സ്നേഹമുള്ള കുഞ്ഞുങ്ങളേ... സ്ക്കൂളൊക്കെ തുറന്ന് പുതിയ ക്ലാസിലെത്തിയതിന്റെ സന്തോഷത്തിലാണല്ലോ എല്ലാപേരും. എത്ര പെട്ടെന്നാണല്ലേ ദിവസങ്ങൾ പോയത്. ഇതാ ഓണവും ഇങ്ങടുത്തുവരുന്നു അല്ലേ....
പണ്ടുപണ്ടൊരിടത്ത് ദേവശർമ്മ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കേ അവരുടെ സന്തോഷം ഇരട്ടിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞു പിറന്നു. സുന്ദരനായ ഒരു പുത്രൻ! ദിവസങ്ങൾ കടന്നു പോയി. തങ്ങളുടെ ഏക മകന് കൂടെ കളിക്കാനും കൂട്ടുകൂടാനും ഒക്കെ ഒരു കൂട്ടുകാരനെ കിട്ടിയാൽ കൊള്ളാമെന്ന് അവർക്ക് തോന്നി. ഒരു വളർത്തുമൃഗം തന്നെ അതിന് പറ്റിയതെന്ന് അവർ തീരുമാനിച്ചു.
തങ്ങളുടെ മകന്റെ കൂടെ കളിക്കാൻ മറ്റാർക്കുമില്ലാത്ത ഒരു കളിക്കൂട്ടുകാരനെ അന്വേഷിച്ച് ദേവശർമ്മ നാടുമുഴുവൻ നടന്നു. ഒടുവിൽ അദ്ദേഹത്തിന് ഒരു കീരിക്കുഞ്ഞിനെ കിട്ടി. കീരിക്കുഞ്ഞുമായി ദേവശർമ്മ വീട്ടിലെത്തി. “കുഞ്ഞിന്റെ കൂടെ കളിക്കാൻ കീരിയോ?” ദേവശർമ്മയുടെ ഭാര്യയുടെ നെറ്റി ചുളിഞ്ഞു. ആദ്യം പരിഭവമൊക്കെ പറഞ്ഞെങ്കിലും അവർ ഒടുവിൽ ആ കീരിക്കുഞ്ഞിനെ കൂടെ കൂട്ടാൻ സമ്മതിച്ചു.
എന്റെ കുഞ്ഞുങ്ങൾ കീരിയെ കണ്ടിട്ടുണ്ടോ? ചെറിയ കുറ്റിക്കാടുള്ള സ്ഥലങ്ങളിലൊക്കെ കീരിയെ കാണാം. ദൂരത്ത് നിന്ന് നോക്കിയാൽ ഒരു തടിയൻ അണ്ണാരക്കണ്ണനെപ്പോലെയിരിക്കും. മനുഷ്യരെ ഉപദ്രവിക്കാത്ത ഒരു പാവം ജീവിയാണ് കീരി. പക്ഷേ പാമ്പിന്റെ മുഖ്യ ശത്രുവും. ഇവനെക്കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.
അങ്ങനെ കുഞ്ഞിനോടൊപ്പം കീരിയും ആ വീട്ടിൽ വളർന്നു. പക്ഷേ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കീരി ഉപദ്രവിക്കുമോ എന്നുള്ള ഭയം എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ കുഞ്ഞിനെ കീരിയുടെ ഒപ്പം തനിച്ചാക്കി ഒരിക്കലും പുറത്തു പോയിരുന്നില്ല.
പക്ഷേ ഒരു ദിവസം വളരെ അത്യാവശ്യമായി ദേവശർമ്മയ്ക്കും ഭാര്യയ്ക്കും പുറത്തുപോകേണ്ടതായി വന്നു. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി, അല്ല, കീരിക്കൊപ്പം നിർത്തിയിട്ട് പോകാൻ അമ്മയ്ക്ക് ഒട്ടും മനസ്സില്ലായിരുന്നു. എങ്കിലും ദേവശർമ്മയുടെ സ്നേഹപൂർണ്ണമായ ഉറപ്പിന്മേൽ മനസ്സില്ലാമനസ്സോടെ അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി.
കീരി, കുഞ്ഞിന്റെ കാര്യത്തിൽ വളരെ ജാഗ്രതയോടെ തന്നെയിരുന്നു. ചെറിയ ശബ്ദങ്ങൾ പോലും അവർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് എവിടെനിന്നോ ഒരു പാമ്പ് വീടിനുള്ളിലേയ്ക്ക് വരുന്നത് കീരി കണ്ടു. അവന് ആകെ ആധിയായി. പാമ്പ് കുഞ്ഞിനെ ഉപദ്രവിക്കില്ലേ. പിന്നെ ഒട്ടും താമസിച്ചില്ല. അവർ പാമ്പിനെ ഒറ്റപ്പിടുത്തം. പക്ഷേ ആ തടിയൻ പാമ്പ് വളരെ ശക്തനായിരുന്നു. കുറെ നേരത്തെ മൽപ്പിടുത്തത്തിനു ശേഷമാണ് കീരിക്ക് ആ പാമ്പിനെ കൊല്ലാൻ സാധിച്ചത്. ഇതിനിടെ അവന്റെ ദേഹത്ത് ചെറിയ മുറിവുകൾ പറ്റുകയും ശരീരമാകെ ചോരപൊടിയുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലാകാതെ ഇതൊക്കെ കണ്ട് കുഞ്ഞ് തൊട്ടിലിൽ കിടന്ന് കളിക്കുകയായിരുന്നു.
പാമ്പിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സന്തോഷത്തിൽ അവൻ സ്വന്തം വേദന തൽക്കാലം മറന്നു. അപ്പോൾ പുറത്ത് ഒരു കാലൊച്ച കേട്ടു. ദേവശർമ്മയും ഭാര്യയും വരുന്നതിന്റെ ശബ്ദമായിരുന്നു അത്. കീരി, കുഞ്ഞിനെ പാമ്പിൽ നിന്ന് രക്ഷിച്ച കാര്യം അച്ഛനെയും അമ്മയെയും അറിയിക്കാനുള്ള സന്തോഷത്തിൽ ഓടി വീടിനു പുറത്തെത്തി. ദേഹമാസകലം ചോരയിൽ നനഞ്ഞിരിക്കുന്ന കീരിയെ കണ്ട് ആ അമ്മയ്ക്ക് പെട്ടെന്ന് തന്റെ ഭയം ശരിയായിരുന്നോ എന്ന തോന്നൽ ഉണ്ടായി. ഈ കീരി തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും അപായപ്പെടുത്തിയിരിക്കുമോ എന്ന് ഭയന്ന അവർ, “എന്റെ കുഞ്ഞിനെ നീ ഉപദ്രവിച്ചോടാ?” എന്ന കരച്ചിലോടെ, തന്റെ മുന്നിൽ ആദ്യം കണ്ട ഒരു വലിയ കുടമെടുത്ത് കീരിയുടെ നേരെ ആഞ്ഞെറിഞ്ഞു. ഏറിന്റെ ശക്തിയിൽ പാവം കീരി തൽക്ഷണം അവിടെത്തനെ പിടഞ്ഞു ചത്തു.
ഓടി വീടിനകത്തെത്തിയ അമ്മ സ്തബ്ദയായിപ്പോയി. തന്റെ കുഞ്ഞ് തൊട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്നു. അതിനടുത്തായി വലിയ പാമ്പ് കീരിയുടെ കടിയേറ്റ് ചത്തു കിടക്കുന്നു. തന്റെ പൊന്നോമനയെ രക്ഷിക്കാനായി കീരിയാണ് ആ പാമ്പിനെ കൊന്നതെന്ന് പെട്ടെന്ന് അവർക്ക് മനസ്സിലായി. പുറത്തേക്കിറങ്ങി നോക്കിയ അവർ ചത്തു കിടക്കുന്ന കീരിയെ കണ്ട് വളരെയധികം സങ്കടപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കും മുൻപ് ഉള്ള തന്റെ എടുത്തുചാട്ടത്തിൽ അവർ വളരെയധികം പശ്ചാത്തപിച്ചു.
ഈ കഥ കേട്ടിട്ട് എന്റെ കുഞ്ഞു മക്കൾക്ക് എന്തു മനസ്സിലായി. “എന്തെങ്കിലും ഒന്ന് ചെയ്യുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക, എടുത്തു ചാട്ടം ആപത്തിലേയ്ക്ക് നയിയ്ക്കും"
കഥ ഇഷ്ടപ്പെട്ടോ മക്കളേ.....
ഇനി, ഈ കീരിക്കുട്ടനെപ്പറ്റിയും പഞ്ചതന്ത്രം കഥകളെപ്പറ്റിയും കൂടുതലറിയാൻ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കണേ...
ഇനി, ഈ കീരിക്കുട്ടനെപ്പറ്റിയും പഞ്ചതന്ത്രം കഥകളെപ്പറ്റിയും കൂടുതലറിയാൻ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കണേ...