സ്നേഹമുള്ള കുഞ്ഞുങ്ങളേ…. വേനലവധിയൊക്കെ കഴിഞ്ഞ് സ്ക്കൂൾ
തുറന്ന് എല്ലാപേരും തിരക്കിലായി അല്ലേ…. ഇന്ന് നമുക്ക്
ഒരു കുഞ്ഞ് കഥ കേൾക്കാം, ട്ടോ….
ഒരിടത്തൊരിടത്ത്
പണ്ട് പണ്ട് പണ്ട് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു.
ദിവസവും അയാൾ ആടുകളെ അടുത്തുള്ള കുന്നിൻ ചരുവിൽ മേയാൻ വിടുമായിരുന്നു. ആടിന്റെ പാലിനു പുറമേ ആടിന്റെ മാസവും അയാൾ കച്ചവടം
നടത്തിയിരുന്നു.
ഒരു ദിവസം രാത്രി അയാൾ ആടുകളെ പാർപ്പിച്ചിരുന്ന സ്ഥലത്തേയ്ക്ക് ഒരു വയസ്സൻ ചെന്നായ
വന്നെത്തി. അവന് മറ്റ് മൃഗങ്ങളെ നേരിട്ട് വേട്ടയാടി
പിടിക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു.
ചെറുതും വലുതുമായ ഇത്രേം ആടുകളെ കണ്ടപ്പോൾ ചെന്നായയുടെ വായിൽ വെള്ളമൂറി.
എങ്ങനെയെങ്കിലും സ്ഥിരമായി ഇവരുടെ ഇടയിൽ കടന്നു
കൂടണം… ഭക്ഷണം കുശാലാക്കണം… അതിനായി അവൻ
തലപുകഞ്ഞാലോചിച്ചു….
ആട്ടിടയന്റെ വീട്ടിൽ ഒരു ദിവസം കുറെ വിരുന്നുകാരുണ്ടായിരുന്നു. അന്ന് രണ്ട് ആടുകളെ ഇടയൻ കശാപ്പ് ചെയ്തു. അവയുടെ തോൽ വീടിന്റെ പുറകിൽ കൊണ്ടിട്ടു. ചെന്നായ്ക്ക് അത് കണ്ടപ്പോൾ ഒരുപായം തോന്നി. അവൻ അതിലൊരു ആടിന്റെ തോൽ എടുത്ത് ഉടുപ്പ് പോലെ അണിഞ്ഞു
നോക്കി. ഒറ്റ നോട്ടത്തിൽ അവൻ ഒരു ആട് തന്നെയാണെന്നേ
തോന്നൂ… ചെന്നായ ആട്ടിൻ കൂട്ടത്തിനിടയിൽ കൂടി.
ആടുകൾ മലഞ്ചരിവിൽ മേയാൻ പോകുമ്പോൾ അവനും കൂടി
പോകും… കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകുന്ന ആട്ടിൻ കുട്ടിയെ അവൻ ആരും
കാണാതെ കൊല്ലും. മലഞ്ചരുവിലെ കുറ്റിച്ചെടികൾക്കിടയിൽ ഒളിപ്പിച്ചു.
രണ്ടു മൂന്ന് ദിവസത്തേയ്ക്ക് പിന്നെ കുശാലായി ശാപ്പാട്!!! അതു കഴിഞ്ഞ് വീണ്ടും
ഇതു പോലെ മറ്റൊരാടിനെ കൊന്നു തിന്നു….
ദിവസങ്ങൾ കഴിഞ്ഞു പോയി. ദിവസവും ആടിന്റെ ഇറച്ചി നിന്ന് ചെന്നായ തടിച്ചു കൊഴുത്തു വന്നു. ഒരു ദിവസം ഇടയന്റെ വീട്ടിൽ കുറെ വിരുന്നുകാരെത്തി. അവരെ നല്ല രീതിയിൽ സൽകരിക്കണമല്ലോ…. ഇടയൻ പതിവു പോലെ തന്റെ ആട്ടിൻ
കൂട്ടത്തിൽ നിന്ന് മുഴുത്ത ഒരാടിനെ കശാപ്പ് ചെയ്യാനായി തിരഞ്ഞെടുത്തു…. പക്ഷേ അത് വേഷം മാറി തടിച്ചു കൊഴുത്ത ആ ചെന്നായ ആയിരുന്നു. തന്നെ കൊല്ലുമെന്നായപ്പോൾ ചെന്നായ ഉച്ചത്തിൽ നിലവിളിച്ചു… ഇടയൻ ചെന്നായയുടെ കള്ളത്തരം കണ്ടു പിടിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചെന്നായയെ ഇടയൻ തല്ലി കൊന്നു…
വേഷം കെട്ടൽ ദോഷം ചെയ്യുമെന്ന് മനസ്സിലായില്ലേ
മക്കളേ…
ഇതാ ഈ കഥ ഒരു സിനിമയിലെ പാട്ടായി കാണാം…. ഇതിൽ ചെന്നായയെ
ഇടയൻ ഇരയാക്കി ഭക്ഷിച്ചു എന്ന് പറയുന്നു… നമുക്കങ്ങനെ
പാവം ഇടയനെക്കൊണ്ട് ചെന്നായയെ തീറ്റിക്കണ്ട അല്ലേ….