Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, June 1, 2012

കഴുതയുടെ സംഗീതം

          വേനലവധിയൊക്കെ കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങൾ പുതിയ ക്ലാസിൽ പോകാൻ കാത്തിരിക്കുകയാണല്ലേ.  പുതിയ ഉടുപ്പും, പുസ്തകങ്ങളും ഒക്കെയായി പുതിയ ക്ലാസും, പുതിയ ടീച്ചറെയും പുതിയ കൂട്ടുകാരെയും ഒക്കെ കാണാൻ തിടുക്കമായി, അല്ലേ?  ഇന്ന് നമുക്ക് ഒരു കഴുതയുടെ മുൻപിൻ നോക്കാതെയുള്ള പ്രവൃത്തി വരുത്തിവച്ച വിനയെക്കുറിച്ച് ഒരു കഥ കേൾക്കാം, ട്ടോ
            ഒരിടത്തൊരിടത്തൊരിടത്ത് ഒരു അലക്കുകാരന് ഒരു കഴുതയുണ്ടായിരുന്നു.  അയാൾ അവന് ആവശ്യത്തിന് ആഹാരമൊന്നും കൊടുക്കാതെ കഠിനമായി പണിയെടുപ്പിച്ചു.  വിശന്നു വലഞ്ഞ്, വല്ലാതെ ക്ഷീണിച്ച കഴുതയെ കണ്ട് അടുത്ത കുറ്റിക്കാട്ടിലെ കുറുക്കന് സഹതാപം തോന്നി.  അവൻ കഴുതയ്ക്ക്,  കുറച്ചകലെയുള്ള അതിവിശാലമായ ഒരു കൃഷിയിടത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു.  കാവൽക്കാരില്ലാത്ത ആ കൃഷിയിടത്തിൽ ഒരുപാട് പച്ചക്കറിച്ചെടികൾ നിറഞ്ഞു നിന്നിരുന്നു.  എല്ലാ ദിവസവും അവിടെ ചെന്ന് മതിയാവോളം ഭക്ഷിക്കാം.  നേരം വെളുക്കും മുൻപ് തന്നെ തിരികെയെത്തുകയും ചെയ്യാം.  കഴുതയ്ക്ക് അതത്ര വിശ്വാസമായില്ല. വിശപ്പിനെക്കുറിച്ചോർത്തപ്പോൾ കുറുക്കന്റെ ഉപായം തള്ളിക്കളയാനും തോന്നിയില്ല. അന്നു രാത്രി തന്നെ കഴുതയ്ക്കൊപ്പം പോയി ആ സ്ഥലം കാട്ടിക്കൊടുക്കാമെന്ന് കുറുക്കൻ ഏറ്റു. 
            അലക്കുകാരൻ ഉറങ്ങിക്കഴിഞ്ഞ് രണ്ടുപേരും കൂടി മെല്ലെ ആ കൃഷിയിടത്തിലേയ്ക്ക് നടന്നു.  വിശന്നു വലഞ്ഞിരുന്ന കഴുത ആകെ ക്ഷീണിച്ചിരുന്നു.  നടന്നു നടന്ന് അവർ ഒടുവിൽ ആ തോട്ടത്തിൽ എത്തി. ആ കൃഷിസ്ഥലം  കണ്ട് അവൻ അത്ഭുതപ്പെട്ടു. ഒരുപാട് വാഴകളും, വെള്ളരിക്കയും, ചീരയും ഒക്കെ നല്ല പച്ചപ്പോടെ നിൽക്കുന്നത് കണ്ടിട്ട് കഴുതയ്ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.  അവൻ അന്തംവിട്ട് വായും പൊളിച്ച് നിന്നു.
            “വേഗമാകട്ടേ ചങ്ങാതീ, ആരെങ്കിലും ഉണർന്ന് വരുന്നതിനു മുൻപ് ആവശ്യത്തിന് കഴിച്ചിട്ട് പോകാം”, കുറുക്കൻ ധൃതി കൂട്ടി.
       പരിസരം മറന്നു നിന്ന കഴുത പെട്ടെന്നു തന്നെ ഉഷാറായി.  അവൻ ആവശ്യത്തിനെന്നല്ല, ആവശ്യത്തിലധികം ആഹാരം ആർത്തിയോടെ ഭക്ഷിച്ചു.  എന്നിട്ട് വേഗം തിരികെ നടന്ന് തന്റെ തൊഴുത്തിലെത്തി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങി.  പിന്നെ, ദിവസവും രാത്രി അവർ ഒരുമിച്ച് ആ തോട്ടത്തിലെത്തി കഴുത വയറു നിറയെ ഭക്ഷിച്ച് തിരികെ പോയി.
            ദിവസങ്ങൾ കടന്നു പോയി.  നല്ല ഭക്ഷണം കിട്ടിയതോടെ കഴുത കൊഴുത്തു തുടുത്ത് സുന്ദരനായി.  ഒരു ദിവസം അങ്ങനെ  ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ, കഴുതക്ക് ഒരു മോഹം; ഒന്നുറക്കെ പാടണം.  അവനത് കുറുക്കനോട് പറഞ്ഞു.  കഴുതയുടെ വിചിത്രമായ ആഗ്രഹം കേട്ടപാടെ തന്നെ കുറുക്കൻ ഒന്നമ്പരന്നു. 
“കഴുത പാടുകയോ?, അതും ഈ രാത്രിയിൽ?, നല്ല ശേലായി, ഈ കൃഷിസ്ഥലത്തിന്റെ  ഉടമസ്ഥരെങ്ങാനും ഉണർന്നു വന്നാൽ നമ്മുടെ കഥ കഴിഞ്ഞതു തന്നെ”, അവൻ കഴുതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
“ഹും, നിനക്ക് എന്റെ കഴിവിൽ അസൂയയുള്ളതുകൊണ്ട് പറയുകയാണ്, എനിക്ക് പാടിയേ പറ്റൂ”, കഴുത നിർബന്ധം പിടിച്ചു.
“നമ്മൾ ശരിക്കും കള്ളന്മാരാണെന്ന കാര്യം മറക്കരുത്.  രാത്രിയിൽ കട്ടു തിന്നുന്നതും പോര, ഒച്ചയുണ്ടാക്കി നാട്ടുകാരെ ഉണർത്തുകയും കൂടി.  എനിക്കു വയ്യ അടി മേടിച്ചു പിടിക്കാൻ”, കഴുതയെ പിന്തിരിപ്പിക്കാൻ പറ്റില്ലെന്ന് ബോദ്ധ്യപ്പെട്ട കുറുക്കൻ ഒന്നു കൂടി മുന്നറിയിപ്പ് നൽകിയിട്ട് തോട്ടത്തിന് പുറത്തിറങ്ങി നിന്നു. 
വയറു നിറയെ തിന്ന് മത്തുപിടിച്ച കഴുത, മുൻപിൻ നോക്കാതെ  അരോചകമായ ശബ്ദത്തിൽ ഒച്ചയിടാൻ തുടങ്ങി.  പാട്ടെന്ന് അതിനെ പറയാമോ?  നട്ടപ്പാതിരായ്ക്ക് കഴുതയുടെ അലർച്ച കേട്ട് കർഷകർ ഉണർന്നു.  അവർ ഒച്ചയുണ്ടാക്കി അയൽക്കാരെയൊക്കെ ഉണർത്തി.  എല്ലാപേരും കൂടി തോട്ടത്തിലേയ്ക്കോടിയെത്തി.   കൃഷിയൊക്കെ തിന്ന് തീർത്ത് അഹങ്കാരത്തോടെ നിന്ന് അലറുന്ന കഴുതയെ കണ്ട അവർക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.  എല്ലാപേരും കൂടി കഴുതയെ ഓടിച്ചിട്ട് നന്നായി തല്ലി.  ദേഹമാസകലം തല്ലു കിട്ടിയ കഴുത ജീവനും കൊണ്ടോടി.  വഴിയിൽ കാത്തു നിന്ന കുറുക്കനും അവനോടൊപ്പം ഓടി.  ഓടിയോടി അവർ വീടിനടുത്തെത്തി.  വേദനകൊണ്ട് പുളഞ്ഞ കഴുതയോട് കുറുക്കൻ പറഞ്ഞു, “ഉപദേശം, അത് ആരു തന്നാലും  ഒന്ന് ശ്രദ്ധിക്കണം.  കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം. കണ്ടില്ലേ, നിനക്ക് നല്ല തല്ലും കിട്ടി, ഒപ്പം നാളെ മുതൽ കുശാലായ ഭക്ഷണവും മുടങ്ങി.”
            എന്റെ കുഞ്ഞുങ്ങൾ ഇതിൽ നിന്ന് എന്തു ഗുണപാഠമാണ് പഠിച്ചത്? ഉപദേശം, അത് ആരു തന്നാലും  ഒന്ന് ശ്രദ്ധിക്കണം.  കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം.  അല്ലേ?

13 comments:

  1. ഉപദേശം, അത് ആരു തന്നാലും ഒന്ന് ശ്രദ്ധിക്കണം. കുറച്ചെങ്കിലും കാര്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയും വേണം. അല്ലേ?

    ReplyDelete
  2. ഇതുപോലെ ഉള്ള മറ്റൊരു കഥയല്ലെ ഒട്ടകവും കുറുക്കനും?

    അതില്‍ പാടണമെന്നു തോന്നിയത്‌ കുറുക്കനാണെന്നു മാത്രം

    എന്തെല്ലാം കഥകളാ

    ReplyDelete
  3. ...ക്ക് ഒരു പാട്ടു പാടണാര്‍ന്നു..!!

    കഥയിഷ്ട്ടായീട്ടോ,
    ആശംസകള്‍ നേരുന്നു.

    ReplyDelete
  4. 'ചെറിയവൻ പറഞ്ഞാലും ചെവിട്ടീ പോണം' ന്നും പറയാം. നല്ല കഥ ഉഷച്ചേച്ചീ. ഞാൻ നേരത്തെ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരമിതുവരെ വന്നില്ല. ആശംസകൾ.

    ReplyDelete
  5. നല്ല സാരാംശമുള്‍ക്കൊണ്ട കഥ!
    കഥപറയും "ബ്ലോഗിനിക്ക്" ആശംസകള്‍!!

    ReplyDelete
  6. കഴുതയുടെ കൂടെ നടന്ന കുറുക്കനും കഞ്ഞികുടി മുട്ടിയില്ലേ?
    'വിഢ്ഢികളോട് കൂട്ടു കൂടുമ്പോള്‍ സൂക്ഷിക്കണം' എന്നൊരു ഗുണപാഠം കൂടി ഇതിലുണ്ട്.
    എഴുത്ത് ശൈലിയും കഥയും ഇഷ്ടപ്പെട്ടു... ആശംസകള്‍...

    ReplyDelete
  7. ഉപദേശം; ആളുകള്‍ ഏറ്റവും വെറുക്കുന്നതും അത് തന്നെ. പക്ഷെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്നതും അത് കേള്‍ക്കാന്‍ തന്നെ.

    ReplyDelete
  8. കുട്ടിക്കഥ ഉഷാറായി....
    കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന എഴുത്തു.. എല്ലാ ആശംസ്കളും

    ReplyDelete
  9. kadha ishtamayi....aasamsakal nerunnu...

    ReplyDelete
  10. കഥ വളരെ നന്നായിട്ടുണ്ട്.. ആശംസകള്‍..

    ReplyDelete
  11. ഒരുപാടിഷ്ടമായി. ഈ ബ്ലോഗ്‌ നീലി നോട്ടുചെയ്തു. ആവശ്യം വരുമല്ലോ,ഒന്നാംതരം കുട്ടികഥകള്‍

    ReplyDelete