Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, May 1, 2014

വവ്വാലിന്റെ അവസരവാദം

സ്നേഹമുള്ള കുഞ്ഞുങ്ങളേ,
       ഇന്ന്  നമുക്ക് വവ്വാലിന്റെ (വാവൽ) കഥ കേൾക്കാം.  അവസരവാദികൾ എന്നും സമൂഹത്തിൽ ഒറ്റപ്പെടുന്നതെങ്ങനെയെന്ന് ഈ കഥ നമുക്ക  പറഞ്ഞു തരും.
       പണ്ടു പണ്ടു പണ്ട് ഒരിക്കൽ പക്ഷികളും മൃഗങ്ങളും തമ്മിൽ അതിഘോരമായ ശത്രുത നിലനിന്നു.  വാക്കുതർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പലപ്പോഴും പൊരിഞ്ഞ അടിയിൽ കലാശിച്ചിരുന്നു.  പക്ഷികളും മൃഗങ്ങളും ഒന്നടങ്കം രണ്ടു ചേരിയിലായി നിലകൊണ്ടു.  പക്ഷേ വാവൻ മാത്രം ഏതു ചേരിയിൽ ചേരണമെന്ന് തീരുമാനിക്കാതെ നിന്നു.  താൻ മുട്ടയിടാത്തതിനാൽ പക്ഷിയല്ലല്ലോ, പക്ഷേ പറക്കാൻ കഴിയുന്നതുകൊണ്ട് മൃഗവുമല്ല.  ഏതായാലും ജയിക്കുന്നവന്റെ പക്ഷത്തു തന്നെ നിൽക്കാം എന്നവർ തീരുമാനിച്ചു.   ഒരു ഘട്ടത്തിൽ കഴുകനും പരുന്തും ഒട്ടകപ്പക്ഷിയും ഒക്കെ അതിശക്തരായി വന്നപ്പോൾ പക്ഷികളുടെ പക്ഷത്ത് വിജയം മണത്തു.  അപ്പോൾ വവ്വാൽ പക്ഷികൾക്കൊപ്പം കൂടി നിന്ന് അവർക്കുവേണ്ടി ജയ് വിളിച്ചു. പറക്കാൻ കഴിവുള്ള തങ്ങൾ പക്ഷി കുടുംബത്തിലെ അംഗങ്ങളാണെന്ന് പ്രഖ്യാപിച്ചു.  കുറച്ചു നാൾ കഴിഞ്ഞപ്പോൾ കഥ മാറി.   പുള്ളിപ്പുലിയും കരടിയും മറ്റും സജീവമായതോടെ വിജയം മൃഗങ്ങളുടെ പക്ഷത്തായി.  വവ്വാൽ പതുക്കെ മൃഗങ്ങളുടെ പക്ഷം ചേർന്നു. ഇതിനെ ചോദ്യം ചെയ്ത പക്ഷികളോട് താൻ മുട്ടയിടാത്ത ജീവിയായതിനാൽ പക്ഷികൾക്കൊപ്പം കൂടില്ലെന്നു പറഞ്ഞു. 
       കാലം കുറെ കടന്നു പോയി.  ഇരുപക്ഷത്തെയും കാരണവന്മാർ ചിന്തിച്ചു, ‘ഇങ്ങനെ പോയാൻ നമുക്ക് തമ്മിൽ തല്ലാനേ സമയമുണ്ടാകൂ.  അത് ഇരുപക്ഷത്തെയും നശിപ്പിക്കുക തന്നെ ചെയ്യും.  ഇതിൻ ഒരു അറുതി വരുത്തണമല്ലോ’ 
       ഒരുപാട് കൂടിയാലോചനകൾക്കു ശേഷം അവർ തമ്മിൽ  സമാധാന കരാറിലെത്തി.  പരസ്പരം സഹകരിച്ച് പൊതു ശത്രുക്കളെ നേരിടാൻ ഉറച്ചു.  അവർ വളരെ സന്തോഷത്തോടെ ഇത് ആഘോഷിച്ചു.  അപ്പോഴാണ് അവർ വവ്വാലിനെ കുറിച്ചോർത്തത്. അവസരവാദിയായി രണ്ടു പക്ഷത്തും  മാറി മാറി നിന്ന വവ്വാലിനെ തങ്ങൾ ഒപ്പം കൂട്ടില്ലെന്നു തന്നെ നിശ്ചയിച്ചു. വവ്വാലിനെ പക്ഷിയായും മൃഗമായും പരിഗണിക്കേണ്ടെന്നും അവരുമായി ഒരു തരത്തിലുമുള്ള സഹകരണം വേണ്ടെന്നും  തീരുമാനിച്ചു.
       അന്നു മുതൽ വവ്വാലുകൾ മറ്റ് പക്ഷിമൃഗാദികളിൽ നിന്ന് ഒറ്റപ്പെട്ട് ഗുഹകൾക്കുള്ളിലും ഒറ്റപ്പെട്ട ഇരുട്ട് പ്രദേശത്തും വാസം തുടങ്ങി. പകൽ ഉണർന്നിരിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികളെയും മൃഗങ്ങളെയും ഭയന്ന്  പകലൊന്നും അവർ പുറത്തു വന്നില്ല.  എന്നാൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന ജന്തുക്കളെ ഭയന്ന് രാത്രിയും പുറത്തിറങ്ങാനായില്ല.  അങ്ങനെയാണ് അവർ സന്ധ്യാ സമയത്ത് മാത്രം പുറത്തിറങ്ങാൻ തുടങ്ങിയത്.  അപ്പോൾ പകൽ ഉണർന്നിരിക്കുന്ന പക്ഷിമൃഗാദികൾ കൂടണയുകയും രാത്രിയാത്രക്കാൻ പുറത്തിറങ്ങുന്നതിനു മുൻപുമുള്ള സമയമാണല്ലോ.
       ഈ കുഞ്ഞു കഥ എന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമായോ? കേവലം ഒരു കഥയെക്കാൾ ഇതിലെ സന്ദേശം ശ്രദ്ധിക്കൂ.  നല്ലകാലത്തു മാത്രം കൂടെ വരുന്ന സുഹൃത്തുക്കളെ ആരും കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്നില്ല.  സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ കൂടെയുള്ളവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.  തന്റെ സ്വാർത്ഥലാഭത്തിനു വേണ്ടി അപ്പപ്പോൾ, തരാതരം പോലെ നിലപാട് പാറ്റുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.  
http://sampadyappetty.blogspot.in/
25847/108

7 comments:

  1. ഈ കുഞ്ഞു കഥ എന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമായോ? കേവലം ഒരു കഥയെക്കാൾ ഇതിലെ സന്ദേശം ശ്രദ്ധിക്കൂ. നല്ലകാലത്തു മാത്രം കൂടെ വരുന്ന സുഹൃത്തുക്കളെ ആരും കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്നില്ല. സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ കൂടെയുള്ളവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. തന്റെ സ്വാർത്ഥലാഭത്തിനു വേണ്ടി അപ്പപ്പോൾ, തരാതരം പോലെ നിലപാട് പാറ്റുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

    ReplyDelete
  2. നല്ല കഥ, എനിയ്ക്കിഷ്ടമായി!!!!!

    ReplyDelete
  3. രാതരം പോലെ നിലപാട് മാറ്റുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

    ReplyDelete
  4. രാതരം പോലെ നിലപാട് മാറ്റുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

    ReplyDelete
  5. കഥകൾ അനേകമായി. ഇനി ഒരു ബാലകൃതി ആയിക്കൂടെ ?

    ReplyDelete
  6. It's a question Mr. Zubair Sadiq.We are (Krithi books) ready to publish...
    We are ready to listening your kilukkam Usha.

    ReplyDelete
  7. കുട്ട്യോള്‍ക്കിഷ്ടംപോലെ കഥകള്‍ വരട്ടെ ഇനിയും!

    ReplyDelete