Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, June 1, 2011

കിണറ്റിലെ സിംഹം

 
           കുഞ്ഞുങ്ങളേ, അവധിക്കാലമൊക്കെ കഴിഞ്ഞ് സ്ക്കൂളില്‍ പോകാന്‍ റെഡിയായോ എല്ലാപേരും? അവധിക്കാലത്ത് പുതിയ പുതിയ കളികളും കഥകളും ഒക്കെ പഠിച്ചില്ലേ. ഇനി പുതിയ പുസ്തകങ്ങളും കുപ്പായങ്ങളും ഒക്കെയായി ‘ഇത്തിരിക്കൂടി വലിയ’ ക്ലാസ്സില്‍ പോകാനുള്ള ആവേശത്തിലാണല്ലേ എല്ലാപേരും. കുറച്ചു പുതിയ കൂട്ടുകാരെയും കിട്ടുമല്ലോ.
              ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാനായ ഒരു മുയലിന്റെ കഥ പറഞ്ഞുതരാം, കേട്ടോ. മുയലിന്റെ ബുദ്ധിശക്തിയെക്കുറിച്ച് മുന്‍പും കഥകള്‍ കേട്ടിട്ടില്ലേ.
         ഒരിടത്തൊരിടത്ത് ഒരു കാട്ടില്‍ മൃഗങ്ങളൊക്കെ വലിയ സ്നേഹത്തോടും സന്തോഷത്തോടും കൂടി കഴിഞ്ഞിരുന്നു. കരടിച്ചേട്ടനായിരുന്നു അവരുടെ കാരണവര്‍ . ആരും പരസ്പരം ഉപദ്രവിക്കാതെയും, ശല്യപ്പെടുത്താതെയും വളരെ സമാധാനത്തിലായിരുന്നു കഴിഞ്ഞുപോന്നത്. എന്ത് തര്‍ക്കമുണ്ടായാലും കരടിച്ചേട്ടന്റെ വാക്ക് ആയിരുന്നു അവസാന വാക്ക്.
       അങ്ങനെയിരുന്നപ്പോള്‍ എവിടുന്നോ ഒരു സിംഹം അവിടെയെത്തി. വളരെ ശക്തിമാനും ഒപ്പം ക്രൂരനുമായിരുന്നു ആ സിംഹം. ആ കാട്ടിലെ സമാധാനം തകരാന്‍ വേറൊന്നും വേണ്ടായിരുന്നു. അവന്‍ മറ്റു മൃഗങ്ങളേ ക്രൂരമായി വേട്ടയാടാന്‍ തുടങ്ങി. എന്നും കുശാലായി വയറു നിറയ്ക്കാന്‍ അവന്‍ ഒന്നിലേറെ മൃഗങ്ങളെ കൊന്നു തിന്നു.
             മൃഗങ്ങളാകെ ആശങ്കാകുലരായി. എല്ലാപേരും പ്രാണഭയത്താല്‍ നെട്ടോട്ടമായി. എന്നാണ് തങ്ങളെ ആ സിംഹം ഇരയാക്കുക എന്ന് അവരൊക്കെ ഭയപ്പെട്ടു. മാത്രമല്ല ഇങ്ങനെ പോയാല്‍ താമസിയാതെ ഈ കാട്ടിലുള്ള മൃഗങ്ങളാകെ ഇല്ലാതാവും. ഇന്നിതാ കരടിച്ചേട്ടന്‍ ഇല്ലാതിരുന്ന നേരത്ത് കരടിച്ചേട്ടന്റെ ഗുഹയും അവന്‍ കൈയ്യേറി.
                ഇതിന് എന്തെങ്കിലും പരിഹാരം കണ്ടേ തീരൂ. പക്ഷേ ദുര്‍ബ്ബലരായ അവര്‍ക്ക് ഒരു വഴിയും കിട്ടിയില്ല. അവരെല്ലാം കരടിച്ചേട്ടന്റെ മുന്നില്‍ ഒത്തുകൂടി. പലരും പല വഴികളും മുന്നോട്ട് വച്ചു. അതില്‍ പലതും പ്രായോഗികമല്ലായിരുന്നു. സിംഹത്തെ കൂട്ടത്തോടെ ആക്രമിക്കാമെന്ന് കുറുക്കന്‍ പറഞ്ഞു. മന്ത്രവാദം ചെയ്ത് ഓടിക്കാമെന്ന് മൂങ്ങ പറഞ്ഞു. ഇവനെക്കാള്‍ ശക്തനായ വേറൊരു സിംഹത്തെ കൊണ്ടുവരാമെന്ന് കഴുതയും പറഞ്ഞു. പക്ഷേ അതൊക്കെ വിപരീതഫലമേ ഉണ്ടാക്കൂ എന്ന് കരടിച്ചേട്ടന്‍ പറഞ്ഞു.
               അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി. സിംഹവുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുക. എല്ലാ ദിവസവും തങ്ങളില്‍ നിന്ന് ഒരാളെ വീതം നറുക്കിട്ടെടുത്ത് സിംഹത്തിന് ആഹാരമായി എത്തിക്കുക. പലര്‍ക്കും അതിനോട് യോജിപ്പുണ്ടായില്ല, പക്ഷേ വേറെ ഒരു വഴിയും ഇല്ലാതിരുന്നത് കൊണ്ട് മനസ്സില്ലാമനസ്സോടെ സമ്മതിച്ചെന്നെയുള്ളൂ. പക്ഷേ ചെറുപ്പക്കാരായ മുയലിനും മറ്റും അത് അത്ര പിടിച്ചില്ല. അവര്‍ പ്രതിഷേധം ഉള്ളിലൊതുക്കി. കരടിച്ചേട്ടന്റെ നേതൃത്വത്തില്‍ കുറച്ച് മുതിര്‍ന്ന മൃഗങ്ങള്‍ പേടിച്ചു പേടിച്ചാണെങ്കിലും സിംഹത്തിന്റെ മുന്നിലെത്തി കാര്യം അവതരിപ്പിച്ചു. ആദ്യമൊന്നും സമ്മതിക്കാതിരുന്ന സിംഹം, മെയ്യനങ്ങാതെ ശാപ്പാട് നടക്കുമെന്നുറപ്പായപ്പോള്‍ സമ്മതിച്ചു.
                  അന്നു മുതല്‍ നറുക്കിട്ടെടുത്ത് ഓരോ ദിവസം ഓരോരുത്തര്‍ സിംഹത്തിന് ഇരയായി അവന്റെ ഗുഹയിലെത്തി. അവരുടെ കുടുംബങ്ങളില്‍ ഇത് വലിയ സങ്കടമുണ്ടാക്കി. അങ്ങനെ, ഒരു ദിവസം നമ്മുടെ മുയലിന്റെ ഊഴം വന്നെത്തി. ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ അവന്‍ ചിലതൊക്കെ ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. എല്ലാപേരും സങ്കടത്തോടെ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ അവന്‍ സന്തോഷത്തോടെ അവരെ കൈവീശിക്കാണിച്ച്, ‘നാളെ രാവിലെ കാണാം‘ എന്നൊക്കെ പറഞ്ഞ് യാത്രയായി.
                     അന്ന് നല്ല നിലാവുള്ള ദിവസമായിരുന്നു. മുയല്‍ മനഃപ്പൂര്‍വ്വം അല്‍പ്പം വൈകിത്തന്നെ സിംഹത്തിന്റെ മുന്നിലെത്തി. വിശന്ന് തുടങ്ങിയ സിംഹം കോപത്തോടെ അവന്റെ നേരെ ചാടിയടുത്തു. “എന്താടാ ഇത്ര താമസിച്ചത്?” സിംഹം അലറി. മുയല്‍ സംയമനം വിടാതെ ഒഴിഞ്ഞുമാറി പെട്ടെന്നു തന്നെ ഇത്രയും പറഞ്ഞു, “മഹാരാജന്‍ , ക്ഷമിക്കണം, ഞാന്‍ വളരെ നേരത്തെ തന്നെ ഇറങ്ങിയതാണ്‍. വഴിക്ക് വച്ച് ഒരു വലിയ സിംഹം എന്നെ ഓടിച്ചു. ഞാന്‍ അങ്ങയുടെ ഭക്ഷണമാകാന്‍ വേണ്ടി പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ആ സിംഹം കോപത്തോടെ അലറി. അങ്ങ് എന്നെ തിന്ന് കഴിഞ്ഞ് അവന്‍ അങ്ങയെ കൊന്നു തിന്നുമെന്ന് ഭീഷണിപ്പെടുത്തി”
               “എന്റെ രാജ്യത്ത് എന്നെ വെല്ലുവിളിക്കാന്‍ വേറൊരുത്തനോ?” സിംഹം കോപം കൊണ്ട് വിറച്ചു. “എവിടെ ആ ധിക്കാരി? ഇന്ന് ആദ്യം അവന്റെ കഥ തന്നെ കഴിക്കാം, എന്നിട്ടാകാം നിന്നെ. വേഗം എനിക്ക് അവനെ കാണിച്ചു താ..”
               തന്റെ ബുദ്ധി ഫലിക്കുന്നുണ്ടെന്ന് മുയലിനു തോന്നി. അവന്‍ ഭയം അഭിനയിച്ചു കൊണ്ട് പറഞ്ഞു. “മഹാരാജന്‍ , അങ്ങ് എന്നോടൊപ്പം വന്നാലും, ഞാന്‍ കാണിച്ചു തരാം.”
                കോപത്താല്‍ വിറച്ചുകൊണ്ട് നിന്ന സിംഹം മുയലിന് പിന്നാലെ പോയി. മുയല്‍ നേരെ പോയത് ആഞ്ഞിലിമരത്തിനു കിഴക്കുള്ള പൊട്ടക്കിണറിന്റെ അടുത്തേക്കായിരുന്നു. ആ കിണറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് മുയല്‍ പറഞ്ഞു, “ മഹാരാജന്‍ , ഇതാണ് അവന്റെ താവളം. അവന്‍ ഇതിനകത്തുണ്ട്.”
            സിംഹം കിണറിനടുത്ത് ചെന്ന് അതിനുള്ളിലേക്ക് എത്തി നോക്കി. നല്ല നിലാവുണ്ടായിരുന്നതു കൊണ്ട് അവന്‍ അവന്റെ പ്രതിബിംബം തന്നെ കിണറിനുള്ളില്‍ കണ്ടു. മറ്റൊരു സിംഹം തന്നെത്തന്നെ തുറിച്ച് നോക്കുന്നതായി അവന് തോന്നി. ദേഷ്യം സഹിക്കാതെ അവന്‍ അലറി...... ഒപ്പം കിണറിനുള്ളിലെ സിംഹവും അലറുന്നതായി അവന് തോന്നി. ആഹാ, അത്രക്കായോ, അവനെ വകവരുത്തിയിട്ടുതന്നെ കാര്യം! കോപം കൊണ്ട് മുന്‍പിന്‍ നോക്കാതെ സിംഹം കിണറിലേക്ക് ഒറ്റച്ചാട്ടം. നല്ല ആഴവും ഒരുപാട് വെള്ളവും ഉണ്ടായിരുന്ന കിണറില്‍ വീണ സിംഹം വെപ്രാളത്തോടെ കൈകാലിട്ടടിച്ചു. കുറേ വെള്ളംകുടിച്ച് അവന്‍ അവിടെക്കിടന്നുതന്നെ ചത്തു.
                വിജയശ്രീലാളിതനായി മുയല്‍ തിരികെ വീട്ടിലെത്തി. നടന്ന കാര്യമൊക്കെ എല്ലാപേരെയും പറഞ്ഞു കേള്‍പ്പിച്ചു. എല്ലാപേര്‍ക്കും സന്തോഷമായി. പിന്നെയും ആ കാട്ടില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ മടങ്ങി വന്നു.
തക്കസമയത്ത് തോന്നുന്ന ബുദ്ധി, ഏത് ശക്തിമാനെയും വീഴ്ത്തും.
കഥ ഇഷ്ടമായോ കുഞ്ഞുങ്ങളേ.......
                 ഇനി ഈ മുയലിനെക്കുറിച്ച് കൂടുതലറിയാന്‍ ദേ ഇവിടെയും സിംഹത്തിനെക്കുറിച്ച് അറിയാന്‍ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ.....

Sunday, May 1, 2011

ആമയും മുയലും

 ആമയും മുയലും
           എന്റെ കുഞ്ഞുമക്കള്‍ക്ക് ഇന്ന് പറഞ്ഞുതരാന്‍ പോകുന്നത് ആമയും മുയലും തമ്മില്‍ ഓട്ടപ്പന്തയം വച്ച കഥയാണ്. മുതിര്‍ന്ന കുഞ്ഞുങ്ങള്‍ എല്ലാം ഈ കഥ പല ആവര്‍ത്തി കേട്ടിട്ടുണ്ടാവും.
             കരിമലക്കാട്ടിലെ വലിയ ചങ്ങാതിമാരായിരുന്നു ആമയും മുയലും. എപ്പോഴും കളിയും ചിരിയുമായി അവര്‍ കാട്ടില്‍ ഓടിച്ചാടി നടന്നു. മുയല്‍ തന്റെ വേഗത്തില്‍ ഓടാനുള്ള കഴിവില്‍ വളരെ അഭിമാനിയും ഒപ്പം അഹങ്കാരിയും ആയിരുന്നു. ഒരു ദിവസം അവന്‍ ആമയെ ഒരു പന്തയത്തിനു ക്ഷണിച്ചു, രാവിലെ തന്നെ ആമയുടെ അടുത്തെത്തിയ അവന്‍ പറഞ്ഞു, “ നമുക്ക് ഒരു പന്തയം വച്ചാലോ?”
        “പന്തയമോ?”, ആമ അമ്പരപ്പോടെ ചോദിച്ചു. താനും മുയലും തമ്മില്‍ പന്തയം വയ്ക്കാനുള്ള ഇനങ്ങളൊന്നുമില്ലല്ലോ.
         “അതെ, പന്തയം, എന്നോട് ഓട്ടപ്പന്തയം വയ്ക്കാമോ?” മുയല്‍ ചോദിച്ചു.
       “നിന്നോട് ഓട്ടപ്പന്തയമോ?, എനിക്ക് വയ്യ.... ഞാന്‍ എന്തായാലും തോല്‍ക്കും”, ആമ പറഞ്ഞൊഴിയാന്‍ നോക്കി
       “വിഡ്ഢീ, ചുണയുണ്ടെങ്കില്‍ ആണുങ്ങളെപ്പോലെ മത്സരിക്കാന്‍ വാ, തോറ്റാലും മത്സരിച്ചല്ല്ല്ല്ലേ തോല്‍ക്കുന്നത്.” മുയല്‍ വിടാന്‍ ഭാവമില്ല.
        ഒടുവില്‍ ആമ സമ്മതിച്ചു. തോറ്റാലും ഒരു കൈ നോക്കിയിട്ട് തന്നെ. അടുത്ത ഞായറാഴ്ച്ച രാവിലെ മത്സരം ഉറപ്പിച്ചു. ആറ്റിന്‍ കരയിലെ അത്തിമരച്ചുവട്ടില്‍ നിന്ന് കാരറ്റ് പാടവും കടന്ന് കുരങ്ങച്ചന്റെ വീട് വരെയാണ് ഓട്ടം. ആദ്യം കുരങ്ങച്ചന്റെ വീട്ടിലെത്തുന്നവര്‍ വിജയിക്കും.
            തീരുമാനിച്ച പോലെ ഞായറാഴ്ച്ച രാവിലെ തന്നെ ഇരുവരും മത്സരത്തിനു തയ്യാറായി അത്തിമരച്ചുവട്ടിലെത്തി. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ വരവരച്ച് ഇരുവരും നിന്നു. കുയിലമ്മയാണ് ഓട്ടം തുടങ്ങാനുള്ള അടയാളം നല്‍കിയത്. കുയിലമ്മ മൂന്നാമത്തെ വിസില്‍ മുഴക്കിയതും രണ്ടുപേരും ഓട്ടം തുടങ്ങി. മുയല്‍ ഒറ്റക്കുതിപ്പായിരുന്നു. ഞൊടിയിടയില്‍ അവന്‍ ആമയുടെ കണ്ണെത്താദൂരത്തെത്തിക്കഴിഞ്ഞിരുന്നു. പാവം ആമ, അവന്റെ ഭാരിച്ച ശരീരവും കൊച്ച് കൈകാലുകളും കൊണ്ട് വേഗത്തില്‍ നടന്ന് നീങ്ങാന്‍ തന്നെ അവനു പ്രയാസമായിരുന്നു. ആമ പതിയെപ്പതിയെ ഇഴഞ്ഞ് നീങ്ങി.
            ഈ സമയം മുയല്‍ വളരെദൂരം പിന്നിട്ടിരുന്നു. അവന്‍ ഓടുന്ന വഴിയിലെ കാരറ്റ് തോട്ടത്തിനടുത്തെത്തി. നിരന്ന് നില്‍ക്കുന്ന കാരറ്റ് ചെടികള്‍ കണ്ട് മുയലിന് വായില്‍ വെള്ളമൂറി. ആമ ഒരുപാട് പിന്നിലാണല്ലോ, കുറച്ച് കാരറ്റ് തിന്നിട്ട് പോകാനുള്ള സമയമുണ്ടല്ലോ. മുയലിന് കാരറ്റ് തിന്നാതെ പോകാന്‍ തോന്നിയില്ല. അവന്‍ ആര്‍ത്തിയോടു കൂടി കാരറ്റ് ചെടികള്‍ കറുമുറാ തിന്നാന്‍ തുടങ്ങി. കൊതികാരണം ഒരുപാട് തിന്ന് അവന്റെ വയര്‍ നിറഞ്ഞുവീര്‍ത്തു. വയര്‍ നിറഞ്ഞപ്പോള്‍ അവന് ഉറക്കവും വന്നു.
        ആമ ഇഴഞ്ഞിഴഞ്ഞ് എത്താന്‍ ഒരുപാട് സമയമാവും. കുറച്ച് വിശ്രമിച്ചിട്ട് പോയാലും താന്‍ തന്നെ ജയിക്കും. അവന്‍ കുറച്ച് നേരം ഒന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു. വയറ് നിറഞ്ഞിരുന്നതിനാല്‍  അറിയാതെ പെട്ടെന്ന് ഉറങ്ങിപ്പോയി.

         കുറെ സമയം കഴിഞ്ഞപ്പോള്‍ നമ്മുടെ ആമ, പതുക്കെപ്പതുക്കെ നടന്ന് നടന്ന് ആ വഴിക്കെത്തി. വഴിയരികില്‍ ഒരു കൂര്‍ക്കം വലി. അത് മുയലിന്റെതാണെന്ന് മനസ്സിലാക്കിയ ആമ ഒരു ചെറു ചിരിയോടെ നടന്നകന്നു. പതിയെപ്പതിയെ നടന്ന് നടന്ന് ആമ ലക്ഷ്യസ്ഥാനമായ കുരങ്ങച്ചന്റെ വീട്ടിനു മുന്നിലെത്തി.
     ഈ സമയം ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്ന മുയല്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. മത്സരത്തെക്കുറിച്ചവന്‍ ഓര്‍മ്മിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ആമയെ കാണാനില്ല. ആമ വളരെ പിന്നിലായിരിക്കും എന്നവന്‍ കരുതി. ഇനി ഓടിയാലും താന്‍ തന്നെ ഒന്നാമന്‍ … അവന്‍ ഒറ്റ ഓട്ടം.
          ഓടി ഓടി കുരങ്ങച്ചന്റെ വീട്ടിനു മുന്നിലെത്തിയ മുയല്‍ ഞെട്ടിപ്പോയി. അവിടെ ആമയുടെ വിജയാഘോഷം നടക്കുകയായിരുന്നു. കുരങ്ങച്ചന്‍ ആമയുടെ കൈ പിടിച്ചുയര്‍ത്തി അവന് സമ്മാനം നല്‍കുന്നു. കുയിലമ്മ നല്ല ഒരു പാട്ടും പാടുന്നു.
       ആകെ നാണം കെട്ട് വിളറി വെളുത്ത അവന്‍ നാണക്കേട് കാരണം അവിടെ നിന്നില്ല. ഒറ്റ ഓട്ടം. അവന്‍ ഓടിയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിര്‍ത്തില്ലെന്ന് കുരങ്ങച്ചനും കൂട്ടരും പിന്നീട് പറഞ്ഞ് പറഞ്ഞ് ചിരിയ്ക്കുമായിരുന്നു.
      ഈ ചെറിയ കഥയില്‍ നിന്ന് ചില ഗുണപാഠങ്ങളൊക്കെ മനസ്സിലായില്ലേ കുഞ്ഞുങ്ങളേ....
    “പയ്യെത്തിന്നാല്‍ പനയും തിന്നാം..... എത്ര കഠിനമായ കാര്യമായാലും വളരെ ക്ഷമയോടെ, അച്ചടക്കത്തോടെ ചെയ്താല്‍ നമുക്ക് നേടാവുന്നതേ ഉള്ളൂ. സ്ഥിരോത്സാഹം വിജയത്തിന്റെ ചവിട്ട് പടിയാണ്.
    “എതിരാളി ജയിക്കും മുന്‍‌പേ നമ്മള്‍ തോല്‍ക്കരുത്. വേഗത്തില്‍ ഓടാനുള്ള തന്റെ കഴിവില്ലായ്മ കരുതി മത്സരത്തില്‍ നിന്ന് ആമ പിന്‍‌മാറിയിരുന്നെങ്കില്‍ അഹങ്കാരിയായ മുയല്‍ ജയിക്കുകയും ആമ എന്നും ഒരു പരാജിതന്റെ ദുഃഖത്തില്‍ കഴിയേണ്ടിയും വന്നേനെ. മറിച്ച്, ഒന്ന് പൊരുതി നോക്കാന്‍ തന്നെ തയ്യാറായത് കൊണ്ട് ആമയ്ക്ക് വിജയിക്കാനായി.
    “ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്, അമിതമായ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറിയതു കൊണ്ടല്ലേ മുയലിന് , വേഗത്തില്‍ ഓടാനുള്ള കഴിവുണ്ടായിട്ടും പതിയെ നടക്കുന്ന ആമയോട് തോല്‍ക്കേണ്ടി വന്നത്.
      കഥയും അതിലെ ഗുണപാഠങ്ങളും എന്റെ മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ...


Thursday, April 14, 2011

വിഷു ആശംസകള്‍

എന്റെ  പ്രിയ മക്കള്‍ക്ക് വിഷു ആശംസകള്‍.........................

Friday, April 1, 2011

ആനയും തയ്യല്‍ക്കാരനും

     ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ആനക്കഥ പറഞ്ഞു തരാം, കേട്ടോ...ഒരുപക്ഷെ ഈ കഥ കേള്‍ക്കാത്ത  പണ്ടത്തെ ഒരു കുട്ടിപോലും ഉണ്ടായിരിക്കില്ല. ഇന്ന് മൃഗങ്ങളെയും . മനുഷ്യനെയും  സ്നേഹിക്കാന്‍ പണച്ചിലവുള്ള  സംഘടനകളും  ജാഥകളും ജയ്‌വിളികളും ഒക്കെ ഉണ്ടല്ലോ. എന്നാല്‍ പഴയകാലത്ത് നന്മയുള്ള കഥകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുത്ത്    അവരെ നല്ലവരായി വളര്‍ത്തി.ഇനി കഥ  കേള്‍ക്കാം അല്ലെ..   
   
നാട്ടില്‍ എല്ലാപേരുടെയും  പ്രിയങ്കരനായ  കുട്ടിഗണേശന്‍ അമ്പലത്തിലെ ആനയാണ് കേട്ടോനല്ല തലയെടുപ്പും  ഗാംഭീര്യവും  ഒക്കെയുള്ള അവന്‍ തികച്ചും  ശാന്തശീലനായിരുന്നുകൊച്ചു കുട്ടികളോടുപോലും  വലിയ ചങ്ങാത്തവുംമുതിര്‍ന്ന ആളുകള്‍ക്ക് ഒരു കുഞ്ഞിനോടെന്നപോലത്തെ വാത്സല്യം  അവനോട് ഉണ്ടായിരുന്നുഅവരില്‍ പലരും  അമ്പലത്തില്‍ വരുമ്പോള്‍ കുട്ടിഗണേശന് വേണ്ടി ഒരു ചെറിയ പഴമോ, ഒരുണ്ട ശര്‍ക്കരയോ ഒരു കരിമ്പിന്‍ കഷണമോ ഒക്കെ കൊണ്ട് കൊടുക്കുമായിരുന്നു, ഒപ്പം  അവന്റെ തുമ്പിക്കൈയ്യില്‍ ഒരു ചെറിയ തലോടലുംസന്തോഷമായില്ലേ കുട്ടിഗണേശന്, കിട്ടുന്നതിന്റെ അളവിലല്ല, തന്നെ ഒന്ന് സ്നേഹിക്കുന്നു എന്നതിനാണ് അവന് സന്തോഷം
     ഇക്കാര്യത്തില്‍ അവന് ചില ശീലങ്ങളും  ഉണ്ടായിരുന്നുദിവസവും  കുളിക്കാന്‍ പോകുന്ന വഴിക്കായിരുന്നു നാണുവാശാന്റെ തയ്യല്‍ക്കടകുളിക്കാന്‍ കടവിലേയ്ക്ക് പോകുമ്പോള്‍ ദിവസേന നാണുവാശാന്‍ അവന് ഒരു പഴം  നല്‍കുന്ന ശീലമുണ്ടായിരുന്നുആ ശീലം  എങ്ങനെ, എന്ന് തുടങ്ങിയെന്നൊന്നും  അവര്‍ക്ക് ഓര്‍മ്മയില്ല, അതൊരു ശീലമായി, അത്രതന്നെ
   
കടയുടെ പുറത്ത് കുട്ടിഗണേശന്‍ വന്ന് നിന്ന് തന്റെ തുമ്പിക്കൈ തയ്യല്‍ മെഷീന്റെ മുന്നിലിരിക്കുന്ന നാണുവാശാന്റെ മുന്നിലേയ്ക്ക് നീട്ടുംനാണുവേട്ടന്‍ ഒരു പഴവും കൊടുത്ത്  ഒപ്പം  ഒരു തഴുകലും അവന്റെ തുമ്പിക്കൈയ്യില്‍ നല്‍കുംഅവന് സന്തോഷമാവുംനാണുവാശാന്‍ തിരക്കിലാണെങ്കില്‍ ഒന്ന് കാത്തുനില്‍ക്കാനും  കുട്ടിഗണേശന്‍ തയ്യാര്‍പക്ഷേ ഒരിക്കലും  അവന് അങ്ങനെ കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല തന്നെ
    അന്നും  കുളിക്കാനായി പോകുന്ന വഴിക്ക് അവന്‍ നാണുവാശാന്റെ കടയുടെ മുന്നില്‍ നിന്നു, ഉള്ളിലേയ്ക്ക് തുമ്പിക്കൈ നീട്ടി, അവന്റെ പതിവ്  സമ്മാനത്തിനായി. അന്ന് പക്ഷേ, നാണുവേട്ടന് ഒരു കുസൃതി തോന്നിപഴം   നല്കുന്നതിനു പകരം  അയാള്‍ അവന്റെ തുമ്പിക്കൈയ്യില്‍ സൂചി കൊണ്ട് ചെറുതായി ഒരു കുത്ത് കൊടുത്തുസ്നേഹത്തോടെയുള്ള ഒരു തഴുകല്‍ പ്രതീക്ഷിച്ച കുട്ടിഗണേശന്  അത് വലിയ സങ്കടമുണ്ടാക്കിവിഷമത്തോടെ അവന്‍ തുമ്പിക്കൈ പിന്‍വലിച്ച് പാപ്പാനോടൊപ്പം  കുളിക്കടവിലേയ്ക്ക് നടന്നുകുളിക്കുമ്പോഴും  അവന് സങ്കടം  അടക്കാന്‍ കഴിഞ്ഞില്ല
   
തിരികെ വരും  വഴി അവന്‍ തന്റെ തുമ്പിക്കൈയ്യില്‍ നിറയെ വെള്ളം  എടുത്തുകൊണ്ടു വന്നുനാണുവേട്ടന്റെ തയ്യല്‍ക്കടയുടെ മുന്നില്‍ ഒന്ന് നിന്നുനാണുവേട്ടന്‍ അപ്പോഴും  അവനെ  ഒരു പരിഹാസച്ചിരിയോടെ നോക്കികുട്ടിഗണേശന്‍  തന്റെ തുമ്പിക്കൈ കടയുടെ ഉള്ളിലേയ്ക്ക് നീട്ടിവീണ്ടും  കൊതിമൂത്ത് പഴത്തിനായി തുമ്പിക്കൈ നീട്ടുകയാണെന്ന് കരുതിയ നാണുവേട്ടന്‍ ഉച്ചത്തില്‍ ഒരു പരിഹാസച്ചിരി ചിരിച്ചുഉടനെ തന്നെ, കുട്ടിഗണേശന്‍ തന്റെ തുമ്പിക്കൈയ്യില്‍ കൊണ്ടു വന്ന വെള്ളം  മുഴുവനും  നാണുവാശാന്റെ ദേഹത്തും  കടയിലെ തുണികളിലേയ്ക്കും  ചീറ്റി
   
ആകെ നനഞ്ഞുകുളിച്ച അയാള്‍ തന്റെ തെറ്റ് മനസ്സിലാക്കി തല താഴ്ത്തിയിരുന്നുഒന്നും  സംഭവിക്കാത്തതുപോലെ കുട്ടിഗണേശന്‍ നടന്നകന്നു
   
ഇതില്‍ നിന്ന് എന്റെ കുഞ്ഞുമക്കള്‍ക്ക് എന്തു മനസ്സിലായി
   
നമ്മളെപ്പോലെ തന്നെ, എല്ലാ ജീവികളും  സ്നേഹം  വളരെയേറെ വിലമതിക്കുന്നു.    ഒരു ചെറിയ പഴം  തന്റെ വിശപ്പ് തീരാന്‍ ഒരു തരത്തിലും  പര്യാപ്തമല്ല എന്നിട്ടു കൂടി എന്നും  കിട്ടുന്ന ഒരു സ്നേഹസമ്മാനമാണ് അവന്‍ പ്രതീക്ഷിച്ചത്അത് കിട്ടാതിരുന്നത് പോട്ടെ, ഒപ്പം  ഒരു ചെറിയ നോവിക്കലുംഒരു ചെറിയ സൂചികൊണ്ടുള്ള കുത്ത് അവന് ശാരീരികമായി ഒരു നോവിക്കലേ അല്ലെങ്കിലും, അവന്റെ മനസ്സ് നൊന്തു, അല്ലേ മക്കളേ... നമ്മളെപ്പോലെതന്നെ എല്ലാ ജീവികളും  സ്നേഹം  വളരെയേറെ വിലമതിക്കുന്നു..
   
ഇത്രയൊക്കെയായിട്ടും, അവന്റെ ശാരീരിക ബലത്തിനൊത്ത രീതിയിലല്ല അവന്‍ പ്രതികരിച്ചതെന്ന് ശ്രദ്ധിച്ചില്ലേ... ഒരു ചെറിയ കുസൃതിയിലൂടെ തന്റെ പരിഭവം  അറിയിച്ചു, അത്രതന്നെ.... വിവേകം  ചിലപ്പോള്‍ നമ്മള്‍ അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്ന് പഠിക്കേണ്ടിവരും
   
പിന്നെ, ഏതൊരുവനും   അക്രമം  കാണിക്കുന്നത്  മനസ്സിനെ മുറിപ്പെടുത്തുന്ന ചില അനുഭവങ്ങളില്‍ നിന്നുമാണ്. അതുപോലെ തന്നെ, നമ്മുടെ ചുറ്റുമുള്ളവരും,   അക്രമവും  കുസൃതിയും  കാണിക്കുമ്പോള്‍ അവരെ കണ്ണുമടച്ച് പഴിക്കാതെ അതിന്റെ കാരണം  കൂടി കണ്ടെത്തി തെറ്റ് തിരുത്താന്‍ ആദ്യം  ശ്രമിക്കണം
   
ഇന്നത്തെ കഥ ഇഷ്ടമായോ എന്റെ കുഞ്ഞുങ്ങള്‍ക്ക്.....
   
ഇനി നമുക്ക് കുട്ടിഗണേശന്റെ കുടുംബത്തില്‍ പെട്ട ആനകളെക്കുറിച്ച് കുറെ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിനായി ദേ ഇവിടെ ക്ലിക്ക് ചെയ്യണേ......

Tuesday, March 1, 2011

ആമയുടെ ബുദ്ധി


           ഇന്ന് എന്റെ മക്കള്‍ക്ക് ഒരു പുതിയ കഥ പറഞ്ഞു തരാം, കേട്ടോ...
        കാട്ടിലെ കൌശലക്കാരനായ ദാമുക്കുറുക്കന്‍ തന്റെ ബുദ്ധിശക്തിയില്‍ എപ്പോഴും അഹങ്കരിച്ചിരുന്നു. “ഞാനാണ് മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിമാന്‍” അവന്‍ എപ്പോഴും വീമ്പിളക്കിയിരുന്നു.
           ഒരു ദിവസം പതിവുപോലെ ഇര തേടിയിറങ്ങിയ അവന് ആഹാരമൊന്നും കിട്ടിയില്ല. വിശന്നു വലഞ്ഞ അവന്‍ നിരാശനായി മടങ്ങാനൊരുങ്ങവേയാണ് പതുക്കെപ്പതുക്കെ ഇഴഞ്ഞു നീങ്ങുന്ന ആമയെ കണ്ടത്. ആര്‍ത്തിയോടെ ഒറ്റച്ചാട്ടത്തിന് അവന്‍ ആമയെ പിടികൂടി. കിട്ടിയപാടെ അവന്‍ ആമയെ എങ്ങനെയും കടിച്ചുമുറിച്ചു തിന്നാന്‍ ശ്രമിച്ചു.
          വിചാരിച്ചതുപോലെയല്ല, കടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. അവന്റെ പല്ലു വേദനിച്ചതു മിച്ചം. ദാമുക്കുറുക്കന്‍ പല വഴിയും ശ്രമിച്ചുനോക്കി. പാവം ആമ പേടിച്ചരണ്ട് തന്റെ തോടിനുള്ളില്‍ ഇരുന്നു. ഒടുവില്‍ കുറുക്കന്റെ ബുദ്ധി ഉണര്‍ന്നു. അവന്‍ ആമയെ അടുത്തു കണ്ട ഒരു കല്ലില്‍ എടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തന്റെ അവസാനം തന്നെ എന്ന് കരുതിയ ആമയ്ക്ക് പെട്ടെന്ന് ഒരു ഉപായം തോന്നി. ആമ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, ദയവായി എന്നെ വെള്ളത്തിലിടരുതേ, വെള്ളത്തില്‍ കിടന്ന് കുതിര്‍ന്നാല്‍ പിന്നെ എന്റെ തോട് പെട്ടെന്ന് പൊളിഞ്ഞു പോകും”, ആമ കരച്ചില്‍ അഭിനയിച്ചു
           ആകെ വിശന്നു വലഞ്ഞ കുറുക്കന് അപ്പോള്‍ ചിന്തിക്കാനുള്ള വിവേകം നഷ്ടപ്പെട്ടു. “ഓഹോ, അങ്ങനെയാണോ, എങ്കില്‍ നിന്നെ വെള്ളത്തില്‍ കുതിര്‍ത്തിട്ടു തന്നെ കാര്യം”, കുറുക്കന്‍ ആമയെ അടുത്ത് കണ്ട കുളത്തില്‍ ഇട്ടു. എന്നിട്ട് കുതിരുന്നതും നോക്കിയിരുന്നു.
കിട്ടിയ അവസരത്തിന് ആമ കുളത്തിന്റെ മദ്ധ്യത്തിലേയ്ക്ക് നീന്തിപ്പോയി. കുളത്തിന് നടുക്കെത്തിയപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, എപ്പോഴും തന്റെ ബുദ്ധിയില്‍ അഹങ്കരിക്കല്ലേ, ആപത്ത് വരുമ്പോള്‍ എല്ലാപേര്‍ക്കും ഒരു വഴി തുറന്നു കിട്ടും”.
           കുറുക്കന്‍ ഇളിഭ്യനായി വിശന്ന വയറുമായി നടന്നകന്നു. ഇതില്‍നിന്ന് എന്തു മനസ്സിലായി എന്റെ മക്കള്‍ക്ക്.... “തക്ക സമയത്ത് തോന്നുന്ന ബുദ്ധിപോലെ ഉപകാരപ്രദമായി ഒന്നുമില്ല”.  കഥ ഇഷ്ടപ്പെട്ടോ മക്കളേ...
             ഇനി നമുക്ക് ഈ കൌശലക്കാരനായ കുറുക്കനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.... പിന്നെ നമ്മുടെ ആമച്ചാരെക്കുറിച്ചറിയാന്‍ ദേ ഇവിടെയും നോക്കണേ...


Tuesday, February 1, 2011

ചന്ദനും, ചന്തുവും

            ഒന്നു ഓടിവന്നേ മക്കളെ പുതിയ കഥ കേള്‍ക്കണ്ടേ? ഇന്നു ഞാന്‍ പറയാന്‍ പോകുന്ന കഥ രണ്ടു ആടുകളുടെ കഥയാണ്, അവന്മാരുടെ പേരാണ് ചന്ദനും, ചന്തുവും. നല്ല പേരല്ലേ?
           ചന്ദനും, ചന്തുവും നല്ല  കൂട്ടുകാരായിരുന്നു. അവര്‍ കളിക്കാനും പച്ചിലകള്‍ തിന്നാനും ഒക്കെയായി കാടിന്റെ അരികില്‍ പതിവായി പോകുമായിരുന്നു.ചന്ദന്റെയും, ചന്തുവിന്റെയും കളികളും ചാട്ടവും, ഒക്കെ കണ്ടു കൊണ്ട് എന്നും ഒരാള്‍ ഒളിഞ്ഞു നോക്കി നിന്നിരുന്നു. ഒരു കള്ളക്കുറുക്കന്‍. പച്ചിലകള്‍ തിന്നു കൊഴുത്തു തടിച്ച ആടുകളെ തിന്നുന്നതോര്‍ത്ത് കുറുക്കച്ചാരുടെ വായില്‍ വെള്ളമൂറി. എന്നാല്‍ തന്നേക്കാള്‍ ഇരട്ടി ആരോഗ്യമുള്ള ഇവന്മാരെ നേരിട്ടു അടിച്ചു കൊല്ലാന്‍ തന്നെക്കൊണ്ടാവില്ല എന്നു കുറുക്കനു മനസ്സിലായി.അവന്‍ ഒരു സൂത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു.
                ഇലകള്‍ തിന്നു തിന്നു കുറച്ചു അകലത്തിലായി ചന്ദനും ചന്തുവും. അവര്‍ ഒറ്റക്കായ തക്കം നോക്കി കുറുക്കന്‍ ചന്ദന്റെ അടുത്തേക്കു പതുങ്ങിച്ചെന്നു പതുക്കെ വിളിച്ചു, ”ചെങ്ങാതീ....” ചന്ദന്‍ തിരിഞ്ഞു നോക്കി. ഒരു കുറുക്കന്‍ എന്നെ ചങ്ങാതീ എന്നു വിളിക്കയോ? അവന്‍ ചന്തുവിനെ വിളിക്കാന്‍ തിരിഞ്ഞു. പെട്ടെന്നു കുറുക്കന്‍ പറഞ്ഞു “അവനെ വിളിക്കണ്ട, ഞാന്‍ എന്റെ ചങ്ങാതിയായ നിന്നൊടു മാത്രം ഒരു കാര്യം പറയാനാണു വിളിച്ചത്. ഇന്നലെ നിന്റെ കൂട്ടുകാരന്‍ എന്നോടു പറഞ്ഞു നീ ഒരു മണ്ടനാണ്, നിനക്കു ബുദ്ധിയും ഇല്ല, ശക്തിയും ഇല്ല എന്ന്.”
            “ഉം..........അവന്‍ അങ്ങനെ പറഞ്ഞോ?”
            “അതേ” കുറുക്കന്‍ പറഞ്ഞു.
           ചന്ദനു അതു കേട്ടു സങ്കടവും ദേഷ്യവും  ഒക്കെ വന്നു .
           കുറുക്കന്‍ പറഞ്ഞു,“ഞാന്‍ ഒരു കാര്യം പറയാം, നിങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തി എന്നു പരീക്ഷിക്കാം, ഈ കാടിന്റെ നടുവില്‍ ഒരു പാറക്കെട്ടുണ്ട്, നാളെ അതിനു മുകളില്‍ നിന്നു നിങ്ങള്‍ക്കു ശക്തി പരീക്ഷിക്കാം.” ഇതേ സൂത്രം തന്നെ കുറുക്കന്‍ ചന്തുവിനോടും പറഞ്ഞു. രണ്ടുപേരും ഇക്കാര്യം തമ്മില്‍ തമ്മില്‍ ചോദിച്ചു വഴക്കായി. പിണങ്ങി.
           പിറ്റേ ദിവസം ചന്ദനും ചന്ദുവും കുറുക്കന്റെ സൂത്രം മനസ്സിലക്കാതെ കാടിനു നടുവിലുള്ള പാറക്കെട്ടില്‍ കയറി ഗുസ്തി പിടിക്കാന്‍ തീരുമാനിച്ചു. ദേഷ്യം മൂത്ത അവര്‍ കാലുകള്‍ തറയില്‍ ഉരച്ചു, വാലുകള്‍ വേഗത്തില്‍ ആട്ടി.ഇതെ സമയം കള്ളകുറുക്കന്‍ ഒളിച്ചിരുന്ന് ഇതൊക്കെ കണ്ടു “താന്‍  പറഞ്ഞ സൂത്രം ഫലിച്ചതിലുള്ള സന്തോഷത്തില്‍ ഇരിക്കയായിരുന്നു ആ പാറയുടെ താഴെ. കുറുക്കന്‍ നോക്കുന്നതു ചന്ദന്‍ കണ്ടു. ചന്ദനോട് ചന്തുവിനെ ഇടിക്കാന്‍ കുറുക്കന്‍ കണ്ണു കാണിച്ചു.ചന്ദന്‍ കുറച്ചു പുറകിലേക്കു മാറിയിട്ടു ഓടിവന്നു ശക്തിയായിട്ടു ചന്ദുവിന്റെ നെറ്റിക്കിട്ട് ഒറ്റ ഇടി. രണ്ടുപേരും വാശിയോടേ ഇടിയോടിടി..നെറ്റി മുറിഞ്ഞ് ചോര ഒഴുകാന്‍ തുടങ്ങി.ഈ തക്കം നോക്കി കുറുക്കന്‍ ആടുകളുടെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നുണ്ടായിരുന്നു. പാറയിലൂടെ ഒലിച്ചിറങ്ങുന്ന ചോര നക്കി നക്കി ആയിരുന്നു അവന്റെ വരവ്. ചൂടു ചോരയുടെ രുചി കാരണം അവന്‍ ആടുകളുടെ തൊട്ടടുത്തെത്തിയത് ശ്രദ്ധിച്ചില്ല. കൂടുതല്‍ ശക്തിയായി ഇടിക്കാന്‍ വേണ്ടി ആടുകള്‍ പുറകോട്ടു മാറിയപ്പോള്‍ കുറുക്കന്‍ അവരുടെ നടുവില്‍ എത്തിയിരുന്നു.ശക്തിയായി മുന്നോട്ട് ഓടിവന്ന  ആടുകളുടെ ഇടിയേറ്റ് ചതിയനായ കുറുക്കന്റെ തല പൊട്ടി ആടുകളുടെ ചോരയോടൊപ്പം പാറയിലുടെ ഒഴുകി. വേദന എടുത്ത് അലറിയ കുറുക്കന്‍ വിളിച്ചു പറഞ്ഞു.“ഞാന്‍ നിങ്ങളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ നുണ പറഞ്ഞതാണേ” എന്നും പറഞ്ഞു ജീവനും കോണ്ട് ഒറ്റഓട്ടം. വല്ലവരും പറയുന്നതു കേട്ടു നല്ല കൂട്ടുകാരായ നമ്മള്‍ വഴക്കുണ്ടാക്കിയല്ലൊ എന്നു ഓര്‍ത്ത്  ചന്ദനും ചന്തുവും സങ്കടത്തോടെ  നോക്കി നിന്നു.

        ഇതില്‍ നിന്നും ഒരു കാര്യം എന്റെ പൊന്നു മക്കള്‍ക്കു മനസ്സിലായില്ലെ. സത്യമറിയാതെ തമ്മിലടിക്കരുത്ഇഷ്ടമായോ ഈ കഥ.



ഇനി നമുക്ക് ഈ സുന്ദരന്മാരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം, അല്ലേ.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Saturday, January 1, 2011

ബുദ്ധി രക്ഷിക്കും

                      പണ്ടു പണ്ട് ഒരു ഗ്രാമത്തിനടുത്തുള്ള കാട്ടില്‍ ഒരു കുറുക്കന്‍ താമസിച്ചിരുന്നു.അവന്‍ ദിവസവും സന്ധ്യ കഴിഞ്ഞു (ഇരുട്ടി തുടങ്ങിയാല്‍)നാട്ടിലിറങ്ങും.വീടുകളുടെ അടുത്തുകൂടെ ആരും കാ‍ണാതെ കറങ്ങി നടക്കും.കൂട്ടില്‍ കയറാതെ  നില്‍ക്കുന്ന കോഴിയെ കണ്ടാല്‍ ചാടിപ്പിടിച്ചുകൊണ്ട് കടന്നു കളയും.ആരെങ്കിലും കോഴിക്കൂട് അടക്കുവാന്‍ മറന്നു പോയിട്ടുണ്ട്ങ്കില്‍ ഒരു കോഴി അവനു അത്താഴമായതു തന്നെ.നാട്ടുകാര്‍ക്ക് അവനൊരു ശല്യമായിത്തീര്‍ന്നിരുന്നു. നാട്ടുകാര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ട്.സൂത്രക്കാരനായ അവന്‍ എപ്പോഴും രക്ഷപെടും.
                      പതിവുപോലെ കുറുക്കന്‍ ഇര(തീറ്റ) തേടി ഇറങ്ങി. നല്ല നിലാവ് പരന്നിരുന്നു.നിഴലുകളില്‍ കൂടിയും വെളിച്ചം വീഴാത്ത വഴികളില്‍ കൂടിയും അവന്‍ പാത്തും പതുങ്ങിയും നടന്നു. പാതിരാത്രി വരെ തിരഞ്ഞു നടന്നിട്ടും ആഹാരത്തിനു അവനു ഒന്നും കിട്ടിയില്ല. അവന്‍ ക്ഷീണം കൊണ്ടും വിശപ്പു കൊണ്ടും തീരെ നടക്കുവാന്‍ കഴിയാതെ ഒരു വീടിന്റെ പിറകില്‍ പോയി കിടന്നു.അപ്പോള്‍ അല്പം അകലെ ഒരു ശബ്ദം കേട്ടത് അവന്‍ ശ്രദ്ധിച്ചു.ഒരു മുയല്‍ മരച്ചീനിയുടെ ചുവടു മാന്തുകയാണ്. കുറുക്കന്‍ എഴുന്നേറ്റ് സാവധാനം മുയലിന്റെ പിറകില്‍ച്ചെന്നു. ഒറ്റ കുതിപ്പിനു(ചാട്ടത്തിനു)അതിന്റെ ചെവിയില്‍ പിടികൂടി.മുയല്‍ പേടിച്ചു പോയി.എന്നാല്‍  പെട്ടന്നു തന്നെ മുഖത്തു സന്തോഷം വരുത്തിക്കൊണ്ട് മുയല്‍ പറഞ്ഞു:

“ചേട്ടാ ഞാന്‍ കുറച്ചു വെണ്ണ തിന്നാന്‍ ഇറങ്ങിയതാ. എന്തൊരു കൊതി, പോയി നോക്കിയിട്ട് ഒരഞ്ചാറു പേര്‍ക്ക് തിന്നാനുള്ളതുണ്ട്. ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടെ വിളിച്ചുകൊണ്ടു പോകാമെന്നു കരുതിയിരിക്കയായിരുന്നു”

“അതിനു മരച്ചീനിയുടെ  മൂടു തുരക്കുന്നതു എന്തിനാണ്?”, കുറുക്കന്‍ ചോദിച്ചു.

“അതു കൊള്ളാം; വെറുതേ ഇരുന്നപ്പോള്‍ ഒരു തമാശ, തന്നെയുമല്ല വെണ്ണ ഇന്നങ്ങു തീരും, നാളത്തേക്കു വല്ലതും വേണ്ടേ?” മുയല്‍ ചോദിച്ചു.

“അപ്പോള്‍ നീ നാളെ മരച്ചീനി തിന്നാനിരിക്കുവാ?” കുറുക്കന്‍ ചോദിച്ചു.

“പറഞ്ഞതു പോലെ ഞാനതങ്ങു  മറന്നു, ചേട്ടനെന്നെ പിടിച്ചിരിക്കയാണല്ലോ,  കൊന്നാലുമായി, തിന്നാലുമായി” മുയല്‍ സങ്കടത്തോടെ പറഞ്ഞു.

“ഇന്നെനിക്കു ഇതുവരെ ഒന്നും കിട്ടിയില്ല, നന്നായി വിശക്കുന്നും ഉണ്ട്, നല്ല പാലുപോലുള്ള നിന്റെ മാംസം ദൈവമായിട്ടെനിക്കു കാണിച്ചു തന്നതു ഞാന്‍ എങ്ങനെ വേണ്ട എന്നു വയ്ക്കും?”കുറുക്കന്‍ പിടി  ഒന്നുകൂടി ബലപ്പെടുത്തി.

“ചേട്ടാ ഒരു ഉപകാരം ചെയ്യണം, എനിക്കു വെണ്ണ തിന്നാന്‍ വലിയ കൊതി, കുറച്ചു വെണ്ണ തിന്നാന്‍ ചേട്ടന്‍ എന്നെ സമ്മതിക്കണം, അതു കഴിഞ്ഞു ചേട്ടന്‍ എന്നെ തിന്നോ, എനിക്കു സമ്മതമാ, എന്റെ ചെവിയില്‍ നിന്നു പിടി  വിടണ്ട്” മുയല്‍ പറഞ്ഞു.

“വെണ്ണ എവിടെ?”കുറുക്കന്‍ ചോദിച്ചു.

         “ചേട്ടന്‍ വാ ഞാന്‍ കാണിച്ചു തരാം“, മുയല്‍ കുറുക്കനേയും കൊണ്ട് ആ വീടിന്റെ കിണറിനടുത്തു ചെന്നു.അവിടെ വലിയ ഒരു കയറിന്റെ രണ്ടറ്റത്തും തൊട്ടി കെട്ടി കപ്പിയില്‍ തൂക്കിയിട്ടിരുന്നു.മുയല്‍ കുറുക്കനോട് കിണ്ട്റ്റിലേക്കു നോക്കുവാന്‍ പറഞ്ഞു. കുറുക്കന്‍ എത്തിനോക്കി. ആകാശത്തു തെളിഞ്ഞു നിന്നിരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം(നിഴല്‍) കിണറ്റില്‍ കണ്ടു.അതു വെണ്ണയാണന്നു തെറ്റിദ്ധരിച്ച കുറുക്കന്‍ ആര്‍ത്തിയോടെ(കൊതിയോടെ) ചോദിച്ചു, “ചെങ്ങാതീ നമ്മള്‍ ഇതു തിന്നാന്‍ എങ്ങനെ കിണറ്റിലിറങ്ങും?”
           മുയല്‍ പറഞ്ഞു, “അതിനോ പ്രയാസം, ചേട്ടന്‍ ചെവിയില്‍ നിന്നും പിടി വിടുക ഞാന്‍ കാണിച്ചു തരാം, ഒരു തൊട്ടിയില്‍ കയറി ഞാന്‍ ആദ്യം കിണറ്റിലിറങ്ങാം,പിറകേ അടുത്തതില്‍ കയറി ചേട്ടനും വരണം”.എന്നു പറഞ്ഞു മുയല്‍ ഒരു തൊട്ടിയില്‍ ചാടികയറി. തൊട്ടി കിണറ്റിലേക്കു താണു.മുയല്‍ ആദ്യം ചെന്നു മുഴുവനും തിന്നങ്കിലോ എന്നു വിചാരിച്ച് പെട്ടന്നു കുറുക്കന്‍ മറ്റെ തൊട്ടിയില്‍ ചാടിക്കയറി.അതു ഭാരം കാരണം പെട്ടന്നു കിണറ്റില്‍ താണു വെള്ളത്തില്‍ മുങ്ങി.കയറിന്റെ മറ്റേ അറ്റം മുകളിലേക്കു ഉയര്‍ന്നു.സൂത്രക്കാരനായ മുയല്‍ കരയിലേക്കു ചാടി ഓടി രക്ഷപെട്ടു.


ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏതു ചതിയില്‍ നിന്നും രക്ഷപെടാം

             ഇനി, ഈ ചങ്ങാതിമാരെക്കുറിച്ച് കൂടുതലറിയാന്‍, ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ