Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, November 1, 2010

കുഞ്ഞു കുരുവി പറഞ്ഞ സത്യങ്ങള്‍


        പണ്ടു പണ്ട് ഒരു കര്‍ഷകന്റെ(കൃഷിക്കാരന്റെ) വീടിനടുത്തുള്ള തേന്മാവില്‍ ഒരു കുഞ്ഞിക്കുരുവി കൂടുവച്ചു താമസിച്ചിരുന്നു. രാത്രികാലങ്ങളില്‍ അവള്‍ മധുരമായി പാടും. കര്‍ഷകന്‍ സന്തോഷത്തോടും കൌതുകത്തോടും കൂടി ഈ പാട്ടു എന്നും കേട്ടുകൊണ്ടിരുന്നു.

            പക്ഷെ ഒരു ദിവസം കര്‍ഷകനു ഒരു ദുര്‍ബുദ്ധി തോന്നി। അയാള്‍ കുരുവിയെ കെണിവച്ചു പിടിച്ചു. എന്നിട്ട് അതിനെ മനോഹരമായ ഒരു കൂടുണ്ടാക്കി അതിലടച്ചു സ്വന്തം മുറിയില്‍ വച്ചു.എന്നിട്ട് കര്‍ഷകന്‍ അതിനോട് പറഞ്ഞു, “അല്ലയോ സുന്ദരിയായ കൊച്ചു ഗായികേ, നിന്നെ ഞാന്‍ എന്റെ സ്വന്തം ആക്കിയിരിക്കുന്നു.ഇനി രാത്രി കാലങ്ങളില്‍ ഈ കൂട്ടില്‍ നിന്നും മനോഹരമായ ഗാനം എനിക്കു കേട്ടു സന്തോഷിക്കാം. നിനക്കു ഞാന്‍ പാലും പഴവും എല്ലാം നിറയെ തരാം, നീ എനിക്കു വേണ്ടി പാടണം”.
                   അപ്പോള്‍ ആ കുരുവി പറഞ്ഞു, “ഞങ്ങള്‍ കുരുവുകള്‍ കൂട്ടിലിരുന്നു പാടാറില്ല. സ്വതന്ത്രമായി വിഹരിച്ചാലേ(പറന്നു നടന്നാലേ) ഞങ്ങള്‍ക്കു പാട്ടു വരൂ. താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്. സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ആഹാരമേ ഞങ്ങള്‍ കഴിക്കാറുള്ളു. ഈ കൂട്ടില്‍ പട്ടിണി കിടന്നു ഞാന്‍ മരിക്കും. ഇനി ഒരിക്കലും താങ്കള്‍ എന്റെ പാട്ടു കേള്‍ക്കില്ല. ഇതു സത്യം.”


         കിളി പറഞ്ഞതു കേട്ട് കര്‍ഷകനു ഭയങ്കരമായ കോപം (ദേഷ്യം) വന്നു. അയാള്‍ കുഞ്ഞുക്കുരുവിയെ ഭീഷണിപ്പെടുത്തി (പേടിപ്പിച്ചു). “അങ്ങനെയാണങ്കില്‍ ഞാന്‍ നിന്നെ കൊന്ന് ഇറച്ചിക്കറി ഉണ്ടാക്കി കഴിക്കും. കുരുവിയുടെ  ഇറച്ചിക്കു നല്ല രുചി(സ്വാദ്) ആണെന്നു ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്”.
                     അപ്പോള്‍ ആ കിളി കര്‍ഷകനോട് അപേക്ഷിച്ചു, “അയ്യോ ദയവു ചെയ്ത് എന്നെ കൊല്ലരുതേ, നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍ (വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.അതു എന്റെ ഇറച്ചിയേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരവും, വിലപിടിച്ചതും ആണ്.”


              ഇതു കേട്ട കര്‍ഷകന്‍ കുഞ്ഞുക്കുരുവിയെ മോചിപ്പിച്ചു. ഉടന്‍ തന്നെ അതു പറന്നു തേന്മാവില്‍ പോയിരുന്നു.എന്നിട്ടു സന്തോഷത്തോടെ ചിറകുകളടിച്ചു കൊണ്ട് കര്‍ഷകനോട് പറഞ്ഞു.“ഇതാ മൂന്നു സത്യങ്ങള്‍ കേട്ടുകൊള്ളൂ.

“ഒന്നാമത്തെ സത്യം ഇതാണ്‌ - കെണിയിലകപ്പെട്ടു പ്രാണനുവേണ്ടി കൊതിക്കുന്ന ഒരാള്‍ രക്ഷപെടുന്നതിനായി ഏതു വഗ്ദാനവും ചെയ്യും അതു വിശ്വസിക്കരുത്.“


“രണ്ടാമത്തെ സത്യം കെട്ടു കൊള്ളൂ - വരാനിരിക്കുന്ന സൌഭാഗ്യത്തേക്കാള്‍ നല്ലത് കൈയിലിരിക്കുന്ന സൌകര്യങ്ങള്‍ ആണ്. വരാനിരിക്കുന്നതിനു വേണ്ടി കൈയിലുള്ളവ നഷ്ടപ്പെടുത്തരുത്.”


“മൂന്നാമത്തേയും അവസാനത്തേയും ആയ സത്യം ഇതാണ് - മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം (പഠിക്കണം).”
ഇത്രയും പറഞ്ഞ ശേഷം ആ കുരുവി ചിറകുകള്‍ അടിച്ചു ദൂരേക്കു പറന്നു പറന്നു പോയി.
      കഥ ഇഷ്ടമായോ മക്കളേ? ഇനി ഈ കുരുവികളെക്കുറിച്ച് കൂടുതലറിയാന്‍ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ...


  

13 comments:

  1. മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം...

    ReplyDelete
  2. കുരുവി കഥ നന്നായി .കർഷകനെ പറ്റിച്ച കുരുവിക്ക് ഒരു ഉമ്മ

    ReplyDelete
  3. കഥ ഇഷ്ടമായി. കുറച്ചു കാര്യങ്ങൾ..

    "താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്. "
    എന്നതിനു പകരം,
    താങ്കൾ തരുന്ന പാലും പഴവും അല്ല എനിക്കു വേണ്ടത്.

    "..രാപ്പടികളുടെ ഇറച്ചിക്കു നല്ല രുചി(സ്വാദ്).. "
    രാപ്പാടികളും, കിളികളും രണ്ടല്ലെ?..സംശയമാണ്‌..എനിക്കറിയില്ല..

    ReplyDelete
  4. സാബൂ : രാപ്പാടിയും ഒരു തരം കിളിയാണ്. രാപ്പാടിയുടെ കഥ പറയാന്‍ ഉദ്ദേശിച്ചാണ് തുടങ്ങിയത്. അത് മറ്റൊരവസരത്തില്‍ പറയാം, ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്,തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

    ReplyDelete
  5. കുഞ്ഞിക്കഥ നന്നായി

    ReplyDelete
  6. അറിയാവുന്ന കഥയാണ്.
    നല്ല ഗുണപാഠങ്ങൾ!
    (ഇതൊക്കെ കുഞ്ഞുങ്ങൾ വായിക്കുന്നുണ്ടാവുമോ, ആവോ!)

    ReplyDelete
  7. നല്ല കുഞ്ഞിക്കഥ, നല്ല ഗുണപാഠങ്ങളും.

    ReplyDelete
  8. കഥപെട്ടിയിലെ കഥകള്‍ കൊണ്ട് എനിക്കുള്ള ഗുണം മറ്റൊന്നാണ്.. മോള്‍ കഥ പറയാന്‍ പറയുമ്പോള്‍ പറഞ്ഞു കൊടുക്കുന്ന കഥകള്‍ ഇവിടെ നിന്നും വായിക്കുന്നതാണ്.. ഇന്ന് തീര്‍ച്ചയായും ഈ കഥ അവള്‍ക്ക് കേള്‍ക്കാം ...

    ReplyDelete
  9. ഉഷമ്മേ, ഇത്തവണയും നല്ല ഒരു കഥയും നല്ല സന്ദേശങ്ങളും...വീണ്ടും വീണ്ടും വായിച്ചു...നന്നായിട്ടുണ്ട്...

    ReplyDelete
  10. aadyamaayi kelkkukayaa ii kathha. ishTamaayi kilukke. kochumOnu paranju koTukkaam.

    ReplyDelete
  11. ഇവിടേ ഒരു പെട്ടിക്ക് ഒരു പെട്ടി ഫ്രീ ആണല്ലോ.
    ഇനീ വരാം. കേട്ടോ.

    ReplyDelete
  12. ഗുണപാഠ കഥ പോലെ . കുഞ്ഞുങ്ങള്‍ക്ക്‌ മാത്രമല്ല , എല്ലാവര്ക്കും ഇഷ്ടമാകും ഈ കുഞ്ഞി കഥ

    ReplyDelete
  13. കഥയും സന്ദേശവും നന്നായി ചേച്ചി.

    ReplyDelete