കർക്കിടകമഴയിൽ തണുത്തുവിറച്ചുനിന്ന ചെടികൾക്കെല്ലാം ചിങ്ങവെയിൽ തട്ടിയപ്പോൾ പൂത്തുലയാൻ തിടുക്കമായതു കണ്ടില്ലേ? ഓണക്കാലമായി. പൂനുള്ളാൻ, പൂക്കളമൊരുക്കാൻ, കുട്ടികളെത്താറായി. തനിക്ക് താങ്ങാവുന്നതിലുമധികം കുടങ്ങളിൽ വെളുത്ത തരിമൊട്ടുകൾ നിറച്ചു ദേവപാദങ്ങൾ പോലുള്ള പൂക്കളെ വിടർത്താനായി ആ ചെടിയും ഒരുങ്ങി നിന്നു. മഴച്ചാറ്റലുകൾ കുളിപ്പിച്ചും ഓണവെയിലവയെ തോർത്തിച്ചും ഓണത്തുമ്പികൾ ചുറ്റിലും താരാട്ടുപാടിയും പറക്കുമ്പോൾ ദേവപാദപ്പൂക്കളൊന്നൊന്നായി വിടർത്തി ആ തുമ്പച്ചെടി ഓണപൂക്കളങ്ങൾക്കായി കാത്തുനിന്നു. അമ്മച്ചെടിയിൽനിന്ന് ഓണവും, അത്തപ്പൂക്കളവും, അവിടെ തുമ്പപ്പൂക്കൾക്കുള്ള സ്ഥാനവും ഒക്കെ കേട്ടുകേട്ട് പൂക്കളെല്ലാം കാത്തുകാത്തു നിന്നു....അത്തം വരവിനായി, ഓണക്കാലത്തിനായി.
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം...വയ്യ, ഇനി കാത്തിരിക്കാൻ വയ്യ... ഓണം വന്നോണം വന്നോണം വന്നേ....എന്ന് നാടായ നാടുമുഴുവനും പാടിപ്പറന്നു വന്ന് തനിക്കുചുറ്റും നൃത്തം വയ്ക്കുന്ന ഓണത്തുമ്പിയോട് തുമ്പച്ചെടി ആകാംക്ഷയോടെ ചോദിച്ചു, "ഇത്തവണ ഓണപ്പൂക്കളങ്ങൾ ഇല്ലേ....ആരുമീ വഴി വന്നില്ലല്ലോ എന്റെ തുമ്പപ്പൂക്കളെ നുള്ളാൻ...."
ഓണത്തുമ്പി പറഞ്ഞു, “ഉണ്ടല്ലോ ഉണ്ടല്ലോ നാടായനാടു നിറയേ പൂക്കളങ്ങൾ ഞാൻ കണ്ടല്ലോ. …. വഴിയോരങ്ങളിൽ, സ്ക്കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, നോക്കുന്നിടങ്ങളിലെല്ലാം പൂക്കളങ്ങൾ തിങ്ങിനിറഞ്ഞിരിക്കയാണല്ലോ"
തുമ്പച്ചെടി ചോദിച്ചു, “ആ പൂക്കളങ്ങളെ കാണാൻ എന്റെ ഒരു പൂവിനെ നീ കൊണ്ടുപോകുമോ തുമ്പീ?”
ആ തുമ്പിച്ചിറകിലേറി തുമ്പപ്പൂവ് പൂക്കളങ്ങളായ പൂക്കളങ്ങൾ ഒരുപാടുകണ്ടു. "അവിശ്വസനീയം ഈ പുഷ്പപ്രപഞ്ചം!!!” ഏറ്റവും മനോഹരം എന്നുതോന്നിയ ഒരു പൂക്കളത്തിനരുകിലെത്തിയ തുമ്പപ്പൂ ആ പൂക്കളത്തിനോടു ചോദിച്ചു, “ഞാനും കൂടി ഈ കളത്തിലൊന്നിരുന്നോട്ടേ...”
അതുകേട്ട് ആ പൂക്കളം ഞെട്ടിപ്പോയി. തന്റെകൂടെയെങ്ങാനും ഈ പീക്രിപ്പൂവ് കയറിയിരുന്നാലോ എന്നുപേടിച്ച് ആ പൂക്കളം തുമ്പപ്പൂവിനോട് പറഞ്ഞു, "എന്ത് മണ്ടത്തരമാ കുരുന്നുപൂവേ നീ ചോദിച്ചത് ? കണ്ടില്ലേ നൂറുകണക്കിനു പൂക്കളങ്ങളിവിടെ നിരന്നിരിക്കുന്നത്...? ഇത് മത്സരവേദിയാണ്...എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണിതൊക്കെ എന്നറിയാമോ? ഇപ്പോൾ പരിശോധകർ വന്ന് മാർക്കിടും... ആർക്കുമറിയാത്ത, ആരും കാണാത്ത നിന്നെപ്പോലെയുള്ള ഒരു പന്നപ്പൂവ് എന്റെ കൂടെയിരുന്നാൽ...ആ ഒറ്റക്കാര്യം കൊണ്ട് ഒന്നാം സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന ഞാൻ മത്സരത്തിൽ നിന്ന് പുറംതള്ളപ്പെടും. പോ..പോ...ദൂരെപ്പോ..." വിങ്ങുന്ന, നാണംകെട്ടമനസ്സുമായി തുമ്പപ്പൂ ഒരുപാട് പൂക്കളങ്ങളിൽ കയറിയിറങ്ങി. മത്സരബുദ്ധിയോടെ നിൽക്കുന്ന പൂക്കളങ്ങൾക്കൊന്നും തുമ്പപ്പൂ എന്നൊരു പൂവിനെക്കുറിച്ച് അറിയുകപോലും ഇല്ലായിരുന്നു. എല്ലാ പൂക്കളങ്ങളും ആ തുമ്പപ്പൂവിനെ ആട്ടിയാട്ടി ഓടിച്ചു. നിറം കൊടുത്ത പഴകിയ തേങ്ങാപ്പീരയുടെയും ഉപ്പുപരലുകളുടെയും, തമിഴ്ക്കൂടകളിലിരുന്ന് വാടിയ, അരിഞ്ഞുകൂട്ടിയ പൂവിന്റെയും, പൂക്കളങ്ങൾക്കു ജീവൻ കൊടുക്കുന്ന കീടനാശിനിയുടെയും നാറ്റം സഹിക്കവയ്യാതെ, തൂവെള്ള തുമ്പപ്പൂ ആ പൂക്കളങ്ങളിൽ സ്ഥാനം കിട്ടാത്തത് നന്നായി എന്ന് മനസ്സിലാക്കി തിരികെ തുമ്പിച്ചിറകിലേറി തുമ്പച്ചെടിയുടെ അടുത്തെത്തി. അമ്മച്ചെടിയോടും സഹോദരപ്പൂക്കളോടും കണ്ടതും നടന്നതും നാണംകെട്ടതും നാറിയതും കഥകൾ വിവരിക്കവേ അവർക്കരികിൽ ഒരു വെള്ളിക്കൊലുസ്സിന്റെ കിലുക്കം...കൂട്ടത്തിൽ മണികിലുങ്ങും പോലെയൊരു ചോദ്യവും, “തുമ്പച്ചെടിയേ...ഞാൻ നിന്റെ ദേവപാദപ്പൂക്കളെ നുള്ളട്ടേ...?”
ദിവസങ്ങളായി കാത്തിരുന്ന കാര്യം ആ കുഞ്ഞിനാവിൽനിന്നു കേട്ട് അതിശയംകൊണ്ടും സന്തോഷംകൊണ്ടും തുമ്പച്ചെടിയും അതിലെ പൂക്കളും ആടിയുലഞ്ഞങ്ങു പൊട്ടിച്ചിരിച്ചു.. എന്നിട്ട് തുമ്പച്ചെടി ചോദിച്ചു, “മക്കളേ, എന്റെ തങ്കമേ, പൂനുള്ളാൻ അനുവാദം ചോദിക്കുന്ന നിന്റെ, ആ കുഞ്ഞിക്കൈകൾ എന്റെ തുമ്പപ്പൂക്കളേ എന്നിൽ നിന്ന് നുള്ളിയെടുത്ത് എന്തു ചെയ്യും?”
തങ്കക്കുട്ടി പറഞ്ഞു, “എന്റെ വീട്ടിൽ മണമില്ലാത്ത, പറിക്കാൻ പാടില്ലാത്ത ഒരുപാട് പൂക്കളും, ഒരിക്കലും പൂക്കാത്ത ഒരുപാട് ചെടികളും ഉണ്ട്. ഒരു പൂവിതൾ താഴത്തു വീണാൽ നിലംവൃത്തികേടായല്ലോ എന്നു പറയുന്ന അച്ഛനുംഅമ്മയും പൂക്കളേ മത്സരപ്പിക്കാൻ പോയിരിക്കുകയാണ്. എനിക്കും വേണം ഒരു പൂക്കളം...മത്സരിക്കാനറിയാത്ത ,സ്നേഹിക്കുന്ന, ചിരിക്കുന്ന,പാടുന്ന, ആടുന്ന, പൂവുകളാൽ തീർക്കുന്ന പൂക്കളം..” എന്നു പറഞ്ഞ് ആ കുട്ടി തന്റെ ഉടുപ്പിന്റെ മടക്ക് നിവർത്തി തുമ്പച്ചെടിയുടെ മുന്നിലേയ്ക്കിട്ടു. നിറമുള്ള, മണമുള്ള, ഗുണമുള്ള പൂക്കൾ....മുല്ലപ്പു, പിച്ചിപ്പൂ,പനിനീർപ്പൂ, മുക്കുറ്റി, തൊട്ടാവാടി, കദളി, കോളാമ്പിപ്പൂ, ശംഖുപുഷ്പം, ചെമ്പരത്തി, നന്ത്യാർവട്ടം, ഗന്ധരാജൻ, സുഗന്ധറാണി, ചെമ്പകം, അരളി, ചെത്തിപ്പൂക്കൾ, പവിഴമല്ലി, വിഷ്ണുക്രാന്തി, കാക്കപ്പൂവ്, പൂച്ചെടിപ്പൂവ്, കമ്മൽപ്പൂവ്, കദളിപ്പൂവ്, കാശിത്തെറ്റി, പലതരം പച്ചക്കറിപ്പൂക്കൾ പേരറിയാത്ത ഒരുപാട് കാട്ടുപൂക്കൾ അങ്ങനെയങ്ങനെ തനിക്ക് ചുറ്റിലും പൂക്കളം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഒരുപാടൊരുപാട് പൂക്കളെ കൊണ്ട് ആ കുഞ്ഞിക്കൈകൾ തുമ്പച്ചെടിയുടെ മുൻപിൽ തീർത്ത പൂക്കളത്തിന്റെ ഒത്തനടുവിലേയ്ക്ക് തന്നിൽ നിന്ന് അടർത്തിയെടുത്ത തുമ്പപ്പൂക്കളെയും വച്ചു. മോക്ഷം കിട്ടിയ സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ, ചിരിക്കുന്ന പൂക്കളെക്കണ്ട് തുള്ളിക്കളിക്കുന്ന ആ തങ്കക്കുടത്തിനെ ചുറ്റി അവളിട്ട പൂക്കളത്തിനുമേൽ ഓണത്തുമ്പികൾ കൂട്ടത്തോടെ ആടിപ്പാടിപ്പാറിത്തകർത്തു.
പൂക്കളാൽ തീർത്തൊരു പൂക്കളം കണ്ടേ പൂക്കളം തേടിയാ തുമ്പമലരിനും പൂക്കളാൽ തീർത്തൊരു പൂക്കളം കിട്ടി പൂക്കളം കാണാനായി ഓടിവായോ മാലോകരെല്ലാരും ഓടിവായോ ബൂലോകരെല്ലാരും ഓടിവായോ” |
ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ, സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു പൂക്കളം സമർപ്പിക്കുന്നു.
ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ, സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു പൂക്കളം സമർപ്പിക്കുന്നു.
ReplyDeleteഎന്റെ എല്ലാ പൊന്നുമക്കൾക്കും ഈ അമ്മയുടെ ,കഥപ്പെട്ടിയുടെ, കിലുക്കാംപെട്ടിയുടെ ഓണാശംസകൾ....
എന്റെയും ഓണാശംസകള്‍
ReplyDeleteകഥ ഇഷ്ടപ്പെട്ടു.. ഓണാശംസകള്‍ !
ReplyDeleteവൈകിവന്നതില്‍ ക്ഷമിക്കണം. ഓണാശംസകള്‍
ReplyDeleteഭയങ്കരമായി വൈകി ഇതു വായിക്കാന്‍ ........എന്നാലും.
ReplyDeleteനല്ല കേമമായി എഴുതീട്ടുണ്ട്. അഭിനന്ദനങ്ങള്‍