Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, March 1, 2013

ഉറുമ്പിന്റെയും പുൽച്ചാടിയുടെയും കഥ


        സ്നേഹമുള്ള കുഞ്ഞുങ്ങളേ,  വർഷാവസാന പരീക്ഷയ്ക്കു വേണ്ടി എല്ലാപേരും പഠിത്തത്തിൽ മുഴുകിയിരിക്കുകയാവും അല്ലേ?  ഇന്ന് നമുക്ക്  ഒരു ചെറിയ കഥ കേൾക്കാം, ട്ടോ.
         എല്ലാപേരും കേട്ടിട്ടില്ലേ പഴയ ആ ചൊല്ല്, ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന് ഈ പഴഞ്ചൊല്ലിനു സമാനമായി ഒരു കഥയുണ്ട്. 
         പണ്ടുപണ്ടൊരിടത്ത് ഒരു ചെറിയ കാട്ടിൽ, മറ്റ് ജീവികൾക്കൊപ്പം ഒരു  ഉറുമ്പും ഒരു പുൽച്ചാടിയും ഉണ്ടായിരുന്നു. ഉറുമ്പ് അധ്വാനശീലനായിരുന്നു, പുൽച്ചാടി മഹാ അലസനും. വസന്തകാലത്ത്, പൂക്കൾ വിടർന്ന് നിൽക്കുകയും ഇളം കാറ്റ് വീശുകയും ചെയ്ത ആ കാലത്ത് ഉറുമ്പ്, വരാനിരിക്കുന്ന പഞ്ഞമാസത്തെ (ക്ഷാമമുള്ള മാസം) മുന്നിൽ കണ്ട് ധാന്യങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും ശേഖരിക്കാൻ തുടങ്ങി.  അൽപം ദൂരെ നിന്ന് പോലും, തന്നേക്കാൾ പതിന്മടങ്ങ് ഭാരമുള്ള ആഹാരപദാർത്ഥങ്ങൾ പോലും പാവം ഉറുമ്പ് ചുമന്ന് കൊണ്ടുവന്ന് തന്റെ കൂടിനകത്ത് ശേഖരിച്ചു വച്ചു. 
         ഇതേ സമയം അലസനായ പുൽച്ചാടി പാട്ടും പാടി നടന്ന് സമയമെല്ലാം പാഴാക്കി.  അവൻ അധ്വാനിയായ ഉറുമ്പിനെ പരിഹസിച്ചു കൊണ്ടിരുന്നു.  തിന്നും കുടിച്ചും ആസ്വദിക്കേണ്ട സമയം വെറുതെ ഭാരം ചുമന്ന് പാഴാക്കുന്നുവെന്നു വരെ പറഞ്ഞ് പുൽച്ചാടി ആടിപ്പാടി നടന്നു.  ഉറുമ്പ് പുൽച്ചാടിയുടെ പരിഹാസമൊന്നും വകവച്ചില്ല, മറിച്ച് അവനോട് വരാനിരിക്കുന്ന ക്ഷാമകാലത്തെ ഭക്ഷ്യക്ഷാമത്തെ പറ്റിയും അതിനുവേണ്ട മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.  പുൽച്ചാടി അതൊന്നും ശ്രദ്ധിച്ചില്ല.

        ദിവസങ്ങൾ കടന്നുപോയി. വസന്തകാലം മെല്ലെ മാറി മാറിപ്പോയി.  ക്ഷാമകാലം വന്നെത്തി.  ജലത്തിനും ഭക്ഷണത്തിനും വളരെ ക്ഷാമമായി.  പല ജീവികളും ഭക്ഷണമന്വേഷിച്ച് ദൂരെയുള്ള സ്ഥലങ്ങളിലേയ്ക്ക് പോയി.  ഉറുമ്പ്, താൻ ശേഖരിച്ചു വച്ചിരുന്ന ധാന്യങ്ങളും മറ്റും കുറേശെകുറേശെയായി എടുത്ത് ഭക്ഷിച്ച് വിശപ്പടക്കി.  ഉറുമ്പിന്, ഒരർത്ഥത്തിൽ പറഞ്ഞാൽ, പഞ്ഞമാസം വിശ്രമത്തിന്റെ നാളുകൾ കൂടിയായി.  അതേ സമയം വസന്തകാലത്ത് അലസനായി തുള്ളിച്ചാടി നടന്ന പുൽച്ചാടിയ്ക്ക് ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായി.  ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ അവൻ ഭക്ഷണം കിട്ടാതെ അവശനായി.  ഈ സമയം, ഉറുമ്പ് മുൻപ് തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അവൻ ഓർത്തു.  വെറുതെ ഓർത്തെടുത്തിട്ടെന്തു കാര്യം.  സുഭിക്ഷമായി ആഹാരമൊക്കെ കിട്ടിയിരുന്നപ്പോൾ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇന്ന് കഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു.  ദിവസങ്ങൾക്കകം പുൽച്ചാടി പട്ടിണികിടന്ന് ചത്തുപോയി.
         ഒരുപാട് ഗുണപാഠങ്ങളുള്ള ഒരു ചെറിയ കഥയും പഴഞ്ചൊല്ലുമാണ് ഇത്.  എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾക്ക് ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്. അന്നന്ന് പഠിക്കാനുള്ളത് അന്നന്ന് തന്നെ പഠിച്ചാൽ പരീക്ഷാ കാലമാകുമ്പോൾ ബുദ്ധിമുട്ടുണ്ടാവില്ല. അതുപോലെ, ഇപ്പോൾ അൽപ്പം പരിശ്രമിച്ചാൽ ഭാവിയിൽ ജീവിതം സുരക്ഷിതമായിരിക്കും. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കണം, അത് നമ്മുടെ ഭാവിജീവിതം സുരക്ഷിതവും സന്തുഷ്ടവും ആക്കാൻ വേണ്ടിയാണ്.  പരീക്ഷയൊക്കെ തുടങ്ങാൻ പോകുന്ന ഈ സന്ദർഭത്തിൽ എനിക്കെന്റെ കുഞ്ഞു മക്കളോട് പറയാനുള്ളത്  കളികൾക്കും സന്തോഷങ്ങൾക്കും ഒപ്പം തന്നെ വിദ്യാർത്ഥിയായിരിക്കുമ്പോൾ പഠനത്തിൽ വളരെ ആത്മാർത്ഥത കാണിക്കണം; പഠിത്തത്തിനു തന്നെയാണ് ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്.
          ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന ചൊല്ലിന്റെ അർത്ഥവും ആശയവും മനസ്സിലായില്ലേ കുഞ്ഞുങ്ങളേ എല്ലാപേർക്കും ഒരു നല്ല പരീക്ഷാകാലം ആശംസിക്കുന്നു.
         ഈ ഉറുമ്പിനെ കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്ന് നോക്കിക്കേ

9 comments:

  1. ഒരുപാട് ഗുണപാഠങ്ങളുള്ള ഒരു ചെറിയ കഥയും പഴഞ്ചൊല്ലുമാണ് ഇത്. എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾക്ക് ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്. അന്നന്ന് പഠിക്കാനുള്ളത് അന്നന്ന് തന്നെ പഠിച്ചാൽ പരീക്ഷാ കാലമാകുമ്പോൾ ബുദ്ധിമുട്ടുണ്ടാവില്ല. അതുപോലെ, ഇപ്പോൾ അൽപ്പം പരിശ്രമിച്ചാൽ ഭാവിയിൽ ജീവിതം സുരക്ഷിതമായിരിക്കും. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കണം, അത് നമ്മുടെ ഭാവിജീവിതം സുരക്ഷിതവും സന്തുഷ്ടവും ആക്കാൻ വേണ്ടിയാണ്. പരീക്ഷയൊക്കെ തുടങ്ങാൻ പോകുന്ന ഈ സന്ദർഭത്തിൽ എനിക്കെന്റെ കുഞ്ഞു മക്കളോട് പറയാനുള്ളത് കളികൾക്കും സന്തോഷങ്ങൾക്കും ഒപ്പം തന്നെ വിദ്യാർത്ഥിയായിരിക്കുമ്പോൾ പഠനത്തിൽ വളരെ ആത്മാർത്ഥത കാണിക്കണം; പഠിത്തത്തിനു തന്നെയാണ് ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്.
    ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന ചൊല്ലിന്റെ അർത്ഥവും ആശയവും മനസ്സിലായില്ലേ കുഞ്ഞുങ്ങളേ… എല്ലാപേർക്കും ഒരു നല്ല പരീക്ഷാകാലം ആശംസിക്കുന്നു.

    ReplyDelete
  2. നന്നായി പറഞ്ഞു,

    ReplyDelete
  3. നല്ല കഥ... ഇനിയും വായിക്കാന്‍ വരാം.. ആശംസകള്‍..

    ReplyDelete
  4. പത്രം വായിച്ചാല്‍ ഭീകരത നിറഞ്ഞ വാര്‍ത്തകള്‍, ടി.വി-യില്‍ ദാരുണ ദൃശ്യങ്ങള്‍. ഭാവിയെപ്പറ്റി നാം വരും തലമുറയോട് എന്ത് പറയും?

    ReplyDelete
    Replies
    1. വീട്ടിലെങ്കിലും നല്ലതു പറഞ്ഞും കാണിച്ചും കൊടുത്ത് പുതിയ തലമുറയേ വളർത്തൂ.അച്ഛാ, അമ്മേ, ഒരു കഥപറഞ്ഞു തരൂ എന്നു പറയാത്ത ഒരു കുട്ടിയും ഇല്ല. അങ്ങനെ പറഞ്ഞു അടൂത്തുവരുമ്പോൾ നിറഞ്ഞ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് മടിയിലിരുത്തി നല്ല കഥകളിലൂടേ നന്മയും, ജീവിത മൂല്യങ്ങളൂം പുതിയ തലമുറയിലേക്കു പകരൂ.

      Delete
  5. ഇഷ്ട പ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലൊ.
    ആശംസകള്‍ !

    ReplyDelete
  6. മനസ്സിൽ അവ്യക്തമായ ഓർമ്മയിൽ ഉണ്ടായിരുന്ന നല്ല ഒരു ഗുണപാഠകഥ.. പൊടിതട്ടി, നല്ല ചൂടോടെ മുത്തശ്ശി തന്നെ പറഞ്ഞു തന്നതുമാതിരിയുണ്ട്....നന്നായിരുക്കുന്നു ഉഷാമ്മേ...

    ReplyDelete
  7. വായന തുടങ്ങിയ കുഞ്ഞു കാലത്ത് തടിച്ച് പേജുകളില്‍ വലിയ അക്ഷരങ്ങളില്‍ വര്‍ണങ്ങളുമായി വന്ന ഒരു പുസ്തകത്തിലാണ് ആദ്യമായി ഈ കഥ ഞാന്‍ വായിച്ചത്.
    അതു വായിക്കുമ്പോഴുണ്ടായിരുന്ന സന്തോഷവും ഇളം കാറ്റും കിളികളുടെ ഒച്ചയും അടുക്കളയില്‍ നിന്നുയര്‍ന്നിരുന്ന കാപ്പിയുടെ മണവും .... ഒന്നും ഞാന്‍ മറന്നിട്ടില്ല.
    ഈ ഓര്‍മ്മകളെല്ലാം വീണ്ടും തന്നതിനു....നന്ദി.

    ReplyDelete