Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, September 14, 2013

പൂക്കളം തേടിയ ദേവപാദങ്ങൾ

എന്തായി കുഞ്ഞുങ്ങളേ ഓണമൊക്കെ.കളികളൊക്കെ തുടങ്ങിയോ എല്ലാരും?പുതിയ ഉടുപ്പുകളൊക്കെ കിട്ടിയോ എല്ലാർക്കും?അപ്പോൾ എല്ലാവരും ഗംഭീരമായി ഓണം ആഘോഷിക്കൂ.ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു.


                                                           കർക്കിടകമഴയിൽ തണുത്തുവിറച്ചുനിന്ന ചെടികൾക്കെല്ലാം ചിങ്ങവെയിൽ തട്ടിയപ്പോൾ പൂത്തുലയാൻ തിടുക്കമായതു കണ്ടില്ലേ? ഓണക്കാലമായി. പൂനുള്ളാൻ, പൂക്കളമൊരുക്കാൻ,  കുട്ടികളെത്താറായി. തനിക്ക് താങ്ങാവുന്നതിലുമധികം കുടങ്ങളിൽ വെളുത്ത തരിമൊട്ടുകൾ നിറച്ചു ദേവപാദങ്ങൾ പോലുള്ള പൂക്കളെ വിടർത്താനായി ആ ചെടിയും ഒരുങ്ങി നിന്നു. മഴച്ചാറ്റലുകൾ കുളിപ്പിച്ചും ഓണവെയിലവയെ തോർത്തിച്ചും ഓണത്തുമ്പികൾ ചുറ്റിലും താരാട്ടുപാടിയും പറക്കുമ്പോൾ ദേവപാദപ്പൂക്കളൊന്നൊന്നായി വിടർത്തി ആ തുമ്പച്ചെടി ഓണപൂക്കളങ്ങൾക്കായി കാത്തുനിന്നു. അമ്മച്ചെടിയിൽനിന്ന് ഓണവും, അത്തപ്പൂക്കളവും, അവിടെ തുമ്പപ്പൂക്കൾക്കുള്ള സ്ഥാനവും ഒക്കെ കേട്ടുകേട്ട് പൂക്കളെല്ലാം കാത്തുകാത്തു നിന്നു....അത്തം വരവിനായി, ഓണക്കാലത്തിനായി.

 അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം...വയ്യ, ഇനി കാത്തിരിക്കാൻ വയ്യ... ഓണം വന്നോണം വന്നോണം വന്നേ....എന്ന് നാടായ നാടുമുഴുവനും പാടിപ്പറന്നു വന്ന് തനിക്കുചുറ്റും നൃത്തം വയ്ക്കുന്ന ഓണത്തുമ്പിയോട് തുമ്പച്ചെടി ആകാംക്ഷയോടെ ചോദിച്ചു, "ഇത്തവണ ഓണപ്പൂക്കളങ്ങൾ ഇല്ലേ....ആരുമീ വഴി വന്നില്ലല്ലോ എന്റെ തുമ്പപ്പൂക്കളെ നുള്ളാൻ...."
                                                            ഓണത്തുമ്പി പറഞ്ഞു, “ഉണ്ടല്ലോ ഉണ്ടല്ലോ നാടായനാടു നിറയേ പൂക്കളങ്ങൾ ഞാൻ കണ്ടല്ലോ. …. വഴിയോരങ്ങളിൽ, സ്ക്കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, നോക്കുന്നിടങ്ങളിലെല്ലാം പൂക്കളങ്ങൾ തിങ്ങിനിറഞ്ഞിരിക്കയാണല്ലോ"
 തുമ്പച്ചെടി ചോദിച്ചു, “ആ പൂക്കളങ്ങളെ കാണാൻ എന്റെ ഒരു പൂവിനെ നീ കൊണ്ടുപോകുമോ തുമ്പീ?”ആ തുമ്പിച്ചിറകിലേറി തുമ്പപ്പൂവ് പൂക്കളങ്ങളായ പൂക്കളങ്ങൾ ഒരുപാടുകണ്ടു. "അവിശ്വസനീയം ഈ പുഷ്പപ്രപഞ്ചം!!!” ഏറ്റവും മനോഹരം എന്നുതോന്നിയ ഒരു പൂക്കളത്തിനരുകിലെത്തിയ തുമ്പപ്പൂ ആ പൂക്കളത്തിനോടു ചോദിച്ചു, “ഞാനും കൂടി ഈ കളത്തിലൊന്നിരുന്നോ

                                                             അതുകേട്ട് ആ പൂക്കളം ഞെട്ടിപ്പോയി. തന്റെകൂടെയെങ്ങാനും ഈ പീക്രിപ്പൂവ് കയറിയിരുന്നാലോ എന്നുപേടിച്ച് ആ പൂക്കളം തുമ്പപ്പൂവിനോട് പറഞ്ഞു, "എന്ത് മണ്ടത്തരമാ കുരുന്നുപൂവേ നീ ചോദിച്ചത് ? കണ്ടില്ലേ നൂറുകണക്കിനു പൂക്കളങ്ങളിവിടെ നിരന്നിരിക്കുന്നത്...? ഇത് മത്സരവേദിയാണ്...എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണിതൊക്കെ എന്നറിയാമോ? ഇപ്പോൾ പരിശോധകർ വന്ന് മാർക്കിടും... ആർക്കുമറിയാത്ത, ആരും കാണാത്ത നിന്നെപ്പോലെയുള്ള ഒരു പന്നപ്പൂവ് എന്റെ കൂടെയിരുന്നാൽ...ആ ഒറ്റക്കാര്യം കൊണ്ട് ഒന്നാം സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന ഞാൻ മത്സരത്തിൽ നിന്ന് പുറംതള്ളപ്പെടും. പോ..പോ...ദൂരെപ്പോ..." വിങ്ങുന്ന, നാണംകെട്ടമനസ്സുമായി തുമ്പപ്പൂ ഒരുപാട് പൂക്കളങ്ങളിൽ കയറിയിറങ്ങി. മത്സരബുദ്ധിയോടെ നിൽക്കുന്ന പൂക്കളങ്ങൾക്കൊന്നും തുമ്പപ്പൂ എന്നൊരു പൂവിനെക്കുറിച്ച് അറിയുകപോലും ഇല്ലായിരുന്നു. എല്ലാ പൂക്കളങ്ങളും ആ തുമ്പപ്പൂവിനെ ആട്ടിയാട്ടി ഓടിച്ചു. നിറം കൊടുത്ത പഴകിയ തേങ്ങാപ്പീരയുടെയും ഉപ്പുപരലുകളുടെയും, തമിഴ്ക്കൂടകളിലിരുന്ന് വാടിയ, അരിഞ്ഞുകൂട്ടിയ പൂവിന്റെയും, പൂക്കളങ്ങൾക്കു ജീവൻ കൊടുക്കുന്ന കീടനാശിനിയുടെയും നാറ്റം സഹിക്കവയ്യാതെ, തൂവെള്ള തുമ്പപ്പൂ ആ  പൂക്കളങ്ങളിൽ സ്ഥാനം കിട്ടാത്തത് നന്നായി എന്ന് മനസ്സിലാക്കി  തിരികെ തുമ്പിച്ചിറകിലേറി തുമ്പച്ചെടിയുടെ അടുത്തെത്തി. അമ്മച്ചെടിയോടും സഹോദരപ്പൂക്കളോടും കണ്ടതും നടന്നതും നാണംകെട്ടതും നാറിയതും കഥകൾ വിവരിക്കവേ അവർക്കരികിൽ ഒരു വെള്ളിക്കൊലുസ്സിന്റെ കിലുക്കം...കൂട്ടത്തിൽ മണികിലുങ്ങും പോലെയൊരു ചോദ്യവും, “തുമ്പച്ചെടിയേ...ഞാൻ നിന്റെ ദേവപാദപ്പൂക്കളെ നുള്ളട്ടേ...?” 

                                                              ദിവസങ്ങളായി കാത്തിരുന്ന കാര്യം ആ കുഞ്ഞിനാവിൽനിന്നു കേട്ട് അതിശയംകൊണ്ടും സന്തോഷംകൊണ്ടും  തുമ്പച്ചെടിയും അതിലെ പൂക്കളും ആടിയുലഞ്ഞങ്ങു പൊട്ടിച്ചിരിച്ചു.. എന്നിട്ട് തുമ്പച്ചെടി ചോദിച്ചു, “മക്കളേ, എന്റെ തങ്കമേ, പൂനുള്ളാൻ അനുവാദം ചോദിക്കുന്ന നിന്റെ, ആ കുഞ്ഞിക്കൈകൾ എന്റെ തുമ്പപ്പൂക്കളേ എന്നിൽ നിന്ന് നുള്ളിയെടുത്ത് എന്തു ചെയ്യും?”
                                                               തങ്കക്കുട്ടി പറഞ്ഞു, “എന്റെ വീട്ടിൽ മണമില്ലാത്ത, പറിക്കാൻ പാടില്ലാത്ത ഒരുപാട് പൂക്കളും, ഒരിക്കലും പൂക്കാത്ത ഒരുപാട് ചെടികളും ഉണ്ട്. ഒരു പൂവിതൾ താഴത്തു വീണാൽ നിലംവൃത്തികേടായല്ലോ എന്നു പറയുന്ന അച്ഛനുംഅമ്മയും പൂക്കളേ മത്സരപ്പിക്കാൻ പോയിരിക്കുകയാണ്. എനിക്കും വേണം ഒരു പൂക്കളം...മത്സരിക്കാനറിയാത്ത ,സ്നേഹിക്കുന്ന, ചിരിക്കുന്ന,പാടുന്ന, ആടുന്ന, പൂവുകളാൽ തീർക്കുന്ന പൂക്കളം..” എന്നു പറഞ്ഞ് ആ കുട്ടി തന്റെ ഉടുപ്പിന്റെ മടക്ക് നിവർത്തി തുമ്പച്ചെടിയുടെ മുന്നിലേയ്ക്കിട്ടു. നിറമുള്ള, മണമുള്ള, ഗുണമുള്ള പൂക്കൾ....മുല്ലപ്പു, പിച്ചിപ്പൂ,പനിനീർപ്പൂ, മുക്കുറ്റി, തൊട്ടാവാടി, കദളി, കോളാമ്പിപ്പൂ, ശംഖുപുഷ്പം, ചെമ്പരത്തി, നന്ത്യാർവട്ടം, ഗന്ധരാജൻ, സുഗന്ധറാണി, ചെമ്പകം, അരളി, ചെത്തിപ്പൂക്കൾ, പവിഴമല്ലി, വിഷ്ണുക്രാന്തി, കാക്കപ്പൂവ്, പൂച്ചെടിപ്പൂവ്, കമ്മൽപ്പൂവ്, കദളിപ്പൂവ്, കാശിത്തെറ്റി, പലതരം പച്ചക്കറിപ്പൂക്കൾ പേരറിയാത്ത ഒരുപാട് കാട്ടുപൂക്കൾ അങ്ങനെയങ്ങനെ തനിക്ക് ചുറ്റിലും പൂക്കളം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഒരുപാടൊരുപാട് പൂക്കളെ കൊണ്ട് ആ കുഞ്ഞിക്കൈകൾ തുമ്പച്ചെടിയുടെ മുൻപിൽ തീർത്ത പൂക്കളത്തിന്റെ ഒത്തനടുവിലേയ്ക്ക് തന്നിൽ നിന്ന് അടർത്തിയെടുത്ത തുമ്പപ്പൂക്കളെയും വച്ചു. മോക്ഷം കിട്ടിയ സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ, ചിരിക്കുന്ന പൂക്കളെക്കണ്ട് തുള്ളിക്കളിക്കുന്ന ആ തങ്കക്കുടത്തിനെ ചുറ്റി അവളിട്ട പൂക്കളത്തിനുമേൽ ഓണത്തുമ്പികൾ കൂട്ടത്തോടെ ആടിപ്പാടിപ്പാറിത്തകർത്തു.

                     ഓണംവന്നോണംവന്നോണംവന്നേ
                     പൂക്കളാൽ തീർത്തൊരു പൂക്കളം കണ്ടേ
                     പൂക്കളം തേടിയാ തുമ്പമലരിനും
                     പൂക്കളാൽ തീർത്തൊരു പൂക്കളം കിട്ടി
                     പൂക്കളം കാണാനായി ഓടിവായോ
                     എന്റെ കഥപെട്ടികുട്ടികൾ ഓടിവായോ
                     എന്റെ തുമ്പപ്പു കുട്ടികളോടിവായോ
      ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ  നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ,  സന്തോഷത്താൽ ഈറനണിഞ്ഞ കണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു  പൂക്കളം സമർപ്പിക്കുന്നു.
സമയം കിട്ടുമ്പോൾ എന്റെ കുഞ്ഞുങ്ങൾ  ചുറ്റിലും കാണുന്ന നമ്മുടെ നാട്ടുപൂക്കളേ കാണണം പരിചയപ്പെടണം അവയെ സ്നേഹിക്കണം.
                എല്ലാപേർക്കും കഥപെട്ടിയുടെ ഓണാശംസകൾ....














Friday, August 2, 2013

സത്യസന്ധനായ വിറകുവെട്ടുകാരന്റെ കഥ...



എന്റെ സ്നേഹമുള്ള കുഞ്ഞുങ്ങളേ,  ഒരു മാസം വളരെ പെട്ടെന്ന് കടന്ന് പോയതുപോലെ തോന്നുന്നു.  ഇത്തവണ നമുക്ക് സത്യസന്ധനായ ഒരു വിറകുവെട്ടുകാരന്റെ കഥ കേൾക്കാം, കേട്ടോ…
ഒരിടത്തൊരിടത്ത് ദാമു എന്ന പേരായ ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു.  ദാമു വളരെ സത്യസന്ധനും അധ്വാനിയും ആയിരുന്നു.  അയാൾ ദിവസവും വനത്തിൽ പോയി വിറകുവെട്ടി ഉപജീവനം നടത്തിയിരുന്നു.  ഒരു ദിവസം ഒരു പുഴയുടെ കരയിൽ വിറകുവെട്ടിക്കൊണ്ട് നിനൽപ്പോൾ അബദ്ധത്തിൽ ദാമുവിന്റെ കൈയ്യിൽ നിന്ന് മരം വെട്ടുന്ന മഴു തെറിച്ച് പുഴയിലേയ്ക്ക് വീണു.   പുഴയ്ക്ക് നല്ല ആഴം ഉണ്ടായിരുന്നതിനാലും, ദാമുവിന് നീന്തൽ വശമില്ലായിരുന്നതിനാലും ആ മഴു വീണ്ടെടുക്കാനാകാതെ അയാൾ വിഷമിച്ചു.  ഇന്ന് തന്റെ വീട് പട്ടിണിയാകുമല്ലോ എന്ന് അയാൾ ഭയന്നു.  ദാമു ആ പുഴക്കരയിലിരുന്ന് കരയാൻ തുടങ്ങി. 
ദാമുവിന്റെ  സങ്കടം കണ്ട്  പുഴയിൽ നിന്ന് ഒരു ദേവത  ഉയർന്നു വന്നു.  ദേവത ദാമുവിനോട് എന്താണ് ദു:ഖിച്ചിരിക്കുന്നതെന്ന ചോദിച്ചു.  ദാമു  നടന്നത് മുഴുവൻ പറഞ്ഞു, പണിയായുധം നഷ്ടപ്പെട്ടാൽ വീട്ടിലെ സ്ഥിതി ദയനീയമാകുന്നതും വിവരിച്ചു.  ദേവത ഉടൻ  തന്നെ പുഴയുടെ ആഴത്തിലേയ്ക്ക് മറഞ്ഞു.   അല്പസമയത്തിനകം കൈയ്യിൽ ഒരു സ്വർണ്ണത്തിലെ മഴുയുമായി പ്രത്യക്ഷപ്പെട്ടു.  ദേവത ആ സ്വർണ്ണ മഴു ദാമുവിനുനേരെ നീട്ടി, “ഇതാണോ നിന്റെ മഴു?” ദേവത ചോദിച്ചു.  സത്യസന്ധനായ ദാമു തന്റെ മഴു ഇതല്ല എന്ന് അറിയിച്ചു. ദേവത വീണ്ടും പുഴയുടെ ആഴത്തിലേയ്ക്ക് ഊളിയിട്ടു.  അൽപസമത്തിനകം ഒരു വെള്ളി മഴുയുമായി തിരികെ  എത്തി അത് ദാമുവിന്റെ നേർക്ക് നീട്ടിയിട്ട് ഇതാണോ തന്റെ മഴു എന്ന് ചോദിച്ചു.  ദാമു ശ്രദ്ധയോടെ നോക്കിയിട്ട് ഇതും തന്റെ നഷ്ടപ്പെട്ട മഴുയല്ലെന്ന് അറിയിച്ചു.
വീണ്ടും ദേവത പുഴയുടെ ഉള്ളിലേയ്ക്ക് മറഞ്ഞു.  ഇപ്രാവശ്യം ദാമുവിന്റെ യഥാർത്ഥത്തിലുള്ള മഴുയുമായി തിരികെയെത്തി, ദാമുവിന്റെ നേർക്ക് നീട്ടി.  ദാമുവിന് തന്റെ മഴു കണ്ടയുടനെ തന്നെ മനസ്സിലായി.  “ഇതു തന്നെ എന്റെ മഴു”, ദാമു സന്തോഷത്തോടെ പറഞ്ഞു.  ദാമുവിന്റെ സത്യസന്ധതയിൽ സന്തുഷ്ടയായ ദേവത ദാമുവിന്റെ സ്വന്തം  മഴുക്കു  പുറമേ ആ സ്വർണ്ണമഴുയും വെള്ളി മഴുയും  കൂടി അവനു നൽകി അവനെ അനുഗ്രഹിച്ച് മടങ്ങി. 
ദാമുവിന് ഇത്തരത്തിൽ അനുഗ്രഹം കിട്ടിയ വിവരം ആ കൊച്ചു ഗ്രാമത്തിൽ പെട്ടെന്ന് തന്നെ പരന്നു.  എല്ലാപേരും കൂടി ദാമുവിന്റെ ഈ സന്തോഷം ആഘോഷത്തോടെ പങ്കുവച്ചു.  ഇതെല്ലാം കേട്ടു നിന്ന മടിയനും അലസനുമായ രാമു, പെട്ടെന്ന് കാശുണ്ടാക്കാനുള്ള വഴിയായി ഇതിനെ കണ്ടു.  രാമു, തന്റെ വീടിനു മുന്നിലെ കുറച്ച് മരച്ചില്ലകൾ വെട്ടിവിറ്റ് ഒരു  ഇരുമ്പ് മഴു വാങ്ങി.  ദാമുവിന്റെ മഴു വീണ പുഴയുടെ വക്കിലെത്തി  വിറകുവെട്ട് ആരംഭിച്ചു.  എത്ര ശ്രമിച്ചിട്ടും  മഴു വെള്ളത്തിൽ പോയില്ല.  രാമു ക്ഷമകെട്ട്  തന്റെ കൈയ്യിലിരുന്ന മഴു പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞു.  തുടർന്ന് പുഴക്കരയിൽ കുത്തിയിരുന്ന് കരയാൻ തുടങ്ങി.   ഒരുപാട് നേരം കാത്തിരുന്നതിനൊടുവിൽ ദേവത പ്രത്യക്ഷപ്പെട്ടു.  രാമുവിനോട് കാര്യങ്ങൾ അന്വേഷിച്ചു.  രാമു, തന്റെ ഏക വരുമാനമാർഗ്ഗമായ പണിയായുധം പുഴയിൽ വീണെന്ന് പറഞ്ഞു.  ദേവത ഒരു പുഞ്ചിരിയോടെ പുഴയുടെ അടിത്തട്ടിലേയ്ക്ക് മറഞ്ഞു.  രാമു ആർത്തിയോടെ കാത്തിരുന്നു.  ദേവത രാമു പുഴയിലെറിഞ്ഞ മഴുവുമായി പ്രത്യക്ഷപ്പെട്ട്, രാമുവിനു നേരെ നീട്ടി. “ഇതല്ലേ നിന്റെ പണിയായുധം?”  തന്റെ സ്വന്തം ഇരുമ്പ് മഴു കണ്ടിട്ടും അത്യാഗ്രഹിയായ രാമു അത് തന്റെതല്ല എന്ന് പറഞ്ഞ് തലയാട്ടി നിന്നു.  ദേവത വീണ്ടും പുഴയിലേയ്ക്ക് മറഞ്ഞ് കൈയ്യിൽ ഒരു വെള്ളി മഴുവുമായി തിരിച്ചെത്തി.  ഇതും രാമു നിഷേധിച്ചു.  അവന്റെ മനസ്സിൽ ദാമുവിന് കിട്ടിയ സ്വർണ്ണമഴുവായിരുന്നു.  ദേവത വീണ്ടും പുഴയിലേയ്ക്ക് മറഞ്ഞ് ഒരു സ്വർണ്ണ മഴുവുമായി പ്രത്യക്ഷപ്പെട്ടു.  ഇത് കണ്ടപാടെ രാമു, അത് തന്റെ മഴുവാണെന്ന് പറഞ്ഞ് ചാടിവീണു.  ദേവത ഒരു പുഞ്ചിരിയോടെ ആ മൂന്ന് മഴുവുമായി പുഴയ്ക്കുള്ളിലേയ്ക്ക് മറഞ്ഞു.  രാമുവിന് തന്റെ കൈയ്യിലിരുന്ന മഴുവും നഷ്ടപ്പെട്ടു.  ഉടൻ തന്നെ ഒരശരീരിയും കേട്ടു…. “അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും… കളവൊക്കെ നിർത്തി നീ അധ്വാനിച്ച് ജീവിക്കാൻ പഠിക്കൂ..”
എന്റെ കുഞ്ഞു കൂട്ടുകാർക്ക് ഇപ്പോൾ നല്ല ഒരു സന്ദേശം കിട്ടിയില്ലേ?  സത്യസന്ധത എന്നും നന്മ മാത്രമേ നൽകൂ… അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും”… ശരിയല്ലേ കുഞ്ഞുങ്ങളേ?

Tuesday, July 2, 2013

തൊപ്പി കച്ചവടക്കാരനും കുരങ്ങന്മാരും.....



സ്നേഹമുള്ള എന്റെ കുഞ്ഞുങ്ങളേ,
        സ്ക്കൂൾ തുറന്ന് പഠനത്തിൽ മുഴുകിയിരിക്കുകയാണല്ലേ എല്ലാപേരും… ഇത്തവണ നമുക്ക് ഒരു ചെറിയ കഥ കേൾക്കാം അല്ലേ…
        പണ്ടു പണ്ടൊരു ഗ്രാമത്തിൽ രാമു എന്നു പേരായ തൊപ്പികച്ചവടക്കാരൻ ഉണ്ടായിരുന്നു.  എന്നും രാവിലെ ഒരു കൊട്ട നിറയെ തൊപ്പികളുമായി രാമു കച്ചവടത്തിനിറങ്ങും.  നാടായ നാടൊക്കെ ചുറ്റിത്തിരിഞ്ഞ് തൊപ്പിയെല്ലാം വിറ്റ് വൈകിട്ടാകുമ്പോൾ വീട്ടിലെത്തും.

        ഒരുക്കൽ ഒരു വേനൽക്കാലത്ത്, നടന്നു നടന്ന് ക്ഷീണിച്ച രാമു ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു.  തൊപ്പികൾ നിറച്ച കൊട്ട അരികിൽ  വച്ച്, ഒരു തൊപ്പി തന്റെ തലയിൽ തന്നെ വച്ച് അയാൾ മരത്തിൽ ചാരി ഇരുന്നു.   നല്ല ക്ഷീണമുള്ളതിനാലും ആൽമരത്തിന്റെ തണലിൽ ചെറുകാറ്റുണ്ടായിരുന്നതിനാലും രാമു പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.
        മരത്തിനു മുകളിൽ ഒരു പറ്റം കുരങ്ങന്മാർ തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്നത് രാമു ശ്രദ്ധിച്ചില്ല.  രാമു മയക്കത്തിലായതോടെ കുരങ്ങന്മാർ ഓരോരുത്തരായി താഴെ ഇറങ്ങി വന്നു.  നാം ചെയ്യുന്ന കാര്യങ്ങൾ അതേപടി അനുകരിക്കുന്നത് കുരങ്ങന്മാരുടെ ശീലമാണല്ലോ.  അവർ തൊപ്പിയും തലയിൽ വച്ച് ഇരിക്കുന്ന രാമുവിനെ കണ്ട് അതുപോലെ അനുകരിക്കാൻ ശ്രമിച്ചു.  അത്, രാമുവിന്റെ കൊട്ടയിലെ തൊപ്പികൾ വച്ചായിരുന്നെന്നു മാത്രം.  അവർ തൊപ്പിയൊക്കെ എടുത്ത് തലയിൽ വച്ച് സന്തോഷത്തോടെ ബഹളം വയ്ക്കാൻ തുടങ്ങി. 

ശബ്ദം കേട്ട് രാമു പെട്ടെന്ന് ഉണർന്നു.  തന്റെ കൊട്ടയിലെ തൊപ്പിയെല്ലാം കുരങ്ങന്മാർ എടുത്ത് തലയിൽ വച്ചിരിക്കുന്നത് കണ്ട് രാമു ചാടിയെണീറ്റു.  ഉടൻ തന്നെ കുരങ്ങന്മാർ എല്ലാപേരും ഉയരമുള്ള മരത്തിന്റെ മുകളിലേയ്ക്ക്  ചാടിക്കയറി പോയി.  രാമു ആകെ വിഷമത്തിലായി.  കൊട്ടയിലുണ്ടായിരുന്ന തൊപ്പികളെല്ലാം തന്നെ കുരങ്ങന്മാർ കൊണ്ടു പോയി.  തന്റെ തലയിൽ വച്ചിരുന്നത് മാത്രം അവശേഷിക്കുന്നു.  കുരങ്ങന്മാർ തന്നെ പോലെ  തൊപ്പി വച്ച് മുകളിലിരുന്ന് രസിക്കുന്നു.  എങ്ങനെ ഇവന്മാരിൽ നിന്ന് തൊപ്പി തിരികെ വാങ്ങും.. രാമു പല വഴികളും  നോക്കി. രാമു കുരങ്ങന്മാരെ നോക്കി കൈ കൊണ്ട് വിരട്ടുന്നതു പോലെ ഉള്ള  ആംഗ്യം കാണിച്ചു.  കുരങ്ങന്മാർ തിരികെ അതു പോലെ ആംഗ്യം കാട്ടിയതല്ലാതെ തൊപ്പികൾ തിരികെ കൊടുത്തില്ല.  തറയിൽ കിടന്ന്  ഒരു ചെറിയ മരച്ചില്ല എടുത്ത് രാമു കുരങ്ങന്മാരെ എറിഞ്ഞു.  കുരങ്ങന്മാർ തൊപ്പി തിരികെ കൊടുത്തില്ല, പകരം ആ മരത്തിൽ നിന്ന് ചില്ലകൾ പൊട്ടിച്ചെടുത്ത് അവർ രാമുവിനെ തിരികെ എറിഞ്ഞു.
പെട്ടെന്ന് രാമുവിന് ഒരു ബുദ്ധി തോന്നി.  താൻ ചെയ്യുന്നതെല്ലാം ഇവന്മാർ അനുകരിക്കുകയാണല്ലോ…  രാമു തന്റെ തലയിൽ നിന്ന് തൊപ്പി ഊരി കുരങ്ങന്മാർക്കു നേരെ എറിഞ്ഞു.  രാമു കാണിച്ചതൊക്കെ അനുകരിച്ചു കൊണ്ടിരുന്ന കുരങ്ങന്മാർ തങ്ങളുടെ തലയിലിരുന്ന തൊപ്പികൾ എല്ലാം എടുത്ത് രാമുവിനെ തിരികെ എറിഞ്ഞു…. പെട്ടെന്നു തന്നെ  രാമു തൊപ്പികളെല്ലാം പെറുക്കിക്കൂട്ടി തന്റെ കൊട്ടയിലാക്കി സ്ഥലം വിട്ടു.
പെട്ടെന്ന് തോന്നിയ ബുദ്ധിയും, നിരീക്ഷണവും രാമുവിന് തുണയായി.  ബുദ്ധിയോടൊപ്പം  നല്ല നിരീക്ഷണവും  പല അവസരങ്ങളിലും നമുക്ക് തുണയാകും…. അല്ലേ കുഞ്ഞുങ്ങളേ…. എന്റെ കുഞ്ഞുങ്ങൾക്ക് കഥ ഇഷ്ടമായോ?   മറ്റൊരു കഥയുമായി വേഗം വരാം…ട്ടോ…

Saturday, June 1, 2013

ആട്ടിൻ തോലിട്ട ചെന്നായ....

സ്നേഹമുള്ള കുഞ്ഞുങ്ങളേ….  വേനലവധിയൊക്കെ കഴിഞ്ഞ് സ്ക്കൂൾ തുറന്ന് എല്ലാപേരും തിരക്കിലായി അല്ലേ…. ഇന്ന് നമുക്ക് ഒരു കുഞ്ഞ് കഥ കേൾക്കാം, ട്ടോ….

ഒരിടത്തൊരിടത്ത് പണ്ട് പണ്ട് പണ്ട് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു.  ദിവസവും അയാൾ ആടുകളെ അടുത്തുള്ള കുന്നിൻ ചരുവിൽ മേയാൻ വിടുമായിരുന്നു.  ആടിന്റെ പാലിനു പുറമേ ആടിന്റെ മാസവും അയാൾ കച്ചവടം നടത്തിയിരുന്നു. 
        ഒരു ദിവസം രാത്രി അയാൾ ആടുകളെ  പാർപ്പിച്ചിരുന്ന സ്ഥലത്തേയ്ക്ക് ഒരു വയസ്സൻ ചെന്നായ വന്നെത്തി.  അവന് മറ്റ് മൃഗങ്ങളെ നേരിട്ട് വേട്ടയാടി പിടിക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു.   ചെറുതും വലുതുമായ  ഇത്രേം ആടുകളെ കണ്ടപ്പോൾ ചെന്നായയുടെ വായിൽ വെള്ളമൂറി.  എങ്ങനെയെങ്കിലും സ്ഥിരമായി ഇവരുടെ ഇടയിൽ കടന്നു കൂടണം… ഭക്ഷണം കുശാലാക്കണം… അതിനായി അവൻ തലപുകഞ്ഞാലോചിച്ചു….

        ആട്ടിടയന്റെ വീട്ടിൽ ഒരു ദിവസം കുറെ വിരുന്നുകാരുണ്ടായിരുന്നു.  അന്ന് രണ്ട് ആടുകളെ ഇടയൻ കശാപ്പ് ചെയ്തു.  അവയുടെ തോൽ വീടിന്റെ പുറകിൽ കൊണ്ടിട്ടു.  ചെന്നായ്ക്ക് അത് കണ്ടപ്പോൾ ഒരുപായം തോന്നി.  അവൻ അതിലൊരു ആടിന്റെ തോൽ എടുത്ത് ഉടുപ്പ് പോലെ അണിഞ്ഞു നോക്കി.  ഒറ്റ നോട്ടത്തിൽ അവൻ ഒരു ആട് തന്നെയാണെന്നേ തോന്നൂ… ചെന്നായ ആട്ടിൻ കൂട്ടത്തിനിടയിൽ കൂടി.
        ആടുകൾ മലഞ്ചരിവിൽ മേയാൻ പോകുമ്പോൾ അവനും കൂടി പോകും… കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകുന്ന ആട്ടിൻ കുട്ടിയെ അവൻ ആരും കാണാതെ കൊല്ലും.  മലഞ്ചരുവിലെ കുറ്റിച്ചെടികൾക്കിടയിൽ  ഒളിപ്പിച്ചു.  രണ്ടു മൂന്ന് ദിവസത്തേയ്ക്ക് പിന്നെ കുശാലായി ശാപ്പാട്!!! അതു കഴിഞ്ഞ് വീണ്ടും ഇതു പോലെ മറ്റൊരാടിനെ കൊന്നു തിന്നു….
        ദിവസങ്ങൾ കഴിഞ്ഞു പോയി.  ദിവസവും ആടിന്റെ  ഇറച്ചി നിന്ന് ചെന്നായ തടിച്ചു കൊഴുത്തു വന്നു.  ഒരു ദിവസം ഇടയന്റെ വീട്ടിൽ കുറെ വിരുന്നുകാരെത്തി.  അവരെ നല്ല രീതിയിൽ സൽകരിക്കണമല്ലോ…. ഇടയൻ  പതിവു പോലെ തന്റെ ആട്ടിൻ കൂട്ടത്തിൽ നിന്ന് മുഴുത്ത ഒരാടിനെ കശാപ്പ് ചെയ്യാനായി തിരഞ്ഞെടുത്തു…. പക്ഷേ അത് വേഷം മാറി തടിച്ചു കൊഴുത്ത ആ ചെന്നായ ആയിരുന്നു.  തന്നെ കൊല്ലുമെന്നായപ്പോൾ ചെന്നായ ഉച്ചത്തിൽ  നിലവിളിച്ചു… ഇടയൻ ചെന്നായയുടെ  കള്ളത്തരം കണ്ടു പിടിച്ചു.  ഓടി രക്ഷപ്പെടാൻ ശ്രമിച്ച  ചെന്നായയെ ഇടയൻ തല്ലി കൊന്നു…
        വേഷം കെട്ടൽ ദോഷം ചെയ്യുമെന്ന് മനസ്സിലായില്ലേ മക്കളേ…  ഇതാ ഈ കഥ ഒരു സിനിമയിലെ പാട്ടായി കാണാം…. ഇതിൽ ചെന്നായയെ ഇടയൻ ഇരയാക്കി ഭക്ഷിച്ചു എന്ന് പറയുന്നു… നമുക്കങ്ങനെ പാവം ഇടയനെക്കൊണ്ട് ചെന്നായയെ തീറ്റിക്കണ്ട അല്ലേ….

Wednesday, May 1, 2013

ആമയും കുറുക്കനും



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
വേനലവധിയൊക്കെ സന്തോഷത്തോടെ ആഘോഷിക്കുകയാണല്ലേ എല്ലാപേരും…. ഇത്തവണ നമുക്ക് ഒരു കുറുക്കന്റെയും ആമയുടെയും കഥ  കേൾക്കാം…
ഒരിടത്തൊരിടത്ത് ഒരു പുഴവക്കിൽ കുറെ മൃഗങ്ങൾ ജീവിച്ചിരുന്നു.  ആമകളും, മുയലുകളും, കുറുക്കന്മാരും ഒക്കെ. പരസ്പരം വളരെ സഹകരണത്തോടെയായിരുന്നു അവരുടെ ജീവിതം.  വളരെ സൗഹാർദ്ദത്തൊടെ ജീവിച്ചിരുന്ന അവരുടെ ഇടയിലേയ്ക്ക്  ചിണ്ടൻ കുറുക്കൻ താമസമാക്കിയതോടെ അതുവരെ നിലനിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് ഇളക്കം തട്ടി.  ചെറു മൃഗങ്ങളെ ഉപദ്രവിച്ചും മറ്റും കഴിഞ്ഞിരുന്ന  അവൻ എല്ലാപേർക്കും ഒരു ശല്യം തന്നെയായിരുന്നു. 
            ഒരു ദിവസം അവൻ പിടികൂടിയത് പാവം ആമയെയായിരുന്നു. കുറുക്കൻ പിടികൂടിയതും പേടിച്ചരണ്ട ആമ തന്റെ തോടിനുള്ളിലേയ്ക്ക് വലിഞ്ഞു.  ആമയുടെ പുറം തോട് വളരെ കട്ടിയുള്ളതായതിനാൽ കുറുക്കന് അതിനെ കടിച്ചു മുറിച്ച് തിന്നാൻ പറ്റിയില്ല.  കുറുക്കൻ പല വിദ്യകളും നോക്കി.  രക്ഷയില്ല… ഈ സമയമെല്ലാം പാവം ആമ പേടിച്ചരണ്ട്  തന്റെ തോടിനുള്ളിൽ ഇരിക്കുകയായിരുന്നു.  പല വഴികളും നോക്കി രക്ഷയില്ലാഞ്ഞിട്ട് അവൻ ആമയെ അടുത്തു കണ്ട ഒരു പാറപ്പുറത്തേയ്ക്ക്  എറിയാനായി എടുത്തു.  അപകടം മനസ്സിലാക്കിയ ആമ പെട്ടെന്ന്  തോന്നിയ ബുദ്ധിയിൽ ഇങ്ങനെ പറഞ്ഞു, “ അയ്യോ, കുറുക്കച്ചാരേ… എന്നെ എങ്ങനെ വേണമെങ്കിലും കൊന്നോളൂ…  പക്ഷേ ദയവായി വെള്ളത്തിലെറിഞ്ഞ് കൊല്ലരുതേ, ഞാൻ ശ്വാസം മുട്ടി കഷ്ടപ്പെട്ടു പോകും.”
            പെട്ടെന്ന് ഇത് കേട്ട കുറുക്കൻ അധികം ചിന്തിക്കാൻ നിന്നില്ല.  വെള്ളത്തിലെറിയരുതെന്നല്ലേ ആമ നിലവിളിക്കുന്നത്…എന്നാൽ  പിന്നെ അവനെ വെള്ളത്തിലെറിഞ്ഞു തന്നെ കൊല്ലാം…. ആവേശം അവന്റെ ബുദ്ധിയെ കീഴ്പ്പെടുത്തിയ നിമിഷത്തിൽ കുറുക്കൻ ആമയെ വെള്ളത്തിലേയ്ക്കെറിഞ്ഞു. 
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആമ ഇങ്ങനെ വിളിച്ചു പറഞ്ഞു, “എടാ മണ്ടൻ കുറുക്കാ…. കരയിലും വെള്ളത്തിലും ജീവിക്കുന്ന എന്നെ വെള്ളത്തിലെറിഞ്ഞു കൊല്ലാൻ നോക്കിയ നിന്റെ അമിതാവേശം എന്റെ ജീവൻ രക്ഷിച്ചു.  ഇനിയെങ്കിലും ആരെയും  ഉപദ്രവിക്കാതെ ജീവിക്കാൻ  നോക്ക്…” ഇത്രയും പറഞ്ഞുകൊണ്ട് ആമ കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു.
            അമിതാവേശം നമ്മെ മണ്ടന്മാരാക്കും, അല്ലേ കുഞ്ഞുങ്ങളേ….. ഒരു പ്രവൃത്തി ചെയ്യും മുൻപ് രണ്ടു വട്ടം ആലോചിക്കണം…. അതുപോലെലെ തന്നെ, കൃത്യസമയത്ത്  തോന്നുന്ന ബുദ്ധി ജീവൻ പോലും രക്ഷക്കും....
      ഇനി, ഈ ആമയെക്കുറിച്ച് കൂടുതലറിയാൻ ദാഇവിടെയും  കുറുക്കനെക്കുറിച്ചറിയാൻ ദാ ഇവിടെയും ക്ലിക്ക് ചെയ്തേ...