Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, December 1, 2011

വാശിമൂത്താല്‍ !

സ്നേഹമുള്ള കുഞ്ഞുങ്ങളേ,
        എന്റെ കുട്ടിക്കാലത്ത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും പല പല കഥകൾ കേട്ടിട്ടുണ്ട്. അതു കൂടുതലും പറഞ്ഞു തന്നിരുന്നതും എന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നെയായിരുന്നു. അതില്‍ ഒരു കഥ ഇങ്ങനെയാ..
ഒരിടത്ത് ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. ചെറിയ കുട്ടികളേപ്പോലെ അടിയും വഴക്കും പിണക്കവും ഒക്കെയായി രണ്ടുപേരും കൂടെ ഒരു ചെറിയ കുടിലില്‍ താമസിച്ചിരുന്നു. എന്നും രാവിലെ രണ്ടുപേരുംകൂടെ പുറത്തു പോയി ഭിക്ഷയെടുത്ത് ആഹാരത്തിനുള്ളതൊക്കെ സമ്പാദിച്ച്, വൈകുന്നേരം ആകുമ്പോഴേക്കും വിറക്, വെള്ളം എല്ലാമായിട്ടു രണ്ടാളും തിരികെ എത്തും. പിന്നെ തുടങ്ങില്ലെ ആഹാരം ഉണ്ടാക്കലും കഴിക്കലും അതിനിടെ അടികൂടലും. ഇതായിരുന്നു അവരുടെ പതിവു ജീവിതരീതി.
ഒരു ദിവസം കുറെ അരിയും ശര്‍ക്കരയും തേങ്ങയും ഒക്കെ കിട്ടി. അവർ തീരുമാനിച്ചു ഇന്നു നമ്മള്‍ക്കു അപ്പം ഉണ്ടാക്കാം എന്ന്. മടങ്ങിയെത്തിയ ഉടനെ തന്നെ അപ്പൂപ്പന്‍ അരി ഒക്കെ വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചു വച്ചു. അമ്മൂമ്മ അടുപ്പൊക്കെ കത്തിച്ചു ദോശക്കല്ല് എടുത്തു വച്ചു.(ദോശക്കല്ലില്‍ ഉണ്ടാക്കുന്നത് ദോശ മാത്രം അല്ല കേട്ടോ)അരിയും തേങ്ങയും ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് അമ്മൂമ്മ അപ്പം ഉണ്ടാക്കി. കഴിക്കാനായി എടുത്തു വച്ചപ്പോൾ അടിയായി. അഞ്ച് അപ്പങ്ങള്‍. മൂന്ന്, രണ്ട്, എന്ന കണക്കു പറഞ്ഞു ഒരേ വഴക്ക്. അപ്പൂപ്പന്‍ പറഞ്ഞു, “ഞാന്‍ അല്ലെ അരി അരച്ചത്, അതു കൊണ്ട് എനിക്കു മൂന്നപ്പം”.
ഉടനെ അമ്മൂമ്മ പറഞ്ഞു “അതു പറ്റില്ല, ഞാന്‍ അല്ലെ ഉണ്ടാക്കിയത് എനിക്കു മൂന്ന്” അങ്ങനെ തര്‍ക്കിച്ചു തര്‍ക്കിച്ചു പാതിരാത്രിയായി.അവസാനം രണ്ടുപേരും കൂടെ ഒരു തീരുമാനത്തിലെത്തി. ആദ്യം മിണ്ടുന്നയാളിനു രണ്ടപ്പം. മിണ്ടാതിരിക്കുന്ന ആളിനു മൂന്നപ്പം.
അങ്ങനെ മിണ്ടാതിരുന്നിരുന്ന് രണ്ടുപേരും ഉറക്കം തുടങ്ങി. നേരം വെളുത്തു, സന്ധ്യയായി, വാശി പിടിച്ചു രണ്ടാളും മിണ്ടാതെ കിടന്നു. രണ്ടുദിവസം ആയി അനക്കം ഒന്നും കേള്‍ക്കാതെ അയലത്തുകാരൊക്കെ വന്നു നോക്കിയപ്പോൾ രണ്ടുപേരും അനങ്ങാതെ കിടക്കുന്നു. വിളിച്ചു നോക്കിയിട്ടും മിണ്ടാതെ കിടക്കുന്നു. രണ്ടാളും മരിച്ചു പോയി എന്നു വിചാരിച്ചു. പിന്നെ ശവം ദഹിപ്പിക്കാനുള്ള ഒരുക്കം ആയി. രണ്ടു പേരേയും എടുത്ത് ചിതയില്‍ വൈക്കാൻ തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. അലറല്‍ ശബ്ദം കേട്ട് “ഞാന്‍ ജയിച്ചു ഞാന്‍ ജയിച്ചു, എനിക്കു മൂന്നപ്പം” എന്നും പറഞ്ഞു അമ്മൂമ്മയും ചാടി എണീറ്റു.
ഇവരുടെ അടികൂടലും വാശിപിടിക്കലും പന്തയംവൈക്കലും അറിയാവുന്ന നാട്ടുകാർ പൊട്ടിച്ചിരിച്ചു കൊണ്ട് അവരുടെ വഴിക്കു പോയി. രണ്ടാളും അപ്പം തിന്നാനായി അടുക്കളയില്‍ ചെന്നു നോക്കിയപ്പോൾ കണ്ടതോ ...
അപ്പം ഒക്കെ തിന്നു നിറഞ്ഞു അവരുടെ കുറിഞ്ഞിപ്പൂച്ച അടുപ്പിൽ കിടന്നു ഉറങ്ങുന്നു. രണ്ടാളും ചമ്മി മുഖത്തോടു മുഖം നോക്കി വിശപ്പുമാറ്റാനുള്ള വഴി ആലോചിച്ചു കൊണ്ടിരുന്നു.
ഒരുപാടു കാര്യങ്ങള്‍ ഈ കഥയിൽ ഉണ്ട്. വായിക്കുന്നവര്‍ക്കു അതു അവരവരുടെ ഇഷ്ടത്തിനനുസരിച്ചു മനസ്സിലാക്കി വായിക്കാമല്ലോ.  അതൊക്കെ കമന്റുകളായി പങ്കുവയ്ക്കണേ.
പുതിയ അമ്മൂമ്മക്കഥയുമായി ഉടനെ വരാം