Blogger Tips and TricksLatest Tips And TricksBlogger Tricks

Sunday, June 1, 2014

നാലു പാവകളും ഗുരുജിയുടെ ഉപദേശവും....


        സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ. സ്കൂൾ തുറന്നുപുതിയ കുപ്പായമൊക്കെ ഇട്ട്. മഴയൊക്കെ നനഞ്ഞ്പുതിയ ക്ലാസുകളിലൊക്കെ പോയി ആകെ സന്തോഷത്തിലായിരിക്കുമല്ലോ എല്ലാപേരും. ഇന്ന് നമുക്ക് ഒരു  ചെറിയ കഥ കേൾക്കാംട്ടോ
        മിഥിലാപുരിയിലെ രാജകുമാരനായിരുന്നു കാർത്തികേയൻ.  ഗുരുമുഖത്തു നിന്നും വിദ്യയൊക്കെ അഭ്യസിച്ച് തിരികെ കൊട്ടാരത്തിലെത്തിയ കാർത്തികേയൻ ഒരു യാത്ര പോയി.  തന്റെ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും വ്യത്യസ്ത ദേശങ്ങളിലെ വിശേഷങ്ങളെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും ഒക്കെ നേരിട്ട് അറിയാനായിരുന്നു ആ യാത്ര.  യാത്രയ്ക്കിടയിൽ  പണ്ഡിതന്മാരെയും സന്ന്യാസിമാരെയും കണ്ട് ഉപദേശങ്ങളും അനുഗ്രഹങ്ങളും വാങ്ങിയാണ് കുമാരൻ മുന്നേറിയത്.
        അങ്ങനെ അദ്ദേഹം വളരെ പ്രശസ്തനും പണ്ഡിതനുമായ ഗുരുജി വിശ്വേശന്റെ സമീപത്തും എത്തി.  ഒന്നു രണ്ടു ദിവസം ഗുരു ഭവനത്തിൽ തങ്ങി വളരെയേറെ പുതിയ അറിവുകളും ഉപദേശങ്ങളും നേടി കുമാരൻ തിരികെ പോകാനൊരുങ്ങുമ്പോൾ ഗുരു കുമാരന് മൂന്ന് പാവകളെ സമ്മാനമായി നൽകി.  കുമാരന് അത്ഭുതമായി.. “ഞാൻ കളിപ്രായമൊക്കെ കഴിഞ്ഞയാളല്ലേഎനിക്കെന്തിനാ ഈ പാവകൾ?”  കാർത്തികേയൻ  വിനയത്തോടെ ഗുരുവിനോട് ചോദിച്ചു.
        “കുമാരാ”, ഗുരു തുടർന്നു, “ഇവ വെറും പാവകളല്ല, ഭാവി രാജാവാകാൻ പോകുന്ന കുമാരന് ഇവയിലൂടെ ചില കാര്യങ്ങൾ പഠിക്കാം.  ഭരണത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ഏതു തരം ആളുകളെ വിശ്വസിച്ച് മുന്നോട്ടു പോകാം എന്നുള്ളതിന്റെ ഉദാഹരണങ്ങളാണിവ.  നോക്കൂ ഈ പാവകളുടെയെല്ലാം ചെവിയുടെ സ്ഥാനത്ത് ദ്വാരങ്ങളുണ്ട്”
        കാർത്തികേയൻ ജിജ്ഞാസയോടെ നോക്കിയിരിക്കേ ഗുരുജി ആദ്യത്തെ പാവയെയും ഒപ്പം ഒരു കഷണം നൂലും എടുത്ത് കുമാരന്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു, “കുമാരൻ  ഈ പാവയുടെ ഒരു ചെവിയിലൂടെ ഈ നൂല് കടത്തി നോക്കൂ”
        ഒന്നും മനസ്സിലായില്ലെങ്കിലും കാർത്തികേയൻ ഗുരുജി പറഞ്ഞതുപോലെ ചെയ്തു.  വലത്തേ ചെവിയിലൂടെ കടത്തിയ നൂല്  യാതൊരു തടസ്സവുമില്ലാതെ ഇടത്തേ ചെവിയിലൂടെ പുറത്തേയ്ക്ക് വന്നു.  കാർത്തികേയന്റെ ആശയക്കുഴപ്പം തിരിച്ചറിഞ്ഞ ഗുരു പറഞ്ഞു, “കുഞ്ഞേ, ഇതു കണ്ടോ, ഇങ്ങനെയുള്ള ധാരാളം ആൾക്കാർ നമുക്ക് ചുറ്റിലും ഉണ്ട്.  അവർ ഒരു ചെവിയിലൂടെ കേൾക്കുന്നത് മറ്റേ ചെവിയിലൂടെ പുറത്തു കളയും.  അവർ ഒന്നും ഗ്രഹിക്കുന്നില്ല.  ഇത്തരക്കാരെ കഴിവതും കൂടെ കൂട്ടരുത്”
        “ഇനി രണ്ടാമത്തെ പാവയുടെ ചെവിയിലൂടെ നൂല് കടത്തി നോക്കൂ”, രണ്ടാമത്തെ പാവ കുമാരന് കൈമാറിക്കൊണ്ട് ഗുരു പറഞ്ഞു.
        ഇത്തവണ ഇടത്തേ ചെവിയിലൂടെ കടത്തിയ നൂല് പാവയുടെ വായിലൂടെ പുറത്തുവന്നു. “ഇത്തരക്കാരെയും ഭരണത്തിൽ കൂടെ കൂട്ടരുത്, ഇവർ എന്തു കേട്ടാലും അപ്പോൾ തന്നെ എല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് നടക്കും. രാജതന്ത്രജ്ഞതയിൽ ഇത് ആപത്താണ്. സൂക്ഷിക്കേണ്ട രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ തുടരണം.” ഗുരുജി തുടർന്നു. “ഇനി അടുത്ത പാവയുടെ ചെവിയിലൂടെ നൂല് കടത്തി നോക്കൂ”
        ഇത്രേം കേട്ടപ്പോൾ ഉത്സാഹം തോന്നിയ കുമാരൻ മൂന്നാമത്തെ പാവയുടെ ഇടത്തേ ചെവിയിലൂടെ നൂല് കടത്തി.  പക്ഷേ ആ നൂല് ഒരിടത്തു കൂടിയും പുറത്തു വന്നില്ല.  ആകാംക്ഷയോടെ തന്റെ മുഖത്തേയ്ക്ക് നോക്കിയ  കുമാരനോട് ഗുരുജി പറഞ്ഞു, “കണ്ടോ ചില ആൾക്കാൻ ഇങ്ങനെയാണ്. എന്ത് കേട്ടാലും ഒന്നും പുറത്തു പറയില്ല.  പറയേണ്ടത് പറയേണ്ടിടത്ത് പറയുക തന്നെ വേണം. ഇത്തരക്കാരെയും നമുക്ക് വേണ്ട”
        ഈ പാവകൾ കൊണ്ടുള്ള ഉദാഹരണങ്ങൾക്ക് ഇത്രേം അർത്ഥതലങ്ങളുടെന്ന് മനസ്സിലായ കുമാരൻ ആശ്ചര്യത്തോടെ ഗുരുവിനെ നോക്കി ചോദിച്ചു. “പിന്നെ എങ്ങനത്തെ ആൾക്കാരെയാണ് ഗുരുജീ നമുക്ക് വിശ്വസിക്കാവുന്നത്?”
        ഗുരുജി തന്റെ കൈയ്യിൽ കരുതിയിരുന്ന നാലാമത്തെ പാവയെ എടുത്ത് കുമാരന് കൊടുത്തുകൊണ്ട് പറഞ്ഞു, “ഇനി ഈ പാവയുടെ ചെവിയിലൂടെ ആ നൂല് കടത്തി നോക്കൂ”
        കുമാരൻ ഇടത്തേ ചെവിയിലൂടെ കടത്തിയ നൂല് വലത്തേ ചെവിയിലൂടെ പുറത്തു വന്നു. ഇതിൽ കുമാരന് ഒരു പ്രത്യേകതയും തോന്നിയില്ല.  ജിജ്ഞാസയോടെ തന്നെ നോക്കിയ കുമാരനോട് ഗുരു തുടർന്നു, “ഇനി ഇതേ കാര്യം ഒരിക്കൽ കൂടി ആവർത്തിച്ചു നോക്കൂ”  കുമാരൻ ആ നൂല് പുറത്തെടുത്ത് ഒരിക്കൽ കൂടി ഇടത്തെ ചെവിയിലൂടെ കടത്തി.  ഇത്തവണ അത് പാവയുടെ വായിലൂടെ പുറത്തു വന്നു. ആശ്ചര്യത്തോടെ നിൽക്കുന്ന കുമാരനോട് ഗുരുജി പറഞ്ഞു, “കുമാരന് ആശ്ചര്യമായോ? ഇനി ഇത് ഒന്നുകൂടി ആവർത്തിക്കൂ” കുമാരൻ വീണ്ടും ആദ്യത്തെ പോലെ നൂല് പാവയുടെ ഇടത്തേ ചെവിയിലൂടെ കടത്തി.  ഇത്തവണ നൂല് പുറത്തു വന്നില്ല.  ഗുരുജിയുടെ നിർദ്ദേശപ്രകാരം വീണ്ടും ഇത് ആവർത്തിച്ചപ്പോൾ നൂല് ആ പാവയുടെ ചെവിയിലൂടെ കടന്നതു പോലുമില്ല.
        കുമാരന്റെ ആശ്ചര്യവും ജിജ്ഞാസയും കണ്ട ഗുരുജി പറഞ്ഞു, “ഇത്തരക്കാരെയാണ് നമുക്ക് ആവശ്യം. ഉൾക്കൊള്ളേണ്ടാത്ത കാര്യങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളയണം, മറ്റുള്ളവരെ അറിയിക്കേണ്ട കാര്യങ്ങൾ കേട്ടാൽ അത് പറയണം, രഹസ്യമായി വയ്ക്കേണ്ടവ രഹസ്യമായി തന്നെ വയ്ക്കണം, അവസാനമായി.. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ചെവി കൊടുക്കുകപോലുമരുത്.”
        ഗുരുവിന്റെ ഉപദേശങ്ങൾ കേട്ട കാർത്തികേയൻ വളരെ സന്തോഷത്തോടെ രാജധാനിയിലേയ്ക്ക് മടങ്ങി. പിന്നീടുള്ള ഭരണകാലത്ത് ഈ വാക്കുകൾ അദ്ദേഹത്തിന് വളരെ വിലപ്പെട്ട വഴികാട്ടിയായി.
        കഥ ഇഷ്ടപ്പെട്ടോ കൂഞ്ഞുങ്ങളേ?  എത്ര സങ്കീർണ്ണമായ വിഷയമാണെങ്കിലും ലളിതമായി.നമുക്ക് ചുറ്റിലും കാണുന്ന ഉദാഹരണങ്ങൾ സഹിതം പറഞ്ഞുതന്നാൽ മനസ്സിലാക്കാൻ എളുപ്പമായിരിക്കും, അല്ലേ?
        ഉൾക്കൊള്ളേണ്ടാത്ത കാര്യങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളയണം, മറ്റുള്ളവരെ അറിയിക്കേണ്ട കാര്യങ്ങൾ കേട്ടാൽ അത് പറയണം, രഹസ്യമായി വയ്ക്കേണ്ടവ രഹസ്യമായി തന്നെ വയ്ക്കണം, അവസാനമായി.. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ചെവി കൊടുക്കുകപോലുമരുത്.
        മറ്റൊരു കഥയുമായി വീണ്ടും വരാം.
26611/109