Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, April 1, 2014

നീലക്കുറുക്കൻ


പ്രിയപ്പെട്ട എന്റെ കുഞ്ഞുങ്ങളേ,
      പരീക്ഷയൊക്കെ കഴിഞ്ഞ്,  എല്ലാപേരും അവധിയൊക്കെ ആഘോഷിക്കുകയാണല്ലേ…..ഇന്ന് ഞാൻ നീലക്കുറുക്കന്റെ ഒരു കുഞ്ഞു കഥ പറയട്ടേ….
       കാട്ടിലെ കൗശലക്കാരനായിരുന്നു ബിട്ടു കുറുക്കൻ.  ഒരിക്കൽ വിശന്നു വലഞ്ഞ് ഭക്ഷണം തേടി അലഞ്ഞ് അവൻ സമീപത്തെ ഗ്രാമത്തിലെത്തി.  അപരിചിതനായ കുറുക്കനെ കണ്ട് നാട്ടിലെ നായ്ക്കൾ അവനെ ഓടിച്ചു. പേടിച്ചോടിയ ബിട്ടു അബദ്ധത്തിൽ ഒരു അലക്കുകാരന്റെ പുരയിടത്തിലാണ് ചെന്നെത്തിയത്. അവിടെ ഒരു വലിയ പാത്രത്തിൽ എന്തോ ഇരിക്കുന്നത് കണ്ട ബിട്ടു, ഭക്ഷിക്കാൻ പറ്റിയ എന്തെങ്കിലുമാവും എന്നു കരുതി അതിൽ എത്തിവലിഞ്ഞു നിന്ന് തലയിട്ടു.  അത് അലക്കുകാരൻ തുണിയിൽ മുക്കാൻ നീലം കലക്കി വച്ചിരുന്ന പാത്രമായിരുന്നു.  കഷ്ടകാലത്തിന് ബിട്ടു കാലുതെന്നി അതിനുള്ളിൽ വീണുപോയി.  ഭയവും വെപ്രാളവും കൊണ്ട് ആകെ ബഹളം വച്ച അവൻ  എങ്ങനെയോ പാത്രത്തിൽ നിന്ന് പുറത്തു ചാടിയോടി കാട്ടിലെത്തി.   നീലത്തിൽ വീണ അവന്റെ നിറം അപ്പോൾ നീലയായിരുന്നു.  ഇത്തരത്തിൽ നീല നിറമുള്ള മൃഗങ്ങളെ കണ്ടിട്ടില്ലാത്ത മറ്റു മൃഗങ്ങൾ ബിട്ടുവിനെ കണ്ട് ഭയപ്പെട്ടു.  എന്തിന്, മൃഗരാജനായ  സിംഹം പോലും ഒന്നു ഞെട്ടി.  ആദ്യമൊന്നും ബിട്ടുവിന് കാര്യം പിടികിട്ടിയില്ല; തന്നെ ഇവർക്ക് തിരിച്ചറിയാൻ പറ്റിയില്ല എന്നു മാത്രം മനസ്സിലായി.  ആകെ ചിന്താക്കുഴപ്പത്തിലായ ബിട്ടു ഇതിന്റെ കാരണമന്വേഷിക്കാൻ തലപുകഞ്ഞ് ആലോചിച്ചു.  ഒടുവിൽ അടുത്തു കണ്ട കുളത്തിലെ  വെള്ളത്തിൽ തന്റെ പ്രതിഛായ നോക്കി.  സത്യത്തിൽ  മറ്റെല്ലാപേരെക്കാളും നന്നായി  ഞെട്ടിയത് ബിട്ടു തന്നെയായിരുന്നു.  നീലത്തിൽ വീണ് തന്റെ നിറം തന്നെ നീലയായിരിക്കുന്നു. 
കൗശലക്കാരനായ ബിട്ടു ഈ അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു; സിംഹരാജൻ പോലും തന്നെ ഭയപ്പെട്ടിരിക്കുകയാണല്ലോ. ബിട്ടു വളരെ ഗൗരവത്തോടെ കാട്ടിലെ പ്രധാന വഴിയിലൂടെ അങ്ങനെ നടന്നു നീങ്ങി.  മറ്റു മൃഗങ്ങൾ തന്നെ കണ്ട് ഭയന്നു മാറുന്നത് അവൻ ശരിക്കും ആസ്വദിച്ചു.  അവൻ ഒരു മരത്തിന്റെ ചുവട്ടിൽ  ചെന്നിരുന്ന് അവിടുത്തെ  മൃഗങ്ങളെയാകെ വിളിച്ചു കൂട്ടി. സിംഹം ഉൾപ്പെടെ എല്ലാ മൃഗങ്ങളും ഭയ-ഭക്തി-ബഹുമാനത്തോടെ ഈ  അജ്ഞാതജീവിയുടെ മുന്നിൽ നിരന്നു നിന്നു. തെല്ലൊരു ഗർവ്വോടെ ബിട്ടു സംസാരിക്കാൻ തുടങ്ങി, “എന്റെ പ്രിയപ്പെട്ട പ്രജകളേ….”, ഇത്  കേട്ട് ആദ്യം ഞെട്ടിയത് മൃഗരാജനായ സിംഹം തന്നെയായിരുന്നു….. താൻ രാജാവായ കാട്ടിൽ വന്ന് വേറൊരുവൻ അവിടുത്ത മൃഗങ്ങളെ ‘പ്രജകളേ’ എന്നു വിളിക്കുന്നു, അതായത്  താനിപ്പോൾ അവിടുത്തെ രാജാവല്ല എന്നല്ലേ…. ദേഷ്യവും പരിഭവവും ഒക്കെ വന്നെങ്കിലും ഈ അജ്ഞാത ജീവിയുടെ ശക്തിയെക്കുറിച്ച് ഒരു എത്തും പിടിയും ഇല്ലാത്തതിനാൽ സിംഹം മൗനം പാലിച്ചു…..


“എന്റെ പ്രിയപ്പെട്ട പ്രജകളേ”, ബിട്ടു തുടർന്നു…. “നാം ദൈവത്തിന്റെ ദൂതനായാണ് ഇവിടെ വന്നിരിക്കുന്നത്.  എന്നെ ഈ കാടിന്റെ രാജാവായി ദൈവം നേരിട്ട് വാഴിച്ചിരിക്കുന്നു.  എല്ലാപേരും ഇനിമുതൽ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം”
പാവം മൃഗങ്ങളൊക്കെ ഇതെല്ലാം വിശ്വസിച്ചു.  തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത രൂപമായതു കൊണ്ട് ഈ പറഞ്ഞതൊക്കെ വിശ്വസിക്കാനല്ലേ പറ്റൂ… എന്നാൽ യുവാക്കളുടെ നേതാവായ ചെമ്പൻ കരടിയ്ക്ക് മാത്രം ഒരു സംശയം തോന്നി.   കാട്ടിലെ ഏതോ ഒരു മൃഗത്തിന്റെ രൂപസാദൃശ്യം ഇവനില്ലേ…. പക്ഷേ ഈ നിറമാണ് ആകെ കുഴപ്പിക്കുന്നത്…ഏതായാലും അവൻ തൽകാലം മൗനം പാലിച്ചു.
“സിംഹത്തിനെ ഞാൻ എന്റെ പ്രധാനമന്ത്രിയായി നിയമിക്കുന്നു.  രാജാവിന് ആഹാരവും മറ്റുമെത്തിക്കേണ്ട ചുമതല പ്രധാനമന്ത്രിക്കായിരിക്കും”, അമ്പരപ്പും അതൃപ്തിയും ഉണ്ടെങ്കിലും സിംഹത്തിന് ഭയം കാരണം ഇത് അംഗീകരിക്കേണ്ടി വന്നു.  ബിട്ടു മറ്റ് മൃഗങ്ങൾക്കും ഓരോരോ ചുമതലകൾ നൽകി.  ഇതിനിടയിൽ കുറുക്കന്മാരുടെ ഊഴം വന്നു.  തന്റെ വർഗ്ഗത്തിൽ പെട്ട  കുറുക്കന്മാർ   ഈ കാട്ടിൽ കഴിയുന്നത് തന്റെ നില എപ്പോഴെങ്കിലും പരുങ്ങലിലാക്കുമെന്ന് ബിട്ടുവിന് തോന്നി.  “കൗശലക്കാരും കള്ളന്മാരുമായ കുറുക്കന്മാരെ നാം ഈ കാട്ടിൽ നിന്നും പുറത്താക്കുന്നു.  എല്ലാ  മൃഗങ്ങളും കുറുക്കന്മാരെ ഇവിടുന്ന് നാടുകടത്താൻ വേണ്ടത് ചെയ്യണം”. പുതിയ രാജാവിന്റെ കൽപ്പനയല്ലേ. എല്ലാ മൃഗങ്ങളും കൂടി മറ്റ് കുറുക്കന്മാരെയെല്ലാം ആ കാട്ടിൽ നിന്ന് തുരത്തി.  ബിട്ടു ഉള്ളിൽ ഊറി ചിരിച്ചു.  ഇനി തന്റെ നില ഭദ്രമായി. 
ദിവസങ്ങൾ കടന്നുപോയി.  ബിട്ടു കാട്ടിലെ രാജാവായി വിലസി.  സിംഹം വേട്ടയാടി കിട്ടുന്ന ഏറ്റവും നല്ല ഭക്ഷണം ആദ്യം ബിട്ടുവിന് കൊടുക്കും, ബിട്ടു രാജാവ് ഭക്ഷിച്ചതിനുശേഷം മാത്രമേ മറ്റു മൃഗങ്ങൾ ആഹാരം കഴിച്ചിരുന്നുള്ളൂ.  ബിട്ടുവിന് വിശറി വീശാനും ആനയും, പാട്ടുപാടി രസിപ്പിക്കാൻ കുയിലും, സർക്കസ് കാട്ടി സന്തോഷിപ്പിക്കാൻ കുരങ്ങന്മാരും മത്സരിച്ചു.   ഈ സാഹചര്യങ്ങൾ പരമാവധി മുതലെടുത്ത ബിട്ടുവിന് അധികാരം തലയ്ക്ക് പിടിച്ചു.  ക്രമേണ അവൻ അൽപ്പം ക്രൂരനായി മാറി.  തന്നെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തിന്നെന്നു തോന്നുന്നവരെ ശിക്ഷിക്കാനും മറ്റും തുടങ്ങി.  ഇത് മറ്റ് മൃഗങ്ങളിൽ അതൃപ്തിയുണ്ടാക്കി.  അതൃപ്തി ക്രമേണ ദേഷ്യത്തിനും ബിട്ടുവിനെ എങ്ങനെയും ഇല്ലാതാക്കണമെന്ന ചിന്തയിലേക്കും നയിച്ചു.  ബിട്ടു ആരാണെന്ന അജ്ഞതയും ഭയവും  കാരണം ഈ അതൃപ്തി ആരും പുറത്തു കാട്ടിയില്ല.  എങ്കിലും  അവസരം കിട്ടിയാൽ അവനെ കൈകാര്യം ചെയ്യാൻ ചെമ്പൻ കരടിയുടെ നേതൃത്വത്തിലെ യുവനിര തക്കം പാർത്തിരുന്നു. അവർക്ക് പിന്തുണയുമായി കാട്ടിൽ  നിന്ന് പുറത്താക്കപ്പെട്ട കുറുക്കന്മാരും…
അങ്ങനെയിരിക്കെ ഒരു ദിവസം….കാട്ടിലെ മൃഗങ്ങളുടെ അമ്പലത്തിലെ ഉത്സവമായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ്, വയറു നിറയെ ഭക്ഷണമൊക്കെ കഴിച്ച് ബിട്ടു മറ്റ് മൃഗങ്ങൾക്കൊപ്പം ആ വലിയ ആൽമരച്ചുവട്ടിൽ വിശ്രമത്തിലായിരുന്നു.  തങ്ങൾ കൂടി പങ്കെടുത്ത് വിജയിപ്പിച്ചിരുന്ന ഉത്സവത്തിൽ ഭാഗമാകാൻ കഴിയാത്തതിൽ നിരാശരായ കുറുക്കന്മാർ കാടിനു പുറത്ത് കൂട്ടം കൂടി നിന്ന് ഓരിയിട്ട് തങ്ങളുടെ പ്രതിഷേധമറിയിച്ചു.  പാതി മയക്കത്തിലായിരുന്ന ബിട്ടു, വളരെ നാളു കഴിഞ്ഞ് കേൾക്കുന്ന ആ ഓരിയിടലിൽ സ്വയം മറന്നു.  അവൻ ഒന്നും ചിന്തിക്കാതെ തിരികെ ഓരിയിട്ടു….. പെട്ടെന്നു തന്നെ ചെമ്പൻ കരടി വിളിച്ചു പറഞ്ഞു, “ഇവൻ കള്ളനാണ്…. ഇവൻ കുറുക്കനാണ്…. വെറും സാധാരണ കുറുക്കൻ…”, അവന്റെ സംശയം സ്ഥിരീകരിച്ചുകൊണ്ട്  മറ്റു മൃഗങ്ങളും അതിനെ അനുകൂലിച്ചു…


ശരിയാണല്ലോ… സൂക്ഷിച്ചു നോക്കിയപ്പോൾ എല്ലാപേർക്കും അത് ബോധ്യപ്പെട്ടു….കൂടാതെ ബിട്ടുവിന്റെ പല ചേഷ്ഠകളും അവരുടെ സംശയത്തെ ബലപ്പെടുത്തി…. എല്ലാ മൃഗങ്ങളും  കൂടി അവനെ വളഞ്ഞിട്ട് പൊതിരെ തല്ലി….. തല്ലുകൊണ്ട് ആകെ അവശനായ ബിട്ടു എങ്ങനെയോ അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടു…. പിന്നീടവൻ ആ വഴിക്ക് വന്നിട്ടില്ല…
എല്ലാപേരെയും ഒരു ദിവസം വിഡ്ഢിയാക്കാം, അതുപോലെ ഒരാളെ എന്നും വിഡ്ഢിയാക്കാനും പറ്റിയേക്കാം….  പക്ഷേ എല്ലാപേരെയും എന്നും എപ്പോഴും വിഡ്ഢിയാക്കാൻ പറ്റില്ല…. നീലക്കുറുക്കന്റെ കഥ അതല്ലേ പഠിപ്പിക്കുന്നത്….. അല്ലേ കുഞ്ഞുങ്ങളേ….
      എന്റെ എല്ലാ കുഞ്ഞുങ്ങൾക്കും ഐശ്വര്യപൂർണ്ണവും സന്തോഷപൂർണ്ണവുമായ വിഷു ആശംസകൾ…. 
25198 /106

Saturday, March 1, 2014

പ്രതിസന്ധികളെ അവസരങ്ങളാക്കുക...


 എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
  മാർച്ചുമാസമായി എല്ലാരും പരീക്ഷപേടിയിലും തിരക്കിലുമായിരിക്കും അല്ലേ മക്കളേ. ആരും പേടിക്കാതെ മിടുമിടുക്കരായി,  ചെറിയ ചെറിയ വിഷമതകളും പരാജയങ്ങളും കാരണം മനസ്സ് തളരാതെ, നന്നായി പഠിച്ച് എല്ലാരും ഗംഭീരവിജയം നേടണം കേട്ടോ.  പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കേണ്ട ഈ പ്രായത്തിൽ നിങ്ങൾ പരമവധി നന്നായി പഠിച്ചാൽ ഭാവി ജീവിതം വളരെ സുരക്ഷിതവും സന്തോഷപ്രദവും ആയിരിക്കും.  പ്രതിസന്ധികളിൽ തളരാതെ, അവയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.  ഇത്തരത്തിലുള്ള ഒരു കഥയാണ് ഇന്ന് പറഞ്ഞു തരുന്നത്,..കേട്ടോ

താരകൻ രാമപുരത്തെ അറിയപ്പെടുന്ന ധനികനായിരുന്നു.  സകലവിധ കച്ചവടങ്ങളും വ്യവഹാരങ്ങളും മറ്റിടപാടുകളും അയാൾക്ക് ഉണ്ടായിരുന്നു.  തന്റെ കച്ചവടങ്ങൾക്ക് ഭാരം ചുമക്കാൻ കഴുതകളെയും ചരക്കുവണ്ടി വലിക്കാൻ കാളകളെയും നിലമുഴാൻ പോത്തുകളെയും യാത്രാവണ്ടി വലിക്കാൻ കുതിരകളെയും അയാൾ വളർത്തിയിരുന്നു.  ആരോഗ്യമുള്ള കാലം ഈ മിണ്ടാപ്രാണികളെ പരമാവധി ഉപയോഗപ്പെടുത്തിയ ശേഷം അവയുടെ നല്ലകാലം കഴിയുമ്പോൾ നിഷ്കരുണം അവയെ ഉപേക്ഷിക്കുമായിരുന്നു.  പൊട്ടക്കിണറ്റിലും മറ്റും തള്ളിയിട്ട് ഉപേക്ഷിക്കപ്പെട്ട അവ നരകിച്ച് ചാകുമായിരുന്നു.

          താരകന്റെ കുതിരകളിൽ സമർത്ഥനായിരുന്നു രാമു.  ആരോഗ്യവും ഉത്സാഹവും ബുദ്ധിശക്തിയും കൊണ്ട് മറ്റെല്ലാ കുതിരകൾക്കും മേലെയായിരുന്നു അവന്റെ സ്ഥാനം.  താരകന്റെ സ്വന്തം കുതിരവണ്ടി വലിച്ചിരുന്നതും അയാളുടെ തനിച്ചുള്ള സവാരിക്ക് ഉപയോഗിച്ചിരുന്നതും രാമുവിനെത്തന്നെയായിരുന്നു.

          കാലം കടന്നുപോയി.  രാമുവിന് പ്രായം ഏറിവന്നു.  ആരോഗ്യമുള്ള ചെറുപ്പത്തിൽ ചെയ്തിരുന്നതു പോലെയുള്ള കഠിനജോലിയൊന്നും അവനെക്കൊണ്ട് പറ്റാതായി, പഴയ വേഗതയും ഇല്ലാതായി.  കൂടാതെ പുതിയ തലമുറയിൽപ്പെട്ട ചുണക്കുട്ടന്മാരായ കുതിരകൾ വന്നെത്തുക കൂടി ചെയ്തപ്പോൾ താരകൻ രാമുവിനെ അവഗണിക്കാൻ തുടങ്ങി.  ക്രമേണ രാമുവിനെയും, അതിനുമുൻപ് മറ്റ് മൃഗങ്ങളോട് ചെയ്തതുപോലെ എങ്ങനെയും ഉപേക്ഷിക്കാൻ തന്നെ താരകൻ തീരുമാനിച്ചു.  നല്ലകാലത്ത് രാമു ചെയ്ത സേവനമൊന്നും  താരകന്റെ ഈ തീരുമാനത്തിന് മാറ്റമുണ്ടാക്കിയില്ല.  തന്റെ ഭൃത്യന്മാരെ വിളിച്ച്, രാമുവിനെ അയാളുടെ കൃഷിയിടത്തിന്റെ അങ്ങേയറ്റത്ത് ചവറുകളും പാഴ്‌വസ്തുക്കളും കൊണ്ടുചെന്ന് കളയുന്ന പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചു.  എല്ലാവർക്കും പ്രിയങ്കരനായിരുന്ന രാമുവിനെ ഇങ്ങനെ ഉപേക്ഷിക്കുന്നതിൽ ഭൃത്യന്മാർക്കും സങ്കടമായിരുന്നു.  പക്ഷേ എന്തു  ചെയ്യാൻ; താരകന്റെ കൽപ്പനയല്ലേ, അനുസരിക്കാതെ നിവൃത്തിയില്ലല്ലോ.

          ഭൃത്യന്മാർ രാമുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ആ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു.  കിണറിന്റെ ഉൾവശത്ത് പാഴ്ചെടികളും മറ്റും വളർന്നു നിന്നതിനാൽ വീഴ്ചയിൽ രാമുവിന് കാര്യമായ പരുക്കൊന്നും  പറ്റിയില്ല.  പോരാത്തതിന് ഒരുവിധം വിശപ്പടക്കാൻ വേണ്ട  ഇലകളും മറ്റും അതിനുള്ളിൽ നിന്നുതന്നെ കിട്ടുകയും ചെയ്തു.  താരകന്റെ നിർദ്ദേശപ്രകാരം ഭൃത്യന്മാർ എന്നും ആ കിണറ്റിൽ മണ്ണും മറ്റ് പാഴ്‌വസ്തുക്കളും കൊണ്ടുചെന്നിട്ടു.  പൊട്ടക്കിണറ്റിൽ കിടക്കുന്ന മിണ്ടാപ്രാണി ആ മണ്ണിനും ചവറിനും അടിയിൽ പെട്ട് ചത്തുകൊള്ളുമെന്നായിരുന്നു താരകന്റെ കണക്കുകൂട്ടൽ.  ആദ്യമൊക്കെ രാമു ഈ മണ്ണും മറ്റും തന്റെ ദേഹത്ത് വീഴുമ്പോൾ കരഞ്ഞുവിളിക്കുമായിരുന്നു.  പക്ഷേ തന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന തിരിച്ചറിവ്, എങ്ങിനെയും അവിടെനിന്ന് സ്വയം രക്ഷനേടണം എന്ന ചിന്ത അവനിൽ ഉണ്ടാക്കി.  പക്ഷേ എങ്ങിനെ രക്ഷപ്പെടാൻ!!! ഒടുവിൽ രാമു ചിലതൊക്കെ തീരുമാനിച്ചുറച്ചു.  പിന്നെപ്പിന്നെ മണ്ണും മറ്റും കൊണ്ട് ആ കിണറ്റിൽ തള്ളുമ്പോൾ അവൻ കരഞ്ഞില്ല, പ്രതിസന്ധിയിൽ വിലാപം ഒരിക്കലും ഒരു പരിഹാരമാവില്ല എന്നവൻ തിരിച്ചറിഞ്ഞു, പ്രത്യേകിച്ച് തന്നെ രക്ഷിക്കാൻ ആരുമെത്തില്ല എന്ന അവസ്ഥയിൽ…. രാമു, തന്റെ ദേഹത്ത് വീഴുന്ന പാഴ്‌വസ്തുക്കളെ കുടഞ്ഞ് കുടഞ്ഞ് നിലത്തിട്ടു.  രാമുവിന്റെ കരച്ചിൽ കേൾക്കാതായപ്പോൾ അവൻ ചത്തുപോയിക്കാണുമെന്ന് ഭൃത്യന്മാരും കരുതി.  ക്രമേണ, തന്റെ ദേഹത്തു വീണ്, കുടഞ്ഞു നിലത്തിട്ട മണ്ണും ചവറും കൊണ്ടുതന്നെ കിണറിന്റെ ആഴം കുറഞ്ഞുകുറഞ്ഞു വന്നു.  ദിവസങ്ങൾ ക്ഷമയോടെ ആ കിണറിന്റെ ഉൾവശത്തെ പാഴ്ചെടികൾ തിന്നും നാമാത്രമായി കിട്ടുന്ന മഴവെള്ളം കുടിച്ചും അവൻ തള്ളിനീക്കി.  ക്രമേണ അവൻ കിണറിന്റെ കരയ്ക്ക് വളരെ അടുത്തെത്തി.  ഇപ്പോൾ അവൻ മണ്ണും മറ്റുമായി ഭൃത്യന്മാർ വരുന്ന കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ  തന്നെ കിണറിന്റെ ഉൾവശത്ത് ചുമരിനോട് ചേർന്ന് ഒളിച്ചു നിന്നു. 

          അങ്ങനെ അവന്റെ ദിവസവും വന്നെത്തി.  അവശനാണെങ്കിലും സ്വയം കിണറിന്  പുറത്തെത്താൻ തക്ക മണ്ണ് നിറഞ്ഞപ്പോൾ അവൻ വളരെ പരിശ്രമിച്ച് ഒരു രാത്രി കിണറിനു പുറത്തെത്തി.  തന്നെ ജീവനോടെ കണ്ടാൽ താരകൻ എന്തും ചെയ്യാൻ മടിക്കില്ല എന്നറിയാവുന്ന രാമു ജീവനും കൊണ്ട് അടുത്ത ഗ്രാമത്തിലേയ്ക്ക് രക്ഷപ്പെട്ടു. 
          എന്റെ കുഞ്ഞുങ്ങൾക്ക് ഈ ചെറിയ കഥ ഇഷ്ടപ്പെട്ടോ?  പ്രതിസന്ധികൾ എല്ലാവ്ക്കുർക്കും എപ്പോൾ വേണമെങ്കിലും വരാം.  തടസങ്ങളെയും പ്രതിസന്ധികളെയും ഓർത്ത് കരഞ്ഞുകൊണ്ടിരുന്നാൽ  അവയിൽ നിന്ന് കരകയറാനുള്ള അവസരങ്ങളാവും  നമുക്ക് നഷ്ടമാകുക.  ഓരോ പ്രതിസന്ധിയെയും അവസരങ്ങളാക്കി മാറ്റാൻ ശ്രമിക്കുക, നിശ്ചയമായും വിജയം ധീരന്മാർക്കുള്ളതു തന്നെയാണ്.
          അവധിക്കാലം അടിച്ചുപൊളിച്ചു നടക്കാൻ എല്ലാരും തയ്യാറാകുമ്പോഴേക്കും അടുത്ത കഥയുമായി ഞാനും വരാം കേട്ടോ....ആശംസകളും ഒപ്പം പ്രാർഥനയും എല്ലാമക്കൾക്കും...
24418



“If you cry because the sun has gone out of your life, your tears will prevent you from seeing the stars.”


Monday, February 24, 2014

എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം


എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം.

സാഹിത്യഅക്കാദമി ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം. എന്റെ കഥപെട്ടി വായിച്ച മക്കൾ തന്ന പ്രോൽസാഹനമാണ്...
ഒരുപാടു നന്ദി ഒരുപാടു സ്നേഹം എന്റെ കഥപെട്ടി മക്ക‌ളേ.
24171

Saturday, February 1, 2014

വാമദേവന്റെ അറിവും രാമന്റെ കഴിവും…



സ്നേഹമുള്ള കുഞ്ഞുങ്ങളേ,
        വളരെ പണ്ട് നടന്ന ഒരു കഥ പറയട്ടേ….അന്ന്, ഇപ്പോഴത്തെപ്പോലെ യാത്രാ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു.  റോഡുകളും പാലങ്ങളും ഒക്കെ തീരെ ഇല്ല തന്നെ. നദികളുടെ ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ വള്ളങ്ങളെ (വഞ്ചികളെ) ആശ്രയിച്ചേ പറ്റൂ.  നദിക്കരയിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വള്ളം അക്കരെയ്ക്ക് പുറപ്പെടും.  ഈ സ്ഥലങ്ങളെ കടത്ത് എന്നു പറയും; ഈ വള്ളങ്ങളെ കടത്തുവള്ളം (കടത്തുവഞ്ചി) എന്നും കടത്തുവള്ളം തുഴയുന്നയാളെ കടത്തുകാരൻ എന്നും പറയുന്നു. 
        അന്നൊരിക്കൽ  ഗംഗാനദിയിലൂടെ ഒരു കടത്തുവഞ്ചി അക്കരെ കടക്കുകയായിരുന്നു.  രാമൻ എന്ന കടത്തുകാരനും വാമദേവൻ എന്ന ഒരു പണ്ഡിതനും മാത്രമേ വഞ്ചിയിൽ ഉള്ളൂ.  വാമദേവൻ അൽപ്പം അഹങ്കാരം കൂടുതലുള്ള ആളായിരുന്നു.  തന്റെ പാണ്ഡിത്യം (അറിവ്) വെളിവാക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ  വച്ച് തന്നെക്കാൾ അറിവ് കുറവുള്ളവരെ മോശക്കാരായി തരംതാഴ്ത്തിക്കാട്ടാൻ അയാൾ ശ്രമിക്കുമായിരുന്നു.  ഇവിടെയും അതു തന്നെ സംഭവിച്ചു.  തന്റെ പാണ്ഡിത്യം വെളിവാക്കുന്നതിനായി പാവം തോണിക്കാരനോട്  വാമദേവൻ വീമ്പിളക്കിക്കൊണ്ടിരുന്നു.

        “നിങ്ങൾക്ക് വേദാന്തം അറിയാമോ?” വാമദേവൻ രാമനോട് ചോദിച്ചു
        “ഇല്ല, അറിഞ്ഞുകൂട”, വളരെ വിനയത്തോടെ രാമൻ മറുപടി പറഞ്ഞു… രാമനെ അൽപ്പം അവജ്ഞയോടെ നോക്കി വാമദേവൻ തുടർന്നു, “സാംഖ്യവും തത്ത്വശാസ്ത്രവും അറിയാമോ?”
അൽപ്പം നീരസത്തോടെയെങ്കിലും രാമൻ അതും അറിഞ്ഞുകൂടാ എന്ന് പറഞ്ഞു…
“എങ്കിൽ നിന്റെ ജന്മത്തിന്റെ കാൽ ഭാഗം പാഴായി എന്നു കരുതിക്കോളൂ…” വാമദേവൻ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
രാമന് ഈ തരം താഴ്ത്തൽ ഇഷ്ടപ്പെട്ടില്ലെങ്കിലും അത് പുറത്തു കാണിച്ചില്ല… പണ്ഡിതനല്ലേ ഇരിക്കുന്നത്, തന്നെപ്പോലുള്ള ഒരു കടത്തുകാരന് മറുത്തൊന്നും പറയാൻ പാടില്ലല്ലോ….
“അപ്പോൾ പിന്നെ ഉപനിഷത്തുകളും ശാസ്ത്രങ്ങളും ഒന്നും കേട്ടിട്ടുകൂടി ഇല്ലായിരിക്കുമല്ലോ..?” വാമദേവൻ വിടാൻ ഭാവമില്ലായിരുന്നു… രാമൻ അവയൊന്നും തനിക്കറിഞ്ഞുകൂടാ എന്ന് പറഞ്ഞു തുടർന്നു, “പണ്ഡിത ശ്രേഷ്ഠാ, എനിക്കും കുടുംബത്തിനും  അന്നത്തെ ആഹാരത്തിനുള്ളത് എങ്ങനെ ഉണ്ടാക്കാം എന്നതു മാത്രമാണ് ഇപ്പോൾ ചിന്ത, മറ്റൊന്നും എനിക്കറിയില്ല”
“ശാസ്ത്രങ്ങളും ഉപനിഷത്തുകളും അറിയില്ലെന്നോ…. എങ്കിൽ നിന്റെ പാതി ജന്മം പാഴായി എന്ന് കൂട്ടിക്കോളൂ”…വാമദേവൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തുടർന്നു, “നിനക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയാമോ?”….
വളരെ നീരസത്തോടെ രാമൻ തനിക്ക് സംസ്കൃതം വായിക്കാനും എഴുതുവാനും അറിയില്ലെന്ന് പറഞ്ഞു….
“ശുംഭാ, നിന്റെ ആയുസ്സിന്റെ മുക്കാലും പാഴായല്ലോ….. സംസ്കൃതം അറിയില്ല പോലും” വാമദേവൻ രാമനെ കളിയാക്കി പൊട്ടിച്ചിരിച്ചു… രാമൻ തിരിച്ച് ഒരക്ഷരം പോലും മിണ്ടാതെ തന്റെ ജോലി തുടർന്നു.  പെട്ടെന്നാണ് കാറ്റുവീശാൻ തുടങ്ങിയത്… ആദ്യമൊന്നും വലിയ പ്രശ്നമില്ലായിരുന്നെങ്കിലും ക്രമേണ കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു.  കാറ്റിൽ വഞ്ചി ആടിയുലയാൻ തുടങ്ങി.  ഗംഗാനദിയുടെ കുത്തൊഴുക്കിൽ വഞ്ചി മറിയുമെന്ന നില വന്നു.  രാമൻ വഞ്ചി നിയന്ത്രിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു.  പക്ഷേ അതിന് ഒരു ഫലവും കണ്ടില്ല.  പണ്ഡിതനായ വാമദേവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങി.  നദിയിലെ ഇത്തരം പ്രതിഭാസങ്ങൾ കണ്ടു ശീലിച്ച രാമന് അത്ര ഭയമൊന്നും തോന്നിയില്ല. അയാൾക്ക് നീന്തൽ നല്ല വശമായിരുന്നതുകൊണ്ട് അവസാന ശ്രമമെന്ന നിലയ്ക്ക് നിവൃത്തിയില്ലെങ്കിൽ നീന്തി രക്ഷപ്പെടാമല്ലോ…..
ഭയന്നു വിറച്ച വാമദേവനോട് രാമൻ അപ്പോൾ ചോദിച്ചു, “താങ്കൾക്ക് പേടിയാവുന്നോ?”… ഈ കാറ്റും കോളും, പിന്നെ ഗംഗാനദിയുടെ കുത്തൊഴുക്കും, ആർക്കാണ് പേടി വരാത്തത്?  വാമദേവൻ ഭയന്ന് നിലവിളിച്ചു…. രാമൻ വിടാൻ ഭാവമില്ലായിരുന്നു, “അങ്ങേയ്ക്ക് നീന്താനറിയാമോ?”
“എനിക്ക് നീന്താൻ അറിയില്ല, എത്രയും പെട്ടെന്ന് എന്നെ രക്ഷിക്കൂ….” വാമദേവൻ കരഞ്ഞു വിളിച്ചു.
രാമൻ തുടർന്നു, “എനിക്ക് വേദാന്തവും സാംഖ്യവും ഉപനിഷത്തുകളും ശാസ്ത്രവും സംസ്കൃതവും അറിയാത്തത് കൊണ്ട് എന്റെ ജന്മത്തിന്റെ മുക്കാൽ ഭാഗവും പാഴായി എന്ന് അങ്ങ് പറഞ്ഞില്ലേ,  ഇപ്പോൾ നീന്തലറിയാത്തതു കൊണ്ട് താങ്കളുടെ ജന്മം മുഴുവനും പാഴായിപ്പോകുമല്ലോ”… ഇത്രയും പറഞ്ഞ് മറിയുന്ന വഞ്ചിയിൽ നിന്ന് രാമൻ പുഴയിലേയ്ക്ക്  ചാടി.  വാമദേവനും പുഴയിൽ വീണു…. ജീവനു വേണ്ടി കൈകാലിട്ടറിച്ച് കരഞ്ഞു വിളിച്ചു…. സഹതാപം തോന്നിയ രാമൻ വാമദേവനെ പുഴയിൽ നിന്ന് രക്ഷിച്ച് കരയിലെത്തിച്ചു.  അവശനായ വാമദേവനോട് രാമൻ പറഞ്ഞു, “താങ്കളുടെ അറിവ് മാത്രമാണ് ലോകത്ത് എല്ലാത്തിനെക്കാളും വലുതെന്ന അങ്ങയുടെ മനോഭാവം മാറ്റണം, പ്രായോഗിക ജീവിതത്തിൽ പലർക്കും പലപല അറിവുകളാണ് ആവശ്യം”.  രാമന്റെ വാക്കുകൾ കേട്ട് വാമദേവൻ തലകുനിച്ചു.  തന്റെ അറിവ് മാത്രമാണ് എല്ലാത്തിനും മുകളിലെന്ന വാമദേവന്റെ കാഴ്ചപ്പാട് അയാളുടെ ജീവനു തന്നെ ഭീഷണിയായില്ലേ…
നല്ലൊരു സന്ദേശം എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടിയില്ലേ?  ഓരോരുത്തർക്കും അവരവരുടേതായ അറിവുകളും കഴിവുകളും ഉണ്ട്.  തന്റെ കഴിവും അറിവും മാത്രം എല്ലാത്തിനും മുകളിലാണെന്ന് കരുതരുത്.    

kadha | Muziboo






23489/105

Wednesday, January 1, 2014

അന്റോണിയോയുടെയും ഷൈലോക്കിന്റെയും കഥ

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
      പുതുവത്സരം ഒക്കെ ആഘോഷിച്ച് എല്ലാപേരും  ക്രിസ്തുമസ്സ് പരീക്ഷയുടെ മാർക്കൊക്കെ കിട്ടി വളരെ സന്തോഷത്തിലാണല്ലോ.... നമുക്കിന്ന്, വിശ്വപ്രസിദ്ധ കഥാകാരനായ ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ ഒരു ചെറിയ കഥാസന്ദർഭം പരിചയപ്പെടാം, ട്ടോ....
    ഇറ്റലിയിലെ വടക്കുകിഴക്കൻ തുറമുഖനഗരമാണ്  കഥ നടക്കുന്ന വെനീസ്.  വെനീസിലെ ധനികരായ വ്യാപാരികളായിരുന്നു അന്റോണിയോയും ഷൈലോക്കും.  നല്ലവനും കരുണയുള്ളവനുമായ ആളായിരുന്നു അന്റോണിയോ. ധാരാളം ചരക്കു കപ്പലുകൾ ഉണ്ടായിരുന്ന അദ്ദേഹം, പാവങ്ങളെ കൈയയച്ച് സഹായിച്ചിരുന്നു. പലപ്പോഴും പലിശയില്ലാതെ പണം കടം കൊടുക്കുമായിരുന്നു.  എന്നാൽ ഷൈലോക്ക് നേരെ തിരിച്ചായിരുന്നു.  ക്രൂരനും ദുഷ്ടനും, എങ്ങനെയും പണമുണ്ടാക്കുക എന്ന ഏകലക്ഷ്യമുള്ളവനുമായിരുന്നു അയാൾ. തനിക്ക് എന്നും ഭീഷണിയായ  അന്റോണിയോയെ എങ്ങനെയും വകവരുത്താൻ ഒരവസരം കാത്തിരിക്കുകയായിരുന്നു ഷൈലോക്ക്.
    അങ്ങനെയിരിക്കെ ഒരിക്കൽ അന്റോണിയോയുടെ കപ്പലുകൾ ഒന്നൊന്നായി തകർന്നുകൊണ്ടിരുന്നു.  വ്യാപാരം കുറച്ചു നഷ്ടത്തിലുമായി.  എന്നാലും തന്നെ സമീപിക്കുന്നവരെ സഹായിക്കുന്ന പ്രകൃതം അദ്ദേഹം മാറ്റിയില്ല.  അപ്പോഴാണ് തന്റെ സുഹൃത്ത് ബസാനിയോയ്ക്ക് വളരെ അത്യാവശ്യമായി കുറച്ച് പണം വേണ്ടി വന്നത്.  തന്റെ കൈയ്യിൽ അപ്പോൾ പണമില്ലാത്തതിനാൽ ഷൈലോക്കിൽ നിന്നും കുറച്ച് പണം കടം വാങ്ങാൽ അന്റോണിയോ തീരുമാനിച്ചു.  അന്റോണിയോയെ തന്റെ കാൽക്കീഴിൽ കൊണ്ടുവരാൻ തക്കം പാർത്തിരുന്ന ഷൈലോക്കിന് വളരെ സന്തോഷമായി.  ഈ അവസരം നന്നായി ഉപയോഗിക്കാൻ തന്നെ അയാൾ തീരുമാനിച്ചു.
    അന്റോണിയോയ്ക്ക് മൂവായിരം പണം കടം കൊടുക്കാൻ അയാൾ തയാറായി.  പക്ഷേ ഒരു കരാർ; പറഞ്ഞ തുക കൃത്യസമയത്ത് തിരികെ തന്നില്ലെങ്കിൽ അതിനു പിഴയായി അന്റോണിയോയുടെ ശരീരത്തിൽ നിന്ന് ഒരു റാത്തൽ (ഏകദേശം അരക്കിലോ) മാംസം അറുത്തെടുക്കാൻ തനിക്ക് അവകാശമുണ്ട്.  കൂട്ടുകാരന്റെ അത്യാവശ്യം പരിഗണിച്ചപ്പോൾ അന്റോണിയോ അതിനു സമ്മതിച്ചു, മാത്രമല്ല ഈ സംഖ്യ കൃത്യസമയത്ത് തിരികെ കൊടുക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
    പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടേ, തന്റെ കച്ചവടത്തിൽ വീണ്ടും തിരിച്ചടി നേരിട്ട അന്റോണിയോയ്ക്ക് സമയത്തിന് പണം തിരികെ കൊടുക്കാൻ പറ്റിയില്ല.  ഈ അവസരം മുതലാക്കാൻ തീരുമാനിച്ച ഷൈലോക്ക് കോടതിയെ സമീപിച്ച് കരാർ നടപ്പിലാക്കാന്നുള്ള ആവശ്യമുന്നയിച്ചു.  പലരും ഷൈലോക്കിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വാശിയിൽ തന്നെയായിരുന്നു, രാജാവ് പോലും ഇക്കാര്യത്തിൽ നിസ്സഹായനായി.
    തർക്കത്തിൽ വിധി പറയാൻ കോടതിയിലെത്തി.  ഇപ്പോഴാണ് കഥയുടെ ഗതി തന്നെ മാറ്റുന്ന കഥാപാത്രം രംഗത്തെത്തുന്നത്  - അന്റോണിയോ ആർക്കുവേണ്ടിയാണോ കടം വാങ്ങി കെണിയിൽപെട്ടത്, ആ ബസാനിയോയുടെ സുഹൃത്ത്, പോർഷ്യ...  ബുദ്ധിമതിയായ പോർഷ്യ ന്യായാധിപയുടെ വേഷത്തിൽ കോടതിയിലെത്തി.  ഷൈലോക്കിന്റെ ന്യായവാദങ്ങൾക്കൊടുവിൽ പോർഷ്യ കരാർ ഒന്നുകൂടി ഉറക്കെ വായിച്ചു.  നീതി-ന്യായ കോടതിയിൽ ന്യായം മാത്രം ജയിച്ചാൽ പോരല്ലോ, നീതി കൂടി നടപ്പിലാകണ്ടേ?  പോർഷ്യ തന്റെ ബുദ്ധിസാമർത്ഥ്യം ഇവിടെയാണ് ഉപയോഗിച്ചത്. 

വിധിപ്രസ്താവന ശൈലിയിൽ പോർഷ്യ  പറഞ്ഞു, "കരാർ പ്രകാരം കൃത്യസമയത്ത് പണം തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ അന്റോണിയോ ഷൈലോക്കിന് കരാർ പ്രകാരമുള്ള പിഴ നൽകേണ്ടി വരും എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്" എന്നിട്ട് ഷൈലോക്കിനോട്, "മാംസം തൂക്കാൻ ത്രാസ് കൊണ്ടുവന്നിട്ടുണ്ടോ?"
    വളരെ സന്തോഷത്തോടെ ഷൈലോക്ക് തന്റെ പക്കൽ മാംസം തൂക്കി നോക്കാൻ ത്രാസും അത് അറുത്തെടുക്കാൻ കത്തിയുമുണ്ടെന്ന് അറിയിച്ചു.
    "അന്റോണിയോ, നിങ്ങൾക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ?" പോർഷ്യ ചോദിച്ചു.... തനിക്കൊന്നും പറയാനില്ലെന്നും തന്റെ വീഴ്ചയ്ക്ക് കരാർ പ്രകാരമുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  കോടതിയിലുള്ള അന്റോണിയോയുടെ സുഹൃത്തുക്കളും മറ്റും നിശ്ശബ്ദരായി.... എല്ലാ പ്രതീക്ഷയും കെട്ടുപോയിരിക്കുന്നു... നെഞ്ചിൽ നിന്നും ഒരു റാത്തൽ മാംസം എടുത്താൽ അന്റോണിയോയുടെ മരണം തന്നെ ഉറപ്പിക്കാം.... എല്ലാപേരും മൂകരായപ്പോൾ ഷൈലോക്ക് അക്ഷമനായി, "ശിക്ഷ നടപ്പിലാക്കാൻ എന്നെ അനുവദിച്ചാലും"
    എല്ലാപേരുടെയും ശ്രദ്ധ പോർഷ്യയിലായി.  പോർഷ്യ പറഞ്ഞു, "ശരി ന്യായമായും കരാർ പ്രകാരമുള്ള ഒരു റാത്തൽ മാംസത്തിന്  താങ്കൾക്ക് അർഹതയുണ്ട്.  കരാറിൽ പറയുന്ന പ്രകാരമുള്ള മാംസം അന്റോണിയോയുടെ നെഞ്ചിൽ നിന്നും നിങ്ങൾക്കു തന്നെ അറുത്തെടുക്കാം.."  സന്തോഷത്തോടെ കത്തി ഉറയിൽ നിന്നെടുത്ത ഷൈലോക്കിനോട് പോർഷ്യ തുടർന്നു, "കരാർ പ്രകാരം മാംസം മാത്രമേ എടുക്കാവൂ, അത് മുറിച്ചെടുക്കുമ്പോൾ ഒരു തുള്ളി ചോര പോലും വീഴരുത്, അതിന് നിങ്ങൾക്ക് അർഹതയില്ല.  ഒരു തുള്ളി  ചോരയെങ്കിലും വീണാൽ വെനീസിലെ നിയമമനുസരിച്ച് താങ്കളുടെ സകല വസ്തുവകകളും സർക്കാർ ഖജനാവിലേയ്ക്ക് കണ്ടുകെട്ടും....... താങ്കൾക്ക് ശിക്ഷ നടപ്പിലാക്കാം...."
    പോർഷ്യയുടെ വിധിപ്രസ്താവ്യം കേട്ട് ഷൈലോക്ക് നടുങ്ങി, കേട്ടിരുന്ന സദസ്യർക്ക് പെട്ടെന്ന് ശ്വാസം വീണതുപോലെ..... ഏതറ്റം വരെ പോകാനും മടിക്കാത്ത ഷൈലോക്ക് പിന്നെയും നിരവധി വാദമുഖങ്ങൾ നിരത്തിയെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല.... ഒടുവിൽ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് ഷൈലോക്ക് നല്ലവനാകാൻ തീരുമാനിച്ചു.
    കൂട്ടുകാർക്ക് കഥ ഇഷ്ടപ്പെട്ടോ? കോടതികൾ ന്യായങ്ങൾ പരിഗണിക്കുന്നതിനൊപ്പം, അർഹതയുള്ള കാര്യങ്ങളിൽ നീതിയ്ക്ക് മുൻതൂക്കം നൽകണം, അല്ലേ.... വേറൊരു കഥയുമായി വീണ്ടും വരാം.... എല്ലാവർക്കും ഒരിക്കൽക്കൂടി പുതുവൽസര ആശംസകൾ...