Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, November 1, 2012

ചിലന്തി പഠിപ്പിച്ച പാഠം


സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ...... കഥപ്പെട്ടിയിലെ കഥകളും സമ്പാദ്യപ്പെട്ടിയിലെ അറിവുകളും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്.  ഇത്തവണ നമുക്ക് പ്രകൃതിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയത്തിലേയ്ക്ക് കുതിച്ച ഒരു രാജാവിന്റെ കഥ കേൾക്കാം, ട്ടോ.... ഇത്, വളരെ നാൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു രാജാവിന്റെ അനുഭവ കഥയാണത്രേ.  എന്തായാലും നമുക്ക് ഇതിന്റെ ഗുണപാഠവും, നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ കിട്ടാവുന്ന ഗുണങ്ങളും മനസ്സിലാക്കാം, അല്ലേ...
       നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാവായിരുന്നു റോബർട്ട് ബ്രൂസ് (AD 1306 മുതൽ 1329 വരെ).  ഒരേ സമയം ധീരനും നീതിമാനും പ്രജാതത്പരനുമായിരുന്നു ബ്രൂസ്.  പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടം വളരെയേറെ സംഘർഷങ്ങൾ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു.  അയൽരാജ്യമായ ഇംഗ്ലണ്ടിലെ രാജാവ് നിരന്തരം സ്കോട്ട്‌ലാന്റുമായി യുദ്ധം നടത്തിയിരുന്നു.   സ്കോട്ട്‌ലന്റിനെ തങ്ങളുടെ അധീനതയിലാക്കി തങ്ങളുടെ ഭാഗമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒടുവിൽ ഒരു യുദ്ധത്തിൽ ഇംഗ്ലണ്ട് വിജയം കാണുക തന്നെ ചെയ്തു.  ധീരനായ ബ്രൂസ് തന്റെ സമർത്ഥരായ സൈനികരുമൊത്ത് പലപ്രാവശ്യം രാജ്യം തിരികെ പിടിക്കാൻ യുദ്ധം ചെയ്തു.  തുടരെത്തുടരെയുള്ള ആറ് യുദ്ധങ്ങളിലും ബ്രൂസിന്റെ സൈന്യത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.  ഒടുവിൽ സൈന്യം തന്നെ ചിന്നിച്ചിതറി പലേടത്തായി പോയി. രാജാവ്  വടക്കലന്റിലെ റാത്‌ലി ദ്വീപിലെ ഒരു വനത്തി ഒറ്റപ്പെടുകയും ചെയ്തു.  അദ്ദേഹം ആകെ നിരാശനായിരുന്നു.  ഇത്രേം തവണ തോൽക്കുകയും തന്റെ സൈന്യം ആകെ താറുമാറാകുകയും ചെയ്തിരിക്കുന്നു.  ഇനിയൊരു അങ്കത്തിന് നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നി. 
മഴയുള്ള ഒരു ദിനത്തിൽ വനത്തിലെ ഒരു ഗുഹയിൽ ചിന്താവിഷ്ടനായി ഇരുന്ന അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു.  ‘മഴക്കച്ചേരി’യും ശ്രദ്ധിച്ചു കൊണ്ട് നിന്ന അദ്ദേഹം പെട്ടെന്ന് ആ ഗുഹയിലെ ചുവരിൽ ഒരു ചിലന്തിയെ കണ്ടു.  ചുവരിന്റെ ഒരു വശത്തു നിന്നും മറ്റേ വശത്തേയ്ക്ക് തന്റെ വല ഉറപ്പിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ ചിലന്തി.  രാജാവിന് ഈ കാഴ്ചയിൽ വളരെ കൗതുകം തോന്നി.  ചുമരിന്റെ ഒരു വശത്ത് നിന്നും വറു വശത്തേയ്ക്ക്  തന്റെ വലയുടെ നൂലുമായി ചാടിയാണ് ചിലന്തി വല  നെയ്യുന്നത്.  ഒന്നുരണ്ട് തവണ ചിലന്തി അതിൽ പരാജയപ്പെട്ടു; തിരികെ പഴയ സ്ഥാനത്തെത്തി വീണ്ടും ശ്രമിച്ചു. 
രാജാവിന് ആകാംക്ഷയായി.  ചിലന്തി വീണ്ടും വീണ്ടും ചുമരിന്റെ അങ്ങേ വശത്തു വന്ന് ശ്രമം തുടരുന്നു.  ആദ്യത്തെ ആറ് തവണയും പരാജയമായിരുന്നു ഫലം.  രാജാവ് സ്വയം പറഞ്ഞു, “എന്റെ കാര്യവും അങ്ങനെ തന്നെ, ആറു തവണയും പരാജയപ്പെട്ടു, ഇനി രക്ഷയില്ല തന്നെ, വെറുതെ പരിശ്രമിച്ചിട്ടു കാര്യമില്ല”
പക്ഷേ ചിലന്തി വിടാൻ ഭാവമില്ലായിരുന്നു.  ആദ്യത്തെ ശ്രമത്തിന്റെ അതേ ഉത്സാഹത്തോടെ, അതേ ഊർജ്ജത്തോടെ, പ്രതീക്ഷയോടെ അത് വീണ്ടും ശ്രമിച്ചു.  ഇത്തവണ ചിലന്തി ലക്ഷ്യം കണ്ടു.  രാജാവിന്റെ കണ്ണുകളിൽ പെട്ടെന്ന് പ്രകാശം വിടർന്നു.  പരാജയം ഒരിക്കലും നമ്മെ തളർത്തിക്കൂടാ, വീണ്ടും വീണ്ടും ആത്മാർത്ഥമായി പരിശ്രമിക്കണം, വിജയം തീർച്ചയായും നമുക്കൊപ്പം വരും.
നിശ്ചയധാർഷ്ട്യത്തോടെ ബ്രൂസ് രാജാവ് ചാടിയെഴുന്നേറ്റു.  തന്റെ രാജ്യം തിരികെ പിടിക്കാൻ വർദ്ധിത വീര്യത്തോടെ, ചിതറിപ്പോയ തന്റെ സൈനികരെ തിരഞ്ഞു പിടിച്ച് സൈന്യം പുനഃസംഘടിപ്പിച്ചു.  സൈനികർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ആ ചിലന്തിയുടെ കഥ പറഞ്ഞു കൊടുത്തു.  സ്കോട്ട്‌ലന്റ് സൈന്യം വീണ്ടും യുദ്ധസന്നദ്ധരായി.  ഇംഗ്ലണ്ടുകാർക്കെതിരെ ഏഴാമത്തെ യുദ്ധം പ്രഖ്യാപിച്ചു.  ബ്രൂസ് രാജാവിന്റെ സൈന്യത്തിന്റെ ശക്തിയെ പുച്ഛിച്ചു തള്ളിയിരുന്ന  ഇംഗ്ലീഷ് സൈന്യത്തെ രൂക്ഷമായ യുദ്ധത്തിനൊടുവിൽ തോൽപ്പിച്ച് രാജാവ് രാജ്യം തിരിച്ചു പിടിച്ചു.
സ്കോട്ട്‌ലന്റിന്റെ ചരിത്രത്തിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന ഒരേടാണ് ബ്രൂസ് രാജാവും, ചിലന്തിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് രാജ്യത്തെ രക്ഷിച്ച സംഭവവും.

കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ?    തോൽവികളിൽ തളരാതെ, വീണ്ടും വീണ്ടും പരിശ്രമിച്ചാൽ  വിജയം തീർച്ചയായും ഉണ്ടാവും, അല്ലേ?  (വീണ്ടും വീണ്ടും യുദ്ധം ചെയ്യാനുള്ള ഒരു ആഹ്വാനമല്ല കേട്ടോ).  നമുക്ക് ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ ഒരുപാട് പാഠങ്ങളും മാതൃകകളും ഒക്കെ പ്രയോജനപ്പെടുത്താം....
ഇത് വെറും ഒരു കഥയല്ലെന്ന് തോന്നുന്നു.  AD 1306 മുതൽ 1329 വരെ റോബർട്ട് ബ്രൂസ് സ്കോട്ട്‌ലന്റ് ഭരിച്ചിരുന്നെന്ന് ചരിത്രം പറയുന്നു.  റോബർട്ട് ബ്രൂസിനെ കുറിച്ച് അറിയാൻ ദേ ഇവിടെയും,  ഈ ചിലന്തിയെക്കുറിച്ച് കൂടിതലറിയാൻ ദേ ഇവിടെയും ക്ലിക്ക് ചെയ്തേ.

14 comments:

 1. കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ? തോൽവികളിൽ തളരാതെ, വീണ്ടും വീണ്ടും പരിശ്രമിച്ചാൽ വിജയം തീർച്ചയായും ഉണ്ടാവും, അല്ലേ? (വീണ്ടും വീണ്ടും യുദ്ധം ചെയ്യാനുള്ള ഒരു ആഹ്വാനമല്ല കേട്ടോ)

  ReplyDelete
 2. പരാജയങ്ങളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ ഒന്നും അസംഭാവ്യമല്ലെന്നു തെളിയിക്കുന്ന കഥ ഇഷ്ടായി.

  ReplyDelete
 3. ഞാനും വായിച്ചു
  എനിക്കും ഇഷ്ടപ്പെട്ടു

  ReplyDelete
 4. രാജാവിന് ആകാംക്ഷയായി. ചിലന്തി വീണ്ടും വീണ്ടും ചുമരിന്റെ എങ്ങേ വശത്തു വന്ന് ശ്രമം തുടരുന്നു. ആദ്യത്തെ ആറ് തവണയും പരാജയമായിരുന്നു ഫലം. രാജാവ് സ്വയം പറഞ്ഞു, “എന്റെ കാര്യവും എങ്ങനെ തന്നെ, ആറു തവണയും പരാജയപ്പെട്ടു, ഇനി രക്ഷയില്ല തന്നെ, വെറുതെ പരിശ്രമിച്ചിട്ടു കാര്യമില്ല”

  ഉഷച്ചേച്ചീ ഇത്തരം ഗുണപാഠകഥകളിൽ നിന്നും നമുക്കൊഉപാട് ഊർജ്ജം കിട്ടാനുണ്ട്. അധികം പേർക്കും കാണില്ല, പക്ഷെ എനിക്ക് കിട്ടാനുണ്ട്. അതോണ്ടാ ചേച്ചി കഥയിട്ടെന്നറിയിച്ചാൽ ഉടനെ ഞാൻ വന്നത് വായിച്ച് കമന്റ്ഇടുന്നത്.
  ആശംസകൾ.

  ReplyDelete
 5. കുട്ടിക്കാലത്ത് വായിച്ചതാണെങ്കിലും ഇപ്പോൾ വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 6. ഇത് ശ്ലാഘനീയമാണ്.കുട്ടികളെ നല്ലതിലേക്ക് നയിക്കുന്ന പഴയ കഥാകാലങ്ങളുടെ പുനരുദ്ധാരണം.നല്ല അവതരണം.അഭിനന്ദനങ്ങള്‍ (കുട്ടികളല്ലല്ലൊ ഇത് വായിക്കുന്നതെന്ന സങ്കടത്തോടെ..)

  ReplyDelete
 7. മുന്‍പും വായിച്ച കഥതന്നെ. എന്നാലും ഇതൊരു ഓര്‍മ പ്പെടുത്തലായി. മോന് പറഞ്ഞു കൊടുക്കണം. .........സസ്നേഹം

  ReplyDelete
 8. ലളിതം മനോഹരം ഈ പ്രയാണം ....അഭിനന്ദനങ്ങള്‍ !

  ReplyDelete
 9. നാലാം ക്ലാസിൽ ഒരു ഇടവേള സമയത്ത് ക്ലാസ്ടീച്ചർ പറഞ്ഞ് തന്നതാണു ഈ കഥ. ആ ഓർമ്മ ഒന്നുകൂടി മിഴിവുറ്റതാക്കി ഈ വായന

  ReplyDelete
 10. നല്ലൊരു ഗുണപാഠകഥകൂടി.... വീണ്ടും വീണ്ടും പുതിയ പഴയ കഥകൾക്കായി കാത്തിരിക്കുനു ഉഷാമ്മേ

  ReplyDelete
 11. വായിച്ചു..
  ഇഷ്ടപ്പെട്ടു.

  ReplyDelete
 12. ഉഷ, ഇവിടെ കണ്ടതിലും , വായിച്ചതിലും, ഫെയിസ് ബുക്കിൽ നമ്മൾ സുഹൃത്തുക്കളായിലും സന്തോഷം.....

  ReplyDelete