Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, February 1, 2012

ചത്ത മുതല വാലാട്ടും


            പണ്ട് നമ്മുടെ കുരങ്ങച്ചൻ കഷ്ടിച്ച് ആ മുതലയുടെ വായിൽ നിന്ന് രക്ഷപ്പെട്ട കഥ എന്റെ കുഞ്ഞുങ്ങൾ ഓർക്കുന്നില്ലേ?  അന്നത്തെ ആ അനുഭവത്തിനു ശേഷം കുരങ്ങൻ ആ അത്തിമരം ഉപേക്ഷിച്ച് അങ്ങ് ദൂരെ വേറൊരു സ്ഥലത്തേക്ക് പോയി.  അങ്ങനെയിരിക്കേ ആ പുഴയുടെ അങ്ങേക്കരയിൽ ഒരു കുറുക്കനും കുടുംബവും താമസിക്കാനെത്തി.   കുറുക്കനും ഭാര്യയും പിന്നെ രണ്ട് കൊച്ചു കുഞ്ഞുങ്ങളും ഒരുവിധം സുഖമായി അവിടെ കഴിഞ്ഞുവന്നു.  കാട്ടിലെ ചെറിയ ജീവികളും പുഴയിലെ മത്സ്യങ്ങളും ഞണ്ടും ഒക്കെയായിരുന്നു അവരുടെ ആഹാരം. 
            ആദ്യമൊന്നും കുറുക്കന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരുന്ന മുതല ഒരു ദിവസം കുറുക്കൻകുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കേട്ട് പതുക്കെ ആ കടവിലെത്തി.  ഒരു  ദിവസം കുറുക്കനും ഭാര്യയും കൂടി പുഴയരികെ ഞണ്ടു പിടിക്കാൻ തുടങ്ങുമ്പോഴാണ് പുഴയിൽ ഒരു തടിയൻ മുതലയണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്.  മുതല കുറുക്കത്തിയുടെ പിന്നിലൂടെ വന്ന് അവളെ പിടിക്കാൻ ശ്രമിച്ചത് ഭാഗ്യത്തിന് കുറുക്കൻ കണ്ടു.  പെട്ടെന്ന് അലറിവിളിച്ചുകൊണ്ട് കുറുക്കൻ കുറുക്കത്തിയെ തള്ളിമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടെന്നു മാത്രം. 
            പല മൃഗങ്ങളും വെള്ളം കുടിക്കാനെത്തുന്ന കടവാണ്.  പലപ്പോഴും കൗശലക്കാരനും ദുഷ്ടനുമാണെങ്കിലും തന്റെ ഭാര്യയെ വകവരുത്താൻ ശ്രമിച്ച മുതലയെ ശത്രുവായി കരുതിയതു കൊണ്ട് അവിടെയെത്തുന്ന മറ്റു മൃഗങ്ങൾക്കെല്ലാം അവൻ അപകടകാരിയായ മുതലയെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തു.  അതിനാൽ മൃഗങ്ങളൊക്കെ വളരെ ശ്രദ്ധിക്കാൻ തുടങ്ങി. 
പൊതുവേ പട്ടിണി, പുതുതായി കണ്ടെത്തിയ ഇടത്തും രക്ഷയില്ല. ഇങ്ങനെ പോയാൽ പട്ടിണി കിടന്നു ചത്തതു തന്നെ.  പുഴയിലെ മീനും ഞണ്ടുമൊന്നും കൊണ്ട് പൊണ്ണത്തടിയനായ മുതലയ്ക്ക് വിശപ്പടക്കാൻ കഴിയുന്നില്ല.  താൻ പുഴക്കരയിൽ വെയിൽ കായാൻ കിടക്കുന്നതു കുറുക്കൻ ഒളിഞ്ഞിരുന്ന് ശ്രദ്ധിക്കുന്നതും മറ്റു മൃഗങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നതും അവൻ മനസ്സിലാക്കി.  “ഈ കുറുക്കനാണ് ഇതിനെല്ലാം കാരണം. അവനെ വകവരുത്തിയാലേ രക്ഷയുള്ളൂ”, മുതല അതിനായി പല വഴികളും ആലോചിച്ചു.  ഒടുവിൽ ഒരു ഉപായം തോന്നി. തന്റെ ഒരു മുതുമുത്തശ്ശൻ പണ്ട് ഈ വിദ്യ പ്രയോഗിച്ച് ധാരാളം മൃഗങ്ങളെ തിന്നിട്ടുണ്ടെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
പതിവു പോലെ വെയിൽ കായാനെത്തി വായ തുറന്നു കിടന്ന മുതല ചലനമൊന്നുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നു.  താൻ ചത്തുപോയി എന്നു കരുതി അടുത്തെത്തുന്ന കുറുക്കന്റെ കഥ കഴിക്കാം എന്ന് പദ്ധതിയിട്ടു.  കുറേ നേരം അങ്ങനെ കിടന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ ദാ കുറുക്കൻ വരുന്നു.  പക്ഷേ, കുറുക്കൻ കുറച്ചകലെ മാറി നിന്ന് മുതലയെ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു.  പണ്ട് ഇവിടെ താമസിച്ചിരുന്ന കുരങ്ങച്ചനെ ചതിച്ചു കൊല്ലാൻ ശ്രമിച്ചവനല്ലേ, വിശ്വസിക്കാൻ കൊള്ളില്ല.  ഒരുപാട് നേരം കഴിഞ്ഞിട്ടും മുതലക്ക് അനക്കമൊന്നും ഇല്ല.  കുറുക്കൻ ചെറിയ കല്ലുകളൊക്കെ മുതലയുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചു നോക്കി.  എന്നിട്ടും മുതല അനങ്ങുന്നില്ല.  കുറുക്കന് സംശയമായി.  ഇനി ശരിക്കും മുതല ചത്തുപോയോ. 
കൗശലക്കാരനായ കുറുക്കന്റെ ബുദ്ധിയല്ലേ. അവൻ ഒരു സൂത്രം പ്രയോഗിച്ചു.  കുറുക്കത്തിയെ വിളിച്ചു വരുത്തി.  എന്നിട്ട് മുതല കേൾക്കേ പറഞ്ഞു, “എടിയേ, നമ്മുടെ പാവം മുതലേച്ചൻ ചത്തുപോയീന്നാ തോന്നുന്നേ, കണ്ടോ അനക്കമില്ലാതെ കിടപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായല്ലോ”
“വേണ്ട ചേട്ടാ, ഇവനെ വിശ്വസിക്കാൻ കൊള്ളില്ല, ചത്തപോലെ കിടക്കുന്നതായിരിക്കും” കുറുക്കത്തി പറഞ്ഞു
“ശരിയാണല്ലോ”, കുശലക്കാരന്റെ ബുദ്ധി പ്രവർത്തിച്ചു, “മുതല ചത്താലും വാലാട്ടും എന്ന് നമ്മുടെ മുത്തശ്ശി പറഞ്ഞുതന്നിട്ടില്ലേ.  പക്ഷേ ഈ മുതല ചത്തിട്ടും വാൽ അനങ്ങുന്നില്ലല്ലോ.  അപ്പോൾ ചത്തിരിക്കില്ല”
പെട്ടെന്നുള്ള കുറുക്കന്റെ വാക്കുകൾ കേട്ട് മുതല തനിക്ക് അബദ്ധം പറ്റിയെന്നു കരുതി തന്റെ വാൽ ആട്ടിത്തുടങ്ങി.  കുറുക്കന് തന്റെ ബുദ്ധി ഫലിച്ചെന്ന് മനസ്സിലായി.  അവൻ കുറുക്കത്തിയേയും വിളിച്ചുകൊണ്ട് ഒറ്റ ഓട്ടം, “ചതിയൻ മുതല ചത്തില്ലേ. ഓടിക്കോ
കഥ ഇഷ്ടമായോ മക്കളേ?  എന്റെ കുഞ്ഞു മക്കൾക്ക് ഇതിൽ നിന്ന് എന്താണ് മനസ്സിലായത്?  മുത്തശ്ശിക്കഥകളിലെ വിദ്യകൾ അനുകരിക്കുമ്പോൾ അവയൊക്കെ മറ്റുള്ളവരും കേട്ട കഥകളാണെന്ന് ഓർക്കണം.  അപ്രതീക്ഷിതമായ നീക്കങ്ങൾ മുൻകൂട്ടി കണ്ട് കരുതിവേണം വിദ്യകൾ പ്രയോഗിക്കാൻ.  അതുപോലെ തന്നെ, കുറുക്കൻ ചെയ്തതു പോലെ, തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും

22 comments:

 1. മുത്തശ്ശിക്കഥകളിലെ വിദ്യകൾ അനുകരിക്കുമ്പോൾ അവയൊക്കെ മറ്റുള്ളവരും കേട്ട കഥകളാണെന്ന് ഓർക്കണം. അപ്രതീക്ഷിതമായ നീക്കങ്ങൾ മുൻകൂട്ടി കണ്ട് കരുതിവേണം വിദ്യകൾ പ്രയോഗിക്കാൻ. അതുപോലെ തന്നെ, തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും…

  ReplyDelete
 2. തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും…!

  മുതല ചത്തെന്നു കേട്ടു വന്നതാ..!ചുമ്മാ...!!ഈ മൊതലെങ്ങും ചത്തില്ല..!!
  കഥകളൊക്കെ ഇഷ്ട്ടാവണ്ണ്ട് കേട്ടോ,കുഞ്ഞു കുട്യോൾക്കു മാത്രാല്ല മ്മിണി വല്യ കുട്യോൾക്കും...!!

  ആശംസകളോടെ...പുലരി

  ReplyDelete
  Replies
  1. പ്രഭൻ ഇവിടെയും ആദ്യം വന്നു എന്റെ വല്യ കുട്ടി അല്ലേ. സന്തോഷം .നന്ദി..

   Delete
 3. നല്ല രീതിയിൽ അവതരിപ്പിച്ചു
  ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. ഈ കുട്ടിയും വന്നു അല്ലെ സന്തോഷം..
   സമയമുള്ളപ്പോൾ കിലുക്കാമ്പെട്ടിയിലും വരണേ മാഷേ..
   വലിയ എഴുത്തുകാരിയൊന്നുമല്ല .ഒരു പ്രോൽസാഹനം..

   Delete
 4. ഹ ഹ .. കൊള്ളാം.. ഈ കഥകള്‍ ഒക്കെ വായിക്കുമ്പോള്‍ ചെറുപ്പത്തില്‍ ബാലരമ കയ്യില്‍ കിട്ടിയ ഒരു അനുഭൂതി !

  ReplyDelete
  Replies
  1. സന്തോഷം വെറുതേയെങ്കിലും വന്ന് വായിച്ചല്ലോ സന്തോഷം

   Delete
 5. പ്രിയപ്പെട്ട ഉഷ ചേച്ചി,
  കഥ ഇഷ്ടായിട്ടോ. ഇപ്പോള്‍ കഥകള്‍ പറയാനാണ് കൂടുതല്‍ ഇഷ്ടം.
  ഒരു പാട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ ബ്ലോഗ്‌ ഉപകാരപ്രദമാണ്.
  ആശംസകള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 6. നന്നായി പറഞ്ഞു.... ഞാന്‍ എന്‍റെ കുട്ടികള്‍ക്കും പറഞ്ഞു കൊടുത്തു... നന്ദി

  ReplyDelete
 7. കഥ നന്ന്, പക്ഷെ ഇപ്പഴത്തെ കുട്ടികൾക്ക് കഥ കേൾക്കാൻ വലിയ താല്പര്യമൊന്നുമില്ല. ഇന്നലെ അനിയന്റെ മോനു ,രണ്ട് വയസ്സ്, കഥ പറഞ്ഞു തരാം വാ എന്നു വിളിച്ചപ്പോ അവൻ പറയാ അവനു കൊച്ചു ടിവീൽ കഥയുണ്ടെന്ന്.., എന്താക്കാനാ..

  ReplyDelete
 8. ഉം. ഇഷ്ടപ്പെട്ടു കഥ

  ReplyDelete
 9. ഹി..ഹി..ഹിി.. നല്ല കഥ. അഭിനന്ദനങ്ങള്‍

  ReplyDelete
 10. ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്..
  കണ്ടതിൽ സന്തോഷം..

  ReplyDelete
 11. കുട്ടികള്‍ക്കായുള്ള ബ്ലോഗ് എഴുതുന്നവര്‍ വിരളമാണ്.... മോള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഥകള്‍ തേടി നടക്കാറുള്ള ഞാന്‍ ഇത്തരം ബ്ലോഗുകളുടെ അന്വേഷകനാണ്... കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ നിന്നാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ വന്നു വായിച്ചു... ഞാന്‍ ഈ ബ്ലോഗിലെ കഥകളിലൂടെ ഒന്നു സഞ്ചരിച്ചു... ഒരുപാട് ഇഷ്ടമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പുതിയ പോസ്റ്റുകള്‍ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഇവിടെ ഉണ്ടാകും.

  ആ ട്വിറ്റര്‍ കിളിയെ പിടിച്ചു കൂട്ടിലിടണേ... അല്ലെങ്കില്‍ ഒരു പക്ഷിയെ കഴുത്തു ഞരിച്ച പാപം ഞാന്‍ ചുമക്കേണ്ടി വരും.

  ReplyDelete
 12. ചേച്ചി ഇത്തരം കഥകൾ ആര് വായിക്കാൻ ർന്ന് കരുതുന്നവർ ഉണ്ടാകും. പക്ഷെ ഇങ്ങനത്തെ അമ്മൂമ്മ കഥകൾക്ക് അതിന്റേതായ മാധുര്യം ഉണ്ട്. സംഗത് എന്റെ മുത്തച്ഛൻ പറഞ്ഞ്കേട്ട് മനസ്സിൽ പതിഞ്ഞ കഥയാണേലും ചെച്ചിയുടെ എഴുത്തിനൊരു ഫ്രഷ്നസ്സ് അനുഭവപ്പെട്ടു. സോ മുഴുവൻ വായിച്ചു. നല്ല കഥ. ആശംസകൾ.

  ReplyDelete
 13. പാവം മുതലച്ചാര്...അപ്പൊ പുള്ളി വീണ്ടും കഷ്ടത്തിലായില്ലെ? ഇമ്മാതിരി കുറുക്കച്ചാരൊക്കെ ഉള്ളപ്പൊ എങ്ങിനാ ജീവിക്കുക?!!
  നല്ല കഥ കേട്ടൊ..ഇരുപ്പിടം വഴി എത്തിയതാ...

  ReplyDelete
 14. കിലുക്കാം പെട്ടിയിലും, മറ്റ് പെട്ടികളിലുമൊക്കെ കേറിനോക്കി. എനിക്കിഷ്ടമീ കഥപ്പെട്ടിതന്നെ. നല്ല കഥ കേട്ടോ.. മലയാളത്തിനിന്ന് അന്യമായത് നല്ലൊരു ബാലസാഹിത്യമാണ്. ഉഷശ്രീയുടെ കഥപ്പെട്ടി അത് പരിഹരിക്കുമെന്ന് കരുതുന്നു.

  ReplyDelete
 15. കഥപ്പെട്ടി വളരെ നന്നായി.
  കുട്ടികള്‍ക്ക് കുട്ടിത്തം നഷ്ട്ടപെടുന്ന ഈ കാലത്ത് ഇത്തരം കഥകള്‍ എഴുതുവാന്‍ ചിലര്‍ ഉണ്ടല്ലോ എന്നത് വലിയ കാര്യം,

  ReplyDelete
 16. ചേച്ചി ഈ വെർഷൻ ആദ്യമായി കേൾക്കുകയാണ്, ഇന്നത്തേക്കുള്ള കോളായി, നന്ദി..

  ReplyDelete
 17. ഈ കഥ എന്താ എനിക്കോര്‍മ വരാഞ്ഞത് എന്ന് എത്ര ഓര്‍ത്തിട്ടും ഒരു പിടിയുമില്ലാ ഉഷാമ്മേ...

  ReplyDelete
 18. ചേച്ചീ വളരെ ഉപകാരപ്രദം ആണ് ... പലതും കേട്ടതായിരുന്നുവേന്കിലും ഒക്കെയും മറന്നു പോയിരുന്നു... ഞാന്‍ ഇപ്പൊ എല്ലാം സേവ് ചെയ്തു പ്രിന്‍റ് എടുത്തു വച്ചു.. കൂടുതല്‍ പ്രതീക്ഷിക്കുന്നു... ഒരു ഫേസ്‌ ബുക്ക്‌ പേജ് കൂടെ ഉണ്ടെങ്കില്‍ കുറെ പേര്‍ക്ക് കൂടെ വായിക്കാന്‍ അവസരം കിട്ടിയേനേ..... വളരെ നന്ദി..

  ReplyDelete