Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, December 1, 2011

വാശിമൂത്താല്‍ !

സ്നേഹമുള്ള കുഞ്ഞുങ്ങളേ,
        എന്റെ കുട്ടിക്കാലത്ത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും പല പല കഥകൾ കേട്ടിട്ടുണ്ട്. അതു കൂടുതലും പറഞ്ഞു തന്നിരുന്നതും എന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നെയായിരുന്നു. അതില്‍ ഒരു കഥ ഇങ്ങനെയാ..
ഒരിടത്ത് ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. ചെറിയ കുട്ടികളേപ്പോലെ അടിയും വഴക്കും പിണക്കവും ഒക്കെയായി രണ്ടുപേരും കൂടെ ഒരു ചെറിയ കുടിലില്‍ താമസിച്ചിരുന്നു. എന്നും രാവിലെ രണ്ടുപേരുംകൂടെ പുറത്തു പോയി ഭിക്ഷയെടുത്ത് ആഹാരത്തിനുള്ളതൊക്കെ സമ്പാദിച്ച്, വൈകുന്നേരം ആകുമ്പോഴേക്കും വിറക്, വെള്ളം എല്ലാമായിട്ടു രണ്ടാളും തിരികെ എത്തും. പിന്നെ തുടങ്ങില്ലെ ആഹാരം ഉണ്ടാക്കലും കഴിക്കലും അതിനിടെ അടികൂടലും. ഇതായിരുന്നു അവരുടെ പതിവു ജീവിതരീതി.
ഒരു ദിവസം കുറെ അരിയും ശര്‍ക്കരയും തേങ്ങയും ഒക്കെ കിട്ടി. അവർ തീരുമാനിച്ചു ഇന്നു നമ്മള്‍ക്കു അപ്പം ഉണ്ടാക്കാം എന്ന്. മടങ്ങിയെത്തിയ ഉടനെ തന്നെ അപ്പൂപ്പന്‍ അരി ഒക്കെ വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചു വച്ചു. അമ്മൂമ്മ അടുപ്പൊക്കെ കത്തിച്ചു ദോശക്കല്ല് എടുത്തു വച്ചു.(ദോശക്കല്ലില്‍ ഉണ്ടാക്കുന്നത് ദോശ മാത്രം അല്ല കേട്ടോ)അരിയും തേങ്ങയും ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് അമ്മൂമ്മ അപ്പം ഉണ്ടാക്കി. കഴിക്കാനായി എടുത്തു വച്ചപ്പോൾ അടിയായി. അഞ്ച് അപ്പങ്ങള്‍. മൂന്ന്, രണ്ട്, എന്ന കണക്കു പറഞ്ഞു ഒരേ വഴക്ക്. അപ്പൂപ്പന്‍ പറഞ്ഞു, “ഞാന്‍ അല്ലെ അരി അരച്ചത്, അതു കൊണ്ട് എനിക്കു മൂന്നപ്പം”.
ഉടനെ അമ്മൂമ്മ പറഞ്ഞു “അതു പറ്റില്ല, ഞാന്‍ അല്ലെ ഉണ്ടാക്കിയത് എനിക്കു മൂന്ന്” അങ്ങനെ തര്‍ക്കിച്ചു തര്‍ക്കിച്ചു പാതിരാത്രിയായി.അവസാനം രണ്ടുപേരും കൂടെ ഒരു തീരുമാനത്തിലെത്തി. ആദ്യം മിണ്ടുന്നയാളിനു രണ്ടപ്പം. മിണ്ടാതിരിക്കുന്ന ആളിനു മൂന്നപ്പം.
അങ്ങനെ മിണ്ടാതിരുന്നിരുന്ന് രണ്ടുപേരും ഉറക്കം തുടങ്ങി. നേരം വെളുത്തു, സന്ധ്യയായി, വാശി പിടിച്ചു രണ്ടാളും മിണ്ടാതെ കിടന്നു. രണ്ടുദിവസം ആയി അനക്കം ഒന്നും കേള്‍ക്കാതെ അയലത്തുകാരൊക്കെ വന്നു നോക്കിയപ്പോൾ രണ്ടുപേരും അനങ്ങാതെ കിടക്കുന്നു. വിളിച്ചു നോക്കിയിട്ടും മിണ്ടാതെ കിടക്കുന്നു. രണ്ടാളും മരിച്ചു പോയി എന്നു വിചാരിച്ചു. പിന്നെ ശവം ദഹിപ്പിക്കാനുള്ള ഒരുക്കം ആയി. രണ്ടു പേരേയും എടുത്ത് ചിതയില്‍ വൈക്കാൻ തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. അലറല്‍ ശബ്ദം കേട്ട് “ഞാന്‍ ജയിച്ചു ഞാന്‍ ജയിച്ചു, എനിക്കു മൂന്നപ്പം” എന്നും പറഞ്ഞു അമ്മൂമ്മയും ചാടി എണീറ്റു.
ഇവരുടെ അടികൂടലും വാശിപിടിക്കലും പന്തയംവൈക്കലും അറിയാവുന്ന നാട്ടുകാർ പൊട്ടിച്ചിരിച്ചു കൊണ്ട് അവരുടെ വഴിക്കു പോയി. രണ്ടാളും അപ്പം തിന്നാനായി അടുക്കളയില്‍ ചെന്നു നോക്കിയപ്പോൾ കണ്ടതോ ...
അപ്പം ഒക്കെ തിന്നു നിറഞ്ഞു അവരുടെ കുറിഞ്ഞിപ്പൂച്ച അടുപ്പിൽ കിടന്നു ഉറങ്ങുന്നു. രണ്ടാളും ചമ്മി മുഖത്തോടു മുഖം നോക്കി വിശപ്പുമാറ്റാനുള്ള വഴി ആലോചിച്ചു കൊണ്ടിരുന്നു.
ഒരുപാടു കാര്യങ്ങള്‍ ഈ കഥയിൽ ഉണ്ട്. വായിക്കുന്നവര്‍ക്കു അതു അവരവരുടെ ഇഷ്ടത്തിനനുസരിച്ചു മനസ്സിലാക്കി വായിക്കാമല്ലോ.  അതൊക്കെ കമന്റുകളായി പങ്കുവയ്ക്കണേ.
പുതിയ അമ്മൂമ്മക്കഥയുമായി ഉടനെ വരാം

Tuesday, November 1, 2011

ധനികനു പറ്റിയ അമളി

       കുറെ നാളായി മൃഗങ്ങളുടേയും പക്ഷികളുടേയും ഒക്കെ കഥകള്‍ അല്ലേ കേള്‍ക്കുന്നേ? ഇത്തവണ നമ്മക്കു നമ്മളേപോലെയുള്ള ഒരു മനുഷ്യന്റെ കഥ കേട്ടാലോ മക്കളെ..
            പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. അയാള്‍ വലിയ ധനികനും ആയിരുന്നു.  ഒരു പാടു കൃഷി ഭൂമി, എണ്ണിയാല്‍ തീരാത്ത പണിക്കാർ,  ആയിരക്കണക്കിനു കാളകൾ, പശുക്കൾ, പോത്തുകൾ, എരുമകൾ. സമ്പത്ത് എന്നു പറഞ്ഞാല്‍  അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ വായ്യാത്തപോലെ സമ്പത്ത്. എല്ലാം ശരിക്കും നോക്കി നടത്താന്‍ കൃഷിക്കാരനു വല്ലാത്ത ബുദ്ധിമുട്ടായി.  നോട്ടക്കുറവു കൊണ്ട് സ്വത്തുക്കള്‍ പലതും പലരും കയ്യേറാന്‍ തുടങ്ങി.
           കൃഷിക്കാരന്‍ വളരെ ആലോചിച്ചു ഒരു തീരുമാനം എടുത്തു. തന്റെ ഭൂസ്വത്തും കാലിസ്വത്തും (മൃഗങ്ങൾ) മുക്കാല്‍ ഭാഗവും വിറ്റ് സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളുമാക്കി. സ്വത്തുക്കള്‍ തന്നത്താന്‍ നോക്കാവുന്നത്രയുമാക്കി ചുരുക്കി. അയാള്‍ തന്റെ തോട്ടത്തിനു ചുറ്റും ബലമുള്ള മതിലുകള്‍ കെട്ടി.സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും വലിയ ഒരു ഭരണിയിലാക്കി തോട്ടത്തിന്റെ ഒത്ത നടുവില്‍ കുഴിച്ചിട്ടു.
     എല്ലാദിവസവും അയാള്‍ കുഴി മാന്തി ഭരണി പുറത്തെടുത്ത് ഉമ്മവൈക്കും, എന്നിട്ടു വീണ്ടും പഴയതുപോലെ ഭരണി കുഴിയില്‍ വച്ചു മൂടും. താന്‍ ലോകത്തിലേ ധനികന്മാരിലൊരാളാണല്ലോ എന്നോര്‍ത്ത് സന്തോഷിക്കും. ഈ പതിവു ഇങ്ങനെ കുറെക്കാലം തുടര്‍ന്നു.

         അങ്ങനെയിരിക്കെ നഗരത്തിലെ ഒരു പെരുങ്കള്ളന്‍ ധനികന്റെ തോട്ടത്തില്‍ കയറി ഒളിച്ചിരുന്നു. ധനികന്റെ അസാധാരണമായ പ്രവൃത്തി കണ്ടു അയള്‍ക്കു കാര്യം മനസ്സിലായി.ധനികന്‍ പോയ സമയം നോക്കി കള്ളന്‍ കുഴി മാന്തി ഭരണി പുറത്തെടുത്തു.അതിലെ സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും എല്ലാം എടുത്ത് സ്വന്തം ഭാണ്ഡത്തിലാക്കി കള്ളന്‍ സ്ഥലം വിട്ടു.
        പിറ്റേന്നും പതിവുപോലെ കൃഷിക്കാരന്‍ കുഴിയുടെ അടുത്തെത്തി. വെളിയില്‍ കിടക്കുന്ന ഭരണി കണ്ട് അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിലവിളിച്ചു കൊണ്ട് നിലത്തു കിടന്നുരുളുന്ന കൃഷിക്കാരനോടു ചോദിച്ച് നാട്ടുകാര്‍ കാര്യം മനസ്സിലാക്കി. അയാളുടെ കഥ കേട്ട് എല്ലാവരും മൂക്കത്തു വിരല്‍ വച്ചു നിന്നു പോയി.
        അവരിലൊരാള്‍ ധനികനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, “ഹേ! സഹോദരാ, നിങ്ങള്‍ സമാധാനമായിരിക്കൂ, നഷ്ട്ടപ്പെട്ടതു തിരിച്ചു കിട്ടട്ടേ എന്നു പ്രാര്‍ത്ഥിക്കാം”.  അയാള്‍ തുടര്‍ന്നു, ‘നിങ്ങള്‍ക്കു ഈ സ്വര്‍ണ്ണവും, രത്നങ്ങളും, നാണയങ്ങളും കൊണ്ട് എന്തു പ്രയോജനം ഉണ്ടായിരുന്നു?, ഒന്നുമില്ലായിരുന്നല്ലോ? ഭരണിക്കകത്തിട്ടു കുഴിച്ചു മൂടിയാല്‍ ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ? നിങ്ങള്‍ക്കു കിട്ടിയിരുന്ന ആനന്ദം അല്ലാതെ. പിന്നെ കുറെ നാളുകളായി എന്നും ചെയ്തുപോന്ന ഒരു പ്രവൃത്തി പെട്ടെന്നു നിന്നാ‍ല്‍ ഉണ്ടാകുന്ന ഒരു വിഷമം. അതിനു ഒരു കാര്യം ചെയ്യൂ, കുറെ മണ്ണു ഭരണിയില്‍ നിറച്ചു കുഴിയില്‍ മൂടു, എന്നിട്ടു പതിവു പോലെ വന്നു കുഴി മാന്തി ഭരണിയെടുത്ത് ഉമ്മവച്ചോളൂ”.
        കൃഷിക്കാരന്‍ അപ്പോഴും ഒന്നും കേള്‍ക്കാതെ വാവിട്ടു നില വിളിച്ചു കൊണ്ടിരുന്നു................
    ഇതില്‍ നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം? നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ, കഴിവുകളാവട്ടേ, അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും.
          കഥ ഇഷ്ടപ്പെട്ടോ മക്കളേ... എല്ലാപേർക്കും കേരളപ്പിറവി ആശംസകൾ

Saturday, October 1, 2011

കിട്ടാത്ത മുന്തിരി പുളിയ്ക്കും


കുഞ്ഞുങ്ങളേ,
       ഓണം കഴിഞ്ഞ് ഇതാ പൂജവയ്പ്പെത്തിയല്ലോ. ഓണപ്പരീക്ഷയുടെ മാർക്കൊക്കെ കിട്ടി വളരെ സന്തോഷത്തിലായിരിക്കും എല്ലാപേരും, അല്ലേ.... നമുക്കിന്ന് ഒരു കുറുക്കന്റെ കഥ കേൾക്കാം, ഒരു കുഞ്ഞു കഥ.
           അതിരാവിലേ മുതൽ നമ്മുടെ കുറുക്കച്ചാർ ഭക്ഷണം തേടി അലഞ്ഞു നടക്കുകയാണ്. വല്ല കോഴിക്കുഞ്ഞിനെയോ മറ്റോ കിട്ടിയാൽ കുശാലായി.... ഇങ്ങനെ രുചിയുള്ള ഭക്ഷണവും സ്വപ്നം കണ്ട് കുറുക്കൻ കുറെ അലഞ്ഞു. നിർഭാഗ്യമെന്നു പറയട്ടേ, അവന് അന്ന് ഒരു ഭക്ഷണവും കിട്ടിയില്ല.
   പതുക്കെപ്പതുക്കെ കുറുക്കൻ കാടിനടുത്തുള്ള വീട്ടിലെ കോഴിക്കൂട്ടിനരുകിലെത്തി. ഒരു കോഴിക്കുഞ്ഞിനെയെങ്കിലും തട്ടിയെടുക്കാനായി അവൻ പല വഴിയും നോക്കി. ഇതിനിടെ കുറിക്കനെ കണ്ട് ഭയന്ന തള്ളക്കോഴിയും കുഞ്ഞുങ്ങളും ഉച്ചത്തിൽ കരഞ്ഞ് ബഹളം വച്ചു. ഇതു കേട്ട് ഗൃഹനാഥൻ ഓടിവന്നു കുറുക്കനെ തല്ലിയോടിച്ചു. വിശപ്പും തല്ലുകൊണ്ട വേദനയും കൊണ്ട് അവൻ ആകെ വിഷമിച്ചു. അങ്ങനെ വിഷമിച്ചു നടന്നപ്പോൾ അടുത്ത പറമ്പിൽ കുലകുലയായി കായ്ച്ചു കിടക്കുന്ന മുന്തിരിക്കുല അവന്റെ കണ്ണിൽ പെട്ടു. നല്ല രസികൻ കോഴിക്കുഞ്ഞിനെയും മറ്റും ഭക്ഷിക്കുന്ന കുറുക്കൻ മുന്തിരിങ്ങ തിന്നുകയോ? എന്തു ചെയ്യാം, 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന് അവന്റെ അവന്റെ മുത്തശ്ശൻ ഇടയ്ക്കിടെ പറയുന്നത് അവന് ഓർമ്മ വന്നു. ചുറ്റിലും ആരും ഇല്ലെന്ന് ഉറപ്പാക്കിയ അവൻ മെല്ലെ മതിൽ ചാടി മുന്തിരി വള്ളിയുടെ താഴെയെത്തി. പക്ഷേ, അപ്പോഴും പ്രശ്നം തന്നെ..... മുന്തിരിക്കുലകൾ വളരെ ഉയരത്തിലാണ്. അവൻ ആ മുന്തിരിക്കുല ലക്ഷ്യമാക്കി ഉയർന്നു ചാടി. പക്ഷേ കിട്ടുന്നില്ല. വീണ്ടും വീണ്ടും ശക്തിയായി ചാടി. വിശപ്പു കൊണ്ട് ആകെ ക്ഷീണിച്ച കുറുക്കന് ഓരോ ചാട്ടം കഴിയുമ്പോഴും ക്ഷീണം കൂടിക്കൂടി വന്നതല്ലാതെ മുന്തിരിക്കുല ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. ഇനി ചാടിയാൽ താൻ അവിടെ കുഴഞ്ഞു വീഴും എന്നു മനസ്സിലാക്കിയ അവൻ ആ ഉദ്യമത്തിൽ നിന്ന് മെല്ലെ പിന്തിരിഞ്ഞു.
        എങ്കിലും ചമ്മൽ മാറാനായി അവൻ സ്വയം പറഞ്ഞു, “ആർക്കു വേണം ഈ മുന്തിരിങ്ങ, ഇവയെല്ലാം ആകെ പുളിച്ചു തിന്നാൻ കൊള്ളാത്തവയാണ്. അന്തസ്സുള്ള കുറുക്കന്മാർക്ക് തിന്നാൻ കൊള്ളാത്തവയാണ് ഇതെല്ലാം, ങ്ഹും!....” അവൻ നടന്നകന്നു.
      പലയാവർത്തി ശ്രമിച്ചിട്ടും കിട്ടാത്ത കാര്യങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും ഉള്ള മനോഭാവമല്ലേ ഈ കുറുക്കനും ഉണ്ടായത്.... “കിട്ടാത്ത മുന്തിരി പുളിയ്ക്കും". കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ...
       ഇനി, ഈ കുറുക്കനെ കുറിച്ച് കൂടുതൽ അറിയാൻ ദേ,ഇവിടെ ക്ലിക്ക്ചെയ്തേ.....

Thursday, September 1, 2011

കുരങ്ങന്റെയും മുതലയുടെയും കഥ ("മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന്’)


        എന്റെ കുഞ്ഞുങ്ങളേ, പുതിയ കഥ കേൾക്കാൻ തിടുക്കമായി അല്ലേ....ഇന്ന് നമുക്ക് ഒരു കുരങ്ങന്റെയും മുതലയുടെയും കഥ കേൾക്കാം.....
    ഒരിടത്തൊരിടത്തൊരിടത്തൊരിക്കൽ പുഴയുടെ കരയിലുള്ള അത്തിമരത്തിൽ ഒരു കുരങ്ങൻ ജീവിച്ചിരുന്നു. അവൻ ആ മരത്തിൽ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. അവന് കൂട്ടുകാരൊന്നും ഇല്ലായിരുന്നു. തേൻ പോലെ മധുരമുള്ള അത്തിപ്പഴം ഭക്ഷിച്ച് വളരെ സന്തോഷവാനായി അവൻ കഴിഞ്ഞു.
     അങ്ങനെയിരിയ്ക്കേ ഒരു ദിവസം എങ്ങുനിന്നോ ഒരു വലിയ മുതല ആ നദിയിൽ എത്തി. നല്ല ചൂടുള്ള പകൽ സമയങ്ങളിൽ തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന അത്തിമരത്തിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു.
     ചങ്ങാതിമാരൊന്നുമില്ലാതെ വളരെയധികം ബോറടിച്ചിരുന്ന കുരങ്ങന് ഈ മുതലയോട് ഒന്ന് ചങ്ങാത്തം കൂടിയാലോ എന്ന മോഹം തോന്നി. എന്നാലും ഭീമാകാരനായ മുതലയെ അവന് ചെറിയ പേടിയായിരുന്നു. അവൻ പതുക്കെ ഒരു അത്തിപ്പഴം അടർത്തിയെടുത്ത് ആ മുതലയുടെ അടുത്ത് ഇട്ടുകൊടുത്തു. വിചാരിച്ചിരിക്കാതെ തന്റെ മുന്നിൽ വന്നു വീണ അത്തിപ്പഴം കണ്ട് മുതല മെല്ലെ മരത്തനു മുകളിലേയ്ക്ക് നോക്കി. കുരങ്ങൻ സൗഹൃദസൂചകമായി കൈവീശികാണിച്ചു കൊണ്ട് പറഞ്ഞു, “ഞാനാ ആ പഴം ഇട്ടുതന്നത്, കഴിച്ചോളൂ മുതലച്ചേട്ടാ, നല്ല മധുരമാ...”
      തെല്ലു സംശയത്തോടെയാണെങ്കിലും മുതല ആ പഴം ഒന്ന് രുചിച്ചു നോക്കി... “ഹായ്, കൊള്ളാമല്ലോ, കുരങ്ങൻ പറഞ്ഞത് എത്ര സത്യം" മുതല സന്തോഷത്തോടെ മുകളിലേയ്ക്ക് നോക്കി...
      “ഇഷ്ടപ്പെട്ടോ?” കുരങ്ങൻ ഒരു പഴം കൂടി ഇട്ടുകൊടുത്തു. അന്നു മുതൽ എല്ലാ ദിവസവും കുരങ്ങൻ മുതലയ്ക്ക് നല്ല മധുരമുള്ള അത്തിപ്പഴം ഇട്ടുകൊടുത്തു. മെല്ലെ മെല്ലെ അവർ വലിയ ചങ്ങാതിമാരായി. അവർ തമാശകളും കഥകളും ഒക്കെ പറഞ്ഞ് സമയം കളഞ്ഞു.
       മുതലയുടെ വീട് ആ പുഴയുടെ അങ്ങേക്കരയിലായിരുന്നു. ഒരു ദിവസം വൈകിട്ട് വീട്ടിലേയ്ക്ക് പോയപ്പോൾ മുതല തന്റെ ഭാര്യയ്ക്ക് കൊടുക്കാനായി ഒന്നുരണ്ട് അത്തിപ്പഴം കൂടെ കൊണ്ടുപോയി. തേൻ പോലെ മധുരമുള്ള ആ പഴങ്ങൾ മുതലയുടെ ഭാര്യയ്ക്ക് വളരെ ഇഷ്ടമായി. പിന്നെ ദിവസവും മുതല തന്റെ ഭാര്യയ്ക്ക് നല്ല മധുരമുള്ള അത്തിപ്പഴങ്ങൾ കൊണ്ടു കൊടുത്തു.
ദിവസങ്ങൾ കടന്നു പോയി. മുതലയുടെ ഭാര്യയ്ക്ക് ഒരു മോഹം - ഈ അത്തിപ്പഴങ്ങൾക്ക് ഇത്ര മധുരമാണെങ്കിൽ ദിവസവും ഈ പഴങ്ങൾ മാത്രം കഴിയ്ക്കുന്ന ആ കുരങ്ങന്റെ ഹൃദയത്തിന് എത്ര മധുരമായിരിക്കും! ഒരു ദിവസം തന്റെ ആഗ്രഹം അവൾ ഭർത്താവിനോട് പറഞ്ഞു. തന്റെ ഭാര്യയുടെ വിചിത്രമായ ആഗ്രഹം കേട്ട് മുതല ഞെട്ടിപ്പോയി.
     "പറ്റില്ല, അവൻ എന്റെ ഉറ്റചങ്ങാതിയാണ്, അവനെ ഞാൻ ഉപദ്രവിക്കില്ല", മുതല പറഞ്ഞു. വളരെയധികം നിർബന്ധിച്ചിട്ടും മുതല ഭാര്യയുടെ ആഗ്രഹത്തിനു വഴങ്ങിയില്ല. എന്നാലും തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. എങ്ങനെയെങ്കിലും ആ കുരങ്ങന്റെ ഹൃദയത്തിന്റെ സ്വാദ് അറിയണം. അവൾ പല വഴികളും ചിന്തിച്ചു. ഒടുവിൽ ഒരു വഴി കണ്ടുപിടിച്ചു.
     അന്ന് മുതല വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അവന്റെ ഭാര്യ അസുഖമനുഭവിച്ച് കിടന്നു. തന്റെ വയറിന് വല്ലാത്ത അസുഖം ബാധിച്ചെന്നും, അത്തിപ്പഴം കഴിക്കുന്ന കുരങ്ങന്റെ ഹൃദയം കഴിച്ചാൽ മാത്രമേ ഈ അസുഖം മാറുകയുള്ളൂവെന്ന് വൈദ്യൻ പറഞ്ഞതായും അവൾ പറഞ്ഞു. വേദനയിൽ പുളയുന്നതായി അഭിനയിക്കുകയും ചെയ്തു. മുതല ആകെ ധർമ്മസങ്കടത്തിലായി. എങ്ങനെ തന്റെ സുഹൃത്തിന്റെ ഹൃദയം ഇവൾക്ക് കൊടുക്കും. പക്ഷേ, ഭാര്യ വേദനയാൽ പുളയുന്നത് കണ്ടു നിൽക്കാനും വയ്യ.
       അടുത്ത ദിവസം പതിവുപോലെ അത്തിമരച്ചുവട്ടിലെത്തിയ മുതലയുടെ മ്ലാനമായ മുഖം കണ്ട് കുരങ്ങൻ കാര്യമന്വേഷിച്ചു. തന്റെ ഭാര്യയുടെ വേദനയോടെയുള്ള മുഖം ഓർത്തപ്പോൾ അവന് കുരങ്ങനെ എങ്ങനെയെങ്കിലും തന്റെ വീട്ടിലെത്തിക്കണമെന്ന് തോന്നി. അവൻ ഒരു ഉപായം പുറത്തെടുത്തു - കുരങ്ങനോട് പറഞ്ഞു, “നമ്മൾ ഇത്ര നല്ല ചങ്ങാതിമാരല്ലേ, എന്നിട്ടും നിന്നെ എന്റെ വീട്ടിൽ ഇതുവരെയും ഞാൻ കൊണ്ടുപോയില്ലല്ലോ. എന്റെ ഭാര്യ അതുകാരണം എന്നോട് വലിയ പരിഭവം പറഞ്ഞു. നീ ഇന്ന് എന്റെ കൂടെ എന്റെ വീട്ടിൽ വരണം. ഈ നദിയുടെ അങ്ങേകരയിലാണ് എന്റെ വീടെന്നറിയാമല്ലോ"
    ശുദ്ധഗതിക്കരനായ കുരങ്ങൻ പറഞ്ഞു, “മുതലചേട്ടൻ വിഷമിക്കേണ്ടാ, ഞാൻ വരാം. പക്ഷേ എനിക്ക് ഈ നദിയുടെ അപ്പുറത്തെത്താൻ നീന്തൽ വശമില്ലല്ലോ"
     “അതിനെന്താ, എന്റെ മുതുകിൽ കയറിയ്ക്കോ, ഞാൻ നിന്നെ കൊണ്ടുപോകാം", തന്റെ ഉപായം ഫലിക്കുന്നെന്ന് തോന്നിയ മുതല പറഞ്ഞു.
   ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കുരങ്ങൻ പതുക്കെ മുതലയുടെ മുതുകിൽ പറ്റിപ്പിടിച്ചു കയറി. മുതല പുഴയുടെ അങ്ങേക്കരയിലേയ്ക്ക് നീന്തിത്തുടങ്ങി. തന്റെ ചങ്ങാതിയെ ചതിയ്ക്കുന്നെന്ന തോന്നൽ അവനെ അലട്ടി. വിശേഷങ്ങൾ ഒക്കെ പറഞ്ഞ് സന്തോഷത്തോടെ കുരങ്ങൻ ഇരിക്കുന്നു. പക്ഷേ, ഇവനോട് പറയാതെ വയ്യ, മുതലയ്ക്ക് സങ്കടമായി. അവൻ വളരെ വിഷമത്തോടെ തന്റെ ഉദ്ദേശം കുരങ്ങനെ അറിയിച്ചു. ആകെ ഞെട്ടിപ്പോയ കുരങ്ങൻ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണമെന്ന് വിചാരിച്ചു. ഇപ്പോൾ നദിയുടെ നടുക്കെത്തിക്കഴിഞ്ഞു, ഇനി സമയവുമില്ല. അവൻ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് മനസ്സലിൽ പ്രാർത്ഥിച്ചു. പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി. ഭയം മറച്ചുവച്ചുകൊണ്ട് അവൻ മുതലയോട് പറഞ്ഞു, “മുതലച്ചേട്ടാ, ശരിയാ എന്റെ ഹൃദയം കഴിച്ചാൽ ആ രോഗം മാറും. പക്ഷേ ഇക്കാര്യം നേരത്തേ ഒന്ന് പറയരുതായിരുന്നോ? ഞാൻ എന്റെ ഹൃദയം ആ അത്തിമരത്തിന്റെ പൊത്തിൽ അഴിച്ചു വച്ചിരിക്കുകയാണ്. അതെടുക്കാൻ മറന്നല്ലോ. സാരമില്ല, നമുക്കത് ചെന്ന് എടുത്തിട്ട് വരാം, ചേട്ടൻ തിരികെ എന്നെ ആ അത്തിമരത്തിനടുത്ത് ഒന്നെത്തിച്ചേ"
     എങ്ങനെയോ മുതല അതങ്ങ് വിശ്വസിച്ചു, “നീ അധികം സമയം പാഴാക്കരുത്, അവൾ കാത്തിരിക്കുകയാണ്" മുതല തിരികെ നീന്താൻ തുടങ്ങി. കരയ്ക്ക് ഏതാണ്ട് അടുത്തെത്തിയപ്പോൽ തന്നെ കുരങ്ങൻ ചാടിയിറങ്ങി ഓടിച്ചെന്ന് മരത്തിൽ കയറി. താഴെ കാത്തു നിന്ന മുതലയോട് പറഞ്ഞു, “ എടാ മണ്ടൻ മുതലേ, ആരെങ്കിലും സ്വന്തം ഹൃദയം അഴിച്ചെടുത്ത് മാറ്റിവയ്ക്കുമോ? ചങ്ങാതിയെ ചതിക്കാൻ ശ്രമിച്ച നിന്നെ ഇത്രേം നാൾ ഞാൻ വിശ്വസിച്ചല്ലോ, കഷ്ടം. ഇനി ഈ പരിസരത്ത് കണ്ടുപോകരുത്... പോ എന്റെ മുന്നിൽ നിന്ന്...”കുരങ്ങന് ദേഷ്യവും സങ്കടവും ഒക്കെ വന്നു.”
       മുതല വളരെ ലജ്ജയോടെ മുഖം വെള്ളത്തിലാഴ്ത്തി വേഗം സ്ഥലം വിട്ടു.
      കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ......തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....
എല്ലാപേർക്കും ഓണാശംസകൾ …...

Monday, August 1, 2011

ഒരു കീരിയുടെ കഥ


        സ്നേഹമുള്ള കുഞ്ഞുങ്ങളേ... സ്ക്കൂളൊക്കെ തുറന്ന് പുതിയ ക്ലാസിലെത്തിയതിന്റെ സന്തോഷത്തിലാണല്ലോ എല്ലാപേരും. എത്ര പെട്ടെന്നാണല്ലേ ദിവസങ്ങൾ പോയത്. ഇതാ ഓണവും ഇങ്ങടുത്തുവരുന്നു അല്ലേ....
        ഇത്തവണ എന്റെ കുഞ്ഞുങ്ങൾക്ക് പഞ്ചതന്ത്രം കഥകളിലെ ഒരു നല്ല കഥ പറഞ്ഞുതരാം ട്ടോ..
     പണ്ടുപണ്ടൊരിടത്ത് ദേവശർമ്മ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കേ അവരുടെ സന്തോഷം ഇരട്ടിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞു പിറന്നു. സുന്ദരനായ ഒരു പുത്രൻ! ദിവസങ്ങൾ കടന്നു പോയി. തങ്ങളുടെ ഏക മകന് കൂടെ കളിക്കാനും കൂട്ടുകൂടാനും ഒക്കെ ഒരു കൂട്ടുകാരനെ കിട്ടിയാൽ കൊള്ളാമെന്ന്  അവർക്ക് തോന്നി. ഒരു വളർത്തുമൃഗം തന്നെ അതിന് പറ്റിയതെന്ന് അവർ തീരുമാനിച്ചു.
       തങ്ങളുടെ മകന്റെ കൂടെ കളിക്കാൻ മറ്റാർക്കുമില്ലാത്ത ഒരു കളിക്കൂട്ടുകാരനെ അന്വേഷിച്ച് ദേവശർമ്മ നാടുമുഴുവൻ നടന്നു. ഒടുവിൽ അദ്ദേഹത്തിന് ഒരു കീരിക്കുഞ്ഞിനെ കിട്ടി. കീരിക്കുഞ്ഞുമായി ദേവശർമ്മ വീട്ടിലെത്തി. “കുഞ്ഞിന്റെ കൂടെ കളിക്കാൻ കീരിയോ?” ദേവശർമ്മയുടെ ഭാര്യയുടെ നെറ്റി ചുളിഞ്ഞു. ആദ്യം പരിഭവമൊക്കെ പറഞ്ഞെങ്കിലും അവർ ഒടുവിൽ ആ കീരിക്കുഞ്ഞിനെ കൂടെ കൂട്ടാൻ സമ്മതിച്ചു.
    എന്റെ കുഞ്ഞുങ്ങൾ കീരിയെ കണ്ടിട്ടുണ്ടോ? ചെറിയ കുറ്റിക്കാടുള്ള സ്ഥലങ്ങളിലൊക്കെ കീരിയെ കാണാം. ദൂരത്ത് നിന്ന് നോക്കിയാൽ ഒരു തടിയൻ അണ്ണാരക്കണ്ണനെപ്പോലെയിരിക്കും. മനുഷ്യരെ ഉപദ്രവിക്കാത്ത ഒരു പാവം ജീവിയാണ് കീരി. പക്ഷേ പാമ്പിന്റെ മുഖ്യ ശത്രുവും. ഇവനെക്കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.
         അങ്ങനെ കുഞ്ഞിനോടൊപ്പം കീരിയും ആ വീട്ടിൽ വളർന്നു. പക്ഷേ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കീരി ഉപദ്രവിക്കുമോ എന്നുള്ള ഭയം എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ കുഞ്ഞിനെ കീരിയുടെ ഒപ്പം തനിച്ചാക്കി ഒരിക്കലും പുറത്തു പോയിരുന്നില്ല.
      പക്ഷേ ഒരു ദിവസം വളരെ അത്യാവശ്യമായി ദേവശർമ്മയ്ക്കും ഭാര്യയ്ക്കും പുറത്തുപോകേണ്ടതായി വന്നു. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി, അല്ല, കീരിക്കൊപ്പം നിർത്തിയിട്ട് പോകാൻ അമ്മയ്ക്ക് ഒട്ടും മനസ്സില്ലായിരുന്നു. എങ്കിലും ദേവശർമ്മയുടെ സ്നേഹപൂർണ്ണമായ ഉറപ്പിന്മേൽ മനസ്സില്ലാമനസ്സോടെ അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി.
       കീരി, കുഞ്ഞിന്റെ കാര്യത്തിൽ വളരെ ജാഗ്രതയോടെ തന്നെയിരുന്നു. ചെറിയ ശബ്ദങ്ങൾ പോലും അവർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് എവിടെനിന്നോ ഒരു പാമ്പ് വീടിനുള്ളിലേയ്ക്ക് വരുന്നത് കീരി കണ്ടു. അവന് ആകെ ആധിയായി. പാമ്പ് കുഞ്ഞിനെ ഉപദ്രവിക്കില്ലേ. പിന്നെ ഒട്ടും താമസിച്ചില്ല. അവർ പാമ്പിനെ ഒറ്റപ്പിടുത്തം. പക്ഷേ ആ തടിയൻ പാമ്പ് വളരെ ശക്തനായിരുന്നു. കുറെ നേരത്തെ മൽപ്പിടുത്തത്തിനു ശേഷമാണ് കീരിക്ക് ആ പാമ്പിനെ കൊല്ലാൻ സാധിച്ചത്. ഇതിനിടെ അവന്റെ ദേഹത്ത് ചെറിയ മുറിവുകൾ പറ്റുകയും ശരീരമാകെ ചോരപൊടിയുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലാകാതെ ഇതൊക്കെ കണ്ട് കുഞ്ഞ് തൊട്ടിലിൽ കിടന്ന് കളിക്കുകയായിരുന്നു
           പാമ്പിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സന്തോഷത്തിൽ അവൻ സ്വന്തം വേദന തൽക്കാലം മറന്നു. അപ്പോൾ പുറത്ത് ഒരു കാലൊച്ച കേട്ടു. ദേവശർമ്മയും ഭാര്യയും വരുന്നതിന്റെ ശബ്ദമായിരുന്നു അത്. കീരി, കുഞ്ഞിനെ പാമ്പിൽ നിന്ന് രക്ഷിച്ച കാര്യം അച്ഛനെയും അമ്മയെയും അറിയിക്കാനുള്ള സന്തോഷത്തിൽ ഓടി വീടിനു പുറത്തെത്തി. ദേഹമാസകലം ചോരയിൽ നനഞ്ഞിരിക്കുന്ന കീരിയെ കണ്ട് ആ അമ്മയ്ക്ക് പെട്ടെന്ന് തന്റെ ഭയം ശരിയായിരുന്നോ എന്ന തോന്നൽ ഉണ്ടായി. ഈ കീരി തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും അപായപ്പെടുത്തിയിരിക്കുമോ എന്ന് ഭയന്ന അവർ, “എന്റെ കുഞ്ഞിനെ നീ ഉപദ്രവിച്ചോടാ?” എന്ന കരച്ചിലോടെ, തന്റെ മുന്നിൽ ആദ്യം കണ്ട ഒരു വലിയ കുടമെടുത്ത്  കീരിയുടെ നേരെ ആഞ്ഞെറിഞ്ഞു. ഏറിന്റെ ശക്തിയിൽ പാവം കീരി തൽക്ഷണം അവിടെത്തനെ പിടഞ്ഞു ചത്തു
 
ഓടി വീടിനകത്തെത്തിയ അമ്മ സ്തബ്ദയായിപ്പോയി. തന്റെ കുഞ്ഞ് തൊട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്നു. അതിനടുത്തായി വലിയ പാമ്പ് കീരിയുടെ കടിയേറ്റ് ചത്തു കിടക്കുന്നു. തന്റെ പൊന്നോമനയെ രക്ഷിക്കാനായി കീരിയാണ് ആ പാമ്പിനെ കൊന്നതെന്ന് പെട്ടെന്ന് അവർക്ക് മനസ്സിലായി. പുറത്തേക്കിറങ്ങി നോക്കിയ അവർ ചത്തു കിടക്കുന്ന കീരിയെ കണ്ട് വളരെയധികം സങ്കടപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കും മുൻപ് ഉള്ള തന്റെ എടുത്തുചാട്ടത്തിൽ അവർ വളരെയധികം പശ്ചാത്തപിച്ചു.
            ഈ കഥ കേട്ടിട്ട് എന്റെ കുഞ്ഞു മക്കൾക്ക് എന്തു മനസ്സിലായി. എന്തെങ്കിലും ഒന്ന് ചെയ്യുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക, എടുത്തു ചാട്ടം ആപത്തിലേയ്ക്ക് നയിയ്ക്കും"
കഥ ഇഷ്ടപ്പെട്ടോ മക്കളേ..... 
       ഇനി, ഈ കീരിക്കുട്ടനെപ്പറ്റിയും  പഞ്ചതന്ത്രം കഥകളെപ്പറ്റിയും കൂടുതലറിയാൻ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കണേ...
  

Friday, July 1, 2011

മല്ലനും മാതേവനും


                രാമപുരം ഗ്രാമത്തിലെ ഉറ്റ ചങ്ങാതിമാരായിരുന്നു മല്ലനും മാതേവനുംകുഞ്ഞു നാൾ മുതൽ ഒരുമിച്ച് വളർന്ന അവർ എപ്പോഴും എല്ലാ കാര്യങ്ങൾക്കും  ഒരുമിച്ച് തന്നെ ഉണ്ടാവുംനാട്ടിലെ ഉത്സവമായാലും ശ്രമദാനമായാലും എല്ലാം അവരൊരുമിച്ച് തന്നെഅവരുടെ ഈ ഒത്തൊരുമയിൽ പലർക്കും അസൂയയും ഉണ്ടായിജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും തങ്ങൾ ഒരുമിച്ചു തന്നെ എന്ന് മല്ലനും മാതേവനും എപ്പോഴും പറയുമായിരുന്നു.
        മുതിർന്നതോടെ അവർ പണികൾക്ക് പോകാൻ തുടങ്ങിമരം വെട്ട്, കൃഷിപ്പണി, കിണർ കുഴിക്കൽ എന്നുവേണ്ട ഏത് പണിയും ചെയ്യുന്ന അദ്ധ്വാനശീലരായിരുന്നു അവർജോലിക്ക് പോകുന്നതും ഒരുമിച്ചുതന്നെന്ന് പ്രത്യേകം പറയേണ്ടല്ലോഅടുത്ത നാട്ടിലും അവർ പണിക്ക് പോയിരുന്നു.
        പക്ഷേ ഒരു ദിവസം പെട്ടെന്ന് മല്ലനും മാതേവനും തമ്മിൽ പിണങ്ങിപിന്നെ ഒരിക്കലും അവർ തമ്മിൽ രമ്യതയിലായിട്ടില്ലഎന്താണ് കാരണമെന്നറിയണ്ടേ?
        ഒരു ദിവസം കുറേ ദൂരെ പണിക്ക് പോയി തിരികെ വരുമ്പോൾ ഒരു കാടിനുള്ളിലൂടെയാണ് വരേണ്ടിയിരുന്നത്ഒരുപാട് മൃഗങ്ങളൊക്കെ ഉള്ള കാടാണെന്ന് കേട്ടിട്ടുണ്ട്ഉള്ളിൽ ശരിക്കും ഭയത്തോടെ അവർ വേഗം നടന്നുഇടക്കിടെ മൃഗങ്ങളുടെ ശബ്ദവും മറ്റും കേൾക്കുന്നുണ്ട്
        പെട്ടെന്ന് ദൂരെ പൊന്തകാട്ടിനിടയിൽ നിന്നും ഒരു ശബ്ദംഒരു തടിയൻ കരടി മണം പിടിച്ച് തങ്ങളുടെയടുത്തേക്ക് വരുന്നത് കണ്ടുജീവിക്കാനായാലും മരിക്കാനായാലും ഒരുമിച്ച് ഉണ്ടാവുമെന്ന കാര്യം മല്ലൻ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുപക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ മാതേവനെ കാണാനില്ലമാതേവൻ ജീവനും കൊണ്ട് അടുത്ത് കണ്ട ഒരു മരത്തിൽ ഓടിക്കയറിയിരിക്കുന്നുസ്തബ്ദനായിപ്പോയ മല്ലന് പെട്ടെന്ന് എന്തു ചെയ്യണമെന്നടിയാതായിജീവിക്കാനായാലും മരിക്കാനായാലും ഒരുമിച്ചെന്ന് പറഞ്ഞിരുന്ന ഉറ്റ ചങ്ങാതി ഇതാ ഒരാപത്ത് വന്നപ്പോൾ സ്വന്തം രക്ഷ മാത്രം നോക്കി രക്ഷപ്പെട്ടിരിക്കുന്നുതന്നെ ഈ കരടി കൊന്നതു തന്നെ, മല്ലൻ ആകെ വിവശനായി
        പക്ഷേ പെട്ടെന്ന് അവന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നിഅവൻ നിലത്ത് ശ്വാസം പിടിച്ച് മരിച്ചതുപോലെ കിടന്നുദൂരെയുള്ള പൊന്തക്കാട്ടിൽ നിന്ന് മണം പിടിച്ച് ഇതിനകം തന്നെ കരടി എത്തിയിരുന്നുമരത്തിന്റെ മുകളിൽ ഇരുന്ന മാതേവനെ കരടി കണ്ടില്ലനിലത്തു കിടക്കുന്ന മല്ലന്റെ അടുത്തെത്തിയ കരടി ചുറ്റും നടന്ന് അവനെ മണത്തുനോക്കി. കുറെ നേരം അവിടെ ചുറ്റിപ്പറ്റി നിന്ന കരടി, ശ്വാസം അടക്കി കിടന്ന മല്ലൻ മരിച്ചു കിടക്കുകയാണെന്ന് കരുതി സ്ഥലം വിട്ടു
        കരടി ദൂരെ എത്തിയെന്ന് ഉറപ്പായ മാതേവൻ മെല്ലെ മരത്തിൽ നിന്ന് നിലത്തിറങ്ങി മല്ലന്റെ അടുത്തെത്തിശ്വാസമടക്കി കിടന്ന അവനെ തട്ടിയുണർത്തിക്കൊണ്ട് അൽപ്പം പരിഹാസത്തോടെ, ആപത്തിൽ ഉപേക്ഷിച്ച സങ്കോചത്തോടെ ചോദിച്ചു, “മല്ലാ, കരടി എന്താ നിന്റെ ചെവിയിൽ പറഞ്ഞത്?”
        ആപത്തിൽ തന്നെ വിട്ട് പോയതിലുള്ള സങ്കടവും ദേഷ്യവുമൊക്കെ കടിച്ചമർത്തി മല്ലൻ പറഞ്ഞു, “കരടി എന്നോട് ചെവിയിൽ പറഞ്ഞത് എന്താണെന്നോ, ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ല, എന്നാണ്അതു കൊണ്ട് ഇനി എനിക്ക് നിന്റെ കൂട്ട് വേണ്ട” ഇത്രേം പറഞ്ഞ് മല്ലൻ വേഗം അവിടം വിട്ട് പോയിപിന്നീടൊരിക്കലും അവർ തമ്മിൽ മിണ്ടീട്ടു പോലുമില്ല.
        ഇതിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി?
        ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി, ചങ്ങാതിയല്ല
        തക്ക സമയത്തു തോന്നുന്ന ബുദ്ധി ജീവൻ പോലും രക്ഷിക്കും..

        കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ.

     ഇനി ഈ കരടിയെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ അറിയണ്ടേ...അതിനായി ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.....

Wednesday, June 1, 2011

കിണറ്റിലെ സിംഹം

 
           കുഞ്ഞുങ്ങളേ, അവധിക്കാലമൊക്കെ കഴിഞ്ഞ് സ്ക്കൂളില്‍ പോകാന്‍ റെഡിയായോ എല്ലാപേരും? അവധിക്കാലത്ത് പുതിയ പുതിയ കളികളും കഥകളും ഒക്കെ പഠിച്ചില്ലേ. ഇനി പുതിയ പുസ്തകങ്ങളും കുപ്പായങ്ങളും ഒക്കെയായി ‘ഇത്തിരിക്കൂടി വലിയ’ ക്ലാസ്സില്‍ പോകാനുള്ള ആവേശത്തിലാണല്ലേ എല്ലാപേരും. കുറച്ചു പുതിയ കൂട്ടുകാരെയും കിട്ടുമല്ലോ.
              ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാനായ ഒരു മുയലിന്റെ കഥ പറഞ്ഞുതരാം, കേട്ടോ. മുയലിന്റെ ബുദ്ധിശക്തിയെക്കുറിച്ച് മുന്‍പും കഥകള്‍ കേട്ടിട്ടില്ലേ.
         ഒരിടത്തൊരിടത്ത് ഒരു കാട്ടില്‍ മൃഗങ്ങളൊക്കെ വലിയ സ്നേഹത്തോടും സന്തോഷത്തോടും കൂടി കഴിഞ്ഞിരുന്നു. കരടിച്ചേട്ടനായിരുന്നു അവരുടെ കാരണവര്‍ . ആരും പരസ്പരം ഉപദ്രവിക്കാതെയും, ശല്യപ്പെടുത്താതെയും വളരെ സമാധാനത്തിലായിരുന്നു കഴിഞ്ഞുപോന്നത്. എന്ത് തര്‍ക്കമുണ്ടായാലും കരടിച്ചേട്ടന്റെ വാക്ക് ആയിരുന്നു അവസാന വാക്ക്.
       അങ്ങനെയിരുന്നപ്പോള്‍ എവിടുന്നോ ഒരു സിംഹം അവിടെയെത്തി. വളരെ ശക്തിമാനും ഒപ്പം ക്രൂരനുമായിരുന്നു ആ സിംഹം. ആ കാട്ടിലെ സമാധാനം തകരാന്‍ വേറൊന്നും വേണ്ടായിരുന്നു. അവന്‍ മറ്റു മൃഗങ്ങളേ ക്രൂരമായി വേട്ടയാടാന്‍ തുടങ്ങി. എന്നും കുശാലായി വയറു നിറയ്ക്കാന്‍ അവന്‍ ഒന്നിലേറെ മൃഗങ്ങളെ കൊന്നു തിന്നു.
             മൃഗങ്ങളാകെ ആശങ്കാകുലരായി. എല്ലാപേരും പ്രാണഭയത്താല്‍ നെട്ടോട്ടമായി. എന്നാണ് തങ്ങളെ ആ സിംഹം ഇരയാക്കുക എന്ന് അവരൊക്കെ ഭയപ്പെട്ടു. മാത്രമല്ല ഇങ്ങനെ പോയാല്‍ താമസിയാതെ ഈ കാട്ടിലുള്ള മൃഗങ്ങളാകെ ഇല്ലാതാവും. ഇന്നിതാ കരടിച്ചേട്ടന്‍ ഇല്ലാതിരുന്ന നേരത്ത് കരടിച്ചേട്ടന്റെ ഗുഹയും അവന്‍ കൈയ്യേറി.
                ഇതിന് എന്തെങ്കിലും പരിഹാരം കണ്ടേ തീരൂ. പക്ഷേ ദുര്‍ബ്ബലരായ അവര്‍ക്ക് ഒരു വഴിയും കിട്ടിയില്ല. അവരെല്ലാം കരടിച്ചേട്ടന്റെ മുന്നില്‍ ഒത്തുകൂടി. പലരും പല വഴികളും മുന്നോട്ട് വച്ചു. അതില്‍ പലതും പ്രായോഗികമല്ലായിരുന്നു. സിംഹത്തെ കൂട്ടത്തോടെ ആക്രമിക്കാമെന്ന് കുറുക്കന്‍ പറഞ്ഞു. മന്ത്രവാദം ചെയ്ത് ഓടിക്കാമെന്ന് മൂങ്ങ പറഞ്ഞു. ഇവനെക്കാള്‍ ശക്തനായ വേറൊരു സിംഹത്തെ കൊണ്ടുവരാമെന്ന് കഴുതയും പറഞ്ഞു. പക്ഷേ അതൊക്കെ വിപരീതഫലമേ ഉണ്ടാക്കൂ എന്ന് കരടിച്ചേട്ടന്‍ പറഞ്ഞു.
               അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി. സിംഹവുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുക. എല്ലാ ദിവസവും തങ്ങളില്‍ നിന്ന് ഒരാളെ വീതം നറുക്കിട്ടെടുത്ത് സിംഹത്തിന് ആഹാരമായി എത്തിക്കുക. പലര്‍ക്കും അതിനോട് യോജിപ്പുണ്ടായില്ല, പക്ഷേ വേറെ ഒരു വഴിയും ഇല്ലാതിരുന്നത് കൊണ്ട് മനസ്സില്ലാമനസ്സോടെ സമ്മതിച്ചെന്നെയുള്ളൂ. പക്ഷേ ചെറുപ്പക്കാരായ മുയലിനും മറ്റും അത് അത്ര പിടിച്ചില്ല. അവര്‍ പ്രതിഷേധം ഉള്ളിലൊതുക്കി. കരടിച്ചേട്ടന്റെ നേതൃത്വത്തില്‍ കുറച്ച് മുതിര്‍ന്ന മൃഗങ്ങള്‍ പേടിച്ചു പേടിച്ചാണെങ്കിലും സിംഹത്തിന്റെ മുന്നിലെത്തി കാര്യം അവതരിപ്പിച്ചു. ആദ്യമൊന്നും സമ്മതിക്കാതിരുന്ന സിംഹം, മെയ്യനങ്ങാതെ ശാപ്പാട് നടക്കുമെന്നുറപ്പായപ്പോള്‍ സമ്മതിച്ചു.
                  അന്നു മുതല്‍ നറുക്കിട്ടെടുത്ത് ഓരോ ദിവസം ഓരോരുത്തര്‍ സിംഹത്തിന് ഇരയായി അവന്റെ ഗുഹയിലെത്തി. അവരുടെ കുടുംബങ്ങളില്‍ ഇത് വലിയ സങ്കടമുണ്ടാക്കി. അങ്ങനെ, ഒരു ദിവസം നമ്മുടെ മുയലിന്റെ ഊഴം വന്നെത്തി. ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ അവന്‍ ചിലതൊക്കെ ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. എല്ലാപേരും സങ്കടത്തോടെ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ അവന്‍ സന്തോഷത്തോടെ അവരെ കൈവീശിക്കാണിച്ച്, ‘നാളെ രാവിലെ കാണാം‘ എന്നൊക്കെ പറഞ്ഞ് യാത്രയായി.
                     അന്ന് നല്ല നിലാവുള്ള ദിവസമായിരുന്നു. മുയല്‍ മനഃപ്പൂര്‍വ്വം അല്‍പ്പം വൈകിത്തന്നെ സിംഹത്തിന്റെ മുന്നിലെത്തി. വിശന്ന് തുടങ്ങിയ സിംഹം കോപത്തോടെ അവന്റെ നേരെ ചാടിയടുത്തു. “എന്താടാ ഇത്ര താമസിച്ചത്?” സിംഹം അലറി. മുയല്‍ സംയമനം വിടാതെ ഒഴിഞ്ഞുമാറി പെട്ടെന്നു തന്നെ ഇത്രയും പറഞ്ഞു, “മഹാരാജന്‍ , ക്ഷമിക്കണം, ഞാന്‍ വളരെ നേരത്തെ തന്നെ ഇറങ്ങിയതാണ്‍. വഴിക്ക് വച്ച് ഒരു വലിയ സിംഹം എന്നെ ഓടിച്ചു. ഞാന്‍ അങ്ങയുടെ ഭക്ഷണമാകാന്‍ വേണ്ടി പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ആ സിംഹം കോപത്തോടെ അലറി. അങ്ങ് എന്നെ തിന്ന് കഴിഞ്ഞ് അവന്‍ അങ്ങയെ കൊന്നു തിന്നുമെന്ന് ഭീഷണിപ്പെടുത്തി”
               “എന്റെ രാജ്യത്ത് എന്നെ വെല്ലുവിളിക്കാന്‍ വേറൊരുത്തനോ?” സിംഹം കോപം കൊണ്ട് വിറച്ചു. “എവിടെ ആ ധിക്കാരി? ഇന്ന് ആദ്യം അവന്റെ കഥ തന്നെ കഴിക്കാം, എന്നിട്ടാകാം നിന്നെ. വേഗം എനിക്ക് അവനെ കാണിച്ചു താ..”
               തന്റെ ബുദ്ധി ഫലിക്കുന്നുണ്ടെന്ന് മുയലിനു തോന്നി. അവന്‍ ഭയം അഭിനയിച്ചു കൊണ്ട് പറഞ്ഞു. “മഹാരാജന്‍ , അങ്ങ് എന്നോടൊപ്പം വന്നാലും, ഞാന്‍ കാണിച്ചു തരാം.”
                കോപത്താല്‍ വിറച്ചുകൊണ്ട് നിന്ന സിംഹം മുയലിന് പിന്നാലെ പോയി. മുയല്‍ നേരെ പോയത് ആഞ്ഞിലിമരത്തിനു കിഴക്കുള്ള പൊട്ടക്കിണറിന്റെ അടുത്തേക്കായിരുന്നു. ആ കിണറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് മുയല്‍ പറഞ്ഞു, “ മഹാരാജന്‍ , ഇതാണ് അവന്റെ താവളം. അവന്‍ ഇതിനകത്തുണ്ട്.”
            സിംഹം കിണറിനടുത്ത് ചെന്ന് അതിനുള്ളിലേക്ക് എത്തി നോക്കി. നല്ല നിലാവുണ്ടായിരുന്നതു കൊണ്ട് അവന്‍ അവന്റെ പ്രതിബിംബം തന്നെ കിണറിനുള്ളില്‍ കണ്ടു. മറ്റൊരു സിംഹം തന്നെത്തന്നെ തുറിച്ച് നോക്കുന്നതായി അവന് തോന്നി. ദേഷ്യം സഹിക്കാതെ അവന്‍ അലറി...... ഒപ്പം കിണറിനുള്ളിലെ സിംഹവും അലറുന്നതായി അവന് തോന്നി. ആഹാ, അത്രക്കായോ, അവനെ വകവരുത്തിയിട്ടുതന്നെ കാര്യം! കോപം കൊണ്ട് മുന്‍പിന്‍ നോക്കാതെ സിംഹം കിണറിലേക്ക് ഒറ്റച്ചാട്ടം. നല്ല ആഴവും ഒരുപാട് വെള്ളവും ഉണ്ടായിരുന്ന കിണറില്‍ വീണ സിംഹം വെപ്രാളത്തോടെ കൈകാലിട്ടടിച്ചു. കുറേ വെള്ളംകുടിച്ച് അവന്‍ അവിടെക്കിടന്നുതന്നെ ചത്തു.
                വിജയശ്രീലാളിതനായി മുയല്‍ തിരികെ വീട്ടിലെത്തി. നടന്ന കാര്യമൊക്കെ എല്ലാപേരെയും പറഞ്ഞു കേള്‍പ്പിച്ചു. എല്ലാപേര്‍ക്കും സന്തോഷമായി. പിന്നെയും ആ കാട്ടില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ മടങ്ങി വന്നു.
തക്കസമയത്ത് തോന്നുന്ന ബുദ്ധി, ഏത് ശക്തിമാനെയും വീഴ്ത്തും.
കഥ ഇഷ്ടമായോ കുഞ്ഞുങ്ങളേ.......
                 ഇനി ഈ മുയലിനെക്കുറിച്ച് കൂടുതലറിയാന്‍ ദേ ഇവിടെയും സിംഹത്തിനെക്കുറിച്ച് അറിയാന്‍ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ.....