Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, December 30, 2015

കഴുതയെ ചുമന്ന വ്യാപാരി        പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,  വളരെ നാളായി നമ്മൾ കണ്ടിട്ട് അല്ലേ….. ചില തിരക്കുകളൊക്കെ ആയിപ്പോയി…. നമുക്ക് വീണ്ടും കഥകൾ പറഞ്ഞു തുടങ്ങാം അല്ലേ…. ഇത്തവണ കഴുതയെ ചുമന്ന ഒരു വ്യാപാരിയുടെ കഥ കേൾക്കാം, ട്ടോ….
          തൃക്കുന്നത്തുനാട്ടിലെ വ്യാപാരിയായിരുന്നു ബലരാമൻ.  ഒരു ദിവസം അദ്ദേഹം തന്റെ ഒരു കഴുതയെ വിൽക്കാനായി അടുത്ത ഗ്രാമത്തിലെ ചന്തയിലേയ്ക്ക് പുറപ്പെട്ടു.  പുറപ്പെടാനൊരുങ്ങിയപ്പോൾ പത്താം തരത്തിൽ പഠിക്കുന്ന ചെറുമകൻ കുട്ടനും മുത്തശ്ശനൊപ്പം കൂടി.  അവർ കഴുതയെയും തെളിച്ചുകൊണ്ട് അങ്ങനെ നടന്നു നീങ്ങി.
          കുറെ ദൂരം എത്തിയപ്പോൾ അലസന്മാരായ ഏതാനും യുവാക്കൾ വഴിയരികിലെ കലുങ്കിൽ ഇരിക്കുന്നു…. എന്തിനെയും ഏതിനെയും ആവശ്യമില്ലാതെ കളിയാക്കുകയും വിമർശിക്കുകയുമാണ് ഇവന്മാരുടെ വിനോദം.  കഴുതയെയും തെളിച്ച് വരുന്ന മുത്തശ്ശനെയും കുട്ടനെയും കണ്ട് അതിലൊരുവൻ പറാഞ്ഞു, “കഷ്ടം തന്നെ, ഈ പാവം പയ്യനെ  ഇങ്ങനെ നടത്തിക്കണോ?  ഇയാൾക്ക് അവനെ ആ കഴുതപ്പുറത്ത് കയറ്റിക്കൂടേ? ഇങ്ങനെ വെയിലത്ത് ഈ കൊച്ചനെ നടത്തിക്കണോ?”  ഇത് കേട്ട് കൂടിയുരുന്ന മറ്റുള്ളവരും ഈ അഭിപ്രായത്തെ ശരിവച്ചു.  അവർ പരിഹാസരൂപേണ ബലരാമനെയും കുട്ടനെയും നോക്കി ചിരിച്ചു…
          തെല്ല് സങ്കോചം തോന്നിയെങ്കിലും അവരുടെ അഭിപ്രായത്തിൽ കഴമ്പുണ്ടെന്നു തോന്നി. അദ്ദേഹം കുട്ടനെ കഴുതപ്പുറത്ത് കയറ്റി, അതിന്റെ പിന്നാലെ നടന്നു. 
          കുറേ ദൂരം പിന്നിട്ടപ്പോൾ പ്രായമായ രണ്ട് പുരുഷന്മാർ എതിരെ വന്നു.  വൃദ്ധനായ ബലരാമൻ വെയിലത്ത് നടന്നു വരുന്നതും, കഴുതപ്പുറത്ത് കുട്ടൻ ‘സുഖമായി’ സഞ്ചരിക്കുന്നതും കണ്ട് അവർ പരസ്പരം പറഞ്ഞു, “കണ്ടില്ലേ, ഇക്കാലത്ത് ചെറുപ്പക്കാർക്ക് പ്രായമായവരെ  ഒരു ബഹുമാനവുമില്ല.  ആ പയ്യന് താഴെയിറങ്ങി, ആ പാവം  വൃദ്ധനെ കഴുതപ്പുറത്തിരുത്തിക്കൂടേ?” ബലരാമന് ഈ അഭിപ്രായവും ശരിയാണെന്ന് തോന്നി.  കുട്ടനെ താഴെയിറക്കി അദ്ദേഹം കഴുതപ്പുറത്തു കയറി യാത്ര തുടങ്ങി. കുട്ടൻ അതിനൊപ്പം നടന്നു.
          വഴിയരികിൽ ഒരു  ചെറിയ ചന്തയ്ക്കു മുന്നിലെത്തി…. അവിടെ മത്സ്യം വിറ്റുകൊണ്ടിരുന്ന സ്ത്രീകൾ ഈ വരവു കണ്ട് പരസ്പരം നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നു.  ബലരാമന് ജാള്യത തോന്നി… അദ്ദേഹം അവരോടു തന്നെ കാര്യം തിരക്കി.  അതിലൊരുവൾ പറഞ്ഞു, “അല്ലേ, ഇതെന്നാ പരിപാടിയാ അമ്മാവാ…. ആ പാവം കുഞ്ഞിനെ ഇങ്ങനെ വെയിലത്ത് നടത്തിയേച്ച് നിങ്ങള് സുഖിച്ച് പോകുവാന്നോ?…. അവന്റെ കുഞ്ഞു കാലുകള് വെയിലിൽ പൊള്ളത്തില്ലിയോ? നല്ല കൂത്തായി…” കൂട്ടത്തിലൊരുവൾ താടിയ്ക്ക് കൈയ്യും കൊടുത്ത് മറ്റുള്ളവർക്കു നേരെ നോക്കി…. കൂട്ടത്തിലുള്ള മറ്റു സ്ത്രീകളും അവരുടെ അഭിപ്രായത്തെ പിന്താങ്ങി.
          ഈ അഭിപ്രായവും ശരിയാണെന്ന് തോന്നിയ ബലരാമൻ, ഇനിയുമൊരു ഏടാകൂടത്തിനും പോകേണ്ടെന്നു കരുതി കുട്ടനെയും കൂടി കഴുതപ്പുറത്തു കയറ്റി….. അങ്ങനെ രണ്ടുപേരും ഒരുമിച്ച് കഴുപ്പുറത്ത് കയറി യാത്ര തുടർന്നു. 

          കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ കാളവണ്ടിയും തെളിച്ചുകൊണ്ട് കുമാരപിള്ള വരുന്നു…… “എന്താ ബലരാമൻ മുതലാളീ….. നിങ്ങൾ രണ്ടു പേരും  കൂടി ആ പാവം കഴുതയെ ഇങ്ങനെ കൊല്ലാനാണോ ഭാവം?  ഈ വയസൻ കഴുതയ്ക്ക് നിങ്ങളുടെ ഭാരം താങ്ങാനാവുമോ?..... കഷ്ടം!!!!  നിങ്ങൾക്കുവേണ്ടി ഇത്രയും നാൾ ഭാരം ചുമന്നു വയ്യാതായ ആ പാവത്തിനെ ഇനിയെങ്കിലും കുറച്ചു ദൂരം നിങ്ങൾക്ക് ചുമക്കരുതോ?”  ഇത്രേം പറഞ്ഞുകൊണ്ട് കുമാരപിള്ള കടന്നുപോയി.
          കുമാരപിള്ള പറഞ്ഞതിലും കാര്യമുണ്ടെന്ന് ശുദ്ധഗതിക്കാരനായ ബലരാമനു തോന്നി.  ഉടൻ തന്നെ ബലരാമനും കുട്ടനും കഴുതയുടെ പുറത്തു നിന്നും താഴെ ഇറങ്ങി.  അടുത്തു കണ്ട വിറകു കടയിൽ നിന്ന് ഒരു നല്ല മുളവടിയും കുറച്ച് കയറും വാങ്ങി….. കഴുതയുടെ കാലുകൾ ബന്ധിച്ച്, അതിന്റെ തലകീഴായി മുളവടിയിൽ തൂക്കി, ഒരറ്റം ബലരാമനും മറ്റേ അറ്റം കുട്ടനും തോളിൽ തൂക്കി നടക്കാനാരംഭിച്ചു. വഴിയിൽ പലരും കൗതുകത്തോടെ ഈ കാഴ്ച കണ്ട് മൂക്കത്ത് വിരൽ വച്ചു…. മൈതാനത്ത് പന്ത് കളിച്ചു കൊണ്ടു നിന്നിരുന്ന പിള്ളേർ കൂട്ടമായി ഇവർക്കു പിന്നാലെ കൂടി. 
ചന്തയ്ക്ക് എത്തുന്ന വഴിയിൽ അവർക്ക് ഒരു പുഴയുടെ മുകളിലുള്ള ചെറിയ പാലം കടക്കേണ്ടതായി വന്നു.  കഴുതയെയും ചുമന്ന്  പാലം കടക്കുന്ന ഇവരെ കാണാൻ പിന്നെയും ആളുകൾ കൂടി…. ആകെ ബഹളമായി….. ആളുകളുടെ ബഹളം കാരണം പാവം കഴുത പേടിച്ചു… അത് കൈകാലിട്ടടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു… നിലതെറ്റിയ ബലരാമനും കുട്ടനും കഴുതയ്ക്കൊപ്പം വെള്ളത്തിൽ വീണു…. ബൽരാമന് എത്തിപ്പിടിക്കാൻ പറ്റും മുൻപ് കഴുത വെള്ളത്തിലേയ്ക്ക് ആഴ്ന്നു പോയി.   ബലരാമനും കുട്ടനും വളരെ കഷ്ടപ്പെട്ട് ഒരുവിധം കരപറ്റി…..  വിൽക്കാൻ കൊണ്ടുപോയ കഴുതയെ നഷ്ടപ്പെട്ടതും നാട്ടുകാരുടെ പരിഹാസവും കാരണം വളരെ ദുഃഖത്തോടെയും നിരാശയോടെയും കൂടി വീട്ടിലേയ്ക്ക് മടങ്ങി….
          ഈ കഥയിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി…?  മറ്റുള്ളവരുടെ നിരർത്ഥകമായ അഭിപ്രായങ്ങൾ, ഒട്ടും ആലോചിക്കാതെ പരിഗണിച്ചാൽ പലപ്പോഴും നാം അബദ്ധങ്ങളിൽ ചെന്നു ചാടും…. അല്ലേ?
  എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ…
         ഈ കഴുതച്ചാരെക്കുറിച്ച് കൂടുതലറിയാൻ ദേ ഈ സമ്പാദ്യപ്പെട്ടിയൊന്ന് തുറന്ന് നോക്കിക്കേ...
http://sampadyappetty.blogspot.in/2010/09/blog-post_30.html
 

10 comments:

 1. ഈ കഥയിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾക്ക് എന്തു മനസ്സിലായി…? മറ്റുള്ളവരുടെ നിരർത്ഥകമായ അഭിപ്രായങ്ങൾ, ഒട്ടും ആലോചിക്കാതെ പരിഗണിച്ചാൽ പലപ്പോഴും നാം അബദ്ധങ്ങളിൽ ചെന്നു ചാടും…. അല്ലേ?
  എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ…

  ReplyDelete
 2. ഇത്തരം കഥകള്‍ ഇങ്ങനെ ബൂലോകത്ത് വീണ്ടും കാണാന്‍ കഴിയുന്നതു തന്നെ സന്തോഷകരം, ചേച്ചീ...

  പുതുവത്സരാശംസകള്‍!

  ReplyDelete
  Replies
  1. എന്റെ കഥപെട്ടിയിൽ വന്നതിനു നന്ദി.കഴിഞ്ഞ കുറേ നാളായി ബൂലോകത്തിലോ വായനാ ലോകത്തോ വന്നിരുന്നില്ല ഞാൻ.തിരികെ വരണം എന്നു തോന്നിയപ്പോൾ ആദ്യം വന്നെത്തിയത് എന്റെ കഥപെട്ടിയിൽ ആണ്. ആരും വരുമെന്നോ വായിക്കുമെന്നോ കരുതിയില്ല.ബൂലോകത്തിലേക്ക് തിരിച്ചു വരുന്നതിന്. എനിക്കായി ഒരു കൈ നീട്ടിയതിന് നന്ദി. പുതുവൽസര ആശംസകൾ........

   Delete
 3. ബലരാമൻ എം.എൽ.ഏ ആണെന്ന് കരുതിയാ വായന തുടങ്ങിയത്‌.


  കുട്ടിക്കഥ നന്നായിട്ടുണ്ട്‌.

  പുതുവത്സരാശംസകൾ!!!!

  ReplyDelete
  Replies
  1. എന്റെ കഥപെട്ടിയിൽ വന്നതിനു നന്ദി.കഴിഞ്ഞ കുറേ നാളായി ബൂലോകത്തിലോ വായനാ ലോകത്തോ വന്നിരുന്നില്ല ഞാൻ.തിരികെ വരണം എന്നു തോന്നിയപ്പോൾ ആദ്യം വന്നെത്തിയത് എന്റെ കഥപെട്ടിയിൽ ആണ്. ആരും വരുമെന്നോ വായിക്കുമെന്നോ കരുതിയില്ല.ബൂലോകത്തിലേക്ക് തിരിച്ചു വരുന്നതിന്. എനിക്കായി ഒരു കൈ നീട്ടിയതിന് നന്ദി. പുതുവൽസര ആശംസകൾ........

   Delete
 4. വലിയ ഒരു ഇടവേളയായിപ്പോയല്ലോ ഉഷാമ്മേ.....

  ReplyDelete
  Replies
  1. ബൂലോകത്തിലേക്ക് തിരിച്ചു വരുന്നതിന്, എനിക്കായി ഒരു കൈ നീട്ടിയതിന് നന്ദി. പുതുവൽസര ആശംസകൾ........

   Delete
 5. കഥപ്പെട്ടി വീണ്ടും തുറന്നൂലോ... ഹായ്! നന്നായിട്ടോ..

  ReplyDelete
 6. കഥപെട്ടി തുറന്നു. കഥകേട്ടുണര്‍ന്നു.. പുതുവത്സരം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ. എലാ കുഞ്ഞു കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍ ഒപ്പം പ്രീയപ്പെട്ട കിലുക്കാം പെട്ടി ചേച്ചിക്കും..

  ReplyDelete
 7. ഉഷേച്ചീ, എത്ര കാലായി കണ്ടിട്ട്‌ !!
  ബ്ലോഗിന്‌ വീണ്ടും ജീവന്‍ കൊടുത്തതില്‍ വളരെ വളരെ സന്തോഷം.
  നല്ല വര്‍ഷം ഇവിടെ തുടങ്ങട്ടെ.

  ReplyDelete