Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, March 1, 2012

ആമയുടെ ആകാശയാത്ര

     എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് ഒരു ആമയുടെ കഥ പറഞ്ഞുതരാം, കേട്ടോ
            പണ്ട് പണ്ടൊരിടത്ത് ഒരു പൊട്ടക്കുളത്തിൽ ഒരു ആമ ഒറ്റയ്ക്ക് താമസിച്ചിരുന്നു.  അവന്റെ അമ്മയും അമ്മൂമ്മയും ഒക്കെ ചത്തുപോയിരുന്നു.  കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു കൊടുത്ത കഥകളൊക്കെ അയവിറക്കി അവൻ അങ്ങനെ കഴിഞ്ഞുവന്നു. 
            രാമായണത്തിലെ രാവണന്റെ പുഷ്പകവിമാനത്തിന്റെ കഥ എപ്പോഴും അവനെ വല്ലാതെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.  ഈ കഥ മുത്തശ്ശിയിൽ നിന്ന് കേട്ടപ്പോഴേ അവന്റെ മനസ്സിൽ കടന്നു കൂടിയതാണ് ആകാശത്തുകൂടി പറക്കാനുള്ള ആഗ്രഹം.  പറഞ്ഞിട്ടെന്തു കാര്യം, ഒരു പക്ഷിയായി ജനിച്ചിരുന്നെങ്കിൽ എന്തു രസമായിരുന്നു – അവൻ നെടുവീർപ്പിട്ടു. 
            അങ്ങനെയിരിക്കേ എവിടെനിന്നോ ആ കുളക്കരയിൽ രണ്ട് കൊക്കുകൾ എത്തി. അവർ എല്ലാ ദിവസവും അവിടെ വരാൻ തുടങ്ങി, ആമയുമായി ചങ്ങാത്തം കൂടി.  പൊട്ടക്കുളത്തിൽ കഴിയുന്ന ആമയ്ക്ക് അവർ ലോകവർത്തമാനങ്ങൾ പറഞ്ഞു കൊടുത്തു.  തങ്ങൾ പറന്നുപറന്നു നടക്കുമ്പോൾ കാണുന്ന കാഴ്ചകളൊക്കെ വിവരിക്കുമ്പോൾ ആമ തന്റെ ആ പഴയ ആഗ്രഹം മനസ്സിലൊതുക്കി കഴിഞ്ഞു.  കുറെ നാളുകൾ കഴിഞ്ഞു, വേനൽ കാലം വരവായി. എത്രനാൾ ഈ പൊട്ടക്കുളത്തിൽ കഴിയും, പോരാത്തതിന്  പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ നല്ല വരൾച്ചയാണ്, മനുഷ്യർ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുകയല്ലേ, ഇങ്ങനെ പോയാൽ വെള്ളം പോലും കിട്ടാതെ ഇവിടെ കിടന്നു ചാകുകയേ ഉള്ളൂ. എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപെട്ടേ പറ്റൂ.  തെല്ലു സങ്കോചത്തോടെയാണെങ്കിലും അവൻ തന്റെ ആശങ്ക ആ കൊക്കുകളെ അറിയിച്ചു.
      കുറെ നേരത്തെ ആലോചനയ്ക്കു ശേഷം കൊക്കുകൾ അതിനൊരു വഴി പറഞ്ഞു കൊടുത്തു.  കുറച്ചകലെ ഒരു വലിയ കുളമുണ്ട്.  അവിടെയാകുമ്പോൾ ധാരാളം മീനുകളും ഒക്കെയുണ്ട്.  ആമച്ചേട്ടന് വളരെക്കാലം സുഖമായി അവിടെ കഴിയാം.  പക്ഷേ ഒരു പ്രശ്നം, ഇത്രേം ദൂരം ആമ എങ്ങനെ എത്തും? അതിനും അവർ തന്നെ ഒരു ഉപായം കണ്ടെത്തി.  അവർ പറന്നു പോയി ഒരു വടിയുമായി തിരികെയെത്തി.  എന്നിട്ട് ആമയോട് പറഞ്ഞു, “ആമച്ചേട്ടൻ ഈ വടിയുടെ നടുക്ക് നന്നായി കടിച്ചു പിടിച്ചോളൂ, ഞങ്ങൾ അതിന്റെ രണ്ടറ്റത്തും കടിച്ചെടുത്തുകൊണ്ട് പറക്കാം.”
ആമയുടെ കണ്ണുകളിൽ പ്രകാശം പരന്നു.  തന്റെ രണ്ടാഗ്രഹങ്ങളാണ് സാധിക്കാൻ പോകുന്നത്, ഈ പൊട്ടക്കുളത്തിൽ നിന്നുള്ള രക്ഷപ്പെടൽ, പിന്നെ തന്റെ ചിരകാല അഭിലാഷമായിരുന്ന ആകാശത്തിലൂടെയുള്ള പറക്കൽ.  ആമ ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കേ കൊക്കുകൾ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു, “കാര്യമൊക്കെ കൊള്ളാം, പക്ഷേ ആമച്ചേട്ടൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഒരു കാരണവശാലും ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ഈ വടിയിലെ കടി വിടരുത്.  കടി വിട്ടാൽ ആമച്ചേട്ടൻ വല്ല പാറപ്പുറത്തോ മറ്റോ ചെന്നുവീഴും.  പിന്നത്തെ കഥ പറയണ്ടല്ലോ
“ഏയ്, ഞാൻ അതൊക്കെ ശ്രദ്ധിച്ചോളാം, നമുക്ക് വേഗം പുറപ്പെടാം”, ആമയ്ക്ക് ധൃതിയായി.
         അങ്ങനെ, ആമയെയും കൊണ്ട് കൊക്കുകൾ പറന്നുയർന്നു.  നിലത്തുനിന്ന് അവർ വളരെ ഉയരത്തിലെത്തി.  താഴെ വൃക്ഷങ്ങളും കെട്ടിടങ്ങളും ഒക്കെ വളരെ ചെറുതായ പോലത്തെ കാഴ്ച!  ആമയ്ക്ക് അത്ഭുതമായി.  തന്റെ ചിരകാല ആഗ്രഹം സാധിച്ചതിൽ അവൻ വളരെയധികം സന്തോഷിച്ചു.  കുറെ നേരം കഴിഞ്ഞപ്പോൾ അവർ ഒരു ഗ്രാമത്തിനു മുകളിലെത്തി.  അവിടെ കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടികൾ ഉറുമ്പിന്റെയത്ര ചെറുതായി ആമയ്ക്ക് തോന്നി.  ആ വികൃതിക്കുട്ടികളെ ഒന്ന് സന്തോഷിപ്പിക്കാനായി കൊക്കുകൾ കുറച്ചു താഴ്‌ന്നു പറന്നു.  കുട്ടികൾ ആമ പറന്നു പോകുന്ന കാഴ്ച കണ്ട് ആർത്തു വിളിച്ചു.  കൂകി വിളിച്ചും കളിയാക്കിയും അവർ ബഹളം വച്ചു. 
          തന്നെ കളിയാക്കുന്ന പിള്ളേരെ കണ്ട് ആമയ്ക്ക് ദേഷ്യം വന്നു.  കുറെയൊക്കെ അടക്കി വച്ചെങ്കിലും ഒടുവിൽ ദേഷ്യം സഹിക്കാതെ വന്നപ്പോൾ അവൻ കൊക്കുകൾ പറഞ്ഞ കാര്യമൊക്കെ മറന്നു.  കുട്ടികളെ ശാസിക്കാനായി വായ തുറന്നു.  ദേ കിടക്കുന്നു.. വടിയിലെ പിടി വിട്ട് ആമ താഴേയ്ക്ക് പതിച്ചു.  നിലത്ത് ശക്തിയായി വീണ ആമ അപ്പോൾ തന്നെ ചത്തുപോയി.  കൊക്കുകൾക്ക് ആകെ സങ്കടമായി.  നല്ല ഒരു ചങ്ങാതിയെ നഷ്ടപ്പെട്ട സങ്കടത്തോടെ അവ അങ്ങ് ദൂരേയ്ക്ക് പറന്നകന്നു.
       എന്റെ കുഞ്ഞുങ്ങൾക്കും സങ്കടം ആയി അല്ലേ. സാരമില്ല മക്കളേ, ഇതൊരു കഥയല്ലേ, ചില ഗുണപാഠങ്ങൾ പെട്ടെന്ന് നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി മുത്തശ്ശിമാർ പറഞ്ഞു തരുന്ന കഥ.  വിഷമിക്കേണ്ട കേട്ടോ
        ഈ കഥയിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി?
     വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയാൽ ആപത്തിൽ ചെന്നു ചാടും
       പരീക്ഷാക്കാലമൊക്കെ വരികയല്ലേ, കുഞ്ഞുങ്ങളെല്ലാം നന്നായി പഠിച്ച്, നല്ല മാർക്ക് വാങ്ങണം, കേട്ടോ ഇനി പരീക്ഷയൊക്കെ കഴിഞ്ഞ് പുതിയൊരു കഥയുമായി വരാം.