സ്നേഹമുള്ള കുഞ്ഞുങ്ങളേ,
ദീപാവലിയൊക്കെ കഴിഞ്ഞു. ഇനി
ശബരിമലയുടെയും ക്രിസ്തുമസിന്റെയും ഒക്കെ സമയം, അല്ലേ? കൂട്ടിന് എല്ലാ കുഞ്ഞുങ്ങൾക്കും പരീക്ഷാക്കാലവും. ഇതിനിടയിൽ ഒരു കുഞ്ഞു കഥ പറയാം, ട്ടോ….
ഒരിടത്തൊരിടത്ത് ഒരു സംഘം ആശാരിമാർ ഒരു വലിയ കെട്ടിടത്തിന്റെ പണിയിൽ
ഏർപ്പെട്ടിരിക്കുകയായിരുന്നു. പണിസ്ഥലത്ത്
ധാരാളം തടികൾ കൂട്ടിയിട്ടിരുന്നു. ഇന്നത്തെ
പോലെ തടിമില്ലുകൾ അധികമൊന്നും ഇല്ല്ലായിരുന്ന കാലം, വലിയ തടികൾ അറുക്കാനായി, രണ്ടു
തടിക്കഷണങ്ങൾ ചേർത്തു വച്ച് ഒരു സ്റ്റാന്റ് പോലെയുണ്ടാക്കി അതിനുമുകളിലായി വയ്ക്കുമായിരുന്നു. അതിനുശേഷം അറക്കവാൾ കൊണ്ട് മുകളിലും താഴെയും ആളുകൾ നിന്ന് തടി പിളർക്കും.
ഇതിന് ‘കാമരം’ എന്ന് പറയുന്നു. ചില ദേശങ്ങളിൽ ഇതിനെ ‘ഇഴയും കാലും’ എന്നും പറയുന്നു.
ഇവിടെയും ആശാരിമാർ തടി അറുക്കാനായി കാമരം തയ്യാറാക്കിയിരുന്നു.
അന്നും പതിവുപോലെ തടികൾ കാമരത്തിൽ കയറ്റിവച്ച് അവർ പണി തുടർന്നു. കുറെ നേരം കഴിഞ്ഞപ്പോൾ പകുതി അറുത്ത തടി കാമരത്തിൽ
വച്ച്, അറുത്ത് കഴിഞ്ഞ ഭാഗം വീണ്ടും അടുക്കാതിരിക്കാനായി ഒരു ആപ്പ് കയറ്റി വച്ചിട്ട്
പണിക്കാർ ഉച്ചയൂണിനും വിശ്രമത്തിനുമായി പോയി.
ആ സമയം അടുത്ത കാട്ടിലെ വികൃതിക്കുരങ്ങന്മാർ അങ്ങോട്ടു വന്നു. അവർ മരത്തടികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും ചാടിയോടിക്കളിച്ച്
രസിച്ചു. ഇതിനിടയിൽ മഹാകുസൃതിയായ ഒരു കുരങ്ങന്
ഒരു കുസൃതി തോന്നി. കാമരത്തിൽ കയറ്റി പകുതി
അറുത്ത് വച്ചിരുന്ന തടിയുടെ നടുക്ക് വച്ചിരുന്ന ആപ്പ് വലിച്ചൂരിയെടുക്കാനായി അവന്റെ
ശ്രമം. തിരിഞ്ഞും മറിഞ്ഞും കിണഞ്ഞു ശ്രമിച്ചു,
ഇതിനിടയിൽ അവന്റെ വാൽ പിളർന്നിരുന്ന തടിക്കഷണത്തിനിടയിലായിരുന്നു. ഇത് ശ്രദ്ധിക്കാതെ കുരങ്ങൻ ആപ്പ് ഊരിയെടുക്കാനുള്ള
ശ്രമം തുടർന്നു. വളരെ പ്രയാസപ്പെട്ടതിനെത്തുടർന്ന്
അവന് ആപ്പ് ഊരിയെടുക്കാൻ സാധിച്ചു.
പക്ഷേ ഇതിനിടെ അറുത്ത് നിർത്തിയിരുന്ന തടിക്കഷണങ്ങൾ
അപ്പ് ഊരിയതോടെ വളരെപ്പെട്ടെന്ന്, ശക്തിയോടെ ഒന്നിച്ചു ചേർന്നു. കുരങ്ങന്റെ വാലും അതിനിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞു. എത്രശ്രമിച്ചിട്ടും അത് ഊരിയെടുക്കാൻ പറ്റിയില്ല….. വാലിന്റെ കഥ കഴിഞ്ഞു എന്നുതന്നെ പറയാം….
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ടാൽ അതിന്റെ ഫലം ആപത്തായിരിക്കും,
അല്ലേ കുഞ്ഞുങ്ങളേ…. കഥ ഇഷ്ടപ്പെട്ടോ…
22095/100
22095/100
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ടാൽ അതിന്റെ ഫലം ആപത്തായിരിക്കും, അല്ലേ കുഞ്ഞുങ്ങളേ…. കഥ ഇഷ്ടപ്പെട്ടോ…
ReplyDeleteകുഞ്ഞുഭാഷയിൽ ലളിതമായി പറഞ്ഞു, നന്നായി.
ReplyDeleteകുഞ്ഞുപൈതലുകൾക്ക് ഇഷ്ട്ടമാവും. എനിക്കിഷ്ട്ടമായി.
ReplyDeleteഉം കഥ ഇഷ്ടപ്പെട്ടു..
ReplyDelete