Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, October 2, 2013

അത്യാഗ്രഹം അത്യാപത്ത്

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
    ഓണമൊക്കെ ആഘോഷിച്ച് വളരെ സന്തോഷത്തോടെ സ്ക്കൂളിലൊക്കെ പോയി നല്ല മാർക്കൊക്കെ വാങ്ങിയിരിക്കുകയാവും എല്ലാപേരും, അല്ലേ…. ഇത്തവണ നമുക്ക്, അത്യാഗ്രഹം വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ചുള്ള ഒരു കുഞ്ഞു കഥ കേൾക്കാം, കേട്ടോ…..
    ഒരിടത്തൊരിടത്ത് ഒരു  ഗ്രാമത്തിൽ അമാവാസി എന്ന് പേരായ ഒരു  ധനികൻ ഉണ്ടായിരുന്നു.  പാത്രങ്ങളും പണിയായുധങ്ങളും മറ്റും വാടകയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന വരുമാനം.  വളരെ അത്യാഗ്രഹിയും നിർദ്ദയനും ആയിരുന്നു അമാവാസി.  പലപ്പോഴും, പാവപ്പെട്ടവരിൽ നിന്നു പോലും അമിതമായി വാടകയിനത്തിലും മറ്റും ഒരുപാട് പണം അയാൾ ഈടാക്കിയിരുന്നു.  തിരികെ കൊണ്ടു വരുന്ന സാധനങ്ങൾക്ക് കേടു പറ്റിയെന്നും മറ്റും പറഞ്ഞ് അവയ്ക്ക് വലിയ പിഴയും അയാൾ വാങ്ങിയിരുന്നു.  വേറെ നിവൃത്തിയില്ലാതതിനാൽ ഗ്രാമീണർ ഇയാളെ സഹിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.  
    അങ്ങനെയിരിക്കേ ആ ഗ്രാമത്തിൽ ഗണേശൻ എന്ന യുവാവ് താമസത്തിനെത്തി.   സൽസ്വഭാവിയും, ബുദ്ധിമാനും ആയ ഗണേശന് അമാവാസി നടത്തുന്ന പകൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കണമെന്ന് തോന്നി.  എന്നാൽ നേരിട്ടെതിർത്ത് അയാളെ പരാജയപ്പെടുത്തുക ദുഷ്കരമായതിനാൽ ബുദ്ധിപൂർവ്വം തന്നെ നീങ്ങാൻ തീരുമാനിച്ചു,  അതിന് ഗണേശന് നാട്ടുകാരുടെയാകെ പിന്തുണയും സഹായവും ഉണ്ടായിരുന്നു.
    ഗണേശൻ ഒരു ദിവസം അമാവാസിയോട്  ഒരു കൈക്കോട്ട് കടമായി വാങ്ങി.  അതിന് ഒരു ദിവസത്തേയ്ക്ക് നാലണ വാടകയും സമ്മതിച്ചു.  മൂന്ന് ദിവസം കഴിഞ്ഞ് ഗണേശൻ കൈക്കോട്ട് തിരികെ കൊടുക്കാൻ ചെന്നപ്പോൾ ഒരു ചെറിയ കൈക്കോട്ട് കൂടി കൊടുത്ത്.  കാര്യം വിശദീകരിച്ച് ഗണേശൻ പറഞ്ഞു, “ കഴിഞ്ഞ രാത്രി ഈ കൈകോട്ട് വച്ചിരുന്ന സ്ഥലത്ത് നിന്നും ചെറിയ ശബ്ദങ്ങളൊക്കെ കേട്ടിരുന്നു. രാവിലെ ഉണർന്ന് നോക്കിയപ്പോൾ അത് പ്രസവിച്ചിരിക്കുന്നു.  കൈക്കോട്ടിന്റെ ഉടമ താങ്കളായതുകൊണ്ട് അതിന്റെ കുഞ്ഞും താങ്കൾക്കുള്ളതല്ലേ… അതാണ് ഈ രണ്ട് കൈക്കോട്ടുകളും ഇങ്ങെത്തിച്ചത്”
    വിശ്വസിക്കാൻ പ്രയാസമുണ്ടായെങ്കിലും, ഒരു സാധനം അധികം കിട്ടിയതിനാൽ അമാവാസി അതങ്ങ് സമ്മതിച്ചു കൊടുത്തു.  വീണ്ടും പല പ്രാവശ്യം ഗണേശൻ ഇതാവർത്തിച്ചു.  ഓരോ തവണയും  കുറച്ചുകൂടി വില കൂടിയ സാധനങ്ങൾ ഗണേശൻ കൊണ്ടു പോകുകയും അവ പ്രസവിച്ചെന്ന്  പറഞ്ഞ് ഒരു ചെറിയ സാധനം കൂടി തിരികെ കൊടുത്തു.  അമാവാസിയ്ക്ക് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമായെങ്കിലും അയാളുടെ അത്യാഗ്രഹം കാരണം അതൊക്കെ വാങ്ങി വച്ചു.
    ഒരു ദിവസം ഗണേശൻ അമാവാസിയുടെ വീട്ടിലെത്തി, “എനിക്കും ഭാര്യയ്ക്കും  അടുത്തയാഴ്ച ഒരു അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോകണം, ആഭരണങ്ങൾ എല്ലാം വേറൊരു വിവാഹത്തിനായി സഹോദരി കൊണ്ടു പോയിരിക്കുകയാണ്…. അതിനാൽ, ഒരു മാലയും, ഒരു കമ്മലും രണ്ടു വളയും തന്ന് സഹായിക്കണം… അതിനുള്ള വാടക ഞാൻ തരാം…. മൂന്നാലു ദിവസത്തിനകം തിരികെ തരുകയും ചെയ്യാം…”
    അമാവാസിയ്ക്ക് സന്തോഷമായി….. തന്റെ സ്വർണ്ണാഭരണങ്ങൾ ഗണേശൻ കൊണ്ടുപോയി അവ പ്രസവിച്ച് ഇരട്ടിയാകുമല്ലോ…. “നാളെ വൈകിട്ടു വരൂ, ഗണേശൻ ചോദിച്ചതിലും അധികം ആഭരണങ്ങൾ തരാം… അമാവാസിയിലെ അത്യാഗ്രഹി ഗൂഢമായി ചിന്തിച്ചു.  എത്രയധികം  സ്വർണ്ണാഭരണങ്ങൾ കൊടുക്കുന്നുവോ അത്രേം തന്നെ  പ്രസവിക്കുമല്ലോ.... അതാണല്ലോ ഗണേശന്റെ പതിവ്...
    അടുത്ത ദിവസം അമാവാസി, തന്റെ വീട്ടിലുള്ള സ്വർണ്ണാഭരണങ്ങളും, പിന്നെ കുറെയധികം കടം വാങ്ങിയും ഒക്കെ ഗണേശന് കൊടുത്തു.  പഴയകാര്യങ്ങളൊക്കെ ഓർമ്മയുണ്ടല്ലോ എന്നു കൂടി സൂചിപ്പിച്ചു. രണ്ടു ദിവസത്തിനകം എല്ലാം തിരികെ തരാം എന്ന്  പറഞ്ഞു ഗണേശൻ യാത്രയായി..
    ഗണേശൻ അധികം സ്വർണ്ണവുമായി വരുന്നതും കാത്ത് അമാവാസി ഇരുന്നു.   രണ്ട് ദിവസം കഴിഞ്ഞിട്ടും ഗണേശനെ കാണുന്നില്ല.... വരുമായിരിക്കും... ഇത്രയധികം ആഭരണങ്ങൾ കൊണ്ടു പോയതല്ലേ... ക്ഷമിക്കാം.... അമാവാസി കണക്കുകൂട്ടി.... ദിവസങ്ങൾ പലത് കടന്നു പോയി, ഗണേശനെ കാണുന്നില്ല.... അമാവാസിക്ക് പരിഭ്രാന്തിയായി..... തന്റെ സ്വർണ്ണസമ്പാദ്യമെല്ലാം കൊടുത്തു വിട്ടു..... കൂടാതെ പരിചയക്കാരിൽ നിന്ന് കടം വാങ്ങിയതും ഉണ്ട്....
    അകാംക്ഷയ്ക്ക് വിരാമമിട്ട് ഗണേശൻ വന്നെത്തി.... പക്ഷേ  കൊണ്ടു പോയ സ്വർണ്ണം മാത്രമില്ല... തന്റെ സ്വർണ്ണാഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് ഗണേശൻ പറഞ്ഞു, "അമാവാസീ, താൻ തന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ പെട്ടെന്ന് വന്ന അസുഖത്തെ തുടർന്ന് മരിച്ചു പോയി"
    "ങേ, സ്വർണ്ണാഭരണങ്ങൾ മരിക്കുകയോ?", അമാവാസി ക്ഷുഭിതനായി... പെട്ടെന്നു തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി....
    "ഇയാൾ എന്റെ സ്വർണ്ണാഭരണങ്ങൾ എല്ലാം കടമായി, വാടകയ്ക്ക് വാങ്ങി കൊണ്ടു  പോയി.... ഇപ്പോഴിതാ വന്നിരിക്കുന്നു അവയൊക്കെ മരിച്ചു പോയി എന്നു  പറഞ്ഞ്... ഈ കള്ളനെ പിടിച്ചുകെട്ടി സൈന്യത്തിന്റെ മുന്നിൽ എത്തിക്കണം, അവന് നല്ല ശിക്ഷ കിട്ടണം", നാട്ടുകാരോടായി  അമാവാസി  പറഞ്ഞു.....
    നാട്ടുകാർ അന്തംവിട്ട് പരസ്പരം നോക്കി.  തങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത കാര്യം.  പക്ഷേ അമാവാസിയെയും ഗണേശനെയും അവർക്ക് നന്നായി അറിയാം.  അതിനാൽ അവർക്ക് ആകാംക്ഷ കൂടി വന്നു.  നാട്ടുകാർ ഇടപെട്ട് ഇതിലൊരു തീരുമാനം ഉണ്ടാക്കണമെന്ന് അമാവാസി ശഠിച്ചു.   ഒടുവിൽ നാട്ടിലെ പ്രമാണി ഇടപെട്ടു.  ഗണേശനോട് വിശദീകരണം ചോദിച്ചു.. ആശങ്കൾക്ക് വിരാമമിട്ട് ഗണേശൻ പറഞ്ഞു, "പ്രിയ സുഹൃത്തുക്കളേ, ഞാൻ ഇതിനു മുൻപ് പല തവണ അമാവാസിയിൽ നിന്ന് പല സാധനങ്ങളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.  അപ്പോഴൊക്കെ കൃത്യമായി തിരികെ കൊടുത്തിട്ടുമുണ്ട്"  അമാവാസിയെ നോക്കി തുടർന്നു, "ശരിയല്ലേ?"
    അമാവാസി അത് ശരിയാണെന്ന് തലകുലുക്കി സമ്മതിച്ചു.  ഗണേശൻ തുടർന്നു, "അപ്പോഴൊക്കെ ഞാൻ കൊണ്ട് പോയിരുന്ന കൈക്കോട്ടും, മൺകോരിയും മറ്റും എന്റെ വീട്ടിൽ വച്ച് പ്രസവിച്ചിരുന്നു..." ആളുകൾ അന്തം വിട്ട് ഇത് കേൾക്കുമ്പോൾ ഗണേശൻ തുടർന്നു, "അവ പ്രസവിച്ച കുഞ്ഞുങ്ങളായ  കുഞ്ഞ് കൈക്കോട്ടും, കുഞ്ഞ് മൺകോരിയും ഒക്കെ ഞാൻ ഇയാൾക്ക് തന്നെ കൊടുത്തിട്ടുണ്ട്, കാരണം അതിന്റെ  ഉടമസ്ഥൻ അമാവാസിയാണല്ലോ."  അമാവാസിയോട് നാട്ടിലെ പ്രമാണി ഇതൊക്കെ ശരിയാണോയെന്ന് അന്വേഷിച്ചു.  അമാവാസി തല കുനിച്ച്, ഒരു കള്ള ലക്ഷണത്തോടെ  ആ പറഞ്ഞതൊക്കെ ശരിയാണെന്നും  ഈ പണിയായുധങ്ങൾ പ്രസവിച്ചവയെ തനിക്ക് തന്നെ ഗണേശൻ തന്നെനും പറഞ്ഞു.
    "ലോഹനിർമ്മിതമായ മൺകോരിയും കൈക്കോട്ടും പ്രസവിക്കാമെങ്കിൽ, അതൊക്കെ അമാവാസിക്ക് വിശ്വസിക്കാമെങ്കിൽ അതുപോലെ തന്നെ ലോഹനിർമ്മിതമായ ആഭരണങ്ങൾ മരിച്ചുപോയി എന്നതും വിശ്വസിച്ചല്ലേ പറ്റൂ?"
    ഇത്രേം പറഞ്ഞപ്പോൾ നാട്ടുകാർക്ക് കാര്യങ്ങളൊക്കെ ബോധ്യമായി.  അമാവാസിയുടെ കൊള്ളപ്പലിശയ്ക്കും അത്യാഗ്രഹത്തിനും ഒരു താക്കീത് കൊടുക്കാൻ ഗണേശൻ ശ്രമിച്ചതാണെന്ന് അവർക്ക് മനസ്സിലായി.  ഗ്രാമത്തിലെ പ്രമാണി ഉടൻ തന്നെ ഇടപെട്ടു, "ഗണേശൻ പറഞ്ഞതും ന്യായമുണ്ട്, നിർജ്ജീവമായ വസ്തുക്കൾ പ്രസവിച്ചെന്ന് പറഞ്ഞപ്പോൾ പരാതി പറയാതെ അവയെ കൈക്കലാക്കിയ നിങ്ങൾ അവ മരിച്ചു പോയി എന്ന് പറഞ്ഞപ്പോൾ തർക്കത്തിനു വന്നിരിക്കുന്നു.  ന്യായം ഗണേശന്റെ ഭാഗത്തായതിനാൽ അന്യായമായ ആവശ്യത്തിന് ഇത്രേം ബഹളമുണ്ടാക്കിയ അമാവാസിയ്ക്ക് ഗ്രാമം ഒരു തുക പിഴ ചുമത്തുന്നു."
    അമാവാസി ആകെ വിഷണ്ണനായി, തന്റെ അത്യാർത്തി കാരണമുണ്ടായ ആപത്ത് അയാൾ തിരിച്ചറിഞ്ഞു.  ഗ്രാമത്തിലെ ജനങ്ങളോട് അയാൾ മാപ്പ് ചോദിച്ചു.  ഇനിമേൽ ആരിൽ നിന്നും അമിതമായി പണം ഈടാക്കില്ലെന്ന് അയാൾ ഉറപ്പ് നൽകി.
    ഇതിൽ സന്തുഷ്ടനായ ഗണേശൻ അമാവാസിയിൽ നിന്ന് വാങ്ങിയ മുഴുവൻ ആഭരണങ്ങളും തിരികെ കൊടുത്ത് മാതൃക കാട്ടി.
    അത്യാഗ്രഹവും അത്യാർത്തിയും ആപത്തിലേയ്ക്ക്  നയിക്കുമെന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ.... കഥ ഇഷ്ടപ്പെട്ടോ... വേറൊരു കഥയുമായി വീണ്ടും വരാം, ട്ടോ.....

12 comments:

 1. അത്യാഗ്രഹവും അത്യാർത്തിയും ആപത്തിലേയ്ക്ക് നയിക്കുമെന്ന് മനസ്സിലായില്ലേ കുഞ്ഞുങ്ങളേ.... കഥ ഇഷ്ടപ്പെട്ടോ... വേറൊരു കഥയുമായി വീണ്ടും വരാം, ട്ടോ.....

  ReplyDelete
 2. എന്നാലും കഥാകാരീ, ഇത്രയ്ക്കങ്ങട് വേണ്ടിയിരുന്നില്ല. ഇത് പണ്ട് ഞാൻ രണ്ടാം ക്ലാസിൽ പഠിച്ച 'കുഞ്ഞിരാമന്റെ പൊടിക്കൈ" മാറ്റി എഴുതിയതല്ലേ? വലിയ ചെറിയ കുട്ടികൾ വായിക്കരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നെങ്കിൽ ഞാനിതു വായിക്കുകയോ ഈ കോപ്പിയടി കണ്ടുപിടിക്കുകയോ ചെയ്യുമായിരുന്നില്ല. ഇനി ശ്രദ്ധിക്കുമല്ലോ?

  ReplyDelete
  Replies
  1. കുഞ്ഞേ, കഥപ്പെട്ടിയിലെ കഥകൾ മിക്കതും എന്റേതല്ല.... എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ, എനിക്കു നല്ലതെന്നു തോന്നിയ, ഒരുപാടിഷ്ടം തോന്നിയ, കുഞ്ഞു കഥകൾ, കുട്ടിക്കവിതകള്‍, കടങ്കഥകള്‍ തുടങ്ങിയവ ഇന്നത്തെ കുഞ്ഞുങ്ങൾക്കായി ഇവിടെ എഴുതുകയാണ്... ഇക്കാര്യമൊക്കെ ഞാൻ ദേ ഇവിടെ പറഞ്ഞത് കണ്ടില്ലേ? ഇതിനു മുൻപ് ഇവിടെ പോസ്റ്റ് ചെയ്ത കഥകളും സമയം കിട്ടുമ്പോൾ വായിച്ചു നോക്കൂ.... എന്തായാലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.... വീണ്ടും വരണം....

   Delete
 3. കഥയുടെ അവതരണം നന്നായി,, കുഞ്ഞിരാമൻ പൊടിക്കൈ കാണിച്ചതുപോലെ,, നല്ല വായനാസുഖം..

  ReplyDelete
 4. അത്യാഗ്രഹം നന്നല്ല. കഥ നന്ന്.

  ReplyDelete
 5. നല്ല കഥ, നന്നായി പറഞ്ഞു... ഉഷാമ്മേ....

  ReplyDelete
 6. കഥ വായിച്ചൂ..

  ReplyDelete
 7. കുഞ്ഞിരാമന്‍ ഈ കഥ കണ്ടോ ആവോ. ഞാനേതായാലും ഇത് മോള്‍ക്ക് പറഞ്ഞുകൊടുക്കും. അവള്‍ കുഞ്ഞിരാമനെ കണ്ടിട്ടേയില്ല.

  ReplyDelete
 8. ഇങ്ങനെ Stories retold തീർച്ചയായും നല്ലതാണ്. ഇന്ന് ഇത്തരം കഥകൾ കേൾക്കാൻ പ്രായമുള്ള കൊച്ചുകുഞ്ഞുങ്ങളുടെ മാതാപിതാൾ പലർക്കും നമ്മുടെ നാടൻ കഥകൾ ഒന്നും അറിയാൻ വഴിയില്ല. കാരണം മിക്കവരും നേഴ്സറി ക്ലാസ്സ് മുതൽ തന്നെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിച്ചു വരുന്നവരായിരിക്കും. അവർ സ്നോവൈറ്റോ, സിൻഡ്രല്ലയോ ഒക്കെയാവും പഠിച്ചിട്ടുള്ളത്. അവർക്കിത് വലിയ ഉപകാരമാവും എന്നതിനു സംശയമില്ല. ഞാനീ ലിങ്ക് എന്റെ കൊച്ചുമോന് അയച്ചു കൊടുക്കാറുണ്ട്. എനിക്ക് ഒരു സജഷൻ കൂടിയുണ്ട് കിലുക്കാം പെട്ടീ - ഇതുപോലെ പുരാണകഥകൾക്കു കൂടി ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. ആലോചിക്കുമോ ഉഷസ്സേ?

  ReplyDelete
  Replies
  1. ചേച്ചീ... അഭിപ്രായത്തിനു നന്ദി. നോക്കാം എന്നെ പറയുന്നുള്ളൂ.

   Delete
 9. ഹ ഹ ഹ ഇത്തരം കഥകൾ വായിച്ച് പഠിച്ചവരാ നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങി  നാട്ടുകാരെ പറ്റിച്ച് മുങ്ങുന്നത് കാർ ഫ്രിഡ്ജ്  ഒക്കെ പ്രസവിക്കാൻ പണം കൊടുത്ത  നാട്ടുകാർ നെഞ്ചത്തടിച്ച് നിലവിളികുന്നതും

  ഒരു വ്യത്യാസം മാത്രം ഇവിടെ ഗണേശൻ നല്ലവൻ -  

  ReplyDelete
 10. ഈ കഥ ഞാന്‍ പഠിച്ചിട്ടുണ്ട്. പാത്രം പ്രസവിചെന്നു. :)

  ReplyDelete