Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, February 1, 2013

പുലി വരുന്നേ പുലി

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
        എല്ലാപേർക്കും സുഖമാണെന്നു കരുതട്ടേ... ഇന്ന് നമുക്ക് മലയാളഭാഷയിലെ വളരെയധികം കേട്ടുശീലിച്ച ഒരു ശൈലിയെക്കുറിച്ചുള്ള കഥ കേൾക്കാം, ട്ടോ....
           ഒരിടത്തൊരിടത്തൊരിടത്ത്, അങ്ങു ദൂരെ ഒരു നാട്ടിൽ ദാമു എന്നു പേരായ ഒരു ഇടയബാലൻ ഉണ്ടായിരുന്നു.  (ഇടയബാലൻ എന്നു വച്ചാൽ പശുക്കളെയും ആടുകളെയും മറ്റും തീറ്റയ്ക്കായി കുന്നിൽ ചരുവിലും കാട്ടിലും മറ്റും കൊണ്ടു നടക്കുന്നവൻ).  അവൻ മഹാ കുസൃതിയുമായിരുന്നു.  എന്നും അവൻ തന്റെ ആട്ടിൻപറ്റങ്ങളുമായി  അടുത്തുള്ള കുന്നിൻ ചരുവിലേയ്ക്ക് പോകുമായിരുന്നു.  അവിടെ നിന്ന് നോക്കിയാൽ നാട്ടിലെ കൃഷിസ്ഥലങ്ങൾ വളരെയടുത്തായി കാണാമായിരുന്നു.
         ഒരു ദിവസം ആടുകളെയും മേച്ചുകൊണ്ട് നടക്കുമ്പോൾ അവൻ കൃഷിസ്ഥലങ്ങളിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ഗ്രാമവാസികളെ കണ്ടു.  പെട്ടെന്ന് അവനൊരു കുസൃതി തോന്നി.  ഇവരെ ഒന്ന് പറ്റിച്ചാലോ.... അവൻ അവിടെ നിന്ന് ഉച്ചത്തിൽ നിലവിളിച്ചു, "പുലി വരുന്നേ.....പുലി...." ഇതു കേട്ട ഗ്രാമവാസികൾ അവിടുന്നും ഇവിടുന്നും കല്ലും കമ്പുകളുമായി ദാമുവിനെയും അവന്റെ ആടുകളെയും രക്ഷിക്കാനായി ഓടിയെത്തി.  അപ്പോഴതാ  അവിടെ ഒരു കള്ളച്ചിരിയുമായി ദാമു നിൽക്കുന്നു.  തങ്ങളെ പറ്റിച്ചതാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ദേഷ്യത്തോടെ ഇളിഭ്യരായി മടങ്ങി.  ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ദാമു വീണ്ടും ഇതേ സൂത്രം പ്രയോഗിച്ചു. ഇത്തവണയും ഗ്രാമീണർ പെട്ടെന്നു തന്നെ ഓടിയെത്തിയെങ്കിലും തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കി  ദേഷ്യത്തോടെ തന്നെ തിരികെ പോയി.  ഒന്നു രണ്ടു തവണകൂടി ദാമു ഇതാവർത്തിച്ചു.
         അങ്ങനെയിരിക്കെ ഒരു ദിവസം ആടുകളെ മേയാൻ വിട്ട് വിശ്രമിക്കുമ്പോൾ  ആടുകൾ പേടിച്ച് നിലവിളിക്കുന്നത് ദാമു കേട്ടു.  നോക്കിയപ്പോൾ ശരിക്കും  ഒരു പുലി  അടുത്ത കാട്ടിൽ നിന്ന് തന്റെ ആട്ടിൻ കൂട്ടത്തിലേയ്ക്ക് ചാടി വീഴുന്നത് അവൻ കണ്ടു.  ഭയന്നു വിറച്ചുപോയ ദാമു ഉച്ചത്തിൽ നിലവിളിച്ചു, "പുലി  വരുന്നേ.....പുലി....." പക്ഷേ ആരും ഇത് കേട്ടതായിപ്പോലും ഭാവിച്ചില്ല.  ഇത്തവണയും ദാമു തങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയാണെന്ന് അവർ കരുതി.  "ഇത്തവണയും ആ വികൃതിപ്പയ്യൻ പറ്റിക്കാൻ നോക്കുകയാണ്, ആരും അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട..." അവർ പരസ്പരം പറഞ്ഞു.
        പാവം ദാമു, ഒന്നു രണ്ട് ആടുകളെ പിടിച്ച ശേഷം പുലി ദാമുവിനെയും കടിച്ചു വലിച്ചിഴച്ചുകൊണ്ട് കാട്ടിലേയ്ക്ക്  മറഞ്ഞു.
    പലതവണ നുണ പറയുന്നവൻ ഒരിക്കൽ സത്യം  പറഞ്ഞാലും ആരും അത് വിശ്വസിക്കുകയില്ല..... അല്ലേ കുഞ്ഞുങ്ങളേ?  ഇതു തന്നെയാണ് ഈ കഥയുടെ ഗുണപാഠവും.... എന്റെ കുഞ്ഞുങ്ങൾക്ക് കഥ ഇഷ്ടമായോ....