Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, January 1, 2011

ബുദ്ധി രക്ഷിക്കും

                      പണ്ടു പണ്ട് ഒരു ഗ്രാമത്തിനടുത്തുള്ള കാട്ടില്‍ ഒരു കുറുക്കന്‍ താമസിച്ചിരുന്നു.അവന്‍ ദിവസവും സന്ധ്യ കഴിഞ്ഞു (ഇരുട്ടി തുടങ്ങിയാല്‍)നാട്ടിലിറങ്ങും.വീടുകളുടെ അടുത്തുകൂടെ ആരും കാ‍ണാതെ കറങ്ങി നടക്കും.കൂട്ടില്‍ കയറാതെ  നില്‍ക്കുന്ന കോഴിയെ കണ്ടാല്‍ ചാടിപ്പിടിച്ചുകൊണ്ട് കടന്നു കളയും.ആരെങ്കിലും കോഴിക്കൂട് അടക്കുവാന്‍ മറന്നു പോയിട്ടുണ്ട്ങ്കില്‍ ഒരു കോഴി അവനു അത്താഴമായതു തന്നെ.നാട്ടുകാര്‍ക്ക് അവനൊരു ശല്യമായിത്തീര്‍ന്നിരുന്നു. നാട്ടുകാര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ട്.സൂത്രക്കാരനായ അവന്‍ എപ്പോഴും രക്ഷപെടും.
                      പതിവുപോലെ കുറുക്കന്‍ ഇര(തീറ്റ) തേടി ഇറങ്ങി. നല്ല നിലാവ് പരന്നിരുന്നു.നിഴലുകളില്‍ കൂടിയും വെളിച്ചം വീഴാത്ത വഴികളില്‍ കൂടിയും അവന്‍ പാത്തും പതുങ്ങിയും നടന്നു. പാതിരാത്രി വരെ തിരഞ്ഞു നടന്നിട്ടും ആഹാരത്തിനു അവനു ഒന്നും കിട്ടിയില്ല. അവന്‍ ക്ഷീണം കൊണ്ടും വിശപ്പു കൊണ്ടും തീരെ നടക്കുവാന്‍ കഴിയാതെ ഒരു വീടിന്റെ പിറകില്‍ പോയി കിടന്നു.അപ്പോള്‍ അല്പം അകലെ ഒരു ശബ്ദം കേട്ടത് അവന്‍ ശ്രദ്ധിച്ചു.ഒരു മുയല്‍ മരച്ചീനിയുടെ ചുവടു മാന്തുകയാണ്. കുറുക്കന്‍ എഴുന്നേറ്റ് സാവധാനം മുയലിന്റെ പിറകില്‍ച്ചെന്നു. ഒറ്റ കുതിപ്പിനു(ചാട്ടത്തിനു)അതിന്റെ ചെവിയില്‍ പിടികൂടി.മുയല്‍ പേടിച്ചു പോയി.എന്നാല്‍  പെട്ടന്നു തന്നെ മുഖത്തു സന്തോഷം വരുത്തിക്കൊണ്ട് മുയല്‍ പറഞ്ഞു:

“ചേട്ടാ ഞാന്‍ കുറച്ചു വെണ്ണ തിന്നാന്‍ ഇറങ്ങിയതാ. എന്തൊരു കൊതി, പോയി നോക്കിയിട്ട് ഒരഞ്ചാറു പേര്‍ക്ക് തിന്നാനുള്ളതുണ്ട്. ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടെ വിളിച്ചുകൊണ്ടു പോകാമെന്നു കരുതിയിരിക്കയായിരുന്നു”

“അതിനു മരച്ചീനിയുടെ  മൂടു തുരക്കുന്നതു എന്തിനാണ്?”, കുറുക്കന്‍ ചോദിച്ചു.

“അതു കൊള്ളാം; വെറുതേ ഇരുന്നപ്പോള്‍ ഒരു തമാശ, തന്നെയുമല്ല വെണ്ണ ഇന്നങ്ങു തീരും, നാളത്തേക്കു വല്ലതും വേണ്ടേ?” മുയല്‍ ചോദിച്ചു.

“അപ്പോള്‍ നീ നാളെ മരച്ചീനി തിന്നാനിരിക്കുവാ?” കുറുക്കന്‍ ചോദിച്ചു.

“പറഞ്ഞതു പോലെ ഞാനതങ്ങു  മറന്നു, ചേട്ടനെന്നെ പിടിച്ചിരിക്കയാണല്ലോ,  കൊന്നാലുമായി, തിന്നാലുമായി” മുയല്‍ സങ്കടത്തോടെ പറഞ്ഞു.

“ഇന്നെനിക്കു ഇതുവരെ ഒന്നും കിട്ടിയില്ല, നന്നായി വിശക്കുന്നും ഉണ്ട്, നല്ല പാലുപോലുള്ള നിന്റെ മാംസം ദൈവമായിട്ടെനിക്കു കാണിച്ചു തന്നതു ഞാന്‍ എങ്ങനെ വേണ്ട എന്നു വയ്ക്കും?”കുറുക്കന്‍ പിടി  ഒന്നുകൂടി ബലപ്പെടുത്തി.

“ചേട്ടാ ഒരു ഉപകാരം ചെയ്യണം, എനിക്കു വെണ്ണ തിന്നാന്‍ വലിയ കൊതി, കുറച്ചു വെണ്ണ തിന്നാന്‍ ചേട്ടന്‍ എന്നെ സമ്മതിക്കണം, അതു കഴിഞ്ഞു ചേട്ടന്‍ എന്നെ തിന്നോ, എനിക്കു സമ്മതമാ, എന്റെ ചെവിയില്‍ നിന്നു പിടി  വിടണ്ട്” മുയല്‍ പറഞ്ഞു.

“വെണ്ണ എവിടെ?”കുറുക്കന്‍ ചോദിച്ചു.

         “ചേട്ടന്‍ വാ ഞാന്‍ കാണിച്ചു തരാം“, മുയല്‍ കുറുക്കനേയും കൊണ്ട് ആ വീടിന്റെ കിണറിനടുത്തു ചെന്നു.അവിടെ വലിയ ഒരു കയറിന്റെ രണ്ടറ്റത്തും തൊട്ടി കെട്ടി കപ്പിയില്‍ തൂക്കിയിട്ടിരുന്നു.മുയല്‍ കുറുക്കനോട് കിണ്ട്റ്റിലേക്കു നോക്കുവാന്‍ പറഞ്ഞു. കുറുക്കന്‍ എത്തിനോക്കി. ആകാശത്തു തെളിഞ്ഞു നിന്നിരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം(നിഴല്‍) കിണറ്റില്‍ കണ്ടു.അതു വെണ്ണയാണന്നു തെറ്റിദ്ധരിച്ച കുറുക്കന്‍ ആര്‍ത്തിയോടെ(കൊതിയോടെ) ചോദിച്ചു, “ചെങ്ങാതീ നമ്മള്‍ ഇതു തിന്നാന്‍ എങ്ങനെ കിണറ്റിലിറങ്ങും?”
           മുയല്‍ പറഞ്ഞു, “അതിനോ പ്രയാസം, ചേട്ടന്‍ ചെവിയില്‍ നിന്നും പിടി വിടുക ഞാന്‍ കാണിച്ചു തരാം, ഒരു തൊട്ടിയില്‍ കയറി ഞാന്‍ ആദ്യം കിണറ്റിലിറങ്ങാം,പിറകേ അടുത്തതില്‍ കയറി ചേട്ടനും വരണം”.എന്നു പറഞ്ഞു മുയല്‍ ഒരു തൊട്ടിയില്‍ ചാടികയറി. തൊട്ടി കിണറ്റിലേക്കു താണു.മുയല്‍ ആദ്യം ചെന്നു മുഴുവനും തിന്നങ്കിലോ എന്നു വിചാരിച്ച് പെട്ടന്നു കുറുക്കന്‍ മറ്റെ തൊട്ടിയില്‍ ചാടിക്കയറി.അതു ഭാരം കാരണം പെട്ടന്നു കിണറ്റില്‍ താണു വെള്ളത്തില്‍ മുങ്ങി.കയറിന്റെ മറ്റേ അറ്റം മുകളിലേക്കു ഉയര്‍ന്നു.സൂത്രക്കാരനായ മുയല്‍ കരയിലേക്കു ചാടി ഓടി രക്ഷപെട്ടു.


ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏതു ചതിയില്‍ നിന്നും രക്ഷപെടാം

             ഇനി, ഈ ചങ്ങാതിമാരെക്കുറിച്ച് കൂടുതലറിയാന്‍, ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ
  

Wednesday, December 1, 2010

ഒരു ഉപകാരത്തിന്റെ കഥ....

കഥകള്‍ കേട്ടു വളരുന്നവരേ, കളങ്കം നിങ്ങളില്‍ വളരില്ല
കഥകള്‍ കേട്ടു വളര്‍ന്നാലോ, അറിവുകള്‍ നിങ്ങളില്‍ വളര്‍ന്നീടും
ഈ ലോകം നിങ്ങളെയറിഞ്ഞീടും
 
          അതു കൊണ്ട് നമുക്ക് ഒരുപാടൊരുപാട് കഥകള്‍ കേട്ടു വളരാം അല്ലേ മക്കളേ... ഓടിവായോ ഇന്നു നമുക്ക് ഒരു  ഉപകാരത്തിന്റെ കഥ കേട്ടാലോ?


           പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിനു ഒരു തോന്നല്‍ ഉണ്ടായി.
മനുഷ്യനു തീരെ ഉപകാരമില്ലാത്ത ഒരു ജീവിയും എന്റെ രാജ്യത്തു വേണ്ട എന്ന്. കുറെ നേരം ആലോചിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നി ആ ജീവി ഈച്ച ആണ് എന്ന്. ഉടനെ തന്നെ രാജാവ് ഭടന്മാരെ വിളിച്ചിട്ടു പറഞ്ഞു, “ഈ രാജ്യത്തുള്ള എല്ലാ ഈച്ചകളെയും കൊല്ലുക”.രാജകല്പന അല്ലെ. ഭടന്മാര്‍ക്കു അനുസരിച്ചല്ലേ പറ്റൂ. അവര്‍ ആ രാജ്യത്തെ ഈച്ചകളേ മുഴുവനും കൊന്നു.
 
           കുറെ കാലം കഴിഞ്ഞു ഭയങ്കരമായ യുദ്ധം വന്നു. നമ്മുടെയീ രാജാവ് യുദ്ധത്തില്‍ തോറ്റു. അദ്ദേഹം പേടിച്ചോടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള ഒരു ഗുഹയില്‍ കയറി ഒളിച്ചു. രാജാവിനെ അന്വേഷിച്ചു ശത്രുക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായ ക്ഷീണം കാരണം ആ ഗുഹയില്‍ കിടന്നു രാജാവു ഉറങ്ങിപ്പോയി. പെട്ടെന്നു തന്റെ മുഖത്തു എന്തൊ ഒന്നു ചെറുതായി കടിച്ചപോലെ രാജാവിനു തോന്നി. പെട്ടെന്നു അദ്ദേഹം ഉണര്‍ന്നു. അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു ഈച്ച ആയിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു സംശയം വന്നില്ലേ? ഈ ഈച്ച എവിടെ നിന്നു വന്നു എന്ന്‍? അതിര്‍ത്തിയിലെ ഗുഹ അല്ലെ? ഈച്ച അടുത്ത രാജ്യത്തില്‍ നിന്നും വന്നതാ. അപ്പോള്‍ രാജാവ് ഉണര്‍ന്നു അല്ലെ. ചുറ്റുപാടും ശ്രദ്ധിച്ച രാജാവ് ശത്രുക്കള്‍ തന്നെ തേടി വരുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍ കേട്ടു.പെട്ടന്നു ഗുഹയില്‍ നിന്നിറങ്ങി ഓടി അടുത്ത രാജ്യത്ത് അഭയം പ്രാപിച്ചു

               കുറച്ചു നാള്‍ കഴിഞ്ഞു രാജാവ് അയല്‍ രാജ്യത്തെ രാജാവിന്റെ സഹായത്തോടെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു. സ്വന്തം നാ‍ട്ടില്‍ തിരിച്ചെത്തിയ രാജാവിന് ആദ്യം ഓര്‍മ്മ വന്നത്  ഉറങ്ങിപ്പൊയ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയ ഈച്ചയെ ആയിരുന്നു.
അന്നു അവിടെ കിടന്നു ഉറങ്ങിപ്പോയിരുന്നങ്കില്‍ എന്താകുമായിരുന്നു രാജാവിന്റെ അവസ്ഥ? രാജാവു വീണ്ടും ജനങ്ങളൊടെല്ലാവരോടും ആയിട്ടു പറഞ്ഞു, “ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല, എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക....
      
           ഇനി, നമുക്ക് ഈച്ചയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം, അല്ലേ...അതിന് ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ....

  

Monday, November 1, 2010

കുഞ്ഞു കുരുവി പറഞ്ഞ സത്യങ്ങള്‍


        പണ്ടു പണ്ട് ഒരു കര്‍ഷകന്റെ(കൃഷിക്കാരന്റെ) വീടിനടുത്തുള്ള തേന്മാവില്‍ ഒരു കുഞ്ഞിക്കുരുവി കൂടുവച്ചു താമസിച്ചിരുന്നു. രാത്രികാലങ്ങളില്‍ അവള്‍ മധുരമായി പാടും. കര്‍ഷകന്‍ സന്തോഷത്തോടും കൌതുകത്തോടും കൂടി ഈ പാട്ടു എന്നും കേട്ടുകൊണ്ടിരുന്നു.

            പക്ഷെ ഒരു ദിവസം കര്‍ഷകനു ഒരു ദുര്‍ബുദ്ധി തോന്നി। അയാള്‍ കുരുവിയെ കെണിവച്ചു പിടിച്ചു. എന്നിട്ട് അതിനെ മനോഹരമായ ഒരു കൂടുണ്ടാക്കി അതിലടച്ചു സ്വന്തം മുറിയില്‍ വച്ചു.എന്നിട്ട് കര്‍ഷകന്‍ അതിനോട് പറഞ്ഞു, “അല്ലയോ സുന്ദരിയായ കൊച്ചു ഗായികേ, നിന്നെ ഞാന്‍ എന്റെ സ്വന്തം ആക്കിയിരിക്കുന്നു.ഇനി രാത്രി കാലങ്ങളില്‍ ഈ കൂട്ടില്‍ നിന്നും മനോഹരമായ ഗാനം എനിക്കു കേട്ടു സന്തോഷിക്കാം. നിനക്കു ഞാന്‍ പാലും പഴവും എല്ലാം നിറയെ തരാം, നീ എനിക്കു വേണ്ടി പാടണം”.
                   അപ്പോള്‍ ആ കുരുവി പറഞ്ഞു, “ഞങ്ങള്‍ കുരുവുകള്‍ കൂട്ടിലിരുന്നു പാടാറില്ല. സ്വതന്ത്രമായി വിഹരിച്ചാലേ(പറന്നു നടന്നാലേ) ഞങ്ങള്‍ക്കു പാട്ടു വരൂ. താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്. സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ആഹാരമേ ഞങ്ങള്‍ കഴിക്കാറുള്ളു. ഈ കൂട്ടില്‍ പട്ടിണി കിടന്നു ഞാന്‍ മരിക്കും. ഇനി ഒരിക്കലും താങ്കള്‍ എന്റെ പാട്ടു കേള്‍ക്കില്ല. ഇതു സത്യം.”


         കിളി പറഞ്ഞതു കേട്ട് കര്‍ഷകനു ഭയങ്കരമായ കോപം (ദേഷ്യം) വന്നു. അയാള്‍ കുഞ്ഞുക്കുരുവിയെ ഭീഷണിപ്പെടുത്തി (പേടിപ്പിച്ചു). “അങ്ങനെയാണങ്കില്‍ ഞാന്‍ നിന്നെ കൊന്ന് ഇറച്ചിക്കറി ഉണ്ടാക്കി കഴിക്കും. കുരുവിയുടെ  ഇറച്ചിക്കു നല്ല രുചി(സ്വാദ്) ആണെന്നു ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്”.
                     അപ്പോള്‍ ആ കിളി കര്‍ഷകനോട് അപേക്ഷിച്ചു, “അയ്യോ ദയവു ചെയ്ത് എന്നെ കൊല്ലരുതേ, നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍ (വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.അതു എന്റെ ഇറച്ചിയേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരവും, വിലപിടിച്ചതും ആണ്.”


              ഇതു കേട്ട കര്‍ഷകന്‍ കുഞ്ഞുക്കുരുവിയെ മോചിപ്പിച്ചു. ഉടന്‍ തന്നെ അതു പറന്നു തേന്മാവില്‍ പോയിരുന്നു.എന്നിട്ടു സന്തോഷത്തോടെ ചിറകുകളടിച്ചു കൊണ്ട് കര്‍ഷകനോട് പറഞ്ഞു.“ഇതാ മൂന്നു സത്യങ്ങള്‍ കേട്ടുകൊള്ളൂ.

“ഒന്നാമത്തെ സത്യം ഇതാണ്‌ - കെണിയിലകപ്പെട്ടു പ്രാണനുവേണ്ടി കൊതിക്കുന്ന ഒരാള്‍ രക്ഷപെടുന്നതിനായി ഏതു വഗ്ദാനവും ചെയ്യും അതു വിശ്വസിക്കരുത്.“


“രണ്ടാമത്തെ സത്യം കെട്ടു കൊള്ളൂ - വരാനിരിക്കുന്ന സൌഭാഗ്യത്തേക്കാള്‍ നല്ലത് കൈയിലിരിക്കുന്ന സൌകര്യങ്ങള്‍ ആണ്. വരാനിരിക്കുന്നതിനു വേണ്ടി കൈയിലുള്ളവ നഷ്ടപ്പെടുത്തരുത്.”


“മൂന്നാമത്തേയും അവസാനത്തേയും ആയ സത്യം ഇതാണ് - മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം (പഠിക്കണം).”
ഇത്രയും പറഞ്ഞ ശേഷം ആ കുരുവി ചിറകുകള്‍ അടിച്ചു ദൂരേക്കു പറന്നു പറന്നു പോയി.
      കഥ ഇഷ്ടമായോ മക്കളേ? ഇനി ഈ കുരുവികളെക്കുറിച്ച് കൂടുതലറിയാന്‍ ഈ സമ്പാദ്യപ്പെട്ടി ഒന്ന് നോക്കിക്കേ...


  

Friday, October 1, 2010

അലസനു കൂട്ട് അലസന്‍


             കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതുമായ ഒരു കഥ കൂടി ഓര്‍മ്മ വരുന്നു. പറഞ്ഞോട്ടെ ഞാന്‍...

           പണ്ട് പണ്ട് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ആറു കഴുതകളും. അവയില്‍ ഒരെണ്ണം ചത്തുപോയി. പിന്നെയുള്ള അഞ്ചു കഴുതകളില്‍ നാലെണ്ണവും നല്ല ചുണക്കുട്ടന്മാരായിരുന്നു, എന്നാല്‍ അഞ്ചാമനാകട്ടെ മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു. അതുകാരണം മറ്റു നാലുകഴുതകള്‍ക്കും വളരെക്കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നു. അതിനാല്‍ പുതിയ ഒരു കഴുതയെക്കൂടെ വാങ്ങാന്‍ കൃഷിക്കാരന്‍ തീരുമാനിച്ചു.
          ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു കഴുതയെ വില്‍ക്കാനുണ്ട് എന്നു കൃഷിക്കാരന്‍ അറിഞ്ഞു. അയാള്‍ അവിടെയെത്തി കഴുതയെക്കണ്ടു വിലയും ഉറപ്പിച്ചു. പക്ഷെ ഒരു വ്യവസ്ഥ - കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോ എന്നു ഉറപ്പാക്കണം. അതിനായി കഴുത ഒരു ദിവസം കൃഷിക്കാരന്റെ കൂടെനില്‍ക്കണം. കഴുതയെ തൃപ്തിപ്പെട്ടെങ്കില്‍ കച്ചവടം നടക്കും. വില്പനക്കാരനും ആ വ്യവസ്ഥ സമ്മതിച്ചു.
             കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. ആ കഴുതയെ അയാള്‍ മറ്റു കഴുതകളോടൊപ്പം വിട്ടു. അദ്ധ്വാനികളായ കഴുതകള്‍ പണിയെടുത്തു കൊണ്ടിരിക്കയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാന്‍ അവര്‍ സമയം കണ്ടെത്തി, പക്ഷെ നവാഗതനു അവരെ അത്ര രസിച്ചില്ല.  അവരെ അവന്‍ പുഛത്തോടെ നോക്കി. അലസന്‍ കഴുത കുറേ മാറി ഒരു പണിയും ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. നവാഗതന്‍ ഉടന്‍ തന്നെ അലസന്‍ കഴുതയുടെ അടുത്തെത്തി, വേഗം തന്നെ അവര്‍ ചങ്ങാതികളും ആയി. വര്‍ഷങ്ങളായി പരിചയമുള്ള ചങ്ങാതിമാരെപ്പോലെ അവര്‍ സൊറ പറയുകയും ഉരുമ്മിനിന്നു സ്നേഹം പ്രകടിപ്പിക്കയും ചെയ്തു.


     കൃഷിക്കാരന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഈ കഴുതയെ എനിക്കു വേണ്ട“ ആയാള്‍ തീരുമാനിച്ചു. വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കൃഷിക്കാരന്‍ വില്പനക്കാരന്റെ അരികിലെത്തി. വില്പനക്കാരനു അത്ഭുതമായി. അയാള്‍ ചോദിച്ചു, “രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ‍.......?”
             “ഇവന്റെ കാര്യത്തില്‍ രണ്ടു ദിവസം ആവശ്യമായി വന്നില്ല, ചെന്നപാടെതന്നെ അവന്‍ അവന്റെ ശരിയായ സ്വഭാവം കാണിച്ചു. ഇവന്‍ ഒരു അലസന്‍ ആണ്.  ഇവന്‍ അലസനോടു കൂടിയതില്‍ നിന്നും എനിക്കത് മനസ്സിലായി. നിങ്ങളുടെ കഴുതയെ എനിക്കു വേണ്ട, മാത്രമല്ല നിങ്ങള്‍ ചോദിക്കുന്ന വിലയുടെ പകുതി വിലക്ക് ഇതു പോലെ ഒരു കഴുതയെ ഞാന്‍ നിങ്ങള്‍ക്ക് തരാം”. കൃഷിക്കാരന്‍ കഴുതയെ അവിടെ വിട്ട് തിരികെ പോയി.

ഇതിലെ ഗുണപാഠം എന്താണ് മക്കളേ?
            നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

ഈ കഴുതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍   ദേ ഈ സമ്പാദ്യപ്പെട്ടി തുറന്ന് നോക്കിക്കേ....

  

Wednesday, September 1, 2010

ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.

ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല
                എന്റെ കുഞ്ഞുമക്കള്‍ ഓണമൊക്കെ ആഘോഷിച്ചോ, പുതിയ ഉടുപ്പും സമ്മാനങ്ങളും ഒക്കെ കിട്ടിയില്ലേ മക്കള്‍ക്ക്. പായസവും, ഉപ്പേരിയും ഒക്കെയുള്ള നല്ല രസികന്‍ സദ്യയും ഉണ്ടില്ലേ..... ഇനി നമുക്കൊരു കഥ കേള്‍ക്കാം, അല്ലേ...

               ഒരിടത്തൊരിടത്തൊരിടത്ത്, കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു. പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു.  ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി. 
               ദിവസങ്ങള്‍ കൊഴിഞ്ഞുപോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ "അയ്യോ" എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.
            ഈ കുഞ്ഞു കഥ എന്റെ മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ? കഥ മാത്രം ഇഷ്ടപ്പെട്ടാല്‍ മതിയോ? അതിലെ സന്ദേശവും മനസ്സിലാക്കണ്ടേ? പറഞ്ഞു തരാം, കേട്ടോ.. ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.

ഇനി നമുക്ക് ഈ കഥ പറയുന്ന ഒരു പാട്ട് കേട്ടാലോ...

ഈ പ്രാവിനെയും ഉറുമ്പിനെയും കുറിച്ച് കൂടുതലറിയാന്‍, ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Sunday, August 1, 2010

പൂവന്‍കോഴിയുടെ പാതിരാകൂവല്‍


പുസ്തകങ്ങള്‍ നിറഞ്ഞ പഴയ ആ തടിഅലമാര.... വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു അതു തുറന്നു നോക്കിയപ്പോള്‍ .  പുസ്തകങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കുമ്പോള്‍ .  ഓര്‍മ്മകളും ഒരുപാടു സ്നേഹങ്ങളും നിറഞ്ഞു തുളുമ്പിയ നിറം മങ്ങിയ പഴക്കം നിറഞ്ഞ നല്ല മണമുള്ള പുസ്തകങ്ങള്‍ . അതില്‍ ഒരു പുസ്തകം...അതിന്റെ ആദ്യപേജില്‍ ചിത്രം വരച്ചപോലെ മനോഹരമായ കൈപ്പടയില്‍ ഒരു വരി, "എന്റെ പൊന്നു മക്കള്‍ക്ക് സ്നേഹത്തോടെ അപ്പൂപ്പന്‍
എന്റെ മക്കള്‍ക്ക് അവരുടെ അപ്പൂപ്പന്‍ (എന്റെ അച്ഛന്‍) പിറന്നാള്‍ സമ്മാനമായി കൊടുത്ത റഷ്യന്‍  നാടോടിക്കഥകള്‍ എന്ന പുസ്തകം. ഈ കഥപുസ്തകം എന്റെ മക്കള്‍ക്ക് പലതവണ വായിച്ചും പറഞ്ഞും ഒക്കെ കൊടുത്തിട്ടുള്ളതാണ്. അതിലെ കഥകള്‍  ഇന്നു എന്റെ മോള്‍ അവളുടെ മക്കള്‍ക്കും പറഞ്ഞു കൊടുക്കുന്നുണ്ട്. ഈ കഥ അവളുടെ ബ്ലോഗില്‍ ഇടാം എന്നു പറഞ്ഞിരിക്കയായിരുന്നു  .
അവളുടെ സമയക്കുറവുകാരണം അമ്മയുടെ കഥപ്പെട്ടിയില്‍  ഇടാന്‍ സമ്മതിച്ചു.

അപ്പോള്‍ നമ്മള്‍ക്കും ആ കഥ ഒന്നു കേള്‍ക്കാം അല്ലേ മക്കളെ?

പണ്ട് പണ്ട് പക്ഷികളില്‍ ഏറ്റവും ഭംഗിയുള്ള വാലുണ്ടായിരുന്നത് പൂവന്‍കോഴിക്കായിരുന്നു. വര്‍ണ്ണങ്ങള്‍ നിറഞ്ഞ  ചിത്രങ്ങളുള്ള പലതരം നീലനിറങ്ങളോടുകൂടിയ മടക്കുകയും നിവര്‍ക്കുകയും ചെയ്യുന്ന മനോഹരമായ വാല്‍ . പക്ഷെ കുറ്റിവാലുമായിട്ടായിരുന്നു നമ്മടെ മയില്‍ നടന്നിരുന്നത്.  വാല്‍ ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന ഒരു അവസ്ഥയായിരുന്നു അത്.

മയിലിനു പൂവന്‍കോഴിയൊട് അസൂയതൊന്നി. ഒരു ദിവസം അത് പൂവന്‍കോഴിയുടെ അടുത്തുവന്നു ചോദിച്ചു “പൂവന്‍കോഴീ പൊന്നേ തങ്കമേ നിന്റെ വാല്‍ എനിക്കു കടം തരാമോ, ഒരു കല്യാണത്തിനു പോകാനാ, നന്നായി അണിഞ്ഞൊരുങ്ങണം. അപ്പോല്‍ നിന്റെ വാലും കൂടെ വച്ചാല്‍ നല്ല ഭംഗിയാവും, തരാമോ?”
“നീ എന്താണീപ്പറയുന്നത്?”  പൂവന്‍കോഴി ചോദിച്ചു. “ആരെങ്കിലും വാലു കടം കൊടുക്കാറുണ്ടോ?”
“ഞാനതു തിരിച്ചു തരാം”  മയില്‍ പറഞ്ഞു.
“എപ്പോള്‍ തരും?”
കല്യാണം കഴിഞ്ഞു വന്നാലുടനെ.”
“എപ്പോള്‍ വരും?”
“കല്യാണം എപ്പോള്‍ തീരുന്നോ, അപ്പോള്‍. ഒരുപക്ഷെ വൈകിട്ടായിരിക്കും.  ചിലപ്പോള്‍ പതിരയ്ക്കായിരിക്കും.  വെളുപ്പാന്‍കാലം വരെ  നീണ്ടുപോയെന്നും വരാം.”
“അതിനപ്പുറം പോകരുത് ,” പൂവന്‍ കോഴി പറഞ്ഞു.  “അല്ലെങ്കില്‍ രാവിലെ പിടക്കോഴികള്‍ എന്നെ കളിയാക്കും കെട്ടോ.”
വാല്‍ തിരിച്ചു കൊടുക്കാമെന്നു മയില്‍ വാക്കു കൊടുത്തു. പൂവന്‍കോഴി വാല്‍ കൊടുത്തു. മയില്‍ അതുമണിഞ്ഞ് സ്ഥലം വിട്ടു.
വാലില്ലാത്ത പൂവന്‍‌കോഴി, മയില്‍ കല്യാണം കഴിഞ്ഞു വരുന്നതും കാത്തിരുന്നു.  വൈകുന്നേരമായി.  സുര്യന്‍ അസ്തമിച്ചു.  എന്നിട്ടും മയിനെ കണ്ടില്ല. പൂവങ്കോഴിക്കു വിഷമവും സങ്കടവും വരാന്‍ തുടങ്ങി.. പാവം കോഴി ഒരു വേലിയിലേക്കു ചാടിക്കയറിയിട്ട് കരയാന്‍ തുടങ്ങി.  മയില്‍ വരുന്നില്ല്ല ‘കല്യാണം പൊടിപൊടിക്കുന്നുണ്ടാവും”  പൂവന്‍‌കോഴി വിചാരിച്ചു, അങ്ങനെ സമാധാനിക്കാന്‍ ശ്രമിച്ചു.
പിടക്കോഴികല്‍ കിടന്നുറങ്ങി. പക്ഷെ നമ്മുടെ കോഴിക്കുട്ടന്‍ ഉറക്കംതൂങ്ങിക്കൊണ്ട് ആ വേലിയില്‍ത്തന്നെ ഇരുന്നു. പാവം അല്ലെ? അതിനു വാലിന്റെ കാര്യം മാത്രം ആയിരുന്നു വിചാരം. അപ്പോള്‍ എങ്ങെനെ ഉറക്കം വരും?.നമ്മളില്‍ മിക്കവരും ഇതു പോലെ അല്ലെ മക്കളേ. എന്തേലും നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ പിന്നെ പറയണോ പുകില്‍ .  ആ എന്നിട്ട് എന്തായി കഥ എന്നു നോക്കാം അല്ലേ?

അങ്ങിനെ നേരം പാതിരാവായി.  കുറ്റാകുറ്റിരുട്ട്. (മനസ്സിലായില്ല അല്ലേ? നല്ല ഇരുട്ടെന്ന് കേട്ടോ) "കല്യാണം കഴിഞ്ഞു മടങ്ങുമ്പോള്‍ മയിലിനു വഴി വല്ലതും തെറ്റിപ്പൊയിരിക്കുമോ എന്തോ", പൂവന്‍ വിചാരിച്ചു.  യ്യോ‍ാ‍ാ‍ാ‍ാ ഒരു ഞെട്ടലോടെ അവന്‍ കൂവിപ്പോയി : കൊക്കരക്കോ! എത്ര കൂവിയിട്ടും മയില്‍ വന്നില്ല.
പൂവങ്കോഴി ചെറുതായിട്ടൊന്നു മയങ്ങി, പക്ഷെ ഉറങ്ങിയില്ല. വാലിനേക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടുകൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു മടങ്ങുന്നതു വഴി മയിലിനെ കൊള്ളക്കാര്‍ ആക്രമിച്ച് തന്റെ വാല്‍ കവര്‍ന്നെടുത്തു എന്നു അത് സ്വപ്നം കണ്ടു. പൂവന്‍ ഞെട്ടിയുണര്‍ന്നു.
മയില്‍  വന്നില്ലേ? ഇല്ല!  പൂവന്‍ കോഴി  അലറിവിളിച്ചു കൂവി‌--  “കൊക്കരക്കോ! മയിലേ......., വായോ......വാ!”
എവിടുന്നു വരാന്‍! രാത്രിക്കു രാത്രി മയില്‍  വാലും കൊണ്ട് വേറൊരു രാജ്യത്തേക്കു കടന്നു കളഞ്ഞു. അവിടെ താമസവുമാക്കി.

കരഞ്ഞ് കരഞ്ഞു തളര്‍ന്ന കോഴിക്ക് ദൈവം സുന്ദരമായ ഒരു വാല്‍ കൊടുത്തു എന്നിട്ടും പഴയ വാലിനേ ഓര്‍ത്തുള്ള സങ്കടം മാറിയില്ല ഒരിക്കലും. എന്നും  അതോര്‍ത്ത് രാത്രി മൂന്നു തവണ കൂവും.ആര്‍ക്കറിയാം? ഒരുപക്ഷെ  ആ കൂവല്‍ കേട്ട് എന്നേലും മയില്‍ പൂവന്‍‌കൊഴിക്കു  അതിന്റെ വാല്‍ തിരിച്ചു കൊടുത്താലോ? നമുക്കും അങ്ങനെ വിശ്വസിക്കാം. അതല്ലെ നല്ലതു മക്കളേ.

ഇനി നമുക്ക് ഈ സുന്ദരന്മാരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം, അല്ലേ.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....

  

Thursday, July 1, 2010

സിംഹത്തിന്റെ മരണപത്രം

ഈ മാസം  നമുക്ക്   മഹാ മടിയനായ ഒരു സിംഹം കാണിച്ച സൂത്രത്തിന്റെ കഥ കേള്‍ക്കാം അല്ലേ മക്കളെ....

                  ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. അവനൊരു ദിവസം വിചാരിച്ചു ‘ഇനി പണിയൊന്നും എടുത്തു തിന്നാന്‍ വയ്യ, ചുമ്മാതെയിരുന്നു തിന്നാന്‍  എന്താ ഒരു മാര്‍ഗ്ഗം?’
എന്തോ തീരുമാനിച്ചു ഉറച്ച പോലെ വായാടി തത്തയെ വിളിച്ചിട്ടു പറഞ്ഞു, “എടീ തത്തപ്പെണ്ണേ .. എനിക്കു തീരെ വയ്യ,  ഇനി അധിക കാലം ഞാന്‍ ജീവിക്കില്ല, അതുകൊണ്ട് ഞാന്‍ എന്റെ മരണപത്രം തയ്യാറാക്കി.എനിക്കുള്ളവയെല്ലാം  ഈ കാട്ടിലുള്ള എന്റെ കൂട്ടുകാര്‍ക്കെല്ലാം തുല്യമായിട്ടെഴുതി വച്ചിട്ടുണ്ട്. ഓരോരുത്തരായി എന്റെ ഗുഹയില്‍ വന്ന് അവര്‍ക്കുള്ളതു വാങ്ങിക്കോളാന്‍  നീ എല്ലാവരോടും പോയി പറയണം”.

ഇതു കേട്ടപാടെ തത്ത പറന്നു നടന്നു കാട്ടിലെയെല്ലാ മൃഗങ്ങളോടും ഈ വിശേഷം പറഞ്ഞു.  മൃഗങ്ങളെല്ലാം വളരെ സന്തോഷത്തോടെ  സിംഹത്തിന്റെ ഗുഹയിലേക്കു കയറിപ്പൊയ്ക്കൊണ്ടിരുന്നു.  കുറച്ചു വൈകിയാണ് മഹാ കൌശലക്കാരനായ നമ്മുടെ കുറുക്കച്ചാര് എത്തിയത്.  ഗുഹക്കു പുറത്തു വന്നു നോക്കിയപ്പോള്‍ എന്തോ ഒരു പന്തികെടു തോന്നി കുറുക്കന്.കുറുക്കന്‍ മാറി അവിടെ ഇരുന്നു. അകത്തേക്കു പോയില്ല.  കുറേ സമയം കഴിഞ്ഞപ്പോള്‍ സിംഹം പുറത്തെക്കു വന്നു. മാറി അവിടെ ഇരിക്കുന്ന കുറുക്കനെ കണ്ടിട്ടു സിംഹം ചോദിച്ചു “നീ എന്താണ് എന്നെ കാണാന്‍ അകത്തേക്കു വരാതിരുന്നതു?”
കുറുക്കന്‍ പറഞ്ഞു, “മഹാ രാജാവേ  എനിക്കു വലിയ തിരക്കൊന്നുമില്ല, അകത്തു പോയവരൊക്കെ തിരികെ പുറത്തെക്കു വന്നിട്ടു ഞാന്‍ അകത്തേക്കു വരാം എന്നു കരുതി”.
"ആരും പുറത്തേക്കു പോയില്ലേ? അയ്യൊ പിന്നെ എല്ലാവര്‍ക്കും എന്തു സംഭവിച്ചു?” ഒന്നുമറിയാത്ത പോലെ സിംഹം കുറുക്കനോടു ചോദിച്ചു.
കുറുക്കന്‍ ഒരു കള്ളച്ചിരിയോടെ മനസ്സില്‍ പറഞ്ഞു, “എടാ കള്ളസിംഹമേ....ഹൂം.....എന്റെയടുത്താ നിന്റെ കളി”.  സിംഹത്തിനും കുറുക്കന്‍ മനസ്സില്‍ വിചാരിച്ചത് പിടികിട്ടി. സിംഹം കുറുക്കനെ നോക്കി ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു ഗുഹക്കുള്ളിലേക്കു കയറിപ്പോയി.  അപ്പോള്‍ സിംഹം മനസ്സില്‍ വിചാരിക്കയായിരുന്നു “ഇവനു എങ്ങനെ മനസ്സിലായി അകത്തേക്കു വന്നവര്‍ പുറത്തേക്കു പോയില്ല എന്നു?
എന്റെ മക്കള്‍ക്കു മനസ്സിലായോ???????

എന്തായാലും നമുക്ക് ഈ സിംഹത്തെക്കുറിച്ച് കൂടുതൽ ചില കാര്യങ്ങൾ മനസ്സിലാക്കാം.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന്  തുറന്ന് നോക്കിക്കേ....