Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, April 14, 2012

ഒരു വിഷു കഥ.....കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍...

      എന്റെ സ്നേഹമുള്ള കുഞ്ഞുങ്ങളേ,
       ഇന്ന് വിഷുവാണല്ലോ.... എന്റെ കുഞ്ഞു കാലത്ത്, വിഷുവിന്റെ പ്രതീകങ്ങളിലൊന്നായ കൊന്നപ്പൂക്കളെക്കുറിച്ച് കേട്ട ഒരു കഥ ഇന്ന് പറഞ്ഞുതരാം, കേട്ടോ....
         വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാ കുഞ്ഞുങ്ങൾക്കും “വിഷു ആശംസകള്‍”

Sunday, April 1, 2012

മടിയൻ മല ചുമക്കും



        പരീക്ഷയൊക്കെ കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങൾ ഇപ്പോൾ അവധിക്കാലം അടിച്ചുപൊളിക്കുകയാണല്ലേ.  ഇന്ന് നമുക്ക് മടിയനായ ഒരു കഴുതയുടെ കഥ കേൾക്കാം, ട്ടോ.

        പണ്ടു പണ്ട്, രാമൻ എന്ന ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു.  ദൂരെ ദേശത്തുള്ള ചന്തയിൽ പോയി പല പല സാധനങ്ങൾ വാങ്ങി അത് കഴുതപ്പുറത്ത് ചുമടായി നാട്ടിലെത്തിച്ച് ചില്ലറക്കച്ചവടം നടത്തുന്നതായിരുന്നു അയാളുടെ രീതി.  നാട്ടിൽ ആർക്കെങ്കിലും പ്രത്യേകമായി എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ രാമനോട് പറഞ്ഞാൽ അതും ഇതുപോലെ തന്നെ രാമൻ എത്തിച്ചുകൊടുത്തിരുന്നു.
        രാമന്റെ കഴുതയുടെ പേരാണ് ചിങ്കൻ.  വളരെ സ്നേഹത്തോടെ തന്നെയാണ് രാമൻ ചിങ്കനെ വളർത്തിയിരുന്നത്.  നല്ല ഭക്ഷണവും പരിചരണവും ഒക്കെ നൽകിയിരുന്നു.  എന്നാൽ ചിങ്കൻ ആളൊരു മഹാ മടിയനായിരുന്നു.  അമിതമായ ഭാരമൊന്നും എടുപ്പിക്കാറില്ലെങ്കിലും പലപ്പോഴും ചിങ്കൻ പല അടവുകളൊക്കെ പയറ്റിനോക്കാറുണ്ടായിരുന്നു. 
        ചന്തയിൽ നിന്ന് വരുന്ന വഴി ഒരു ചെറിയ പുഴ ഉണ്ടായിരുന്നു.  വലിയ ഒഴുക്കൊന്നും ഇല്ലാത്ത ഒരു പുഴ. ഒരു ദിവസം കുറച്ച് ഉപ്പ് ചാക്കുകളുമായി വരവേ, പുഴയിൽ പതിവിലും കൂടുതൽ വെള്ളമുണ്ടായിരുന്നു.  പുഴ കടക്കവേ ചിങ്കൻ കാൽ തെറ്റി പുഴയിലേയ്ക്ക് മറിഞ്ഞു.  ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല.  കുറച്ചു നേരം വെള്ളത്തിൽ പെട്ടുപോയതിനാൽ ചുമടായിരുന്ന ഉപ്പ് മുഴുവൻ വെള്ളത്തിൽ അലിഞ്ഞു പോയി.  പുഴയിൽ നിന്ന് കരയ്ക്കു കയറിയപ്പോൾ അവന് വല്ലാത്ത ആശ്വാസവും അത്ഭുതവും തോന്നി.  വലിയ ഭാരം പെട്ടെന്ന് തന്റെ മുതുകിൽ നിന്ന് പോയത് അവന് മനസ്സിലായി.  അന്ന് ചുമടൊന്നും ഇല്ലാതെ വളരെ ‘കൂളായി’ തിരികെ വീട്ടിലേയ്ക്ക് നടന്നു.   രാമന് ചുമടിന്റെ കാശ് നഷ്ടപ്പെട്ടെങ്കിലും ചിങ്കന് അപകടമൊന്നും പറ്റാത്തതിൽ ആശ്വാസം തോന്നി. 
        രണ്ടു നാൾക്കു ശേഷം വീണ്ടും രാമൻ ചിങ്കനെയും കൊണ്ട്  അകലെയുള്ള ചന്തയിലേയ്ക്ക് പോയി.  അന്ന് ചാക്കുകളിൽ പഞ്ചസാരയായിരുന്നു ചുമട്.  പുഴയുടെ അടുത്തെത്തിയപ്പോൾ  ചിങ്കന് ഒരു കൗശലം തോന്നി.  പുഴ കടക്കുന്നതിനിടെ  അറിയാത്തപോലെ അവൻ വെള്ളത്തിലേയ്ക്ക് വീണു.  പഞ്ചസാര മുഴുവൻ വെള്ളത്തിലലിഞ്ഞുപോയി.  പുറമേ സങ്കടം നടിച്ചെങ്കിലും ഉള്ളിൽ അവൻ ഗൂഢമായി ചിരിച്ചു.  രാമന് അന്നും ചുമടിന്റെ കാശ് നഷ്ടമായി.  സമയത്തിന് ചരക്കെത്തിക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും. 
        പിന്നെയും രാമൻ ചിങ്കനെയും കൊണ്ട് ചന്തയ്ക്ക് പോയി.  വലിയ ഭാരമില്ലാത്ത ചെറിയ ചുമടുകൾ അവൻ വലിയ മടിയില്ലാതെ കൊണ്ടുവന്നെങ്കിലും ഒരു ദിവസം ശർക്കരയും പിന്നൊരു ദിവസം ഉപ്പും അവൻ പുഴയിൽ വീണ് കലക്കിക്കളഞ്ഞു.  ഇപ്പോൾ രാമന് ചിങ്കന്റെ അടവ് പിടികിട്ടി.  അടുത്ത ദിവസം ചന്തയിൽ നിന്ന് കുറെ ചാക്കുകളിൽ പഞ്ഞി നിറച്ച് അവർ യാത്ര തുടങ്ങി.  ഭാരമൊന്നുമില്ലെങ്കിലും വലിയ വലുപ്പത്തിലുള്ള ചാക്കുകെട്ട് ചുമക്കാൻ ചിങ്കന് മടിയായി.  ഇതും പുഴയിലെ വെള്ളത്തിൽ കളഞ്ഞാൽ പിന്നെ സുഖമായല്ലോ. 
        പുഴ കടക്കുന്നതിനിടയിൽ ചിങ്കൻ തന്റെ പതിവ് അടവ് പുറത്തെടുത്തു.  പുഴയുടെ നടുവിലെത്തിയപ്പോൾ ചിങ്കൻ അബദ്ധത്തിലെന്നപോലെ വെള്ളത്തിലേയ്ക്ക് വീണു.  കുറച്ചു നേരം കിടന്നിട്ടും അവന്റെ ചുമടിന്റെ ഭാരം കുറയുന്നില്ല, മാത്രമല്ല ഭാരം കൂടിക്കൂടി വരുന്നു.  രാമൻ ഒരു ചെറുചിരിയോടെ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.  ചില വഴിപ്പോക്കരുടെ സഹായത്തോടെ രാമൻ ചിങ്കനെ വലിച്ച് കരയ്ക്ക് കയറ്റി.  വെള്ളത്തിൽ നനഞ്ഞ പഞ്ഞി ഇപ്പോൾ പല മടങ്ങ് ഭാരമേറിയതായി.  ഒന്നുമറിയാത്തത് പോലെ രാമൻ ചിങ്കനെ വീട്ടിലേയ്ക്ക് തെളിച്ചു. 
        തന്റെ മടിയും അതിബുദ്ധിയും അബദ്ധത്തിൽ കൊണ്ടു ചാടിച്ചത്  ചിങ്കൻ മനസ്സിലാക്കി.  പിന്നീടൊരിക്കലും അവൻ അനാവശ്യ മടി കാണിച്ചിട്ടില്ല.
        ഈ കുഞ്ഞു കഥയിൽ നിന്ന് എന്തു മനസ്സിലായി എന്റെ മക്കൾക്ക്?    സ്വന്തം ജോലിയിൽ മടിയോ കള്ളത്തരമോ കാണിച്ചാൽ പലമടങ്ങ് ശക്തിയായി അത് തനിക്കു തന്നെ തിരിച്ചടിയാകും. മടിയൻ മല ചുമക്കും, അല്ലേ?
        ഇനിയും നല്ല നല്ല മുത്തശ്ശിക്കഥകളും പാട്ടുകളും ഒക്കെയായി വരാം, കേട്ടോ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.
        ഇനി, നമുക്ക് ഈ കഴുതയെക്കുറിച്ച് കൂടുതലറിയാൻ ദേ, ഇവിടെ ക്ലിക്ക് ചെയ്യണേ.