഭാരം പെട്ടെന്ന് തന്റെ മുതുകിൽ നിന്ന് പോയത് അവന് മനസ്സിലായി.  അന്ന് ചുമടൊന്നും ഇല്ലാതെ വളരെ ‘കൂളായി’ തിരികെ വീട്ടിലേയ്ക്ക് നടന്നു.   രാമന് ചുമടിന്റെ കാശ് നഷ്ടപ്പെട്ടെങ്കിലും ചിങ്കന് അപകടമൊന്നും പറ്റാത്തതിൽ ആശ്വാസം തോന്നി. 
        രണ്ടു നാൾക്കു ശേഷം വീണ്ടും രാമൻ ചിങ്കനെയും കൊണ്ട്  അകലെയുള്ള ചന്തയിലേയ്ക്ക് പോയി.  അന്ന് ചാക്കുകളിൽ പഞ്ചസാരയായിരുന്നു ചുമട്.  പുഴയുടെ അടുത്തെത്തിയപ്പോൾ  ചിങ്കന് ഒരു കൗശലം തോന്നി.  പുഴ കടക്കുന്നതിനിടെ  അറിയാത്തപോലെ അവൻ വെള്ളത്തിലേയ്ക്ക് വീണു.  പഞ്ചസാര മുഴുവൻ വെള്ളത്തിലലിഞ്ഞുപോയി.  പുറമേ സങ്കടം നടിച്ചെങ്കിലും ഉള്ളിൽ അവൻ ഗൂഢമായി ചിരിച്ചു.  രാമന് അന്നും ചുമടിന്റെ കാശ് നഷ്ടമായി.  സമയത്തിന് ചരക്കെത്തിക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും. 
        പിന്നെയും രാമൻ ചിങ്കനെയും കൊണ്ട് ചന്തയ്ക്ക് പോയി.  വലിയ ഭാരമില്ലാത്ത ചെറിയ ചുമടുകൾ അവൻ വലിയ മടിയില്ലാതെ കൊണ്ടുവന്നെങ്കിലും ഒരു ദിവസം ശർക്കരയും പിന്നൊരു ദിവസം ഉപ്പും അവൻ പുഴയിൽ വീണ് കലക്കിക്കളഞ്ഞു.  ഇപ്പോൾ രാമന് ചിങ്കന്റെ അടവ് പിടികിട്ടി.  അടുത്ത ദിവസം ചന്തയിൽ നിന്ന് കുറെ ചാക്കുകളിൽ പഞ്ഞി നിറച്ച് അവർ യാത്ര തുടങ്ങി.  ഭാരമൊന്നുമില്ലെങ്കിലും വലിയ വലുപ്പത്തിലുള്ള ചാക്കുകെട്ട് ചുമക്കാൻ ചിങ്കന് മടിയായി.  ഇതും പുഴയിലെ വെള്ളത്തിൽ കളഞ്ഞാൽ പിന്നെ സുഖമായല്ലോ. 
        പുഴ കടക്കുന്നതിനിടയിൽ ചിങ്കൻ തന്റെ പതിവ് അടവ് പുറത്തെടുത്തു.  പുഴയുടെ നടുവിലെത്തിയപ്പോൾ ചിങ്കൻ അബദ്ധത്തിലെന്നപോലെ വെള്ളത്തിലേയ്ക്ക് വീണു.  കുറച്ചു നേരം കിടന്നിട്ടും അവന്റെ ചുമടിന്റെ ഭാരം കുറയുന്നില്ല, മാത്രമല്ല ഭാരം കൂടിക്കൂടി വരുന്നു.  രാമൻ ഒരു ചെറുചിരിയോടെ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.  ചില വഴിപ്പോക്കരുടെ സഹായത്തോടെ രാമൻ ചിങ്കനെ വലിച്ച് കരയ്ക്ക് കയറ്റി.  വെള്ളത്തിൽ നനഞ്ഞ പഞ്ഞി ഇപ്പോൾ പല മടങ്ങ് ഭാരമേറിയതായി.  ഒന്നുമറിയാത്തത് പോലെ രാമൻ ചിങ്കനെ വീട്ടിലേയ്ക്ക് തെളിച്ചു. 
        തന്റെ മടിയും അതിബുദ്ധിയും അബദ്ധത്തിൽ കൊണ്ടു ചാടിച്ചത്  ചിങ്കൻ മനസ്സിലാക്കി.  പിന്നീടൊരിക്കലും അവൻ അനാവശ്യ മടി കാണിച്ചിട്ടില്ല.
        ഈ കുഞ്ഞു കഥയിൽ നിന്ന് എന്തു മനസ്സിലായി എന്റെ മക്കൾക്ക്?    സ്വന്തം ജോലിയിൽ മടിയോ കള്ളത്തരമോ കാണിച്ചാൽ പലമടങ്ങ് ശക്തിയായി അത് തനിക്കു തന്നെ തിരിച്ചടിയാകും. മടിയൻ മല ചുമക്കും, അല്ലേ?
        ഇനിയും നല്ല നല്ല മുത്തശ്ശിക്കഥകളും പാട്ടുകളും ഒക്കെയായി വരാം, കേട്ടോ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.
        ഇനി, നമുക്ക് ഈ കഴുതയെക്കുറിച്ച് കൂടുതലറിയാൻ ദേ, ഇവിടെ ക്ലിക്ക് ചെയ്യണേ.


Thursday, March 1, 2012

ആമയുടെ ആകാശയാത്ര

     എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് ഒരു ആമയുടെ കഥ പറഞ്ഞുതരാം, കേട്ടോ
            പണ്ട് പണ്ടൊരിടത്ത് ഒരു പൊട്ടക്കുളത്തിൽ ഒരു ആമ ഒറ്റയ്ക്ക് താമസിച്ചിരുന്നു.  അവന്റെ അമ്മയും അമ്മൂമ്മയും ഒക്കെ ചത്തുപോയിരുന്നു.  കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു കൊടുത്ത കഥകളൊക്കെ അയവിറക്കി അവൻ അങ്ങനെ കഴിഞ്ഞുവന്നു. 
            രാമായണത്തിലെ രാവണന്റെ പുഷ്പകവിമാനത്തിന്റെ കഥ എപ്പോഴും അവനെ വല്ലാതെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.  ഈ കഥ മുത്തശ്ശിയിൽ നിന്ന് കേട്ടപ്പോഴേ അവന്റെ മനസ്സിൽ കടന്നു കൂടിയതാണ് ആകാശത്തുകൂടി പറക്കാനുള്ള ആഗ്രഹം.  പറഞ്ഞിട്ടെന്തു കാര്യം, ഒരു പക്ഷിയായി ജനിച്ചിരുന്നെങ്കിൽ എന്തു രസമായിരുന്നു – അവൻ നെടുവീർപ്പിട്ടു. 
            അങ്ങനെയിരിക്കേ എവിടെനിന്നോ ആ കുളക്കരയിൽ രണ്ട് കൊക്കുകൾ എത്തി. അവർ എല്ലാ ദിവസവും അവിടെ വരാൻ തുടങ്ങി, ആമയുമായി ചങ്ങാത്തം കൂടി.  പൊട്ടക്കുളത്തിൽ കഴിയുന്ന ആമയ്ക്ക് അവർ ലോകവർത്തമാനങ്ങൾ പറഞ്ഞു കൊടുത്തു.  തങ്ങൾ പറന്നുപറന്നു നടക്കുമ്പോൾ കാണുന്ന കാഴ്ചകളൊക്കെ വിവരിക്കുമ്പോൾ ആമ തന്റെ ആ പഴയ ആഗ്രഹം മനസ്സിലൊതുക്കി കഴിഞ്ഞു.  കുറെ നാളുകൾ കഴിഞ്ഞു, വേനൽ കാലം വരവായി. എത്രനാൾ ഈ പൊട്ടക്കുളത്തിൽ കഴിയും, പോരാത്തതിന്  പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ നല്ല വരൾച്ചയാണ്, മനുഷ്യർ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുകയല്ലേ, ഇങ്ങനെ പോയാൽ വെള്ളം പോലും കിട്ടാതെ ഇവിടെ കിടന്നു ചാകുകയേ ഉള്ളൂ. എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപെട്ടേ പറ്റൂ.  തെല്ലു സങ്കോചത്തോടെയാണെങ്കിലും അവൻ തന്റെ ആശങ്ക ആ കൊക്കുകളെ അറിയിച്ചു.
      കുറെ നേരത്തെ ആലോചനയ്ക്കു ശേഷം കൊക്കുകൾ അതിനൊരു വഴി പറഞ്ഞു കൊടുത്തു.  കുറച്ചകലെ ഒരു വലിയ കുളമുണ്ട്.  അവിടെയാകുമ്പോൾ ധാരാളം മീനുകളും ഒക്കെയുണ്ട്.  ആമച്ചേട്ടന് വളരെക്കാലം സുഖമായി അവിടെ കഴിയാം.  പക്ഷേ ഒരു പ്രശ്നം, ഇത്രേം ദൂരം ആമ എങ്ങനെ എത്തും? അതിനും അവർ തന്നെ ഒരു ഉപായം കണ്ടെത്തി.  അവർ പറന്നു പോയി ഒരു വടിയുമായി തിരികെയെത്തി.  എന്നിട്ട് ആമയോട് പറഞ്ഞു, “ആമച്ചേട്ടൻ ഈ വടിയുടെ നടുക്ക് നന്നായി കടിച്ചു പിടിച്ചോളൂ, ഞങ്ങൾ അതിന്റെ രണ്ടറ്റത്തും കടിച്ചെടുത്തുകൊണ്ട് പറക്കാം.”
ആമയുടെ കണ്ണുകളിൽ പ്രകാശം പരന്നു.  തന്റെ രണ്ടാഗ്രഹങ്ങളാണ് സാധിക്കാൻ പോകുന്നത്, ഈ പൊട്ടക്കുളത്തിൽ നിന്നുള്ള രക്ഷപ്പെടൽ, പിന്നെ തന്റെ ചിരകാല അഭിലാഷമായിരുന്ന ആകാശത്തിലൂടെയുള്ള പറക്കൽ.  ആമ ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കേ കൊക്കുകൾ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു, “കാര്യമൊക്കെ കൊള്ളാം, പക്ഷേ ആമച്ചേട്ടൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഒരു കാരണവശാലും ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ഈ വടിയിലെ കടി വിടരുത്.  കടി വിട്ടാൽ ആമച്ചേട്ടൻ വല്ല പാറപ്പുറത്തോ മറ്റോ ചെന്നുവീഴും.  പിന്നത്തെ കഥ പറയണ്ടല്ലോ
“ഏയ്, ഞാൻ അതൊക്കെ ശ്രദ്ധിച്ചോളാം, നമുക്ക് വേഗം പുറപ്പെടാം”, ആമയ്ക്ക് ധൃതിയായി.
         അങ്ങനെ, ആമയെയും കൊണ്ട് കൊക്കുകൾ പറന്നുയർന്നു.  നിലത്തുനിന്ന് അവർ വളരെ ഉയരത്തിലെത്തി.  താഴെ വൃക്ഷങ്ങളും കെട്ടിടങ്ങളും ഒക്കെ വളരെ ചെറുതായ പോലത്തെ കാഴ്ച!  ആമയ്ക്ക് അത്ഭുതമായി.  തന്റെ ചിരകാല ആഗ്രഹം സാധിച്ചതിൽ അവൻ വളരെയധികം സന്തോഷിച്ചു.  കുറെ നേരം കഴിഞ്ഞപ്പോൾ അവർ ഒരു ഗ്രാമത്തിനു മുകളിലെത്തി.  അവിടെ കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടികൾ ഉറുമ്പിന്റെയത്ര ചെറുതായി ആമയ്ക്ക് തോന്നി.  ആ വികൃതിക്കുട്ടികളെ ഒന്ന് സന്തോഷിപ്പിക്കാനായി കൊക്കുകൾ കുറച്ചു താഴ്‌ന്നു പറന്നു.  കുട്ടികൾ ആമ പറന്നു പോകുന്ന കാഴ്ച കണ്ട് ആർത്തു വിളിച്ചു.  കൂകി വിളിച്ചും കളിയാക്കിയും അവർ ബഹളം വച്ചു. 
          തന്നെ കളിയാക്കുന്ന പിള്ളേരെ കണ്ട് ആമയ്ക്ക് ദേഷ്യം വന്നു.  കുറെയൊക്കെ അടക്കി വച്ചെങ്കിലും ഒടുവിൽ ദേഷ്യം സഹിക്കാതെ വന്നപ്പോൾ അവൻ കൊക്കുകൾ പറഞ്ഞ കാര്യമൊക്കെ മറന്നു.  കുട്ടികളെ ശാസിക്കാനായി വായ തുറന്നു.  ദേ കിടക്കുന്നു.. വടിയിലെ പിടി വിട്ട് ആമ താഴേയ്ക്ക് പതിച്ചു.  നിലത്ത് ശക്തിയായി വീണ ആമ അപ്പോൾ തന്നെ ചത്തുപോയി.  കൊക്കുകൾക്ക് ആകെ സങ്കടമായി.  നല്ല ഒരു ചങ്ങാതിയെ നഷ്ടപ്പെട്ട സങ്കടത്തോടെ അവ അങ്ങ് ദൂരേയ്ക്ക് പറന്നകന്നു.
       എന്റെ കുഞ്ഞുങ്ങൾക്കും സങ്കടം ആയി അല്ലേ. സാരമില്ല മക്കളേ, ഇതൊരു കഥയല്ലേ, ചില ഗുണപാഠങ്ങൾ പെട്ടെന്ന് നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി മുത്തശ്ശിമാർ പറഞ്ഞു തരുന്ന കഥ.  വിഷമിക്കേണ്ട കേട്ടോ
        ഈ കഥയിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി?
     വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയാൽ ആപത്തിൽ ചെന്നു ചാടും
       പരീക്ഷാക്കാലമൊക്കെ വരികയല്ലേ, കുഞ്ഞുങ്ങളെല്ലാം നന്നായി പഠിച്ച്, നല്ല മാർക്ക് വാങ്ങണം, കേട്ടോ ഇനി പരീക്ഷയൊക്കെ കഴിഞ്ഞ് പുതിയൊരു കഥയുമായി വരാം.

Wednesday, February 1, 2012

ചത്ത മുതല വാലാട്ടും


            പണ്ട് നമ്മുടെ കുരങ്ങച്ചൻ കഷ്ടിച്ച് ആ മുതലയുടെ വായിൽ നിന്ന് രക്ഷപ്പെട്ട കഥ എന്റെ കുഞ്ഞുങ്ങൾ ഓർക്കുന്നില്ലേ?  അന്നത്തെ ആ അനുഭവത്തിനു ശേഷം കുരങ്ങൻ ആ അത്തിമരം ഉപേക്ഷിച്ച് അങ്ങ് ദൂരെ വേറൊരു സ്ഥലത്തേക്ക് പോയി.  അങ്ങനെയിരിക്കേ ആ പുഴയുടെ അങ്ങേക്കരയിൽ ഒരു കുറുക്കനും കുടുംബവും താമസിക്കാനെത്തി.   കുറുക്കനും ഭാര്യയും പിന്നെ രണ്ട് കൊച്ചു കുഞ്ഞുങ്ങളും ഒരുവിധം സുഖമായി അവിടെ കഴിഞ്ഞുവന്നു.  കാട്ടിലെ ചെറിയ ജീവികളും പുഴയിലെ മത്സ്യങ്ങളും ഞണ്ടും ഒക്കെയായിരുന്നു അവരുടെ ആഹാരം. 
            ആദ്യമൊന്നും കുറുക്കന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരുന്ന മുതല ഒരു ദിവസം കുറുക്കൻകുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കേട്ട് പതുക്കെ ആ കടവിലെത്തി.  ഒരു  ദിവസം കുറുക്കനും ഭാര്യയും കൂടി പുഴയരികെ ഞണ്ടു പിടിക്കാൻ തുടങ്ങുമ്പോഴാണ് പുഴയിൽ ഒരു തടിയൻ മുതലയണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്.  മുതല കുറുക്കത്തിയുടെ പിന്നിലൂടെ വന്ന് അവളെ പിടിക്കാൻ ശ്രമിച്ചത് ഭാഗ്യത്തിന് കുറുക്കൻ കണ്ടു.  പെട്ടെന്ന് അലറിവിളിച്ചുകൊണ്ട് കുറുക്കൻ കുറുക്കത്തിയെ തള്ളിമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടെന്നു മാത്രം. 
            പല മൃഗങ്ങളും വെള്ളം കുടിക്കാനെത്തുന്ന കടവാണ്.  പലപ്പോഴും കൗശലക്കാരനും ദുഷ്ടനുമാണെങ്കിലും തന്റെ ഭാര്യയെ വകവരുത്താൻ ശ്രമിച്ച മുതലയെ ശത്രുവായി കരുതിയതു കൊണ്ട് അവിടെയെത്തുന്ന മറ്റു മൃഗങ്ങൾക്കെല്ലാം അവൻ അപകടകാരിയായ മുതലയെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തു.  അതിനാൽ മൃഗങ്ങളൊക്കെ വളരെ ശ്രദ്ധിക്കാൻ തുടങ്ങി. 
പൊതുവേ പട്ടിണി, പുതുതായി കണ്ടെത്തിയ ഇടത്തും രക്ഷയില്ല. ഇങ്ങനെ പോയാൽ പട്ടിണി കിടന്നു ചത്തതു തന്നെ.  പുഴയിലെ മീനും ഞണ്ടുമൊന്നും കൊണ്ട് പൊണ്ണത്തടിയനായ മുതലയ്ക്ക് വിശപ്പടക്കാൻ കഴിയുന്നില്ല.  താൻ പുഴക്കരയിൽ വെയിൽ കായാൻ കിടക്കുന്നതു കുറുക്കൻ ഒളിഞ്ഞിരുന്ന് ശ്രദ്ധിക്കുന്നതും മറ്റു മൃഗങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നതും അവൻ മനസ്സിലാക്കി.  “ഈ കുറുക്കനാണ് ഇതിനെല്ലാം കാരണം. അവനെ വകവരുത്തിയാലേ രക്ഷയുള്ളൂ”, മുതല അതിനായി പല വഴികളും ആലോചിച്ചു.  ഒടുവിൽ ഒരു ഉപായം തോന്നി. തന്റെ ഒരു മുതുമുത്തശ്ശൻ പണ്ട് ഈ വിദ്യ പ്രയോഗിച്ച് ധാരാളം മൃഗങ്ങളെ തിന്നിട്ടുണ്ടെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
പതിവു പോലെ വെയിൽ കായാനെത്തി വായ തുറന്നു കിടന്ന മുതല ചലനമൊന്നുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നു.  താൻ ചത്തുപോയി എന്നു കരുതി അടുത്തെത്തുന്ന കുറുക്കന്റെ കഥ കഴിക്കാം എന്ന് പദ്ധതിയിട്ടു.  കുറേ നേരം അങ്ങനെ കിടന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ ദാ കുറുക്കൻ വരുന്നു.  പക്ഷേ, കുറുക്കൻ കുറച്ചകലെ മാറി നിന്ന് മുതലയെ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു.  പണ്ട് ഇവിടെ താമസിച്ചിരുന്ന കുരങ്ങച്ചനെ ചതിച്ചു കൊല്ലാൻ ശ്രമിച്ചവനല്ലേ, വിശ്വസിക്കാൻ കൊള്ളില്ല.  ഒരുപാട് നേരം കഴിഞ്ഞിട്ടും മുതലക്ക് അനക്കമൊന്നും ഇല്ല.  കുറുക്കൻ ചെറിയ കല്ലുകളൊക്കെ മുതലയുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചു നോക്കി.  എന്നിട്ടും മുതല അനങ്ങുന്നില്ല.  കുറുക്കന് സംശയമായി.  ഇനി ശരിക്കും മുതല ചത്തുപോയോ. 
കൗശലക്കാരനായ കുറുക്കന്റെ ബുദ്ധിയല്ലേ. അവൻ ഒരു സൂത്രം പ്രയോഗിച്ചു.  കുറുക്കത്തിയെ വിളിച്ചു വരുത്തി.  എന്നിട്ട് മുതല കേൾക്കേ പറഞ്ഞു, “എടിയേ, നമ്മുടെ പാവം മുതലേച്ചൻ ചത്തുപോയീന്നാ തോന്നുന്നേ, കണ്ടോ അനക്കമില്ലാതെ കിടപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായല്ലോ”
“വേണ്ട ചേട്ടാ, ഇവനെ വിശ്വസിക്കാൻ കൊള്ളില്ല, ചത്തപോലെ കിടക്കുന്നതായിരിക്കും” കുറുക്കത്തി പറഞ്ഞു
“ശരിയാണല്ലോ”, കുശലക്കാരന്റെ ബുദ്ധി പ്രവർത്തിച്ചു, “മുതല ചത്താലും വാലാട്ടും എന്ന് നമ്മുടെ മുത്തശ്ശി പറഞ്ഞുതന്നിട്ടില്ലേ.  പക്ഷേ ഈ മുതല ചത്തിട്ടും വാൽ അനങ്ങുന്നില്ലല്ലോ.  അപ്പോൾ ചത്തിരിക്കില്ല”
പെട്ടെന്നുള്ള കുറുക്കന്റെ വാക്കുകൾ കേട്ട് മുതല തനിക്ക് അബദ്ധം പറ്റിയെന്നു കരുതി തന്റെ വാൽ ആട്ടിത്തുടങ്ങി.  കുറുക്കന് തന്റെ ബുദ്ധി ഫലിച്ചെന്ന് മനസ്സിലായി.  അവൻ കുറുക്കത്തിയേയും വിളിച്ചുകൊണ്ട് ഒറ്റ ഓട്ടം, “ചതിയൻ മുതല ചത്തില്ലേ. ഓടിക്കോ
കഥ ഇഷ്ടമായോ മക്കളേ?  എന്റെ കുഞ്ഞു മക്കൾക്ക് ഇതിൽ നിന്ന് എന്താണ് മനസ്സിലായത്?  മുത്തശ്ശിക്കഥകളിലെ വിദ്യകൾ അനുകരിക്കുമ്പോൾ അവയൊക്കെ മറ്റുള്ളവരും കേട്ട കഥകളാണെന്ന് ഓർക്കണം.  അപ്രതീക്ഷിതമായ നീക്കങ്ങൾ മുൻകൂട്ടി കണ്ട് കരുതിവേണം വിദ്യകൾ പ്രയോഗിക്കാൻ.  അതുപോലെ തന്നെ, കുറുക്കൻ ചെയ്തതു പോലെ, തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും

Sunday, January 1, 2012

ആനയും കുരങ്ങനും പിന്നെ വവ്വാലും ഇവരിൽ ആരാണ് മുൻപൻ?

എന്റെ മക്കൾക്ക് നല്ല ഒരു വർഷം ആശംസിക്കുന്നു.... 
ഒരിക്കൽ ഒരു പടുകൂറ്റൻ ആലിന്റെ തണലിൽ ഒരു വാവലും(വവ്വാലും), ആനയും കുരങ്ങനും താമസിച്ചിരുന്നു.  അവർക്ക് അന്യോന്യം ഒരു യോജിപ്പും ഇല്ലായിരുന്നു.  ആന പറയുന്നത് കുരങ്ങനും വാവലിനും ഇഷ്ടപ്പെടുകയില്ല; കുരങ്ങിനെ ആനയും വാവലും കൂടി കുറ്റപ്പെടുത്തും; വാവലിനെ തരം കിട്ടിയാൽ ആനയും കുരങ്ങും ഉപദ്രവിക്കും.  പരസ്പരം സ്നേഹമില്ലാതെ എങ്ങിനെയാണ് ഒരുമിച്ചു കഴിയുക? അതുകൊണ്ട് അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ പറയുന്നതനുസരിച്ച് കഴിയേണം എന്നവർ തീരുമാനിച്ചു. 
        ആരാണ് ഏറ്റവും പ്രായം കൂടിയവൻ? അവർ ഓരോരുത്തരും, തനിക്കാണ് ഏറ്റവും പ്രായം കൂടിയതെന്ന് വാദിച്ചു.  വീണ്ടും വഴക്ക് തുടങ്ങി.  ഒരു ദിവസം വൈകിട്ട് അവർ മൂവരും കൂടി ആൽച്ചുവട്ടിൽ ഇരിക്കുകയായിരുന്നു.  വാവലും കുരങ്ങനും കൂടി ആനയോടു ചോദിച്ചു, “ആനച്ചങ്ങാതിയുടെ ചെറുപ്പത്തിൽ ഈ ആലിന് എന്തു വലിപ്പമുണ്ടായിരുന്നു?”
        “ഓ, അതോ,    ഞാനൊരു കുട്ടിയായിരുന്നപ്പോൾ ഈ ആൽ വെറുമൊരു ചെടിയായിരുന്നു.  ഒന്നോ രണ്ടോ ഇല, അതിൽ കൂടുതൽ ഇല്ലായിരുന്നു. ഇതിനരികിലൂടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ട്. കൂടിയാൽ എന്റെ മുട്ടിന്റെ ഒപ്പം ഉയരം വരും”, ആന പറഞ്ഞു. 

        ആനയോടു ചോദിച്ച ചോദ്യം തന്നെ ആനയും വാവലും കുടി കുരങ്ങണൊടു ചോദിച്ചു.  അപ്പോൾ കുരങ്ങച്ചൻ ഇങ്ങനെ പറഞ്ഞു. “ ഞാൻ പിച്ചവച്ചു നടന്ന കാലം മുതൽ ഈ ആലിനെ അറിയും.  ഇത് മുളച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.  അന്നിതിന്റെ പരുപ്പടർത്തിയെടുത്ത് ഞാൻ തിന്നതും ഓർക്കുന്നു. എന്നിട്ടും ഇവൻ ഇത്രേം വളർന്നു പോയല്ലോ.”
        ആനയും  കുരങ്ങനും കൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു. വാവൽ തൊണ്ടയൊന്ന് കാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു, “കൂട്ടുകാരേ, ഇവിടെയീ വലിയ ആൽ നിൽക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയ ഒരു ആൽമരം ഉണ്ടായിരുന്നു.  ഒരു ദിവസം ഞാൻ അതിന്റെ കുറെ പഴങ്ങൾ തിന്നിട്ട് അതിന്റെ ഒരു കൊമ്പിൽ കിടക്കുകയായിരുന്നു.  അപ്പോൾ അതാ ആ കാണുന്ന കൊടുമുടിയുടെ മുകളിൽ നിന്നും ഒരു വലിയ മഞ്ഞുമല അടർന്നു വീണു.  എങ്ങനെയോ തക്ക സമയത്ത് ഞാൻ ഉണർന്നു.  പെട്ടെന്ന് പറന്നുയർന്നു രക്ഷപ്പെട്ടു.  തിരികെ വന്നു നോക്കുമ്പോൾ അവിടെ ആൽമരം കാണാൻ കഴിഞ്ഞില്ല. അത് പിഴുതൊലിച്ചു പോയിരുന്നു.  ഞാനവിടെ കടിച്ചു തുപ്പിയ വിത്ത് മുളച്ചാണ് ഈ ആൽ ഉണ്ടായത്. അങ്ങനെ ഈ ആലിന്റെ അമ്മ ആലിന്റെ കാലം മുതൽ ഞാൻ ഇവിടെ ഉണ്ട്.”
        വാവൽ പറഞ്ഞ കഥ കേട്ട് ആനയും കുരങ്ങും അതിശയിച്ചു.  അവർ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.  അന്നുമുതൽ പ്രായത്തിൽ മുതിർന്നവനായ വാവൽ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു.  അവരുടെ ഇടയിൽ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി. 
        ഈ കഥയിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തൊക്കെ മനസ്സിലായി.  പ്രായത്തെ ബഹുമാനിക്കുകയും പ്രായമായവരുടെ അറിവിനെ അംഗീകരിക്കുകയും ചെയ്താൽ നമുക്ക് സമാധാനവും നന്മയും ഒക്കെ ഉണ്ടാവുമെന്നാണ് ഈ കഥയിൽ കൂടി നാം മനസ്സിലാക്കേണ്ടത്.  കഥ എന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമായോ?
             ഇനി, നമുക്ക് മഹത്തായ ആൽമരത്തെക്കുറിച്ച് കൂടുതൽ അറിയാൻ ദേ ഇവിടെയും, കുരങ്ങനെക്കുറിച്ചറിയാൻ ഇവിടെയും, ആനയെക്കുറിച്ചറിയാൻ ഇവിടെയും, വവ്വാലിനെക്കുറിച്ചറിയാൻ ഇവിടെയും ക്ലിക്ക് ചെയ്യണേ...