Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, April 14, 2012

ഒരു വിഷു കഥ.....കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍...

      എന്റെ സ്നേഹമുള്ള കുഞ്ഞുങ്ങളേ,
       ഇന്ന് വിഷുവാണല്ലോ.... എന്റെ കുഞ്ഞു കാലത്ത്, വിഷുവിന്റെ പ്രതീകങ്ങളിലൊന്നായ കൊന്നപ്പൂക്കളെക്കുറിച്ച് കേട്ട ഒരു കഥ ഇന്ന് പറഞ്ഞുതരാം, കേട്ടോ....
         വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാ കുഞ്ഞുങ്ങൾക്കും “വിഷു ആശംസകള്‍”

14 comments:

  1. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.

    എന്റെ പ്രിയപ്പെട്ട എല്ലാ കുഞ്ഞുങ്ങൾക്കും “വിഷു ആശംസകള്‍”

    ReplyDelete
  2. കൊന്നപ്പൂവിനെക്കുറിച്ചുള്ള ഈ കഥ ഇഷ്ടമായി. “വിഷു ആശംസകള്‍”

    ReplyDelete
  3. വിശ്വസിച്ചു. നല്ല കഥ വിഷു ആശംസകള്‍

    ReplyDelete
  4. ഈ കഥ ആദ്യമായി കേള്‍ക്കുകയാണ്..നന്നായി

    ReplyDelete
  5. നല്ല കഥ, വിഷു ആശംസകൾ

    ReplyDelete
  6. ആദ്യമായി കേള്‍ക്കുന്ന ഭംഗിയുള്ള കഥ
    വിഷു ആശംസകള്‍.

    ReplyDelete
  7. നല്ല കഥ... വിഷു കഴിഞ്ഞു... എങ്കിലും വൈകിയ ആശംസ...

    ReplyDelete
  8. ഉഷാമ്മേ, വീണ്ടും കഥ കേൾക്കാൻ ഒരു കുഞ്ഞായി... വിഷുക്കണിയും കണ്ടു.... ആശംസകൾ

    ReplyDelete
  9. എന്‍റെ അമ്മയുടെ പേര് ഉഷ എന്നാണു. ഈ കഥ ഒരമ്മ തന്‍റെ കുഞ്ഞിനു പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞു തന്നത് കൊണ്ട് ഉഷാമ്മക്ക് ഒരുപാട് നന്ദി ട്ടോ. ഈ വിഷുവിനു ഞാനും എഴുതി ഒരു ഓര്‍മ കുറിപ്പ്. ഉഷാമ്മ സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കിയാല്‍ മതി..നിര്‍ബന്ധം ഒന്നും ല്ല്യാ ട്ടോ.

    http://praveen-sekhar.blogspot.com/2012/04/blog-post_8765.html

    ReplyDelete
  10. ഉഷചേച്ചീ... ഈ കഥ ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കേട്ടിട്ടുണ്ട്... കഴിഞ്ഞ വിഷു നാളില്‍ ഈ കഥയുടെ ചുവടു പിടിച്ചുകൊണ്ടു കൊന്നപ്പൂവിനെ കുറിച്ച് ഒരു നാല് വരി ഞാന്‍ എഴുതിയിരുന്നു... അത് ഇതുവരേക്കും വെളിച്ചം കാണിക്കാന്‍ തോന്നിയില്ല... കാരണം കള്ള കണ്ണന്റെ അരഞ്ഞാണം വീശി എറിഞ്ഞത് കൊമ്പില്‍ ഉടക്കിയപ്പോള്‍ പൂവായി മാറിയതാണ് കവിതയുടെ വിഷയം... അത് മനസ്സിലാകണം എങ്കില്‍ ആ കഥ അറിഞ്ഞിരിക്കണമല്ലോ... കഥ മുഴുവനായി പറയാനായി എനിക്കൊട്ടു അറിഞ്ഞും കൂടാ... അതുകൊണ്ട് ആ നാല് വരി പോസ്റ്റാതെ മാറ്റി വച്ചു... ഇപ്പൊ ഈ കഥ വായിച്ചപ്പോള്‍ എന്റെ കവിത പോസ്റ്റുമ്പോള്‍ അതിന്റെ കൂടെ ഈ കഥയുടെ ലിങ്കും കൊടുത്താല്‍ വായിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും എന്ന് തോന്നി... അതുകൊണ്ട് ഞാന്‍ ഈ കഥയുടെ ലിങ്ക് എന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിക്കോട്ടേ... ചേച്ചിയുടെ അഭിപ്രായം അറിയിക്കണേ... anaswara.sudish@gmail.com

    ReplyDelete
  11. ദൈവമേ ഇതിൽ ഞാൻ കമന്റിയ കഥയെവിടെ ? ഉഷച്ചേച്ചീ.

    ReplyDelete
  12. kathakaliloote kuttikaley rasippikkukayum chinthippikkukayum cheyyyunna thangal abhinandanam arhikkunnu

    ReplyDelete