Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, July 2, 2013

തൊപ്പി കച്ചവടക്കാരനും കുരങ്ങന്മാരും.....



സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ,
        സ്ക്കൂൾ തുറന്ന് പഠനത്തിൽ മുഴുകിയിരിക്കുകയാണല്ലേ എല്ലാപേരും ഇത്തവണ നമുക്ക് ഒരു ചെറിയ കഥ കേൾക്കാം അല്ലേ
        പണ്ടു പണ്ടൊരു ഗ്രാമത്തിൽ രാമു എന്നു പേരായ തൊപ്പികച്ചവടക്കാരൻ ഉണ്ടായിരുന്നു.  എന്നും രാവിലെ ഒരു കൊട്ട നിറയെ തൊപ്പികളുമായി രാമു കച്ചവടത്തിനിറങ്ങും.  നാടായ നാടൊക്കെ ചുറ്റിത്തിരിഞ്ഞ് തൊപ്പിയെല്ലാം വിറ്റ് വൈകിട്ടാകുമ്പോൾ വീട്ടിലെത്തും.

        ഒരുക്കൽ ഒരു വേനൽക്കാലത്ത്, നടന്നു നടന്ന് ക്ഷീണിച്ച രാമു ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു.  തൊപ്പികൾ നിറച്ച കൊട്ട അരികിൽ  വച്ച്, ഒരു തൊപ്പി തന്റെ തലയിൽ തന്നെ വച്ച് അയാൾ മരത്തിൽ ചാരി ഇരുന്നു.   നല്ല ക്ഷീണമുള്ളതിനാലും ആൽമരത്തിന്റെ തണലിൽ ചെറുകാറ്റുണ്ടായിരുന്നതിനാലും രാമു പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.
        മരത്തിനു മുകളിൽ ഒരു പറ്റം കുരങ്ങന്മാർ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് രാമു ശ്രദ്ധിച്ചില്ല.  രാമു മയക്കത്തിലായതോടെ കുരങ്ങന്മാർ ഓരോരുത്തരായി താഴെ ഇറങ്ങി വന്നു.  നാം ചെയ്യുന്ന കാര്യങ്ങൾ അതേപടി അനുകരിക്കുന്നത് കുരങ്ങന്മാരുടെ ശീലമാണല്ലോ.  അവർ തൊപ്പിയും തലയിൽ വച്ച് ഇരിക്കുന്ന രാമുവിനെ കണ്ട് അതുപോലെ അനുകരിക്കാൻ ശ്രമിച്ചു.  അത്, രാമുവിന്റെ കൊട്ടയിലെ തൊപ്പികൾ വച്ചായിരുന്നെന്നു മാത്രം.  അവർ തൊപ്പിയൊക്കെ എടുത്ത് തലയിൽ വച്ച് സന്തോഷത്തോടെ ബഹളം വയ്ക്കാൻ തുടങ്ങി. 

ശബ്ദം കേട്ട് രാമു പെട്ടെന്ന് ഉണർന്നു.  തന്റെ കൊട്ടയിലെ തൊപ്പിയെല്ലാം കുരങ്ങന്മാർ എടുത്ത് തലയിൽ വച്ചിരിക്കുന്നത് കണ്ട് രാമു ചാടിയെണീറ്റു.  ഉടൻ തന്നെ കുരങ്ങന്മാർ എല്ലാപേരും ഉയരമുള്ള മരത്തിന്റെ മുകളിലേയ്ക്ക്  ചാടിക്കയറി പോയി.  രാമു ആകെ വിഷമത്തിലായി.  കൊട്ടയിലുണ്ടായിരുന്ന തൊപ്പികളെല്ലാം തന്നെ കുരങ്ങന്മാർ കൊണ്ടു പോയി.  തന്റെ തലയിൽ വച്ചിരുന്നത് മാത്രം അവശേഷിക്കുന്നു.  കുരങ്ങന്മാർ തന്നെ പോലെ  തൊപ്പി വച്ച് മുകളിലിരുന്ന് രസിക്കുന്നു.  എങ്ങനെ ഇവന്മാരിൽ നിന്ന് തൊപ്പി തിരികെ വാങ്ങും.. രാമു പല വഴികളും  നോക്കി. രാമു കുരങ്ങന്മാരെ നോക്കി കൈ കൊണ്ട് വിരട്ടുന്നതു പോലെ ഉള്ള  ആംഗ്യം കാണിച്ചു.  കുരങ്ങന്മാർ തിരികെ അതു പോലെ ആംഗ്യം കാട്ടിയതല്ലാതെ തൊപ്പികൾ തിരികെ കൊടുത്തില്ല.  തറയിൽ കിടന്ന്  ഒരു ചെറിയ മരച്ചില്ല എടുത്ത് രാമു കുരങ്ങന്മാരെ എറിഞ്ഞു.  കുരങ്ങന്മാർ തൊപ്പി തിരികെ കൊടുത്തില്ല, പകരം ആ മരത്തിൽ നിന്ന് ചില്ലകൾ പൊട്ടിച്ചെടുത്ത് അവർ രാമുവിനെ തിരികെ എറിഞ്ഞു.
പെട്ടെന്ന് രാമുവിന് ഒരു ബുദ്ധി തോന്നി.  താൻ ചെയ്യുന്നതെല്ലാം ഇവന്മാർ അനുകരിക്കുകയാണല്ലോ  രാമു തന്റെ തലയിൽ നിന്ന് തൊപ്പി ഊരി കുരങ്ങന്മാർക്കു നേരെ എറിഞ്ഞു.  രാമു കാണിച്ചതൊക്കെ അനുകരിച്ചു കൊണ്ടിരുന്ന കുരങ്ങന്മാർ തങ്ങളുടെ തലയിലിരുന്ന തൊപ്പികൾ എല്ലാം എടുത്ത് രാമുവിനെ തിരികെ എറിഞ്ഞു. പെട്ടെന്നു തന്നെ  രാമു തൊപ്പികളെല്ലാം പെറുക്കിക്കൂട്ടി തന്റെ കൊട്ടയിലാക്കി സ്ഥലം വിട്ടു.
പെട്ടെന്ന് തോന്നിയ ബുദ്ധിയും, നിരീക്ഷണവും രാമുവിന് തുണയായി.  ബുദ്ധിയോടൊപ്പം  നല്ല നിരീക്ഷണവും  പല അവസരങ്ങളിലും നമുക്ക് തുണയാകും. അല്ലേ കുഞ്ഞുങ്ങളേ. എന്റെ കുഞ്ഞുങ്ങൾക്ക് കഥ ഇഷ്ടമായോ?   മറ്റൊരു കഥയുമായി വേഗം വരാംട്ടോ