Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, March 1, 2014

പ്രതിസന്ധികളെ അവസരങ്ങളാക്കുക...


 എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
  മാർച്ചുമാസമായി എല്ലാരും പരീക്ഷപേടിയിലും തിരക്കിലുമായിരിക്കും അല്ലേ മക്കളേ. ആരും പേടിക്കാതെ മിടുമിടുക്കരായി,  ചെറിയ ചെറിയ വിഷമതകളും പരാജയങ്ങളും കാരണം മനസ്സ് തളരാതെ, നന്നായി പഠിച്ച് എല്ലാരും ഗംഭീരവിജയം നേടണം കേട്ടോ.  പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കേണ്ട ഈ പ്രായത്തിൽ നിങ്ങൾ പരമവധി നന്നായി പഠിച്ചാൽ ഭാവി ജീവിതം വളരെ സുരക്ഷിതവും സന്തോഷപ്രദവും ആയിരിക്കും.  പ്രതിസന്ധികളിൽ തളരാതെ, അവയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.  ഇത്തരത്തിലുള്ള ഒരു കഥയാണ് ഇന്ന് പറഞ്ഞു തരുന്നത്,..കേട്ടോ

താരകൻ രാമപുരത്തെ അറിയപ്പെടുന്ന ധനികനായിരുന്നു.  സകലവിധ കച്ചവടങ്ങളും വ്യവഹാരങ്ങളും മറ്റിടപാടുകളും അയാൾക്ക് ഉണ്ടായിരുന്നു.  തന്റെ കച്ചവടങ്ങൾക്ക് ഭാരം ചുമക്കാൻ കഴുതകളെയും ചരക്കുവണ്ടി വലിക്കാൻ കാളകളെയും നിലമുഴാൻ പോത്തുകളെയും യാത്രാവണ്ടി വലിക്കാൻ കുതിരകളെയും അയാൾ വളർത്തിയിരുന്നു.  ആരോഗ്യമുള്ള കാലം ഈ മിണ്ടാപ്രാണികളെ പരമാവധി ഉപയോഗപ്പെടുത്തിയ ശേഷം അവയുടെ നല്ലകാലം കഴിയുമ്പോൾ നിഷ്കരുണം അവയെ ഉപേക്ഷിക്കുമായിരുന്നു.  പൊട്ടക്കിണറ്റിലും മറ്റും തള്ളിയിട്ട് ഉപേക്ഷിക്കപ്പെട്ട അവ നരകിച്ച് ചാകുമായിരുന്നു.

          താരകന്റെ കുതിരകളിൽ സമർത്ഥനായിരുന്നു രാമു.  ആരോഗ്യവും ഉത്സാഹവും ബുദ്ധിശക്തിയും കൊണ്ട് മറ്റെല്ലാ കുതിരകൾക്കും മേലെയായിരുന്നു അവന്റെ സ്ഥാനം.  താരകന്റെ സ്വന്തം കുതിരവണ്ടി വലിച്ചിരുന്നതും അയാളുടെ തനിച്ചുള്ള സവാരിക്ക് ഉപയോഗിച്ചിരുന്നതും രാമുവിനെത്തന്നെയായിരുന്നു.

          കാലം കടന്നുപോയി.  രാമുവിന് പ്രായം ഏറിവന്നു.  ആരോഗ്യമുള്ള ചെറുപ്പത്തിൽ ചെയ്തിരുന്നതു പോലെയുള്ള കഠിനജോലിയൊന്നും അവനെക്കൊണ്ട് പറ്റാതായി, പഴയ വേഗതയും ഇല്ലാതായി.  കൂടാതെ പുതിയ തലമുറയിൽപ്പെട്ട ചുണക്കുട്ടന്മാരായ കുതിരകൾ വന്നെത്തുക കൂടി ചെയ്തപ്പോൾ താരകൻ രാമുവിനെ അവഗണിക്കാൻ തുടങ്ങി.  ക്രമേണ രാമുവിനെയും, അതിനുമുൻപ് മറ്റ് മൃഗങ്ങളോട് ചെയ്തതുപോലെ എങ്ങനെയും ഉപേക്ഷിക്കാൻ തന്നെ താരകൻ തീരുമാനിച്ചു.  നല്ലകാലത്ത് രാമു ചെയ്ത സേവനമൊന്നും  താരകന്റെ ഈ തീരുമാനത്തിന് മാറ്റമുണ്ടാക്കിയില്ല.  തന്റെ ഭൃത്യന്മാരെ വിളിച്ച്, രാമുവിനെ അയാളുടെ കൃഷിയിടത്തിന്റെ അങ്ങേയറ്റത്ത് ചവറുകളും പാഴ്‌വസ്തുക്കളും കൊണ്ടുചെന്ന് കളയുന്ന പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചു.  എല്ലാവർക്കും പ്രിയങ്കരനായിരുന്ന രാമുവിനെ ഇങ്ങനെ ഉപേക്ഷിക്കുന്നതിൽ ഭൃത്യന്മാർക്കും സങ്കടമായിരുന്നു.  പക്ഷേ എന്തു  ചെയ്യാൻ; താരകന്റെ കൽപ്പനയല്ലേ, അനുസരിക്കാതെ നിവൃത്തിയില്ലല്ലോ.

          ഭൃത്യന്മാർ രാമുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ആ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു.  കിണറിന്റെ ഉൾവശത്ത് പാഴ്ചെടികളും മറ്റും വളർന്നു നിന്നതിനാൽ വീഴ്ചയിൽ രാമുവിന് കാര്യമായ പരുക്കൊന്നും  പറ്റിയില്ല.  പോരാത്തതിന് ഒരുവിധം വിശപ്പടക്കാൻ വേണ്ട  ഇലകളും മറ്റും അതിനുള്ളിൽ നിന്നുതന്നെ കിട്ടുകയും ചെയ്തു.  താരകന്റെ നിർദ്ദേശപ്രകാരം ഭൃത്യന്മാർ എന്നും ആ കിണറ്റിൽ മണ്ണും മറ്റ് പാഴ്‌വസ്തുക്കളും കൊണ്ടുചെന്നിട്ടു.  പൊട്ടക്കിണറ്റിൽ കിടക്കുന്ന മിണ്ടാപ്രാണി ആ മണ്ണിനും ചവറിനും അടിയിൽ പെട്ട് ചത്തുകൊള്ളുമെന്നായിരുന്നു താരകന്റെ കണക്കുകൂട്ടൽ.  ആദ്യമൊക്കെ രാമു ഈ മണ്ണും മറ്റും തന്റെ ദേഹത്ത് വീഴുമ്പോൾ കരഞ്ഞുവിളിക്കുമായിരുന്നു.  പക്ഷേ തന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന തിരിച്ചറിവ്, എങ്ങിനെയും അവിടെനിന്ന് സ്വയം രക്ഷനേടണം എന്ന ചിന്ത അവനിൽ ഉണ്ടാക്കി.  പക്ഷേ എങ്ങിനെ രക്ഷപ്പെടാൻ!!! ഒടുവിൽ രാമു ചിലതൊക്കെ തീരുമാനിച്ചുറച്ചു.  പിന്നെപ്പിന്നെ മണ്ണും മറ്റും കൊണ്ട് ആ കിണറ്റിൽ തള്ളുമ്പോൾ അവൻ കരഞ്ഞില്ല, പ്രതിസന്ധിയിൽ വിലാപം ഒരിക്കലും ഒരു പരിഹാരമാവില്ല എന്നവൻ തിരിച്ചറിഞ്ഞു, പ്രത്യേകിച്ച് തന്നെ രക്ഷിക്കാൻ ആരുമെത്തില്ല എന്ന അവസ്ഥയിൽ. രാമു, തന്റെ ദേഹത്ത് വീഴുന്ന പാഴ്‌വസ്തുക്കളെ കുടഞ്ഞ് കുടഞ്ഞ് നിലത്തിട്ടു.  രാമുവിന്റെ കരച്ചിൽ കേൾക്കാതായപ്പോൾ അവൻ ചത്തുപോയിക്കാണുമെന്ന് ഭൃത്യന്മാരും കരുതി.  ക്രമേണ, തന്റെ ദേഹത്തു വീണ്, കുടഞ്ഞു നിലത്തിട്ട മണ്ണും ചവറും കൊണ്ടുതന്നെ കിണറിന്റെ ആഴം കുറഞ്ഞുകുറഞ്ഞു വന്നു.  ദിവസങ്ങൾ ക്ഷമയോടെ ആ കിണറിന്റെ ഉൾവശത്തെ പാഴ്ചെടികൾ തിന്നും നാമാത്രമായി കിട്ടുന്ന മഴവെള്ളം കുടിച്ചും അവൻ തള്ളിനീക്കി.  ക്രമേണ അവൻ കിണറിന്റെ കരയ്ക്ക് വളരെ അടുത്തെത്തി.  ഇപ്പോൾ അവൻ മണ്ണും മറ്റുമായി ഭൃത്യന്മാർ വരുന്ന കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ  തന്നെ കിണറിന്റെ ഉൾവശത്ത് ചുമരിനോട് ചേർന്ന് ഒളിച്ചു നിന്നു. 

          അങ്ങനെ അവന്റെ ദിവസവും വന്നെത്തി.  അവശനാണെങ്കിലും സ്വയം കിണറിന്  പുറത്തെത്താൻ തക്ക മണ്ണ് നിറഞ്ഞപ്പോൾ അവൻ വളരെ പരിശ്രമിച്ച് ഒരു രാത്രി കിണറിനു പുറത്തെത്തി.  തന്നെ ജീവനോടെ കണ്ടാൽ താരകൻ എന്തും ചെയ്യാൻ മടിക്കില്ല എന്നറിയാവുന്ന രാമു ജീവനും കൊണ്ട് അടുത്ത ഗ്രാമത്തിലേയ്ക്ക് രക്ഷപ്പെട്ടു. 
          എന്റെ കുഞ്ഞുങ്ങൾക്ക് ഈ ചെറിയ കഥ ഇഷ്ടപ്പെട്ടോ?  പ്രതിസന്ധികൾ എല്ലാവ്ക്കുർക്കും എപ്പോൾ വേണമെങ്കിലും വരാം.  തടസങ്ങളെയും പ്രതിസന്ധികളെയും ഓർത്ത് കരഞ്ഞുകൊണ്ടിരുന്നാൽ  അവയിൽ നിന്ന് കരകയറാനുള്ള അവസരങ്ങളാവും  നമുക്ക് നഷ്ടമാകുക.  ഓരോ പ്രതിസന്ധിയെയും അവസരങ്ങളാക്കി മാറ്റാൻ ശ്രമിക്കുക, നിശ്ചയമായും വിജയം ധീരന്മാർക്കുള്ളതു തന്നെയാണ്.
          അവധിക്കാലം അടിച്ചുപൊളിച്ചു നടക്കാൻ എല്ലാരും തയ്യാറാകുമ്പോഴേക്കും അടുത്ത കഥയുമായി ഞാനും വരാം കേട്ടോ....ആശംസകളും ഒപ്പം പ്രാർഥനയും എല്ലാമക്കൾക്കും...
24418“If you cry because the sun has gone out of your life, your tears will prevent you from seeing the stars.”