Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, April 1, 2014

നീലക്കുറുക്കൻ


പ്രിയപ്പെട്ട എന്റെ കുഞ്ഞുങ്ങളേ,
      പരീക്ഷയൊക്കെ കഴിഞ്ഞ്,  എല്ലാപേരും അവധിയൊക്കെ ആഘോഷിക്കുകയാണല്ലേ..ഇന്ന് ഞാൻ നീലക്കുറുക്കന്റെ ഒരു കുഞ്ഞു കഥ പറയട്ടേ.
       കാട്ടിലെ കൗശലക്കാരനായിരുന്നു ബിട്ടു കുറുക്കൻ.  ഒരിക്കൽ വിശന്നു വലഞ്ഞ് ഭക്ഷണം തേടി അലഞ്ഞ് അവൻ സമീപത്തെ ഗ്രാമത്തിലെത്തി.  അപരിചിതനായ കുറുക്കനെ കണ്ട് നാട്ടിലെ നായ്ക്കൾ അവനെ ഓടിച്ചു. പേടിച്ചോടിയ ബിട്ടു അബദ്ധത്തിൽ ഒരു അലക്കുകാരന്റെ പുരയിടത്തിലാണ് ചെന്നെത്തിയത്. അവിടെ ഒരു വലിയ പാത്രത്തിൽ എന്തോ ഇരിക്കുന്നത് കണ്ട ബിട്ടു, ഭക്ഷിക്കാൻ പറ്റിയ എന്തെങ്കിലുമാവും എന്നു കരുതി അതിൽ എത്തിവലിഞ്ഞു നിന്ന് തലയിട്ടു.  അത് അലക്കുകാരൻ തുണിയിൽ മുക്കാൻ നീലം കലക്കി വച്ചിരുന്ന പാത്രമായിരുന്നു.  കഷ്ടകാലത്തിന് ബിട്ടു കാലുതെന്നി അതിനുള്ളിൽ വീണുപോയി.  ഭയവും വെപ്രാളവും കൊണ്ട് ആകെ ബഹളം വച്ച അവൻ  എങ്ങനെയോ പാത്രത്തിൽ നിന്ന് പുറത്തു ചാടിയോടി കാട്ടിലെത്തി.   നീലത്തിൽ വീണ അവന്റെ നിറം അപ്പോൾ നീലയായിരുന്നു.  ഇത്തരത്തിൽ നീല നിറമുള്ള മൃഗങ്ങളെ കണ്ടിട്ടില്ലാത്ത മറ്റു മൃഗങ്ങൾ ബിട്ടുവിനെ കണ്ട് ഭയപ്പെട്ടു.  എന്തിന്, മൃഗരാജനായ  സിംഹം പോലും ഒന്നു ഞെട്ടി.  ആദ്യമൊന്നും ബിട്ടുവിന് കാര്യം പിടികിട്ടിയില്ല; തന്നെ ഇവർക്ക് തിരിച്ചറിയാൻ പറ്റിയില്ല എന്നു മാത്രം മനസ്സിലായി.  ആകെ ചിന്താക്കുഴപ്പത്തിലായ ബിട്ടു ഇതിന്റെ കാരണമന്വേഷിക്കാൻ തലപുകഞ്ഞ് ആലോചിച്ചു.  ഒടുവിൽ അടുത്തു കണ്ട കുളത്തിലെ  വെള്ളത്തിൽ തന്റെ പ്രതിഛായ നോക്കി.  സത്യത്തിൽ  മറ്റെല്ലാപേരെക്കാളും നന്നായി  ഞെട്ടിയത് ബിട്ടു തന്നെയായിരുന്നു.  നീലത്തിൽ വീണ് തന്റെ നിറം തന്നെ നീലയായിരിക്കുന്നു. 
കൗശലക്കാരനായ ബിട്ടു ഈ അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു; സിംഹരാജൻ പോലും തന്നെ ഭയപ്പെട്ടിരിക്കുകയാണല്ലോ. ബിട്ടു വളരെ ഗൗരവത്തോടെ കാട്ടിലെ പ്രധാന വഴിയിലൂടെ അങ്ങനെ നടന്നു നീങ്ങി.  മറ്റു മൃഗങ്ങൾ തന്നെ കണ്ട് ഭയന്നു മാറുന്നത് അവൻ ശരിക്കും ആസ്വദിച്ചു.  അവൻ ഒരു മരത്തിന്റെ ചുവട്ടിൽ  ചെന്നിരുന്ന് അവിടുത്തെ  മൃഗങ്ങളെയാകെ വിളിച്ചു കൂട്ടി. സിംഹം ഉൾപ്പെടെ എല്ലാ മൃഗങ്ങളും ഭയ-ഭക്തി-ബഹുമാനത്തോടെ ഈ  അജ്ഞാതജീവിയുടെ മുന്നിൽ നിരന്നു നിന്നു. തെല്ലൊരു ഗർവ്വോടെ ബിട്ടു സംസാരിക്കാൻ തുടങ്ങി, “എന്റെ പ്രിയപ്പെട്ട പ്രജകളേ.”, ഇത്  കേട്ട് ആദ്യം ഞെട്ടിയത് മൃഗരാജനായ സിംഹം തന്നെയായിരുന്നു.. താൻ രാജാവായ കാട്ടിൽ വന്ന് വേറൊരുവൻ അവിടുത്ത മൃഗങ്ങളെ ‘പ്രജകളേ’ എന്നു വിളിക്കുന്നു, അതായത്  താനിപ്പോൾ അവിടുത്തെ രാജാവല്ല എന്നല്ലേ. ദേഷ്യവും പരിഭവവും ഒക്കെ വന്നെങ്കിലും ഈ അജ്ഞാത ജീവിയുടെ ശക്തിയെക്കുറിച്ച് ഒരു എത്തും പിടിയും ഇല്ലാത്തതിനാൽ സിംഹം മൗനം പാലിച്ചു..


“എന്റെ പ്രിയപ്പെട്ട പ്രജകളേ”, ബിട്ടു തുടർന്നു. “നാം ദൈവത്തിന്റെ ദൂതനായാണ് ഇവിടെ വന്നിരിക്കുന്നത്.  എന്നെ ഈ കാടിന്റെ രാജാവായി ദൈവം നേരിട്ട് വാഴിച്ചിരിക്കുന്നു.  എല്ലാപേരും ഇനിമുതൽ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം”
പാവം മൃഗങ്ങളൊക്കെ ഇതെല്ലാം വിശ്വസിച്ചു.  തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത രൂപമായതു കൊണ്ട് ഈ പറഞ്ഞതൊക്കെ വിശ്വസിക്കാനല്ലേ പറ്റൂ എന്നാൽ യുവാക്കളുടെ നേതാവായ ചെമ്പൻ കരടിയ്ക്ക് മാത്രം ഒരു സംശയം തോന്നി.   കാട്ടിലെ ഏതോ ഒരു മൃഗത്തിന്റെ രൂപസാദൃശ്യം ഇവനില്ലേ. പക്ഷേ ഈ നിറമാണ് ആകെ കുഴപ്പിക്കുന്നത്ഏതായാലും അവൻ തൽകാലം മൗനം പാലിച്ചു.
“സിംഹത്തിനെ ഞാൻ എന്റെ പ്രധാനമന്ത്രിയായി നിയമിക്കുന്നു.  രാജാവിന് ആഹാരവും മറ്റുമെത്തിക്കേണ്ട ചുമതല പ്രധാനമന്ത്രിക്കായിരിക്കും”, അമ്പരപ്പും അതൃപ്തിയും ഉണ്ടെങ്കിലും സിംഹത്തിന് ഭയം കാരണം ഇത് അംഗീകരിക്കേണ്ടി വന്നു.  ബിട്ടു മറ്റ് മൃഗങ്ങൾക്കും ഓരോരോ ചുമതലകൾ നൽകി.  ഇതിനിടയിൽ കുറുക്കന്മാരുടെ ഊഴം വന്നു.  തന്റെ വർഗ്ഗത്തിൽ പെട്ട  കുറുക്കന്മാർ   ഈ കാട്ടിൽ കഴിയുന്നത് തന്റെ നില എപ്പോഴെങ്കിലും പരുങ്ങലിലാക്കുമെന്ന് ബിട്ടുവിന് തോന്നി.  “കൗശലക്കാരും കള്ളന്മാരുമായ കുറുക്കന്മാരെ നാം ഈ കാട്ടിൽ നിന്നും പുറത്താക്കുന്നു.  എല്ലാ  മൃഗങ്ങളും കുറുക്കന്മാരെ ഇവിടുന്ന് നാടുകടത്താൻ വേണ്ടത് ചെയ്യണം”. പുതിയ രാജാവിന്റെ കൽപ്പനയല്ലേ. എല്ലാ മൃഗങ്ങളും കൂടി മറ്റ് കുറുക്കന്മാരെയെല്ലാം ആ കാട്ടിൽ നിന്ന് തുരത്തി.  ബിട്ടു ഉള്ളിൽ ഊറി ചിരിച്ചു.  ഇനി തന്റെ നില ഭദ്രമായി. 
ദിവസങ്ങൾ കടന്നുപോയി.  ബിട്ടു കാട്ടിലെ രാജാവായി വിലസി.  സിംഹം വേട്ടയാടി കിട്ടുന്ന ഏറ്റവും നല്ല ഭക്ഷണം ആദ്യം ബിട്ടുവിന് കൊടുക്കും, ബിട്ടു രാജാവ് ഭക്ഷിച്ചതിനുശേഷം മാത്രമേ മറ്റു മൃഗങ്ങൾ ആഹാരം കഴിച്ചിരുന്നുള്ളൂ.  ബിട്ടുവിന് വിശറി വീശാനും ആനയും, പാട്ടുപാടി രസിപ്പിക്കാൻ കുയിലും, സർക്കസ് കാട്ടി സന്തോഷിപ്പിക്കാൻ കുരങ്ങന്മാരും മത്സരിച്ചു.   ഈ സാഹചര്യങ്ങൾ പരമാവധി മുതലെടുത്ത ബിട്ടുവിന് അധികാരം തലയ്ക്ക് പിടിച്ചു.  ക്രമേണ അവൻ അൽപ്പം ക്രൂരനായി മാറി.  തന്നെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തിന്നെന്നു തോന്നുന്നവരെ ശിക്ഷിക്കാനും മറ്റും തുടങ്ങി.  ഇത് മറ്റ് മൃഗങ്ങളിൽ അതൃപ്തിയുണ്ടാക്കി.  അതൃപ്തി ക്രമേണ ദേഷ്യത്തിനും ബിട്ടുവിനെ എങ്ങനെയും ഇല്ലാതാക്കണമെന്ന ചിന്തയിലേക്കും നയിച്ചു.  ബിട്ടു ആരാണെന്ന അജ്ഞതയും ഭയവും  കാരണം ഈ അതൃപ്തി ആരും പുറത്തു കാട്ടിയില്ല.  എങ്കിലും  അവസരം കിട്ടിയാൽ അവനെ കൈകാര്യം ചെയ്യാൻ ചെമ്പൻ കരടിയുടെ നേതൃത്വത്തിലെ യുവനിര തക്കം പാർത്തിരുന്നു. അവർക്ക് പിന്തുണയുമായി കാട്ടിൽ  നിന്ന് പുറത്താക്കപ്പെട്ട കുറുക്കന്മാരും
അങ്ങനെയിരിക്കെ ഒരു ദിവസം.കാട്ടിലെ മൃഗങ്ങളുടെ അമ്പലത്തിലെ ഉത്സവമായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ്, വയറു നിറയെ ഭക്ഷണമൊക്കെ കഴിച്ച് ബിട്ടു മറ്റ് മൃഗങ്ങൾക്കൊപ്പം ആ വലിയ ആൽമരച്ചുവട്ടിൽ വിശ്രമത്തിലായിരുന്നു.  തങ്ങൾ കൂടി പങ്കെടുത്ത് വിജയിപ്പിച്ചിരുന്ന ഉത്സവത്തിൽ ഭാഗമാകാൻ കഴിയാത്തതിൽ നിരാശരായ കുറുക്കന്മാർ കാടിനു പുറത്ത് കൂട്ടം കൂടി നിന്ന് ഓരിയിട്ട് തങ്ങളുടെ പ്രതിഷേധമറിയിച്ചു.  പാതി മയക്കത്തിലായിരുന്ന ബിട്ടു, വളരെ നാളു കഴിഞ്ഞ് കേൾക്കുന്ന ആ ഓരിയിടലിൽ സ്വയം മറന്നു.  അവൻ ഒന്നും ചിന്തിക്കാതെ തിരികെ ഓരിയിട്ടു.. പെട്ടെന്നു തന്നെ ചെമ്പൻ കരടി വിളിച്ചു പറഞ്ഞു, “ഇവൻ കള്ളനാണ്. ഇവൻ കുറുക്കനാണ്. വെറും സാധാരണ കുറുക്കൻ”, അവന്റെ സംശയം സ്ഥിരീകരിച്ചുകൊണ്ട്  മറ്റു മൃഗങ്ങളും അതിനെ അനുകൂലിച്ചു


ശരിയാണല്ലോ സൂക്ഷിച്ചു നോക്കിയപ്പോൾ എല്ലാപേർക്കും അത് ബോധ്യപ്പെട്ടു.കൂടാതെ ബിട്ടുവിന്റെ പല ചേഷ്ഠകളും അവരുടെ സംശയത്തെ ബലപ്പെടുത്തി. എല്ലാ മൃഗങ്ങളും  കൂടി അവനെ വളഞ്ഞിട്ട് പൊതിരെ തല്ലി.. തല്ലുകൊണ്ട് ആകെ അവശനായ ബിട്ടു എങ്ങനെയോ അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടു. പിന്നീടവൻ ആ വഴിക്ക് വന്നിട്ടില്ല
എല്ലാപേരെയും ഒരു ദിവസം വിഡ്ഢിയാക്കാം, അതുപോലെ ഒരാളെ എന്നും വിഡ്ഢിയാക്കാനും പറ്റിയേക്കാം.  പക്ഷേ എല്ലാപേരെയും എന്നും എപ്പോഴും വിഡ്ഢിയാക്കാൻ പറ്റില്ല. നീലക്കുറുക്കന്റെ കഥ അതല്ലേ പഠിപ്പിക്കുന്നത്.. അല്ലേ കുഞ്ഞുങ്ങളേ.
      എന്റെ എല്ലാ കുഞ്ഞുങ്ങൾക്കും ഐശ്വര്യപൂർണ്ണവും സന്തോഷപൂർണ്ണവുമായ വിഷു ആശംസകൾ
25198 /106