Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, February 1, 2011

ചന്ദനും, ചന്തുവും

            ഒന്നു ഓടിവന്നേ മക്കളെ പുതിയ കഥ കേള്‍ക്കണ്ടേ? ഇന്നു ഞാന്‍ പറയാന്‍ പോകുന്ന കഥ രണ്ടു ആടുകളുടെ കഥയാണ്, അവന്മാരുടെ പേരാണ് ചന്ദനും, ചന്തുവും. നല്ല പേരല്ലേ?
           ചന്ദനും, ചന്തുവും നല്ല  കൂട്ടുകാരായിരുന്നു. അവര്‍ കളിക്കാനും പച്ചിലകള്‍ തിന്നാനും ഒക്കെയായി കാടിന്റെ അരികില്‍ പതിവായി പോകുമായിരുന്നു.ചന്ദന്റെയും, ചന്തുവിന്റെയും കളികളും ചാട്ടവും, ഒക്കെ കണ്ടു കൊണ്ട് എന്നും ഒരാള്‍ ഒളിഞ്ഞു നോക്കി നിന്നിരുന്നു. ഒരു കള്ളക്കുറുക്കന്‍. പച്ചിലകള്‍ തിന്നു കൊഴുത്തു തടിച്ച ആടുകളെ തിന്നുന്നതോര്‍ത്ത് കുറുക്കച്ചാരുടെ വായില്‍ വെള്ളമൂറി. എന്നാല്‍ തന്നേക്കാള്‍ ഇരട്ടി ആരോഗ്യമുള്ള ഇവന്മാരെ നേരിട്ടു അടിച്ചു കൊല്ലാന്‍ തന്നെക്കൊണ്ടാവില്ല എന്നു കുറുക്കനു മനസ്സിലായി.അവന്‍ ഒരു സൂത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു.
                ഇലകള്‍ തിന്നു തിന്നു കുറച്ചു അകലത്തിലായി ചന്ദനും ചന്തുവും. അവര്‍ ഒറ്റക്കായ തക്കം നോക്കി കുറുക്കന്‍ ചന്ദന്റെ അടുത്തേക്കു പതുങ്ങിച്ചെന്നു പതുക്കെ വിളിച്ചു, ”ചെങ്ങാതീ....” ചന്ദന്‍ തിരിഞ്ഞു നോക്കി. ഒരു കുറുക്കന്‍ എന്നെ ചങ്ങാതീ എന്നു വിളിക്കയോ? അവന്‍ ചന്തുവിനെ വിളിക്കാന്‍ തിരിഞ്ഞു. പെട്ടെന്നു കുറുക്കന്‍ പറഞ്ഞു “അവനെ വിളിക്കണ്ട, ഞാന്‍ എന്റെ ചങ്ങാതിയായ നിന്നൊടു മാത്രം ഒരു കാര്യം പറയാനാണു വിളിച്ചത്. ഇന്നലെ നിന്റെ കൂട്ടുകാരന്‍ എന്നോടു പറഞ്ഞു നീ ഒരു മണ്ടനാണ്, നിനക്കു ബുദ്ധിയും ഇല്ല, ശക്തിയും ഇല്ല എന്ന്.”
            “ഉം..........അവന്‍ അങ്ങനെ പറഞ്ഞോ?”
            “അതേ” കുറുക്കന്‍ പറഞ്ഞു.
           ചന്ദനു അതു കേട്ടു സങ്കടവും ദേഷ്യവും  ഒക്കെ വന്നു .
           കുറുക്കന്‍ പറഞ്ഞു,“ഞാന്‍ ഒരു കാര്യം പറയാം, നിങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തി എന്നു പരീക്ഷിക്കാം, ഈ കാടിന്റെ നടുവില്‍ ഒരു പാറക്കെട്ടുണ്ട്, നാളെ അതിനു മുകളില്‍ നിന്നു നിങ്ങള്‍ക്കു ശക്തി പരീക്ഷിക്കാം.” ഇതേ സൂത്രം തന്നെ കുറുക്കന്‍ ചന്തുവിനോടും പറഞ്ഞു. രണ്ടുപേരും ഇക്കാര്യം തമ്മില്‍ തമ്മില്‍ ചോദിച്ചു വഴക്കായി. പിണങ്ങി.
           പിറ്റേ ദിവസം ചന്ദനും ചന്ദുവും കുറുക്കന്റെ സൂത്രം മനസ്സിലക്കാതെ കാടിനു നടുവിലുള്ള പാറക്കെട്ടില്‍ കയറി ഗുസ്തി പിടിക്കാന്‍ തീരുമാനിച്ചു. ദേഷ്യം മൂത്ത അവര്‍ കാലുകള്‍ തറയില്‍ ഉരച്ചു, വാലുകള്‍ വേഗത്തില്‍ ആട്ടി.ഇതെ സമയം കള്ളകുറുക്കന്‍ ഒളിച്ചിരുന്ന് ഇതൊക്കെ കണ്ടു “താന്‍  പറഞ്ഞ സൂത്രം ഫലിച്ചതിലുള്ള സന്തോഷത്തില്‍ ഇരിക്കയായിരുന്നു ആ പാറയുടെ താഴെ. കുറുക്കന്‍ നോക്കുന്നതു ചന്ദന്‍ കണ്ടു. ചന്ദനോട് ചന്തുവിനെ ഇടിക്കാന്‍ കുറുക്കന്‍ കണ്ണു കാണിച്ചു.ചന്ദന്‍ കുറച്ചു പുറകിലേക്കു മാറിയിട്ടു ഓടിവന്നു ശക്തിയായിട്ടു ചന്ദുവിന്റെ നെറ്റിക്കിട്ട് ഒറ്റ ഇടി. രണ്ടുപേരും വാശിയോടേ ഇടിയോടിടി..നെറ്റി മുറിഞ്ഞ് ചോര ഒഴുകാന്‍ തുടങ്ങി.ഈ തക്കം നോക്കി കുറുക്കന്‍ ആടുകളുടെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നുണ്ടായിരുന്നു. പാറയിലൂടെ ഒലിച്ചിറങ്ങുന്ന ചോര നക്കി നക്കി ആയിരുന്നു അവന്റെ വരവ്. ചൂടു ചോരയുടെ രുചി കാരണം അവന്‍ ആടുകളുടെ തൊട്ടടുത്തെത്തിയത് ശ്രദ്ധിച്ചില്ല. കൂടുതല്‍ ശക്തിയായി ഇടിക്കാന്‍ വേണ്ടി ആടുകള്‍ പുറകോട്ടു മാറിയപ്പോള്‍ കുറുക്കന്‍ അവരുടെ നടുവില്‍ എത്തിയിരുന്നു.ശക്തിയായി മുന്നോട്ട് ഓടിവന്ന  ആടുകളുടെ ഇടിയേറ്റ് ചതിയനായ കുറുക്കന്റെ തല പൊട്ടി ആടുകളുടെ ചോരയോടൊപ്പം പാറയിലുടെ ഒഴുകി. വേദന എടുത്ത് അലറിയ കുറുക്കന്‍ വിളിച്ചു പറഞ്ഞു.“ഞാന്‍ നിങ്ങളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ നുണ പറഞ്ഞതാണേ” എന്നും പറഞ്ഞു ജീവനും കോണ്ട് ഒറ്റഓട്ടം. വല്ലവരും പറയുന്നതു കേട്ടു നല്ല കൂട്ടുകാരായ നമ്മള്‍ വഴക്കുണ്ടാക്കിയല്ലൊ എന്നു ഓര്‍ത്ത്  ചന്ദനും ചന്തുവും സങ്കടത്തോടെ  നോക്കി നിന്നു.

        ഇതില്‍ നിന്നും ഒരു കാര്യം എന്റെ പൊന്നു മക്കള്‍ക്കു മനസ്സിലായില്ലെ. സത്യമറിയാതെ തമ്മിലടിക്കരുത്ഇഷ്ടമായോ ഈ കഥ.



ഇനി നമുക്ക് ഈ സുന്ദരന്മാരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം, അല്ലേ.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....