Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, September 1, 2011

കുരങ്ങന്റെയും മുതലയുടെയും കഥ ("മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന്’)


        എന്റെ കുഞ്ഞുങ്ങളേ, പുതിയ കഥ കേൾക്കാൻ തിടുക്കമായി അല്ലേ....ഇന്ന് നമുക്ക് ഒരു കുരങ്ങന്റെയും മുതലയുടെയും കഥ കേൾക്കാം.....
    ഒരിടത്തൊരിടത്തൊരിടത്തൊരിക്കൽ പുഴയുടെ കരയിലുള്ള അത്തിമരത്തിൽ ഒരു കുരങ്ങൻ ജീവിച്ചിരുന്നു. അവൻ ആ മരത്തിൽ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. അവന് കൂട്ടുകാരൊന്നും ഇല്ലായിരുന്നു. തേൻ പോലെ മധുരമുള്ള അത്തിപ്പഴം ഭക്ഷിച്ച് വളരെ സന്തോഷവാനായി അവൻ കഴിഞ്ഞു.
     അങ്ങനെയിരിയ്ക്കേ ഒരു ദിവസം എങ്ങുനിന്നോ ഒരു വലിയ മുതല ആ നദിയിൽ എത്തി. നല്ല ചൂടുള്ള പകൽ സമയങ്ങളിൽ തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന അത്തിമരത്തിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു.
     ചങ്ങാതിമാരൊന്നുമില്ലാതെ വളരെയധികം ബോറടിച്ചിരുന്ന കുരങ്ങന് ഈ മുതലയോട് ഒന്ന് ചങ്ങാത്തം കൂടിയാലോ എന്ന മോഹം തോന്നി. എന്നാലും ഭീമാകാരനായ മുതലയെ അവന് ചെറിയ പേടിയായിരുന്നു. അവൻ പതുക്കെ ഒരു അത്തിപ്പഴം അടർത്തിയെടുത്ത് ആ മുതലയുടെ അടുത്ത് ഇട്ടുകൊടുത്തു. വിചാരിച്ചിരിക്കാതെ തന്റെ മുന്നിൽ വന്നു വീണ അത്തിപ്പഴം കണ്ട് മുതല മെല്ലെ മരത്തനു മുകളിലേയ്ക്ക് നോക്കി. കുരങ്ങൻ സൗഹൃദസൂചകമായി കൈവീശികാണിച്ചു കൊണ്ട് പറഞ്ഞു, “ഞാനാ ആ പഴം ഇട്ടുതന്നത്, കഴിച്ചോളൂ മുതലച്ചേട്ടാ, നല്ല മധുരമാ...”
      തെല്ലു സംശയത്തോടെയാണെങ്കിലും മുതല ആ പഴം ഒന്ന് രുചിച്ചു നോക്കി... “ഹായ്, കൊള്ളാമല്ലോ, കുരങ്ങൻ പറഞ്ഞത് എത്ര സത്യം" മുതല സന്തോഷത്തോടെ മുകളിലേയ്ക്ക് നോക്കി...
      “ഇഷ്ടപ്പെട്ടോ?” കുരങ്ങൻ ഒരു പഴം കൂടി ഇട്ടുകൊടുത്തു. അന്നു മുതൽ എല്ലാ ദിവസവും കുരങ്ങൻ മുതലയ്ക്ക് നല്ല മധുരമുള്ള അത്തിപ്പഴം ഇട്ടുകൊടുത്തു. മെല്ലെ മെല്ലെ അവർ വലിയ ചങ്ങാതിമാരായി. അവർ തമാശകളും കഥകളും ഒക്കെ പറഞ്ഞ് സമയം കളഞ്ഞു.
       മുതലയുടെ വീട് ആ പുഴയുടെ അങ്ങേക്കരയിലായിരുന്നു. ഒരു ദിവസം വൈകിട്ട് വീട്ടിലേയ്ക്ക് പോയപ്പോൾ മുതല തന്റെ ഭാര്യയ്ക്ക് കൊടുക്കാനായി ഒന്നുരണ്ട് അത്തിപ്പഴം കൂടെ കൊണ്ടുപോയി. തേൻ പോലെ മധുരമുള്ള ആ പഴങ്ങൾ മുതലയുടെ ഭാര്യയ്ക്ക് വളരെ ഇഷ്ടമായി. പിന്നെ ദിവസവും മുതല തന്റെ ഭാര്യയ്ക്ക് നല്ല മധുരമുള്ള അത്തിപ്പഴങ്ങൾ കൊണ്ടു കൊടുത്തു.
ദിവസങ്ങൾ കടന്നു പോയി. മുതലയുടെ ഭാര്യയ്ക്ക് ഒരു മോഹം - ഈ അത്തിപ്പഴങ്ങൾക്ക് ഇത്ര മധുരമാണെങ്കിൽ ദിവസവും ഈ പഴങ്ങൾ മാത്രം കഴിയ്ക്കുന്ന ആ കുരങ്ങന്റെ ഹൃദയത്തിന് എത്ര മധുരമായിരിക്കും! ഒരു ദിവസം തന്റെ ആഗ്രഹം അവൾ ഭർത്താവിനോട് പറഞ്ഞു. തന്റെ ഭാര്യയുടെ വിചിത്രമായ ആഗ്രഹം കേട്ട് മുതല ഞെട്ടിപ്പോയി.
     "പറ്റില്ല, അവൻ എന്റെ ഉറ്റചങ്ങാതിയാണ്, അവനെ ഞാൻ ഉപദ്രവിക്കില്ല", മുതല പറഞ്ഞു. വളരെയധികം നിർബന്ധിച്ചിട്ടും മുതല ഭാര്യയുടെ ആഗ്രഹത്തിനു വഴങ്ങിയില്ല. എന്നാലും തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. എങ്ങനെയെങ്കിലും ആ കുരങ്ങന്റെ ഹൃദയത്തിന്റെ സ്വാദ് അറിയണം. അവൾ പല വഴികളും ചിന്തിച്ചു. ഒടുവിൽ ഒരു വഴി കണ്ടുപിടിച്ചു.
     അന്ന് മുതല വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അവന്റെ ഭാര്യ അസുഖമനുഭവിച്ച് കിടന്നു. തന്റെ വയറിന് വല്ലാത്ത അസുഖം ബാധിച്ചെന്നും, അത്തിപ്പഴം കഴിക്കുന്ന കുരങ്ങന്റെ ഹൃദയം കഴിച്ചാൽ മാത്രമേ ഈ അസുഖം മാറുകയുള്ളൂവെന്ന് വൈദ്യൻ പറഞ്ഞതായും അവൾ പറഞ്ഞു. വേദനയിൽ പുളയുന്നതായി അഭിനയിക്കുകയും ചെയ്തു. മുതല ആകെ ധർമ്മസങ്കടത്തിലായി. എങ്ങനെ തന്റെ സുഹൃത്തിന്റെ ഹൃദയം ഇവൾക്ക് കൊടുക്കും. പക്ഷേ, ഭാര്യ വേദനയാൽ പുളയുന്നത് കണ്ടു നിൽക്കാനും വയ്യ.
       അടുത്ത ദിവസം പതിവുപോലെ അത്തിമരച്ചുവട്ടിലെത്തിയ മുതലയുടെ മ്ലാനമായ മുഖം കണ്ട് കുരങ്ങൻ കാര്യമന്വേഷിച്ചു. തന്റെ ഭാര്യയുടെ വേദനയോടെയുള്ള മുഖം ഓർത്തപ്പോൾ അവന് കുരങ്ങനെ എങ്ങനെയെങ്കിലും തന്റെ വീട്ടിലെത്തിക്കണമെന്ന് തോന്നി. അവൻ ഒരു ഉപായം പുറത്തെടുത്തു - കുരങ്ങനോട് പറഞ്ഞു, “നമ്മൾ ഇത്ര നല്ല ചങ്ങാതിമാരല്ലേ, എന്നിട്ടും നിന്നെ എന്റെ വീട്ടിൽ ഇതുവരെയും ഞാൻ കൊണ്ടുപോയില്ലല്ലോ. എന്റെ ഭാര്യ അതുകാരണം എന്നോട് വലിയ പരിഭവം പറഞ്ഞു. നീ ഇന്ന് എന്റെ കൂടെ എന്റെ വീട്ടിൽ വരണം. ഈ നദിയുടെ അങ്ങേകരയിലാണ് എന്റെ വീടെന്നറിയാമല്ലോ"
    ശുദ്ധഗതിക്കരനായ കുരങ്ങൻ പറഞ്ഞു, “മുതലചേട്ടൻ വിഷമിക്കേണ്ടാ, ഞാൻ വരാം. പക്ഷേ എനിക്ക് ഈ നദിയുടെ അപ്പുറത്തെത്താൻ നീന്തൽ വശമില്ലല്ലോ"
     “അതിനെന്താ, എന്റെ മുതുകിൽ കയറിയ്ക്കോ, ഞാൻ നിന്നെ കൊണ്ടുപോകാം", തന്റെ ഉപായം ഫലിക്കുന്നെന്ന് തോന്നിയ മുതല പറഞ്ഞു.
   ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കുരങ്ങൻ പതുക്കെ മുതലയുടെ മുതുകിൽ പറ്റിപ്പിടിച്ചു കയറി. മുതല പുഴയുടെ അങ്ങേക്കരയിലേയ്ക്ക് നീന്തിത്തുടങ്ങി. തന്റെ ചങ്ങാതിയെ ചതിയ്ക്കുന്നെന്ന തോന്നൽ അവനെ അലട്ടി. വിശേഷങ്ങൾ ഒക്കെ പറഞ്ഞ് സന്തോഷത്തോടെ കുരങ്ങൻ ഇരിക്കുന്നു. പക്ഷേ, ഇവനോട് പറയാതെ വയ്യ, മുതലയ്ക്ക് സങ്കടമായി. അവൻ വളരെ വിഷമത്തോടെ തന്റെ ഉദ്ദേശം കുരങ്ങനെ അറിയിച്ചു. ആകെ ഞെട്ടിപ്പോയ കുരങ്ങൻ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണമെന്ന് വിചാരിച്ചു. ഇപ്പോൾ നദിയുടെ നടുക്കെത്തിക്കഴിഞ്ഞു, ഇനി സമയവുമില്ല. അവൻ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് മനസ്സലിൽ പ്രാർത്ഥിച്ചു. പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി. ഭയം മറച്ചുവച്ചുകൊണ്ട് അവൻ മുതലയോട് പറഞ്ഞു, “മുതലച്ചേട്ടാ, ശരിയാ എന്റെ ഹൃദയം കഴിച്ചാൽ ആ രോഗം മാറും. പക്ഷേ ഇക്കാര്യം നേരത്തേ ഒന്ന് പറയരുതായിരുന്നോ? ഞാൻ എന്റെ ഹൃദയം ആ അത്തിമരത്തിന്റെ പൊത്തിൽ അഴിച്ചു വച്ചിരിക്കുകയാണ്. അതെടുക്കാൻ മറന്നല്ലോ. സാരമില്ല, നമുക്കത് ചെന്ന് എടുത്തിട്ട് വരാം, ചേട്ടൻ തിരികെ എന്നെ ആ അത്തിമരത്തിനടുത്ത് ഒന്നെത്തിച്ചേ"
     എങ്ങനെയോ മുതല അതങ്ങ് വിശ്വസിച്ചു, “നീ അധികം സമയം പാഴാക്കരുത്, അവൾ കാത്തിരിക്കുകയാണ്" മുതല തിരികെ നീന്താൻ തുടങ്ങി. കരയ്ക്ക് ഏതാണ്ട് അടുത്തെത്തിയപ്പോൽ തന്നെ കുരങ്ങൻ ചാടിയിറങ്ങി ഓടിച്ചെന്ന് മരത്തിൽ കയറി. താഴെ കാത്തു നിന്ന മുതലയോട് പറഞ്ഞു, “ എടാ മണ്ടൻ മുതലേ, ആരെങ്കിലും സ്വന്തം ഹൃദയം അഴിച്ചെടുത്ത് മാറ്റിവയ്ക്കുമോ? ചങ്ങാതിയെ ചതിക്കാൻ ശ്രമിച്ച നിന്നെ ഇത്രേം നാൾ ഞാൻ വിശ്വസിച്ചല്ലോ, കഷ്ടം. ഇനി ഈ പരിസരത്ത് കണ്ടുപോകരുത്... പോ എന്റെ മുന്നിൽ നിന്ന്...”കുരങ്ങന് ദേഷ്യവും സങ്കടവും ഒക്കെ വന്നു.”
       മുതല വളരെ ലജ്ജയോടെ മുഖം വെള്ളത്തിലാഴ്ത്തി വേഗം സ്ഥലം വിട്ടു.
      കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ......തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....
എല്ലാപേർക്കും ഓണാശംസകൾ …...