കഥകള്‍ കേട്ടു വളരുന്നവരേ, കളങ്കം നിങ്ങളില്‍ വളരില്ല
കഥകള്‍ കേട്ടു വളര്‍ന്നാലോ, അറിവുകള്‍ നിങ്ങളില്‍ വളര്‍ന്നീടും
ഈ ലോകം നിങ്ങളെയറിഞ്ഞീടും
അതു കൊണ്ട് നമുക്ക് ഒരുപാടൊരുപാട് കഥകള്‍ കേട്ടു വളരാം അല്ലേ മക്കളേ... ഓടിവായോ ഇന്നു നമുക്ക് ഒരു ഉപകാരത്തിന്റെ കഥ കേട്ടാലോ?
പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിനു ഒരു തോന്നല്‍ ഉണ്ടായി.
മനുഷ്യനു തീരെ ഉപകാരമില്ലാത്ത ഒരു ജീവിയും എന്റെ രാജ്യത്തു വേണ്ട എന്ന്. കുറെ നേരം ആലോചിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നി ആ ജീവി ഈച്ച ആണ് എന്ന്. ഉടനെ തന്നെ രാജാവ് ഭടന്മാരെ വിളിച്ചിട്ടു പറഞ്ഞു, “ഈ രാജ്യത്തുള്ള എല്ലാ ഈച്ചകളെയും കൊല്ലുക”.രാജകല്പന അല്ലെ. ഭടന്മാര്‍ക്കു അനുസരിച്ചല്ലേ പറ്റൂ. അവര്‍ ആ രാജ്യത്തെ ഈച്ചകളേ മുഴുവനും കൊന്നു.
കുറെ കാലം കഴിഞ്ഞു ഭയങ്കരമായ യുദ്ധം വന്നു. നമ്മുടെയീ രാജാവ് യുദ്ധത്തില്‍ തോറ്റു. അദ്ദേഹം പേടിച്ചോടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള ഒരു ഗുഹയില്‍ കയറി ഒളിച്ചു. രാജാവിനെ അന്വേഷിച്ചു ശത്രുക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായ ക്ഷീണം കാരണം ആ ഗുഹയില്‍ കിടന്നു രാജാവു ഉറങ്ങിപ്പോയി. പെട്ടെന്നു തന്റെ മുഖത്തു എന്തൊ ഒന്നു ചെറുതായി കടിച്ചപോലെ രാജാവിനു തോന്നി. പെട്ടെന്നു അദ്ദേഹം ഉണര്‍ന്നു. അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു ഈച്ച ആയിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു സംശയം വന്നില്ലേ? ഈ ഈച്ച എവിടെ നിന്നു വന്നു എന്ന്‍? അതിര്‍ത്തിയിലെ ഗുഹ അല്ലെ? ഈച്ച അടുത്ത രാജ്യത്തില്‍ നിന്നും വന്നതാ. അപ്പോള്‍ രാജാവ് ഉണര്‍ന്നു അല്ലെ. ചുറ്റുപാടും ശ്രദ്ധിച്ച രാജാവ് ശത്രുക്കള്‍ തന്നെ തേടി വരുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍ കേട്ടു.പെട്ടന്നു ഗുഹയില്‍ നിന്നിറങ്ങി ഓടി അടുത്ത രാജ്യത്ത് അഭയം പ്രാപിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞു രാജാവ് അയല്‍ രാജ്യത്തെ രാജാവിന്റെ സഹായത്തോടെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ രാജാവിന് ആദ്യം ഓര്‍മ്മ വന്നത് ഉറങ്ങിപ്പൊയ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയ ഈച്ചയെ ആയിരുന്നു.
അന്നു അവിടെ കിടന്നു ഉറങ്ങിപ്പോയിരുന്നങ്കില്‍ എന്താകുമായിരുന്നു രാജാവിന്റെ അവസ്ഥ? രാജാവു വീണ്ടും ജനങ്ങളൊടെല്ലാവരോടും ആയിട്ടു പറഞ്ഞു, “ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല, എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക....
ഇനി, നമുക്ക് ഈച്ചയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം, അല്ലേ...അതിന് ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ....