Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, July 2, 2013

തൊപ്പി കച്ചവടക്കാരനും കുരങ്ങന്മാരും.....



സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ,
        സ്ക്കൂൾ തുറന്ന് പഠനത്തിൽ മുഴുകിയിരിക്കുകയാണല്ലേ എല്ലാപേരും… ഇത്തവണ നമുക്ക് ഒരു ചെറിയ കഥ കേൾക്കാം അല്ലേ…
        പണ്ടു പണ്ടൊരു ഗ്രാമത്തിൽ രാമു എന്നു പേരായ തൊപ്പികച്ചവടക്കാരൻ ഉണ്ടായിരുന്നു.  എന്നും രാവിലെ ഒരു കൊട്ട നിറയെ തൊപ്പികളുമായി രാമു കച്ചവടത്തിനിറങ്ങും.  നാടായ നാടൊക്കെ ചുറ്റിത്തിരിഞ്ഞ് തൊപ്പിയെല്ലാം വിറ്റ് വൈകിട്ടാകുമ്പോൾ വീട്ടിലെത്തും.

        ഒരുക്കൽ ഒരു വേനൽക്കാലത്ത്, നടന്നു നടന്ന് ക്ഷീണിച്ച രാമു ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു.  തൊപ്പികൾ നിറച്ച കൊട്ട അരികിൽ  വച്ച്, ഒരു തൊപ്പി തന്റെ തലയിൽ തന്നെ വച്ച് അയാൾ മരത്തിൽ ചാരി ഇരുന്നു.   നല്ല ക്ഷീണമുള്ളതിനാലും ആൽമരത്തിന്റെ തണലിൽ ചെറുകാറ്റുണ്ടായിരുന്നതിനാലും രാമു പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.
        മരത്തിനു മുകളിൽ ഒരു പറ്റം കുരങ്ങന്മാർ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് രാമു ശ്രദ്ധിച്ചില്ല.  രാമു മയക്കത്തിലായതോടെ കുരങ്ങന്മാർ ഓരോരുത്തരായി താഴെ ഇറങ്ങി വന്നു.  നാം ചെയ്യുന്ന കാര്യങ്ങൾ അതേപടി അനുകരിക്കുന്നത് കുരങ്ങന്മാരുടെ ശീലമാണല്ലോ.  അവർ തൊപ്പിയും തലയിൽ വച്ച് ഇരിക്കുന്ന രാമുവിനെ കണ്ട് അതുപോലെ അനുകരിക്കാൻ ശ്രമിച്ചു.  അത്, രാമുവിന്റെ കൊട്ടയിലെ തൊപ്പികൾ വച്ചായിരുന്നെന്നു മാത്രം.  അവർ തൊപ്പിയൊക്കെ എടുത്ത് തലയിൽ വച്ച് സന്തോഷത്തോടെ ബഹളം വയ്ക്കാൻ തുടങ്ങി. 

ശബ്ദം കേട്ട് രാമു പെട്ടെന്ന് ഉണർന്നു.  തന്റെ കൊട്ടയിലെ തൊപ്പിയെല്ലാം കുരങ്ങന്മാർ എടുത്ത് തലയിൽ വച്ചിരിക്കുന്നത് കണ്ട് രാമു ചാടിയെണീറ്റു.  ഉടൻ തന്നെ കുരങ്ങന്മാർ എല്ലാപേരും ഉയരമുള്ള മരത്തിന്റെ മുകളിലേയ്ക്ക്  ചാടിക്കയറി പോയി.  രാമു ആകെ വിഷമത്തിലായി.  കൊട്ടയിലുണ്ടായിരുന്ന തൊപ്പികളെല്ലാം തന്നെ കുരങ്ങന്മാർ കൊണ്ടു പോയി.  തന്റെ തലയിൽ വച്ചിരുന്നത് മാത്രം അവശേഷിക്കുന്നു.  കുരങ്ങന്മാർ തന്നെ പോലെ  തൊപ്പി വച്ച് മുകളിലിരുന്ന് രസിക്കുന്നു.  എങ്ങനെ ഇവന്മാരിൽ നിന്ന് തൊപ്പി തിരികെ വാങ്ങും.. രാമു പല വഴികളും  നോക്കി. രാമു കുരങ്ങന്മാരെ നോക്കി കൈ കൊണ്ട് വിരട്ടുന്നതു പോലെ ഉള്ള  ആംഗ്യം കാണിച്ചു.  കുരങ്ങന്മാർ തിരികെ അതു പോലെ ആംഗ്യം കാട്ടിയതല്ലാതെ തൊപ്പികൾ തിരികെ കൊടുത്തില്ല.  തറയിൽ കിടന്ന്  ഒരു ചെറിയ മരച്ചില്ല എടുത്ത് രാമു കുരങ്ങന്മാരെ എറിഞ്ഞു.  കുരങ്ങന്മാർ തൊപ്പി തിരികെ കൊടുത്തില്ല, പകരം ആ മരത്തിൽ നിന്ന് ചില്ലകൾ പൊട്ടിച്ചെടുത്ത് അവർ രാമുവിനെ തിരികെ എറിഞ്ഞു.
പെട്ടെന്ന് രാമുവിന് ഒരു ബുദ്ധി തോന്നി.  താൻ ചെയ്യുന്നതെല്ലാം ഇവന്മാർ അനുകരിക്കുകയാണല്ലോ…  രാമു തന്റെ തലയിൽ നിന്ന് തൊപ്പി ഊരി കുരങ്ങന്മാർക്കു നേരെ എറിഞ്ഞു.  രാമു കാണിച്ചതൊക്കെ അനുകരിച്ചു കൊണ്ടിരുന്ന കുരങ്ങന്മാർ തങ്ങളുടെ തലയിലിരുന്ന തൊപ്പികൾ എല്ലാം എടുത്ത് രാമുവിനെ തിരികെ എറിഞ്ഞു…. പെട്ടെന്നു തന്നെ  രാമു തൊപ്പികളെല്ലാം പെറുക്കിക്കൂട്ടി തന്റെ കൊട്ടയിലാക്കി സ്ഥലം വിട്ടു.
പെട്ടെന്ന് തോന്നിയ ബുദ്ധിയും, നിരീക്ഷണവും രാമുവിന് തുണയായി.  ബുദ്ധിയോടൊപ്പം  നല്ല നിരീക്ഷണവും  പല അവസരങ്ങളിലും നമുക്ക് തുണയാകും…. അല്ലേ കുഞ്ഞുങ്ങളേ…. എന്റെ കുഞ്ഞുങ്ങൾക്ക് കഥ ഇഷ്ടമായോ?   മറ്റൊരു കഥയുമായി വേഗം വരാം…ട്ടോ…

Saturday, June 1, 2013

ആട്ടിൻ തോലിട്ട ചെന്നായ....

സ്നേഹമുള്ള കുഞ്ഞുങ്ങളേ….  വേനലവധിയൊക്കെ കഴിഞ്ഞ് സ്ക്കൂൾ തുറന്ന് എല്ലാപേരും തിരക്കിലായി അല്ലേ…. ഇന്ന് നമുക്ക് ഒരു കുഞ്ഞ് കഥ കേൾക്കാം, ട്ടോ….

ഒരിടത്തൊരിടത്ത് പണ്ട് പണ്ട് പണ്ട് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു.  ദിവസവും അയാൾ ആടുകളെ അടുത്തുള്ള കുന്നിൻ ചരുവിൽ മേയാൻ വിടുമായിരുന്നു.  ആടിന്റെ പാലിനു പുറമേ ആടിന്റെ മാസവും അയാൾ കച്ചവടം നടത്തിയിരുന്നു. 
        ഒരു ദിവസം രാത്രി അയാൾ ആടുകളെ  പാർപ്പിച്ചിരുന്ന സ്ഥലത്തേയ്ക്ക് ഒരു വയസ്സൻ ചെന്നായ വന്നെത്തി.  അവന് മറ്റ് മൃഗങ്ങളെ നേരിട്ട് വേട്ടയാടി പിടിക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു.   ചെറുതും വലുതുമായ  ഇത്രേം ആടുകളെ കണ്ടപ്പോൾ ചെന്നായയുടെ വായിൽ വെള്ളമൂറി.  എങ്ങനെയെങ്കിലും സ്ഥിരമായി ഇവരുടെ ഇടയിൽ കടന്നു കൂടണം… ഭക്ഷണം കുശാലാക്കണം… അതിനായി അവൻ തലപുകഞ്ഞാലോചിച്ചു….

        ആട്ടിടയന്റെ വീട്ടിൽ ഒരു ദിവസം കുറെ വിരുന്നുകാരുണ്ടായിരുന്നു.  അന്ന് രണ്ട് ആടുകളെ ഇടയൻ കശാപ്പ് ചെയ്തു.  അവയുടെ തോൽ വീടിന്റെ പുറകിൽ കൊണ്ടിട്ടു.  ചെന്നായ്ക്ക് അത് കണ്ടപ്പോൾ ഒരുപായം തോന്നി.  അവൻ അതിലൊരു ആടിന്റെ തോൽ എടുത്ത് ഉടുപ്പ് പോലെ അണിഞ്ഞു നോക്കി.  ഒറ്റ നോട്ടത്തിൽ അവൻ ഒരു ആട് തന്നെയാണെന്നേ തോന്നൂ… ചെന്നായ ആട്ടിൻ കൂട്ടത്തിനിടയിൽ കൂടി.
        ആടുകൾ മലഞ്ചരിവിൽ മേയാൻ പോകുമ്പോൾ അവനും കൂടി പോകും… കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകുന്ന ആട്ടിൻ കുട്ടിയെ അവൻ ആരും കാണാതെ കൊല്ലും.  മലഞ്ചരുവിലെ കുറ്റിച്ചെടികൾക്കിടയിൽ  ഒളിപ്പിച്ചു.  രണ്ടു മൂന്ന് ദിവസത്തേയ്ക്ക് പിന്നെ കുശാലായി ശാപ്പാട്!!! അതു കഴിഞ്ഞ് വീണ്ടും ഇതു പോലെ മറ്റൊരാടിനെ കൊന്നു തിന്നു….
        ദിവസങ്ങൾ കഴിഞ്ഞു പോയി.  ദിവസവും ആടിന്റെ  ഇറച്ചി നിന്ന് ചെന്നായ തടിച്ചു കൊഴുത്തു വന്നു.  ഒരു ദിവസം ഇടയന്റെ വീട്ടിൽ കുറെ വിരുന്നുകാരെത്തി.  അവരെ നല്ല രീതിയിൽ സൽകരിക്കണമല്ലോ…. ഇടയൻ  പതിവു പോലെ തന്റെ ആട്ടിൻ കൂട്ടത്തിൽ നിന്ന് മുഴുത്ത ഒരാടിനെ കശാപ്പ് ചെയ്യാനായി തിരഞ്ഞെടുത്തു…. പക്ഷേ അത് വേഷം മാറി തടിച്ചു കൊഴുത്ത ആ ചെന്നായ ആയിരുന്നു.  തന്നെ കൊല്ലുമെന്നായപ്പോൾ ചെന്നായ ഉച്ചത്തിൽ  നിലവിളിച്ചു… ഇടയൻ ചെന്നായയുടെ  കള്ളത്തരം കണ്ടു പിടിച്ചു.  ഓടി രക്ഷപ്പെടാൻ ശ്രമിച്ച  ചെന്നായയെ ഇടയൻ തല്ലി കൊന്നു…
        വേഷം കെട്ടൽ ദോഷം ചെയ്യുമെന്ന് മനസ്സിലായില്ലേ മക്കളേ…  ഇതാ ഈ കഥ ഒരു സിനിമയിലെ പാട്ടായി കാണാം…. ഇതിൽ ചെന്നായയെ ഇടയൻ ഇരയാക്കി ഭക്ഷിച്ചു എന്ന് പറയുന്നു… നമുക്കങ്ങനെ പാവം ഇടയനെക്കൊണ്ട് ചെന്നായയെ തീറ്റിക്കണ്ട അല്ലേ….

Wednesday, May 1, 2013

ആമയും കുറുക്കനും



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
വേനലവധിയൊക്കെ സന്തോഷത്തോടെ ആഘോഷിക്കുകയാണല്ലേ എല്ലാപേരും…. ഇത്തവണ നമുക്ക് ഒരു കുറുക്കന്റെയും ആമയുടെയും കഥ  കേൾക്കാം…
ഒരിടത്തൊരിടത്ത് ഒരു പുഴവക്കിൽ കുറെ മൃഗങ്ങൾ ജീവിച്ചിരുന്നു.  ആമകളും, മുയലുകളും, കുറുക്കന്മാരും ഒക്കെ. പരസ്പരം വളരെ സഹകരണത്തോടെയായിരുന്നു അവരുടെ ജീവിതം.  വളരെ സൗഹാർദ്ദത്തൊടെ ജീവിച്ചിരുന്ന അവരുടെ ഇടയിലേയ്ക്ക്  ചിണ്ടൻ കുറുക്കൻ താമസമാക്കിയതോടെ അതുവരെ നിലനിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് ഇളക്കം തട്ടി.  ചെറു മൃഗങ്ങളെ ഉപദ്രവിച്ചും മറ്റും കഴിഞ്ഞിരുന്ന  അവൻ എല്ലാപേർക്കും ഒരു ശല്യം തന്നെയായിരുന്നു. 
            ഒരു ദിവസം അവൻ പിടികൂടിയത് പാവം ആമയെയായിരുന്നു. കുറുക്കൻ പിടികൂടിയതും പേടിച്ചരണ്ട ആമ തന്റെ തോടിനുള്ളിലേയ്ക്ക് വലിഞ്ഞു.  ആമയുടെ പുറം തോട് വളരെ കട്ടിയുള്ളതായതിനാൽ കുറുക്കന് അതിനെ കടിച്ചു മുറിച്ച് തിന്നാൻ പറ്റിയില്ല.  കുറുക്കൻ പല വിദ്യകളും നോക്കി.  രക്ഷയില്ല… ഈ സമയമെല്ലാം പാവം ആമ പേടിച്ചരണ്ട്  തന്റെ തോടിനുള്ളിൽ ഇരിക്കുകയായിരുന്നു.  പല വഴികളും നോക്കി രക്ഷയില്ലാഞ്ഞിട്ട് അവൻ ആമയെ അടുത്തു കണ്ട ഒരു പാറപ്പുറത്തേയ്ക്ക്  എറിയാനായി എടുത്തു.  അപകടം മനസ്സിലാക്കിയ ആമ പെട്ടെന്ന്  തോന്നിയ ബുദ്ധിയിൽ ഇങ്ങനെ പറഞ്ഞു, “ അയ്യോ, കുറുക്കച്ചാരേ… എന്നെ എങ്ങനെ വേണമെങ്കിലും കൊന്നോളൂ…  പക്ഷേ ദയവായി വെള്ളത്തിലെറിഞ്ഞ് കൊല്ലരുതേ, ഞാൻ ശ്വാസം മുട്ടി കഷ്ടപ്പെട്ടു പോകും.”
            പെട്ടെന്ന് ഇത് കേട്ട കുറുക്കൻ അധികം ചിന്തിക്കാൻ നിന്നില്ല.  വെള്ളത്തിലെറിയരുതെന്നല്ലേ ആമ നിലവിളിക്കുന്നത്…എന്നാൽ  പിന്നെ അവനെ വെള്ളത്തിലെറിഞ്ഞു തന്നെ കൊല്ലാം…. ആവേശം അവന്റെ ബുദ്ധിയെ കീഴ്പ്പെടുത്തിയ നിമിഷത്തിൽ കുറുക്കൻ ആമയെ വെള്ളത്തിലേയ്ക്കെറിഞ്ഞു. 
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആമ ഇങ്ങനെ വിളിച്ചു പറഞ്ഞു, “എടാ മണ്ടൻ കുറുക്കാ…. കരയിലും വെള്ളത്തിലും ജീവിക്കുന്ന എന്നെ വെള്ളത്തിലെറിഞ്ഞു കൊല്ലാൻ നോക്കിയ നിന്റെ അമിതാവേശം എന്റെ ജീവൻ രക്ഷിച്ചു.  ഇനിയെങ്കിലും ആരെയും  ഉപദ്രവിക്കാതെ ജീവിക്കാൻ  നോക്ക്…” ഇത്രയും പറഞ്ഞുകൊണ്ട് ആമ കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു.
            അമിതാവേശം നമ്മെ മണ്ടന്മാരാക്കും, അല്ലേ കുഞ്ഞുങ്ങളേ….. ഒരു പ്രവൃത്തി ചെയ്യും മുൻപ് രണ്ടു വട്ടം ആലോചിക്കണം…. അതുപോലെലെ തന്നെ, കൃത്യസമയത്ത്  തോന്നുന്ന ബുദ്ധി ജീവൻ പോലും രക്ഷക്കും....
      ഇനി, ഈ ആമയെക്കുറിച്ച് കൂടുതലറിയാൻ ദാഇവിടെയും  കുറുക്കനെക്കുറിച്ചറിയാൻ ദാ ഇവിടെയും ക്ലിക്ക് ചെയ്തേ...

Tuesday, April 2, 2013

കുരങ്ങനും കുറുക്കനും കൃഷി ചെയ്ത കഥ...



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
        പരീക്ഷയൊക്കെ കഴിഞ്ഞ്, മധ്യവേനലവധിയുടെ ഉത്സാഹത്തിലാണല്ലോ എല്ലാപേരും.  കഴിഞ്ഞ കുറേ നാളുകളായി കുഞ്ഞു കഥകൾ പറഞ്ഞു പറഞ്ഞ് ഞാനും നിങ്ങളിൽ ഒരാളായി ഒരു കൊച്ചു കുഞ്ഞായി മാറി.  ഇതാ  ഇന്ന്, ഒരു  കുഞ്ഞു  കഥയുമായി ഇതാ നിങ്ങളുടെ അടുത്തേയ്ക്ക് വീണ്ടും…
        ഇന്ന്, കുറുക്കനും കുരങ്ങനും കൂടി കൃഷി നടത്തിയ കഥ പറയാം, ട്ടോ….
        പണ്ടുപണ്ട്പണ്ടൊരിടത്ത് ഒരു കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. അവർ വല്യ ചങ്ങാതിമാരായിരുന്നു.  എന്നാലും, കുറുക്കൻ, തന്റെ ജന്മനാ ഉള്ള കൗശലം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.  ഒരു ദിവസം കുരങ്ങന് ഒരു ബുദ്ധി തോന്നി.  വെറുതെ ചുറ്റിയടിച്ച് കറങ്ങി നടന്നു സമയം കളയാതെ വല്ല ജോലിയും ചെയ്താലോ.  ഉറുമ്പും തേനീച്ചയും ഒക്കെ കണ്ടില്ലേ, എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരായിരിക്കും.  താൻ മാത്രമിങ്ങനെ നടന്നാലോ… കുരങ്ങൻ കുറുക്കനോട് ഇക്കാര്യം പറഞ്ഞു. 
        എന്തു ജോലിയാണ് തങ്ങൾക്ക് ചെയ്യാൻ പറ്റുക?  അവർ തലപുകഞ്ഞാലോചിച്ചു.  ഒടുവിൽ നിർദ്ദേശം കുറുക്കനിൽ നിന്നു തന്നെ വന്നു.  നമുക്ക് കൃഷിപ്പണി ചെയ്താലോ?  കൃഷി ചെയ്തു  കിട്ടുന്ന ആദായം രണ്ടുപേർക്കും പങ്കുവയ്ക്കാം... കുരങ്ങന് ഈ ആശയം ഇഷ്ടപ്പെട്ടു.  കൃഷി തുടങ്ങുന്നതിനു മുൻപ് അവർ തമ്മിൽ ഒരു കരാറുണ്ടാക്കി. കൃഷി വിളവ് ഭാഗം വയ്ക്കുന്നത്  എങ്ങനെ വേണമെന്ന് ഒരാൾ പറയും എന്ത് കൃഷി ചെയ്യണമെന്ന്  മറ്റെയാൾ തീരുമാനിക്കും.  ഇത്തവണ കൃഷി വിഭവത്തിന്റെ തല ഭാഗം കുറുക്കനും, കീഴ്ഭാഗം കുരങ്ങനും; നിർദ്ദേശം വച്ചത് കുറുക്കനായിരുന്നു.  ഒന്നുമാലോചിക്കാതെ കുരങ്ങൻ സമ്മതിച്ചു. 

        ആദ്യത്തെ കൃഷി വാഴക്കൃഷിയായിരുന്നു.  കുറുക്കനും കുരങ്ങനും വളരെ ഉത്സാഹമായി വെള്ളം കോരിയും വളം ഇട്ടും വളരെ തകൃതിയായി കൃഷി തുടർന്നു.  വിളവെടുപ്പ് സമയമെത്തി.  വീതം വയ്പ്പിന്റെ  കാര്യം കുറുക്കനാണ് എടുത്തിട്ടത്.  കൃഷി വിഭവത്തിന്റെ തലഭാഗം (മുകളിലത്തെ ഭാഗം)  കരാറനുസരിച്ച് കുറുക്കനും കീഴ്ഭാഗം കുരങ്ങനും അവകാശപ്പെട്ടതാണ്.  വാഴയായിരുന്നല്ലോ കൃഷി.  വിളവെടുത്തപ്പോൾ വാഴക്കുലയെല്ലാം കുറുക്കനും കിട്ടി കുറുക്കനൊപ്പം നിന്ന് അധ്വാനിച്ച് കൃഷി ചെയ്ത കുരങ്ങന് ഒന്നിനും കൊള്ളാത്ത വാഴയുടെ മൂടും കിട്ടി.
        കുരങ്ങൻ വല്ലാതെ സങ്കടപ്പെട്ടു.  തന്റെ അധ്വാനം വെറുതെയായില്ലേ, കൗശലക്കാരനായ കുറുക്കൻ തന്നെ പറ്റിച്ചല്ലോ.  എന്തായാലും ഇനി ഇത്തരത്തിലൊരു മണ്ടത്തരം പറ്റില്ല. അടുത്ത തവണ താൻ ആലോചിച്ചു തന്നെ പറയും. 
        അടുത്ത കൃഷി സമയം വന്നെത്തി. കഴിഞ്ഞ തവണത്തെ തെറ്റ് ആവർത്തിക്കരുതല്ലോ.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണ ഞാൻ തീരുമാനിക്കും എങ്ങനെ ഭാഗം വയ്ക്കണമെന്ന്’.  കുറുക്കൻ സമ്മതിച്ചു.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണത്തെ വിളവിൽ എനിക്ക് തലഭാഗവും (മേൽ ഭാഗം) കുറുക്കച്ചാർക്ക് കീഴ് ഭാഗവും’ എന്തായാലും കൃഷി ചെയ്യുന്ന വിഭവം താനാണല്ലോ തീരുമാനിക്കുന്നത്… കൗശലക്കാരനായ കുറുക്കൻ ഈ വ്യവസ്ഥ സമ്മതിച്ചു. 
        അങ്ങനെ കൃഷി വളരെ ഗംഭീരമായി നടന്നു.  വിളവെടുപ്പിന്റെ സമയമായി.  വ്യവസ്ഥ പ്രകാരം മേൽ ഭാഗം കുരങ്ങനും കീഴ് ഭാഗം കുറുക്കനും.  എന്റെ കുഞ്ഞുങ്ങളേ, ഇത്തവണ കൗശലക്കാരനായ കുറുക്കൻ തിരഞ്ഞെടുത്ത കൃഷി വിഭവം ചേനയായിരുന്നു.  ചേനയുടെ ഫലം അതിന്റെ കിഴങ്ങാണല്ലോ.. അതിന്റെ ചുവട് ഭാഗത്താണ് ഫലം, മുകൾ  ഭാഗം ഒരു വിലയുമില്ലാത്ത ഇലയും… കുറുക്കന് വിലയേറിയ ചേനക്കിഴങ്ങും കിട്ടി കുരങ്ങന് ഒരു വിലയും കിട്ടാത്ത ചേനയിലയും!!! ആകെ വിവശനായ കുരങ്ങൻ അതോടെ കുറുക്കന്റെ കൂട്ടും നിർത്തി സങ്കടത്തോടെ മരത്തിന്റെ ചില്ലയിൽ ചാടി ദൂരത്തേയ്ക്കു പോയി.
        എന്റെ  കുഞ്ഞുങ്ങൾ എന്താ ഇതിൽ നിന്ന് മനസ്സിലായത്?  കൗശലക്കാരെ എപ്പോഴും കരുതലോടെ മാത്രമേ ഇടപെടുത്താവൂ.  തന്നോളം ഉള്ളവരുമായേ ചങ്ങാത്തം ആകാവൂ... ശരിയല്ലോ....
        ഇത്തവണത്തെ മധ്യവേനലവധി എന്റെ കുഞ്ഞുങ്ങൾ നന്നായി കളിച്ച്, ചിരിച്ച്, കുറെയൊക്കെ പഠിച്ച് ആഘോഷിച്ചോളൂ… വീണ്ടുമൊരു കഥയുമായി വേഗം വരാം…ട്ടോ….. എല്ലാപേർക്കും എന്റെ വിഷു ആശംസകൾ…
       

Friday, March 1, 2013

ഉറുമ്പിന്റെയും പുൽച്ചാടിയുടെയും കഥ


        സ്നേഹമുള്ള കുഞ്ഞുങ്ങളേ,  വർഷാവസാന പരീക്ഷയ്ക്കു വേണ്ടി എല്ലാപേരും പഠിത്തത്തിൽ മുഴുകിയിരിക്കുകയാവും അല്ലേ?  ഇന്ന് നമുക്ക്  ഒരു ചെറിയ കഥ കേൾക്കാം, ട്ടോ….
         എല്ലാപേരും കേട്ടിട്ടില്ലേ പഴയ ആ ചൊല്ല്, ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന്… ഈ പഴഞ്ചൊല്ലിനു സമാനമായി ഒരു കഥയുണ്ട്. 
         പണ്ടുപണ്ടൊരിടത്ത് ഒരു ചെറിയ കാട്ടിൽ, മറ്റ് ജീവികൾക്കൊപ്പം ഒരു  ഉറുമ്പും ഒരു പുൽച്ചാടിയും ഉണ്ടായിരുന്നു. ഉറുമ്പ് അധ്വാനശീലനായിരുന്നു, പുൽച്ചാടി മഹാ അലസനും. വസന്തകാലത്ത്, പൂക്കൾ വിടർന്ന് നിൽക്കുകയും ഇളം കാറ്റ് വീശുകയും ചെയ്ത ആ കാലത്ത് ഉറുമ്പ്, വരാനിരിക്കുന്ന പഞ്ഞമാസത്തെ (ക്ഷാമമുള്ള മാസം) മുന്നിൽ കണ്ട് ധാന്യങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും ശേഖരിക്കാൻ തുടങ്ങി.  അൽപം ദൂരെ നിന്ന് പോലും, തന്നേക്കാൾ പതിന്മടങ്ങ് ഭാരമുള്ള ആഹാരപദാർത്ഥങ്ങൾ പോലും പാവം ഉറുമ്പ് ചുമന്ന് കൊണ്ടുവന്ന് തന്റെ കൂടിനകത്ത് ശേഖരിച്ചു വച്ചു. 
         ഇതേ സമയം അലസനായ പുൽച്ചാടി പാട്ടും പാടി നടന്ന് സമയമെല്ലാം പാഴാക്കി.  അവൻ അധ്വാനിയായ ഉറുമ്പിനെ പരിഹസിച്ചു കൊണ്ടിരുന്നു.  തിന്നും കുടിച്ചും ആസ്വദിക്കേണ്ട സമയം വെറുതെ ഭാരം ചുമന്ന് പാഴാക്കുന്നുവെന്നു വരെ പറഞ്ഞ് പുൽച്ചാടി ആടിപ്പാടി നടന്നു.  ഉറുമ്പ് പുൽച്ചാടിയുടെ പരിഹാസമൊന്നും വകവച്ചില്ല, മറിച്ച് അവനോട് വരാനിരിക്കുന്ന ക്ഷാമകാലത്തെ ഭക്ഷ്യക്ഷാമത്തെ പറ്റിയും അതിനുവേണ്ട മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.  പുൽച്ചാടി അതൊന്നും ശ്രദ്ധിച്ചില്ല.

        ദിവസങ്ങൾ കടന്നുപോയി. വസന്തകാലം മെല്ലെ മാറി മാറിപ്പോയി.  ക്ഷാമകാലം വന്നെത്തി.  ജലത്തിനും ഭക്ഷണത്തിനും വളരെ ക്ഷാമമായി.  പല ജീവികളും ഭക്ഷണമന്വേഷിച്ച് ദൂരെയുള്ള സ്ഥലങ്ങളിലേയ്ക്ക് പോയി.  ഉറുമ്പ്, താൻ ശേഖരിച്ചു വച്ചിരുന്ന ധാന്യങ്ങളും മറ്റും കുറേശെകുറേശെയായി എടുത്ത് ഭക്ഷിച്ച് വിശപ്പടക്കി.  ഉറുമ്പിന്, ഒരർത്ഥത്തിൽ പറഞ്ഞാൽ, പഞ്ഞമാസം വിശ്രമത്തിന്റെ നാളുകൾ കൂടിയായി.  അതേ സമയം വസന്തകാലത്ത് അലസനായി തുള്ളിച്ചാടി നടന്ന പുൽച്ചാടിയ്ക്ക് ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായി.  ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ അവൻ ഭക്ഷണം കിട്ടാതെ അവശനായി.  ഈ സമയം, ഉറുമ്പ് മുൻപ് തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അവൻ ഓർത്തു.  വെറുതെ ഓർത്തെടുത്തിട്ടെന്തു കാര്യം.  സുഭിക്ഷമായി ആഹാരമൊക്കെ കിട്ടിയിരുന്നപ്പോൾ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇന്ന് കഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു.  ദിവസങ്ങൾക്കകം പുൽച്ചാടി പട്ടിണികിടന്ന് ചത്തുപോയി.
         ഒരുപാട് ഗുണപാഠങ്ങളുള്ള ഒരു ചെറിയ കഥയും പഴഞ്ചൊല്ലുമാണ് ഇത്.  എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾക്ക് ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്. അന്നന്ന് പഠിക്കാനുള്ളത് അന്നന്ന് തന്നെ പഠിച്ചാൽ പരീക്ഷാ കാലമാകുമ്പോൾ ബുദ്ധിമുട്ടുണ്ടാവില്ല. അതുപോലെ, ഇപ്പോൾ അൽപ്പം പരിശ്രമിച്ചാൽ ഭാവിയിൽ ജീവിതം സുരക്ഷിതമായിരിക്കും. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കണം, അത് നമ്മുടെ ഭാവിജീവിതം സുരക്ഷിതവും സന്തുഷ്ടവും ആക്കാൻ വേണ്ടിയാണ്.  പരീക്ഷയൊക്കെ തുടങ്ങാൻ പോകുന്ന ഈ സന്ദർഭത്തിൽ എനിക്കെന്റെ കുഞ്ഞു മക്കളോട് പറയാനുള്ളത്  കളികൾക്കും സന്തോഷങ്ങൾക്കും ഒപ്പം തന്നെ വിദ്യാർത്ഥിയായിരിക്കുമ്പോൾ പഠനത്തിൽ വളരെ ആത്മാർത്ഥത കാണിക്കണം; പഠിത്തത്തിനു തന്നെയാണ് ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്.
          ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന ചൊല്ലിന്റെ അർത്ഥവും ആശയവും മനസ്സിലായില്ലേ കുഞ്ഞുങ്ങളേ… എല്ലാപേർക്കും ഒരു നല്ല പരീക്ഷാകാലം ആശംസിക്കുന്നു.
         ഈ ഉറുമ്പിനെ കുറിച്ച് കൂടുതലറിയാൻ ദേ ഇവിടെ ക്ലിക്ക് ചെയ്ത് സമ്പാദ്യപ്പെട്ടിയൊന്ന് നോക്കിക്കേ…