Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, May 1, 2010

കൊറ്റിയും കുറുക്കനും ‍

അപ്പോള്‍ നമ്മക്കു പുതിയ ഒരു കഥ കേട്ടാലോ?
ഒരു കാട്ടില്‍ രണ്ടു കൂട്ടുകാരുണ്ടായിരുന്നു.ഒരു കുറുക്കനും ഒരു കൊറ്റിയും. കുറുക്കന്‍ മഹാ കൌശലക്കാരനായിരുന്നു.
ഒരു ദിവസം കുറുക്കന്‍ തന്റെ കൂട്ടുകാരനെ വീട്ടിലേക്കു വിളിച്ചു ഒന്നു സത്കരിച്ചാലോ എന്നു വിചാരിച്ചു.അവന്‍ കൊറ്റിയോടു പറഞ്ഞു“നീ ഒരു ദിവസം എന്റെ വീട്ടിലേക്കു വാടാ, ഞാന്‍ നിനക്കു നല്ല ഒരു സൂപ്പ് ഉണ്ടാക്കി തരാം.”
കൊറ്റിക്കു വളരെ സന്തോഷം ആയി.പറഞ്ഞ ദിവസം പറഞ്ഞ സമയം തന്നെ കൊറ്റി  ഒരു സമ്മാനപൊതിയും ഒക്കെയായി കുറുക്കന്റെ വീട്ടില്‍ എത്തി.കുറുക്കന്‍ കൊറ്റിയേ കാര്യമായി സ്വീകരിച്ചിരുത്തി, കുറെ കഥകളും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു, അങ്ങനെ ആഹാരം കഴിക്കാന്‍ സമയമായപ്പോള്‍ കുറുക്കന്‍ പറഞ്ഞു“ കൂട്ടുകാരാ ഞാന്‍ നല്ല സൂപ്പുണ്ടാക്കി വച്ചിട്ടുണ്ട് , എടുത്തിട്ടു വരാം” എന്നു പറഞ്ഞ് കുറുക്കന്‍ അടുക്കളയിലേക്കു പോയി.


രണ്ടു വലിയ പരന്ന പാത്രങ്ങളില്‍ നിറയെ സൂപ്പുമായി കുറുക്കന്‍ തിരികെ വന്നു.രണ്ടു പേരും കൊതിയോടെ സൂപ്പു കുടിക്കാന്‍ തുടങ്ങി.കുറുക്കന്‍ മന;പ്പൂര്‍വം പരന്ന പാത്രത്തില്‍ സൂപ്പു വിളമ്പിയതാണ്.കൊറ്റിക്ക് നീണ്ടചുണ്ടുകള്‍ അല്ലേ മക്കളേ അതിനാല്‍ ഒരു തുള്ളി സൂപ്പു പോലും ആ പാവത്തിനു കുടിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ കുറുക്കന്‍ ആ സൂപ്പു മുഴുവനും ആര്‍ത്തിയോടെ നക്കി നക്കി കുടിച്ചു. വിശന്നു പൊരിഞ്ഞ വയറുമായി കൊറ്റി കുറുക്കനെ നോക്കിയപ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് ഒന്നുമറിയാത്തവനേപ്പോലേ കുറുക്കന്‍ ചോദിച്ചു “എന്താ കൂട്ടുകാരാ സൂപ്പു കഴിക്കാഞ്ഞത്? ഇഷ്ടപ്പെട്ടില്ലേ? നല്ല സ്വാദില്ലേ?ക്ഷമിക്കണം അടുത്തതവണ നന്നായിട്ടു ഉണ്ടാക്കിത്തരാം”.


“സാരമില്ല,ഇതില്‍ പരിഭവിക്കാനും, ക്ഷമചോദിക്കാനും എന്തിരിക്കുന്നു?താങ്കളുടെ ചങ്ങാത്തം ആണ് എനിക്കു വലുത്” കൊറ്റി പറഞ്ഞു.ഒരു ദിവസം കൊറ്റിയുടെ വീട്ടിലേക്ക്  കുറുക്കനെ ക്ഷണിച്ചിട്ട്  കൊറ്റി അവന്റെ വീട്ടിലേക്കു പോയി.കൊറ്റി കുടിക്കാതെ വച്ചിരുന്ന സൂപ്പും കുടെ കുറുക്കന്‍ സന്തോഷത്തോടെ അകത്താക്കി.


പറഞ്ഞ ദിവസം തന്നെ കുറുക്കന്‍ കൊറ്റിയുടെ വീട്ടില്‍ എത്തി.വാതില്‍ക്കല്‍ എത്തിയപ്പഴേ കൊറ്റിയുണ്ടാക്കിയ സൂപ്പിന്റെ മണം അവന്റെ മൂക്കിലെത്തി.’ഏതായാലും കുശാലായി,നിറയെ കഴിക്കണം അവന്‍ കൊതിയോടെ ചിന്തിച്ചു.


വിനയത്തോടെ കൊറ്റി കുറുക്കനെ സ്വീകരിച്ചിരുത്തി .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൊറ്റിയുടെ ജോലിക്കാരന്‍ സൂപ്പുമായി വന്നു.നീളന്‍ കഴുത്തും ഇടുങ്ങിയ വായും ഉള്ള കലങ്ങളിലായിരുന്നു സൂപ്പു കൊണ്ടുവന്നത്.സൂപ്പു കണ്ടതും കുറുക്കന്‍ കൊതി മൂത്ത് മര്യാദകള്‍ ഒക്കെ മറന്ന് നാക്കു നീട്ടി  നക്കാന്‍ ഒരുങ്ങി.തല അകത്തെക്കു കടക്കുന്നില്ല, ചെറിയ വാവട്ടമുള്ള കലമല്ലേ?പാത്രത്തിന്റെ വക്കു നക്കിയും,മണം പിടിച്ചും, നിലത്തു വീണതുള്ളികള്‍ നക്കിയും കുറുക്കച്ചന്‍ അവിടെ ഇരുന്നു.അതേസമയം കൊറ്റി തന്റെ നീണ്ട കൊക്ക് കലത്തിലേക്കു കടത്തി സൂപ്പു മുഴുവനും കുടിച്ചു.


കൊറ്റി മനസ്സില്‍ ചിരിച്ചു കൊണ്ട് കുറുക്കനോടു ചോദിച്ചു, “ അല്ല കൂട്ടുകാരാ എന്താ ഞാന്‍ ഉണ്ടാക്കിയ സൂപ്പ് നിനക്കും ഇഷ്ടായില്ല അല്ലെ?ഒട്ടും കഴിച്ചില്ലല്ലോ?“ കാര്യം മനസ്സിലായ കുറുക്കന്‍ നാണക്കേടോടെ കൊറ്റിയുടെ മുഖത്തേക്കു നോക്കി.വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന്‍ വാലും ചുരുട്ടി ഒറ്റ ഓട്ടം.


ഇതില്‍ നിന്നു എന്താണ് കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് മനസ്സിലായതു?പരസ്പര ബഹുമാനമാണ്  കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്.
==============

ശരിയാണ്, ഗീതേച്ചിയും ഇസ്മയിലും ഹാഷിമും പറഞ്ഞതിനോട് തീര്‍ച്ചയായും യോജിക്കുന്നു. പക്ഷെ, നമുക്ക് പൈതൃകമായി വാമൊഴിയായി അനുഗ്രഹിച്ച് കിട്ടിയ മുത്തശ്ശിക്കഥകളുടെ മൂലരൂപം തിരുത്താന്‍ നമുക്ക് അവകാശമില്ലല്ലോഎന്നാലും, ഗുണപാഠത്തിന്റെ സത്ത ഒട്ടും ചോര്‍ന്നുപോകാതെ, കുഞ്ഞുങ്ങള്‍ക്ക് വേദനതോന്നാത്ത തരത്തില്‍ പുരനാഖ്യാനങ്ങള്‍ തീര്‍ച്ചയായും വളരെ നല്ലതുതന്നെ

കഥ നമുക്ക് ഇങ്ങനെയാക്കിയാലോ.....

             കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന  കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി കൌതുകത്തോടെ നോക്കിമനസ്സില്‍ കുറ്റബോധമുണ്ടായിരുന്ന കുറുക്കന്‍ , അതുകണ്ട് ശരിക്കും പേടിച്ചുപിന്നെ, വാലും ചുരുട്ടി ഒറ്റ ഓട്ടം... പാവം തോന്നിയ കൊറ്റി, കുറുക്കനെ തിരികെ വിളിച്ചുമടിച്ച് മടിച്ച് ഒരു ചമ്മലോടെ കുറുക്കന്‍ തിരികെ വന്നുപക്ഷേ, കൊറ്റി, കുറുക്കന് ഒരു നല്ല സന്ദേശം നല്‍കുകയായിരുന്നുനേരത്തേ തന്നെ കരുതി വച്ചിരുന്ന പരന്ന പാത്രത്തില്‍ കുറുക്കന് കൊറ്റി, സൂപ്പ് വിളമ്പിക്കൊടുത്തുഒപ്പം കുറുക്കന്റെ ചെവിയില്‍ ഇങ്ങനെ പറഞ്ഞു കൊടുത്തു “പരസ്പര ബഹുമാനമാണ്  കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്“...  കാര്യം മനസ്സിലായ കുറുക്കന്‍ സന്തോഷത്തോടെ സൂപ്പ് മുഴുവന്‍ ആര്‍ത്തിയോടെ, കൊതിയോടെ നക്കിക്കുടിച്ചുരണ്ട് പേരും, വളരെ സന്തോഷത്തോടെ പുഴയരുകില്‍ കാറ്റികൊള്ളാന്‍ പോയിപിന്നെ വളരെക്കാലം ഉറ്റ ചങ്ങാതിമാരായി ജീവിച്ചു
             ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കഥപ്പെട്ടിയുടെ സമ്പത്ത്..... കഴിഞ്ഞ കഥയിലെപോലെ, ഓരോ കൂട്ടുകാരുടെയും ഭാവനക്കനുസരിച്ചുള്ള പുതിയ പുതിയ കഥകള്‍ കൊണ്ട് ഈ കഥപ്പെട്ടി സമ്പന്നമാക്കൂ. പിന്നെ, കഥപ്പെട്ടിയുടെ അനുബന്ധമായ സമ്പാദ്യപ്പെട്ടിയിലും കൂടുതല്‍ അറിവുകള്‍ ഉള്ളവര്‍ അത് കമന്റായി പങ്ക് വയ്ക്കണേ...

ഇനി നമുക്ക്, കൊറ്റിയെയും കുറുക്കനെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിന് ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ.....
 


Tuesday, April 13, 2010

ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......

 ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......
 എന്റെ കഥപ്പെട്ടിയെ, അല്ലാ നമ്മുടെ സമ്പാദ്യപ്പെട്ടിയേ ഐശ്വര്യമാക്കിയ ഈ വിഷുക്കണി ബൂലോകത്തിനുവേണ്ടി കാഴ്ചവയ്ക്കുന്നു. ഈ കത്ത് എന്റെ ഗീതേച്ചി  എനിക്കു തന്ന വിഷുക്കൈനീട്ടം ആണ്.    ചേച്ചിയുടെ അനുവാദത്തോടെ എല്ലാവര്‍ക്കുമായി ഞാന്‍ ഇതു പങ്കുവൈക്കുന്നു.


ഉഷസ്സേ, ഇനി അടുത്ത കഥ ഞാന്‍ പറയട്ടേ?

“ഈച്ചയും പൂച്ചയും കഞ്ഞി വച്ചു ”

ഈ കഥ എഴുതുമോ?

ഈ കഥയെ കുറിച്ച് എനിക്ക് ഒരനുഭവമുണ്ട്. കൃത്യം ഓര്‍മ്മയില്ല, എന്റെ അനിയത്തിയുടെ ഒന്നാം പാഠപുസ്തകത്തിലാണോ അതോ മറ്റേതോ ബാലപുസ്തകത്തിലാണോ എന്ന്, ഏതായാലും അവള്‍ക്ക് വേണ്ടി വാങ്ങിയ പുസ്തകത്തില്‍ ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥയുണ്ട്. അവള്‍ പുസ്തകം വായിക്കാറായിട്ടില്ല. ചിത്രങ്ങള്‍ ഒക്കെ കണ്ട് ആസ്വദിക്കും. അതിലെ കഥകള്‍ അമ്മ വായിച്ചു കൊടുക്കണം. വലിയ വാശിക്കാരിയായിരുന്നു. അതുകൊണ്ട് പറയുന്നത് കേള്‍ക്കുകയേ പറ്റൂ. അമ്മ ഉമ്മറത്തെ തിണ്ണയിലിരുന്ന് ആദ്യത്തെ തവണ കഥ വായിച്ചു കേള്‍പ്പിക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ( കഥ അറിയാമായിരിക്കും, എങ്കിലും പറയുന്നു : ഈച്ചയും പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് കഞ്ഞി വച്ചു. [പുസ്തകത്തിലെ പടം ഇപ്പോഴും ഓര്‍മ്മയുണ്ട്. തീ പൂട്ടിയ അടുപ്പില്‍ കലം വച്ച് അതില്‍ കഞ്ഞി തിളക്കുന്നു, ആവി മുകളിലോട്ട് പോകുന്നു, പൂച്ച അരികില്‍ ഇരിക്കുന്നു, ഈച്ച അടുത്തായി പാറുന്നു. ഇത്രയുമാണ് ആദ്യചിത്രത്തില്‍ ]. കഞ്ഞി വെന്തു കഴിഞ്ഞ് അതു കോരി കുടിക്കാന്‍ പ്ലാവില എടുക്കാനായി പൂച്ച പോകുന്നു, കഞ്ഞി നോക്കിക്കോളാന്‍ ഈച്ചയോട് പറഞ്ഞിട്ട്. കുറച്ചു നേരം കഴിഞ്ഞ് പൂച്ച കോട്ടിയ പ്ലാവിലയുമായി വരുന്നു. ഈച്ചയെ പക്ഷേ കാണുന്നില്ല. പൂച്ച മ്യാവൂ മ്യാവൂ എന്നു വിളിച്ചു കൊണ്ട് പരിസരത്തെല്ലാം ഈച്ചയെ തിരഞ്ഞു. എങ്ങും കണ്ടില്ല.

അവസാനം കണ്ടുപിടിച്ചു - ഈച്ച ചൂടു കഞ്ഞിയില്‍ വീണ് ചത്തുകിടക്കുന്നു. ഇതു കണ്ട് പൂച്ച പൊട്ടിക്കരയുന്നു. കഞ്ഞിയില്‍ വീണു കിടക്കുന്ന ഈച്ചയും പൊട്ടിക്കരയുന്ന പൂച്ചയുമാണ് അടുത്ത ചിത്രത്തില്‍. കോട്ടിയ പ്ലാവിലകള്‍ നിലത്തും. )

അമ്മ ഈ കഥ വായിച്ച് അവസാനിപ്പിച്ചപ്പോള്‍ അനിയത്തി സമ്പൂര്‍ണ്ണ നിശ്ശബ്ദ. ഒരല്‍പ്പം കഴിഞ്ഞപ്പോഴുണ്ട് മുള ചീന്തും പോലെ അവളങ്ങോട്ടു കരയുന്നു ഏങ്ങിയേങ്ങി. ഇതു വെറും കഥയാണ് എന്നൊക്കെ പറഞ്ഞിട്ടും അവള്‍ കരച്ചില്‍ നിറുത്തുന്നില്ല. അങ്ങനെ ആ ദിവസം.

അതിനു ശേഷം പലവട്ടം അവള്‍ അമ്മയെക്കൊണ്ട് ഈ കഥ വായിപ്പിക്കുകയും കഥ വായിച്ചു കഴിയുമ്പോള്‍ അവള്‍ പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. എനിക്കാണെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ് അവള്‍ ഈ കഥ വായിച്ചു കൊടുക്കാന്‍ അമ്മയോട് പറയുന്നത് കേള്‍‍ക്കുമ്പോഴും അനുഭവമറിയാമെങ്കിലും അമ്മ പിന്നേയും അതു വായിച്ചു കൊടുക്കാന്‍ തുടങ്ങുമ്പോഴും. ‍ എല്ലാത്തവണയും അവളീ കഥയുടെ അവസാനം കരച്ചില്‍ തന്നെ.

ഇന്നവള്‍ ഒരു ഭയങ്കരിയാണ് കേട്ടോ. എന്നെക്കാള്‍ ഒന്നര വയസ്സിന് ഇളയത്. ഡോക്ടറാണ്. ഈ പ്രൊഫഷന്‍ എടുക്കണമെങ്കില്‍ തന്നെ ഇത്തിരി മന:ധൈര്യം വേണമല്ലോ.

കിലുക്കേ, ഇത് ട്രാജഡിയായതു കൊണ്ട്, കുഞ്ഞു മനസ്സുകളെ കരയിപ്പിക്കാതെ വേറൊരു രീതിയില്‍ (ഹാപ്പി എന്‍‌ഡിംഗ്) അവതരിപ്പിക്കാമോ? ആ ഭാവന വിടര്‍ന്നു വിലസട്ടേ. പിന്നെ, വലിയജീവിയും കുഞ്ഞുജീവിയും തമ്മിലുള്ള സൌഹൃദമെന്നൊക്കെ പറഞ്ഞ് ഒരു ഗുണപാഠവും കൂടി ചാലിച്ചു ചേര്‍ത്ത്.. :)

പിന്നെ, മാണിക്യം ഇട്ട പോസ്റ്റില്‍ മൈത്രേയിയുടെ കമന്റ് വായിച്ചോ? ഞാന്‍ അതു വായിച്ച് ഒത്തിരി ചിരിച്ചു കേട്ടോ.
സുഖം തന്നെയല്ലേ?
സസ്നേഹം ഗീത.
On Mon, 05 Apr 2010 17:29:31 +0530 wrote ”

--------------------------------------------------------

കുഞ്ഞുമനസ്സുകളെ നോവിച്ച ഒരു കഥയാണിത്. കഞ്ഞിക്കലത്തില്‍  വീണ ഈച്ചയേ ഓര്‍ത്ത് വിഷമിച്ചിട്ടുള്ള കുട്ടികളുടെ കൂട്ടത്തില്‍ ഒരുകാലത്ത് ഈ ഞാനും ഉണ്ടായിരുന്നു.അന്ന് എന്റെ അമ്മ പറയുമായിരുന്നു “ പൂച്ച പ്ലാവിലക്കു പോയതക്കം നോക്കി കഞ്ഞി മുഴുവനും ഒറ്റക്കു അകത്താക്കാം എന്നു വിചാരിച്ച ഈച്ചയുടെ ആര്‍ത്തിയാണ് അതിനേ അപകടത്തിലാക്കിയത് എന്ന്. പിന്നെ ഒരു നല്ല കൂട്ടുകാരനോടേ വിശ്വാസവഞ്ചന കാട്ടിയതിനുള്ള ശിക്ഷയാ.(ചേച്ചീ ആ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു  കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഉമ്മ തരുന്നു കേട്ടോ).പലഗുണപാഠങ്ങളും ഉള്ള ഒരു കഥ അല്ലേ?


ചേച്ചിയുടെ ആവശ്യപ്രകാരം ഈ കഥക്ക് ചെറിയൊരുമാറ്റം വരുത്തുന്നു.വായിക്കുന്ന എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം കുഞ്ഞുമനസ്സുകളേ വേദനിപ്പിക്കാതെ മാറ്റങ്ങള്‍ വരുത്താന്‍ കൂടണേ.


കിലുക്കാ‌പെട്ടി അതിനെ ഇങ്ങനെ ഒന്നു മാറ്റിനോക്കി.


പൂച്ച പ്ലാവിലയുമായി വന്നപ്പോള്‍ ഈച്ചയേ കണ്ടില്ല.  ആകെ വിഷമിച്ച പാവം പൂച്ച മ്യാവൂ മ്യാവൂ  എന്നു കരഞ്ഞു കൊണ്ട് എല്ലായിടവും തിരഞ്ഞു  ഈച്ചയെ. ചൂടുകഞ്ഞിയില്‍ വീണോ എന്നു പേടിച്ചു ആ കഞ്ഞിക്കലം മറിച്ചു നിലത്തു വീഴ്ത്തി അതിലും നോക്കി. എവിടേയും  ഈച്ചയേ കാണാതെ കരഞ്ഞു തളര്‍ന്നു പാവം പൂച്ച ഈച്ചയെ തേടി നടന്നു. പെട്ടന്നു ഒരു കള്ളച്ചിരികേട്ട പൂച്ച അപ്പുറത്തേ നായ്ക്കുട്ടീടെ അടുക്കളയിലേക്കു എത്തിനോക്കി. അവിടെക്കണ്ട കാഴ്ച പൂച്ചയെ ഞെട്ടിച്ചു  കളഞ്ഞു എന്റെ മക്കളേ...

കണ്ണീരു തുടച്ചുകൊണ്ട് പൂച്ച നിലത്തുവീണു കിടന്ന കഞ്ഞി നക്കികുടിക്കാന്‍ തുടങ്ങി.
എന്തായിരുന്നു  പാവം പൂച്ചകുറിഞ്ഞിയെ ഞെട്ടിച്ച ആ കാഴ്ച്ച?
നായക്കുട്ടീടെ പായസക്കലത്തിന്റെ വക്കത്തിരുന്ന് അതില്‍ പറ്റിയിരിക്കുന്ന പായസം നക്കി നക്കി കുടിച്ചുകൊണ്ട് പൂച്ചയേ കള്ളക്കണ്ണിട്ടു നോക്കുകയും ചിരിക്കയും ചെയ്യുന്നു ഈച്ച...ഹി..ഹി..

കഞ്ഞി നക്കികുടിക്കുന്ന പൂച്ചയോട് ഈച്ച വിളിച്ചു ചോദിച്ചു “മണ്ടന്‍ പൂച്ചേ, വിഷുവുമായിട്ടു നീ അല്ലാതേ ആരേലും പായസം കിട്ടിയാല്‍ കുടിക്കാതിരിക്കുമോ?”
അതന്നേ.........എന്നു പറഞ്ഞു പായസക്കലത്തിനരികിലേക്കോടി നമ്മുടെ കുറിഞ്ഞിയും. കണ്ടില്ലേ ആ പൊടിയന്‍ ഈച്ചക്കു  തടിയന്‍ പൂച്ചയോടുള്ള സ്നേഹം? “സ്വാദുള്ള വസ്തുക്കള്‍ താനേ കഴിക്കലാ(കഴിക്കരുത്)“ എന്നുള്ള കാര്യം എന്റെ പൊന്നു മക്കളെപ്പോലെ  ആ കുഞ്ഞു ഈച്ചക്കും അറിയാം അല്ലേ?
അപ്പോള്‍ എല്ലാവരും പായസംകുടിച്ചു വിഷു ആഘോഷിക്കൂ.

നമുക്കു വിഷുക്കണിയായും വിഷുക്കൈനീട്ടമായും ഒക്കെ ഒരു കഥ തന്ന ഗീതേച്ചിക്കും, ഒരു ഈച്ചയുടെ ജീവനെപ്പോലും സ്നേഹിക്കുന്ന അനിയത്തി ഡോക്ടര്‍ക്കും എല്ലാവര്‍ക്കും വിഷു ആശംകളും നന്മകളും നേരുന്നു.

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഈച്ചയെയും പൂച്ചയെയും പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ

Thursday, April 1, 2010

അത്യാഗ്രഹം നല്ലതല്ല .....

അത്യാഗ്രഹം  നല്ലതല്ല .....
ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കള്‍ക്കും,അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം.


ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.


നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.


“ബൌ.....ബൌ.....”


പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!


എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.


നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ്  വെള്ളത്തില്‍ കണ്ടത് എന്ന്.


വെള്ളത്തില്‍ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.


എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
ഈ ഗാനം കൂടി കേട്ടുനോക്കൂ....


ezhunila | Upload Music

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇവനെപ്പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ

Monday, March 1, 2010

ഈ വല്ലിയില്‍ നിന്നു ചെമ്മേ ......

ഈ വല്ലിയില്‍ നിന്നു ചെമ്മേ ......


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ

കഴിഞ്ഞ തവണ നമ്മ കാക്കകളെയും പൂമ്പാറ്റകളെയും (ചിത്രശലഭങ്ങളെയും) മേഘങ്ങളെയും മഴവില്ലിനെയും പറ്റി ഒരു കഥ കേട്ടു അല്ലേ. കാക്കകളെയും മേഘങ്ങളെയും മഴവില്ലിനെയും കുറിച്ച് നാം കുറെ പുതിയ കാര്യങ്ങളും പഠിച്ചു, അല്ലേ...

പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളാണല്ലോ പൂക്കളും പൂമ്പാറ്റകളും. കുഞ്ഞുങ്ങൾക്ക് പ്രകൃതിയിലെ വസ്തുക്കളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണല്ലോ കുഞ്ഞിക്കഥകളും പാട്ടുകളും ഒക്കെ ഉള്ളത്.

കുഞ്ഞു മനസ്സിന്‌ എന്നും കൗതുകവും ഒപ്പം അത്ഭുതവും ആണല്ലോ പൂക്കളും പൂമ്പാറ്റകളും. നമ്മുടെ പ്രിയങ്കരനായ മഹാകവി കുമാരനാശാന്റെ ഒരു മനോഹരമായ കവിത തന്നെ നമുക്ക് ശ്രദ്ധിക്കാം...പൂക്കളിൽ ഇരിക്കുന്ന പൂമ്പാറ്റകളെ കണ്ട് അവ പൂക്കളാണെന്ന് കരുതുന്ന നിഷ്കളങ്ക ബാല്യം എത്ര സുന്ദരം അല്ലേ....




ഈ വല്ലിയി നിന്നു ചെമ്മേ പൂക്ക
പോകുന്നിതാ പറന്നമ്മേ

തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം


മേല്‍ക്കുമേലിങ്ങിവ പൊങ്ങി വിണ്ണി
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാന്‍‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍

ആവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ


അമ്മട്ടിലായതെന്തെന്നാല്‍
ഞാനൊരുമ്മ തരാമമ്മ ചൊന്നാല്‍
 
നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം - എല്ലാം
ഓമനേ ദൈവസങ്കല്പം

eevalli | Upload Music


(ഈ ഗാനം കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പാടിത്തന്ന എന്റെ പ്രിയ സുഹൃത്ത്  പ്രമീളയ്ക്കും മകള്‍ പ്രിയങ്കയ്ക്കും  ഒരുപാട് നന്ദി)
         എത്ര മനോഹരം, അല്ലേ മക്കളേ...വരികളി പോലും എന്തൊരു വര്‍ണ്ണഭംഗി... കവിതയിലെ കുട്ടി, കവി തന്നെ കുഞ്ഞായിരുന്നപ്പോഴുള്ളതുപോലെ തോന്നുന്നു, അല്ലേ...
……..അയ്യോ പോയ് കൂടിക്കളിപ്പാന്‍‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍ പൊങ്ങിപ്പറക്കുന്ന പൂമ്പാറ്റകൾക്കൊപ്പം ഉയരത്തിൽ പോയി കളിക്കാൻ തനിക്ക് പറ്റുന്നില്ലെന്ന് കുഞ്ഞ് പരിഭവിക്കുന്നത് നോക്കൂ അമ്മ കുഞ്ഞിന്റെ ഈ പരിഭവം തീർക്കാൻ ശ്രമിക്കുന്നത് കണ്ടോ നമുക്ക് കഴിയാത്തതിനെക്കുറിച്ച് ഓർത്ത് പരിതപിക്കാതെ, ഉള്ള കഴിവുകളെക്കുറിച്ച് ബോധവാനാകാൻ പറയുന്നത് കണ്ടോ
.ആവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ
നിനക്ക് പിച്ച വച്ച് നടന്ന് കളിക്കാൻ കഴിയുന്നല്ലോ, പക്ഷെ ഈ പിച്ചകത്തിന് (പൂവിന്) നടക്കാൻ പോലും പറ്റുന്നില്ലല്ലോ
          ഒരു കുഞ്ഞു കവിതയിലൂടെ കുഞ്ഞിന്റെ പ്രകൃതി നിരീക്ഷണവും, ജിജ്ഞാസയും, അതിന് അവന്റെ അമ്മ നൽകുന്ന വിശദീകരണവും. പിന്നെ, നമുക്ക് ഇല്ലാത്ത കഴിവുകളെക്കുറിച്ച് പരിഭവിച്ച് സമയം പാഴാക്കാതെ, ഉള്ള കഴിവുകളോർത്ത് ദൈവത്തിന് നന്ദി പറയാൻ ഉള്ള വിലയേറിയ പാഠം എത്ര സരസമായി പകർന്നു നൽകുന്നു.
 
ദൈവത്തിന്റെ മനോഹരമായ സൃഷ്ടികൾ, പൂക്കളും പൂമ്പാറ്റകളും.... കണ്ണിനു കുളിര്‍മ്മയും മനസ്സിന്‌ സന്തോഷവും പകരുന്ന ഇവയ്ക്ക് രണ്ടിനും അല്പായുസ്സേ  ഉള്ളൂ എന്നതാണ്‌ സങ്കടം.

                ഈ പൂമ്പാറ്റകളെക്കുറിച്ച് കൂടുത കാര്യങ്ങഅറിയാന്‍ ദേ, ഇവിടെ ക്ലിക്ക് ചെയ്യണേ...

Monday, February 1, 2010

ഒരേ ദിവസം ജനിച്ചവര്‍

ഒരേ ദിവസം ജനിച്ചവർ...


ഇതു ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിരുന്നതാണ്, പിന്നെ മഷിത്തണ്ടിലും. ഇന്നു വീണ്ടും വായിച്ചപ്പോൾ എല്ലാ മക്കള്‍ക്കും വേണ്ടി കഥപ്പെട്ടിയിൽ ഒന്നുകൂടെ ഇട്ടാലോ എന്നു തോന്നി..നിങ്ങള്‍ കേട്ടതും വായിച്ചതും ഒക്കെ തന്നെയാണല്ലോ ഞാന്‍ പറയുന്ന കഥകളെല്ലാം തന്നെ. ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു..... ഓര്‍മ്മ വരുന്നില്ല.

കാക്കകൾക്കും ചിത്രശലഭങ്ങൾക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു. ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി. വഴക്കുതീർക്കാൻ ദൈവം ആവുന്നതും ശ്രമിച്ചു. എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു. "ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി, മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും.. വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

നല്ല കഥ അല്ലേ എന്റെ കുഞ്ഞു മക്കളേ.
അപ്പോൾ ഇനി മഴവില്ലിനെക്കുറിച്ചും മേഘത്തെക്കുറിച്ചും, കൂടുതൽ അറിയണ്ടേ? കാക്കയെകുറിച്ച് ഞാൻ മുൻപ് തന്നെ പറഞ്ഞല്ലോ.... ചിത്രശലഭങ്ങളെക്കുറിച്ച് വിശദമായി പിന്നെ പറയാം, കേട്ടോ.... വരൂ...ഇവിടെ ക്ലിക്ക് ചെയ്യൂ...

Thursday, December 31, 2009

പ്രകൃതിയും അമ്മയും സ്നേഹവും...




                കുട്ടിക്കാലത്തെ ഓർമ്മകൾ തുടങ്ങുന്നത്, വാവയെ ഒക്കത്തിരുത്തി മാമം കൊടുക്കുന്ന ഒരു അമ്മയിൽ
                 ഭക്ഷണം കൊടുക്കാൻ എപ്പോഴും വാവയെ മുറ്റത്ത് കൊണ്ടുപോവുക, ആദ്യം കുറച്ച് ആഹാരം മുറ്റത്ത് വിതറുക, കാക്ക, പൂച്ച, കോഴി, പട്ടിചില സമയത്ത് കന്നുകുട്ടികളും ഒരുമയോടെ അതു തിന്നുക, കൂട്ടത്തിൽ ഒരു പാട്ടും പാടിക്കൊണ്ട് ആ അമ്മ കുഞ്ഞിന് ആഹാരം കൊടുക്കുക. ചൈതന്യം നിറഞ്ഞ ഓർമ്മകൾ, അല്ലേ
                 എല്ലാ അമ്മമാരും പാടിയിരുന്ന ഈ പാട്ടില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് കുട്ടിക്കാലം!

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ


കുഞ്ഞിനു തീറ്റകൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂലേ


കുഞ്ഞേ, കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം

ഇല്ല തരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ?




 ചുറ്റുപാടുകളെ ആസ്വദിക്കാൻ, ജീവജാലങ്ങളെ സ്നേഹിക്കാൻ, അവയ്ക്കും വീടും കൂടും കുട്ടികളും ഉണ്ടെന്നും, തു ജീവിയായാലും സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാൻ എന്തു ത്യാഗവും ചെയ്യുമെന്നും... എല്ലാം നിറഞ്ഞ കവിത..... സ്നേഹം പ്രകൃതിയിൽ നിന്നും പഠിച്ചു തുടങ്ങുന്നു കുഞ്ഞുങ്ങൾ....

നാമെല്ലാം റ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ

             പക്ഷികളിൽ എറ്റവും ബുദ്ധിയുള്ളത് കാക്കക്കാണത്രേ. ഇത്തിറ്റി വെള്ളം നിറച്ച കുടത്തിൽ കല്ലു പെറുക്കിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർക്കാൻ വേറെ തു പക്ഷിക്കാണ് സാധിക്കുക… ഈ കാക്കയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ, ദേ...ഇവിടെ ക്ലിക്ക് ചെയ്യൂ...