Blogger Tips and TricksLatest Tips And TricksBlogger Tricks

Sunday, May 1, 2011

ആമയും മുയലും

 ആമയും മുയലും
           എന്റെ കുഞ്ഞുമക്കള്‍ക്ക് ഇന്ന് പറഞ്ഞുതരാന്‍ പോകുന്നത് ആമയും മുയലും തമ്മില്‍ ഓട്ടപ്പന്തയം വച്ച കഥയാണ്. മുതിര്‍ന്ന കുഞ്ഞുങ്ങള്‍ എല്ലാം ഈ കഥ പല ആവര്‍ത്തി കേട്ടിട്ടുണ്ടാവും.
             കരിമലക്കാട്ടിലെ വലിയ ചങ്ങാതിമാരായിരുന്നു ആമയും മുയലും. എപ്പോഴും കളിയും ചിരിയുമായി അവര്‍ കാട്ടില്‍ ഓടിച്ചാടി നടന്നു. മുയല്‍ തന്റെ വേഗത്തില്‍ ഓടാനുള്ള കഴിവില്‍ വളരെ അഭിമാനിയും ഒപ്പം അഹങ്കാരിയും ആയിരുന്നു. ഒരു ദിവസം അവന്‍ ആമയെ ഒരു പന്തയത്തിനു ക്ഷണിച്ചു, രാവിലെ തന്നെ ആമയുടെ അടുത്തെത്തിയ അവന്‍ പറഞ്ഞു, “ നമുക്ക് ഒരു പന്തയം വച്ചാലോ?”
        “പന്തയമോ?”, ആമ അമ്പരപ്പോടെ ചോദിച്ചു. താനും മുയലും തമ്മില്‍ പന്തയം വയ്ക്കാനുള്ള ഇനങ്ങളൊന്നുമില്ലല്ലോ.
         “അതെ, പന്തയം, എന്നോട് ഓട്ടപ്പന്തയം വയ്ക്കാമോ?” മുയല്‍ ചോദിച്ചു.
       “നിന്നോട് ഓട്ടപ്പന്തയമോ?, എനിക്ക് വയ്യ.... ഞാന്‍ എന്തായാലും തോല്‍ക്കും”, ആമ പറഞ്ഞൊഴിയാന്‍ നോക്കി
       “വിഡ്ഢീ, ചുണയുണ്ടെങ്കില്‍ ആണുങ്ങളെപ്പോലെ മത്സരിക്കാന്‍ വാ, തോറ്റാലും മത്സരിച്ചല്ല്ല്ല്ലേ തോല്‍ക്കുന്നത്.” മുയല്‍ വിടാന്‍ ഭാവമില്ല.
        ഒടുവില്‍ ആമ സമ്മതിച്ചു. തോറ്റാലും ഒരു കൈ നോക്കിയിട്ട് തന്നെ. അടുത്ത ഞായറാഴ്ച്ച രാവിലെ മത്സരം ഉറപ്പിച്ചു. ആറ്റിന്‍ കരയിലെ അത്തിമരച്ചുവട്ടില്‍ നിന്ന് കാരറ്റ് പാടവും കടന്ന് കുരങ്ങച്ചന്റെ വീട് വരെയാണ് ഓട്ടം. ആദ്യം കുരങ്ങച്ചന്റെ വീട്ടിലെത്തുന്നവര്‍ വിജയിക്കും.
            തീരുമാനിച്ച പോലെ ഞായറാഴ്ച്ച രാവിലെ തന്നെ ഇരുവരും മത്സരത്തിനു തയ്യാറായി അത്തിമരച്ചുവട്ടിലെത്തി. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ വരവരച്ച് ഇരുവരും നിന്നു. കുയിലമ്മയാണ് ഓട്ടം തുടങ്ങാനുള്ള അടയാളം നല്‍കിയത്. കുയിലമ്മ മൂന്നാമത്തെ വിസില്‍ മുഴക്കിയതും രണ്ടുപേരും ഓട്ടം തുടങ്ങി. മുയല്‍ ഒറ്റക്കുതിപ്പായിരുന്നു. ഞൊടിയിടയില്‍ അവന്‍ ആമയുടെ കണ്ണെത്താദൂരത്തെത്തിക്കഴിഞ്ഞിരുന്നു. പാവം ആമ, അവന്റെ ഭാരിച്ച ശരീരവും കൊച്ച് കൈകാലുകളും കൊണ്ട് വേഗത്തില്‍ നടന്ന് നീങ്ങാന്‍ തന്നെ അവനു പ്രയാസമായിരുന്നു. ആമ പതിയെപ്പതിയെ ഇഴഞ്ഞ് നീങ്ങി.
            ഈ സമയം മുയല്‍ വളരെദൂരം പിന്നിട്ടിരുന്നു. അവന്‍ ഓടുന്ന വഴിയിലെ കാരറ്റ് തോട്ടത്തിനടുത്തെത്തി. നിരന്ന് നില്‍ക്കുന്ന കാരറ്റ് ചെടികള്‍ കണ്ട് മുയലിന് വായില്‍ വെള്ളമൂറി. ആമ ഒരുപാട് പിന്നിലാണല്ലോ, കുറച്ച് കാരറ്റ് തിന്നിട്ട് പോകാനുള്ള സമയമുണ്ടല്ലോ. മുയലിന് കാരറ്റ് തിന്നാതെ പോകാന്‍ തോന്നിയില്ല. അവന്‍ ആര്‍ത്തിയോടു കൂടി കാരറ്റ് ചെടികള്‍ കറുമുറാ തിന്നാന്‍ തുടങ്ങി. കൊതികാരണം ഒരുപാട് തിന്ന് അവന്റെ വയര്‍ നിറഞ്ഞുവീര്‍ത്തു. വയര്‍ നിറഞ്ഞപ്പോള്‍ അവന് ഉറക്കവും വന്നു.
        ആമ ഇഴഞ്ഞിഴഞ്ഞ് എത്താന്‍ ഒരുപാട് സമയമാവും. കുറച്ച് വിശ്രമിച്ചിട്ട് പോയാലും താന്‍ തന്നെ ജയിക്കും. അവന്‍ കുറച്ച് നേരം ഒന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു. വയറ് നിറഞ്ഞിരുന്നതിനാല്‍  അറിയാതെ പെട്ടെന്ന് ഉറങ്ങിപ്പോയി.

         കുറെ സമയം കഴിഞ്ഞപ്പോള്‍ നമ്മുടെ ആമ, പതുക്കെപ്പതുക്കെ നടന്ന് നടന്ന് ആ വഴിക്കെത്തി. വഴിയരികില്‍ ഒരു കൂര്‍ക്കം വലി. അത് മുയലിന്റെതാണെന്ന് മനസ്സിലാക്കിയ ആമ ഒരു ചെറു ചിരിയോടെ നടന്നകന്നു. പതിയെപ്പതിയെ നടന്ന് നടന്ന് ആമ ലക്ഷ്യസ്ഥാനമായ കുരങ്ങച്ചന്റെ വീട്ടിനു മുന്നിലെത്തി.
     ഈ സമയം ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്ന മുയല്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. മത്സരത്തെക്കുറിച്ചവന്‍ ഓര്‍മ്മിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ആമയെ കാണാനില്ല. ആമ വളരെ പിന്നിലായിരിക്കും എന്നവന്‍ കരുതി. ഇനി ഓടിയാലും താന്‍ തന്നെ ഒന്നാമന്‍ … അവന്‍ ഒറ്റ ഓട്ടം.
          ഓടി ഓടി കുരങ്ങച്ചന്റെ വീട്ടിനു മുന്നിലെത്തിയ മുയല്‍ ഞെട്ടിപ്പോയി. അവിടെ ആമയുടെ വിജയാഘോഷം നടക്കുകയായിരുന്നു. കുരങ്ങച്ചന്‍ ആമയുടെ കൈ പിടിച്ചുയര്‍ത്തി അവന് സമ്മാനം നല്‍കുന്നു. കുയിലമ്മ നല്ല ഒരു പാട്ടും പാടുന്നു.
       ആകെ നാണം കെട്ട് വിളറി വെളുത്ത അവന്‍ നാണക്കേട് കാരണം അവിടെ നിന്നില്ല. ഒറ്റ ഓട്ടം. അവന്‍ ഓടിയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിര്‍ത്തില്ലെന്ന് കുരങ്ങച്ചനും കൂട്ടരും പിന്നീട് പറഞ്ഞ് പറഞ്ഞ് ചിരിയ്ക്കുമായിരുന്നു.
      ഈ ചെറിയ കഥയില്‍ നിന്ന് ചില ഗുണപാഠങ്ങളൊക്കെ മനസ്സിലായില്ലേ കുഞ്ഞുങ്ങളേ....
    “പയ്യെത്തിന്നാല്‍ പനയും തിന്നാം”..... എത്ര കഠിനമായ കാര്യമായാലും വളരെ ക്ഷമയോടെ, അച്ചടക്കത്തോടെ ചെയ്താല്‍ നമുക്ക് നേടാവുന്നതേ ഉള്ളൂ. സ്ഥിരോത്സാഹം വിജയത്തിന്റെ ചവിട്ട് പടിയാണ്.
    “എതിരാളി ജയിക്കും മുന്‍‌പേ നമ്മള്‍ തോല്‍ക്കരുത്”. വേഗത്തില്‍ ഓടാനുള്ള തന്റെ കഴിവില്ലായ്മ കരുതി മത്സരത്തില്‍ നിന്ന് ആമ പിന്‍‌മാറിയിരുന്നെങ്കില്‍ അഹങ്കാരിയായ മുയല്‍ ജയിക്കുകയും ആമ എന്നും ഒരു പരാജിതന്റെ ദുഃഖത്തില്‍ കഴിയേണ്ടിയും വന്നേനെ. മറിച്ച്, ഒന്ന് പൊരുതി നോക്കാന്‍ തന്നെ തയ്യാറായത് കൊണ്ട് ആമയ്ക്ക് വിജയിക്കാനായി.
    “ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്”, അമിതമായ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറിയതു കൊണ്ടല്ലേ മുയലിന് , വേഗത്തില്‍ ഓടാനുള്ള കഴിവുണ്ടായിട്ടും പതിയെ നടക്കുന്ന ആമയോട് തോല്‍ക്കേണ്ടി വന്നത്.
      കഥയും അതിലെ ഗുണപാഠങ്ങളും എന്റെ മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ...


Thursday, April 14, 2011

വിഷു ആശംസകള്‍

എന്റെ  പ്രിയ മക്കള്‍ക്ക് വിഷു ആശംസകള്‍.........................

Friday, April 1, 2011

ആനയും തയ്യല്‍ക്കാരനും

     ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ആനക്കഥ പറഞ്ഞു തരാം, കേട്ടോ...ഒരുപക്ഷെ ഈ കഥ കേള്‍ക്കാത്ത  പണ്ടത്തെ ഒരു കുട്ടിപോലും ഉണ്ടായിരിക്കില്ല. ഇന്ന് മൃഗങ്ങളെയും . മനുഷ്യനെയും  സ്നേഹിക്കാന്‍ പണച്ചിലവുള്ള  സംഘടനകളും  ജാഥകളും ജയ്‌വിളികളും ഒക്കെ ഉണ്ടല്ലോ. എന്നാല്‍ പഴയകാലത്ത് നന്മയുള്ള കഥകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുത്ത്    അവരെ നല്ലവരായി വളര്‍ത്തി.ഇനി കഥ  കേള്‍ക്കാം അല്ലെ..   
   
നാട്ടില്‍ എല്ലാപേരുടെയും  പ്രിയങ്കരനായ  കുട്ടിഗണേശന്‍ അമ്പലത്തിലെ ആനയാണ് കേട്ടോ.  നല്ല തലയെടുപ്പും  ഗാംഭീര്യവും  ഒക്കെയുള്ള അവന്‍ തികച്ചും  ശാന്തശീലനായിരുന്നു.  കൊച്ചു കുട്ടികളോടുപോലും  വലിയ ചങ്ങാത്തവും.  മുതിര്‍ന്ന ആളുകള്‍ക്ക് ഒരു കുഞ്ഞിനോടെന്നപോലത്തെ വാത്സല്യം  അവനോട് ഉണ്ടായിരുന്നു.  അവരില്‍ പലരും  അമ്പലത്തില്‍ വരുമ്പോള്‍ കുട്ടിഗണേശന് വേണ്ടി ഒരു ചെറിയ പഴമോ, ഒരുണ്ട ശര്‍ക്കരയോ ഒരു കരിമ്പിന്‍ കഷണമോ ഒക്കെ കൊണ്ട് കൊടുക്കുമായിരുന്നു, ഒപ്പം  അവന്റെ തുമ്പിക്കൈയ്യില്‍ ഒരു ചെറിയ തലോടലും.  സന്തോഷമായില്ലേ കുട്ടിഗണേശന്, കിട്ടുന്നതിന്റെ അളവിലല്ല, തന്നെ ഒന്ന് സ്നേഹിക്കുന്നു എന്നതിനാണ് അവന് സന്തോഷം. 
     ഇക്കാര്യത്തില്‍ അവന് ചില ശീലങ്ങളും  ഉണ്ടായിരുന്നു.  ദിവസവും  കുളിക്കാന്‍ പോകുന്ന വഴിക്കായിരുന്നു നാണുവാശാന്റെ തയ്യല്‍ക്കട.  കുളിക്കാന്‍ കടവിലേയ്ക്ക് പോകുമ്പോള്‍ ദിവസേന നാണുവാശാന്‍ അവന് ഒരു പഴം  നല്‍കുന്ന ശീലമുണ്ടായിരുന്നു.  ആ ശീലം  എങ്ങനെ, എന്ന് തുടങ്ങിയെന്നൊന്നും  അവര്‍ക്ക് ഓര്‍മ്മയില്ല, അതൊരു ശീലമായി, അത്രതന്നെ. 
   
കടയുടെ പുറത്ത് കുട്ടിഗണേശന്‍ വന്ന് നിന്ന് തന്റെ തുമ്പിക്കൈ തയ്യല്‍ മെഷീന്റെ മുന്നിലിരിക്കുന്ന നാണുവാശാന്റെ മുന്നിലേയ്ക്ക് നീട്ടും.  നാണുവേട്ടന്‍ ഒരു പഴവും കൊടുത്ത്  ഒപ്പം  ഒരു തഴുകലും അവന്റെ തുമ്പിക്കൈയ്യില്‍ നല്‍കും.  അവന് സന്തോഷമാവും.  നാണുവാശാന്‍ തിരക്കിലാണെങ്കില്‍ ഒന്ന് കാത്തുനില്‍ക്കാനും  കുട്ടിഗണേശന്‍ തയ്യാര്‍.  പക്ഷേ ഒരിക്കലും  അവന് അങ്ങനെ കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല തന്നെ. 
    അന്നും  കുളിക്കാനായി പോകുന്ന വഴിക്ക് അവന്‍ നാണുവാശാന്റെ കടയുടെ മുന്നില്‍ നിന്നു, ഉള്ളിലേയ്ക്ക് തുമ്പിക്കൈ നീട്ടി, അവന്റെ പതിവ്  സമ്മാനത്തിനായി. അന്ന് പക്ഷേ, നാണുവേട്ടന് ഒരു കുസൃതി തോന്നി.  പഴം   നല്കുന്നതിനു പകരം  അയാള്‍ അവന്റെ തുമ്പിക്കൈയ്യില്‍ സൂചി കൊണ്ട് ചെറുതായി ഒരു കുത്ത് കൊടുത്തു.  സ്നേഹത്തോടെയുള്ള ഒരു തഴുകല്‍ പ്രതീക്ഷിച്ച കുട്ടിഗണേശന്  അത് വലിയ സങ്കടമുണ്ടാക്കി.  വിഷമത്തോടെ അവന്‍ തുമ്പിക്കൈ പിന്‍വലിച്ച് പാപ്പാനോടൊപ്പം  കുളിക്കടവിലേയ്ക്ക് നടന്നു.  കുളിക്കുമ്പോഴും  അവന് സങ്കടം  അടക്കാന്‍ കഴിഞ്ഞില്ല. 
   
തിരികെ വരും  വഴി അവന്‍ തന്റെ തുമ്പിക്കൈയ്യില്‍ നിറയെ വെള്ളം  എടുത്തുകൊണ്ടു വന്നു.  നാണുവേട്ടന്റെ തയ്യല്‍ക്കടയുടെ മുന്നില്‍ ഒന്ന് നിന്നു.  നാണുവേട്ടന്‍ അപ്പോഴും  അവനെ  ഒരു പരിഹാസച്ചിരിയോടെ നോക്കി.  കുട്ടിഗണേശന്‍  തന്റെ തുമ്പിക്കൈ കടയുടെ ഉള്ളിലേയ്ക്ക് നീട്ടി.  വീണ്ടും  കൊതിമൂത്ത് പഴത്തിനായി തുമ്പിക്കൈ നീട്ടുകയാണെന്ന് കരുതിയ നാണുവേട്ടന്‍ ഉച്ചത്തില്‍ ഒരു പരിഹാസച്ചിരി ചിരിച്ചു.  ഉടനെ തന്നെ, കുട്ടിഗണേശന്‍ തന്റെ തുമ്പിക്കൈയ്യില്‍ കൊണ്ടു വന്ന വെള്ളം  മുഴുവനും  നാണുവാശാന്റെ ദേഹത്തും  കടയിലെ തുണികളിലേയ്ക്കും  ചീറ്റി. 
   
ആകെ നനഞ്ഞുകുളിച്ച അയാള്‍ തന്റെ തെറ്റ് മനസ്സിലാക്കി തല താഴ്ത്തിയിരുന്നു.  ഒന്നും  സംഭവിക്കാത്തതുപോലെ കുട്ടിഗണേശന്‍ നടന്നകന്നു. 
   
ഇതില്‍ നിന്ന് എന്റെ കുഞ്ഞുമക്കള്‍ക്ക് എന്തു മനസ്സിലായി? 
   
നമ്മളെപ്പോലെ തന്നെ, എല്ലാ ജീവികളും  സ്നേഹം  വളരെയേറെ വിലമതിക്കുന്നു.    ഒരു ചെറിയ പഴം  തന്റെ വിശപ്പ് തീരാന്‍ ഒരു തരത്തിലും  പര്യാപ്തമല്ല എന്നിട്ടു കൂടി എന്നും  കിട്ടുന്ന ഒരു സ്നേഹസമ്മാനമാണ് അവന്‍ പ്രതീക്ഷിച്ചത്.  അത് കിട്ടാതിരുന്നത് പോട്ടെ, ഒപ്പം  ഒരു ചെറിയ നോവിക്കലും.  ഒരു ചെറിയ സൂചികൊണ്ടുള്ള കുത്ത് അവന് ശാരീരികമായി ഒരു നോവിക്കലേ അല്ലെങ്കിലും, അവന്റെ മനസ്സ് നൊന്തു, അല്ലേ മക്കളേ... നമ്മളെപ്പോലെതന്നെ എല്ലാ ജീവികളും  സ്നേഹം  വളരെയേറെ വിലമതിക്കുന്നു..
   
ഇത്രയൊക്കെയായിട്ടും, അവന്റെ ശാരീരിക ബലത്തിനൊത്ത രീതിയിലല്ല അവന്‍ പ്രതികരിച്ചതെന്ന് ശ്രദ്ധിച്ചില്ലേ... ഒരു ചെറിയ കുസൃതിയിലൂടെ തന്റെ പരിഭവം  അറിയിച്ചു, അത്രതന്നെ.... വിവേകം  ചിലപ്പോള്‍ നമ്മള്‍ അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്ന് പഠിക്കേണ്ടിവരും
   
പിന്നെ, ഏതൊരുവനും   അക്രമം  കാണിക്കുന്നത്  മനസ്സിനെ മുറിപ്പെടുത്തുന്ന ചില അനുഭവങ്ങളില്‍ നിന്നുമാണ്. അതുപോലെ തന്നെ, നമ്മുടെ ചുറ്റുമുള്ളവരും,   അക്രമവും  കുസൃതിയും  കാണിക്കുമ്പോള്‍ അവരെ കണ്ണുമടച്ച് പഴിക്കാതെ അതിന്റെ കാരണം  കൂടി കണ്ടെത്തി തെറ്റ് തിരുത്താന്‍ ആദ്യം  ശ്രമിക്കണം. 
   
ഇന്നത്തെ കഥ ഇഷ്ടമായോ എന്റെ കുഞ്ഞുങ്ങള്‍ക്ക്.....
   
ഇനി നമുക്ക് കുട്ടിഗണേശന്റെ കുടുംബത്തില്‍ പെട്ട ആനകളെക്കുറിച്ച് കുറെ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിനായി ദേ ഇവിടെ ക്ലിക്ക് ചെയ്യണേ......

Tuesday, March 1, 2011

ആമയുടെ ബുദ്ധി


           ഇന്ന് എന്റെ മക്കള്‍ക്ക് ഒരു പുതിയ കഥ പറഞ്ഞു തരാം, കേട്ടോ...
        കാട്ടിലെ കൌശലക്കാരനായ ദാമുക്കുറുക്കന്‍ തന്റെ ബുദ്ധിശക്തിയില്‍ എപ്പോഴും അഹങ്കരിച്ചിരുന്നു. “ഞാനാണ് മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിമാന്‍” അവന്‍ എപ്പോഴും വീമ്പിളക്കിയിരുന്നു.
           ഒരു ദിവസം പതിവുപോലെ ഇര തേടിയിറങ്ങിയ അവന് ആഹാരമൊന്നും കിട്ടിയില്ല. വിശന്നു വലഞ്ഞ അവന്‍ നിരാശനായി മടങ്ങാനൊരുങ്ങവേയാണ് പതുക്കെപ്പതുക്കെ ഇഴഞ്ഞു നീങ്ങുന്ന ആമയെ കണ്ടത്. ആര്‍ത്തിയോടെ ഒറ്റച്ചാട്ടത്തിന് അവന്‍ ആമയെ പിടികൂടി. കിട്ടിയപാടെ അവന്‍ ആമയെ എങ്ങനെയും കടിച്ചുമുറിച്ചു തിന്നാന്‍ ശ്രമിച്ചു.
          വിചാരിച്ചതുപോലെയല്ല, കടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. അവന്റെ പല്ലു വേദനിച്ചതു മിച്ചം. ദാമുക്കുറുക്കന്‍ പല വഴിയും ശ്രമിച്ചുനോക്കി. പാവം ആമ പേടിച്ചരണ്ട് തന്റെ തോടിനുള്ളില്‍ ഇരുന്നു. ഒടുവില്‍ കുറുക്കന്റെ ബുദ്ധി ഉണര്‍ന്നു. അവന്‍ ആമയെ അടുത്തു കണ്ട ഒരു കല്ലില്‍ എടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തന്റെ അവസാനം തന്നെ എന്ന് കരുതിയ ആമയ്ക്ക് പെട്ടെന്ന് ഒരു ഉപായം തോന്നി. ആമ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, ദയവായി എന്നെ വെള്ളത്തിലിടരുതേ, വെള്ളത്തില്‍ കിടന്ന് കുതിര്‍ന്നാല്‍ പിന്നെ എന്റെ തോട് പെട്ടെന്ന് പൊളിഞ്ഞു പോകും”, ആമ കരച്ചില്‍ അഭിനയിച്ചു. 
           ആകെ വിശന്നു വലഞ്ഞ കുറുക്കന് അപ്പോള്‍ ചിന്തിക്കാനുള്ള വിവേകം നഷ്ടപ്പെട്ടു. “ഓഹോ, അങ്ങനെയാണോ, എങ്കില്‍ നിന്നെ വെള്ളത്തില്‍ കുതിര്‍ത്തിട്ടു തന്നെ കാര്യം”, കുറുക്കന്‍ ആമയെ അടുത്ത് കണ്ട കുളത്തില്‍ ഇട്ടു. എന്നിട്ട് കുതിരുന്നതും നോക്കിയിരുന്നു.
കിട്ടിയ അവസരത്തിന് ആമ കുളത്തിന്റെ മദ്ധ്യത്തിലേയ്ക്ക് നീന്തിപ്പോയി. കുളത്തിന് നടുക്കെത്തിയപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, എപ്പോഴും തന്റെ ബുദ്ധിയില്‍ അഹങ്കരിക്കല്ലേ, ആപത്ത് വരുമ്പോള്‍ എല്ലാപേര്‍ക്കും ഒരു വഴി തുറന്നു കിട്ടും”.
           കുറുക്കന്‍ ഇളിഭ്യനായി വിശന്ന വയറുമായി നടന്നകന്നു. ഇതില്‍നിന്ന് എന്തു മനസ്സിലായി എന്റെ മക്കള്‍ക്ക്.... “തക്ക സമയത്ത് തോന്നുന്ന ബുദ്ധിപോലെ ഉപകാരപ്രദമായി ഒന്നുമില്ല”.  കഥ ഇഷ്ടപ്പെട്ടോ മക്കളേ...
             ഇനി നമുക്ക് ഈ കൌശലക്കാരനായ കുറുക്കനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.... പിന്നെ നമ്മുടെ ആമച്ചാരെക്കുറിച്ചറിയാന്‍ ദേ ഇവിടെയും നോക്കണേ...


Tuesday, February 1, 2011

ചന്ദനും, ചന്തുവും

            ഒന്നു ഓടിവന്നേ മക്കളെ പുതിയ കഥ കേള്‍ക്കണ്ടേ? ഇന്നു ഞാന്‍ പറയാന്‍ പോകുന്ന കഥ രണ്ടു ആടുകളുടെ കഥയാണ്, അവന്മാരുടെ പേരാണ് ചന്ദനും, ചന്തുവും. നല്ല പേരല്ലേ?
           ചന്ദനും, ചന്തുവും നല്ല  കൂട്ടുകാരായിരുന്നു. അവര്‍ കളിക്കാനും പച്ചിലകള്‍ തിന്നാനും ഒക്കെയായി കാടിന്റെ അരികില്‍ പതിവായി പോകുമായിരുന്നു.ചന്ദന്റെയും, ചന്തുവിന്റെയും കളികളും ചാട്ടവും, ഒക്കെ കണ്ടു കൊണ്ട് എന്നും ഒരാള്‍ ഒളിഞ്ഞു നോക്കി നിന്നിരുന്നു. ഒരു കള്ളക്കുറുക്കന്‍. പച്ചിലകള്‍ തിന്നു കൊഴുത്തു തടിച്ച ആടുകളെ തിന്നുന്നതോര്‍ത്ത് കുറുക്കച്ചാരുടെ വായില്‍ വെള്ളമൂറി. എന്നാല്‍ തന്നേക്കാള്‍ ഇരട്ടി ആരോഗ്യമുള്ള ഇവന്മാരെ നേരിട്ടു അടിച്ചു കൊല്ലാന്‍ തന്നെക്കൊണ്ടാവില്ല എന്നു കുറുക്കനു മനസ്സിലായി.അവന്‍ ഒരു സൂത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു.
                ഇലകള്‍ തിന്നു തിന്നു കുറച്ചു അകലത്തിലായി ചന്ദനും ചന്തുവും. അവര്‍ ഒറ്റക്കായ തക്കം നോക്കി കുറുക്കന്‍ ചന്ദന്റെ അടുത്തേക്കു പതുങ്ങിച്ചെന്നു പതുക്കെ വിളിച്ചു, ”ചെങ്ങാതീ....” ചന്ദന്‍ തിരിഞ്ഞു നോക്കി. ഒരു കുറുക്കന്‍ എന്നെ ചങ്ങാതീ എന്നു വിളിക്കയോ? അവന്‍ ചന്തുവിനെ വിളിക്കാന്‍ തിരിഞ്ഞു. പെട്ടെന്നു കുറുക്കന്‍ പറഞ്ഞു “അവനെ വിളിക്കണ്ട, ഞാന്‍ എന്റെ ചങ്ങാതിയായ നിന്നൊടു മാത്രം ഒരു കാര്യം പറയാനാണു വിളിച്ചത്. ഇന്നലെ നിന്റെ കൂട്ടുകാരന്‍ എന്നോടു പറഞ്ഞു നീ ഒരു മണ്ടനാണ്, നിനക്കു ബുദ്ധിയും ഇല്ല, ശക്തിയും ഇല്ല എന്ന്.”
            “ഉം..........അവന്‍ അങ്ങനെ പറഞ്ഞോ?”
            “അതേ” കുറുക്കന്‍ പറഞ്ഞു.
           ചന്ദനു അതു കേട്ടു സങ്കടവും ദേഷ്യവും  ഒക്കെ വന്നു .
           കുറുക്കന്‍ പറഞ്ഞു,“ഞാന്‍ ഒരു കാര്യം പറയാം, നിങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തി എന്നു പരീക്ഷിക്കാം, ഈ കാടിന്റെ നടുവില്‍ ഒരു പാറക്കെട്ടുണ്ട്, നാളെ അതിനു മുകളില്‍ നിന്നു നിങ്ങള്‍ക്കു ശക്തി പരീക്ഷിക്കാം.” ഇതേ സൂത്രം തന്നെ കുറുക്കന്‍ ചന്തുവിനോടും പറഞ്ഞു. രണ്ടുപേരും ഇക്കാര്യം തമ്മില്‍ തമ്മില്‍ ചോദിച്ചു വഴക്കായി. പിണങ്ങി.
           പിറ്റേ ദിവസം ചന്ദനും ചന്ദുവും കുറുക്കന്റെ സൂത്രം മനസ്സിലക്കാതെ കാടിനു നടുവിലുള്ള പാറക്കെട്ടില്‍ കയറി ഗുസ്തി പിടിക്കാന്‍ തീരുമാനിച്ചു. ദേഷ്യം മൂത്ത അവര്‍ കാലുകള്‍ തറയില്‍ ഉരച്ചു, വാലുകള്‍ വേഗത്തില്‍ ആട്ടി.ഇതെ സമയം കള്ളകുറുക്കന്‍ ഒളിച്ചിരുന്ന് ഇതൊക്കെ കണ്ടു “താന്‍  പറഞ്ഞ സൂത്രം ഫലിച്ചതിലുള്ള സന്തോഷത്തില്‍ ഇരിക്കയായിരുന്നു ആ പാറയുടെ താഴെ. കുറുക്കന്‍ നോക്കുന്നതു ചന്ദന്‍ കണ്ടു. ചന്ദനോട് ചന്തുവിനെ ഇടിക്കാന്‍ കുറുക്കന്‍ കണ്ണു കാണിച്ചു.ചന്ദന്‍ കുറച്ചു പുറകിലേക്കു മാറിയിട്ടു ഓടിവന്നു ശക്തിയായിട്ടു ചന്ദുവിന്റെ നെറ്റിക്കിട്ട് ഒറ്റ ഇടി. രണ്ടുപേരും വാശിയോടേ ഇടിയോടിടി..നെറ്റി മുറിഞ്ഞ് ചോര ഒഴുകാന്‍ തുടങ്ങി.ഈ തക്കം നോക്കി കുറുക്കന്‍ ആടുകളുടെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നുണ്ടായിരുന്നു. പാറയിലൂടെ ഒലിച്ചിറങ്ങുന്ന ചോര നക്കി നക്കി ആയിരുന്നു അവന്റെ വരവ്. ചൂടു ചോരയുടെ രുചി കാരണം അവന്‍ ആടുകളുടെ തൊട്ടടുത്തെത്തിയത് ശ്രദ്ധിച്ചില്ല. കൂടുതല്‍ ശക്തിയായി ഇടിക്കാന്‍ വേണ്ടി ആടുകള്‍ പുറകോട്ടു മാറിയപ്പോള്‍ കുറുക്കന്‍ അവരുടെ നടുവില്‍ എത്തിയിരുന്നു.ശക്തിയായി മുന്നോട്ട് ഓടിവന്ന  ആടുകളുടെ ഇടിയേറ്റ് ചതിയനായ കുറുക്കന്റെ തല പൊട്ടി ആടുകളുടെ ചോരയോടൊപ്പം പാറയിലുടെ ഒഴുകി. വേദന എടുത്ത് അലറിയ കുറുക്കന്‍ വിളിച്ചു പറഞ്ഞു.“ഞാന്‍ നിങ്ങളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ നുണ പറഞ്ഞതാണേ” എന്നും പറഞ്ഞു ജീവനും കോണ്ട് ഒറ്റഓട്ടം. വല്ലവരും പറയുന്നതു കേട്ടു നല്ല കൂട്ടുകാരായ നമ്മള്‍ വഴക്കുണ്ടാക്കിയല്ലൊ എന്നു ഓര്‍ത്ത്  ചന്ദനും ചന്തുവും സങ്കടത്തോടെ  നോക്കി നിന്നു.

        ഇതില്‍ നിന്നും ഒരു കാര്യം എന്റെ പൊന്നു മക്കള്‍ക്കു മനസ്സിലായില്ലെ. സത്യമറിയാതെ തമ്മിലടിക്കരുത്.  ഇഷ്ടമായോ ഈ കഥ.



ഇനി നമുക്ക് ഈ സുന്ദരന്മാരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം, അല്ലേ.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Saturday, January 1, 2011

ബുദ്ധി രക്ഷിക്കും

                      പണ്ടു പണ്ട് ഒരു ഗ്രാമത്തിനടുത്തുള്ള കാട്ടില്‍ ഒരു കുറുക്കന്‍ താമസിച്ചിരുന്നു.അവന്‍ ദിവസവും സന്ധ്യ കഴിഞ്ഞു (ഇരുട്ടി തുടങ്ങിയാല്‍)നാട്ടിലിറങ്ങും.വീടുകളുടെ അടുത്തുകൂടെ ആരും കാ‍ണാതെ കറങ്ങി നടക്കും.കൂട്ടില്‍ കയറാതെ  നില്‍ക്കുന്ന കോഴിയെ കണ്ടാല്‍ ചാടിപ്പിടിച്ചുകൊണ്ട് കടന്നു കളയും.ആരെങ്കിലും കോഴിക്കൂട് അടക്കുവാന്‍ മറന്നു പോയിട്ടുണ്ട്ങ്കില്‍ ഒരു കോഴി അവനു അത്താഴമായതു തന്നെ.നാട്ടുകാര്‍ക്ക് അവനൊരു ശല്യമായിത്തീര്‍ന്നിരുന്നു. നാട്ടുകാര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ട്.സൂത്രക്കാരനായ അവന്‍ എപ്പോഴും രക്ഷപെടും.
                      പതിവുപോലെ കുറുക്കന്‍ ഇര(തീറ്റ) തേടി ഇറങ്ങി. നല്ല നിലാവ് പരന്നിരുന്നു.നിഴലുകളില്‍ കൂടിയും വെളിച്ചം വീഴാത്ത വഴികളില്‍ കൂടിയും അവന്‍ പാത്തും പതുങ്ങിയും നടന്നു. പാതിരാത്രി വരെ തിരഞ്ഞു നടന്നിട്ടും ആഹാരത്തിനു അവനു ഒന്നും കിട്ടിയില്ല. അവന്‍ ക്ഷീണം കൊണ്ടും വിശപ്പു കൊണ്ടും തീരെ നടക്കുവാന്‍ കഴിയാതെ ഒരു വീടിന്റെ പിറകില്‍ പോയി കിടന്നു.അപ്പോള്‍ അല്പം അകലെ ഒരു ശബ്ദം കേട്ടത് അവന്‍ ശ്രദ്ധിച്ചു.ഒരു മുയല്‍ മരച്ചീനിയുടെ ചുവടു മാന്തുകയാണ്. കുറുക്കന്‍ എഴുന്നേറ്റ് സാവധാനം മുയലിന്റെ പിറകില്‍ച്ചെന്നു. ഒറ്റ കുതിപ്പിനു(ചാട്ടത്തിനു)അതിന്റെ ചെവിയില്‍ പിടികൂടി.മുയല്‍ പേടിച്ചു പോയി.എന്നാല്‍  പെട്ടന്നു തന്നെ മുഖത്തു സന്തോഷം വരുത്തിക്കൊണ്ട് മുയല്‍ പറഞ്ഞു:

“ചേട്ടാ ഞാന്‍ കുറച്ചു വെണ്ണ തിന്നാന്‍ ഇറങ്ങിയതാ. എന്തൊരു കൊതി, പോയി നോക്കിയിട്ട് ഒരഞ്ചാറു പേര്‍ക്ക് തിന്നാനുള്ളതുണ്ട്. ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടെ വിളിച്ചുകൊണ്ടു പോകാമെന്നു കരുതിയിരിക്കയായിരുന്നു”

“അതിനു മരച്ചീനിയുടെ  മൂടു തുരക്കുന്നതു എന്തിനാണ്?”, കുറുക്കന്‍ ചോദിച്ചു.

“അതു കൊള്ളാം; വെറുതേ ഇരുന്നപ്പോള്‍ ഒരു തമാശ, തന്നെയുമല്ല വെണ്ണ ഇന്നങ്ങു തീരും, നാളത്തേക്കു വല്ലതും വേണ്ടേ?” മുയല്‍ ചോദിച്ചു.

“അപ്പോള്‍ നീ നാളെ മരച്ചീനി തിന്നാനിരിക്കുവാ?” കുറുക്കന്‍ ചോദിച്ചു.

“പറഞ്ഞതു പോലെ ഞാനതങ്ങു  മറന്നു, ചേട്ടനെന്നെ പിടിച്ചിരിക്കയാണല്ലോ,  കൊന്നാലുമായി, തിന്നാലുമായി” മുയല്‍ സങ്കടത്തോടെ പറഞ്ഞു.

“ഇന്നെനിക്കു ഇതുവരെ ഒന്നും കിട്ടിയില്ല, നന്നായി വിശക്കുന്നും ഉണ്ട്, നല്ല പാലുപോലുള്ള നിന്റെ മാംസം ദൈവമായിട്ടെനിക്കു കാണിച്ചു തന്നതു ഞാന്‍ എങ്ങനെ വേണ്ട എന്നു വയ്ക്കും?”കുറുക്കന്‍ പിടി  ഒന്നുകൂടി ബലപ്പെടുത്തി.

“ചേട്ടാ ഒരു ഉപകാരം ചെയ്യണം, എനിക്കു വെണ്ണ തിന്നാന്‍ വലിയ കൊതി, കുറച്ചു വെണ്ണ തിന്നാന്‍ ചേട്ടന്‍ എന്നെ സമ്മതിക്കണം, അതു കഴിഞ്ഞു ചേട്ടന്‍ എന്നെ തിന്നോ, എനിക്കു സമ്മതമാ, എന്റെ ചെവിയില്‍ നിന്നു പിടി  വിടണ്ട്” മുയല്‍ പറഞ്ഞു.

“വെണ്ണ എവിടെ?”കുറുക്കന്‍ ചോദിച്ചു.

         “ചേട്ടന്‍ വാ ഞാന്‍ കാണിച്ചു തരാം“, മുയല്‍ കുറുക്കനേയും കൊണ്ട് ആ വീടിന്റെ കിണറിനടുത്തു ചെന്നു.അവിടെ വലിയ ഒരു കയറിന്റെ രണ്ടറ്റത്തും തൊട്ടി കെട്ടി കപ്പിയില്‍ തൂക്കിയിട്ടിരുന്നു.മുയല്‍ കുറുക്കനോട് കിണ്ട്റ്റിലേക്കു നോക്കുവാന്‍ പറഞ്ഞു. കുറുക്കന്‍ എത്തിനോക്കി. ആകാശത്തു തെളിഞ്ഞു നിന്നിരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം(നിഴല്‍) കിണറ്റില്‍ കണ്ടു.അതു വെണ്ണയാണന്നു തെറ്റിദ്ധരിച്ച കുറുക്കന്‍ ആര്‍ത്തിയോടെ(കൊതിയോടെ) ചോദിച്ചു, “ചെങ്ങാതീ നമ്മള്‍ ഇതു തിന്നാന്‍ എങ്ങനെ കിണറ്റിലിറങ്ങും?”
           മുയല്‍ പറഞ്ഞു, “അതിനോ പ്രയാസം, ചേട്ടന്‍ ചെവിയില്‍ നിന്നും പിടി വിടുക ഞാന്‍ കാണിച്ചു തരാം, ഒരു തൊട്ടിയില്‍ കയറി ഞാന്‍ ആദ്യം കിണറ്റിലിറങ്ങാം,പിറകേ അടുത്തതില്‍ കയറി ചേട്ടനും വരണം”.എന്നു പറഞ്ഞു മുയല്‍ ഒരു തൊട്ടിയില്‍ ചാടികയറി. തൊട്ടി കിണറ്റിലേക്കു താണു.മുയല്‍ ആദ്യം ചെന്നു മുഴുവനും തിന്നങ്കിലോ എന്നു വിചാരിച്ച് പെട്ടന്നു കുറുക്കന്‍ മറ്റെ തൊട്ടിയില്‍ ചാടിക്കയറി.അതു ഭാരം കാരണം പെട്ടന്നു കിണറ്റില്‍ താണു വെള്ളത്തില്‍ മുങ്ങി.കയറിന്റെ മറ്റേ അറ്റം മുകളിലേക്കു ഉയര്‍ന്നു.സൂത്രക്കാരനായ മുയല്‍ കരയിലേക്കു ചാടി ഓടി രക്ഷപെട്ടു.


ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏതു ചതിയില്‍ നിന്നും രക്ഷപെടാം

             ഇനി, ഈ ചങ്ങാതിമാരെക്കുറിച്ച് കൂടുതലറിയാന്‍, ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ
  

Wednesday, December 1, 2010

ഒരു ഉപകാരത്തിന്റെ കഥ....

കഥകള്‍ കേട്ടു വളരുന്നവരേ, കളങ്കം നിങ്ങളില്‍ വളരില്ല
കഥകള്‍ കേട്ടു വളര്‍ന്നാലോ, അറിവുകള്‍ നിങ്ങളില്‍ വളര്‍ന്നീടും
ഈ ലോകം നിങ്ങളെയറിഞ്ഞീടും
 
          അതു കൊണ്ട് നമുക്ക് ഒരുപാടൊരുപാട് കഥകള്‍ കേട്ടു വളരാം അല്ലേ മക്കളേ... ഓടിവായോ ഇന്നു നമുക്ക് ഒരു  ഉപകാരത്തിന്റെ കഥ കേട്ടാലോ?


           പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിനു ഒരു തോന്നല്‍ ഉണ്ടായി.
മനുഷ്യനു തീരെ ഉപകാരമില്ലാത്ത ഒരു ജീവിയും എന്റെ രാജ്യത്തു വേണ്ട എന്ന്. കുറെ നേരം ആലോചിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നി ആ ജീവി ഈച്ച ആണ് എന്ന്. ഉടനെ തന്നെ രാജാവ് ഭടന്മാരെ വിളിച്ചിട്ടു പറഞ്ഞു, “ഈ രാജ്യത്തുള്ള എല്ലാ ഈച്ചകളെയും കൊല്ലുക”.രാജകല്പന അല്ലെ. ഭടന്മാര്‍ക്കു അനുസരിച്ചല്ലേ പറ്റൂ. അവര്‍ ആ രാജ്യത്തെ ഈച്ചകളേ മുഴുവനും കൊന്നു.
 
           കുറെ കാലം കഴിഞ്ഞു ഭയങ്കരമായ യുദ്ധം വന്നു. നമ്മുടെയീ രാജാവ് യുദ്ധത്തില്‍ തോറ്റു. അദ്ദേഹം പേടിച്ചോടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള ഒരു ഗുഹയില്‍ കയറി ഒളിച്ചു. രാജാവിനെ അന്വേഷിച്ചു ശത്രുക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായ ക്ഷീണം കാരണം ആ ഗുഹയില്‍ കിടന്നു രാജാവു ഉറങ്ങിപ്പോയി. പെട്ടെന്നു തന്റെ മുഖത്തു എന്തൊ ഒന്നു ചെറുതായി കടിച്ചപോലെ രാജാവിനു തോന്നി. പെട്ടെന്നു അദ്ദേഹം ഉണര്‍ന്നു. അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു ഈച്ച ആയിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു സംശയം വന്നില്ലേ? ഈ ഈച്ച എവിടെ നിന്നു വന്നു എന്ന്‍? അതിര്‍ത്തിയിലെ ഗുഹ അല്ലെ? ഈച്ച അടുത്ത രാജ്യത്തില്‍ നിന്നും വന്നതാ. അപ്പോള്‍ രാജാവ് ഉണര്‍ന്നു അല്ലെ. ചുറ്റുപാടും ശ്രദ്ധിച്ച രാജാവ് ശത്രുക്കള്‍ തന്നെ തേടി വരുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍ കേട്ടു.പെട്ടന്നു ഗുഹയില്‍ നിന്നിറങ്ങി ഓടി അടുത്ത രാജ്യത്ത് അഭയം പ്രാപിച്ചു. 

               കുറച്ചു നാള്‍ കഴിഞ്ഞു രാജാവ് അയല്‍ രാജ്യത്തെ രാജാവിന്റെ സഹായത്തോടെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു. സ്വന്തം നാ‍ട്ടില്‍ തിരിച്ചെത്തിയ രാജാവിന് ആദ്യം ഓര്‍മ്മ വന്നത്  ഉറങ്ങിപ്പൊയ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയ ഈച്ചയെ ആയിരുന്നു.
അന്നു അവിടെ കിടന്നു ഉറങ്ങിപ്പോയിരുന്നങ്കില്‍ എന്താകുമായിരുന്നു രാജാവിന്റെ അവസ്ഥ? രാജാവു വീണ്ടും ജനങ്ങളൊടെല്ലാവരോടും ആയിട്ടു പറഞ്ഞു, “ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല, എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക....
      
           ഇനി, നമുക്ക് ഈച്ചയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം, അല്ലേ...അതിന് ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ....