Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, June 1, 2011

കിണറ്റിലെ സിംഹം

 
           കുഞ്ഞുങ്ങളേ, അവധിക്കാലമൊക്കെ കഴിഞ്ഞ് സ്ക്കൂളില്‍ പോകാന്‍ റെഡിയായോ എല്ലാപേരും? അവധിക്കാലത്ത് പുതിയ പുതിയ കളികളും കഥകളും ഒക്കെ പഠിച്ചില്ലേ. ഇനി പുതിയ പുസ്തകങ്ങളും കുപ്പായങ്ങളും ഒക്കെയായി ‘ഇത്തിരിക്കൂടി വലിയ’ ക്ലാസ്സില്‍ പോകാനുള്ള ആവേശത്തിലാണല്ലേ എല്ലാപേരും. കുറച്ചു പുതിയ കൂട്ടുകാരെയും കിട്ടുമല്ലോ.
              ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാനായ ഒരു മുയലിന്റെ കഥ പറഞ്ഞുതരാം, കേട്ടോ. മുയലിന്റെ ബുദ്ധിശക്തിയെക്കുറിച്ച് മുന്‍പും കഥകള്‍ കേട്ടിട്ടില്ലേ.
         ഒരിടത്തൊരിടത്ത് ഒരു കാട്ടില്‍ മൃഗങ്ങളൊക്കെ വലിയ സ്നേഹത്തോടും സന്തോഷത്തോടും കൂടി കഴിഞ്ഞിരുന്നു. കരടിച്ചേട്ടനായിരുന്നു അവരുടെ കാരണവര്‍ . ആരും പരസ്പരം ഉപദ്രവിക്കാതെയും, ശല്യപ്പെടുത്താതെയും വളരെ സമാധാനത്തിലായിരുന്നു കഴിഞ്ഞുപോന്നത്. എന്ത് തര്‍ക്കമുണ്ടായാലും കരടിച്ചേട്ടന്റെ വാക്ക് ആയിരുന്നു അവസാന വാക്ക്.
       അങ്ങനെയിരുന്നപ്പോള്‍ എവിടുന്നോ ഒരു സിംഹം അവിടെയെത്തി. വളരെ ശക്തിമാനും ഒപ്പം ക്രൂരനുമായിരുന്നു ആ സിംഹം. ആ കാട്ടിലെ സമാധാനം തകരാന്‍ വേറൊന്നും വേണ്ടായിരുന്നു. അവന്‍ മറ്റു മൃഗങ്ങളേ ക്രൂരമായി വേട്ടയാടാന്‍ തുടങ്ങി. എന്നും കുശാലായി വയറു നിറയ്ക്കാന്‍ അവന്‍ ഒന്നിലേറെ മൃഗങ്ങളെ കൊന്നു തിന്നു.
             മൃഗങ്ങളാകെ ആശങ്കാകുലരായി. എല്ലാപേരും പ്രാണഭയത്താല്‍ നെട്ടോട്ടമായി. എന്നാണ് തങ്ങളെ ആ സിംഹം ഇരയാക്കുക എന്ന് അവരൊക്കെ ഭയപ്പെട്ടു. മാത്രമല്ല ഇങ്ങനെ പോയാല്‍ താമസിയാതെ ഈ കാട്ടിലുള്ള മൃഗങ്ങളാകെ ഇല്ലാതാവും. ഇന്നിതാ കരടിച്ചേട്ടന്‍ ഇല്ലാതിരുന്ന നേരത്ത് കരടിച്ചേട്ടന്റെ ഗുഹയും അവന്‍ കൈയ്യേറി.
                ഇതിന് എന്തെങ്കിലും പരിഹാരം കണ്ടേ തീരൂ. പക്ഷേ ദുര്‍ബ്ബലരായ അവര്‍ക്ക് ഒരു വഴിയും കിട്ടിയില്ല. അവരെല്ലാം കരടിച്ചേട്ടന്റെ മുന്നില്‍ ഒത്തുകൂടി. പലരും പല വഴികളും മുന്നോട്ട് വച്ചു. അതില്‍ പലതും പ്രായോഗികമല്ലായിരുന്നു. സിംഹത്തെ കൂട്ടത്തോടെ ആക്രമിക്കാമെന്ന് കുറുക്കന്‍ പറഞ്ഞു. മന്ത്രവാദം ചെയ്ത് ഓടിക്കാമെന്ന് മൂങ്ങ പറഞ്ഞു. ഇവനെക്കാള്‍ ശക്തനായ വേറൊരു സിംഹത്തെ കൊണ്ടുവരാമെന്ന് കഴുതയും പറഞ്ഞു. പക്ഷേ അതൊക്കെ വിപരീതഫലമേ ഉണ്ടാക്കൂ എന്ന് കരടിച്ചേട്ടന്‍ പറഞ്ഞു.
               അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി. സിംഹവുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുക. എല്ലാ ദിവസവും തങ്ങളില്‍ നിന്ന് ഒരാളെ വീതം നറുക്കിട്ടെടുത്ത് സിംഹത്തിന് ആഹാരമായി എത്തിക്കുക. പലര്‍ക്കും അതിനോട് യോജിപ്പുണ്ടായില്ല, പക്ഷേ വേറെ ഒരു വഴിയും ഇല്ലാതിരുന്നത് കൊണ്ട് മനസ്സില്ലാമനസ്സോടെ സമ്മതിച്ചെന്നെയുള്ളൂ. പക്ഷേ ചെറുപ്പക്കാരായ മുയലിനും മറ്റും അത് അത്ര പിടിച്ചില്ല. അവര്‍ പ്രതിഷേധം ഉള്ളിലൊതുക്കി. കരടിച്ചേട്ടന്റെ നേതൃത്വത്തില്‍ കുറച്ച് മുതിര്‍ന്ന മൃഗങ്ങള്‍ പേടിച്ചു പേടിച്ചാണെങ്കിലും സിംഹത്തിന്റെ മുന്നിലെത്തി കാര്യം അവതരിപ്പിച്ചു. ആദ്യമൊന്നും സമ്മതിക്കാതിരുന്ന സിംഹം, മെയ്യനങ്ങാതെ ശാപ്പാട് നടക്കുമെന്നുറപ്പായപ്പോള്‍ സമ്മതിച്ചു.
                  അന്നു മുതല്‍ നറുക്കിട്ടെടുത്ത് ഓരോ ദിവസം ഓരോരുത്തര്‍ സിംഹത്തിന് ഇരയായി അവന്റെ ഗുഹയിലെത്തി. അവരുടെ കുടുംബങ്ങളില്‍ ഇത് വലിയ സങ്കടമുണ്ടാക്കി. അങ്ങനെ, ഒരു ദിവസം നമ്മുടെ മുയലിന്റെ ഊഴം വന്നെത്തി. ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ അവന്‍ ചിലതൊക്കെ ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. എല്ലാപേരും സങ്കടത്തോടെ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ അവന്‍ സന്തോഷത്തോടെ അവരെ കൈവീശിക്കാണിച്ച്, ‘നാളെ രാവിലെ കാണാം‘ എന്നൊക്കെ പറഞ്ഞ് യാത്രയായി.
                     അന്ന് നല്ല നിലാവുള്ള ദിവസമായിരുന്നു. മുയല്‍ മനഃപ്പൂര്‍വ്വം അല്‍പ്പം വൈകിത്തന്നെ സിംഹത്തിന്റെ മുന്നിലെത്തി. വിശന്ന് തുടങ്ങിയ സിംഹം കോപത്തോടെ അവന്റെ നേരെ ചാടിയടുത്തു. “എന്താടാ ഇത്ര താമസിച്ചത്?” സിംഹം അലറി. മുയല്‍ സംയമനം വിടാതെ ഒഴിഞ്ഞുമാറി പെട്ടെന്നു തന്നെ ഇത്രയും പറഞ്ഞു, “മഹാരാജന്‍ , ക്ഷമിക്കണം, ഞാന്‍ വളരെ നേരത്തെ തന്നെ ഇറങ്ങിയതാണ്‍. വഴിക്ക് വച്ച് ഒരു വലിയ സിംഹം എന്നെ ഓടിച്ചു. ഞാന്‍ അങ്ങയുടെ ഭക്ഷണമാകാന്‍ വേണ്ടി പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ആ സിംഹം കോപത്തോടെ അലറി. അങ്ങ് എന്നെ തിന്ന് കഴിഞ്ഞ് അവന്‍ അങ്ങയെ കൊന്നു തിന്നുമെന്ന് ഭീഷണിപ്പെടുത്തി”
               “എന്റെ രാജ്യത്ത് എന്നെ വെല്ലുവിളിക്കാന്‍ വേറൊരുത്തനോ?” സിംഹം കോപം കൊണ്ട് വിറച്ചു. “എവിടെ ആ ധിക്കാരി? ഇന്ന് ആദ്യം അവന്റെ കഥ തന്നെ കഴിക്കാം, എന്നിട്ടാകാം നിന്നെ. വേഗം എനിക്ക് അവനെ കാണിച്ചു താ..”
               തന്റെ ബുദ്ധി ഫലിക്കുന്നുണ്ടെന്ന് മുയലിനു തോന്നി. അവന്‍ ഭയം അഭിനയിച്ചു കൊണ്ട് പറഞ്ഞു. “മഹാരാജന്‍ , അങ്ങ് എന്നോടൊപ്പം വന്നാലും, ഞാന്‍ കാണിച്ചു തരാം.”
                കോപത്താല്‍ വിറച്ചുകൊണ്ട് നിന്ന സിംഹം മുയലിന് പിന്നാലെ പോയി. മുയല്‍ നേരെ പോയത് ആഞ്ഞിലിമരത്തിനു കിഴക്കുള്ള പൊട്ടക്കിണറിന്റെ അടുത്തേക്കായിരുന്നു. ആ കിണറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് മുയല്‍ പറഞ്ഞു, “ മഹാരാജന്‍ , ഇതാണ് അവന്റെ താവളം. അവന്‍ ഇതിനകത്തുണ്ട്.”
            സിംഹം കിണറിനടുത്ത് ചെന്ന് അതിനുള്ളിലേക്ക് എത്തി നോക്കി. നല്ല നിലാവുണ്ടായിരുന്നതു കൊണ്ട് അവന്‍ അവന്റെ പ്രതിബിംബം തന്നെ കിണറിനുള്ളില്‍ കണ്ടു. മറ്റൊരു സിംഹം തന്നെത്തന്നെ തുറിച്ച് നോക്കുന്നതായി അവന് തോന്നി. ദേഷ്യം സഹിക്കാതെ അവന്‍ അലറി...... ഒപ്പം കിണറിനുള്ളിലെ സിംഹവും അലറുന്നതായി അവന് തോന്നി. ആഹാ, അത്രക്കായോ, അവനെ വകവരുത്തിയിട്ടുതന്നെ കാര്യം! കോപം കൊണ്ട് മുന്‍പിന്‍ നോക്കാതെ സിംഹം കിണറിലേക്ക് ഒറ്റച്ചാട്ടം. നല്ല ആഴവും ഒരുപാട് വെള്ളവും ഉണ്ടായിരുന്ന കിണറില്‍ വീണ സിംഹം വെപ്രാളത്തോടെ കൈകാലിട്ടടിച്ചു. കുറേ വെള്ളംകുടിച്ച് അവന്‍ അവിടെക്കിടന്നുതന്നെ ചത്തു.
                വിജയശ്രീലാളിതനായി മുയല്‍ തിരികെ വീട്ടിലെത്തി. നടന്ന കാര്യമൊക്കെ എല്ലാപേരെയും പറഞ്ഞു കേള്‍പ്പിച്ചു. എല്ലാപേര്‍ക്കും സന്തോഷമായി. പിന്നെയും ആ കാട്ടില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ മടങ്ങി വന്നു.
തക്കസമയത്ത് തോന്നുന്ന ബുദ്ധി, ഏത് ശക്തിമാനെയും വീഴ്ത്തും.
കഥ ഇഷ്ടമായോ കുഞ്ഞുങ്ങളേ.......
                 ഇനി ഈ മുയലിനെക്കുറിച്ച് കൂടുതലറിയാന്‍ ദേ ഇവിടെയും സിംഹത്തിനെക്കുറിച്ച് അറിയാന്‍ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ.....