Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, August 2, 2013

സത്യസന്ധനായ വിറകുവെട്ടുകാരന്റെ കഥ...



എന്റെ സ്നേഹമുള്ള കുഞ്ഞുങ്ങളേ,  ഒരു മാസം വളരെ പെട്ടെന്ന് കടന്ന് പോയതുപോലെ തോന്നുന്നു.  ഇത്തവണ നമുക്ക് സത്യസന്ധനായ ഒരു വിറകുവെട്ടുകാരന്റെ കഥ കേൾക്കാം, കേട്ടോ
ഒരിടത്തൊരിടത്ത് ദാമു എന്ന പേരായ ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു.  ദാമു വളരെ സത്യസന്ധനും അധ്വാനിയും ആയിരുന്നു.  അയാൾ ദിവസവും വനത്തിൽ പോയി വിറകുവെട്ടി ഉപജീവനം നടത്തിയിരുന്നു.  ഒരു ദിവസം ഒരു പുഴയുടെ കരയിൽ വിറകുവെട്ടിക്കൊണ്ട് നിനൽപ്പോൾ അബദ്ധത്തിൽ ദാമുവിന്റെ കൈയ്യിൽ നിന്ന് മരം വെട്ടുന്ന മഴു തെറിച്ച് പുഴയിലേയ്ക്ക് വീണു.   പുഴയ്ക്ക് നല്ല ആഴം ഉണ്ടായിരുന്നതിനാലും, ദാമുവിന് നീന്തൽ വശമില്ലായിരുന്നതിനാലും ആ മഴു വീണ്ടെടുക്കാനാകാതെ അയാൾ വിഷമിച്ചു.  ഇന്ന് തന്റെ വീട് പട്ടിണിയാകുമല്ലോ എന്ന് അയാൾ ഭയന്നു.  ദാമു ആ പുഴക്കരയിലിരുന്ന് കരയാൻ തുടങ്ങി. 
ദാമുവിന്റെ  സങ്കടം കണ്ട്  പുഴയിൽ നിന്ന് ഒരു ദേവത  ഉയർന്നു വന്നു.  ദേവത ദാമുവിനോട് എന്താണ് ദു:ഖിച്ചിരിക്കുന്നതെന്ന ചോദിച്ചു.  ദാമു  നടന്നത് മുഴുവൻ പറഞ്ഞു, പണിയായുധം നഷ്ടപ്പെട്ടാൽ വീട്ടിലെ സ്ഥിതി ദയനീയമാകുന്നതും വിവരിച്ചു.  ദേവത ഉടൻ  തന്നെ പുഴയുടെ ആഴത്തിലേയ്ക്ക് മറഞ്ഞു.   അല്പസമയത്തിനകം കൈയ്യിൽ ഒരു സ്വർണ്ണത്തിലെ മഴുയുമായി പ്രത്യക്ഷപ്പെട്ടു.  ദേവത ആ സ്വർണ്ണ മഴു ദാമുവിനുനേരെ നീട്ടി, “ഇതാണോ നിന്റെ മഴു?” ദേവത ചോദിച്ചു.  സത്യസന്ധനായ ദാമു തന്റെ മഴു ഇതല്ല എന്ന് അറിയിച്ചു. ദേവത വീണ്ടും പുഴയുടെ ആഴത്തിലേയ്ക്ക് ഊളിയിട്ടു.  അൽപസമത്തിനകം ഒരു വെള്ളി മഴുയുമായി തിരികെ  എത്തി അത് ദാമുവിന്റെ നേർക്ക് നീട്ടിയിട്ട് ഇതാണോ തന്റെ മഴു എന്ന് ചോദിച്ചു.  ദാമു ശ്രദ്ധയോടെ നോക്കിയിട്ട് ഇതും തന്റെ നഷ്ടപ്പെട്ട മഴുയല്ലെന്ന് അറിയിച്ചു.
വീണ്ടും ദേവത പുഴയുടെ ഉള്ളിലേയ്ക്ക് മറഞ്ഞു.  ഇപ്രാവശ്യം ദാമുവിന്റെ യഥാർത്ഥത്തിലുള്ള മഴുയുമായി തിരികെയെത്തി, ദാമുവിന്റെ നേർക്ക് നീട്ടി.  ദാമുവിന് തന്റെ മഴു കണ്ടയുടനെ തന്നെ മനസ്സിലായി.  “ഇതു തന്നെ എന്റെ മഴു”, ദാമു സന്തോഷത്തോടെ പറഞ്ഞു.  ദാമുവിന്റെ സത്യസന്ധതയിൽ സന്തുഷ്ടയായ ദേവത ദാമുവിന്റെ സ്വന്തം  മഴുക്കു  പുറമേ ആ സ്വർണ്ണമഴുയും വെള്ളി മഴുയും  കൂടി അവനു നൽകി അവനെ അനുഗ്രഹിച്ച് മടങ്ങി. 
ദാമുവിന് ഇത്തരത്തിൽ അനുഗ്രഹം കിട്ടിയ വിവരം ആ കൊച്ചു ഗ്രാമത്തിൽ പെട്ടെന്ന് തന്നെ പരന്നു.  എല്ലാപേരും കൂടി ദാമുവിന്റെ ഈ സന്തോഷം ആഘോഷത്തോടെ പങ്കുവച്ചു.  ഇതെല്ലാം കേട്ടു നിന്ന മടിയനും അലസനുമായ രാമു, പെട്ടെന്ന് കാശുണ്ടാക്കാനുള്ള വഴിയായി ഇതിനെ കണ്ടു.  രാമു, തന്റെ വീടിനു മുന്നിലെ കുറച്ച് മരച്ചില്ലകൾ വെട്ടിവിറ്റ് ഒരു  ഇരുമ്പ് മഴു വാങ്ങി.  ദാമുവിന്റെ മഴു വീണ പുഴയുടെ വക്കിലെത്തി  വിറകുവെട്ട് ആരംഭിച്ചു.  എത്ര ശ്രമിച്ചിട്ടും  മഴു വെള്ളത്തിൽ പോയില്ല.  രാമു ക്ഷമകെട്ട്  തന്റെ കൈയ്യിലിരുന്ന മഴു പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞു.  തുടർന്ന് പുഴക്കരയിൽ കുത്തിയിരുന്ന് കരയാൻ തുടങ്ങി.   ഒരുപാട് നേരം കാത്തിരുന്നതിനൊടുവിൽ ദേവത പ്രത്യക്ഷപ്പെട്ടു.  രാമുവിനോട് കാര്യങ്ങൾ അന്വേഷിച്ചു.  രാമു, തന്റെ ഏക വരുമാനമാർഗ്ഗമായ പണിയായുധം പുഴയിൽ വീണെന്ന് പറഞ്ഞു.  ദേവത ഒരു പുഞ്ചിരിയോടെ പുഴയുടെ അടിത്തട്ടിലേയ്ക്ക് മറഞ്ഞു.  രാമു ആർത്തിയോടെ കാത്തിരുന്നു.  ദേവത രാമു പുഴയിലെറിഞ്ഞ മഴുവുമായി പ്രത്യക്ഷപ്പെട്ട്, രാമുവിനു നേരെ നീട്ടി. “ഇതല്ലേ നിന്റെ പണിയായുധം?”  തന്റെ സ്വന്തം ഇരുമ്പ് മഴു കണ്ടിട്ടും അത്യാഗ്രഹിയായ രാമു അത് തന്റെതല്ല എന്ന് പറഞ്ഞ് തലയാട്ടി നിന്നു.  ദേവത വീണ്ടും പുഴയിലേയ്ക്ക് മറഞ്ഞ് കൈയ്യിൽ ഒരു വെള്ളി മഴുവുമായി തിരിച്ചെത്തി.  ഇതും രാമു നിഷേധിച്ചു.  അവന്റെ മനസ്സിൽ ദാമുവിന് കിട്ടിയ സ്വർണ്ണമഴുവായിരുന്നു.  ദേവത വീണ്ടും പുഴയിലേയ്ക്ക് മറഞ്ഞ് ഒരു സ്വർണ്ണ മഴുവുമായി പ്രത്യക്ഷപ്പെട്ടു.  ഇത് കണ്ടപാടെ രാമു, അത് തന്റെ മഴുവാണെന്ന് പറഞ്ഞ് ചാടിവീണു.  ദേവത ഒരു പുഞ്ചിരിയോടെ ആ മൂന്ന് മഴുവുമായി പുഴയ്ക്കുള്ളിലേയ്ക്ക് മറഞ്ഞു.  രാമുവിന് തന്റെ കൈയ്യിലിരുന്ന മഴുവും നഷ്ടപ്പെട്ടു.  ഉടൻ തന്നെ ഒരശരീരിയും കേട്ടു. “അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും കളവൊക്കെ നിർത്തി നീ അധ്വാനിച്ച് ജീവിക്കാൻ പഠിക്കൂ..”
എന്റെ കുഞ്ഞു കൂട്ടുകാർക്ക് ഇപ്പോൾ നല്ല ഒരു സന്ദേശം കിട്ടിയില്ലേ?  സത്യസന്ധത എന്നും നന്മ മാത്രമേ നൽകൂ അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും” ശരിയല്ലേ കുഞ്ഞുങ്ങളേ?

12 comments:

  1. സത്യസന്ധത എന്നും നന്മ മാത്രമേ നൽകൂ… അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും”… ശരിയല്ലേ കുഞ്ഞുങ്ങളേ?

    ReplyDelete
  2. ഞാൻ കേട്ടത് രാമുവാ ആദ്യം വന്നവൻ ന്നാ,
    ബാക്കിയെല്ലാം ഇത്,പേരുകൾ മാറീ ന്നേ ള്ളൂ.

    ഇതേ ദാമു അവന്റെ സത്യസന്ധത കൊണ്ട് പേരെടുത്തു,സുഖകരമായി ജീവിക്കുന്നു.ദാമു ഒരു ദിവസം ആളൊഴിഞ്ഞ ഒരു പുഴക്കരയിൽ പോയി പ്രിയതമയോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. ശേഷം പ്രിയതമ പുഴയുടടുത്തേക്ക് നടന്ന് പോയപ്പോൾ ആ പുഴയിൽ മുങ്ങിപ്പോയി. ദാമു പഴയ പോലെ ജലദേവതയെ പ്രർത്ഥിച്ചു,വന്നു കാര്യം തിരക്കി. കാര്യം അറിഞ്ഞ ദേവത പുഴയിൽ പോയി പൊങ്ങി വന്നത് കാവ്യാ മാധവനുമായി. എന്നിട്ട് ദാമുവിനോട് ചോദിച്ചു, 'ഇതാണോ നിന്റെ ഭാര്യ ?'
    ദാമു ഉടൻ ചാടി പറഞ്ഞു,
    'അതേ ഇതുതന്നെയാ എന്റെ ഭാര്യ.!'
    അപ്പോൾ കോപാന്ധയായ ദേവത ദാമുവിനെ ശപിക്കാനായി തുടങ്ങി.
    ദാമു കേണപേക്ഷിച്ചു കൊണ്ട് പറഞ്ഞു,
    'അയ്യോ ദേവതേ ശപിക്കല്ലേ,
    ഞാൻ കാവ്യാമാധവനല്ലാ എന്ന് പറഞ്ഞാൽ ദേവത പോയി മീരാ ജാസ്മിനെ കൊണ്ടു വരും,
    അതുമല്ല എന്റെ ഭാര്യ എന്ന് പറഞ്ഞാൽ,പോയി എന്റെ സ്വന്തം ഭാര്യയെ കൊണ്ടു വരും.
    അപ്പോൾ ഞാൻ 'ഇതാണെന്റെ ഭാര്യാ' ന്ന് പറഞ്ഞാൽ ദേവത പറയും,
    'ഞാൻ നിന്റെ സത്യസന്ധതയിൽ സംപ്രീതയായിരിക്കുന്നു, ഈ മൂന്നാളേയും എടുത്തോളൂ എന്ന്.!'

    'അങ്ങനെ പറഞ്ഞാൽ അവരെ മൂന്നാളേയും പോറ്റാനെനിക്ക് കഴിവില്ല ദേവതേ,
    ഞങ്ങളല്ലലില്ലാതെ കഴിഞ്ഞുപോകുന്നതെങ്ങനാ ന്ന് ഞങ്ങൾക്കേ അറിയൂ.!'
    ഇങ്ങനേയും തുടരുന്നു ഈ കഥ.!
    ചേച്ചീ കളിയാക്കി പറഞ്ഞതല്ല,ഒരു തമാശ.!
    ബുദ്ധിമുട്ടുണ്ടേൽ കളഞ്ഞോളൂ, കുഴപ്പമില്ല.

    ReplyDelete
    Replies
    1. നമിച്ചു ... നന്നായി നന്നായി

      Delete
    2. ഹഹഹഹഹ പുതിയ കഥ ഇഷ്ടായി.

      Delete
  3. വായിച്ചുകൊടുത്തു, മക്കൾക്ക്. ഇഷ്ടമായി അവർക്ക് :)

    ReplyDelete
  4. കഥ നന്നായി, കൊച്ചുമകൾക്കായി സെയ്‌വ് ചെയ്തിട്ടുണ്ട്.

    ReplyDelete
  5. Thanks Ushashree ... for the help to recall childhood ..

    ReplyDelete
  6. പഴയ കഥകൾ ഒന്നൊന്നായി കൊച്ചു കൂട്ടുകാർക്ക്‌ പറഞ്ഞു കൊടക്കുന്നത്‌ നാന്നയി
    ആശംസകൾ

    ReplyDelete
  7. ഞാൻ വീണ്ടും ഒരു കൊച്ചു കുഞ്ഞായി ഉഷാമ്മേ

    ReplyDelete
  8. കഥ കേട്ട് കുഞ്ഞായപ്പൊഴേക്കും മണ്ടസന്‍റെ കഥ വായിച്ച് വലുതായി. ..

    ReplyDelete
  9. എല്ലാവര്‍ക്കും ഇഷ്ടായിട്ടോ
    അഭിനന്ദനങ്ങള്‍.

    ReplyDelete
  10. ഉഷയുടെ കഥയും മന്ടൂസന്റെ കഥയും വായിച്ചു.
    കൊച്ചുമക്കള്‍ക്ക് വായിച്ചു കൊടുക്കുന്നുണ്ട്

    ReplyDelete