Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, June 1, 2010

വാലു മുറിഞ്ഞ കുരങ്ങന്‍


ഒരു കാലത്ത് വളരെ വളരെ പ്രശസ്തമായ ഒരു കഥയാണ് ഇന്നു ഞാന്‍ എന്റെ പൈതങ്ങള്‍ക്കു പറഞ്ഞു തരാന്‍ പോകുന്നത്.ഈ കഥ അറിയാന്‍ വയ്യാത്ത ഒരു മക്കളും എന്റെ ഒക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല.അപ്പോള്‍ റെഡിയായല്ലൊ എല്ലാവരും കഥ കേള്‍ക്കാന്‍ അല്ലെ?????????????


പണ്ട് ഒരിടത്ത് ഒരിടത്ത് ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു.ഒരു ദിവസം അവന്‍ മരത്തില്‍ നിന്നും താഴെവീണു.അപ്പോള്‍ അവന്റെ വാലില്‍ ഒരു മുള്ളു കുത്തിക്കേറി.അവന്‍ ഒരു വൈദ്യന്റെ അടുത്തു പോയി.(വൈദ്യന്‍ എന്നു വച്ചാല്‍ ആരാന്നു മനസ്സിലായോ? ഇന്നത്തെ ഡോക്ടര്‍ തന്നെ).മുള്ള് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് വാല്‍ ശകലം മുറിഞ്ഞു പോയി.കുരങ്ങന് വല്ലാണ്ട് ദേഷ്യവും സങ്കടവും ഒക്കെയായി.കുരങ്ങന്‍ വൈദ്യനോടു പറഞ്ഞു “ഒന്നുകില്‍ എന്റെ വാല്‍ പഴയതു പോലെ വച്ചു തരണം, അല്ലെങ്കില്‍ വാല്‍ മുറിച്ച ആ കത്തി തരണം എന്നു”.വൈദ്യന്‍ കത്തി കോടുത്തു.


കത്തിയുമായി കുരങ്ങന്‍ കുറെ ദൂരം നടന്നു.അപ്പോള്‍ കുറെ കുട്ടികള്‍ കല്ലുകളും, കമ്പുകളും കൊണ്ട് മാമ്പഴം എറിഞ്ഞിടാന്‍ ശ്രമിക്കുന്നത് കണ്ടു.കുരങ്ങന്‍ ആ മക്കളുടെ അടുത്തു ചെന്നിട്ടു പറഞ്ഞു “ഇങ്ങനെ ഒന്നും എറിഞ്ഞാല്‍ മാമ്പഴം വീഴില്ല ഈ കത്തി കൊണ്ട് എറിഞ്ഞു നോക്കൂ” എന്നു.കുട്ടികള്‍ക്ക് സന്തോഷം ആയി, അവര്‍ കത്തി വാങ്ങി എറിഞ്ഞു, കുല കുലയായി മാമ്പഴങ്ങള്‍ വീണു.പക്ഷേ എന്തുണ്ടായി? കത്തി മാവിന്റെ മുകളില്‍ തറച്ചിരുന്നുപോയി.വീണ്ടും കുരങ്ങച്ചാര്‍ക്ക് വിഷമവും ദേഷ്യവും ഒക്കെയായി.കുരങ്ങന്‍ പറഞ്ഞു”ഒന്നുകില്‍ കത്തി തരണം,ഇല്ലങ്കില്‍ ഈ മാമ്പഴം മുഴുവനും തരണം എന്നു”.കുട്ടികള്‍ തര്‍ക്കിച്ചു ,കരഞ്ഞു,” തരില്ല“ എന്നു പറഞ്ഞു, കുരങ്ങനും വിട്ടില്ല. ഒടുവില്‍ ഒരു കുല മാമ്പഴം കൊടുത്ത് അവര്‍ കുരങ്ങനെ പറഞ്ഞു വിട്ടു.


മാമ്പഴവുമായി പോകുന്ന കുരങ്ങനെ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി കണ്ടു.വല്ലാണ്ടേ വിശന്നിരുന്ന അവള്‍ കുരങ്ങനോടു ചോദിച്ചു “ആ മാമ്പഴം എനിക്കു തരുമോ കുരങ്ങാ” എന്നു.മാമ്പഴം കൊടുത്തിട്ട് ആ പെണ്ണ് അതു തിന്നു തീരുന്നതുവരെ കുരങ്ങന്‍ അതു നോക്കി നിന്നു.കുരങ്ങന്‍ ഉടന്‍ ബഹളം തുടങ്ങി”ഒന്നുകില്‍ മാമ്പഴം തന്നേ പറ്റൂ അല്ലങ്കില്‍ നീ എന്റെ കൂടെ വന്നേ പറ്റൂ“.അവന്റെ ബഹളം സഹിക്കാതെ പെണ്‍കുട്ടി കുരങ്ങന്റെ കൂടെപോയി.


കുരങ്ങനും പെണ്‍കുട്ടിയും കൂടെ കുറേദൂരം നടന്നപ്പോള്‍ ഒരു എണ്ണയാട്ടുന്ന ആള്‍ തനിയെ ചക്കുന്തുന്നതു(ഇതു മനസ്സിലായില്ലങ്കില്‍ എന്താണന്നു അച്ഛനോ അമ്മയോ പറഞ്ഞു തരും കേട്ടോ മക്കളേ - കൊപ്രയും മറ്റും ആട്ടി അതില്‍ നിന്ന് എണ്ണ എടുക്കുന്ന ഒരു യന്ത്രമാണ് ചക്ക്. ഇന്ന് അതിന്റെ സ്ഥാനത്ത് എക്സ്പെല്ലര്‍ എന്ന വൈദ്യുതി യന്ത്രം വന്നു) കണ്ടു.അയാളെ ഒന്നു സഹായിക്കാന്‍ കുരങ്ങന്‍ പെണ്‍കുട്ടിയോടു പറഞ്ഞു.പെണ്‍കുട്ടി അവനെ ചക്കുന്തുന്നതിനു സഹായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു പോകാനായി കുരങ്ങന്‍ ആ കുട്ടിയെ വിളിച്ചു, അപ്പോള്‍ എണ്ണക്കാരന്‍ പറഞ്ഞു “ജോലി ചെയ്യാന്‍ നല്ലപോലെ സഹായിക്കുന്ന ഇവളെ എനിക്കു വേണം പകരം നിനക്കു ഞാന്‍ കുറെ എണ്ണ തരാം എന്നു”. കുരങ്ങന്‍ സമ്മതിച്ചു. അയാള്‍ കൊടുത്ത എണ്ണയുമായി കുരങ്ങന്‍ വീണ്ടും നടന്നു.



എണ്ണയുമായി നടന്ന കുരങ്ങന്‍ ഒരു അമ്മൂമ്മ എണ്ണയില്ലതെയിരുന്നു ദോശ ചുടുന്നതു കണു.ഉടനെ നമ്മുടെ കുരങ്ങന്‍ അമ്മൂമ്മയോടു പറഞ്ഞു”അമ്മുമ്മെ ഇതാ ഈ എണ്ണ പുരട്ടി നന്നായി ദോശ ഉണ്ടാക്കു എന്നു”.അമ്മുമ്മക്കു സന്തോഷം ആയി. ആ എണ്ണ പുരട്ടി അമ്മൂമ്മ കുറെ ദോശ ഉണ്ടാക്കി വച്ചു. അപ്പോള്‍ എന്തു പറ്റി?എണ്ണയങ്ങു തീര്‍ന്നു പോയി.കുരങ്ങന്റെ ഭാവം മാറിയില്ലെ..”എനിക്കെന്റെ എണ്ണതാ അല്ലെങ്കില്‍ ആ ദോശ താ...”.കുരങ്ങന്‍ ദേഷ്യം വന്നു വളരെ ഉച്ചത്തില്‍ അലറാന്‍ തുടങ്ങി.ശല്യം സഹിക്ക വയ്യതെ അമ്മൂമ്മ ദോശ മുഴുവനും കുരങ്ങനു കൊടുത്തു.


ദോശയുമായി അവന്‍ കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെണ്ടക്കാരന്‍ വിശന്നു തളര്‍ന്ന് നിന്ന് ചെണ്ട കൊട്ടുന്നു.ദോശ കണ്ടതും ചേണ്ട്ക്കാരന്‍ ചോദിച്ചു” മോനേ മങ്കീശാ... ആ ദോശ എനിക്കു തരാമോ, വല്ലാതെ വിശക്കുന്നു എന്നു”. കുരങ്ങന്‍ ദോശ കൊടുത്തു. അയാള്‍ അതു ആര്‍ത്തിയോടെ കഴിക്കുന്നതു നോക്കി കുരങ്ങന്‍ അയാളുടെ അടുത്തിരുന്നു.അയാള്‍ ദോശ തിന്നു കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ പറഞ്ഞു”ഞാന്‍ എന്റെ ആഹാരമാണ് നിനക്കു തന്നത് പകരം നീയെനിക്കു ആ ചെണ്ട ഒന്നു കോട്ടാന്‍ തരുമോ?”എന്നു.അയാള്‍ ചെണ്ട കുരങ്ങനു കൊട്ടാന്‍ കൊടുത്തു.


കുരങ്ങന്‍ ചെണ്ട കൊട്ടി ഇങ്ങനെ പാടി നടന്നു.


“വാലു പോയി കത്തി കിട്ടി
ഡും ഡും ഡും
കത്തി പോയി മാങ്ങാ കിട്ടി
ഡും ഡും ഡും
മങ്ങാ പോയി പെണ്ണിനെ കിട്ടി
ഡും ഡും ഡും
പെണ്ണു പോയി എണ്ണ കിട്ടി
ഡും ഡും ഡും
എണ്ണ പൊയി ദോശ കിട്ടി
ഡും ഡും ഡും
ദോശ പോയി ചെണ്ട കിട്ടി
ഡും ഡും ഡും ഡും ഡും ഡും”


ഈ കഥ കേള്‍ക്കുമ്പോള്‍ ഒരു കുരങ്ങന്റെ കഥ.എന്നാല്‍ ഇതില്‍ നമുക്കു പഠിക്കാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.
മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം
ബാര്‍ട്ടര്‍ സിസ്റ്റം(വസ്തുക്കള്‍ പകരത്തിനു പകരം കൊടുക്കുന്ന രീതി)
പ്രകൃതിയില്‍ നിന്നും പഴങ്ങള്‍ എറിഞ്ഞിട്ടും പറിച്ചും ഒക്കെ തിന്നിരുന്നു കുട്ടികള്‍, അതിനു കമ്പും ആയുധങ്ങളും ഉപയോഗിച്ചിരുന്നു
നമ്മുക്കു കിട്ടുന്ന ആഹാരം അധ്വാനിക്കുന്നവര്‍ക്കു കൂടെ കൊടുക്കണം
കഠിനാധ്വാനം ചെയ്യുന്നവരെകണ്ടാല്‍ ഒന്നു സഹായിക്കണം
വയസ്സായവരെ സഹായിക്കണം
കലാകാരന്മാരെ ആദരിക്കണം
വാദ്യ ഉപകരണങ്ങളെ വേണ്ട്പോലെ ഉപയോഗിക്കണം
നമുക്കു കിട്ടുന്ന എല്ലാ നല്ലകാര്യങ്ങളും എല്ലാവരോടും പങ്കു വൈക്കണം.
സംഗീതത്തിനു പകരം സംഗീതം മാത്രം. ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സിലക്കിയതാണ്.
നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലായി മക്കളേ............

ഇനി നമുക്ക്, ഈ കുരങ്ങച്ചനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിന് ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ.....

  

18 comments:

  1. ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്.
    നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലായി മക്കളേ............

    ReplyDelete
  2. വെറുതെ ഇരിക്കുകയായിരുന്ന എന്നെ 'കിലുക്കാംപെട്ടി'സമീപിച്ചു.എന്നിട്ട് പറഞ്ഞു:"ഈ കുരങ്ങന്റെ കഥ ഒന്ന് വായിക്കാമോ" ഞാന്‍ സമ്മതിച്ചു. വായിച്ചു കഴിഞ്ഞ പാടെ കിലുക്കാംപെട്ടിയുടെ സ്വഭാവം മാറി." ഒന്നുകില്‍ എനിക്ക് പോസ്റ്റിടാന്‍ ഒരു പുതിയ കഥ താ. അല്ലെങ്കില്‍ എന്‍റെ കഥയ്ക്ക് ഒരു കമന്റ് താ" . അങ്ങനെ എന്‍റെ പക്കല്‍ നിന്ന് ഒരു കമന്റും വാങ്ങിപ്പോയി.
    (ഗുണപാഠം:കിലുക്കാം പെട്ടിയുടെ ബ്ലോഗ്പോസ്റ്റ്‌ വായിച്ചാല്‍ മിനിമം ഒരു കമന്റ് എങ്കിലും കൊടുത്തുകൊള്ളണം)

    ReplyDelete
  3. ചേച്ചീ അത്രയും കാര്യങ്ങള്‍ കഥയില്‍ നിന്നും എനിക്കും മനസ്സിലായി. നാളെ ഞാന്‍ ഈ കഥ ഞാന്‍ എന്‍റെ മോള്‍ക്ക് വായിച്ചു കൊടുക്കും.സമ്പാദ്യപ്പെട്ടിയില്‍ പോയി കുഞ്ഞിരാമന്‍റെ കളികണ്ടു. വരയ്ക്കാന്‍ പഠിച്ചു. നന്ദി.!

    ReplyDelete
  4. ഹും...


    പോരട്ടെ ഇനിയും ഗുണപാഠ കഥകള്‍..
    ആശംസകള്‍...!!

    ReplyDelete
  5. മറന്നുപോയത് ഓർമ്മിപ്പിച്ചതിന് വളരെ നന്ദി.

    ReplyDelete
  6. ഉഷ ചേച്ചി ,
    കഥ വളരെ നന്നായി പറഞ്ഞു . ചില വാക്കുകളുടെ അര്‍ഥം കൊടുത്തത് നന്നായി

    ആശംസകള്‍

    ReplyDelete
  7. പണ്ടത്തെ പഞ്ചതന്ത്രം കഥകൾ ഓർമ്മിപ്പിച്ച് , മകനിത് വായിച്ചുപൊടുക്കുവാൻ സാധിച്ചതിൽ നന്ദി...കേട്ടൊ

    ReplyDelete
  8. കിലുക്കേ, ഈ കുരങ്ങന്റെ സ്വഭാവം വായിച്ചപ്പോള്‍ ഒരു സംഭവം ഓര്‍ത്തുപോയി. കുറെ ഉദ്യോഗസ്ഥര്‍ - അവര്‍ ഒരു ജോലി ചെയ്തു കൊണ്ടിരിക്കയാണ്. പക്ഷേ അതു ശരിയായ രീതിയിലല്ല ചെയ്തു കൊണ്ടിരുന്നത്, അരുതാത്ത രീതിയില്‍ ചെയ്തു കൊണ്ടിരിക്കുന്നു. മറ്റൊരു ഉദ്യോഗസ്ഥന്‍ - വേണ്ട വിധത്തിലാണോ എല്ലാം നടക്കുന്നത് എന്ന് പരിശോധിച്ച് ശരിയായ രീതിയില്‍ ചെയ്യിപ്പിക്കാന്‍ ചുമതലയുള്ളയാള്‍. ഈ ഉദ്യോഗസ്ഥന്‍, അരുതാത്ത രീതിയില്‍ ആ ജോലി ചെയ്തുകൊണ്ടിരിക്കുന്നത് നോക്കി നില്‍ക്കുന്നു, ഒരക്ഷരം ഉരിയാടാതെ. ജോലി മുഴുവന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വായ് തുറക്കുന്നു - ഇതിങ്ങനെയല്ല.... അങ്ങനെയാണ് ചെയ്യേണ്ടത് - എന്ന് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുന്നു. എന്നിട്ടെന്തു ചെയ്തെന്നോ ഇയാള്‍? മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്തു നേരായ രീതിയിലല്ല ആ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് എന്ന്.

    ഈ കഥയിലെ കുരങ്ങന്റെ സ്വഭാവമല്ലേ ഈ ഉദ്യോഗസ്ഥന്?

    പണ്ടു കേട്ട കഥയാണെങ്കിലും മറവിയിലാണ്ടു പോയിരുന്നു. നന്നായി ഓര്‍മ്മിപ്പിച്ചത്.

    ReplyDelete
  9. കിലുക്ക്‍‌സിന്റെ കുരങ്ങന്‍ കഥ രസായി, ട്ടോ.
    സമ്പാദ്യപ്പെട്ടി നിറഞ്ഞുകവിയുന്നൂ...

    ReplyDelete
  10. ഇഷ്ടപ്പെട്ടു കഥയും പാട്ടും.
    നന്ദി, ചേച്ചീ!

    ReplyDelete
  11. പണ്ട് ഒരിടത്ത് കുസ്യതി കുരുന്നായ ഒരു കുട്ടികുരങ്ങച്ചി ഉണ്ടായിരുന്നു. വലിയ ശല്യക്കാരിയായ ഇവളെ അടക്കി നിര്‍ത്താന്‍ ഇവളുടെ മുത്തശ്ശി ഒരു വഴിയേ കണ്ടിരുന്നുള്ളൂ.
    കുറെ കുട്ടിക്കഥകള്‍ പറഞ്ഞു കൊടുക്കുക. വീണ്ടും കഥകള്‍ കേള്‍ക്കാന്‍ ഈ ചട്ടമ്പി എപ്പോഴും പറയുമായിരുന്നു. എന്റെ വിക്യതിത്തരങ്ങള്‍ പുറത്തെടുക്കണോ അതോ പുതിയ കഥ പറഞ്ഞു തരുമോന്ന്? ഒടുവില്‍ പാവം മുത്തശ്ശി തന്റെ സ്റ്റോക്കിലുള്ള കഥകള്‍ മുഴുവനും പറഞ്ഞു കൊടുത്തു.

    ഈ കഥകളും സ്റ്റോക്ക് ചെയ്ത് ആ വിക്യതി വളര്‍ന്ന് വന്നപ്പോള്‍ അതാ ഒരു വലിയ സ്ലേറ്റ് കിടക്കുന്നു. ഈ സ്ലേറ്റില്‍ ആര് എന്തെഴുതിയാലും ലോകം മുഴുവനുമുള്ള മറ്റു വിക്യതികള്‍ അത് കാണും. പക്ഷെ അവിടെ കുട്ടിക്കഥകള്‍ എഴുതാന്‍ ആരും ഉണ്ടായിരുന്നില്ല (മലയാളത്തിലാണേ).

    നമ്മുടെ ആ പഴയ വിക്യതി ചേച്ചി തന്റെ കയ്യിലുണ്ടായിരുന്ന കഥകള്‍ മുഴുവനും അവിടെ എഴുതി വച്ചു. അത് കണ്ട് എല്ലാവരും ആവേശത്തോടെ വായിച്ചു
    പിന്നെ എന്തുണ്ടായി ന്നല്ലേ?
    എന്റെ കഥകള്‍ തിരിച്ചു തരുന്നോ അതോ? താഴെ കാണുന്ന കമന്റ് പെട്ടി നിറച്ചു തരുന്നോ?

    പാവങ്ങള്‍ കമന്റ് നല്‍കി .

    പിന്നെ ആ ചേച്ചി കവിത പോസ്റ്റ് ചെയ്തു

    കുറുമ്പ് പോയി കഥകള്‍ വന്നു
    ഡും ഡും ശും
    കഥകള്‍ വിതറി കമന്റ് വന്നു
    ഡും ഡും ശും


    ഞാന്‍ ഓടി

    ReplyDelete
  12. കഥ നന്നായി, ചെണ്ട് കൊട്ടിയാല്‍ പാടാം എന്നും പഠിച്ചു :)
    (ഈ കഥ ഞാന്‍ കേട്ടിട്ടില്ലായിരുന്നു)

    ReplyDelete
  13. ഈ കഥ ഞാന്‍ പണ്ട്‌ കേട്ടതായി ഇപ്പോള്‍ ഓര്‍ക്കുന്നു! നന്നയിട്ടുണ്ട്‌.

    ReplyDelete
  14. ഉഷാമ്മേ, ഗംഭീരം....... കഥപ്പെട്ടിയിലെ ഓരോ പോസ്റ്റിനു വേണ്ടിയും കാത്തിരിക്കുന്നു. എല്ലാ ഒന്നാം തീയതിയും കൃത്യമായി... ഒരു നല്ല സമ്പാദ്യപ്പെട്ടിയുമായി.... കിലുക്കാമ്പെട്ടി.... ഈ കഥപ്പെട്ടിയും സമ്പാദ്യപ്പെട്ടിയും, പിന്നെ കിലുക്കാമ്പെട്ടിയും നിധിപ്പെട്ടിയും ഒക്കെ...എന്നും പ്രിയങ്കരമായി തുടരട്ടേ... ഒരുപാട് സ്നേഹവും, ആശംസകളും....

    ReplyDelete