Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, April 2, 2013

കുരങ്ങനും കുറുക്കനും കൃഷി ചെയ്ത കഥ...



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
        പരീക്ഷയൊക്കെ കഴിഞ്ഞ്, മധ്യവേനലവധിയുടെ ഉത്സാഹത്തിലാണല്ലോ എല്ലാപേരും.  കഴിഞ്ഞ കുറേ നാളുകളായി കുഞ്ഞു കഥകൾ പറഞ്ഞു പറഞ്ഞ് ഞാനും നിങ്ങളിൽ ഒരാളായി ഒരു കൊച്ചു കുഞ്ഞായി മാറി.  ഇതാ  ഇന്ന്, ഒരു  കുഞ്ഞു  കഥയുമായി ഇതാ നിങ്ങളുടെ അടുത്തേയ്ക്ക് വീണ്ടും
        ഇന്ന്, കുറുക്കനും കുരങ്ങനും കൂടി കൃഷി നടത്തിയ കഥ പറയാം, ട്ടോ.
        പണ്ടുപണ്ട്പണ്ടൊരിടത്ത് ഒരു കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. അവർ വല്യ ചങ്ങാതിമാരായിരുന്നു.  എന്നാലും, കുറുക്കൻ, തന്റെ ജന്മനാ ഉള്ള കൗശലം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.  ഒരു ദിവസം കുരങ്ങന് ഒരു ബുദ്ധി തോന്നി.  വെറുതെ ചുറ്റിയടിച്ച് കറങ്ങി നടന്നു സമയം കളയാതെ വല്ല ജോലിയും ചെയ്താലോ.  ഉറുമ്പും തേനീച്ചയും ഒക്കെ കണ്ടില്ലേ, എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരായിരിക്കും.  താൻ മാത്രമിങ്ങനെ നടന്നാലോ കുരങ്ങൻ കുറുക്കനോട് ഇക്കാര്യം പറഞ്ഞു. 
        എന്തു ജോലിയാണ് തങ്ങൾക്ക് ചെയ്യാൻ പറ്റുക?  അവർ തലപുകഞ്ഞാലോചിച്ചു.  ഒടുവിൽ നിർദ്ദേശം കുറുക്കനിൽ നിന്നു തന്നെ വന്നു.  നമുക്ക് കൃഷിപ്പണി ചെയ്താലോ?  കൃഷി ചെയ്തു  കിട്ടുന്ന ആദായം രണ്ടുപേർക്കും പങ്കുവയ്ക്കാം... കുരങ്ങന് ഈ ആശയം ഇഷ്ടപ്പെട്ടു.  കൃഷി തുടങ്ങുന്നതിനു മുൻപ് അവർ തമ്മിൽ ഒരു കരാറുണ്ടാക്കി. കൃഷി വിളവ് ഭാഗം വയ്ക്കുന്നത്  എങ്ങനെ വേണമെന്ന് ഒരാൾ പറയും എന്ത് കൃഷി ചെയ്യണമെന്ന്  മറ്റെയാൾ തീരുമാനിക്കും.  ഇത്തവണ കൃഷി വിഭവത്തിന്റെ തല ഭാഗം കുറുക്കനും, കീഴ്ഭാഗം കുരങ്ങനും; നിർദ്ദേശം വച്ചത് കുറുക്കനായിരുന്നു.  ഒന്നുമാലോചിക്കാതെ കുരങ്ങൻ സമ്മതിച്ചു. 

        ആദ്യത്തെ കൃഷി വാഴക്കൃഷിയായിരുന്നു.  കുറുക്കനും കുരങ്ങനും വളരെ ഉത്സാഹമായി വെള്ളം കോരിയും വളം ഇട്ടും വളരെ തകൃതിയായി കൃഷി തുടർന്നു.  വിളവെടുപ്പ് സമയമെത്തി.  വീതം വയ്പ്പിന്റെ  കാര്യം കുറുക്കനാണ് എടുത്തിട്ടത്.  കൃഷി വിഭവത്തിന്റെ തലഭാഗം (മുകളിലത്തെ ഭാഗം)  കരാറനുസരിച്ച് കുറുക്കനും കീഴ്ഭാഗം കുരങ്ങനും അവകാശപ്പെട്ടതാണ്.  വാഴയായിരുന്നല്ലോ കൃഷി.  വിളവെടുത്തപ്പോൾ വാഴക്കുലയെല്ലാം കുറുക്കനും കിട്ടി കുറുക്കനൊപ്പം നിന്ന് അധ്വാനിച്ച് കൃഷി ചെയ്ത കുരങ്ങന് ഒന്നിനും കൊള്ളാത്ത വാഴയുടെ മൂടും കിട്ടി.
        കുരങ്ങൻ വല്ലാതെ സങ്കടപ്പെട്ടു.  തന്റെ അധ്വാനം വെറുതെയായില്ലേ, കൗശലക്കാരനായ കുറുക്കൻ തന്നെ പറ്റിച്ചല്ലോ.  എന്തായാലും ഇനി ഇത്തരത്തിലൊരു മണ്ടത്തരം പറ്റില്ല. അടുത്ത തവണ താൻ ആലോചിച്ചു തന്നെ പറയും. 
        അടുത്ത കൃഷി സമയം വന്നെത്തി. കഴിഞ്ഞ തവണത്തെ തെറ്റ് ആവർത്തിക്കരുതല്ലോ.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണ ഞാൻ തീരുമാനിക്കും എങ്ങനെ ഭാഗം വയ്ക്കണമെന്ന്’.  കുറുക്കൻ സമ്മതിച്ചു.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണത്തെ വിളവിൽ എനിക്ക് തലഭാഗവും (മേൽ ഭാഗം) കുറുക്കച്ചാർക്ക് കീഴ് ഭാഗവും’ എന്തായാലും കൃഷി ചെയ്യുന്ന വിഭവം താനാണല്ലോ തീരുമാനിക്കുന്നത് കൗശലക്കാരനായ കുറുക്കൻ ഈ വ്യവസ്ഥ സമ്മതിച്ചു. 
        അങ്ങനെ കൃഷി വളരെ ഗംഭീരമായി നടന്നു.  വിളവെടുപ്പിന്റെ സമയമായി.  വ്യവസ്ഥ പ്രകാരം മേൽ ഭാഗം കുരങ്ങനും കീഴ് ഭാഗം കുറുക്കനും.  എന്റെ കുഞ്ഞുങ്ങളേ, ഇത്തവണ കൗശലക്കാരനായ കുറുക്കൻ തിരഞ്ഞെടുത്ത കൃഷി വിഭവം ചേനയായിരുന്നു.  ചേനയുടെ ഫലം അതിന്റെ കിഴങ്ങാണല്ലോ.. അതിന്റെ ചുവട് ഭാഗത്താണ് ഫലം, മുകൾ  ഭാഗം ഒരു വിലയുമില്ലാത്ത ഇലയും കുറുക്കന് വിലയേറിയ ചേനക്കിഴങ്ങും കിട്ടി കുരങ്ങന് ഒരു വിലയും കിട്ടാത്ത ചേനയിലയും!!! ആകെ വിവശനായ കുരങ്ങൻ അതോടെ കുറുക്കന്റെ കൂട്ടും നിർത്തി സങ്കടത്തോടെ മരത്തിന്റെ ചില്ലയിൽ ചാടി ദൂരത്തേയ്ക്കു പോയി.
        എന്റെ  കുഞ്ഞുങ്ങൾ എന്താ ഇതിൽ നിന്ന് മനസ്സിലായത്?  കൗശലക്കാരെ എപ്പോഴും കരുതലോടെ മാത്രമേ ഇടപെടുത്താവൂ.  തന്നോളം ഉള്ളവരുമായേ ചങ്ങാത്തം ആകാവൂ... ശരിയല്ലോ....
        ഇത്തവണത്തെ മധ്യവേനലവധി എന്റെ കുഞ്ഞുങ്ങൾ നന്നായി കളിച്ച്, ചിരിച്ച്, കുറെയൊക്കെ പഠിച്ച് ആഘോഷിച്ചോളൂ വീണ്ടുമൊരു കഥയുമായി വേഗം വരാംട്ടോ.. എല്ലാപേർക്കും എന്റെ വിഷു ആശംസകൾ