ആമയും മുയലും
എന്റെ കുഞ്ഞുമക്കള്‍ക്ക് ഇന്ന് പറഞ്ഞുതരാന്‍ പോകുന്നത് ആമയും മുയലും തമ്മില്‍ ഓട്ടപ്പന്തയം വച്ച കഥയാണ്. മുതിര്‍ന്ന കുഞ്ഞുങ്ങള്‍ എല്ലാം ഈ കഥ പല ആവര്‍ത്തി കേട്ടിട്ടുണ്ടാവും.
കരിമലക്കാട്ടിലെ വലിയ ചങ്ങാതിമാരായിരുന്നു ആമയും മുയലും. എപ്പോഴും കളിയും ചിരിയുമായി അവര്‍ കാട്ടില്‍ ഓടിച്ചാടി നടന്നു. മുയല്‍ തന്റെ വേഗത്തില്‍ ഓടാനുള്ള കഴിവില്‍ വളരെ അഭിമാനിയും ഒപ്പം അഹങ്കാരിയും ആയിരുന്നു. ഒരു ദിവസം അവന്‍ ആമയെ ഒരു പന്തയത്തിനു ക്ഷണിച്ചു, രാവിലെ തന്നെ ആമയുടെ അടുത്തെത്തിയ അവന്‍ പറഞ്ഞു, “ നമുക്ക് ഒരു പന്തയം വച്ചാലോ?”
“പന്തയമോ?”, ആമ അമ്പരപ്പോടെ ചോദിച്ചു. താനും മുയലും തമ്മില്‍ പന്തയം വയ്ക്കാനുള്ള ഇനങ്ങളൊന്നുമില്ലല്ലോ.
“അതെ, പന്തയം, എന്നോട് ഓട്ടപ്പന്തയം വയ്ക്കാമോ?” മുയല്‍ ചോദിച്ചു.
“നിന്നോട് ഓട്ടപ്പന്തയമോ?, എനിക്ക് വയ്യ.... ഞാന്‍ എന്തായാലും തോല്‍ക്കും”, ആമ പറഞ്ഞൊഴിയാന്‍ നോക്കി
“വിഡ്ഢീ, ചുണയുണ്ടെങ്കില്‍ ആണുങ്ങളെപ്പോലെ മത്സരിക്കാന്‍ വാ, തോറ്റാലും മത്സരിച്ചല്ല്ല്ല്ലേ തോല്‍ക്കുന്നത്.” മുയല്‍ വിടാന്‍ ഭാവമില്ല.
ഒടുവില്‍ ആമ സമ്മതിച്ചു. തോറ്റാലും ഒരു കൈ നോക്കിയിട്ട് തന്നെ. അടുത്ത ഞായറാഴ്ച്ച രാവിലെ മത്സരം ഉറപ്പിച്ചു. ആറ്റിന്‍ കരയിലെ അത്തിമരച്ചുവട്ടില്‍ നിന്ന് കാരറ്റ് പാടവും കടന്ന് കുരങ്ങച്ചന്റെ വീട് വരെയാണ് ഓട്ടം. ആദ്യം കുരങ്ങച്ചന്റെ വീട്ടിലെത്തുന്നവര്‍ വിജയിക്കും.
തീരുമാനിച്ച പോലെ ഞായറാഴ്ച്ച രാവിലെ തന്നെ ഇരുവരും മത്സരത്തിനു തയ്യാറായി അത്തിമരച്ചുവട്ടിലെത്തി. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ വരവരച്ച് ഇരുവരും നിന്നു. കുയിലമ്മയാണ് ഓട്ടം തുടങ്ങാനുള്ള അടയാളം നല്‍കിയത്. കുയിലമ്മ മൂന്നാമത്തെ വിസില്‍ മുഴക്കിയതും രണ്ടുപേരും ഓട്ടം തുടങ്ങി. മുയല്‍ ഒറ്റക്കുതിപ്പായിരുന്നു. ഞൊടിയിടയില്‍ അവന്‍ ആമയുടെ കണ്ണെത്താദൂരത്തെത്തിക്കഴിഞ്ഞിരുന്നു. പാവം ആമ, അവന്റെ ഭാരിച്ച ശരീരവും കൊച്ച് കൈകാലുകളും കൊണ്ട് വേഗത്തില്‍ നടന്ന് നീങ്ങാന്‍ തന്നെ അവനു പ്രയാസമായിരുന്നു. ആമ പതിയെപ്പതിയെ ഇഴഞ്ഞ് നീങ്ങി.
ഈ സമയം മുയല്‍ വളരെദൂരം പിന്നിട്ടിരുന്നു. അവന്‍ ഓടുന്ന വഴിയിലെ കാരറ്റ് തോട്ടത്തിനടുത്തെത്തി. നിരന്ന് നില്‍ക്കുന്ന കാരറ്റ് ചെടികള്‍ കണ്ട് മുയലിന് വായില്‍ വെള്ളമൂറി. ആമ ഒരുപാട് പിന്നിലാണല്ലോ, കുറച്ച് കാരറ്റ് തിന്നിട്ട് പോകാനുള്ള സമയമുണ്ടല്ലോ. മുയലിന് കാരറ്റ് തിന്നാതെ പോകാന്‍ തോന്നിയില്ല. അവന്‍ ആര്‍ത്തിയോടു കൂടി കാരറ്റ് ചെടികള്‍ കറുമുറാ തിന്നാന്‍ തുടങ്ങി. കൊതികാരണം ഒരുപാട് തിന്ന് അവന്റെ വയര്‍ നിറഞ്ഞുവീര്‍ത്തു. വയര്‍ നിറഞ്ഞപ്പോള്‍ അവന് ഉറക്കവും വന്നു.
ആമ ഇഴഞ്ഞിഴഞ്ഞ് എത്താന്‍ ഒരുപാട് സമയമാവും. കുറച്ച് വിശ്രമിച്ചിട്ട് പോയാലും താന്‍ തന്നെ ജയിക്കും. അവന്‍ കുറച്ച് നേരം ഒന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു. വയറ് നിറഞ്ഞിരുന്നതിനാല്‍ അറിയാതെ പെട്ടെന്ന് ഉറങ്ങിപ്പോയി.
കുറെ സമയം കഴിഞ്ഞപ്പോള്‍ നമ്മുടെ ആമ, പതുക്കെപ്പതുക്കെ നടന്ന് നടന്ന് ആ വഴിക്കെത്തി. വഴിയരികില്‍ ഒരു കൂര്‍ക്കം വലി. അത് മുയലിന്റെതാണെന്ന് മനസ്സിലാക്കിയ ആമ ഒരു ചെറു ചിരിയോടെ നടന്നകന്നു. പതിയെപ്പതിയെ നടന്ന് നടന്ന് ആമ ലക്ഷ്യസ്ഥാനമായ കുരങ്ങച്ചന്റെ വീട്ടിനു മുന്നിലെത്തി.
ഈ സമയം ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്ന മുയല്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. മത്സരത്തെക്കുറിച്ചവന്‍ ഓര്‍മ്മിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ആമയെ കാണാനില്ല. ആമ വളരെ പിന്നിലായിരിക്കും എന്നവന്‍ കരുതി. ഇനി ഓടിയാലും താന്‍ തന്നെ ഒന്നാമന്‍ … അവന്‍ ഒറ്റ ഓട്ടം.
ഓടി ഓടി കുരങ്ങച്ചന്റെ വീട്ടിനു മുന്നിലെത്തിയ മുയല്‍ ഞെട്ടിപ്പോയി. അവിടെ ആമയുടെ വിജയാഘോഷം നടക്കുകയായിരുന്നു. കുരങ്ങച്ചന്‍ ആമയുടെ കൈ പിടിച്ചുയര്‍ത്തി അവന് സമ്മാനം നല്‍കുന്നു. കുയിലമ്മ നല്ല ഒരു പാട്ടും പാടുന്നു.
ആകെ നാണം കെട്ട് വിളറി വെളുത്ത അവന്‍ നാണക്കേട് കാരണം അവിടെ നിന്നില്ല. ഒറ്റ ഓട്ടം. അവന്‍ ഓടിയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിര്‍ത്തില്ലെന്ന് കുരങ്ങച്ചനും കൂട്ടരും പിന്നീട് പറഞ്ഞ് പറഞ്ഞ് ചിരിയ്ക്കുമായിരുന്നു.
ഈ ചെറിയ കഥയില്‍ നിന്ന് ചില ഗുണപാഠങ്ങളൊക്കെ മനസ്സിലായില്ലേ കുഞ്ഞുങ്ങളേ....
“പയ്യെത്തിന്നാല്‍ പനയും തിന്നാം”..... എത്ര കഠിനമായ കാര്യമായാലും വളരെ ക്ഷമയോടെ, അച്ചടക്കത്തോടെ ചെയ്താല്‍ നമുക്ക് നേടാവുന്നതേ ഉള്ളൂ. സ്ഥിരോത്സാഹം വിജയത്തിന്റെ ചവിട്ട് പടിയാണ്.
“എതിരാളി ജയിക്കും മുന്‍പേ നമ്മള്‍ തോല്‍ക്കരുത്”. വേഗത്തില്‍ ഓടാനുള്ള തന്റെ കഴിവില്ലായ്മ കരുതി മത്സരത്തില്‍ നിന്ന് ആമ പിന്‍മാറിയിരുന്നെങ്കില്‍ അഹങ്കാരിയായ മുയല്‍ ജയിക്കുകയും ആമ എന്നും ഒരു പരാജിതന്റെ ദുഃഖത്തില്‍ കഴിയേണ്ടിയും വന്നേനെ. മറിച്ച്, ഒന്ന് പൊരുതി നോക്കാന്‍ തന്നെ തയ്യാറായത് കൊണ്ട് ആമയ്ക്ക് വിജയിക്കാനായി.
“ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്”, അമിതമായ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറിയതു കൊണ്ടല്ലേ മുയലിന് , വേഗത്തില്‍ ഓടാനുള്ള കഴിവുണ്ടായിട്ടും പതിയെ നടക്കുന്ന ആമയോട് തോല്‍ക്കേണ്ടി വന്നത്.
കഥയും അതിലെ ഗുണപാഠങ്ങളും എന്റെ മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ...
ഇനി നമുക്ക് ആമയെക്കുറിച്ച കൂടുതലറിയാന്‍ ദേ ഇവിടെയും, മുയലിനെക്കുറിച്ച് അറിയാന്‍ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ....