Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, August 1, 2012

കാക്കയുടെയും പാമ്പിന്റെയും കഥ....


        എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന്  പഞ്ചതന്ത്രം കഥകളിൽ നിന്ന് ഒരു കഥ പറഞ്ഞു തരാം കേട്ടോ.
ഒരിടത്തൊരിടത്തൊരു കാട്ടിലെ മരത്തിൽ രണ്ടു കാക്കകൾ കൂടു വച്ചു.  അങ്ങനെയിരിക്കെ ഒരു ദിവസം പെൺ കാക്ക മുട്ടയിട്ടു.  പക്ഷേ, ആ മരത്തിന്റെ ചുവട്ടിലെ മാളത്തിൽ താമസിച്ചിരുന്ന പാമ്പ്, കാക്കകൾ ഇരതേടി പോയ തക്കത്തിന് ആ മുട്ട കട്ടു തിന്നു.  പല ദിവസവും ഇത് തുടർന്നു.  കാക്കകൾക്ക് ആകെ സങ്കടമായി.  തങ്ങൾ ആറ്റുനോറ്റു കാത്തിരുന്ന ആ മുട്ടകൾ ഈ ദുഷ്ടൻ പാമ്പ് നശിപ്പിച്ചതിൽ അവർക്ക് വല്ലാത്ത സങ്കടം തോന്നി. 
        കാക്കകളുടെ സങ്കടം കണ്ട് അവരുടെ സുഹൃത്തായ കുറുക്കൻ ഈ  പാമ്പിനെ വകവരുത്താനായി വഴി ആലോചിച്ചു.  പാവം കാക്കകളെ കൊണ്ട് ഈ പാമ്പിനെ എന്തു  ചെയ്യാൻ!.  ഒടുവിൽ കുറുക്കൻ തന്നെ അതിനൊരു വഴി കണ്ടു പിടിച്ചു.
        അവിടുത്തെ രാജകുമാരിയുടെ ആടയാഭരണങ്ങളിൽ നിന്ന് ഒരു വൈരക്കൽ മാല,  രാജകുമാരിയുടെ തോഴിമാർ കാൺകെ തന്നെ കാക്ക കൊത്തിയെടുത്ത് പറന്നുയർന്നു.  തോഴിമാർ ബഹളം വച്ചു.  ബഹളം കേട്ട് കൊട്ടാരം കാവൽക്കാർ ഓടിയെത്തി.  കാക്ക, ആ മാല നേരെ കൊണ്ടു പോയി അവരുടെ ശത്രുവായ പാമ്പിന്റെ മാളത്തിലിട്ടു.  എന്നിട്ട് നേരെ കുറച്ചകലെ ഒരു മരത്തിന്റെ മുകളിൽ പോയിരുന്ന് വരാൻ പോകുന്ന കാഴ്ച കാണാൻ തയ്യാറായി.  പ്രതീക്ഷിച്ചതു പോലെതന്നെ കൊട്ടാരം കാവൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത്, പാമ്പിന്റെ മാളത്തിൽ തങ്ങളുടെ രാജകുമാരിയുടെ വൈരക്കൽ മാല!  പക്ഷേ ബഹളം കേട്ട് പുറത്തു വന്ന പാമ്പ് ആ മാലമേൽ ചുറ്റിവരിഞ്ഞ് ഇരിക്കുന്നു.  “എന്തു ചെയ്യും”, അവർ പരസ്പരം നോക്കി.  തങ്ങളുടെ രാജകുമാരിയുടെ മാല ഏതു വിധേനയും തിരികെ എത്തിക്കണം.  രണ്ടാമതൊന്നും ഓർക്കാതെ അവർ ആ പാമ്പിനെ തല്ലിക്കൊന്നു മാലയുമായി മടങ്ങി. 
        കാക്കകൾ കാത്തിരുന്നതും അതു തന്നെ.  അവരുടെ ശത്രുവിനെ വകവരുത്തിയ കാവൽക്കാരോട് മനസ്സിൽ നന്ദിയും പറഞ്ഞു കൊണ്ട് ആ കാക്കകൾ തങ്ങളുടെ കൂടിനരികിലെത്തി.  പിന്നീട് ഒരുപാടു കാലം അവർ അവിടെ സുഖമായി താമസിച്ചു. ഒരുപാട് മുട്ടകളിട്ടു, ഒരുപാട് കാക്കക്കുഞ്ഞുങ്ങളും ഉണ്ടായി……
        ബുദ്ധിശക്തി കായികശക്തിയെ തോൽപ്പിക്കും എന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ
കുറുക്കനെക്കുറിച്ചറിയാൻ ദേ, ഇവിടെയും ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്ന് തുറന്നു നോക്കിക്കേ....

17 comments:

 1. ബുദ്ധിശക്തി കായികശക്തിയെ തോൽപ്പിക്കും എന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ.............

  ReplyDelete
 2. മനസിലായി ടീച്ചറേ...

  ReplyDelete
 3. ചേച്ചിയുടെ കഥകളുടെ ഉറവ ഇപ്പോഴും സജീവമായിരിക്കുന്നു എന്നു കാണുന്നതിൽ സന്തോഷം !

  ReplyDelete
 4. ഈ ഉറവ വറ്റാതിരിക്കട്ടെ..!
  ആശംസകള്‍നേരുന്നു.

  ReplyDelete
 5. പണ്ടെങ്ങോ കേട്ട കഥ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചല്ലോ ..

  ReplyDelete
 6. പഞ്ചതന്ത്രം കഥകള്‍ ഇനിയും സുന്ദരമായി ഒഴുകട്ടെ.

  ReplyDelete
 7. പഞ്ചതന്ത്രം

  ReplyDelete
 8. അന്ന് മാളത്തില്‍ തനിച്ചായിരുന്ന ചീറ്റു എന്ന പാമ്പിന്‍ കുഞ്ഞിന്റെ കഥ ആരും അറിഞ്ഞിരുന്നില്ല. പുറത്ത് എന്ത് ബഹളം കേട്ടാലും ഇറങ്ങി വരരുതെന്ന അമ്മയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ അവന്‍ ഏറെ നേരം മാളത്തില്‍ തന്നെയിരുന്നു. ഒടുവില്‍ വിശപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ അവന്‍ പുറത്തേയ്ക്കിറങ്ങി. അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് അവന്‍ ഞെട്ടി.
  ‘അയ്യോ അമ്മേ.. അമ്മയോട് ആരാണീ കടുംകൈ ചെയ്തത്?”
  അവന്‍ അവിടെയിരുന്നു കരഞ്ഞു. വിശപ്പു കാരണം അവന്‍ ഒടുവില്‍ മയങ്ങി പോയി.

  എന്തോ തറയില്‍ വന്നു പതിക്കുന്ന ശബ്ദം കേട്ടാണ് അവന്‍ ഉണര്‍ന്നത്. അതാ ഒരു തൊലി കൊത്തിയ മാമ്പഴം
  അവന്‍ മുകളിലേക്ക് നോക്കി. അവിടെ അതാ ഒരു കുയിലമ്മ.
  അവള്‍ അവനെ നോക്കി ചിരിച്ചു.

  “ ആ മാങ്ങപ്പഴം നിനക്കുള്ളതാ.. മടിക്കണ്ടാ കഴിച്ചോളൂ” കുയിലമ്മയുടെ പാട്ട് പൊലെ തന്നെ ഈണമുള്ള സ്വരം.

  ആര്‍ത്തിയോടെ അവനാ മാമ്പഴം മുഴുവന്‍ കഴിച്ചു. കുയിലമ്മ അവന്റെ അരികിലേക്ക് പറന്നു വന്നിരുന്നു.

  “നിന്റെ അമ്മ എങ്ങനാ ചത്തതെന്ന് നിനക്കറിയോ?”

  സത്യത്തില്‍ കുയിലമ്മയ്ക്ക് കാക്കമ്മയോട് കടുത്ത ശത്രുതയുണ്ടായിരുന്നു. മടിച്ചിയായ അവള്‍ കൂടുകെട്ടാതെ കാക്കമ്മയുടെ കൂട്ടില്‍ ഒരിക്കല്‍ മുട്ടയിടാന്‍ കയറിയിരുന്നു. കാക്കമ്മ അവളെ കയ്യോടെ പിടി കൂടി കൊത്തി യോടിച്ചു.

  ചിറ്റുവിന്റെ അമ്മ, കൂട്ടില്‍ കയറി മുട്ട കട്ടെടുക്കുന്നതെല്ലാം കുയിലമ്മ കണ്ടിരുന്നു. എന്നാല്‍ അവള്‍ കാക്കമ്മയ്ക്ക് അങ്ങനെ തന്നെ വേണമെന്ന ഭാവത്തില്‍ മിണ്ടാതിരുന്നു. കാക്കമ്മയുടെ ദു:ഖത്തില്‍ അവള്‍ സന്തോഷിച്ചിരുന്നു.

  മാമ്പഴം കഴിച്ചു കഴിഞ്ഞിട്ടും ചിറ്റുവിന് വിശപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. അല്ലെങ്കിലും പാമ്പുകള്‍ക്ക് പഴവര്‍ഗ്ഗങ്ങളോട് അല്പം പോലും താല്‍പ്പര്യമില്ലല്ലോ?

  അവന്‍ കുയിലമ്മയോട് കൂടുതല്‍ സൌഹ്യദം കാണിച്ചു. എന്റെ വിശപ്പ് മാറിയിട്ടില്ല ഒരു മാമ്പഴം കൂടി ഇട്ടു തരുമോ?

  ശരി മാമ്പഴം ഒന്നു കൂടി ഞാന്‍ ഇട്ടു തരാം . പക്ഷെ നിങ്ങള്‍ പാമ്പുകള്‍ മാമ്പഴമല്ല ഭക്ഷിക്കേണ്ടത്. നിന്റെ അമ്മയെ വക വരുത്താന്‍ ശ്രമിച്ച കാക്കകളെയും ആ കുറുക്കനെയും വക വരുത്തി ഭക്ഷിക്കണം. അതാ നിന്നെപോലുള്ള ചുണക്കുട്ടന്മാര്‍ ചെയ്യേണ്ടത്. കുയിലമ്മയുടെ വാക്കുകള്‍ക്ക് അവന്‍ സമ്മതം മൂളി.

  കുയിലമ്മ ഒരു മാമ്പഴം കൂടി കൊത്തി താഴെയിട്ടു.

  “കുയിലമ്മേ ഈ മാമ്പഴത്തിന്റെ തൊലി അടര്‍ത്തി തരുമോ? എന്നാലെ എനിക്കിതു കഴിക്കാന്‍ പറ്റൂ.

  കുയിലമ്മ താഴേക്ക് പറന്നു വന്ന് മാമ്പഴത്തിന്റെ തൊലി കൊത്തി പൊളിക്കാന്‍ തുടങ്ങി.

  ആ അവസരം മതിയാരുന്നു.. കുയിലമ്മയെ അവന്റെ വായ്ക്കുള്ളിലാക്കി കൊണ്ട് ചിറ്റു പാമ്പ് ഇഴഞ്ഞു നീങ്ങി.

  ReplyDelete
  Replies
  1. കൊടുത്തകൈക്കു കൊത്തുന്നവൻ......
   നല്ല ഒരു കഥകൂടെ എന്റെ കഥപെട്ടിക്കു തന്നതിന് നന്ദി കുഞ്ഞേ....

   Delete
 9. ഗുണപാഠം:

  ആ.. എന്തരോ..?

  ReplyDelete
 10. വായിപ്പിക്കാതെ വിടില്ല,
  അഭിനന്ദനങ്ങള്‍

  ReplyDelete
 11. ഹഹ ഞാൻ വീണ്ടും കൊച്ചു കുട്ടിയായ്

  ReplyDelete
 12. ഓണം ആശംസകള്‍ അഡ്വാന്‍സായി ....
  താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete
 13. ഒരു കഥ വായിച്ചപ്പോ രണ്ടു കഥ കിട്ടി........

  ReplyDelete
 14. http://snakemaster749.blogspot.com/

  ReplyDelete