Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, February 1, 2012

ചത്ത മുതല വാലാട്ടും


            പണ്ട് നമ്മുടെ കുരങ്ങച്ചൻ കഷ്ടിച്ച് ആ മുതലയുടെ വായിൽ നിന്ന് രക്ഷപ്പെട്ട കഥ എന്റെ കുഞ്ഞുങ്ങൾ ഓർക്കുന്നില്ലേ?  അന്നത്തെ ആ അനുഭവത്തിനു ശേഷം കുരങ്ങൻ ആ അത്തിമരം ഉപേക്ഷിച്ച് അങ്ങ് ദൂരെ വേറൊരു സ്ഥലത്തേക്ക് പോയി.  അങ്ങനെയിരിക്കേ ആ പുഴയുടെ അങ്ങേക്കരയിൽ ഒരു കുറുക്കനും കുടുംബവും താമസിക്കാനെത്തി.   കുറുക്കനും ഭാര്യയും പിന്നെ രണ്ട് കൊച്ചു കുഞ്ഞുങ്ങളും ഒരുവിധം സുഖമായി അവിടെ കഴിഞ്ഞുവന്നു.  കാട്ടിലെ ചെറിയ ജീവികളും പുഴയിലെ മത്സ്യങ്ങളും ഞണ്ടും ഒക്കെയായിരുന്നു അവരുടെ ആഹാരം. 
            ആദ്യമൊന്നും കുറുക്കന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരുന്ന മുതല ഒരു ദിവസം കുറുക്കൻകുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കേട്ട് പതുക്കെ ആ കടവിലെത്തി.  ഒരു  ദിവസം കുറുക്കനും ഭാര്യയും കൂടി പുഴയരികെ ഞണ്ടു പിടിക്കാൻ തുടങ്ങുമ്പോഴാണ് പുഴയിൽ ഒരു തടിയൻ മുതലയണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്.  മുതല കുറുക്കത്തിയുടെ പിന്നിലൂടെ വന്ന് അവളെ പിടിക്കാൻ ശ്രമിച്ചത് ഭാഗ്യത്തിന് കുറുക്കൻ കണ്ടു.  പെട്ടെന്ന് അലറിവിളിച്ചുകൊണ്ട് കുറുക്കൻ കുറുക്കത്തിയെ തള്ളിമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടെന്നു മാത്രം. 
            പല മൃഗങ്ങളും വെള്ളം കുടിക്കാനെത്തുന്ന കടവാണ്.  പലപ്പോഴും കൗശലക്കാരനും ദുഷ്ടനുമാണെങ്കിലും തന്റെ ഭാര്യയെ വകവരുത്താൻ ശ്രമിച്ച മുതലയെ ശത്രുവായി കരുതിയതു കൊണ്ട് അവിടെയെത്തുന്ന മറ്റു മൃഗങ്ങൾക്കെല്ലാം അവൻ അപകടകാരിയായ മുതലയെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തു.  അതിനാൽ മൃഗങ്ങളൊക്കെ വളരെ ശ്രദ്ധിക്കാൻ തുടങ്ങി. 
പൊതുവേ പട്ടിണി, പുതുതായി കണ്ടെത്തിയ ഇടത്തും രക്ഷയില്ല. ഇങ്ങനെ പോയാൽ പട്ടിണി കിടന്നു ചത്തതു തന്നെ.  പുഴയിലെ മീനും ഞണ്ടുമൊന്നും കൊണ്ട് പൊണ്ണത്തടിയനായ മുതലയ്ക്ക് വിശപ്പടക്കാൻ കഴിയുന്നില്ല.  താൻ പുഴക്കരയിൽ വെയിൽ കായാൻ കിടക്കുന്നതു കുറുക്കൻ ഒളിഞ്ഞിരുന്ന് ശ്രദ്ധിക്കുന്നതും മറ്റു മൃഗങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നതും അവൻ മനസ്സിലാക്കി.  “ഈ കുറുക്കനാണ് ഇതിനെല്ലാം കാരണം. അവനെ വകവരുത്തിയാലേ രക്ഷയുള്ളൂ”, മുതല അതിനായി പല വഴികളും ആലോചിച്ചു.  ഒടുവിൽ ഒരു ഉപായം തോന്നി. തന്റെ ഒരു മുതുമുത്തശ്ശൻ പണ്ട് ഈ വിദ്യ പ്രയോഗിച്ച് ധാരാളം മൃഗങ്ങളെ തിന്നിട്ടുണ്ടെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
പതിവു പോലെ വെയിൽ കായാനെത്തി വായ തുറന്നു കിടന്ന മുതല ചലനമൊന്നുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നു.  താൻ ചത്തുപോയി എന്നു കരുതി അടുത്തെത്തുന്ന കുറുക്കന്റെ കഥ കഴിക്കാം എന്ന് പദ്ധതിയിട്ടു.  കുറേ നേരം അങ്ങനെ കിടന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ ദാ കുറുക്കൻ വരുന്നു.  പക്ഷേ, കുറുക്കൻ കുറച്ചകലെ മാറി നിന്ന് മുതലയെ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു.  പണ്ട് ഇവിടെ താമസിച്ചിരുന്ന കുരങ്ങച്ചനെ ചതിച്ചു കൊല്ലാൻ ശ്രമിച്ചവനല്ലേ, വിശ്വസിക്കാൻ കൊള്ളില്ല.  ഒരുപാട് നേരം കഴിഞ്ഞിട്ടും മുതലക്ക് അനക്കമൊന്നും ഇല്ല.  കുറുക്കൻ ചെറിയ കല്ലുകളൊക്കെ മുതലയുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചു നോക്കി.  എന്നിട്ടും മുതല അനങ്ങുന്നില്ല.  കുറുക്കന് സംശയമായി.  ഇനി ശരിക്കും മുതല ചത്തുപോയോ. 
കൗശലക്കാരനായ കുറുക്കന്റെ ബുദ്ധിയല്ലേ. അവൻ ഒരു സൂത്രം പ്രയോഗിച്ചു.  കുറുക്കത്തിയെ വിളിച്ചു വരുത്തി.  എന്നിട്ട് മുതല കേൾക്കേ പറഞ്ഞു, “എടിയേ, നമ്മുടെ പാവം മുതലേച്ചൻ ചത്തുപോയീന്നാ തോന്നുന്നേ, കണ്ടോ അനക്കമില്ലാതെ കിടപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായല്ലോ”
“വേണ്ട ചേട്ടാ, ഇവനെ വിശ്വസിക്കാൻ കൊള്ളില്ല, ചത്തപോലെ കിടക്കുന്നതായിരിക്കും” കുറുക്കത്തി പറഞ്ഞു
“ശരിയാണല്ലോ”, കുശലക്കാരന്റെ ബുദ്ധി പ്രവർത്തിച്ചു, “മുതല ചത്താലും വാലാട്ടും എന്ന് നമ്മുടെ മുത്തശ്ശി പറഞ്ഞുതന്നിട്ടില്ലേ.  പക്ഷേ ഈ മുതല ചത്തിട്ടും വാൽ അനങ്ങുന്നില്ലല്ലോ.  അപ്പോൾ ചത്തിരിക്കില്ല”
പെട്ടെന്നുള്ള കുറുക്കന്റെ വാക്കുകൾ കേട്ട് മുതല തനിക്ക് അബദ്ധം പറ്റിയെന്നു കരുതി തന്റെ വാൽ ആട്ടിത്തുടങ്ങി.  കുറുക്കന് തന്റെ ബുദ്ധി ഫലിച്ചെന്ന് മനസ്സിലായി.  അവൻ കുറുക്കത്തിയേയും വിളിച്ചുകൊണ്ട് ഒറ്റ ഓട്ടം, “ചതിയൻ മുതല ചത്തില്ലേ. ഓടിക്കോ
കഥ ഇഷ്ടമായോ മക്കളേ?  എന്റെ കുഞ്ഞു മക്കൾക്ക് ഇതിൽ നിന്ന് എന്താണ് മനസ്സിലായത്?  മുത്തശ്ശിക്കഥകളിലെ വിദ്യകൾ അനുകരിക്കുമ്പോൾ അവയൊക്കെ മറ്റുള്ളവരും കേട്ട കഥകളാണെന്ന് ഓർക്കണം.  അപ്രതീക്ഷിതമായ നീക്കങ്ങൾ മുൻകൂട്ടി കണ്ട് കരുതിവേണം വിദ്യകൾ പ്രയോഗിക്കാൻ.  അതുപോലെ തന്നെ, കുറുക്കൻ ചെയ്തതു പോലെ, തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും