Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, August 1, 2011

ഒരു കീരിയുടെ കഥ


        സ്നേഹമുള്ള കുഞ്ഞുങ്ങളേ... സ്ക്കൂളൊക്കെ തുറന്ന് പുതിയ ക്ലാസിലെത്തിയതിന്റെ സന്തോഷത്തിലാണല്ലോ എല്ലാപേരും. എത്ര പെട്ടെന്നാണല്ലേ ദിവസങ്ങൾ പോയത്. ഇതാ ഓണവും ഇങ്ങടുത്തുവരുന്നു അല്ലേ....
        ഇത്തവണ എന്റെ കുഞ്ഞുങ്ങൾക്ക് പഞ്ചതന്ത്രം കഥകളിലെ ഒരു നല്ല കഥ പറഞ്ഞുതരാം ട്ടോ..
     പണ്ടുപണ്ടൊരിടത്ത് ദേവശർമ്മ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കേ അവരുടെ സന്തോഷം ഇരട്ടിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞു പിറന്നു. സുന്ദരനായ ഒരു പുത്രൻ! ദിവസങ്ങൾ കടന്നു പോയി. തങ്ങളുടെ ഏക മകന് കൂടെ കളിക്കാനും കൂട്ടുകൂടാനും ഒക്കെ ഒരു കൂട്ടുകാരനെ കിട്ടിയാൽ കൊള്ളാമെന്ന്  അവർക്ക് തോന്നി. ഒരു വളർത്തുമൃഗം തന്നെ അതിന് പറ്റിയതെന്ന് അവർ തീരുമാനിച്ചു.
       തങ്ങളുടെ മകന്റെ കൂടെ കളിക്കാൻ മറ്റാർക്കുമില്ലാത്ത ഒരു കളിക്കൂട്ടുകാരനെ അന്വേഷിച്ച് ദേവശർമ്മ നാടുമുഴുവൻ നടന്നു. ഒടുവിൽ അദ്ദേഹത്തിന് ഒരു കീരിക്കുഞ്ഞിനെ കിട്ടി. കീരിക്കുഞ്ഞുമായി ദേവശർമ്മ വീട്ടിലെത്തി. “കുഞ്ഞിന്റെ കൂടെ കളിക്കാൻ കീരിയോ?” ദേവശർമ്മയുടെ ഭാര്യയുടെ നെറ്റി ചുളിഞ്ഞു. ആദ്യം പരിഭവമൊക്കെ പറഞ്ഞെങ്കിലും അവർ ഒടുവിൽ ആ കീരിക്കുഞ്ഞിനെ കൂടെ കൂട്ടാൻ സമ്മതിച്ചു.
    എന്റെ കുഞ്ഞുങ്ങൾ കീരിയെ കണ്ടിട്ടുണ്ടോ? ചെറിയ കുറ്റിക്കാടുള്ള സ്ഥലങ്ങളിലൊക്കെ കീരിയെ കാണാം. ദൂരത്ത് നിന്ന് നോക്കിയാൽ ഒരു തടിയൻ അണ്ണാരക്കണ്ണനെപ്പോലെയിരിക്കും. മനുഷ്യരെ ഉപദ്രവിക്കാത്ത ഒരു പാവം ജീവിയാണ് കീരി. പക്ഷേ പാമ്പിന്റെ മുഖ്യ ശത്രുവും. ഇവനെക്കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.
         അങ്ങനെ കുഞ്ഞിനോടൊപ്പം കീരിയും ആ വീട്ടിൽ വളർന്നു. പക്ഷേ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കീരി ഉപദ്രവിക്കുമോ എന്നുള്ള ഭയം എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ കുഞ്ഞിനെ കീരിയുടെ ഒപ്പം തനിച്ചാക്കി ഒരിക്കലും പുറത്തു പോയിരുന്നില്ല.
      പക്ഷേ ഒരു ദിവസം വളരെ അത്യാവശ്യമായി ദേവശർമ്മയ്ക്കും ഭാര്യയ്ക്കും പുറത്തുപോകേണ്ടതായി വന്നു. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി, അല്ല, കീരിക്കൊപ്പം നിർത്തിയിട്ട് പോകാൻ അമ്മയ്ക്ക് ഒട്ടും മനസ്സില്ലായിരുന്നു. എങ്കിലും ദേവശർമ്മയുടെ സ്നേഹപൂർണ്ണമായ ഉറപ്പിന്മേൽ മനസ്സില്ലാമനസ്സോടെ അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി.
       കീരി, കുഞ്ഞിന്റെ കാര്യത്തിൽ വളരെ ജാഗ്രതയോടെ തന്നെയിരുന്നു. ചെറിയ ശബ്ദങ്ങൾ പോലും അവർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് എവിടെനിന്നോ ഒരു പാമ്പ് വീടിനുള്ളിലേയ്ക്ക് വരുന്നത് കീരി കണ്ടു. അവന് ആകെ ആധിയായി. പാമ്പ് കുഞ്ഞിനെ ഉപദ്രവിക്കില്ലേ. പിന്നെ ഒട്ടും താമസിച്ചില്ല. അവർ പാമ്പിനെ ഒറ്റപ്പിടുത്തം. പക്ഷേ ആ തടിയൻ പാമ്പ് വളരെ ശക്തനായിരുന്നു. കുറെ നേരത്തെ മൽപ്പിടുത്തത്തിനു ശേഷമാണ് കീരിക്ക് ആ പാമ്പിനെ കൊല്ലാൻ സാധിച്ചത്. ഇതിനിടെ അവന്റെ ദേഹത്ത് ചെറിയ മുറിവുകൾ പറ്റുകയും ശരീരമാകെ ചോരപൊടിയുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലാകാതെ ഇതൊക്കെ കണ്ട് കുഞ്ഞ് തൊട്ടിലിൽ കിടന്ന് കളിക്കുകയായിരുന്നു
           പാമ്പിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സന്തോഷത്തിൽ അവൻ സ്വന്തം വേദന തൽക്കാലം മറന്നു. അപ്പോൾ പുറത്ത് ഒരു കാലൊച്ച കേട്ടു. ദേവശർമ്മയും ഭാര്യയും വരുന്നതിന്റെ ശബ്ദമായിരുന്നു അത്. കീരി, കുഞ്ഞിനെ പാമ്പിൽ നിന്ന് രക്ഷിച്ച കാര്യം അച്ഛനെയും അമ്മയെയും അറിയിക്കാനുള്ള സന്തോഷത്തിൽ ഓടി വീടിനു പുറത്തെത്തി. ദേഹമാസകലം ചോരയിൽ നനഞ്ഞിരിക്കുന്ന കീരിയെ കണ്ട് ആ അമ്മയ്ക്ക് പെട്ടെന്ന് തന്റെ ഭയം ശരിയായിരുന്നോ എന്ന തോന്നൽ ഉണ്ടായി. ഈ കീരി തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും അപായപ്പെടുത്തിയിരിക്കുമോ എന്ന് ഭയന്ന അവർ, “എന്റെ കുഞ്ഞിനെ നീ ഉപദ്രവിച്ചോടാ?” എന്ന കരച്ചിലോടെ, തന്റെ മുന്നിൽ ആദ്യം കണ്ട ഒരു വലിയ കുടമെടുത്ത്  കീരിയുടെ നേരെ ആഞ്ഞെറിഞ്ഞു. ഏറിന്റെ ശക്തിയിൽ പാവം കീരി തൽക്ഷണം അവിടെത്തനെ പിടഞ്ഞു ചത്തു
 
ഓടി വീടിനകത്തെത്തിയ അമ്മ സ്തബ്ദയായിപ്പോയി. തന്റെ കുഞ്ഞ് തൊട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്നു. അതിനടുത്തായി വലിയ പാമ്പ് കീരിയുടെ കടിയേറ്റ് ചത്തു കിടക്കുന്നു. തന്റെ പൊന്നോമനയെ രക്ഷിക്കാനായി കീരിയാണ് ആ പാമ്പിനെ കൊന്നതെന്ന് പെട്ടെന്ന് അവർക്ക് മനസ്സിലായി. പുറത്തേക്കിറങ്ങി നോക്കിയ അവർ ചത്തു കിടക്കുന്ന കീരിയെ കണ്ട് വളരെയധികം സങ്കടപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കും മുൻപ് ഉള്ള തന്റെ എടുത്തുചാട്ടത്തിൽ അവർ വളരെയധികം പശ്ചാത്തപിച്ചു.
            ഈ കഥ കേട്ടിട്ട് എന്റെ കുഞ്ഞു മക്കൾക്ക് എന്തു മനസ്സിലായി. എന്തെങ്കിലും ഒന്ന് ചെയ്യുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക, എടുത്തു ചാട്ടം ആപത്തിലേയ്ക്ക് നയിയ്ക്കും"
കഥ ഇഷ്ടപ്പെട്ടോ മക്കളേ..... 
       ഇനി, ഈ കീരിക്കുട്ടനെപ്പറ്റിയും  പഞ്ചതന്ത്രം കഥകളെപ്പറ്റിയും കൂടുതലറിയാൻ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കണേ...
  

15 comments:

 1. “എന്തെങ്കിലും ഒന്ന് ചെയ്യുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക, എടുത്തു ചാട്ടം ആപത്തിലേയ്ക്ക് നയിയ്ക്കും"

  കഥ ഇഷ്ടപ്പെട്ടോ മക്കളേ.....

  ReplyDelete
 2. പിന്നെ ഇഷ്ടപ്പെടാതെങ്ങനെ?

  ReplyDelete
 3. കഥയും കഥ പറഞ്ഞരീതിയും നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 4. ഇതൊക്കെ പഠിപ്പിച്ചു പിള്ളെരെ പിന്തിരിപ്പന്‍ മൂരാച്ചികളാക്കാനുള്ള ശ്രമം ആണല്ലെ

  ഇപ്പൊ അവകാശങ്ങളെ കുറിച്ചു മാത്രമെ പഠിപ്പിക്കാവൂ

  എങ്കിലല്ലെ വളര്‍ന്ന് ഒരു കൊച്ചു പിച്ചാത്തി എടുക്കാറാകുമ്പൊഴെക്കും അതും കൊണ്ട്‌ ആരെ എങ്കിലും കുത്താന്‍ പോകൂ


  വെറുതെ പറഞ്ഞതാ കേട്ടൊ ആരെങ്കിലും ഒക്കെ ഇതൊക്കെ കുറിക്കുന്നത്‌ നല്ലതാ വഴിതെറ്റി എങ്കിലും ആരെങ്കിലും വന്നു വയിക്കുമല്ലൊ
  :)

  ReplyDelete
 5. എന്തെങ്കിലും ചെയ്യും മുമ്പ് രണ്ട് വട്ടം ആലേചിക്കണം. മാത്രമല്ല, ചെയ്യ് ത് കഴിഞ്ഞൂം ആലേചിക്കണം. ചെയ്യ് തത് ശരിയായോ എന്ന്. ശരിയായില്ലങ്കിൽ തിരുത്താൻ പറ്റുന്നതാണെങ്കിൽ തിരുത്തണം. അല്ലാത്തത് പശ്ചാത്തപിച്ച് മടങ്ങുക എങ്കിലും വേണം. നല്ല സന്ദേശം പരത്തുന്ന കഥ. ആശംസകൾ.............

  ReplyDelete
 6. ഉഷാമ്മേ, പതിവു പോലെ നല്ലൊരു കഥ കേട്ടു....

  ഓണമടുത്തല്ലോ, എന്തൊക്കെയാണ് ഓണത്തിന് കുഞ്ഞുങ്ങൾക്കുള്ള വിഭവങ്ങൾ?

  കാത്തിരിക്കുന്നു....

  ReplyDelete
 7. ഞാനായിരുന്നു ഈ കഥയെഴുതിയതെങ്കിൽ പാമ്പിന്റെ സ്ഥാനത്ത് ,കുടിച്ച് പാമ്പായി വരുന്ന ഭർത്താവുദ്യോഗസ്ഥനായേനെ. ഈ പഴങ്കഥ വായിച്ചതു കൊണ്ട് ഇപ്പോൾ അങ്ങനെ ഒരു ആശയം മനസ്സിൽ വന്നിരിക്കുന്നു. നന്ദി ചേച്ചീ.

  ReplyDelete
 8. കഥ ഇഷ്ടായി ചേച്ചി, ഇന്ന് മോളെ ചോറ് കഴിപ്പിക്കാന്‍ ഉള്ള കഥയായി :)

  ReplyDelete
 9. ആഹാ..! ഇവിടെ ഇങ്ങനെയൊരു സംഭവമുണ്ടാരുന്നോ..?
  ഇപ്പോഴാ കണ്ടത്..!
  വന്നു നോക്കിയപ്പോ..”പെട്ടി” കളുടെ സംസ്ഥാന സമ്മേളനം..!
  ഇനി ഓരോന്നും നോക്കട്ടെ,

  ഒത്തിരിയാശംസകള്‍..!

  ReplyDelete
 10. ഹായ് ചേച്ചി .... നല്ല കഥ ,ആശംസകള്‍......

  ReplyDelete
 11. പഞ്ചതന്ത്രം കഥ പോരട്ടെ.

  ReplyDelete
 12. കുട്ടികൾ മാത്രമല്ലാ....മുതിർന്നവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് പഞ്ചതന്ത്രം......മുൻപ് തിരുവനന്തപുരം ദൂരദർശനിൽ ഞാൻ പഞ്ചതന്ത്രം കഥകൾ അവതരിപ്പിച്ചിരുന്നൂ...ഈ ഉദ്യമത്തിന് എന്റെ ആശംസകൾ

  ReplyDelete
 13. ബഹു. ശ്രീക്കുട്ടി: പഞ്ചതന്ത്രം കഥകളെ കുറിച്ച് പഠിക്കുന്ന ഒരാളാണു ഞാൻ. അങ്ങിനെ തിരഞ്ഞപ്പോഴാണ്‌ നിങ്ങളുടെ ബ്ലോഗിലെത്തിയത്. അമരശക്തിക്കു വിഷ്ണുശർമ്മനെ കുറിച്ച് വിവരം നല്കിയ വിദ്വാന്റെ പേര്‌ സുമതി എന്നാണെന്ന് നിങ്ങളുടെ എഴുത്തിൽ നിന്നാണെന്നറിഞ്ഞു. ഇത്തരം ലേഖനങ്ങളെഴുതുമ്പോൾ റഫറൻസു കൂടി നല്കുന്നത് നന്നായിരിക്കും.
  പിന്നെ മറ്റൊന്നു കൂടി പറയട്ടെ.ബ്ലോഗിനൊക്കെ ഒരാധികാരികത വേണമെങ്കിൽ കുറഞ്ഞത് നിങ്ങളുടെ യോഗ്യതയും ജോലിയും പ്രവർത്തന മേഖലയുമൊക്കെ അടങ്ങുന്ന വിവരണം കൊടുക്കണം. അഡ്രസ്സും ഫോൺ നമ്പറും വേണമെന്നല്ല പറയുന്നത്. "സത്യം പറഞ്ഞാൽ എന്നെക്കുറിച്ചു എന്തു പറയണം എന്നു എനിക്കറിയില്ല.. ഇനി എന്തേലും പറയാമെന്നു വച്ചാൽ ഞാൻ എന്നെക്കുറിച്ചു നല്ലതല്ലേ പറയു. അതുകൊണ്ട് അതു ഞാൻ തൽക്കാലം നിങ്ങൾക്കു വിട്ടുതരുന്നു" എന്നൊക്കെ പറയുന്നത് വായനക്കാരിൽ നിരാശയുണ്ടാക്കും

  ReplyDelete
 14. പ്രണാമം പ്രിയ ഉഷാജി ......... വളരെ സന്തോഷത്തോടെ ഈ അഭിപ്രായം അറിയിക്കട്ടെ ..... തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു ഈ എഴുത്തുകള്‍ക്ക് ,കാരണം ഇന്നത്തെ നമ്മുടെ കുട്ടികളില്‍ നിന്നും അകന്നു പോവുകയാണ് പൈതൃകമായ വായനാസമ്പത്തു ...... അതിലേക്ക് ശ്രദ്ധതിരിക്കാന്‍ കഴിയുന്ന തരത്തില്‍ ഏറ്റവും ഹൃദ്യമായ ഒരു വിരല്‍ ചൂണ്ടാന്‍ എന്തുകൊണ്ടുന്‍ നല്ലതു നമ്മുടെ അറിവിന്റെ മഹാസാഗരമായ പഞ്ചതന്ത്രം തന്നെയാണ് ..... കുഞ്ഞുണ്ണിമാഷ്‌ പറഞ്ഞപോലെ
  "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
  വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും"
  ഈ വാക്കുകള്‍ എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു ..... അതുകൊണ്ട് തന്നെ കഴിയുന്നതും ഇത്തരം ധര്‍മ്മോപദേശ കഥകള്‍ കൊണ്ട് കുട്ടികളുടെ മനസ്സും അറിവും അനുഭവവും വളരട്ടെ എന്ന് ആഗ്രഹിക്കുന്നു ...... എല്ലാ നന്മകളും നേരുന്നു ........ സ്നേഹപൂര്‍വ്വം കണ്ണന്‍ ......... :)

  ReplyDelete
 15. നല്ല കഥ.നന്ദിി

  ReplyDelete