Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, February 1, 2014

വാമദേവന്റെ അറിവും രാമന്റെ കഴിവും…



സ്നേഹമുള്ള കുഞ്ഞുങ്ങളേ,
        വളരെ പണ്ട് നടന്ന ഒരു കഥ പറയട്ടേ.അന്ന്, ഇപ്പോഴത്തെപ്പോലെ യാത്രാ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു.  റോഡുകളും പാലങ്ങളും ഒക്കെ തീരെ ഇല്ല തന്നെ. നദികളുടെ ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ വള്ളങ്ങളെ (വഞ്ചികളെ) ആശ്രയിച്ചേ പറ്റൂ.  നദിക്കരയിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വള്ളം അക്കരെയ്ക്ക് പുറപ്പെടും.  ഈ സ്ഥലങ്ങളെ കടത്ത് എന്നു പറയും; ഈ വള്ളങ്ങളെ കടത്തുവള്ളം (കടത്തുവഞ്ചി) എന്നും കടത്തുവള്ളം തുഴയുന്നയാളെ കടത്തുകാരൻ എന്നും പറയുന്നു. 
        അന്നൊരിക്കൽ  ഗംഗാനദിയിലൂടെ ഒരു കടത്തുവഞ്ചി അക്കരെ കടക്കുകയായിരുന്നു.  രാമൻ എന്ന കടത്തുകാരനും വാമദേവൻ എന്ന ഒരു പണ്ഡിതനും മാത്രമേ വഞ്ചിയിൽ ഉള്ളൂ.  വാമദേവൻ അൽപ്പം അഹങ്കാരം കൂടുതലുള്ള ആളായിരുന്നു.  തന്റെ പാണ്ഡിത്യം (അറിവ്) വെളിവാക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ  വച്ച് തന്നെക്കാൾ അറിവ് കുറവുള്ളവരെ മോശക്കാരായി തരംതാഴ്ത്തിക്കാട്ടാൻ അയാൾ ശ്രമിക്കുമായിരുന്നു.  ഇവിടെയും അതു തന്നെ സംഭവിച്ചു.  തന്റെ പാണ്ഡിത്യം വെളിവാക്കുന്നതിനായി പാവം തോണിക്കാരനോട്  വാമദേവൻ വീമ്പിളക്കിക്കൊണ്ടിരുന്നു.

        “നിങ്ങൾക്ക് വേദാന്തം അറിയാമോ?” വാമദേവൻ രാമനോട് ചോദിച്ചു
        “ഇല്ല, അറിഞ്ഞുകൂട”, വളരെ വിനയത്തോടെ രാമൻ മറുപടി പറഞ്ഞു രാമനെ അൽപ്പം അവജ്ഞയോടെ നോക്കി വാമദേവൻ തുടർന്നു, “സാംഖ്യവും തത്ത്വശാസ്ത്രവും അറിയാമോ?”
അൽപ്പം നീരസത്തോടെയെങ്കിലും രാമൻ അതും അറിഞ്ഞുകൂടാ എന്ന് പറഞ്ഞു
“എങ്കിൽ നിന്റെ ജന്മത്തിന്റെ കാൽ ഭാഗം പാഴായി എന്നു കരുതിക്കോളൂ” വാമദേവൻ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
രാമന് ഈ തരം താഴ്ത്തൽ ഇഷ്ടപ്പെട്ടില്ലെങ്കിലും അത് പുറത്തു കാണിച്ചില്ല പണ്ഡിതനല്ലേ ഇരിക്കുന്നത്, തന്നെപ്പോലുള്ള ഒരു കടത്തുകാരന് മറുത്തൊന്നും പറയാൻ പാടില്ലല്ലോ.
“അപ്പോൾ പിന്നെ ഉപനിഷത്തുകളും ശാസ്ത്രങ്ങളും ഒന്നും കേട്ടിട്ടുകൂടി ഇല്ലായിരിക്കുമല്ലോ..?” വാമദേവൻ വിടാൻ ഭാവമില്ലായിരുന്നു രാമൻ അവയൊന്നും തനിക്കറിഞ്ഞുകൂടാ എന്ന് പറഞ്ഞു തുടർന്നു, “പണ്ഡിത ശ്രേഷ്ഠാ, എനിക്കും കുടുംബത്തിനും  അന്നത്തെ ആഹാരത്തിനുള്ളത് എങ്ങനെ ഉണ്ടാക്കാം എന്നതു മാത്രമാണ് ഇപ്പോൾ ചിന്ത, മറ്റൊന്നും എനിക്കറിയില്ല”
“ശാസ്ത്രങ്ങളും ഉപനിഷത്തുകളും അറിയില്ലെന്നോ. എങ്കിൽ നിന്റെ പാതി ജന്മം പാഴായി എന്ന് കൂട്ടിക്കോളൂ”വാമദേവൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തുടർന്നു, “നിനക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയാമോ?”.
വളരെ നീരസത്തോടെ രാമൻ തനിക്ക് സംസ്കൃതം വായിക്കാനും എഴുതുവാനും അറിയില്ലെന്ന് പറഞ്ഞു.
“ശുംഭാ, നിന്റെ ആയുസ്സിന്റെ മുക്കാലും പാഴായല്ലോ.. സംസ്കൃതം അറിയില്ല പോലും” വാമദേവൻ രാമനെ കളിയാക്കി പൊട്ടിച്ചിരിച്ചു രാമൻ തിരിച്ച് ഒരക്ഷരം പോലും മിണ്ടാതെ തന്റെ ജോലി തുടർന്നു.  പെട്ടെന്നാണ് കാറ്റുവീശാൻ തുടങ്ങിയത് ആദ്യമൊന്നും വലിയ പ്രശ്നമില്ലായിരുന്നെങ്കിലും ക്രമേണ കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു.  കാറ്റിൽ വഞ്ചി ആടിയുലയാൻ തുടങ്ങി.  ഗംഗാനദിയുടെ കുത്തൊഴുക്കിൽ വഞ്ചി മറിയുമെന്ന നില വന്നു.  രാമൻ വഞ്ചി നിയന്ത്രിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു.  പക്ഷേ അതിന് ഒരു ഫലവും കണ്ടില്ല.  പണ്ഡിതനായ വാമദേവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങി.  നദിയിലെ ഇത്തരം പ്രതിഭാസങ്ങൾ കണ്ടു ശീലിച്ച രാമന് അത്ര ഭയമൊന്നും തോന്നിയില്ല. അയാൾക്ക് നീന്തൽ നല്ല വശമായിരുന്നതുകൊണ്ട് അവസാന ശ്രമമെന്ന നിലയ്ക്ക് നിവൃത്തിയില്ലെങ്കിൽ നീന്തി രക്ഷപ്പെടാമല്ലോ..
ഭയന്നു വിറച്ച വാമദേവനോട് രാമൻ അപ്പോൾ ചോദിച്ചു, “താങ്കൾക്ക് പേടിയാവുന്നോ?” ഈ കാറ്റും കോളും, പിന്നെ ഗംഗാനദിയുടെ കുത്തൊഴുക്കും, ആർക്കാണ് പേടി വരാത്തത്?  വാമദേവൻ ഭയന്ന് നിലവിളിച്ചു. രാമൻ വിടാൻ ഭാവമില്ലായിരുന്നു, “അങ്ങേയ്ക്ക് നീന്താനറിയാമോ?”
“എനിക്ക് നീന്താൻ അറിയില്ല, എത്രയും പെട്ടെന്ന് എന്നെ രക്ഷിക്കൂ.” വാമദേവൻ കരഞ്ഞു വിളിച്ചു.
രാമൻ തുടർന്നു, “എനിക്ക് വേദാന്തവും സാംഖ്യവും ഉപനിഷത്തുകളും ശാസ്ത്രവും സംസ്കൃതവും അറിയാത്തത് കൊണ്ട് എന്റെ ജന്മത്തിന്റെ മുക്കാൽ ഭാഗവും പാഴായി എന്ന് അങ്ങ് പറഞ്ഞില്ലേ,  ഇപ്പോൾ നീന്തലറിയാത്തതു കൊണ്ട് താങ്കളുടെ ജന്മം മുഴുവനും പാഴായിപ്പോകുമല്ലോ” ഇത്രയും പറഞ്ഞ് മറിയുന്ന വഞ്ചിയിൽ നിന്ന് രാമൻ പുഴയിലേയ്ക്ക്  ചാടി.  വാമദേവനും പുഴയിൽ വീണു. ജീവനു വേണ്ടി കൈകാലിട്ടറിച്ച് കരഞ്ഞു വിളിച്ചു. സഹതാപം തോന്നിയ രാമൻ വാമദേവനെ പുഴയിൽ നിന്ന് രക്ഷിച്ച് കരയിലെത്തിച്ചു.  അവശനായ വാമദേവനോട് രാമൻ പറഞ്ഞു, “താങ്കളുടെ അറിവ് മാത്രമാണ് ലോകത്ത് എല്ലാത്തിനെക്കാളും വലുതെന്ന അങ്ങയുടെ മനോഭാവം മാറ്റണം, പ്രായോഗിക ജീവിതത്തിൽ പലർക്കും പലപല അറിവുകളാണ് ആവശ്യം”.  രാമന്റെ വാക്കുകൾ കേട്ട് വാമദേവൻ തലകുനിച്ചു.  തന്റെ അറിവ് മാത്രമാണ് എല്ലാത്തിനും മുകളിലെന്ന വാമദേവന്റെ കാഴ്ചപ്പാട് അയാളുടെ ജീവനു തന്നെ ഭീഷണിയായില്ലേ
നല്ലൊരു സന്ദേശം എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടിയില്ലേ?  ഓരോരുത്തർക്കും അവരവരുടേതായ അറിവുകളും കഴിവുകളും ഉണ്ട്.  തന്റെ കഴിവും അറിവും മാത്രം എല്ലാത്തിനും മുകളിലാണെന്ന് കരുതരുത്.    

kadha | Muziboo






23489/105

11 comments:

  1. നല്ലൊരു സന്ദേശം എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടിയില്ലേ? ഓരോരുത്തർക്കും അവരവരുടേതായ അറിവുകളും കഴിവുകളും ഉണ്ട്. തന്റെ കഴിവും അറിവും മാത്രം എല്ലാത്തിനും മുകളിലാണെന്ന് കരുതരുത്.

    ReplyDelete
  2. കഥ വായിക്കുക മാത്രമല്ല കേള്‍ക്കുകയും ചെയ്തൂട്ടോ... ഇഷ്ടായി

    ReplyDelete
  3. കുഞ്ഞുങ്ങള്‍ക്കൊരു നല്ല കഥ

    ReplyDelete
  4. അവതരണം നന്നായിരിക്കുന്നു.

    ReplyDelete
  5. കുഞ്ഞുന്നാളില്‍ അമ്മ പറഞ്ഞു തന്ന കഥ.
    വീണ്ടും ഓര്‍മ്മിപ്പിച്ചതില്‍ നന്ദിയുണ്ട്.

    ReplyDelete
  6. ഇഷ്ട്ടായി. കുട്ടികള്‍ക്കു മാത്രമല്ല, നമുക്കിടയിലെ ചില “അമ്പട ഞാനേ” കള്‍ക്കും ഈപാഠം ഗുണം ചെയ്യട്ടെ..!
    ആശംസകളോടെ...പുലരി

    ReplyDelete
  7. കഥ നന്നായി കേട്ടോ.. പിന്നെ ഇതൊരു കുട്ടിക്കഥ അല്ലല്ലോ... വലിയവര്‍ക്കും തീര്‍ത്തും ആവശ്യമുള്ള ഒരു ഓര്‍മ്മപ്പെടുത്തലല്ലേ ഇത്.. ?

    ReplyDelete
  8. നല്ല കഥ..ആശംസകൾ..

    ReplyDelete
  9. നല്ല കഥകള്‍

    ReplyDelete
  10. നല്ല കഥകള്‍

    ReplyDelete