Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, March 1, 2011

ആമയുടെ ബുദ്ധി


           ഇന്ന് എന്റെ മക്കള്‍ക്ക് ഒരു പുതിയ കഥ പറഞ്ഞു തരാം, കേട്ടോ...
        കാട്ടിലെ കൌശലക്കാരനായ ദാമുക്കുറുക്കന്‍ തന്റെ ബുദ്ധിശക്തിയില്‍ എപ്പോഴും അഹങ്കരിച്ചിരുന്നു. “ഞാനാണ് മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിമാന്‍” അവന്‍ എപ്പോഴും വീമ്പിളക്കിയിരുന്നു.
           ഒരു ദിവസം പതിവുപോലെ ഇര തേടിയിറങ്ങിയ അവന് ആഹാരമൊന്നും കിട്ടിയില്ല. വിശന്നു വലഞ്ഞ അവന്‍ നിരാശനായി മടങ്ങാനൊരുങ്ങവേയാണ് പതുക്കെപ്പതുക്കെ ഇഴഞ്ഞു നീങ്ങുന്ന ആമയെ കണ്ടത്. ആര്‍ത്തിയോടെ ഒറ്റച്ചാട്ടത്തിന് അവന്‍ ആമയെ പിടികൂടി. കിട്ടിയപാടെ അവന്‍ ആമയെ എങ്ങനെയും കടിച്ചുമുറിച്ചു തിന്നാന്‍ ശ്രമിച്ചു.
          വിചാരിച്ചതുപോലെയല്ല, കടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. അവന്റെ പല്ലു വേദനിച്ചതു മിച്ചം. ദാമുക്കുറുക്കന്‍ പല വഴിയും ശ്രമിച്ചുനോക്കി. പാവം ആമ പേടിച്ചരണ്ട് തന്റെ തോടിനുള്ളില്‍ ഇരുന്നു. ഒടുവില്‍ കുറുക്കന്റെ ബുദ്ധി ഉണര്‍ന്നു. അവന്‍ ആമയെ അടുത്തു കണ്ട ഒരു കല്ലില്‍ എടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തന്റെ അവസാനം തന്നെ എന്ന് കരുതിയ ആമയ്ക്ക് പെട്ടെന്ന് ഒരു ഉപായം തോന്നി. ആമ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, ദയവായി എന്നെ വെള്ളത്തിലിടരുതേ, വെള്ളത്തില്‍ കിടന്ന് കുതിര്‍ന്നാല്‍ പിന്നെ എന്റെ തോട് പെട്ടെന്ന് പൊളിഞ്ഞു പോകും”, ആമ കരച്ചില്‍ അഭിനയിച്ചു
           ആകെ വിശന്നു വലഞ്ഞ കുറുക്കന് അപ്പോള്‍ ചിന്തിക്കാനുള്ള വിവേകം നഷ്ടപ്പെട്ടു. “ഓഹോ, അങ്ങനെയാണോ, എങ്കില്‍ നിന്നെ വെള്ളത്തില്‍ കുതിര്‍ത്തിട്ടു തന്നെ കാര്യം”, കുറുക്കന്‍ ആമയെ അടുത്ത് കണ്ട കുളത്തില്‍ ഇട്ടു. എന്നിട്ട് കുതിരുന്നതും നോക്കിയിരുന്നു.
കിട്ടിയ അവസരത്തിന് ആമ കുളത്തിന്റെ മദ്ധ്യത്തിലേയ്ക്ക് നീന്തിപ്പോയി. കുളത്തിന് നടുക്കെത്തിയപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, എപ്പോഴും തന്റെ ബുദ്ധിയില്‍ അഹങ്കരിക്കല്ലേ, ആപത്ത് വരുമ്പോള്‍ എല്ലാപേര്‍ക്കും ഒരു വഴി തുറന്നു കിട്ടും”.
           കുറുക്കന്‍ ഇളിഭ്യനായി വിശന്ന വയറുമായി നടന്നകന്നു. ഇതില്‍നിന്ന് എന്തു മനസ്സിലായി എന്റെ മക്കള്‍ക്ക്.... “തക്ക സമയത്ത് തോന്നുന്ന ബുദ്ധിപോലെ ഉപകാരപ്രദമായി ഒന്നുമില്ല”.  കഥ ഇഷ്ടപ്പെട്ടോ മക്കളേ...
             ഇനി നമുക്ക് ഈ കൌശലക്കാരനായ കുറുക്കനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.... പിന്നെ നമ്മുടെ ആമച്ചാരെക്കുറിച്ചറിയാന്‍ ദേ ഇവിടെയും നോക്കണേ...