Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, November 1, 2013

ആടിനെ പട്ടിയാക്കിയ കഥ


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിദ്യാരംഭവും പൂജവയ്പ്പും ഒക്കെ കഴിഞ്ഞ് എല്ലാപേരും ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണല്ലേ? ഇന്ന് നമുക്ക് ഒരു പഴഞ്ചൊല്ലിന്റെ കഥ കേൾക്കാം, എന്താ? ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ?   ആ ചൊല്ല് വന്നതിനെ കുറിച്ച് ഒരു കഥയുണ്ട്

ഒരിടത്തൊരിടത്ത് രാമനാഥൻ എന്നു പേരായ ഒരു  ബ്രാഹ്മണൻ ഉണ്ടായിരുന്നു.  വളരെ അദ്ധ്വാനിയും സത്യസന്ധനും സാത്വികനുമായിരുന്നും അദ്ദേഹം.  ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ പരിമിതമായ വരുമാനത്തിൽ അല്ലലില്ലാതെ ജീവിച്ചു വന്നു.  അങ്ങനെയിരിക്കേ തന്റെ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ കുടിക്കാനായി അദ്ദേഹം ഒരു ആടിനെ വാങ്ങാൻ തീരുമാനിച്ചു.  അകലെയുള്ള ചന്തയിൽ നിന്ന് അദ്ദേഹം ഒരു ആടിനെ വാങ്ങി.  അതിനെയും തോളിലേറ്റി രാമനാഥൻ വീട്ടിലേയ്ക്കു നടന്നു. 

അതു കണ്ട ചില കള്ളന്മാർക്ക് രാമനാഥനെ പറ്റിച്ച് ആ ആടിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായി. അതിനായി അവർ രാമനാഥൻ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ പലയിടത്തായി മാറിനിന്നു. 
കള്ളന്മാരിലൊരാൾ ഒരു സ്ഥലത്തുവച്ച് രാമനാഥന്റെ നേർക്ക് വന്ന് ചോദിച്ചു, “എന്തിനാ തിരുമേനീ പട്ടിയെ ചുമന്നു കൊണ്ടു പോകുന്നത്? അതിനെ കളഞ്ഞുകൂടേ”
ആടിനെ പട്ടിയെന്നു പറഞ്ഞവന് ഭ്രാന്താണെന്ന് അദ്ദേഹം ഊഹിച്ചു.  രാമനാഥൻ പിന്നെയും നടന്നു.  അടുത്ത കവലയിൽ കള്ളന്മാരിൽ അടുത്തയാൾ രാമനാഥനോട് നേർക്കുനേർ വന്നു ചോദിച്ചു, “അല്ല, തിരുമേനിയ്ക്ക് ഭ്രാന്തായോ? എവിടേയ്ക്കാ ഈ പട്ടിയെയും ചുമന്ന്?, കഷ്ടം!!” അയാൾ പതുക്കെ നടന്നകന്നു. 

ഇതും കൂടി ആയപ്പോൾ രാമനാഥന് ഒരു സംശയം.  ആദ്യം പറഞ്ഞ ആൾക്ക് ഭ്രാന്താനെന്ന് താൻ ചിന്തിച്ചു, പക്ഷേ രണ്ടാമതൊരാൾ കൂടി തനിക്ക് ഭ്രാന്താണെന്ന് പറയുന്നു.  രാമനാഥൻ തന്റെ ചുമലിലിരിക്കുന്ന ആടിനെ എടുത്ത് ഒന്നുകൂടി നോക്കി അത് ആട് തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നാലും മനസ്സിലെ സംശയം മാറിയില്ല.
ഇങ്ങനെ, ആകെ ആശയക്കുഴപ്പത്തിൽ നടക്കവേ  അതാ, രണ്ടുമൂന്നുപേർ കൂടി നിൽക്കുന്നു.  അവർ കള്ളന്മാരുടെ സംഘത്തിൽപ്പെട്ടവർ തന്നെയായിരുന്നു.  അവർ ഒന്നുമറിയാത്തവരെ  പോലെ രാമനാഥൻ കേൾക്കേ പരസ്പരം പറഞ്ഞു,
‘അതാ, ഒരു ബ്രാഹ്മണൻ പട്ടിയെയും ചുമന്നു കൊണ്ട് പോകുന്നു’ ഒരുവൻ പറഞ്ഞു
‘ഇയാൾ ബ്രാഹ്മണനൊന്നുമായിരിക്കില്ല, വല്ല കാട്ടാളനുമായിരിക്കും’ രണ്ടാമൻ പറഞ്ഞു
മൂന്നാമൻ അത് ശരിവച്ച പോലെ പറഞ്ഞു, ‘അതെയതെ, പട്ടിയുമായി നായാട്ടിനു പോകുകയാവും’
ഇത്രേം കൂടി കേട്ടപ്പോൾ രാമനാഥന്റെ മനസ്സ് ശരിക്കും ഇളകി.  ഈ ആടിനെ തന്ന ആൾ തന്നെ കബളിപ്പിച്ചോ? അല്ലെങ്കിൽ ഇത്രേം ആളുകൾ ഇതിനെ പട്ടിയെന്നു വിളിക്കുമോ?

       ആടിനെ തട്ടിയെടുക്കാൻ കള്ളന്മാർ പ്രയോഗിച്ച അടവാണ് ഇതെല്ലാം എന്നറിയാത്ത പാവം രാമനാഥൻ, പട്ടിയെന്ന് ‘ജനം’ വിധിയെഴുതിയ ആടിനെ വഴിയിൽ ഉപേക്ഷിച്ച് സങ്കടത്തോടെ വീട്ടിലേയ്ക്ക് മടങ്ങി.  കിട്ടിയ തക്കത്തിന് കള്ളന്മാർ ആ ആടിനെ പിടികൂടി ഓടി മറഞ്ഞു. 
ഇതിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്താണ് മനസ്സിലായത്?  തട്ടിപ്പുകാരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുത്…അന്ധമായി ആരെയും വിശ്വസിക്കരുത്... അല്ലേ?