Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, April 13, 2010

ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......

 ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......
 എന്റെ കഥപ്പെട്ടിയെ, അല്ലാ നമ്മുടെ സമ്പാദ്യപ്പെട്ടിയേ ഐശ്വര്യമാക്കിയ ഈ വിഷുക്കണി ബൂലോകത്തിനുവേണ്ടി കാഴ്ചവയ്ക്കുന്നു. ഈ കത്ത് എന്റെ ഗീതേച്ചി  എനിക്കു തന്ന വിഷുക്കൈനീട്ടം ആണ്.    ചേച്ചിയുടെ അനുവാദത്തോടെ എല്ലാവര്‍ക്കുമായി ഞാന്‍ ഇതു പങ്കുവൈക്കുന്നു.


ഉഷസ്സേ, ഇനി അടുത്ത കഥ ഞാന്‍ പറയട്ടേ?

“ഈച്ചയും പൂച്ചയും കഞ്ഞി വച്ചു ”

ഈ കഥ എഴുതുമോ?

ഈ കഥയെ കുറിച്ച് എനിക്ക് ഒരനുഭവമുണ്ട്. കൃത്യം ഓര്‍മ്മയില്ല, എന്റെ അനിയത്തിയുടെ ഒന്നാം പാഠപുസ്തകത്തിലാണോ അതോ മറ്റേതോ ബാലപുസ്തകത്തിലാണോ എന്ന്, ഏതായാലും അവള്‍ക്ക് വേണ്ടി വാങ്ങിയ പുസ്തകത്തില്‍ ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥയുണ്ട്. അവള്‍ പുസ്തകം വായിക്കാറായിട്ടില്ല. ചിത്രങ്ങള്‍ ഒക്കെ കണ്ട് ആസ്വദിക്കും. അതിലെ കഥകള്‍ അമ്മ വായിച്ചു കൊടുക്കണം. വലിയ വാശിക്കാരിയായിരുന്നു. അതുകൊണ്ട് പറയുന്നത് കേള്‍ക്കുകയേ പറ്റൂ. അമ്മ ഉമ്മറത്തെ തിണ്ണയിലിരുന്ന് ആദ്യത്തെ തവണ കഥ വായിച്ചു കേള്‍പ്പിക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ( കഥ അറിയാമായിരിക്കും, എങ്കിലും പറയുന്നു : ഈച്ചയും പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് കഞ്ഞി വച്ചു. [പുസ്തകത്തിലെ പടം ഇപ്പോഴും ഓര്‍മ്മയുണ്ട്. തീ പൂട്ടിയ അടുപ്പില്‍ കലം വച്ച് അതില്‍ കഞ്ഞി തിളക്കുന്നു, ആവി മുകളിലോട്ട് പോകുന്നു, പൂച്ച അരികില്‍ ഇരിക്കുന്നു, ഈച്ച അടുത്തായി പാറുന്നു. ഇത്രയുമാണ് ആദ്യചിത്രത്തില്‍ ]. കഞ്ഞി വെന്തു കഴിഞ്ഞ് അതു കോരി കുടിക്കാന്‍ പ്ലാവില എടുക്കാനായി പൂച്ച പോകുന്നു, കഞ്ഞി നോക്കിക്കോളാന്‍ ഈച്ചയോട് പറഞ്ഞിട്ട്. കുറച്ചു നേരം കഴിഞ്ഞ് പൂച്ച കോട്ടിയ പ്ലാവിലയുമായി വരുന്നു. ഈച്ചയെ പക്ഷേ കാണുന്നില്ല. പൂച്ച മ്യാവൂ മ്യാവൂ എന്നു വിളിച്ചു കൊണ്ട് പരിസരത്തെല്ലാം ഈച്ചയെ തിരഞ്ഞു. എങ്ങും കണ്ടില്ല.

അവസാനം കണ്ടുപിടിച്ചു - ഈച്ച ചൂടു കഞ്ഞിയില്‍ വീണ് ചത്തുകിടക്കുന്നു. ഇതു കണ്ട് പൂച്ച പൊട്ടിക്കരയുന്നു. കഞ്ഞിയില്‍ വീണു കിടക്കുന്ന ഈച്ചയും പൊട്ടിക്കരയുന്ന പൂച്ചയുമാണ് അടുത്ത ചിത്രത്തില്‍. കോട്ടിയ പ്ലാവിലകള്‍ നിലത്തും. )

അമ്മ ഈ കഥ വായിച്ച് അവസാനിപ്പിച്ചപ്പോള്‍ അനിയത്തി സമ്പൂര്‍ണ്ണ നിശ്ശബ്ദ. ഒരല്‍പ്പം കഴിഞ്ഞപ്പോഴുണ്ട് മുള ചീന്തും പോലെ അവളങ്ങോട്ടു കരയുന്നു ഏങ്ങിയേങ്ങി. ഇതു വെറും കഥയാണ് എന്നൊക്കെ പറഞ്ഞിട്ടും അവള്‍ കരച്ചില്‍ നിറുത്തുന്നില്ല. അങ്ങനെ ആ ദിവസം.

അതിനു ശേഷം പലവട്ടം അവള്‍ അമ്മയെക്കൊണ്ട് ഈ കഥ വായിപ്പിക്കുകയും കഥ വായിച്ചു കഴിയുമ്പോള്‍ അവള്‍ പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. എനിക്കാണെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ് അവള്‍ ഈ കഥ വായിച്ചു കൊടുക്കാന്‍ അമ്മയോട് പറയുന്നത് കേള്‍‍ക്കുമ്പോഴും അനുഭവമറിയാമെങ്കിലും അമ്മ പിന്നേയും അതു വായിച്ചു കൊടുക്കാന്‍ തുടങ്ങുമ്പോഴും. ‍ എല്ലാത്തവണയും അവളീ കഥയുടെ അവസാനം കരച്ചില്‍ തന്നെ.

ഇന്നവള്‍ ഒരു ഭയങ്കരിയാണ് കേട്ടോ. എന്നെക്കാള്‍ ഒന്നര വയസ്സിന് ഇളയത്. ഡോക്ടറാണ്. ഈ പ്രൊഫഷന്‍ എടുക്കണമെങ്കില്‍ തന്നെ ഇത്തിരി മന:ധൈര്യം വേണമല്ലോ.

കിലുക്കേ, ഇത് ട്രാജഡിയായതു കൊണ്ട്, കുഞ്ഞു മനസ്സുകളെ കരയിപ്പിക്കാതെ വേറൊരു രീതിയില്‍ (ഹാപ്പി എന്‍‌ഡിംഗ്) അവതരിപ്പിക്കാമോ? ആ ഭാവന വിടര്‍ന്നു വിലസട്ടേ. പിന്നെ, വലിയജീവിയും കുഞ്ഞുജീവിയും തമ്മിലുള്ള സൌഹൃദമെന്നൊക്കെ പറഞ്ഞ് ഒരു ഗുണപാഠവും കൂടി ചാലിച്ചു ചേര്‍ത്ത്.. :)

പിന്നെ, മാണിക്യം ഇട്ട പോസ്റ്റില്‍ മൈത്രേയിയുടെ കമന്റ് വായിച്ചോ? ഞാന്‍ അതു വായിച്ച് ഒത്തിരി ചിരിച്ചു കേട്ടോ.
സുഖം തന്നെയല്ലേ?
സസ്നേഹം ഗീത.
On Mon, 05 Apr 2010 17:29:31 +0530 wrote ”

--------------------------------------------------------

കുഞ്ഞുമനസ്സുകളെ നോവിച്ച ഒരു കഥയാണിത്. കഞ്ഞിക്കലത്തില്‍  വീണ ഈച്ചയേ ഓര്‍ത്ത് വിഷമിച്ചിട്ടുള്ള കുട്ടികളുടെ കൂട്ടത്തില്‍ ഒരുകാലത്ത് ഈ ഞാനും ഉണ്ടായിരുന്നു.അന്ന് എന്റെ അമ്മ പറയുമായിരുന്നു “ പൂച്ച പ്ലാവിലക്കു പോയതക്കം നോക്കി കഞ്ഞി മുഴുവനും ഒറ്റക്കു അകത്താക്കാം എന്നു വിചാരിച്ച ഈച്ചയുടെ ആര്‍ത്തിയാണ് അതിനേ അപകടത്തിലാക്കിയത് എന്ന്. പിന്നെ ഒരു നല്ല കൂട്ടുകാരനോടേ വിശ്വാസവഞ്ചന കാട്ടിയതിനുള്ള ശിക്ഷയാ.(ചേച്ചീ ആ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു  കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഉമ്മ തരുന്നു കേട്ടോ).പലഗുണപാഠങ്ങളും ഉള്ള ഒരു കഥ അല്ലേ?


ചേച്ചിയുടെ ആവശ്യപ്രകാരം ഈ കഥക്ക് ചെറിയൊരുമാറ്റം വരുത്തുന്നു.വായിക്കുന്ന എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം കുഞ്ഞുമനസ്സുകളേ വേദനിപ്പിക്കാതെ മാറ്റങ്ങള്‍ വരുത്താന്‍ കൂടണേ.


കിലുക്കാ‌പെട്ടി അതിനെ ഇങ്ങനെ ഒന്നു മാറ്റിനോക്കി.


പൂച്ച പ്ലാവിലയുമായി വന്നപ്പോള്‍ ഈച്ചയേ കണ്ടില്ല.  ആകെ വിഷമിച്ച പാവം പൂച്ച മ്യാവൂ മ്യാവൂ  എന്നു കരഞ്ഞു കൊണ്ട് എല്ലായിടവും തിരഞ്ഞു  ഈച്ചയെ. ചൂടുകഞ്ഞിയില്‍ വീണോ എന്നു പേടിച്ചു ആ കഞ്ഞിക്കലം മറിച്ചു നിലത്തു വീഴ്ത്തി അതിലും നോക്കി. എവിടേയും  ഈച്ചയേ കാണാതെ കരഞ്ഞു തളര്‍ന്നു പാവം പൂച്ച ഈച്ചയെ തേടി നടന്നു. പെട്ടന്നു ഒരു കള്ളച്ചിരികേട്ട പൂച്ച അപ്പുറത്തേ നായ്ക്കുട്ടീടെ അടുക്കളയിലേക്കു എത്തിനോക്കി. അവിടെക്കണ്ട കാഴ്ച പൂച്ചയെ ഞെട്ടിച്ചു  കളഞ്ഞു എന്റെ മക്കളേ...

കണ്ണീരു തുടച്ചുകൊണ്ട് പൂച്ച നിലത്തുവീണു കിടന്ന കഞ്ഞി നക്കികുടിക്കാന്‍ തുടങ്ങി.
എന്തായിരുന്നു  പാവം പൂച്ചകുറിഞ്ഞിയെ ഞെട്ടിച്ച ആ കാഴ്ച്ച?
നായക്കുട്ടീടെ പായസക്കലത്തിന്റെ വക്കത്തിരുന്ന് അതില്‍ പറ്റിയിരിക്കുന്ന പായസം നക്കി നക്കി കുടിച്ചുകൊണ്ട് പൂച്ചയേ കള്ളക്കണ്ണിട്ടു നോക്കുകയും ചിരിക്കയും ചെയ്യുന്നു ഈച്ച...ഹി..ഹി..

കഞ്ഞി നക്കികുടിക്കുന്ന പൂച്ചയോട് ഈച്ച വിളിച്ചു ചോദിച്ചു “മണ്ടന്‍ പൂച്ചേ, വിഷുവുമായിട്ടു നീ അല്ലാതേ ആരേലും പായസം കിട്ടിയാല്‍ കുടിക്കാതിരിക്കുമോ?”
അതന്നേ.........എന്നു പറഞ്ഞു പായസക്കലത്തിനരികിലേക്കോടി നമ്മുടെ കുറിഞ്ഞിയും. കണ്ടില്ലേ ആ പൊടിയന്‍ ഈച്ചക്കു  തടിയന്‍ പൂച്ചയോടുള്ള സ്നേഹം? “സ്വാദുള്ള വസ്തുക്കള്‍ താനേ കഴിക്കലാ(കഴിക്കരുത്)“ എന്നുള്ള കാര്യം എന്റെ പൊന്നു മക്കളെപ്പോലെ  ആ കുഞ്ഞു ഈച്ചക്കും അറിയാം അല്ലേ?
അപ്പോള്‍ എല്ലാവരും പായസംകുടിച്ചു വിഷു ആഘോഷിക്കൂ.

നമുക്കു വിഷുക്കണിയായും വിഷുക്കൈനീട്ടമായും ഒക്കെ ഒരു കഥ തന്ന ഗീതേച്ചിക്കും, ഒരു ഈച്ചയുടെ ജീവനെപ്പോലും സ്നേഹിക്കുന്ന അനിയത്തി ഡോക്ടര്‍ക്കും എല്ലാവര്‍ക്കും വിഷു ആശംകളും നന്മകളും നേരുന്നു.

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഈച്ചയെയും പൂച്ചയെയും പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ

Thursday, April 1, 2010

അത്യാഗ്രഹം നല്ലതല്ല .....

അത്യാഗ്രഹം  നല്ലതല്ല .....
ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കള്‍ക്കും,അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം.


ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.


നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.


“ബൌ.....ബൌ.....”


പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!


എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.


നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ്  വെള്ളത്തില്‍ കണ്ടത് എന്ന്.


വെള്ളത്തില്‍ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.


എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
ഈ ഗാനം കൂടി കേട്ടുനോക്കൂ....


ezhunila | Upload Music

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇവനെപ്പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ