എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് ഒരു ആമയുടെ കഥ പറഞ്ഞുതരാം, കേട്ടോ
പണ്ട് പണ്ടൊരിടത്ത് ഒരു പൊട്ടക്കുളത്തിൽ ഒരു ആമ ഒറ്റയ്ക്ക് താമസിച്ചിരുന്നു. അവന്റെ അമ്മയും അമ്മൂമ്മയും ഒക്കെ ചത്തുപോയിരുന്നു. കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു കൊടുത്ത കഥകളൊക്കെ അയവിറക്കി അവൻ അങ്ങനെ കഴിഞ്ഞുവന്നു.
രാമായണത്തിലെ രാവണന്റെ പുഷ്പകവിമാനത്തിന്റെ കഥ എപ്പോഴും അവനെ വല്ലാതെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ഈ കഥ മുത്തശ്ശിയിൽ നിന്ന് കേട്ടപ്പോഴേ അവന്റെ മനസ്സിൽ കടന്നു കൂടിയതാണ് ആകാശത്തുകൂടി പറക്കാനുള്ള ആഗ്രഹം. പറഞ്ഞിട്ടെന്തു കാര്യം, ഒരു പക്ഷിയായി ജനിച്ചിരുന്നെങ്കിൽ എന്തു രസമായിരുന്നു – അവൻ നെടുവീർപ്പിട്ടു.
അങ്ങനെയിരിക്കേ എവിടെനിന്നോ ആ കുളക്കരയിൽ രണ്ട് കൊക്കുകൾ എത്തി. അവർ എല്ലാ ദിവസവും അവിടെ വരാൻ തുടങ്ങി, ആമയുമായി ചങ്ങാത്തം കൂടി. പൊട്ടക്കുളത്തിൽ കഴിയുന്ന ആമയ്ക്ക് അവർ ലോകവർത്തമാനങ്ങൾ പറഞ്ഞു കൊടുത്തു. തങ്ങൾ പറന്നുപറന്നു നടക്കുമ്പോൾ കാണുന്ന കാഴ്ചകളൊക്കെ വിവരിക്കുമ്പോൾ ആമ തന്റെ ആ പഴയ ആഗ്രഹം മനസ്സിലൊതുക്കി കഴിഞ്ഞു. കുറെ നാളുകൾ കഴിഞ്ഞു, വേനൽ കാലം വരവായി. എത്രനാൾ ഈ പൊട്ടക്കുളത്തിൽ കഴിയും, പോരാത്തതിന് പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ നല്ല വരൾച്ചയാണ്, മനുഷ്യർ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുകയല്ലേ, ഇങ്ങനെ പോയാൽ വെള്ളം പോലും കിട്ടാതെ ഇവിടെ കിടന്നു ചാകുകയേ ഉള്ളൂ. എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപെട്ടേ പറ്റൂ. തെല്ലു സങ്കോചത്തോടെയാണെങ്കിലും അവൻ തന്റെ ആശങ്ക ആ കൊക്കുകളെ അറിയിച്ചു.
കുറെ നേരത്തെ ആലോചനയ്ക്കു ശേഷം കൊക്കുകൾ അതിനൊരു വഴി പറഞ്ഞു കൊടുത്തു. കുറച്ചകലെ ഒരു വലിയ കുളമുണ്ട്. അവിടെയാകുമ്പോൾ ധാരാളം മീനുകളും ഒക്കെയുണ്ട്. ആമച്ചേട്ടന് വളരെക്കാലം സുഖമായി അവിടെ കഴിയാം. പക്ഷേ ഒരു പ്രശ്നം, ഇത്രേം ദൂരം ആമ എങ്ങനെ എത്തും? അതിനും അവർ തന്നെ ഒരു ഉപായം കണ്ടെത്തി. അവർ പറന്നു പോയി ഒരു വടിയുമായി തിരികെയെത്തി. എന്നിട്ട് ആമയോട് പറഞ്ഞു, “ആമച്ചേട്ടൻ ഈ വടിയുടെ നടുക്ക് നന്നായി കടിച്ചു പിടിച്ചോളൂ, ഞങ്ങൾ അതിന്റെ രണ്ടറ്റത്തും കടിച്ചെടുത്തുകൊണ്ട് പറക്കാം.”
ആമയുടെ കണ്ണുകളിൽ പ്രകാശം പരന്നു. തന്റെ രണ്ടാഗ്രഹങ്ങളാണ് സാധിക്കാൻ പോകുന്നത്, ഈ പൊട്ടക്കുളത്തിൽ നിന്നുള്ള രക്ഷപ്പെടൽ, പിന്നെ തന്റെ ചിരകാല അഭിലാഷമായിരുന്ന ആകാശത്തിലൂടെയുള്ള പറക്കൽ. ആമ ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കേ കൊക്കുകൾ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു, “കാര്യമൊക്കെ കൊള്ളാം, പക്ഷേ ആമച്ചേട്ടൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം… ഒരു കാരണവശാലും ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ഈ വടിയിലെ കടി വിടരുത്. കടി വിട്ടാൽ ആമച്ചേട്ടൻ വല്ല പാറപ്പുറത്തോ മറ്റോ ചെന്നുവീഴും. പിന്നത്തെ കഥ പറയണ്ടല്ലോ…”
“ഏയ്, ഞാൻ അതൊക്കെ ശ്രദ്ധിച്ചോളാം, നമുക്ക് വേഗം പുറപ്പെടാം”, ആമയ്ക്ക് ധൃതിയായി.
അങ്ങനെ, ആമയെയും കൊണ്ട് കൊക്കുകൾ പറന്നുയർന്നു. നിലത്തുനിന്ന് അവർ വളരെ ഉയരത്തിലെത്തി. താഴെ വൃക്ഷങ്ങളും കെട്ടിടങ്ങളും ഒക്കെ വളരെ ചെറുതായ പോലത്തെ കാഴ്ച! ആമയ്ക്ക് അത്ഭുതമായി. തന്റെ ചിരകാല ആഗ്രഹം സാധിച്ചതിൽ അവൻ വളരെയധികം സന്തോഷിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ അവർ ഒരു ഗ്രാമത്തിനു മുകളിലെത്തി. അവിടെ കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടികൾ ഉറുമ്പിന്റെയത്ര ചെറുതായി ആമയ്ക്ക് തോന്നി. ആ വികൃതിക്കുട്ടികളെ ഒന്ന് സന്തോഷിപ്പിക്കാനായി കൊക്കുകൾ കുറച്ചു താഴ്‌ന്നു പറന്നു. കുട്ടികൾ ആമ പറന്നു പോകുന്ന കാഴ്ച കണ്ട് ആർത്തു വിളിച്ചു. കൂകി വിളിച്ചും കളിയാക്കിയും അവർ ബഹളം വച്ചു.
തന്നെ കളിയാക്കുന്ന പിള്ളേരെ കണ്ട് ആമയ്ക്ക് ദേഷ്യം വന്നു. കുറെയൊക്കെ അടക്കി വച്ചെങ്കിലും ഒടുവിൽ ദേഷ്യം സഹിക്കാതെ വന്നപ്പോൾ അവൻ കൊക്കുകൾ പറഞ്ഞ കാര്യമൊക്കെ മറന്നു. കുട്ടികളെ ശാസിക്കാനായി വായ തുറന്നു. ദേ കിടക്കുന്നു….. വടിയിലെ പിടി വിട്ട് ആമ താഴേയ്ക്ക് പതിച്ചു. നിലത്ത് ശക്തിയായി വീണ ആമ അപ്പോൾ തന്നെ ചത്തുപോയി. കൊക്കുകൾക്ക് ആകെ സങ്കടമായി. നല്ല ഒരു ചങ്ങാതിയെ നഷ്ടപ്പെട്ട സങ്കടത്തോടെ അവ അങ്ങ് ദൂരേയ്ക്ക് പറന്നകന്നു.
എന്റെ കുഞ്ഞുങ്ങൾക്കും സങ്കടം ആയി അല്ലേ…. സാരമില്ല മക്കളേ, ഇതൊരു കഥയല്ലേ, ചില ഗുണപാഠങ്ങൾ പെട്ടെന്ന് നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി മുത്തശ്ശിമാർ പറഞ്ഞു തരുന്ന കഥ. വിഷമിക്കേണ്ട കേട്ടോ…
ഈ കഥയിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി?
വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയാൽ ആപത്തിൽ ചെന്നു ചാടും…
ഇനി, ഈ ആമയെക്കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെയും, കൊക്കുകളെക്കുറിച്ച് കൂടുതലറിയാൽ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ….
പരീക്ഷാക്കാലമൊക്കെ വരികയല്ലേ, കുഞ്ഞുങ്ങളെല്ലാം നന്നായി പഠിച്ച്, നല്ല മാർക്ക് വാങ്ങണം, കേട്ടോ… ഇനി പരീക്ഷയൊക്കെ കഴിഞ്ഞ് പുതിയൊരു കഥയുമായി വരാം….
വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയാൽ ആപത്തിൽ ചെന്നു പെടും…
ReplyDeleteഅവതരണം നന്നായി; ചിത്രങ്ങൾ അതിലും ഉഗ്രൻ.
ReplyDeleteദെന്താദ്? ഇവിടെ വന്ന് വായിച്ചൂന്ന് വരുത്താനുള്ള ഹാജർ പോലെ. ഈ സ്മൈലി ഒരു കൊഞ്ഞനം കുത്തൽ പോലെ തോന്നുന്നൂലോ.
ReplyDeleteസോറി, വേദനിച്ചെങ്കിൽ
കഥകൾ വളരെ നന്നാവുന്നുണ്ട്, എല്ലാം ശേഖരിച്ചു വച്ച് കുഞ്ഞുങ്ങൾക്ക് കുറേശെ കുറേശെ പകർന്നു കൊടുക്കുന്ന ഒരു നല്ല മുത്തശ്ശി. നന്ദി.
ReplyDeleteമുത്തശ്ശിക്കഥ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉഷശ്രീയുടെ ബ്ലോഗ് കഥകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.... വരും തലമുറയ്ക്കായ് ഇതാ ഒരു കഥപത്തായം....ഭാവുകങ്ങള്‍!
ReplyDeleteവളരെ ഇഷ്ടമായി. ഗുണപാഠമുണ്ടെങ്കിലും ആമ വീണപ്പോള്‍ സങ്കടം വന്നു. ഈ കഥ മുന്‍പ് ചെറിയ ക്ലാസ്സില്‍ കേട്ടിട്ടുണ്ട്. ഒന്നുകൂടി വായിച്ചപ്പോള്‍ രസം തോന്നി. പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. 29നേ സ്കൂള്‍ പൂട്ടൂ..അതിനിടയില്‍ കുറെ ദിവസം അവധി ഉണ്ട്.പുതിയതിനായി കാത്തിരിക്കുന്നു.
ReplyDeleteകഥ ഇഷ്ട്ടായീട്ടോ..ന്നാലും ആ ആമെയെ കൊല്ലണ്ടാർന്നു..!
ReplyDeleteകഷ്ട്ടം..!
അവർക്ക് ഒരു ഓട്ടോ വിളിച്ചു പോയാൽ പോരാരുന്നോ..!
ആശംസകളോടെ..പുലരി
നല്ല സംരംഭമാണ് ഈ ബ്ലോഗ് - ഈ കഥ മുമ്പ് കേട്ടിട്ടുള്ളതാണ് - എങ്കിലും ഇത് കുരുന്നു ഭാവനകളെ ഉണ്ര്‍ത്താനാവുന്ന വിധം അവതരിപ്പിച്ചത് ഒത്തിര് ഇഷ്ടപ്പെട്ടു .
ReplyDeleteഉഷാമ്മേ, മറന്നുപോയ ഒരു കഥ കൂടി വീണ്ടും... എത്ര നന്നായി കുഞ്ഞു മനസ്സുകളെ അറിയുന്നു. ആമ നിലത്തുവീണപ്പോൾ കുഞ്ഞുങ്ങൾക്കും സങ്കടം തോന്നിയോ എന്ന് ചോദിച്ചപ്പോൾ, മുത്തശ്ശിയുടെ മടിയിൽ കിടന്ന് കഥ കേൾക്കുന്നതുപോലെ.... ഒരുപാട് ഇഷ്ടമായി...
ReplyDeleteഎന്താപ്പൊ പറയുക. ഞാനിത് മുന്നേ കേട്ടതും മുത്തച്ഛൻ ഗുണപാഠം വിവരിച്ച് തന്നതുമായ കഥയാണ്. പക്ഷെ എന്നെ ഈ കഥയിലെ ഗുണപാഠത്തേക്കാൾ ആകർഷിച്ചത്, പറഞ്ഞ രീതിയാണ്. നന്നായി പറയുന്നുണ്ട് ട്ടോ. ഞാൻ മുത്തച്ഛന്റെ ഓർമ്മകളിൽ കൂടി കുറച്ച് സമയം സഞ്ചരിച്ചു. വളരെ നന്നായിരിക്കുന്നൂ ട്ടോ. ആശംസകൾ.
ReplyDeleteകഥ നന്നായി പറഞ്ഞു.
ReplyDeleteപിന്നെ സങ്കടായീ ......ഉം സാരല്യാ. വീണ്ടു വിചാരം ഇല്ലാതെ എടുത്തു ചാടാൻ പാടില്ല. കഥയായാലും ജീവിതമായാലും അല്ലേ?
nannayi paranju... pazhayakalam orma vannu... congrats
ReplyDeleteഞാനും കുട്ടിയായി. എന്നാലും ആമച്ചാരെ കൊല്ലേണ്ടായിരുന്നു, കയ്യോ കാലോ ഒടിഞ്ഞാല്‍ മതിയായിരുന്നു
ReplyDeleteമുത്തശ്ശിക്കഥ നന്നായി..................
ReplyDeleteഎനിക്കും വേണം ഇതുപോലെ ഒരുപാട് കഥകള്‍.
ReplyDeleteകുഞ്ഞായൊരുത്തന്‍ വളര്‍ന്നു വരുന്നു.
നന്ദിയും സ്നേഹവും ഈ സംരംഭത്തിന്. ഒപ്പം എല്ലാവിധ ആശംസകളും.
thanks
ReplyDeleteചെറുപ്പത്തില്‍ കേട്ട കഥ.. അതിന്റെ ഗുണപാഠം മനസ്സിലാക്കിയാണോ അല്ലാതെയാണോയെന്നറിയില്ല.. അന്നൊരിപാട് ചിരിച്ചിരുന്നു.. ആമയുടെ വിഡ്ഢിത്തത്തെപ്പറ്റി.. ഇങ്ങനെ പഴയ നല്ല കഥകള്‍ പുതുക്കിപ്പറയുന്ന കഥപ്പെട്ടിക്ക് ആശംസകള്‍..
ReplyDeleteചെറുപ്പത്തില്‍ കേട്ട കഥ.. അതിന്റെ ഗുണപാഠം മനസ്സിലാക്കിയാണോ അല്ലാതെയാണോയെന്നറിയില്ല.. അന്നൊരിപാട് ചിരിച്ചിരുന്നു.. ആമയുടെ വിഡ്ഢിത്തത്തെപ്പറ്റി.. ഇങ്ങനെ പഴയ നല്ല കഥകള്‍ പുതുക്കിപ്പറയുന്ന കഥപ്പെട്ടിക്ക് ആശംസകള്‍..
ReplyDeleteഎനിക്ക് വീണ്ടും ഒന്നാം ക്ലാസ്സ് തൊട്ടു പഠിക്കാന്‍ മോഹം തോന്നുന്നു. ങ്ങീ ..ങ്ങീ ..ഇനീം ഒരുപാട് കഥ കേള്‍ക്കണം നിക്ക് ..
ReplyDeletepandu ketta kadha puthiya roopathil.....aasamsakal!!!
ReplyDelete