Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, January 1, 2014

അന്റോണിയോയുടെയും ഷൈലോക്കിന്റെയും കഥ

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
      പുതുവത്സരം ഒക്കെ ആഘോഷിച്ച് എല്ലാപേരും  ക്രിസ്തുമസ്സ് പരീക്ഷയുടെ മാർക്കൊക്കെ കിട്ടി വളരെ സന്തോഷത്തിലാണല്ലോ.... നമുക്കിന്ന്, വിശ്വപ്രസിദ്ധ കഥാകാരനായ ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ ഒരു ചെറിയ കഥാസന്ദർഭം പരിചയപ്പെടാം, ട്ടോ....
    ഇറ്റലിയിലെ വടക്കുകിഴക്കൻ തുറമുഖനഗരമാണ്  കഥ നടക്കുന്ന വെനീസ്.  വെനീസിലെ ധനികരായ വ്യാപാരികളായിരുന്നു അന്റോണിയോയും ഷൈലോക്കും.  നല്ലവനും കരുണയുള്ളവനുമായ ആളായിരുന്നു അന്റോണിയോ. ധാരാളം ചരക്കു കപ്പലുകൾ ഉണ്ടായിരുന്ന അദ്ദേഹം, പാവങ്ങളെ കൈയയച്ച് സഹായിച്ചിരുന്നു. പലപ്പോഴും പലിശയില്ലാതെ പണം കടം കൊടുക്കുമായിരുന്നു.  എന്നാൽ ഷൈലോക്ക് നേരെ തിരിച്ചായിരുന്നു.  ക്രൂരനും ദുഷ്ടനും, എങ്ങനെയും പണമുണ്ടാക്കുക എന്ന ഏകലക്ഷ്യമുള്ളവനുമായിരുന്നു അയാൾ. തനിക്ക് എന്നും ഭീഷണിയായ  അന്റോണിയോയെ എങ്ങനെയും വകവരുത്താൻ ഒരവസരം കാത്തിരിക്കുകയായിരുന്നു ഷൈലോക്ക്.
    അങ്ങനെയിരിക്കെ ഒരിക്കൽ അന്റോണിയോയുടെ കപ്പലുകൾ ഒന്നൊന്നായി തകർന്നുകൊണ്ടിരുന്നു.  വ്യാപാരം കുറച്ചു നഷ്ടത്തിലുമായി.  എന്നാലും തന്നെ സമീപിക്കുന്നവരെ സഹായിക്കുന്ന പ്രകൃതം അദ്ദേഹം മാറ്റിയില്ല.  അപ്പോഴാണ് തന്റെ സുഹൃത്ത് ബസാനിയോയ്ക്ക് വളരെ അത്യാവശ്യമായി കുറച്ച് പണം വേണ്ടി വന്നത്.  തന്റെ കൈയ്യിൽ അപ്പോൾ പണമില്ലാത്തതിനാൽ ഷൈലോക്കിൽ നിന്നും കുറച്ച് പണം കടം വാങ്ങാൽ അന്റോണിയോ തീരുമാനിച്ചു.  അന്റോണിയോയെ തന്റെ കാൽക്കീഴിൽ കൊണ്ടുവരാൻ തക്കം പാർത്തിരുന്ന ഷൈലോക്കിന് വളരെ സന്തോഷമായി.  ഈ അവസരം നന്നായി ഉപയോഗിക്കാൻ തന്നെ അയാൾ തീരുമാനിച്ചു.
    അന്റോണിയോയ്ക്ക് മൂവായിരം പണം കടം കൊടുക്കാൻ അയാൾ തയാറായി.  പക്ഷേ ഒരു കരാർ; പറഞ്ഞ തുക കൃത്യസമയത്ത് തിരികെ തന്നില്ലെങ്കിൽ അതിനു പിഴയായി അന്റോണിയോയുടെ ശരീരത്തിൽ നിന്ന് ഒരു റാത്തൽ (ഏകദേശം അരക്കിലോ) മാംസം അറുത്തെടുക്കാൻ തനിക്ക് അവകാശമുണ്ട്.  കൂട്ടുകാരന്റെ അത്യാവശ്യം പരിഗണിച്ചപ്പോൾ അന്റോണിയോ അതിനു സമ്മതിച്ചു, മാത്രമല്ല ഈ സംഖ്യ കൃത്യസമയത്ത് തിരികെ കൊടുക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
    പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടേ, തന്റെ കച്ചവടത്തിൽ വീണ്ടും തിരിച്ചടി നേരിട്ട അന്റോണിയോയ്ക്ക് സമയത്തിന് പണം തിരികെ കൊടുക്കാൻ പറ്റിയില്ല.  ഈ അവസരം മുതലാക്കാൻ തീരുമാനിച്ച ഷൈലോക്ക് കോടതിയെ സമീപിച്ച് കരാർ നടപ്പിലാക്കാന്നുള്ള ആവശ്യമുന്നയിച്ചു.  പലരും ഷൈലോക്കിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വാശിയിൽ തന്നെയായിരുന്നു, രാജാവ് പോലും ഇക്കാര്യത്തിൽ നിസ്സഹായനായി.
    തർക്കത്തിൽ വിധി പറയാൻ കോടതിയിലെത്തി.  ഇപ്പോഴാണ് കഥയുടെ ഗതി തന്നെ മാറ്റുന്ന കഥാപാത്രം രംഗത്തെത്തുന്നത്  - അന്റോണിയോ ആർക്കുവേണ്ടിയാണോ കടം വാങ്ങി കെണിയിൽപെട്ടത്, ആ ബസാനിയോയുടെ സുഹൃത്ത്, പോർഷ്യ...  ബുദ്ധിമതിയായ പോർഷ്യ ന്യായാധിപയുടെ വേഷത്തിൽ കോടതിയിലെത്തി.  ഷൈലോക്കിന്റെ ന്യായവാദങ്ങൾക്കൊടുവിൽ പോർഷ്യ കരാർ ഒന്നുകൂടി ഉറക്കെ വായിച്ചു.  നീതി-ന്യായ കോടതിയിൽ ന്യായം മാത്രം ജയിച്ചാൽ പോരല്ലോ, നീതി കൂടി നടപ്പിലാകണ്ടേ?  പോർഷ്യ തന്റെ ബുദ്ധിസാമർത്ഥ്യം ഇവിടെയാണ് ഉപയോഗിച്ചത്. 

വിധിപ്രസ്താവന ശൈലിയിൽ പോർഷ്യ  പറഞ്ഞു, "കരാർ പ്രകാരം കൃത്യസമയത്ത് പണം തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ അന്റോണിയോ ഷൈലോക്കിന് കരാർ പ്രകാരമുള്ള പിഴ നൽകേണ്ടി വരും എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്" എന്നിട്ട് ഷൈലോക്കിനോട്, "മാംസം തൂക്കാൻ ത്രാസ് കൊണ്ടുവന്നിട്ടുണ്ടോ?"
    വളരെ സന്തോഷത്തോടെ ഷൈലോക്ക് തന്റെ പക്കൽ മാംസം തൂക്കി നോക്കാൻ ത്രാസും അത് അറുത്തെടുക്കാൻ കത്തിയുമുണ്ടെന്ന് അറിയിച്ചു.
    "അന്റോണിയോ, നിങ്ങൾക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ?" പോർഷ്യ ചോദിച്ചു.... തനിക്കൊന്നും പറയാനില്ലെന്നും തന്റെ വീഴ്ചയ്ക്ക് കരാർ പ്രകാരമുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  കോടതിയിലുള്ള അന്റോണിയോയുടെ സുഹൃത്തുക്കളും മറ്റും നിശ്ശബ്ദരായി.... എല്ലാ പ്രതീക്ഷയും കെട്ടുപോയിരിക്കുന്നു... നെഞ്ചിൽ നിന്നും ഒരു റാത്തൽ മാംസം എടുത്താൽ അന്റോണിയോയുടെ മരണം തന്നെ ഉറപ്പിക്കാം.... എല്ലാപേരും മൂകരായപ്പോൾ ഷൈലോക്ക് അക്ഷമനായി, "ശിക്ഷ നടപ്പിലാക്കാൻ എന്നെ അനുവദിച്ചാലും"
    എല്ലാപേരുടെയും ശ്രദ്ധ പോർഷ്യയിലായി.  പോർഷ്യ പറഞ്ഞു, "ശരി ന്യായമായും കരാർ പ്രകാരമുള്ള ഒരു റാത്തൽ മാംസത്തിന്  താങ്കൾക്ക് അർഹതയുണ്ട്.  കരാറിൽ പറയുന്ന പ്രകാരമുള്ള മാംസം അന്റോണിയോയുടെ നെഞ്ചിൽ നിന്നും നിങ്ങൾക്കു തന്നെ അറുത്തെടുക്കാം.."  സന്തോഷത്തോടെ കത്തി ഉറയിൽ നിന്നെടുത്ത ഷൈലോക്കിനോട് പോർഷ്യ തുടർന്നു, "കരാർ പ്രകാരം മാംസം മാത്രമേ എടുക്കാവൂ, അത് മുറിച്ചെടുക്കുമ്പോൾ ഒരു തുള്ളി ചോര പോലും വീഴരുത്, അതിന് നിങ്ങൾക്ക് അർഹതയില്ല.  ഒരു തുള്ളി  ചോരയെങ്കിലും വീണാൽ വെനീസിലെ നിയമമനുസരിച്ച് താങ്കളുടെ സകല വസ്തുവകകളും സർക്കാർ ഖജനാവിലേയ്ക്ക് കണ്ടുകെട്ടും....... താങ്കൾക്ക് ശിക്ഷ നടപ്പിലാക്കാം...."
    പോർഷ്യയുടെ വിധിപ്രസ്താവ്യം കേട്ട് ഷൈലോക്ക് നടുങ്ങി, കേട്ടിരുന്ന സദസ്യർക്ക് പെട്ടെന്ന് ശ്വാസം വീണതുപോലെ..... ഏതറ്റം വരെ പോകാനും മടിക്കാത്ത ഷൈലോക്ക് പിന്നെയും നിരവധി വാദമുഖങ്ങൾ നിരത്തിയെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല.... ഒടുവിൽ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് ഷൈലോക്ക് നല്ലവനാകാൻ തീരുമാനിച്ചു.
    കൂട്ടുകാർക്ക് കഥ ഇഷ്ടപ്പെട്ടോ? കോടതികൾ ന്യായങ്ങൾ പരിഗണിക്കുന്നതിനൊപ്പം, അർഹതയുള്ള കാര്യങ്ങളിൽ നീതിയ്ക്ക് മുൻതൂക്കം നൽകണം, അല്ലേ.... വേറൊരു കഥയുമായി വീണ്ടും വരാം.... എല്ലാവർക്കും ഒരിക്കൽക്കൂടി പുതുവൽസര ആശംസകൾ...