Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, November 1, 2011

ധനികനു പറ്റിയ അമളി

       കുറെ നാളായി മൃഗങ്ങളുടേയും പക്ഷികളുടേയും ഒക്കെ കഥകള്‍ അല്ലേ കേള്‍ക്കുന്നേ? ഇത്തവണ നമ്മക്കു നമ്മളേപോലെയുള്ള ഒരു മനുഷ്യന്റെ കഥ കേട്ടാലോ മക്കളെ..
            പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. അയാള്‍ വലിയ ധനികനും ആയിരുന്നു.  ഒരു പാടു കൃഷി ഭൂമി, എണ്ണിയാല്‍ തീരാത്ത പണിക്കാർ,  ആയിരക്കണക്കിനു കാളകൾ, പശുക്കൾ, പോത്തുകൾ, എരുമകൾ. സമ്പത്ത് എന്നു പറഞ്ഞാല്‍  അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ വായ്യാത്തപോലെ സമ്പത്ത്. എല്ലാം ശരിക്കും നോക്കി നടത്താന്‍ കൃഷിക്കാരനു വല്ലാത്ത ബുദ്ധിമുട്ടായി.  നോട്ടക്കുറവു കൊണ്ട് സ്വത്തുക്കള്‍ പലതും പലരും കയ്യേറാന്‍ തുടങ്ങി.
           കൃഷിക്കാരന്‍ വളരെ ആലോചിച്ചു ഒരു തീരുമാനം എടുത്തു. തന്റെ ഭൂസ്വത്തും കാലിസ്വത്തും (മൃഗങ്ങൾ) മുക്കാല്‍ ഭാഗവും വിറ്റ് സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളുമാക്കി. സ്വത്തുക്കള്‍ തന്നത്താന്‍ നോക്കാവുന്നത്രയുമാക്കി ചുരുക്കി. അയാള്‍ തന്റെ തോട്ടത്തിനു ചുറ്റും ബലമുള്ള മതിലുകള്‍ കെട്ടി.സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും വലിയ ഒരു ഭരണിയിലാക്കി തോട്ടത്തിന്റെ ഒത്ത നടുവില്‍ കുഴിച്ചിട്ടു.
     എല്ലാദിവസവും അയാള്‍ കുഴി മാന്തി ഭരണി പുറത്തെടുത്ത് ഉമ്മവൈക്കും, എന്നിട്ടു വീണ്ടും പഴയതുപോലെ ഭരണി കുഴിയില്‍ വച്ചു മൂടും. താന്‍ ലോകത്തിലേ ധനികന്മാരിലൊരാളാണല്ലോ എന്നോര്‍ത്ത് സന്തോഷിക്കും. ഈ പതിവു ഇങ്ങനെ കുറെക്കാലം തുടര്‍ന്നു.

         അങ്ങനെയിരിക്കെ നഗരത്തിലെ ഒരു പെരുങ്കള്ളന്‍ ധനികന്റെ തോട്ടത്തില്‍ കയറി ഒളിച്ചിരുന്നു. ധനികന്റെ അസാധാരണമായ പ്രവൃത്തി കണ്ടു അയള്‍ക്കു കാര്യം മനസ്സിലായി.ധനികന്‍ പോയ സമയം നോക്കി കള്ളന്‍ കുഴി മാന്തി ഭരണി പുറത്തെടുത്തു.അതിലെ സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും എല്ലാം എടുത്ത് സ്വന്തം ഭാണ്ഡത്തിലാക്കി കള്ളന്‍ സ്ഥലം വിട്ടു.
        പിറ്റേന്നും പതിവുപോലെ കൃഷിക്കാരന്‍ കുഴിയുടെ അടുത്തെത്തി. വെളിയില്‍ കിടക്കുന്ന ഭരണി കണ്ട് അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിലവിളിച്ചു കൊണ്ട് നിലത്തു കിടന്നുരുളുന്ന കൃഷിക്കാരനോടു ചോദിച്ച് നാട്ടുകാര്‍ കാര്യം മനസ്സിലാക്കി. അയാളുടെ കഥ കേട്ട് എല്ലാവരും മൂക്കത്തു വിരല്‍ വച്ചു നിന്നു പോയി.
        അവരിലൊരാള്‍ ധനികനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, “ഹേ! സഹോദരാ, നിങ്ങള്‍ സമാധാനമായിരിക്കൂ, നഷ്ട്ടപ്പെട്ടതു തിരിച്ചു കിട്ടട്ടേ എന്നു പ്രാര്‍ത്ഥിക്കാം”.  അയാള്‍ തുടര്‍ന്നു, ‘നിങ്ങള്‍ക്കു ഈ സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും കൊണ്ട് എന്തു പ്രയോജനം ഉണ്ടായിരുന്നു?, ഒന്നുമില്ലായിരുന്നല്ലോ? ഭരണിക്കകത്തിട്ടു കുഴിച്ചു മൂടിയാല്‍ ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ? നിങ്ങള്‍ക്കു കിട്ടിയിരുന്ന ആനന്ദം അല്ലാതെ. പിന്നെ കുറെ നാളുകളായി എന്നും ചെയ്തുപോന്ന ഒരു പ്രവൃത്തി പെട്ടെന്നു നിന്നാ‍ല്‍ ഉണ്ടാകുന്ന ഒരു വിഷമം. അതിനു ഒരു കാര്യം ചെയ്യൂ, കുറെ മണ്ണു ഭരണിയില്‍ നിറച്ചു കുഴിയില്‍ മൂടു, എന്നിട്ടു പതിവു പോലെ വന്നു കുഴി മാന്തി ഭരണിയെടുത്ത് ഉമ്മവച്ചോളൂ”.
        കൃഷിക്കാരന്‍ അപ്പോഴും ഒന്നും കേള്‍ക്കാതെ വാവിട്ടു നില വിളിച്ചു കൊണ്ടിരുന്നു................
    ഇതില്‍ നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം? നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ, കഴിവുകളാവട്ടേ, അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും.
          കഥ ഇഷ്ടപ്പെട്ടോ മക്കളേ... എല്ലാപേർക്കും കേരളപ്പിറവി ആശംസകൾ

10 comments:

  1. ഇതില്‍ നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം? നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ, കഴിവുകളാവട്ടേ, അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും.

    ReplyDelete
  2. കേരളപ്പിറവി ആശംസകൾ!
    കിലുക്ക്സേ കഥ കുട്ടികള്‍ക്കും വലിയവര്‍ക്കും ഗുണപാഠമുള്ളതായി.:)

    "നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ, കഴിവുകളാവട്ടേ, അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും."

    ReplyDelete
  3. നല്ല കഥ.. ധനസമ്പാദനത്തിന്റെ വ്യര്‍ത്ഥത വ്യക്തമാക്കുന്ന ഗുണപാഠകഥ.

    ReplyDelete
  4. ഇത് കേള്‍ക്കാത്ത കഥയായിരുന്നുട്ടോ... നല്ല കഥ , ഇഷ്ടായി

    ReplyDelete
  5. ഒരു ഭരണി തപ്പി നടക്കുവായിരുന്നു ഞാനും..!
    യിനീപ്പോ വേണ്ട..!വല്ല കള്ളന്മാരും അടിച്ചു മാറ്റിയാലോ..!

    കഥ ഇഷ്ടായിട്ടോ...
    സത്യായിട്ടും ഞാനൊന്നും കുഴിച്ചിടൂല്ല..!!
    ആശംസകളോടെ...പുലരി

    ReplyDelete
  6. കൊള്ളാം. നല്ല കുട്ടിക്കഥ!

    ReplyDelete
  7. കഥയിഷ്ടപ്പെട്ടു !

    ReplyDelete
  8. കഥ ഇഷ്ടമായി..

    അന്നത്തെക്കാലത്ത് ബാങ്കുകൾ ഉണ്ടാവാത്തത് അയാളൂടെ നിർഭാഗ്യം..!

    ReplyDelete
  9. കുട്ടിക്കഥ,,, കുട്ടികൾക്കുള്ള കഥ വാളരെ ഇഷ്ടപ്പെട്ടു,,,,

    ReplyDelete
  10. നല്ല ഗുണപാഠമാണ് ഉഷസ്സേ ഈ കഥയിൽ കൂടി കുഞ്ഞുങ്ങൾക്ക് കൊടുത്തിരിക്കുന്നത്.
    ധനം ഉപയോഗിക്കാതെ ബാങ്കിലിട്ട് പൂജ്യങ്ങളുടെ എണ്ണം കൂട്ടിക്കൂട്ടി കൊണ്ടുവന്നിട്ട് നേരേ ചൊവ്വേ ആഹാരം കഴിക്കാതേയും നല്ല വസ്ത്രങ്ങൾ ധരിക്കാതേയും ഇരിക്കുന്നവരെ എനിക്കറിയാം. കോടീശ്വരനാണത്രേ, പക്ഷേ നെറ്റിയിൽ എഴുതിവച്ചാൽ പോലും ആരും അത് വിശ്വസിക്കില്ല. :) അതുപോലെ അറിവ് - സ്വന്തം അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാതെ രഹസ്യമായി വച്ചേയ്ക്കുന്നവരേയും അറിയാം. അത് മറ്റൊരാൾക്ക് പറഞ്ഞുകൊടുത്താൽ, അയാളത് പഠിച്ചെടുത്താൽ പിന്നെ തന്റെ ഡിമാൻഡ് പോയില്ലേ എന്നാണ് ചിന്ത. വിദ്യ കൊടുക്കുംതോറും ഏറിടുന്ന ഒന്നാണെന്ന് മറന്നു പോകുന്നു ഇവർ.

    ReplyDelete