Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, January 1, 2013

ക്രൂരനായ ആനയുടെ കഥ



         പ്രിയപ്പെട്ട കുഞ്ഞുങ്ങളേ… എല്ലാപേരും പുതുവർഷമൊക്കെ ആഘോഷിച്ച് സന്തോഷത്തോടെ പുതിയ വർഷത്തെ വരവേറ്റിരിക്കുമല്ലോ അല്ലേ.  ഇത്തവണ നമുക്ക് ഒരു ക്രൂരനായ ആനയുടെയും അവനെ വകവരുത്തിയ ബുദ്ധിമാന്മാരായ ചെറുമൃഗങ്ങളുടെയും  കഥ കേൾക്കാം, കേട്ടോ.
            പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽരൊരു  ഒറ്റയാൻ ജീവിച്ചിരുന്നു.  എല്ലാ മൃഗങ്ങളോടും വളരെ ക്രൂരനായാണ് അവൻ പെരുമാറിയിരുന്നത്.  എപ്പോഴും മദിച്ച് രസിച്ചു നടന്ന അവൻ കണ്ണിൽ കണ്ടതൊക്കെ തച്ചുതകർത്ത് എല്ലാപേർക്കും ശല്യമായി നടന്നു.  ഒരു കാരണവുമില്ലാതെ തന്നെ അവൻ മരച്ചില്ലകൾ വലിച്ചൊടിക്കുകയും പക്ഷികളുടെ കൂടുകൾ തകർക്കുകയും ഒക്കെ ചെയ്തു.  പാവം കുഞ്ഞിക്കുരുവിയുടെ കൂടും അതിലെ കുഞ്ഞുങ്ങളും ആനയുടെ അക്രമത്തിൽ പെട്ടു.  കുറുക്കന്മാരുടെ താവളവും മരംകൊത്തിയിരുന്ന തെങ്ങും എന്നുവേണ്ട എല്ലാം നശിപ്പിച്ച് ആ കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ഒരു പേടിസ്വപ്നമായി അവൻ മാറി.
            മൃഗങ്ങൾ പലരും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവനോട് കേണപേക്ഷിച്ച് പറഞ്ഞു.  അവരെയൊക്കെ പരിഹസിച്ച് പേടിപ്പിച്ച് ഓടിച്ചു വിടുന്നതായിരുന്നു അവന് ഹരം.  സങ്കടം പറഞ്ഞവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത് പതിവായി.
            എങ്ങനെയെങ്കിലും ഇവന്റെ ശല്യം ഇല്ലാതാക്കണം, മൃഗങ്ങൾ എല്ലാപേരും കൂടിയാലോചിച്ചു.  പലരും പല വഴികൾ പറഞ്ഞു.  പക്ഷേ ആനയുടെ ഭീമാകാരമായ ശരീരം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു.  നേരിട്ട് ഒരു ഏറ്റുമുട്ടലിൽ അവനെ തോൽപ്പിക്കാനാവില്ല. അവസാനം അവർ കൂട്ടായി ഒരു തീരുമാനമെടുത്തു.  കുഞ്ഞനെലിയും കുറുക്കൻ ചേട്ടനുമാണ് ഉപായം പറഞ്ഞത്.  എല്ലാപേരുടെയും സഹായം ഇക്കാര്യത്തിന് ആവശ്യമായി വന്നു. 
            അങ്ങനെ ആ ദിവസം വന്നു.  എല്ലാ മൃഗങ്ങളും ഒത്തുകൂടി കാത്തിരുന്നു.  ആന പതിവുപോലെ ചിന്നം വിളിച്ച് ആകെ പ്രകമ്പനം കൊള്ളിച്ച് രാവിലെ തന്നെ തന്റെ അക്രമം തുടങ്ങി.  നേരത്തേ പറഞ്ഞുവച്ചത് പോലെ കുഞ്ഞു പക്ഷികളും തേനീച്ചകളും വണ്ടുകളും ഒക്കെ അവനെ വളഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങി.  ആന ആകെ അസ്വസ്ഥനായി.  ഇതിനിടയിൽ മരംകൊത്തി തന്റെ നീണ്ട കൊക്കുകൊണ്ട് ആനയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചു.  ആന വേദന കൊണ്ട് പുളഞ്ഞു.  അവൻ എങ്ങോട്ടെന്നില്ലാതെ ഓടി.  എങ്ങനെയും കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ കണ്ണുകൾ കഴുകി അൽപ്പം ആശ്വാസം കിട്ടുമായിരുന്നു. 
            ഈ തക്കത്തിൽ പദ്ധതിയിട്ടതു പോലെതന്നെ തവളകൾ സമീപത്തുള്ള പഴയ ചെളിനിറഞ്ഞ ചതുപ്പു നിലത്തിൽ നിരന്നിരുന്ന് ശബ്ദമുണ്ടാക്കാൻ തുടങ്ങി.  കണ്ണുകാണാതെ ആകെ ഭ്രാന്തനായ ആന, തവളയുടെ ശബ്ദം കേട്ട സ്ഥലം ഒരു തടാകമായിരിക്കുമെന്ന കണക്കുകൂട്ടലിൽ ആ ദിക്കിലേയ്ക്ക് ഓടിയടുത്തു.  കുളത്തിൻ കരയിലാണല്ലോ സാധാരണ തവളകൾ ശബ്ദമുണ്ടാക്കുന്നത്.  പക്ഷേ, വളരെ ആഴമുള്ള, ചെൾഇ നിറഞ്ഞ ആ ചതുപ്പ് നിലത്തിൽ തന്നെ ആന വന്നു വീണു.  അതിൽ നിന്ന് അവന് പുറത്ത് വരാനും കഴിഞ്ഞില്ല.  വേദനയും നിസ്സഹായാവസ്ഥയും കാരണം നിലവിളിച്ച് അവൻ ആ ചതുപ്പ് നിലത്തിലെ ചെളിയിൽ തന്നെ താഴ്ന്നു താഴ്ന്ന് പോയി.  അധികം താമസിയാതെ തന്നെ ചത്തും പോയി.
            സ്വന്തം ബലത്തിൽ അഹങ്കരിച്ച് മറ്റുള്ളവർക്ക് ശല്യമായിരിക്കുന്ന എല്ലാപേരുടെയും അവസാനം ഇങ്ങനെ ദയനീയമായിരിക്കും.  അതിനാൽ, ഒരിക്കലും സ്വന്തം ബലത്തിൽ അഹങ്കരിച്ച്, മതിമറന്ന് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കണം.  അല്ലേ കുഞ്ഞുങ്ങളേ….. ഈ കഥ എന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമായോ?  മറ്റൊരു കഥയുമായി താമസിയാതെ തന്നെ വീണ്ടും വരാം….കേട്ടോ..... ഇനി, ഈ ആനയെക്കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.. .

Saturday, December 1, 2012

സിംഹരാജാവും കുഞ്ഞനെലിയും....



 സ്നേഹമുള്ള കുഞ്ഞുങ്ങളേ... കാട്ടിലെ രാജാവായ സിംഹവും ഒരു കുഞ്ഞൻ എലിയും തമ്മിലുള്ള സൗഹൃദം ഉണ്ടായ കഥയാണ് ഇന്ന് പറയാൻ പോകുന്നത്...
ഒരിക്കൽ കാട്ടിലെ രാജാവായ സിംഹം കുശാലായ ശാപ്പാടൊക്കെ കഴിഞ്ഞ് പുഴക്കല്യിൽ വിശ്രമിക്കുകയായിരുന്നു.  ആ സമയമാണ് ചിണ്ടൻ എലിക്കുഞ്ഞ് ആ വഴിയ്ക്ക് വന്നത്.  കാട്ടിലെ രാജാവായ സിംഹത്തിനെ ഇത്രേം അടുത്ത് കണ്ടപ്പോൾ അവന് അത്ഭുതമായി.  ഇതു വരെ ദൂരെ നിന്ന് ഭയഭക്തി ബഹുമാനത്തോടെയാണ് താനും തന്റെ അച്ഛനമ്മമാരും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വനരാജനെ കണ്ടിരുന്നത്.  അവൻ സിംഹത്തിന്റെ ചുറ്റിലും ഓടി നടന്ന് രാജാവിനെ കൗതുകത്തോടെ നോക്കിക്കണ്ടു. പ്രൗഢഗംഭീരമായ സിംഹത്തിന്റെ കിടപ്പ് കണ്ട് ചിണ്ടൻ കുഞ്ഞിന് ഒരു കുസൃതി തോന്നി.  അവൻ ആദ്യം സിംഹത്തിന്റെ വല്ലിൽ പതുക്കെ പിടിച്ചു വലിച്ചു.  ഭീമാകാരനായ സിംഹം അത് അറിഞ്ഞതേ ഇല്ല.  പിന്നെ പതുക്കെ ചെന്ന് സിംഹത്തിന്റെ കൈയ്യിലും കാലിലും ഒക്കെ തൊട്ടു നോക്കി.  എന്നിട്ടും സിംഹം അനങ്ങാതെ കിടന്നു.  എലിക്ക് ആവേശമായി. അവൻ പതിയെപ്പതിയെ സിംഹത്തിന്റെ ദേഹത്ത് കയറി ഓടി നടക്കാൻ തുടങ്ങി.  മയക്കം ചെറുതായി വിട്ടപ്പോൾ സിംഹം എലിയുടെ വികൃതി മനസ്സിലാക്കിയെങ്കിലും കുഞ്ഞൻ എലിയുടെ കുസൃതി സിംഹവും ആസ്വദിച്ചു.     സിംഹത്തിന്റെ മുഖത്തും മറ്റും ചാടി വീണ് ചിണ്ടൻ കുഞ്ഞെലി അഭ്യാസം തുടർന്നു. 

ആവേശം അതിരു കടന്നപ്പോൾ സിംഹത്തിന് ശല്യമായി തോന്നി.  സിംഹം എലിക്കുഞ്ഞിനെ പേടിപ്പിക്കാനായി തന്റെ കയ്യെടുത്ത് അതിന്റെ ദേഹത്ത് വച്ചു.  ആജാനബാഹുവായ സിംഹത്തിന്റെ കൈയ്യ്ക്കടിയിൽ പെട്ടപ്പോൾ എലിക്കുഞ്ഞിന് വേദനയായി, ഒപ്പം പേടിയായി.  അവൻ ആകെ ഭയന്നു വിറച്ചു.  തന്നെ കൊല്ലരുതെന്നും ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നും അവൻ തൊഴു കൈയ്യോടെ കരഞ്ഞു പറഞ്ഞു.  സിംഹം കൗതുകത്തോടെ ചോദിച്ചു, “നിന്നെ വിട്ടയച്ചാൽ എനിക്കെന്ത് പ്രയോജനം? വിട്ടാൻ നീ പിന്നെയും എന്നെ ശല്യപ്പെടുത്തില്ലേ?”
എലിക്കുഞ്ഞ് പറഞ്ഞു, “ ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല. മാപ്പാക്കണം…”  അവസാന ആയുധമെന്ന നിലയ്ക്ക് ഇത്രയും കൂടി പറഞ്ഞു, “എന്നെ കൊല്ലാതെ വിട്ടാൽ അങ്ങേയ്ക്ക് ഒരു ആവശ്യം വരുമ്പോൾ തീർച്ചയായും ഞാൻ സഹായിക്കാം”.
        കുഞ്ഞനെലിയുടെ വാക്കുകൾ കേട്ട് സിംഹത്തിന് ചിരിയടക്കാനായില്ല.  തന്റെ വിരലോളം പോന്ന ഇവൻ തന്നെ സഹായിക്കുമെന്നോ…  എന്നാലും എലിയുടെ ദൈന്യത കണ്ട് കരളലിഞ്ഞ വനരാജാവ് അവനെ വിട്ടയച്ചു.  സിംഹത്തിന് നന്ദിയും  പറഞ്ഞുകൊണ്ട് എലിക്കുഞ്ഞ് ഓടി രക്ഷപ്പെട്ടു. 

        നാളുകൾ കടന്നു പോയി.  ഒരു ദിവസം അതിരാവിലെ പതിവ് പോലെ സർക്കീട്ടിനിറങ്ങിയ എലിക്കുഞ്ഞ് കാട്ടിനുള്ളിൽ നിന്ന് സിംഹത്തിന്റെ ഞരക്കം കേട്ടു.  പേടിച്ചാണെങ്കിലും എലിക്കുഞ്ഞ് പതിയെപ്പതിയെ ചെന്ന് എന്താണ് കാര്യമെന്ന് നോക്കി.  ആ കാഴ്ച അവന് വിശ്വസിക്കനായില്ല.  സിംഹരാജൻ വേട്ടക്കാരുടെ വലയിൽ പെട്ടിരിക്കുന്നു.  തന്നെ ഒരിക്കൽ ഉപദ്രവിക്കാതെ വിട്ടയച്ച സിംഹം ഇപ്പോൾ വേട്ടക്കാർ വിരിച്ച വലയിൽ പെട്ട് കിടക്കുന്നു. നേരം പരപരാ വെളുത്ത് വരുന്നതേയുള്ളൂ. കുറച്ചു സമയം കൂടി കഴിഞ്ഞാൽ വേട്ടക്കാർ വരും, അവർ സിംഹത്തിനെ കൊണ്ടു പോകും.    എലിക്കുഞ്ഞ് ഉള്ളിൽ ചെറിയ പേടിയോടെയാണെങ്കിലും സിംഹത്തിന്റെ അടുത്ത് ചെന്നു.  സിംഹം ആകെ അവശനാണ്.  താൻ സിംഹത്തിന് കൊടുത്ത വാക്ക് അവൻ ഓർത്തു.  എങ്ങിനെയെങ്കിലും സിംഹത്തിനെ രക്ഷിക്കണം.
        പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി.  അവൻ തന്റെ മൂർച്ചയേറിയ പല്ലുകൾ കൊണ്ട് സിംഹത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന വലയുടെ കണ്ണികൾ ഒന്നൊന്നായി മുറിച്ചു മാറ്റി.  സിംഹം അങ്ങനെ വലയിൽ നിന്ന് രക്ഷപ്പെട്ടു.  ഒരിക്കൽ താൻ പരിഹസിച്ചു വിട്ട ഈ കുഞ്ഞൻ എലി ഇപോൾ തന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു….
        ഇതിൽ നിന്ന് ഒരു ചെറിയ കാര്യം മനസ്സിലായില്ലേ കുഞ്ഞുങ്ങളേ.....വലിപ്പത്തിൽ ചെറിയവനായാലും ചിലനേരങ്ങളിൽ ജീവൻ രക്ഷിക്കാൻ പോലും ഉപകാരപ്പെട്ടേയ്ക്കാം….

Thursday, November 1, 2012

ചിലന്തി പഠിപ്പിച്ച പാഠം


സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ...... കഥപ്പെട്ടിയിലെ കഥകളും സമ്പാദ്യപ്പെട്ടിയിലെ അറിവുകളും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്.  ഇത്തവണ നമുക്ക് പ്രകൃതിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയത്തിലേയ്ക്ക് കുതിച്ച ഒരു രാജാവിന്റെ കഥ കേൾക്കാം, ട്ടോ.... ഇത്, വളരെ നാൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു രാജാവിന്റെ അനുഭവ കഥയാണത്രേ.  എന്തായാലും നമുക്ക് ഇതിന്റെ ഗുണപാഠവും, നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ കിട്ടാവുന്ന ഗുണങ്ങളും മനസ്സിലാക്കാം, അല്ലേ...
       നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാവായിരുന്നു റോബർട്ട് ബ്രൂസ് (AD 1306 മുതൽ 1329 വരെ).  ഒരേ സമയം ധീരനും നീതിമാനും പ്രജാതത്പരനുമായിരുന്നു ബ്രൂസ്.  പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടം വളരെയേറെ സംഘർഷങ്ങൾ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു.  അയൽരാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് നിരന്തരം സ്കോട്ട്‌ലാന്റുമായി യുദ്ധം നടത്തിയിരുന്നു.   സ്കോട്ട്‌ലന്റിനെ തങ്ങളുടെ അധീനതയിലാക്കി തങ്ങളുടെ ഭാഗമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒടുവിൽ ഒരു യുദ്ധത്തിൽ ഇംഗ്ലണ്ട് വിജയം കാണുക തന്നെ ചെയ്തു.  ധീരനായ ബ്രൂസ് തന്റെ സമർത്ഥരായ സൈനികരുമൊത്ത് പലപ്രാവശ്യം രാജ്യം തിരികെ പിടിക്കാൻ യുദ്ധം ചെയ്തു.  തുടരെത്തുടരെയുള്ള ആറ് യുദ്ധങ്ങളിലും ബ്രൂസിന്റെ സൈന്യത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.  ഒടുവിൽ സൈന്യം തന്നെ ചിന്നിച്ചിതറി പലേടത്തായി പോയി. രാജാവ്  വടക്കൻ ഐർലന്റിലെ റാത്‌ലിൻ ദ്വീപിലെ ഒരു വനത്തിൽ ഒറ്റപ്പെടുകയും ചെയ്തു.  അദ്ദേഹം ആകെ നിരാശനായിരുന്നു.  ഇത്രേം തവണ തോൽക്കുകയും തന്റെ സൈന്യം ആകെ താറുമാറാകുകയും ചെയ്തിരിക്കുന്നു.  ഇനിയൊരു അങ്കത്തിന് നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നി. 
മഴയുള്ള ഒരു ദിനത്തിൽ വനത്തിലെ ഒരു ഗുഹയിൽ ചിന്താവിഷ്ടനായി ഇരുന്ന അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു.  ‘മഴക്കച്ചേരി’യും ശ്രദ്ധിച്ചു കൊണ്ട് നിന്ന അദ്ദേഹം പെട്ടെന്ന് ആ ഗുഹയിലെ ചുവരിൽ ഒരു ചിലന്തിയെ കണ്ടു.  ചുവരിന്റെ ഒരു വശത്തു നിന്നും മറ്റേ വശത്തേയ്ക്ക് തന്റെ വല ഉറപ്പിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ ചിലന്തി.  രാജാവിന് ഈ കാഴ്ചയിൽ വളരെ കൗതുകം തോന്നി.  ചുമരിന്റെ ഒരു വശത്ത് നിന്നും വറു വശത്തേയ്ക്ക്  തന്റെ വലയുടെ നൂലുമായി ചാടിയാണ് ചിലന്തി വല  നെയ്യുന്നത്.  ഒന്നുരണ്ട് തവണ ചിലന്തി അതിൽ പരാജയപ്പെട്ടു; തിരികെ പഴയ സ്ഥാനത്തെത്തി വീണ്ടും ശ്രമിച്ചു. 
രാജാവിന് ആകാംക്ഷയായി.  ചിലന്തി വീണ്ടും വീണ്ടും ചുമരിന്റെ അങ്ങേ വശത്തു വന്ന് ശ്രമം തുടരുന്നു.  ആദ്യത്തെ ആറ് തവണയും പരാജയമായിരുന്നു ഫലം.  രാജാവ് സ്വയം പറഞ്ഞു, “എന്റെ കാര്യവും അങ്ങനെ തന്നെ, ആറു തവണയും പരാജയപ്പെട്ടു, ഇനി രക്ഷയില്ല തന്നെ, വെറുതെ പരിശ്രമിച്ചിട്ടു കാര്യമില്ല”
പക്ഷേ ചിലന്തി വിടാൻ ഭാവമില്ലായിരുന്നു.  ആദ്യത്തെ ശ്രമത്തിന്റെ അതേ ഉത്സാഹത്തോടെ, അതേ ഊർജ്ജത്തോടെ, പ്രതീക്ഷയോടെ അത് വീണ്ടും ശ്രമിച്ചു.  ഇത്തവണ ചിലന്തി ലക്ഷ്യം കണ്ടു.  രാജാവിന്റെ കണ്ണുകളിൽ പെട്ടെന്ന് പ്രകാശം വിടർന്നു.  പരാജയം ഒരിക്കലും നമ്മെ തളർത്തിക്കൂടാ, വീണ്ടും വീണ്ടും ആത്മാർത്ഥമായി പരിശ്രമിക്കണം, വിജയം തീർച്ചയായും നമുക്കൊപ്പം വരും….
നിശ്ചയധാർഷ്ട്യത്തോടെ ബ്രൂസ് രാജാവ് ചാടിയെഴുന്നേറ്റു.  തന്റെ രാജ്യം തിരികെ പിടിക്കാൻ വർദ്ധിത വീര്യത്തോടെ, ചിതറിപ്പോയ തന്റെ സൈനികരെ തിരഞ്ഞു പിടിച്ച് സൈന്യം പുനഃസംഘടിപ്പിച്ചു.  സൈനികർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ആ ചിലന്തിയുടെ കഥ പറഞ്ഞു കൊടുത്തു.  സ്കോട്ട്‌ലന്റ് സൈന്യം വീണ്ടും യുദ്ധസന്നദ്ധരായി.  ഇംഗ്ലണ്ടുകാർക്കെതിരെ ഏഴാമത്തെ യുദ്ധം പ്രഖ്യാപിച്ചു.  ബ്രൂസ് രാജാവിന്റെ സൈന്യത്തിന്റെ ശക്തിയെ പുച്ഛിച്ചു തള്ളിയിരുന്ന  ഇംഗ്ലീഷ് സൈന്യത്തെ രൂക്ഷമായ യുദ്ധത്തിനൊടുവിൽ തോൽപ്പിച്ച് രാജാവ് രാജ്യം തിരിച്ചു പിടിച്ചു.
സ്കോട്ട്‌ലന്റിന്റെ ചരിത്രത്തിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന ഒരേടാണ് ബ്രൂസ് രാജാവും, ചിലന്തിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തെ രക്ഷിച്ച സംഭവവും….

കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ?    തോൽവികളിൽ തളരാതെ, വീണ്ടും വീണ്ടും പരിശ്രമിച്ചാൽ  വിജയം തീർച്ചയായും ഉണ്ടാവും, അല്ലേ?  (വീണ്ടും വീണ്ടും യുദ്ധം ചെയ്യാനുള്ള ഒരു ആഹ്വാനമല്ല കേട്ടോ).  നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ ഒരുപാട് പാഠങ്ങളും മാതൃകകളും ഒക്കെ പ്രയോജനപ്പെടുത്താം....
ഇത് വെറും ഒരു കഥയല്ലെന്ന് തോന്നുന്നു.  AD 1306 മുതൽ 1329 വരെ റോബർട്ട് ബ്രൂസ് സ്കോട്ട്‌ലന്റ് ഭരിച്ചിരുന്നെന്ന് ചരിത്രം പറയുന്നു.  റോബർട്ട് ബ്രൂസിനെ കുറിച്ച് അറിയാൻ ദേ ഇവിടെയും,  ഈ ചിലന്തിയെക്കുറിച്ച് കൂടിതലറിയാൻ ദേ ഇവിടെയും ക്ലിക്ക് ചെയ്തേ….