പുസ്തകങ്ങള്‍ നിറഞ്ഞ പഴയ ആ തടിഅലമാര.... വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു അതു തുറന്നു നോക്കിയപ്പോള്‍ . പുസ്തകങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കുമ്പോള്‍ . ഓര്‍മ്മകളും ഒരുപാടു സ്നേഹങ്ങളും നിറഞ്ഞു തുളുമ്പിയ നിറം മങ്ങിയ പഴക്കം നിറഞ്ഞ നല്ല മണമുള്ള പുസ്തകങ്ങള്‍ . അതില്‍ ഒരു പുസ്തകം...അതിന്റെ ആദ്യപേജില്‍ ചിത്രം വരച്ചപോലെ മനോഹരമായ കൈപ്പടയില്‍ ഒരു വരി, "എന്റെ പൊന്നു മക്കള്‍ക്ക് സ്നേഹത്തോടെ അപ്പൂപ്പന്”
എന്റെ മക്കള്‍ക്ക് അവരുടെ അപ്പൂപ്പന് (എന്റെ അച്ഛന്) പിറന്നാള്‍ സമ്മാനമായി കൊടുത്ത റഷ്യന്‍ നാടോടിക്കഥകള്‍ എന്ന പുസ്തകം. ഈ കഥപുസ്തകം എന്റെ മക്കള്‍ക്ക് പലതവണ വായിച്ചും പറഞ്ഞും ഒക്കെ കൊടുത്തിട്ടുള്ളതാണ്. അതിലെ കഥകള്‍ ഇന്നു എന്റെ മോള് അവളുടെ മക്കള്‍ക്കും പറഞ്ഞു കൊടുക്കുന്നുണ്ട്. ഈ കഥ അവളുടെ ബ്ലോഗില്‍ ഇടാം എന്നു പറഞ്ഞിരിക്കയായിരുന്നു .
അവളുടെ സമയക്കുറവുകാരണം അമ്മയുടെ കഥപ്പെട്ടിയില്‍ ഇടാന്‍ സമ്മതിച്ചു.
അപ്പോള്‍ നമ്മള്‍ക്കും ആ കഥ ഒന്നു കേള്‍ക്കാം അല്ലേ മക്കളെ?
പണ്ട് പണ്ട് പക്ഷികളില്‍ ഏറ്റവും ഭംഗിയുള്ള വാലുണ്ടായിരുന്നത് പൂവന്‍കോഴിക്കായിരുന്നു. വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചിത്രങ്ങളുള്ള പലതരം നീലനിറങ്ങളോടുകൂടിയ മടക്കുകയും നിവര്‍ക്കുകയും ചെയ്യുന്ന മനോഹരമായ വാല് . പക്ഷെ കുറ്റിവാലുമായിട്ടായിരുന്നു നമ്മടെ മയില്‍ നടന്നിരുന്നത്. വാല് ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന ഒരു അവസ്ഥയായിരുന്നു അത്.

“നീ എന്താണീപ്പറയുന്നത്?” പൂവന്‍കോഴി ചോദിച്ചു. “ആരെങ്കിലും വാലു കടം കൊടുക്കാറുണ്ടോ?”
“ഞാനതു തിരിച്ചു തരാം” മയില്‍ പറഞ്ഞു.
“എപ്പോള്‍ തരും?”
കല്യാണം കഴിഞ്ഞു വന്നാലുടനെ.”
“എപ്പോള്‍ വരും?”
“കല്യാണം എപ്പോള്‍ തീരുന്നോ, അപ്പോള്‍. ഒരുപക്ഷെ വൈകിട്ടായിരിക്കും. ചിലപ്പോള്‍ പതിരയ്ക്കായിരിക്കും. വെളുപ്പാന്‍കാലം വരെ നീണ്ടുപോയെന്നും വരാം.”
“അതിനപ്പുറം പോകരുത് ,” പൂവന് കോഴി പറഞ്ഞു. “അല്ലെങ്കില്‍ രാവിലെ പിടക്കോഴികള്‍ എന്നെ കളിയാക്കും കെട്ടോ.”
വാല് തിരിച്ചു കൊടുക്കാമെന്നു മയില്‍ വാക്കു കൊടുത്തു. പൂവന്‍കോഴി വാല് കൊടുത്തു. മയില്‍ അതുമണിഞ്ഞ് സ്ഥലം വിട്ടു.
വാലില്ലാത്ത പൂവന്‍കോഴി, മയില്‍ കല്യാണം കഴിഞ്ഞു വരുന്നതും കാത്തിരുന്നു. വൈകുന്നേരമായി. സുര്യന് അസ്തമിച്ചു. എന്നിട്ടും മയിനെ കണ്ടില്ല. പൂവങ്കോഴിക്കു വിഷമവും സങ്കടവും വരാന്‍ തുടങ്ങി.. പാവം കോഴി ഒരു വേലിയിലേക്കു ചാടിക്കയറിയിട്ട് കരയാന്‍ തുടങ്ങി. മയില്‍ വരുന്നില്ല്ല ‘കല്യാണം പൊടിപൊടിക്കുന്നുണ്ടാവും” പൂവന്‍കോഴി വിചാരിച്ചു, അങ്ങനെ സമാധാനിക്കാന്‍ ശ്രമിച്ചു.
പിടക്കോഴികല്‍ കിടന്നുറങ്ങി. പക്ഷെ നമ്മുടെ കോഴിക്കുട്ടന്‍ ഉറക്കംതൂങ്ങിക്കൊണ്ട് ആ വേലിയില്‍ത്തന്നെ ഇരുന്നു. പാവം അല്ലെ? അതിനു വാലിന്റെ കാര്യം മാത്രം ആയിരുന്നു വിചാരം. അപ്പോള്‍ എങ്ങെനെ ഉറക്കം വരും?.നമ്മളില്‍ മിക്കവരും ഇതു പോലെ അല്ലെ മക്കളേ. എന്തേലും നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ പിന്നെ പറയണോ പുകില് . ആ എന്നിട്ട് എന്തായി കഥ എന്നു നോക്കാം അല്ലേ?
അങ്ങിനെ നേരം പാതിരാവായി. കുറ്റാകുറ്റിരുട്ട്. (മനസ്സിലായില്ല അല്ലേ? നല്ല ഇരുട്ടെന്ന് കേട്ടോ) "കല്യാണം കഴിഞ്ഞു മടങ്ങുമ്പോള്‍ മയിലിനു വഴി വല്ലതും തെറ്റിപ്പൊയിരിക്കുമോ എന്തോ", പൂവന് വിചാരിച്ചു. യ്യോാാാാ ഒരു ഞെട്ടലോടെ അവന് കൂവിപ്പോയി : കൊക്കരക്കോ! എത്ര കൂവിയിട്ടും മയില്‍ വന്നില്ല.
പൂവങ്കോഴി ചെറുതായിട്ടൊന്നു മയങ്ങി, പക്ഷെ ഉറങ്ങിയില്ല. വാലിനേക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടുകൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു മടങ്ങുന്നതു വഴി മയിലിനെ കൊള്ളക്കാര്‍ ആക്രമിച്ച് തന്റെ വാല് കവര്‍ന്നെടുത്തു എന്നു അത് സ്വപ്നം കണ്ടു. പൂവന് ഞെട്ടിയുണര്‍ന്നു.
മയില്‍ വന്നില്ലേ? ഇല്ല! പൂവന് കോഴി അലറിവിളിച്ചു കൂവി-- “കൊക്കരക്കോ! മയിലേ......., വായോ......വാ!”
എവിടുന്നു വരാന്‍! രാത്രിക്കു രാത്രി മയില്‍ വാലും കൊണ്ട് വേറൊരു രാജ്യത്തേക്കു കടന്നു കളഞ്ഞു. അവിടെ താമസവുമാക്കി.
കരഞ്ഞ് കരഞ്ഞു തളര്‍ന്ന കോഴിക്ക് ദൈവം സുന്ദരമായ ഒരു വാല് കൊടുത്തു എന്നിട്ടും പഴയ വാലിനേ ഓര്‍ത്തുള്ള സങ്കടം മാറിയില്ല ഒരിക്കലും. എന്നും അതോര്‍ത്ത് രാത്രി മൂന്നു തവണ കൂവും.ആര്‍ക്കറിയാം? ഒരുപക്ഷെ ആ കൂവല്‍ കേട്ട് എന്നേലും മയില്‍ പൂവന്‍കൊഴിക്കു അതിന്റെ വാല് തിരിച്ചു കൊടുത്താലോ? നമുക്കും അങ്ങനെ വിശ്വസിക്കാം. അതല്ലെ നല്ലതു മക്കളേ.
ഇനി നമുക്ക് ഈ സുന്ദരന്മാരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം, അല്ലേ.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ....